Friday, June 19, 2026

ad

Homeകവര്‍സ്റ്റോറിട്രംപിന്റെ ചുങ്കങ്ങളും 
ചെറുത്തുനിൽപ്പും

ട്രംപിന്റെ ചുങ്കങ്ങളും 
ചെറുത്തുനിൽപ്പും

മ്മുടെ രാജ്യത്തിനുമേൽ അമേരിക്കൻ പ്രസിഡന്റ് 50 ശതമാനം ചുങ്കം അടിച്ചേൽപ്പിച്ചപ്പോൾ –അമേരിക്കയുമായി ഒരു വ്യാപാരക്കരാറിൽ എത്തിച്ചേരുന്നതിലുണ്ടായ വീഴ്ചയുടെ പേരിലാണ് 25 ശതമാനം; അതിനുപുറമെ റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേരിൽ മറ്റൊരു 25 ശതമാനം– പല ഇന്ത്യക്കാരും അന്തംവിട്ടു. എന്നാൽ, അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് നിരീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അത് അത്ഭുതമേയല്ല.

ട്രംപ് ഇന്ത്യയോട് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് പറയാൻ രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് ചെെനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ സമതുലിതപ്പെടുത്താൻ അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാനിടയുള്ള ഒന്നുംതന്നെ അമേരിക്ക ചെയ്യില്ല എന്നതാണ്. രണ്ടാമത്തേത്, അമേരിക്ക മുന്നോട്ടുവെച്ച മിക്കവാറും എല്ലാ വ്യാപാര വ്യവസ്ഥകളും ഇന്ത്യാ ഗവൺമെന്റ് ഇതിനകം തന്നെ സമ്മതിച്ചുകഴിഞ്ഞു എന്നുള്ളതാണ്; കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട്; അത് ദുർബലപ്പെടുത്താൻ ട്രംപിന് താൽപ്പര്യമുണ്ടാവില്ല. പുറമെ നോക്കിയാൽ ഈ ധാരണകളൊന്നുംതന്നെ തെറ്റല്ല. എന്നാൽ ധാരണയുള്ള കണക്കിലെടുക്കാൻ കൂട്ടാക്കാത്ത പ്രധാനപ്പെട്ട ഒരു ഘടകമുണ്ട്; ട്രംപ് ആകട്ടെ മറ്റാരെങ്കിലും ആകട്ടെ, ഏതു രാജ്യത്തെയും–പ്രത്യേകിച്ച് ലോകത്തെ മുൻനിരയിലുള്ള സാമ്രാജ്യത്വശക്തിയുടെ– ഭരണവർഗങ്ങൾ ഉദാരമനസ്കരായി പ്രവർത്തിക്കില്ല. അവരുടെ പ്രവർത്തനങ്ങൾ എപ്പോഴും സ്വന്തം താൽപ്പര്യം കണക്കിലെടുത്തായിരിക്കും. ചരിത്രം ഒന്നു പരിശോധിച്ചാൽ തന്നെ ഈ കാര്യം വ്യക്തമാകും: ഇറാനിലും ഇറാഖിലും അഫ്ഗാനിസ്താനിലും മറ്റേതു രാജ്യത്തും നിശ്ചയമായും ഇപ്പോൾ ഉക്രൈനിലും യൂറോപ്യൻ യൂണിയനിലും അവർ ചെയ്തതെന്തെന്ന് നോക്കിയാൽ മാത്രം മതി.

താരിഫ് യുദ്ധം തുടങ്ങുന്നതിലേക്ക് ട്രംപിനെ നയിച്ച ഏറ്റവും ശ്രദ്ധേയമായ ഘടകം 2008 മുതൽ തുടരുന്ന ദീർഘകാല സാമ്പത്തിക പ്രതിസന്ധിയാണ്. ഒട്ടേറെ ശ്രമങ്ങൾ നടത്തിയിട്ടും മുതലാളിത്തത്തിന് പ്രതിസന്ധിയിൽനിന്നു പൂർണമായും കരകയറാൻ കഴിയുന്നില്ല. സ്വന്തം ആയുധക്കലവറയിലുള്ള പരമ്പരാഗതമായ എല്ലാ ഉപകരണങ്ങളും എടുത്തുപയറ്റിയിട്ടും അവയെല്ലാംതന്നെ ഒന്നൊന്നായി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിസന്ധിയെ അതിജീവിക്കുന്നതിന് മുതലാളിത്തം പ്രയോഗിച്ച ഏറ്റവും ഒടുവിലത്തെ ആയുധമാണ് താരിഫ്; അതിനുവേണ്ടി പണിയെടുക്കുന്ന കേവലമൊരു ഒൗപചാരിക തലവൻ മാത്രമാണ് ട്രംപ്.

മുതലാളിത്ത സമ്പദ്ഘടന ലോകമാകെ ആധിപത്യം പുലർത്തുമ്പോൾ, അത് സ്വതന്ത്ര വ്യാപാരത്തിനും ചുങ്കരഹിത അവസ്ഥയ്ക്കും അനുകൂലമായിരിക്കുമെന്ന് 1880കളിൽ തന്നെ ഫ്രെഡറിക് എംഗത്സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ ബ്രിട്ടനെയും 1950കൾ മുതൽ 1980കൾ വരെയുള്ള അമേരിക്കയെയും നോക്കുക. 1880 കളിലെയും 1890കളിലെയും ദീർഘകാലം നീണ്ടുനിന്ന സാമ്പത്തിക മാന്ദ്യകാലത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചശേഷമാണ് എംഗത്സ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഈ കാലത്ത് ബ്രിട്ടന്റെ മാനുഫാക്ചറിങ് രംഗത്തെ മേധാവിത്വം ഇടിഞ്ഞു; തൽഫലമായി ബ്രിട്ടീഷ് നയം തങ്ങളുടെ വിശാലമായ കൊളോണിയൽ സാമ്രാജ്യത്തിനാകെ സംരക്ഷണച്ചുങ്കം ഏർപ്പെടുത്തുന്നതിലേക്ക് ബ്രിട്ടീഷ് നയം മാറ്റപ്പെട്ടു. എംഗത്സ് ഇങ്ങനെ പ്രസ്താവിച്ചു: ‘‘1860കൾ മുതലുള്ള അമേരിക്കയുടെ ചുങ്കങ്ങൾ അവിടത്തെ വൻകിട വ്യവസായങ്ങളുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ സഹായകമായി.’’ എന്നാൽ ക്രമേണ അമേരിക്ക മേധാവിത്വം നേടിയതോടെ ‘‘സംരക്ഷണച്ചുങ്കങ്ങൾ അവർക്ക് പ്രതിബന്ധമായി മാറി.’’

മുതലാളിത്തത്തിലെ സമീപകാല സംഭവ വികാസങ്ങളോടെയും 21–ാം നൂറ്റാണ്ടിൽ ചെെനയ്ക്കുണ്ടായ ഉയർച്ചയുടെയും പശ്ചാത്തലത്തിൽ, ഇപ്പോൾ അമേരിക്കയുടെ അവസ്ഥ 19–ാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ബ്രിട്ടന്റെ അവസ്ഥയ്ക്കു സമാനമാണ്-; അതേസമയം കുറഞ്ഞ വ്യാവസായികാടിസ്ഥാനത്തിലെങ്കിലുംഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ അമേരിക്കയുമായി താരതമ്യപ്പെടുത്താവുന്ന അവസ്ഥയിലാണ് ചെെന – ഇന്നെത്തി നിൽക്കുന്നത്. അങ്ങനെ അമേരിക്കൻ ഭരണവർഗത്തിന്റെയും സാമ്രാജ്യത്വ ഭരണകൂടത്തിന്റെയും പ്രതിനിധിയെന്ന നിലയിൽ ട്രംപ് ഇപ്പോൾ ചുങ്കത്തിന് അനുകൂലമായിരിക്കുന്നു; അതേ സമയം ചെെനയാകട്ടെ, സ്വതന്ത്ര വ്യാപാരത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു.

അമേരിക്കയ്ക്കനുകൂലമായ വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാൻ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ആയുധമെന്ന നിലയിലാണ് ട്രംപ് ചുങ്കത്തെ ഉപയോഗിക്കുന്നത്. ജപ്പാനെയും യൂറോപ്യൻ യൂണിയനെയും ബ്രിട്ടനെയും പോലെയുള്ള ചില രാജ്യങ്ങളെ അമേരിക്കയ്ക്ക് ഇളവുകൾ അനുവദിക്കാൻ നിർബന്ധിതമാക്കുന്നതിൽ ഇതിനകംതന്നെ ട്രംപിന് ഏറെക്കുറെ വിജയിക്കാനായി. അന്താരാഷ്ട്ര വ്യാപാരത്തെയും ബഹുരാഷ്ട്ര കരാറുകളെയും ലോകവ്യാപാര സംഘടനയെപ്പോലെയുള്ള സ്ഥാപനങ്ങളെയും ട്രംപ് ബോധപൂർവം തകർക്കുകയാണ്. ഒരു കൂട്ടം രാജ്യങ്ങളുമായി ധാരണയിലെത്തുന്നതിന് ട്രംപിന് താൽപ്പര്യമില്ല; കാരണം ഒന്നിച്ചുനിൽക്കുമ്പോൾ ആ രാജ്യങ്ങൾക്ക് ചെറുത്തുനിൽക്കാനുള്ള കരുത്തു ലഭിക്കുന്നു – പ്രത്യേകിച്ചും കരുത്താർജിച്ച ചെെനയും വളർന്നുവരുന്ന റഷ്യയും അവയ്ക്കൊപ്പം നിൽക്കുമ്പോൾ. അതുകൊണ്ട് ഓരോ രാജ്യവുമായും വെവ്വേറെ കരാറുണ്ടാക്കുന്നതാണ് നല്ലതെന്ന് അമേരിക്ക ഇപ്പോൾ വിശ്വസിക്കുന്നു. അമേരിക്കയുമായി കരാറിലെത്തിച്ചേരാൻ ശ്രമിക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി യോഗങ്ങളിൽ അമേരിക്കയുടെ വ്യാപാര പ്രതിനിധി ജയിംസൺ ഗ്രീറിനൊപ്പം പങ്കെടുത്ത ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞതായി ഫെെനാൻഷ്യൽ ടെെംസ് റിപ്പോർട്ടു ചെയ്യുന്നു: ‘‘ഞങ്ങളിപ്പോൾ വലിയൊരു വ്യാപാരക്കമ്മിയിലാണ്; അത് ഞങ്ങൾക്ക് കെെകാര്യം ചെയ്തേ പറ്റൂ; ഏകപക്ഷീയമായ കരുത്താണ് അതിനുവേണ്ടത്; ഞങ്ങൾക്കതുണ്ട്. ഈ വഴിയിലേക്കാണ് ലോകം ഉറ്റു നോക്കാൻ പോകുന്നത്. അതുകൊണ്ട് നിങ്ങൾ നല്ലതുപോലെ അതുപയോഗിക്കുക.’’

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം തങ്ങളുടെ അധീശാധിപത്യത്തെ വെല്ലുവിളിക്കാൻ കഴിയുന്ന രാജ്യം ഉയർന്നുവരുന്നത് തടയാൻ അമേരിക്ക സർവവിധ പ്രവർത്തനവും നടത്തുകയാണ്. ദ്രുതഗതിയിൽ വരുന്ന സമ്പദ്ഘടനയും ശാസ്ത്ര– സാങ്കേതികരംഗങ്ങളിൽ വലിയ പുരോഗതിയുമുള്ള ചെെനയെ ഇപ്പോൾ അമേരിക്കയ്ക്കെതിരായ ഗുരുതരമായ വെല്ലുവിളിയായാണ് കാണപ്പെടുന്നത്. അതിനുപുറമെ ചെെനയുടെ വളർന്നുവരുന്ന അന്താരാഷ്ട്ര സ്വാധീനത്തെയും സെെനികമായ കരുത്തിനെയും അമേരിക്ക വീക്ഷിക്കുന്നത് തടയപ്പെടേണ്ട അപകടകരമായ സംഭവവികാസമെന്ന നിലയിലാണ്.

അമേരിക്കയുടെ വക്താക്കളും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുമായ ഫാസ്റ്റോ (Fasteau)യും ഫ്ളച്ചറും (Fletcher) വാദിക്കുന്നത്, ‘‘കഴിഞ്ഞ 200ലധികം വർഷത്തെ ചരിത്രത്തിനിടയിൽ അമേരിക്കയ്ക്കു നേരിടേണ്ടി വന്നിട്ടുള്ള ആദ്യത്തെ സെെനിക–സാമ്പത്തിക വെല്ലുവിളിയാണ്’’ ചെെന എന്നാണ്. അവർ തറപ്പിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു:‘‘ഉന്നത നിലവാരമുള്ള അമേരിക്കൻ വ്യവസായങ്ങളുമായി കടുത്ത മത്സരത്തിലുള്ള ചെെനീസ് വ്യവസായങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്; ഇതിൽ ചെെനയ്ക്ക് നേട്ടമുണ്ടാകുമ്പോൾ നഷ്ടം നമുക്കാണ്. വ്യാവസായിക വൻശക്തിയായി നിലനിൽക്കാതെ അമേരിക്കയ്ക്ക് സെെനിക വൻ ശക്തിയായി നിലനിൽക്കാനാവില്ല.’’ സമീപഭാവിയിൽ തന്നെ ചെെന പ്രമുഖ ആഗോള ശക്തിയായി മാറും; ഇത്തരമൊരു അപകടസാധ്യതയ്ക്കു മുന്നിലാണ് അമേരിക്ക എത്തിനിൽക്കുന്നത്; അത്രയേറെ അമേരിക്കൻ സാമ്പത്തികമേധാവിത്വം ദുർബലമായിരിക്കുകയാണ്. സ്വതന്ത്ര വ്യാപാര സാമ്പത്തികനയത്തിൽനിന്നും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിലുള്ള സംരക്ഷണവാദത്തിന്റെ (പ്രൊട്ടക്ഷനിസം) ഘടകങ്ങളോടുകൂടിയ നവലിബറൽ നയത്തിന്റെ പുതിയൊരു ഭാഷ്യ(വേർഷൻ) ത്തിലേക്ക് അമേരിക്ക ചുവടുമാറ്റാനുള്ള മുഖ്യകാരണം ഇതാണ്.

ചെെനയെ തടയുകയെന്ന നയം ട്രംപിന്റെ കാലത്ത് തുടങ്ങിയതുമല്ല. ബരാക് ഒബാമയാണ് ‘‘ഏഷ്യയിൽ കേന്ദ്രീകരിക്കൽ’’ (Asia Pivot) എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചതും ഏഷ്യ–പെസഫിക് മേഖലയിൽ ശ്രദ്ധയൂന്നാൻ ആരംഭിച്ചതും. അദ്ദേഹത്തെ തുടർന്ന് അധികാരത്തിൽ വന്ന എല്ലാ അമേരിക്കൻ ഭരണാധികാരികളും ഈ പാത പിന്തുടരുകയാണുണ്ടായത്. ട്രംപ് ആദ്യം അധികാരത്തിലെത്തിയ കാലത്തുതന്നെ ചെെനയ്ക്കെതിരായ ‘വ്യാപാരയുദ്ധ’ത്തിന് തുടക്കമിട്ടു; ഇതേ നയം തന്നെ തുടരുകയായിരുന്നു ജോ ബെെഡനും. ബെെഡന്റെ ഭരണകാലത്താണ് ക്വാഡിന് (QUAD– അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ചതുർശക്തി സഖ്യം) തുടക്കം കുറിച്ചതും പ്രവർത്തനം ശക്തമാക്കിയതും. ഈ നടപടികൾ കൊണ്ടൊന്നും നിശ്ചിതം ഫലം കാണാൻ കഴിയാതെ വന്നപ്പോഴാണ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഇപ്പോൾ ചെെനയ്ക്കെതിരായ ആയുധമെന്ന നിലയിൽ ചുങ്കം പ്രയോഗിക്കുന്നതിലേക്ക് തിരിഞ്ഞത്.

ട്രംപും അദ്ദേഹത്തിന്റെ കോർപ്പറേറ്റ് കൂട്ടാളികളും വിശ്വസിക്കുന്നത്, അമേരിക്കയുടെ സാമ്പത്തികമേധാവിത്വത്തെയും അധീശാധിപത്യ പദവിയെയും ‘മാനുഫാക്ചറിങ് രംഗത്ത് അമേരിക്കയ്ക്കുണ്ടായിരുന്ന അടിത്തറ കവർന്നെടുത്തും’ ശാസ്ത്ര വിജ്ഞാന മേഖലയിലെ അമേരിക്കയുടെ മേധാവിത്വം തട്ടിപ്പറിച്ചും ചെെന കൊള്ളയടിച്ചിരിക്കുകയാണെന്നാണ്. മാനുഫാക്ചറിങ് രംഗത്തിനും ലോക കമ്പോളത്തിനും മേൽ നിയന്ത്രണം കരസ്ഥമാക്കിക്കൊണ്ട് ചെെന അമേരിക്കൻ കമ്പനികളുടെ പ്രത്യേകിച്ചും മാനുഫാക്ചറിങ് രംഗത്തുള്ള കമ്പനികളുടെ, താൽപ്പര്യങ്ങൾ തകർക്കുകയാണെന്നാണ് ട്രംപും കൂട്ടരും കാണുന്നത്. അമേരിക്കയ്ക്ക് മൊത്തത്തിലുള്ള വ്യാപാരക്കമ്മിയുടെ മുഖ്യകാരണം ഇതാണെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത്.

അമേരിക്കൻ കരുത്ത് പുനഃസ്ഥാപിക്കുന്നതിനുള്ള അവരുടെ തന്ത്രപ്രധാനമായ ലക്ഷ്യം ചെെനയെ ദുർബലപ്പെടുത്തുകയും ശ്വാസംമുട്ടിക്കുകയും ഞെരിച്ചമർത്തുകയും ആത്യന്തികമായി ‘ഭരണമാറ്റം’ ഉറപ്പാക്കുകയുമെന്നതാണ്. ലാറ്റിനമേരിക്കയ്ക്കുമേലും പെസഫിക്കിലും ലോകത്തിലെ ഇതരഭാഗങ്ങൾക്കുമേലുമാകെ അമേരിക്കയുടെ സമ്പൂർണമായ അധീശാധിപത്യപരമായ നിയന്ത്രണം ഉറപ്പിക്കാൻ ഇത് നേടിയെടുത്തുകൊണ്ടു മാത്രമേ അമേരിക്കയ്ക്ക് കഴിയൂവെന്നാണ് അവർ വിശ്വസിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിന് കരുത്തുറ്റ ഒരു സെെനിക ശക്തി അനുപേക്ഷണീയമാണെന്ന് അവർ കണക്കാക്കുന്നു. ഓരോ വർഷവും അമേരിക്ക തങ്ങളുടെ സെെനിക ബജറ്റ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്; ഇപ്പോഴത് ഒരു ലക്ഷം കോടി ഡോളറോളം ആയിരിക്കുകയാണ്. എന്നിരുന്നാലും അമേരിക്കയ്ക്ക് ഈ ലക്ഷ്യം കെെവരിക്കണമെന്നുണ്ടെങ്കിൽ ആഭ്യന്തരമായി അതിന്റെ മാനുഫാക്ചറിങ് അടിത്തറ കൂടി പുനഃസ്ഥാപിച്ചേ പറ്റൂ. ആ ലക്ഷ്യം നേടുന്നതിന് ബെെഡൻ ‘വ്യവസായനയ’ത്തിലൂടെ ടെക്നോളജി കമ്പനികൾക്കും മാനുഫാക്ചറിങ് പശ്ചാത്തല വികസനത്തിനും സബ്സിഡി നൽകി.

എന്നാൽ, ട്രംപ് വാദിക്കുന്നത് ഈ നടപടികൾ കൊണ്ടൊന്നും മാനുഫാക്ചറിങ് മേഖലയെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വിജയിച്ചില്ലയെന്നാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച്, അമേരിക്ക ഇറക്കുമതിക്ക് ഉയർന്ന ചുങ്കം ഏർപ്പെടുത്തുകയും വിദേശകമ്പനികൾ അമേരിക്കയിൽ നിക്ഷേപം നടത്താൻ നിർബന്ധിതമാവുകയും ചെയ്താൽ മാത്രമേ മാനുഫാക‍്ചറിങ് കമ്പനികൾ മടങ്ങിവരുകയുള്ളൂ. ആയുധങ്ങൾക്കായി കൂടുതൽ തുക ചെലവഴിച്ചും കോർപ്പറേഷനുകൾക്കുള്ള നികുതികൾ കുറച്ചും സർക്കാർ ചെലവുകൾ വെട്ടിക്കുറച്ചും ഡോളറിന്റെ വിനിമയ മൂല്യം സ്ഥിരമായി നിലനിർത്തിയും മാനുഫാക്ചറിങ് വർധിപ്പിക്കാൻ കഴിയുമെന്നതാണ് ട്രംപ് ഗവൺമെന്റിന്റെ യുക്തി; ചുങ്കങ്ങൾ വർധിപ്പിച്ചുകൊണ്ടു മാത്രമേ ഇക്കാര്യങ്ങളെല്ലാം കെെവരിക്കാൻ കഴിയൂ എന്നും ട്രംപ് ഗവൺമെന്റ് കരുതുന്നു.

എന്നാൽ സമീപകാലത്ത് പുറത്തുവന്ന ഡാറ്റകൾ വെളിപ്പെടുത്തുന്നതനുസരിച്ച് ഈ പ്രതീക്ഷകളെല്ലാം തന്നെ തെറ്റാണെന്ന് തെളിയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാനുഫാക്ചറിങ് രാഷ്ട്രമായി അമേരിക്ക ഇപ്പോഴും തുടരുന്നു; ആഗോള ഉൽപ്പാദനത്തിന്റെ 13 ശതമാനമാണ് അമേരിക്കയുടേത് (35 ശതമാനമുള്ള ചെെനയ്ക്കു പിന്നിൽ). 1960കളുടെ അവസാനം മുതൽ മാനുഫാക്ചറിങ് രംഗത്ത് അമേരിക്കയിൽ തൊഴിലവസരങ്ങൾ ഇടിയുകയാണ്. മാനുഫാക്ചറിങ്ങിന്റെ ലാഭക്ഷമത ഇടിയുന്നതാണ് മുഖ്യമായും ഇതിന്റെ കാരണം; കൂടാതെ തൊഴിലാളികളുടെ സ്ഥാനത്ത് സാങ്കേതികവിദ്യ ഇടംപിടിക്കുകയും ചെയ്തു. വസ്തുതകളെല്ലാം ഇതായിരിക്കെ, ട്രംപ് വിശ്വസിക്കുന്നത്, നിർമിത ബുദ്ധിയിൽ നിക്ഷേപം നടത്തിക്കൊണ്ട് അമേരിക്കയുടെ മാനുഫാക്ചറിങ് ശേഷി വർധിപ്പിക്കാനാവുമെന്നാണ്. വളരെ കുറച്ച് അധിക തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂവെങ്കിലും എല്ലാ പ്രമുഖ ഭീമൻ ടെക് കമ്പനികളും വൻതോതിൽ നിർമിത ബുദ്ധിയിൽ നിക്ഷേപം നടത്തുന്നുണ്ട്. വാൾസ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാണിക്കുന്നതുപോലെ : ‘‘അമേരിക്കയിലെ മാനുഫാക്ചറിങ് ഉൽപ്പന്നത്തിന്റെ കയറ്റുമതി, വ്യാപാരക്കമ്മി ഇല്ലാതാക്കുന്നത്ര വർധിക്കുകയാണെങ്കിൽപോലും – അങ്ങനെ സംഭവിക്കാനുള്ള യാതൊരു സാധ്യതയുമില്ല –അതിന് ആനുപാതികമായി തൊഴിലവസരങ്ങൾ വർധിക്കുകയാണെങ്കിൽപോലും നമ്മുടെ മാനുഫാക്ചറിങ് രംഗത്തെ തൊഴിൽ ശക്തിയുടെ വിഹിതം 8 ശതമാനത്തിൽ നിന്ന് 9 ശതമാനമായി മാത്രമേ വർധിക്കുകയുള്ളൂ. അത് ശരിക്കും പരിവർത്തനത്തിനുതകുന്നതല്ല’’. അതിനാൽ പ്രശ്നം വളരെ ആഴത്തിലുള്ളതാണ്; അതായത് മുതലാളിത്ത വ്യവസ്ഥയുടെ ഘടനയിൽ തന്നെയുള്ളതാണ്. ട്രംപോ അദ്ദേഹം പ്രതിനിധീകരിക്കുന്ന ഭരണവർഗങ്ങളോ ഈ വസ്തുത അംഗീകരിക്കുവാൻ തയ്യാറല്ല.

യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം ജൂലെെയിൽ തൊഴിലവസരത്തിന്റെ കാര്യത്തിൽ ‘തീരെ ചെറിയ, 73,000 എണ്ണത്തിന്റെ വർധനവു മാത്രമേ ഉണ്ടായിട്ടുള്ളൂ; മെയ് –ജൂൺ മാസങ്ങളിലെ ഡാറ്റയിൽ ഇത് കുത്തനെ കുറഞ്ഞു, അതേസമയം തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. വാസ്തവത്തിൽ, ‘മെയ‍് മുതൽ ജൂലെെ വരെയുള്ള മാസങ്ങളിൽ 1,06,000 തൊഴിലവസരങ്ങൾ മാത്രമാണ് കൂട്ടിച്ചേർക്കപ്പെട്ടത്; അതിനുമുൻപുള്ള മൂന്നു മാസങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ട 3,80,000 തൊഴിലവസരങ്ങളിൽനിന്നും കുത്തനെ ഇടിയുകയാണ് ഉണ്ടായിട്ടുള്ളത്.’’ കൂട്ടുപിരിച്ചുവിടൽ അങ്ങേയറ്റം ഉയർന്ന തോതിലാണ് ; അതായത് 2025ന്റെ ആദ്യപാതിയിൽ 7,50,000 ത്തോടടുത്ത് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുകയുണ്ടായി. മികച്ച വിജയം വരിച്ചു നിൽക്കുന്ന ടെക്ക് മേഖലയിൽപോലും തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായതായി കാണപ്പെടുന്നു. കഴിഞ്ഞ വർഷം അമേരിക്കയ്ക്ക് മാനുഫാക്ചറിങ് മേഖലയിൽ 16,000 തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായി; കോവിഡിന്റെ ആദ്യകാലം മുതലിങ്ങോട്ടുണ്ടായ തൊഴിലവസര നഷ്ടത്തിന്റെ ഉയർന്ന നിരക്കാണിത്; 2011–19 കാലയളവിൽ ഉണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും വഷളായതുമാണ്. ഇൗ തൊഴിൽ നഷ്ടങ്ങളിൽ അധികവും ട്രാൻസ്പോർട്ടേഷൻ (49,000 തൊഴിലവസരങ്ങളുടെ കുറവുണ്ടായി) മേഖലയിലും ഇലക്ട്രോണിക്സ് (32,000 തൊഴിലവസരങ്ങളുടെ കുറവ്) വ്യവസായത്തിലുമാണ്. ബ്യൂറോ ഓഫ-് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഈ യാഥാർഥ്യങ്ങൾ പുറത്തുവിട്ടതിനെ തുടർന്ന്, ട്രംപ് അതിന്റെ ഡയറക്ടറെ പുറത്താക്കി!

