Saturday, February 14, 2026

ad

Homeആമുഖംആമുഖം

ആമുഖം

ഗോള മുതലാളിത്തം, പ്രത്യേകിച്ച് അമേരിക്കൻ മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ട്രംപ് ഇപ്പോൾ വിവിധ രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതികാരച്ചുങ്കം. സോഷ്യലിസത്തിന്റെ അന്ത്യവും മുതലാളിത്തത്തിന്റെ ആഗോളാധിപത്യവും പ്രവചിച്ച നവലിബറലിസത്തിന്റെ അപ്പോസ്തലന്മാർതന്നെ ഇപ്പോൾ മുതലാളിത്തത്തിന്റെ പ്രതിസന്ധിയിലും നവലിബറലിസത്തിന്റെ തകർച്ചയിലും വിലപിക്കുന്നതാണ് ഇന്നു നാം കാണുന്നത്. എന്നാൽ ഇക്കൂട്ടരിൽ ചിലർ ഇപ്പോഴത്തെ കുഴപ്പങ്ങൾക്കെല്ലാം കാരണം അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭ്രാന്തൻ നയങ്ങളാണെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ട്രംപിനെ ബന്ധിച്ചാൽ അല്ലെങ്കിൽ പുറത്താക്കിയാൽ തീരുന്നതേയുള്ളൂ പ്രശ്നം. എന്നാൽ യാഥാർഥ്യം അതല്ല. മുതലാളിത്ത ലോകത്തിന്റെ നായകസ്ഥാനത്തുള്ള അമേരിക്കൻ ഭരണവർഗ നയങ്ങളുടെ നടത്തിപ്പുകാരൻ മാത്രമാണ് ട്രംപ് എന്നതാണ് വസ്തുത.

മറ്റൊരു കാര്യം വ്യാപാരച്ചുങ്കങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ട്രംപോ അമേരിക്കയോ നവലിബറലിസത്തെ പാടെ തള്ളിക്കളയുകയല്ല, നവലിബറലിസത്തിന് അറുതി വരുത്തുകയുമല്ല. മറിച്ച്, ഒരു വശത്ത് സംരക്ഷണവാദത്തെയും മറുവശത്ത് നവലിബറലിസത്തിന്റെ മറ്റു ഘടകങ്ങളെയും കൂട്ടിച്ചേർത്തുള്ള ഒരു സംവിധാനത്തെയാണ് അമേരിക്കൻ മുതലാളിത്തം വിഭാവനം ചെയ്യുന്നത്. അതായത്, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നവലിബറൽ കടന്നാക്രമണത്തിനൊപ്പം സംരക്ഷണച്ചുങ്കങ്ങൾ കൊണ്ടുവരുന്നതിലൂടെയുള്ള ആക്രമണങ്ങൾക്കും വിധേയരാകേണ്ടതായി വരുന്നുവെന്നതാണവസ്ഥ.

ട്രംപ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ പ്രതികാരച്ചുങ്കം അടിച്ചേൽപ്പിക്കുന്നത് അമേരിക്കയുമായി വ്യാപാരക്കരാറിൽ ഒപ്പിടാൻ തയ്യാറാകാത്തതിന്റെയും അമേരിക്കൻ തീട്ടൂരത്തിനു വിരുദ്ധമായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെയും പേരിലാണ്. ഇന്ത്യക്കുമേൽ ചുമത്തുന്ന 25 ശതമാനം അധികച്ചുങ്കം വ്യാപാരക്കരാറിനു തയ്യാറാകാത്തതിലുള്ള പ്രതികാര നടപടിയാണ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരെ മറ്റൊരു 25 ശതമാനം അധികച്ചുങ്കംകൂടി അമേരിക്ക ഇന്ത്യക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്.

ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അംബാനിയെയും അദാനിയെയും പോലെയുള്ള മോദിയുടെ സുഹൃത്തുക്കളായ ഇന്ത്യൻ കുത്തകകളാണ്. മാത്രമല്ല, അമേരിക്കൻ തീട്ടൂരത്തിനു വഴങ്ങി റഷ്യൻ എണ്ണയുടെ ഇറക്കുമതി ഒഴിവാക്കിയാൽ അത് ഇന്ത്യയിൽ പൊതുവെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കും. അതുകൊണ്ടുതന്നെ മോദിക്ക് ട്രംപിന്റെ തീട്ടൂരത്തിന് വഴങ്ങാനാവില്ല. അതാണ് ഇപ്പോൾ ഇന്ത്യയ്ക്കു നേരെ അമേരിക്കയുടെ 50 ശതമാനം അധികച്ചുങ്കം വരുന്നത്. ഇത് ഇന്ത്യൻ കാർഷിക–വ്യാവസായിക മേഖലകളെയാകെ തകർക്കുകയും ജനങ്ങൾക്കുമേൽ വലിയ ബാധ്യത സൃഷ്ടിക്കുകയും ചെയ്യും. കേരളത്തെ സംബന്ധിച്ചിടത്തോളം സമുദ്രോൽപ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഏറ്റവുമധികം കയറ്റി അയ്ക്കുന്നത് അമേരിക്കയിലേക്കാണ്. ചുങ്കം വർധിക്കുന്നതോടെ അതിൽ വലിയ ഇടിവുണ്ടാകും. ഈ മേഖലകളെയെല്ലാം അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ അമേരിക്കയുടെ പ്രതികാരച്ചുങ്കത്തിനെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. ചിന്ത വാരികയുടെ ഈ ലക്കത്തിലെ കവർസ്റ്റോറി ഈ വിഷയമാണ് കെെകാര്യം ചെയ്യുന്നത്. ആർ അരുൺകുമാർ, ഡോ. ടി എം തോമസ് ഐസക്, ആർ രാംകുമാർ, കെ എൻ ഹരിലാൽ, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular