Friday, April 17, 2026

ad

Homeകവര്‍സ്റ്റോറിട്രംപിന്റെ തീരുവ 
കേരളത്തിന് രണ്ടാം തിരിച്ചടി

ട്രംപിന്റെ തീരുവ 
കേരളത്തിന് രണ്ടാം തിരിച്ചടി

ഡോ. ടി എം 
തോമസ് ഐസക്

സിയാൻ കരാറായിരുന്നു നിയോലിബറൽ കാലത്ത് കേരള സമ്പദ്ഘടനയ്ക്കേറ്റ ആദ്യ തിരിച്ചടി. കേരളത്തിന്റെ കാർഷിക മേഖല 5 ശതമാനം വീതം പ്രതിവർഷം വളർന്നുകൊണ്ടിരുന്ന കാലത്താണ് (1988–-1996) ആസിയാൻ കരാർ ഉണ്ടായത്. അതോടെ കാർഷിക വളർച്ച അട്ടിമറിക്കപ്പെട്ടു. കേരളത്തിന്റെ വാർഷിക കാർഷിക വളർച്ച ഏതാണ്ട് 1 ശതമാനത്തിലേക്ക് ഇടിഞ്ഞു. റബർ, നാളികേരം, മറ്റു പ്ലാന്റേഷൻ വിളകൾ എന്നിവയുടെ വളർച്ച നിലച്ചു. അന്ന് പിടിച്ചുനിന്ന മറ്റു മേഖലകളെയാണ് ട്രംപ് ഇന്ന് വകവരുത്തുന്നത്.

ആസിയാൻ കരാർ അനുസരിച്ചുള്ള ഇറക്കുമതി തകർത്തത് മുഖ്യമായും ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തിൽ കുത്തക ഉണ്ടായിരുന്ന റബറിനെയും നാളികേരത്തെയുമാണ്. രണ്ട് വിളകൾക്കും ഇന്ത്യയിൽ ഇറക്കുമതിയിൽ നിന്നും സമ്പൂർണ്ണ സംരക്ഷണമുണ്ടായിരുന്നു. സംരക്ഷണകവചം ഇല്ലാതായതോടെ ഈ ഉല്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. ഇത് ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു.

സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോല്പന്നങ്ങൾ, കശുവണ്ടിപ്പരിപ്പ്, കാപ്പി, തേയില തുടങ്ങിയവ മുഖ്യമായും കയറ്റുമതിയെ ആശ്രയിച്ചു വളർന്നുവന്ന മേഖലകളാണ്. അന്നവ പിടിച്ചുനിന്നു. എന്നാൽ ട്രംപിന്റെ തീരുവകൾ ബാധിക്കാൻ പോകുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തിൽ പിടിച്ചുനിന്ന ഈ മേഖലകളെയാണ്. കേരളത്തിന്റെ പ്രാഥമിക സാമ്പത്തിക മേഖലകളുടെ സമൂലമായ തകർച്ചയായിരിക്കും ഇതിന്റെഫലം.

ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ് ചിലർ ട്രംപ് തീരുവ കേരളത്തിനുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറച്ചുകാണുന്നത്. 2024-–25-ൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 86 ബില്യൺ ഡോളർ ആയിരുന്നു. ഇതിൽ കേരളത്തിന്റെ വിഹിതം ഏതാണ്ട് 3-5 ശതമാനമേ വരൂ. ഇന്ത്യയിൽ നിന്നുള്ള മുഖ്യമായ കയറ്റുമതികൾ ബില്യൺ ഡോളറിൽ കണക്കാക്കുകയാണെങ്കിൽ എഞ്ചിനീയറിംഗ് (19 ബില്യൺ), ഇലക്ട്രോണിക് (15 ബില്യൺ), ഫാർമസ്യൂട്ടിക്കൽ (11 ബില്യൺ), ആഭരണങ്ങൾ (10 ബില്യൺ), തുണിത്തരങ്ങൾ (5 ബില്യൺ) എന്നിവയാണ്. കേരളത്തിന്റെ കയറ്റുമതി ഉല്പന്നങ്ങൾ ഇന്ത്യയുടെ കയറ്റുമതിയുടെ 3-4 ശതമാനമേ വരൂ. പക്ഷേ, ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരള സമ്പദ്ഘടനയിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെ കുറച്ചുകാണണ്ട. ഇവിടെ മനസ്സിലാക്കേണ്ടുന്ന കാര്യം, ഇപ്പോഴും കേരളത്തിന്റെ കാർഷിക മേഖല ആസിയാൻ കരാറിന്റെ ദുരിതത്തിൽനിന്നു കരകയറിയിട്ടില്ലായെന്നുള്ളതാണ്. ഒരു ദുരന്തത്തിനുമേൽ മറ്റൊരു ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

ചെമ്മീനും മറ്റു 
സമുദ്രോല്പന്നങ്ങളും
2024–-25-ൽ കേരളം 7000–-8000 കോടി രൂപയുടെ സമുദ്രോല്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിന്റെ 40 ശതമാനം അമേരിക്കയിലേക്കായിരുന്നു. ഇന്ത്യയിൽ നിന്നുള്ള 3.4 ലക്ഷം ടൺ സമുദ്രോല്പന്ന കയറ്റുമതിയിൽ ഏതാണ്ട് 25,000 ടണ്ണാണ് കേരളത്തിന്റെ വിഹിതം. മുഖ്യയിനം ശീതീകരിച്ച ചെമ്മീനാണ്. ഇതോടെ കണവ ഉൾപ്പെടെയുള്ള മറ്റു ശീതീകരിച്ച മത്സ്യങ്ങളും കയറ്റുമതി ചെയ്യുന്നു. 130 കയറ്റുമതി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ഏതാണ്ട് 3 ലക്ഷം പേർ ഈ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുമുണ്ട്.

ട്രംപിന്റെ പുതിയ തീരുവകൾക്കു മുമ്പ് 4 ശതമാനം ആന്റിഡമ്പിഗ് ഡ്യൂട്ടിയും 6 ശതമാനം കൗണ്ടർവെയിലിംഗ് ഡ്യൂട്ടിയും നമ്മുടെ കയറ്റുമതിയുടെമേൽ ഉണ്ടായിരുന്നു. അതിനു പുറമേയാണ് 25 ശതമാനം അടിസ്ഥാന തീരുവ ചുമത്തിയിട്ടുള്ളത്. ആഗസ്ത് 27 മുതൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങിയതിനുള്ള പിഴയായി 25 ശതമാനം അധിക തീരുവയും കൊടുക്കേണ്ടിവരും. അങ്ങനെ മൊത്തത്തിൽ ഏതാണ്ട് 60 ശതമാനം തീരുവയാണ് പല ഉല്പന്നങ്ങൾക്കും കൊടുക്കേണ്ടിവരിക. അതേസമയം, നമ്മുടെ എതിരാളികളായ കയറ്റുമതി രാജ്യങ്ങൾക്ക് താരതമ്യേന താഴ്ന്ന തീരുവയേയുള്ളൂ. ഇക്വഡോർ (10-–14%), വിയറ്റ്നാം (20%), ഇന്തോനേഷ്യ (19%). സ്വാഭാവികമായും മത്സരത്തിൽ നമുക്ക് പിടിച്ചുനിൽക്കാനാവില്ല.

ഇപ്പോൾതന്നെ ഓർഡറുകൾ ക്യാൻസലാക്കുക, ഷിപ്പ്മെന്റുകൾ നിർത്തിവയ്ക്കുക, വെയർഹൗസിലെ സ്റ്റോക്ക് വിൽക്കാൻ കഴിയാതെവരിക എന്നുതുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കഴിഞ്ഞു. 2023-–24-ൽ കയറ്റുമതിയിൽ 1000 കോടി രൂപയുടെ കുറവുണ്ടായി. ട്രംപിന്റെ തീരുവകൂടി ആകുമ്പോൾ അമേരിക്കയിലേക്കുള്ള കയറ്റുമതി ഈ വർഷം 30 ശതമാനം കുറഞ്ഞേക്കാം.

അമേരിക്കയിലേക്കുള്ള കയറ്റുമതി മൊത്തം മത്സ്യോല്പാദനത്തിന്റെ ചെറിയ ശതമാനമേ വരികയുള്ളൂവെങ്കിലും അത് നാട്ടിലെ മത്സ്യത്തിന്റെ വിലയിൽ കുത്തനെ കുറവ് സൃഷ്ടിച്ചേക്കാം. കയറ്റുമതി ചെയ്യണമെങ്കിൽ താരിഫിൽ ഗണ്യമായ ഭാരം സ്വയം വഹിക്കാൻ കയറ്റുമതിക്കാർ തയ്യാറാകണം. വില കുറയ്ക്കണം. ഇത് പൊതുവിൽ മത്സ്യത്തിന്റെ വിലയിടിക്കുകയും 10 ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഉലയ്ക്കുകയും ചെയ്യും.

സുഗന്ധവ്യഞ്ജനങ്ങൾ
ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതി രാജ്യം. 2024-ൽ ഏതാണ്ട് 40,000 കോടി രൂപ വിലയുള്ള 18 ലക്ഷം ടണ്ണാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. ഏറ്റവും കൂടുതൽ ഗുജറാത്തിൽ നിന്നാണ്. കേരളത്തിന് രണ്ടാംസ്ഥാനമേയുള്ളൂ. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കേരളത്തിന്റെ വിഹിതം 15 ശതമാനം അഥവാ 6,000 കോടി രൂപയാണ്. കുരുമുളക്, ഏലം, മഞ്ഞൾ, കറുകപ്പട്ട, ജാതി തുടങ്ങിയവയാണ് കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നത്. ഏലത്തിൽ ആലപ്പി ഗ്രീനും കുരുമുളകിൽ മലബാർ ബ്ലാക്ക് പെപ്പറും ആഗോള അംഗീകാരമുള്ള ബ്രാന്റുകളാണ്. 20 ശതമാനം കയറ്റുമതി മൂല്യവർദ്ധിത ഉല്പന്നങ്ങളാണ്.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി ഏതാണ്ട് 7,000 കോടി രൂപ വരും. ഇതിൽ കേരളത്തിന്റെ വിഹിതം 2,000–-2500 കോടി രൂപ വരും. ഈ കയറ്റുമതിയുടെ മേലാണ് ട്രംപിന്റെ തീരുവ വന്നുപതിക്കുന്നത്. ഏപ്രിൽ 5-ന് ഏർപ്പെടുത്തിയ 26 ശതമാനം തീരുവയ്ക്കു പുറമേയാണ് ട്രംപിന്റെ 50 ശതമാനം തീരുവ. ഇവയും മറ്റെല്ലാ നികുതികളും ചേരുമ്പോൾ ചില കയറ്റുമതികളുടെ മേൽ 59–-76 ശതമാനം വരെ തീരുവ വരാം. അതേസമയം, കേരളത്തോടു മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്കുമേൽ വളരെ താഴ്ന്ന നികുതിയാണ്- –ബ്രസീൽ (10%), വിയറ്റ്നാം (20%).

ഇതുവരെ അമേരിക്കൻ ഇറക്കുമതിക്കാർ തീരുവ ഭാരത്തിന്റെ പകുതി സ്വയംവഹിക്കുകയായിരുന്നു. പക്ഷേ, ഇത്ര വലിയ തീരുവ ഉപഭോക്താക്കൾക്കു വലിയ വില വർദ്ധനവിനിടയാക്കും. അതുകൊണ്ട് ബ്രസീൽ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് അവർ തിരിയും. എക്സ്പോർട്ട് ഓർഡർ ഇതിനകം ക്യാൻസൽ ചെയ്യുന്ന അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

തേയില
2023–24 ൽ ഇന്ത്യയിൽ നിന്ന് ഏതാണ്ട് 6000 കോടി രൂപയുടെ 25 കോടി കിലോ തേയില കയറ്റുമതിചെയ്തു. അതിന്റെ ഏതാണ്ട് 10 ശതമാനത്തോളം അമേരിക്കയിലേക്കാണ്. ഇതിന്റെ 6 ശതമാനം കേരളത്തിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മൂന്നാറിൽ നിന്നുള്ള ഓർത്തഡോക്സ് CTC തേയിലയ്ക്കാണ് പ്രാമുഖ്യം.

50 ശതമാനം തീരുവ തേയിലയുടെ മേൽപതിക്കും. അങ്ങനെ വരുമ്പോൾ അർജന്റീനയിൽ നിന്നുള്ള തീരുവയില്ലാത്ത തേയിലയുമായി മത്സരിക്കാൻ വളരെ ബുദ്ധിമുട്ടായിത്തീരും. ചൈനയിൽനിന്നും ശ്രീലങ്കയിൽ നിന്നുമുള്ള മത്സരം കടുക്കും. അതുപോലെ കെനിയയിൽ നിന്നുള്ള കറുത്ത തേയില കേരളത്തിന്റെ CTC തേയിലയുടെ കടുത്ത എതിരാളിയാണ്. ഇതിനകംതന്നെ ഓർഡറുകൾ പലതും ക്യാൻസൽ ചെയ്യപ്പെട്ടിട്ടുണ്ട്. കയറ്റുമതിക്കായി സൃഷ്ട്ടിക്കപ്പെട്ട ഇൻവെന്ററികൾ കുന്നുകൂടുകയാണ്. കേരളത്തിൽ നിന്നുള്ള 100 കോടി രൂപയുടെ അമേരിക്കയിലേക്കുള്ള തേയില കയറ്റുമതിയിൽ ഈ വർഷം 20– 30 ശതമാനം ഇടിവ് പ്രതീക്ഷിക്കാം. ഇത് തേയിലയുടെ വിലയെയും ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിക്കും.

കാപ്പി
2024 –- 25 ൽ ഇന്ത്യ 14,000 കോടിരൂപ വിലവരുന്ന ഏതാണ്ട് നാലുലക്ഷം ടൺ കാപ്പി കയറ്റുമതി ചെയ്തു. ഇതിൽ 30–35 ശതമാനം വരെ കേരളത്തിൽ നിന്നുള്ള റോബസ്റ്റ കാപ്പിയാണ്. കുറച്ച് അറബിക് കാപ്പിയും. ഇതിന്റെ 20 ശതമാനത്തോളം അമേരിക്കയിലേക്കാണ്. അമേരിക്കയിലെ ഇൻസ്റ്റന്റ് കാപ്പിക്ക് പ്രത്യേക ഫ്ലേവർ നൽകുവാൻ മലബാർ കാപ്പിക്ക് പ്രിയമുണ്ട്. 600 കോടിരൂപയുടെ കയറ്റുമതിയാണ് അമേരിക്കയിലേക്കുള്ളത്.

ട്രംപിന്റെ തീരുവയുടെ ഫലമായി കൊളംബിയ (10 %), എത്യോപ്പിയ (10%), മെക്സിക്കോ (0%), ഇക്വഡോർ (15%) തുടങ്ങിയ രാജ്യങ്ങൾക്കുമേൽക്കൈ അമേരിക്കൻ കമ്പോളത്തിൽ വരും. ഇതിനകം ഓർഡറുകൾ റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാപ്പിയുടെ കയറ്റുമതിയിലും 20 -– 30 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നു. ഇത് കാപ്പി കൃഷിക്കാർക്ക് വലിയ തിരിച്ചടിയാവും.

കയർ
2023- –24 ൽ 4,572 കോടി രൂപയുടെ 11.60 ലക്ഷം ടൺ കയറാണ്- ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തത്. ഇതിന്റെ 42 ശതമാനം, അതായത് ഏതാണ്ട് 2000 കോടി രൂപയുടെ കയറ്റുമതി അമേരിക്കയിലേക്കായിരുന്നു. ഇതിന്റെ സിംഹപങ്കും കേരളത്തിൽ നിന്നാണ്.

ട്രംപിന്റെ തീരുവ ശ്രീലങ്കയിൽ നിന്നും മറ്റുമുള്ള മത്സരത്തെ ശക്തിപ്പെടുത്തും. പക്ഷേ, കേരളത്തിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങൾക്ക് പകരം മറ്റു രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങളില്ല. എന്നാൽ കേരളത്തിൽനിന്നുള്ള കയർ ചവിട്ടികളുടെയും, പരവതാനികളുടെയും വില ഗണ്യമായി ഉയരുന്നത് സിന്തറ്റിക് സബ്സ്റ്റിറ്റ്യൂട്ടിന്റെ ഡിമാൻഡ് വർധിപ്പിക്കും.

ഇതിനകംതന്നെ ഓർഡറുകൾ റദ്ദാക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ട്രാൻസിറ്റിലുള്ള ഉൽപ്പന്നങ്ങൾക്കുമേൽ അനിശ്ചിതത്വവുമുണ്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 30 ശതമാനം വരെ ഇടിവുണ്ടാവാം. കേരളത്തിന്റെ കയറുൽപ്പാദനത്തിന്റെ 42 ശതമാനം അമേരിക്കയിലേക്കാണെന്നത് കേരളത്തിലെ കയർ വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നത് തീർച്ചയാണ്.

കശുവണ്ടി
കൊല്ലമാണ് ലോകത്തെ ഏറ്റവും വലിയ കശുവണ്ടി സംസ്കരണ കേന്ദ്രം. രണ്ടരലക്ഷം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നു. ഇന്ത്യയിലെ 90 ശതമാനം എക്സ്പോർട്ട് ക്വാളിറ്റി കശുവണ്ടിപരിപ്പും കൊല്ലത്താണ് ഉൽപ്പാദിപ്പിക്കുന്നത്. 2022 –- 24 ൽ 2700 കോടി രൂപയ്ക്കുള്ള 79,000 ടൺ കശുവണ്ടിപരിപ്പാണ് കയറ്റുമതി ചെയ്യപ്പെട്ടത്.

ട്രംപിന്റെ തീരുവ വിയറ്റ്നാമിൽ നിന്നുള്ള മത്സരം കടുപ്പിക്കും. കേരളത്തിലെ വ്യവസായം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി ഇറക്കുമതിയെ ആശ്രയിച്ചാണ് നിൽക്കുന്നത് എന്നുള്ളത് പ്രശ്നങ്ങളെ സങ്കീർണ്ണമാക്കും. ആഫ്രിക്കൻ രാജ്യങ്ങൾ നേരിട്ട് സംസ്കരിച്ച്- കയറ്റുമതി ചെയ്യുന്നതോടെ ആഫ്രിക്കൻ കശുവണ്ടി പരിപ്പ് കൂടുതൽ ആകർഷകമായിത്തീരും.

പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി പരിപ്പിന്റെയും കയറിന്റെയും ഏറ്റവും വലിയ കയറ്റുമതി മാർക്കറ്റ് അമേരിക്കയാണ്. കശുവണ്ടി പരിപ്പിന്റെ 46 ശതമാനവും കയറിന്റെ 37 ശതമാനവും കേരളത്തിൽ നിന്നുള്ള കയറ്റുമതിയാണ്. ഇവ രണ്ടുംകൂടി 1080 കോടിയിലേറെ രൂപ വരും. പതിനായിരക്കണക്കിന് ആളുകളുടെ തൊഴിലും ഉപജീവനവുമാണ് ഇതുമൂലം അപകടത്തിലായിരിക്കുന്നത്.

സോഫ്‌റ്റ്‌വെയർ
ട്രംപിന്റെ അധിക തീരുവ വന്നപ്പോൾ ആദ്യം ഉയർന്ന ആശങ്കകളിൽ ഒന്ന് കേരളത്തിലെ വളരുന്ന സോഫ്റ്റ്-വെയർ വ്യവസായത്തിന് തിരിച്ചടിയാവുമോ എന്നുള്ളതാണ്. ഇന്ത്യയിൽ നിന്ന് 205 ബില്യൺ ഡോളർ (16 ലക്ഷം കോടി രൂപയിലേറെ) വരുന്ന സോഫ്റ്റ് വെയർ കയറ്റുമതിയാണുള്ളത്. ഇതിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 60 ശതമാനം വരും. പക്ഷേ, ട്രംപിന്റെ 50 ശതമാനം തീരുവ വർധന ഇതിനു ബാധകമാക്കിയിട്ടില്ല. ഇതിനുമുൻപ് ചുമത്തിയ 9 ശതമാനം മുതൽ 20 ശതമാനം വരെയുള്ള തീരുവകളാണ് സോഫ്റ്റ്-വെയർ കയറ്റുമതിയുടെ മേലുള്ളത്.

ഇതിന്റെയടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനികൾ കരാറുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ നീണ്ടകാല കരാറുകൾ കുറവാണ്. ട്രംപ് എന്തുചെയ്യുമെന്ന് ആർക്കറിയാം? ഡെമോക്ലസിന്റെ വാളുപോലെ സോഫ്റ്റ്-വെയർ വ്യവസായത്തിനുമേൽ തീരുവ ഭീഷണി തൂങ്ങികിടക്കുകയാണ്. 2025 ൽ നിഫ്റ്റിയുടെ ഐ റ്റി ഓഹരി വിലസൂചിക 16 ശതമാനം കുറഞ്ഞു. ഇൻഫോസിസ് തുടങ്ങിയവരുടെ അമേരിക്കൻ ഇടപാടുകളുടെ വരുമാനത്തിൽ കുറവുണ്ടായിക്കഴിഞ്ഞു. ഓർഡറുകൾ നിലനിർത്താൻവേണ്ടി ഇന്ത്യൻ SaaS സ്റ്റാർട്ട് അപ്പുകൾ 10 –- 15 ശതമാനം ഡിസ്‌കൗണ്ടുകൾ നൽകാൻ നിർബന്ധിതരായിരിക്കുകയാണ്.

ഇന്ത്യൻ സോഫ്റ്റ്-വെയർ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരുകാര്യമാണ് H-1B വിസാ നിയന്ത്രണങ്ങൾ. വിസയ്ക്കുള്ള ആപ്ലിക്കേഷനുകളിൽ ഏതാണ്ട് പകുതിയോളം ഇപ്പോൾ റിജെക്റ്റ് ചെയ്യപ്പെടുകയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പല അമേരിക്കൻ കമ്പനികളും ഓഫ് ഷോറിന് പകരം നിയർ ഷോർ നയം സ്വീകരിക്കുകയാണ്. അമേരിക്കയുടെ തൊട്ടടുത്ത രാജ്യങ്ങളിൽ നിന്ന് സേവനങ്ങൾ വാങ്ങാനാണ് അവരുടെ ശ്രമം. അമേരിക്കയിലേക്കുള്ള 87 ബില്യൺ ഡോളർ ചരക്കു കയറ്റുമതിയുടെ മേലാണ് 50 ശതമാനം തീരുവ ഭാരം വന്നു പതിക്കുകയെങ്കിലും ഇത് അവയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക സേവനങ്ങളുടെ വിപണിയെയും പ്രതികൂലമായി ബാധിക്കാം.

കേരളത്തിലെ സോഫ്റ്റ്-വെയർ കയറ്റുമതി 2020–21 ൽ 35,000 കോടി രൂപയുടേതായിരുന്നു (4.1 ബില്യൺ ഡോളർ). 2023 – – 24 ആയപ്പോഴേക്കും ഇത് 60,000 കോടി രൂപയായി (67.2 ബില്യൺ ഡോളർ) ഉയർന്നു. 2024–25 ൽ ഇത് ഒരുലക്ഷം കോടി രൂപയാക്കാനായിരുന്നു ലക്ഷ്യം. ഈ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു.

ഫാർമസ്യൂട്ടിക്കൽസ്
ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങളുടെമേലും 50 ശതമാനം തീരുവ ബാധകമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു വ്യത്യസ്ത നയം ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്-വെയർ മേഖലകളോട് ട്രംപ് സ്വീകരിച്ചിരിക്കുന്നത്? കാരണം ലളിതമാണ്; ഈ മേഖലകളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അമേരിക്കയ്ക്ക് അത്യാവശ്യമാണ്. അമേരിക്കയുടെ ജനറിക് മരുന്നുകളുടെ കമ്പോളത്തിൽ 40 –- 45 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 8 ബില്യൺ ഡോളർ വരുമിത്. മാനസിക രോഗങ്ങൾ, ഹൈപ്പർ ടെൻഷൻ, അൾസർ തുടങ്ങിയ രോഗങ്ങളുടെ 60 –- 65 ശതമാനം ഇന്ത്യൻ മരുന്നുകളാണ്. ഇവയെല്ലാം അമേരിക്കയിൽ തന്നെ ഉണ്ടാക്കിയാൽ 219 ബില്യൺ ഡോളർ അധികഅധിക ചെലവ് വരും. വിലകൾ ഉയരും. അതുകൊണ്ടാണ് ഈ ഉദാരനയം.
ഇന്ത്യയിൽ മൊത്തം ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ 2– 5 ശതമാനം കേരളത്തിൽ നിന്നാണ്. അതായത് ഏതാണ്ട് 4500 -– 11,120 കോടി രൂപവരെ ഉണ്ട്. കേരളത്തിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയാവട്ടെ 1300–4000 കോടി രൂപവരും. കൊച്ചിയിലെ നിർദിഷ്ട ഫാർമ പാർക്ക് യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ കയറ്റുമതി ഇനിയും വർധിക്കും.

ഡിമാൻഡ് തകർച്ചയും സേവന മേഖലയും
അമേരിക്കയിലേക്കുള്ള കയറ്റുമതി ഇടിവിൽ ഒരുഭാഗം മറ്റു രാജ്യങ്ങളിലേക്കോ ഇന്ത്യയിൽ തന്നെയോ വിറ്റഴിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ നിശ്ചയമായും ഈ ഉല്പന്നങ്ങളുടെയെല്ലാം വില ഗണ്യമായി കുറയും. ഈ വിലയിടിവ് കയറ്റുമതി ചെയ്തിരുന്ന വിഹിതത്തെ മാത്രമല്ല, മുഴുവൻ ഉല്പാദനത്തെയും ബാധിക്കും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ദേശീയ വരുമാന നഷ്ടം എത്രയെന്ന് ഇപ്പോൾ കണക്ക് കൂട്ടാനാവില്ല.

മറ്റൊരു പ്രത്യാഘാതവും കൂടിയുണ്ട്. കേരള സമ്പദ്ഘടന സേവനപ്രധാനമാണ്. സേവനങ്ങളുടെ ഉപഭോഗം ജനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചിരിക്കും. കയറ്റുമതി തകർച്ച സൃഷ്ടിക്കുന്ന വിലയിടിവ് ജനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതുവഴി കാർഷിക-–പരമ്പരാഗത മേഖലകളെ മാത്രമല്ല, സേവന മേഖലയുടെ വളർച്ചയേയും പ്രതികൂലമായി ബാധിക്കും.

രൂപയുടെ തകർച്ചയും വിലക്കയറ്റവും
ട്രംപ് തീരുവ അമേരിക്കയിൽ മാത്രമല്ല, നമ്മുടെ നാട്ടിലും വിലക്കയറ്റത്തിന് ആക്കം കൂട്ടും. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവുമൂലം വിദേശനാണയ ലഭ്യത കുറയും. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇടയാക്കും. ജനുവരി മാസത്തിൽ ഒരു ഡോളറിന്റെ മൂല്യം 83.12 രൂപ ആയിരുന്നു. ആഗസ്ത് 7-ന് 87.70 രൂപയായി. ഈ തീരുവ തുടർന്നാൽ നവംബർ ആകുമ്പോഴേക്കും രൂപയുടെ മൂല്യം ഒരു ഡോളറിന് 95രൂപ ആയി വീണ്ടും ഇടിയും. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി വിലകൾ ഉയരുന്നതിനിടയാക്കും.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയാൽ എണ്ണ വില കൂടുന്നതിനും ഇടയാക്കും. ഇതെല്ലാം ഇന്ത്യയിലെ വിലക്കയറ്റത്തിന് ആക്കംകൂട്ടും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്ന നയം തല്ക്കാലം നിർത്തിവച്ചത്. വിലക്കയറ്റവും ജനജീവിതത്തെ ദുരിതത്തിലാക്കും.

കേരളം പ്രതിരോധമുയർത്തണം
കേരളത്തിന്റെ സമ്പദ്ഘടനയെയും ജനജീവിതത്തെയും ഇത്ര ആഴത്തിൽ ബാധിക്കാൻ പോകുന്ന പ്രശ്നത്തെ മുഖവിലയ്‌ക്കെടുത്ത്- പ്രതിരോധം ഉയർത്തുന്നതിന് കേരള സർക്കാർ പരിശ്രമിച്ചുവരികയാണ്. കയറ്റുമതിക്കാരും വ്യവസായികളുമായി കേരളസർക്കാർ ചർച്ചകൾ നടത്തിക്കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ യോജിച്ചൊരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്. തൊഴിലാളികളെയും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങളെയും അണിനിരത്തേണ്ടതുണ്ട്.

നമ്മുടെ കയറ്റുമതിക്കെങ്ങനെ മറ്റു രാജ്യങ്ങളിൽ മാർക്കറ്റ് കണ്ടുപിടിക്കാം എന്ന കാര്യത്തിൽ കയറ്റുമതിക്കാരോടൊപ്പം സംസ്ഥാനസർക്കാരും നിലപാടെടുക്കണം. ഉൽപ്പാദനചെലവ് കുറയ്ക്കുന്നതിനുള്ള നവീകരണത്തിനും മറ്റും നടപടികൾ വേണ്ടിവരും. കേരളത്തിന്റെ ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര കമ്പോളത്തിൽ ഡിമാൻഡ് കണ്ടെത്താൻ കഴിയണം. ഇതിനെല്ലാമുള്ള ഒരു കർമ്മ പരിപാടിക്ക് രൂപംനൽകേണ്ടതുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ പ്രതിസന്ധിയിലായ കാർഷിക മേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിന് പ്രത്യേക ധനസഹായം കേന്ദ്രസർക്കാർ അനുവദിക്കണം എന്നതായിരിക്കണം അടിസ്ഥാന മുദ്രാവാക്യം. കേന്ദ്രസർക്കാർ വ്യവസായ സംരംഭക സംഘടനകളോടും, കയറ്റുമതി സംഘടനകളോടും ഇതിനകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. അവരെ സഹായിക്കുന്നതിന് പ്രത്യേക ധനസഹായ പരിപാടികൾ ആവിഷ്കരിച്ചുവരികയാണ്. കയറ്റുമതി നിലനിർത്തുവാനും, വ്യവസായങ്ങൾ സംരക്ഷിക്കുവാനും ഏതുവിധത്തിലുള്ള സബ്‌സിഡി നൽകണം എന്നുള്ളതാണ് പ്രധാന ചർച്ചാവിഷയം. എന്നാൽ, ഈ ചർച്ചകളിൽ ഒന്നിലും കേരളത്തിലെ നാണ്യവിളകൾക്കും അവ ഉപജീവനമാർഗമാക്കിയിട്ടുള്ള ലക്ഷക്കണക്കിന് കൃഷിക്കാർക്കും തൊഴിലാളികൾക്കും സ്ഥാനമില്ല. കയർ –- കശുവണ്ടി വ്യവസ്വായത്തെക്കുറിച്ച്- ഇതുവരെ ഒരു പരാമർശവും ഉണ്ടായിട്ടില്ല.

ആസിയാൻ കരാറിന്റെ കാലത്ത് കേരളത്തെ വഞ്ചിച്ചവരാണ് അന്നത്തെ കോൺഗ്രസ് സർക്കാരും തുടർന്നുവന്ന ബിജെപി സർക്കാരും. കേരളത്തിലെ കാർഷികമേഖലയെ ഈ സ്വതന്ത്ര വ്യാപാരക്കരാർ മുച്ചൂടും മുടിച്ചുവെങ്കിലും ഇന്ത്യയിലെ സോഫ്റ്റ്-വെയർ – ഇലക്ട്രോണിക്സ് വ്യവസായങ്ങൾക്ക് വലിയ നേട്ടമായി എന്നാണ് അവകാശവാദം. ഈ നേട്ടത്തിന്റെ ചെറിയൊരു പങ്ക് കേരളത്തിലെ കൃഷിക്കാരെ സഹായിക്കാനായി കൈമാറാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ഈ വിപത്ത് ഇനി ആവർത്തിക്കരുത്. അതിനായി കേരളം ഒന്നാകെ അണിനിരക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + 9 =

Most Popular