ഇതിനു നേർവിപരീതമായി, ഉത്പാദനത്തിന്റെ കാര്യത്തിൽ ചെെനയ്ക്ക് തുടർച്ചയായ 15 വർഷങ്ങളിലായി ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറിങ് മേഖലയാണുള്ളത്; കഴിഞ്ഞ വർഷം ഉത്പാദനം 5.58 ലക്ഷം കോടി ഡോളർ വരെ എത്തുകയും രാജ്യത്തെ ജിഡിപിയുടെ 36 ശതമാനവും സംഭാവന ചെയ്യാൻ ആ മേഖലയ്ക്ക് കഴിയുകയും ചെയ്യുന്നു. നേരെ മറിച്ച്, അമേരിക്കയിലെ മാനുഫാക്ചറിങ് മേഖല ജിഡിപിയുടെ കേവലം 10 ശതമാനം അഥവാ 2.93 ലക്ഷം കോടി ഡോളർ മാത്രമാണ് വരുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ മെെക്കിൾ റോബേർട‍്സിന്റെ (Michael Roberts) അഭിപ്രായത്തിൽ, ഉത്പാദനക്ഷമമല്ലാത്ത റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളേക്കാളുപരി ചെെനയുടെ സമ്പദ്ഘടന ഇപ്പോൾ നയിക്കപ്പെടുന്നത് സാങ്കേതികവിദ്യയിലധിഷ്ഠിതമായ നിക്ഷേപങ്ങളാലാണ്. ‘‘അമേരിക്കയിൽ ഒാടുന്നതിനേക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ചെെനയുടെ നിരത്തുകളിൽ ഓടുന്നു; 5 ജി ടെലികമ്യൂണിക്കേഷൻസ് നെറ്റ്-വർക്കുകൾ വ്യാപകമാക്കുന്ന കാര്യത്തിൽ ബെയ്ജിങ് അത്ര മാത്രം വേഗതയിലുമാണ് മുന്നേറുന്നത്. ചെെന സ്വന്തമായി വികസിപ്പിച്ച വിമാനമായ c919 ഉത്പാദനത്തിന്റെ കാര്യത്തിൽ വമ്പിച്ച തോതിലെത്തിയിരിക്കുന്നു; നിലവിൽ ബോയിങ്ങും എയർബസും ആധിപത്യം പുലർത്തുന്ന കമ്പോളത്തിലേക്കിറങ്ങുവാൻ അത് സജ്ജമാണെന്നാണ് കാണപ്പെടുന്നത്. കവറേജിന്റെയും കൃത്യതയുടെയും കാര്യത്തിൽ BeiDou സാറ്റ്-ലെറ്റ് നാവിഗേഷൻ സംവിധാനം GPSന് തുല്യമാണ്.’’

വ്യാവസായിക റോബോട്ടിന്റെ സാന്ദ്രതയുടെ കാര്യത്തിലും ചെെന അമേരിക്കയെ കവച്ചുവയ്ക്കുന്നു; 2023ൽ 10,000 ജീവനക്കാർക്ക് 470 റോബോട്ടുകളെയാണ് ചെെന സ്ഥാപിച്ചത്; അമേരിക്ക ഈ സ്ഥാനത്ത് 295 റോബോട്ടുകളെ മാത്രമാണ് സ്ഥാപിച്ചത്. പേറ്റന്റുകളുടെ കാര്യത്തിലും ചെെന അമേരിക്കയെ മറികടക്കാറായിരിക്കുന്നു; 2,000ൽ പേറ്റന്റുകളുടെ കാര്യത്തിൽ ചെെനയുടെ ആഗോള വിഹിതം 4 ശതമാനമായിരുന്നതിൽ നിന്ന് 2023ൽ 26 ശതമാനമായി വർധിച്ചിരിക്കുന്നു; അതേ സമയം അമേരിക്കയുടെ വിഹിതത്തിൽ 8 ശതമാനത്തിലധികം കുറവുണ്ടായിരിക്കുന്നു. സെമികണ്ടക്ടർ ഉത്പാദനത്തിന്റെ കാര്യത്തിൽ ആഗോള ഉത്പാദനത്തിന്റെ നാലിലൊന്നും ചെെനയിലാണ്; അമേരിക്കയിൽ ഇത് 16 ശതമാനവും യൂറോപ്പിൽ 7 ശതമാനവും മാത്രമാണ് എന്നോർക്കണം. സൗത്ത് ചെെന മോണിങ് പോസ്റ്റ് പറയുന്നതനുസരിച്ച്, 2025ൽ അവസാനിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 250 ലക്ഷ്യങ്ങളിൽ 86 ശതമാനം ലക്ഷ്യങ്ങളും ചെെന കെെവരിക്കുകയോ മറികടക്കുകയോ ചെയ്തിരിക്കുകയാണ്.

സാമ്പത്തികമായ ഈ കരുത്തുകൊണ്ടാണ് താരിഫ് വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ചെെന നേരിട്ടത്. ട്രംപ് പുതിയ താരിഫുകൾ പ്രഖ്യാപിച്ചപ്പോൾ ചെെന ഉടനടിതന്നെ തിരിച്ചടിച്ചു; ഇത് അമേരിക്കയെ കൂടിയാലോചനകൾ നടത്താൻ നിർബന്ധിതമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളോട് കെെക്കൊണ്ട കടുത്ത നിലപാടിനു വിപരീതമായി ഇവിടെ ചർച്ചകൾക്കു സമയപരിധി നീട്ടിക്കൊണ്ടുപോകുന്നതും അമേരിക്ക തന്നെയാണ്. എന്നിരുന്നാലും, അമേരിക്ക ചെെനയോടുള്ള അതിന്റെ നയം മയപ്പെടുത്തിയിരിക്കുന്നു എന്ന് ഇതർത്ഥമാക്കുന്നില്ല. ഇത് അടവുപരമായൊരു പിൻവലിയൽ മാത്രമാണ്; അത് ഇരുകൂട്ടർക്കും അറിയുകയും ചെയ്യാം.

ഈയടുത്ത് സമാപിച്ച ജി 7 യോഗം ഇത് ഊട്ടിയുറപ്പിക്കുന്നുണ്ട്. അതേ സമയത്തുതന്നെ, ടെക് കോടീശ്വരരും പ്രധാനമന്ത്രിമാരും കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളും നെതർലാൻസിലെ രാജാവുമടക്കം ഉൾപ്പെടുന്ന ഒരു സംഘം 71–ാമത് ബിൽഡെർബർഗ് യോഗത്തിനായി സ്വീഡനിൽ ഒത്തുകൂടുകയുണ്ടായി. ആഗോളമുതലാളിത്തത്തിന്റെ മുൻനിര നായകർ വ്യവസ്ഥിതിയെ, അതായത് സാമ്രാജ്യത്വത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന രഹസ്യസ്വഭാവമുള്ളൊരു ഒത്തുചേരലാണ് ബിൽഡെർബർഗ് സംഘമെന്നത്. പ്രധാന ആയുധ നിർമാണ കമ്പനികളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളോടൊപ്പം നാറ്റോയുടെയും M16 ന്റെയും തലവന്മാരും ഇതിൽ പങ്കെടുക്കുന്നു. മെെക്കിൾ റോബേർട്സ് പറയുന്നതുപോലെ : ‘‘ബിൽഡെർബർഗ് യോഗത്തിൽ പങ്കെടുത്തവരുടെ പ്രധാന ചർച്ചാവിഷയം ചെെനയെ എങ്ങനെ സാമ്പത്തികമായും രാഷ്ട്രീയമായും സെെനികമായും ശ്വാസംമുട്ടിക്കാം എന്നുള്ളതായിരുന്നു.’’ അമേരിക്കയിലെ മാഗ റിപ്പബ്ലിക്കനായ ജാസൻ സ്മിത്ത് തുറന്ന് പ്രസ്താവിച്ചത് താൻ സ്വീഡനിൽ വന്നിരിക്കുന്നത്, ‘‘ഞങ്ങളുടെ മഹത്തായ രാഷ്ട്രത്തിനുനേരെ ചെെന ചെലുത്തുന്ന സാമ്പത്തികവും ദേശീയ സുരക്ഷാപരവുമായ ഭീഷണിയെ ചെറുക്കുന്നതിനുള്ള പോരാട്ടം തുടരുന്നതിനാണ്’’ എന്നാണ്. ട്രംപിന്റെ അടുത്ത സാമ്പത്തിക ഉപദേഷ്ടാവും ബിൽഡെർബർഗ് യോഗത്തിൽ പങ്കെടുത്തയാളുമായ റോബേർട്ട് ലെെത്തിസർ (Robert Lighthizer) ഈ കാഴ്ചപ്പാട് ആവർത്തിച്ചു: ‘‘എന്നെ സംബന്ധിച്ചിടത്തോളം അമേരിക്കയ്ക്ക് നിലനിൽപ്പുപരമായൊരു ഭീഷണിയാണ് ചെെന.’’

അപ്പോൾ, ഭീഷണി തുടരുകതന്നെയാണ്. അതുകൊണ്ടുതന്നെ സോഷ്യലിസത്തിനുവേണ്ടി നിലകൊള്ളുകയും സാമ്രാജ്യത്വത്തെ എതിർക്കുകയും ചെയ്യുന്ന എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular