സാമ്രാജ്യത്വ വ്യാപാര നയങ്ങളും ഇന്ത്യയുടേത് പോലെയുള്ള വികസ്വര സമ്പദ്ഘടനകളും തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമായൊരു വികസന പ്രശ്നമായി ഇന്നു വളർന്നുവന്നിട്ടുണ്ട്. നിലവിലെ സാഹചര്യം മനസ്സിലാക്കാൻ, കഴിഞ്ഞ മുപ്പത് വർഷത്തെ നിർണായക നിമിഷങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. 1994-ൽ ഗാട്ട് കരാർ ഒപ്പുവെച്ചതുവഴി ലോക വ്യാപാര സംഘടന (WTO) രൂപം കൊണ്ടപ്പോൾ അത് ആഗോളവൽക്കരണത്തിന്റെ– കൊളോണിയൽ കാലഘട്ടത്തിനു ശേഷമുള്ള — പുതിയൊരു യുഗമായി അടയാളപ്പെടുത്തപ്പെട്ടു. സ്വതന്ത്ര വ്യാപാരം എപ്പോഴും എല്ലാവരെയും അഭിവൃദ്ധിയിലേക്ക് നയിക്കുമെന്നതായിരുന്നു പാശ്ചാത്യ- സാമ്രാജ്യത്വവാദികളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും അവകാശവാദം. ഉദാഹരണത്തിന്, സ്വതന്ത്ര വ്യാപാരം വികസ്വര രാജ്യങ്ങളിലെ കർഷകർക്കും ചെറുകിട ഉത്പാദകർക്കും കൂടുതൽ ലാഭകരമായ പാശ്ചാത്യ വിപണികളിലേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കുമെന്നും, അവർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകപ്പെട്ടു.
പക്ഷേ, യഥാർത്ഥത്തിൽ, സ്വതന്ത്ര വ്യാപാര നയങ്ങൾ ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും സാമ്പത്തിക സ്ഥിതിയെ ദുർബലപ്പെടുത്തി; ഭക്ഷ്യസുരക്ഷയെയും ഉത്പാദകരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗങ്ങളെയും പ്രതിസന്ധിയിലാക്കി. വികസിത രാജ്യങ്ങൾ അവരുടെ കാർഷിക-, വ്യാവസായിക മേഖലകളെ സംരക്ഷിക്കുന്നതിനായി വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനായി അവർ ഉയർന്ന ഇറക്കുമതി ചുങ്കങ്ങളും, വിവിധ ചുങ്കേതര തടസ്സങ്ങളും നിലനിർത്തി ഉപയോഗിച്ചു. അതേസമയം, വികസ്വര രാജ്യങ്ങൾ ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കണമെന്നും ചുങ്കേതര തടസ്സങ്ങൾ നീക്കണമെന്നും അവർ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഇതിന് നിർബന്ധിതമായി. ഇതുമൂലം ഈ രാജ്യങ്ങളിലേക്ക് പാശ്ചാത്യ വിപണികളിൽ നിന്നുള്ള വില കുറഞ്ഞതും കനത്ത ആഭ്യന്തര സബ്സിഡികൾക്ക് വിധേയമായതുമായ ഇറക്കുമതികൾ ഒഴുകിയെത്തി. ഇത് നിരവധി ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിലകളിൽ ഇടിവുണ്ടാക്കി. ഉദാരവൽക്കരണ കാലഘട്ടത്തിൽ ഭരണകൂടങ്ങളിൽനിന്നുള്ള പിന്തുണയും വിലപേശൽ ശേഷിയും നഷ്ടപ്പെട്ടിരുന്ന ഇവിടങ്ങളിലെ കർഷകരും ചെറുകിട ഉത്പാദകരും കനത്ത പ്രതിസന്ധിയിലായി.
ഉഭയകക്ഷി കരാറുകളുടെ ആവിർഭാവം
ഇതാണ് കഴിഞ്ഞ 30 വർഷത്തെ ലോക വ്യാപാര കരാറിന്റെ ബാക്കിപത്രം. ഇത് വാസ്തവം ആയിരിക്കെ തന്നെ, മറ്റു ചില പുതിയ സാഹചര്യങ്ങളും നിലവിൽ വന്നു. ലോക വ്യാപാര കരാർ നിലനിൽക്കെ തന്നെ സാമ്രാജ്യത്വ പടിഞ്ഞാറൻ രാജ്യങ്ങൾ ലോക വ്യാപാര കരാർ പോലെയുള്ള നിയമാധിഷ്ഠിത ബഹുമുഖ വ്യാപാര കരാറുകളിൽനിന്ന് മെല്ലെ പിന്മാറാൻ ആരംഭിച്ചു. വികസ്വര രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഇളവുകൾ പിടിച്ചെടുക്കുന്നതിനായി ബഹുമുഖ കരാറുകൾക്ക് വിഭിന്നമായി ഉഭയകക്ഷി അല്ലെങ്കിൽ പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകൾക്ക് അനുകൂലമായി അവർ നീങ്ങി.
ഈ ഉഭയകക്ഷി/പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളിലേക്കുള്ള മാറ്റം ആഗോള മുതലാളിത്തത്തിന്റെ സമീപകാല നവലിബറൽ ഘട്ടത്തിൽ ആ വ്യവസ്ഥ നേരിടുന്ന ആഴമേറിയ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. ലോക വ്യാപാര സംഘടനയ്ക്കുള്ളിലെ സാമ്രാജ്യത്വ രാഷ്ട്രങ്ങളും വികസ്വര സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള പൊരുത്തപ്പെടുത്താനാവാത്ത സംഘർഷങ്ങളാണ് ഈ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലം. വികസിത രാജ്യങ്ങൾ അവരുടെ വിപണികൾ തുറക്കുകയും സബ്സിഡികൾ കുറയ്ക്കുകയും ചെയ്യാത്ത പക്ഷം തുടർന്നുള്ള വ്യാപാര ഉദാരവൽക്കരണങ്ങൾ സാധ്യമല്ല എന്ന് വികസ്വര രാജ്യങ്ങൾ ഒത്തുചേർന്ന് നിലപാടെടുത്തിരുന്നു. അങ്ങനെയാണ് ദോഹ വികസന ചർച്ചകൾ പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ലോകവ്യാപാര സംഘടനയ്ക്ക് പുറത്തുള്ള പുതിയ സാധ്യതകളെപ്പറ്റി വികസിത രാജ്യങ്ങൾ ഗൗരവമായി ആലോചിക്കുന്നത്.
അങ്ങനെയാണ് ലോക വ്യാപാര സംഘടനയെ മറികടന്ന് റീജിയണൽ കോംപ്രഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (RCEP), ട്രാൻസ്-പസഫിക് പാർട്ണർഷിപ്പിനുള്ള സമഗ്ര പുരോഗമന എഗ്രിമെന്റ് (CPTPP), യുഎസ്/യുകെ/ഇയു എന്നീ പ്രദേശങ്ങളുമായുള്ള ഉഭയകക്ഷി കരാറുകൾ തുടങ്ങിയ പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യയിൽ ചർച്ചയിൽ വന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിനുപുറമേ ബൗദ്ധിക സ്വത്തവകാശങ്ങൾ കർശനമാക്കുന്നതിനും, ബഹുരാഷ്ട്ര കുത്തകകളെ അനുകൂലിക്കുന്ന നിക്ഷേപക-ഭരണകൂട തർക്കപരിഹാര സംവിധാനങ്ങൾ (ISDS) ഉൾപ്പെടുത്തുന്നതിനും ശ്രമങ്ങളുണ്ടായി. ചുരുക്കത്തിൽ, ഈ പുതിയ ഉഭയകക്ഷി/പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകൾ ആഗോള വ്യാപാരത്തെ കുത്തക മൂലധനത്തിന് അനുകൂലമായി പുനഃക്രമീകരിക്കുന്നതിനും തൊഴിലാളിവർഗത്തെയും വികസ്വര രാഷ്ട്രങ്ങളെയും കൂടുതൽ അരികുവൽക്കരിക്കുന്നതിനുമായി സാമ്രാജ്യത്വ ശക്തികൾ നടത്തിയ തന്ത്രപരമായ ഒരു നീക്കമായിരുന്നു.
സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ലോക വ്യാപാര കരാറിന്റെയും ഈ പുതിയ കരാറുകളുടെയും ദോഷകരമായ അനന്തരഫലങ്ങൾ നിരന്തരം ഉയർത്തിക്കാട്ടിയിട്ടുണ്ട്. വ്യാപാര ചർച്ചകളിൽ “തന്ത്രപരമായ സ്വയംഭരണം’ സംരക്ഷിക്കും എന്ന് മാറിമാറിവരുന്ന ഇന്ത്യൻ സർക്കാരുകൾ നിരന്തരമായി വാചാടോപം നടത്താറുണ്ട്. പക്ഷേ അവയെല്ലാം രാജ്യത്തെ ബൂർഷ്വാ–-ഭൂപ്രഭു ഭരണകൂടത്തിന്റെ വർഗ താൽപ്പര്യത്തെ മറച്ചുപിടിക്കാനുള്ള ഒരു തന്ത്രമാണെന്ന് ഈ പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. വാചാടോപങ്ങൾ തുടരുമ്പോൾതന്നെ, ഇതേ സർക്കാരുകൾ ഇന്ത്യയുടെ സമ്പദ്ഘടനയെ ചൂഷണാത്മകമായ ആഗോള വ്യാപാര ഘടനകളിലേക്ക് സംയോജിപ്പിക്കുന്ന നടപടികൾ തുടർന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ കാർഷിക വിപണി കൈയടക്കാൻ വിത്ത് കുത്തകകളെ അനുവദിച്ചത് ഇതേ സർക്കാരുകൾ തന്നെയായിരുന്നു.
ഇത്തരത്തിലെ ഉഭയകക്ഷി/പ്രാദേശിക വ്യാപാര കരാറുകൾ ഇന്ന് വ്യാപകമാണ്. മുൻപേ ഒപ്പുവച്ചിട്ടുള്ള ആസിയാൻ കരാറിനുപുറമേ യുകെയുമായുള്ള ഒരു ഉഭയകക്ഷി കരാറിൽ ഇന്ത്യ ഒപ്പുവച്ചു കഴിഞ്ഞു. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായുമുള്ള ഉഭയകക്ഷി കരാറുകൾ ചർച്ചകളുടെ അവസാന ഘട്ടത്തിലാണ്. അമേരിക്കയുമായുള്ള കരാറിന്റെ ചർച്ചകൾ രൂക്ഷമായൊരു പ്രതിസന്ധിഘട്ടത്തിലേക്ക് നീങ്ങി എന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഈ അഭിപ്രായവ്യത്യാസങ്ങൾ അമേരിക്കയുടെ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിനെ അലോസരപ്പെടുത്തി എന്നും അതാണ് ഇന്ത്യക്കെതിരെ അദ്ദേഹം കൊണ്ടുവന്ന ഉയർന്ന ചുങ്കങ്ങൾക്ക് കാരണമെന്നും പരക്കെ സംസാരമുണ്ട്. എന്നാൽ അല്പം വിശാലമായ അർത്ഥത്തിൽ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.
അമേരിക്കൻ സമ്പദ്ഘടനയുടെ പ്രതിസന്ധി
രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകത്തെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയായി മാറിയ അമേരിക്കയുടെ ഈ അടുത്തകാലത്തെ ചരിത്രം ഒട്ടും ആശാവഹമല്ല. സാമ്പത്തിക പ്രബലതയുടെ ദൗർബല്യം മാത്രമല്ല അവിടുത്തെ വിഷയം. ആഭ്യന്തര തലത്തിലും കഠിനമായ പ്രതിസന്ധികൾ അമേരിക്കൻ സമ്പദ്ഘടന നേരിടുന്നുണ്ട്. ഇന്ന്, ആഗോള ജിഡിപിയുടെ 15% മാത്രമാണ് അമേരിക്കൻ സമ്പദ്ഘടനയുടെ സംഭാവന. മറുവശത്ത്, ആഗോള വ്യവസായ ഉത്പാദനത്തിന്റെ ഏകദേശം 29% പിടിച്ചെടുത്തിരിക്കുന്നത് ചൈനയാണ്. അമേരിക്കയുടെ ഉൽപ്പന്നങ്ങൾക്ക് ഇന്ന് പഴയതുപോലെ ആഗോള വിപണികളില്ല. ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കൻ സമ്പദ്ഘടനയിൽ ഉത്പാദനക്ഷമത കുറഞ്ഞു വരികയാണ്. ഇതുമൂലം ആഗോള വിപണികളിൽ കിടപിടിക്കാനുള്ള മത്സരശേഷി അമേരിക്കൻ ഉത്പാദകർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. അമേരിക്കയുടെ കയറ്റുമതികൾ ഒരു വശത്ത് നഷ്ടമായി വരുമ്പോൾ, മറുവശത്ത് ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഒക്കെ ഉൽപ്പന്നങ്ങൾ യഥേഷ്ടമായി ഇറക്കുമതി ചെയ്യപ്പെടുന്നു. ഇതിന്റെ ഫലമായി അമേരിക്കയുടെ വ്യാപാരക്കമ്മി വലിയതോതിൽ ഉയർന്നു.
അമേരിക്കയിലെ തന്നെ നവലിബറല്‍ നയങ്ങളുടെ ഭാഗമായി അവിടുത്തെ വ്യവസായ ഭീമന്മാർ കുറഞ്ഞ കൂലിയുള്ള ചൈനയും വിയറ്റ്നാമും ബംഗ്ലാദേശും പോലെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ ഉൽപാദന കേന്ദ്രങ്ങൾ മാറ്റി തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം 30 വർഷമായി. തൽഫലമായി ആഭ്യന്തര വ്യവസായശാലകൾ അടച്ചുപൂട്ടുന്നു. വ്യാവസായിക മേഖലയിലെ തൊഴിൽ സാധ്യതകൾ അടയുന്നു. പുതിയ സാങ്കേതികവിദ്യകളുടെ മേഖലയിൽ വളർച്ച തുടരുന്നുവെങ്കിലും ഈ മേഖലകളിൽ തൊഴിലുകൾ വളരെ കുറച്ചു മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ. ഇതുമൂലം അസാധാരണമായ പ്രശ്നങ്ങൾ അമേരിക്കൻ സമ്പദ്ഘടനയിൽ രൂപപ്പെട്ടു.
അമേരിക്കൻ സമ്പദ്ഘടനയിലെ തൊഴിലാളി വർഗത്തെയാകെ ഈ സാഹചര്യം രൂക്ഷമായി ഗ്രസിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത് അവിടത്തെ വെളുത്ത വർഗക്കാരായ തൊഴിലാളികളുടെ കൂട്ടായ്മകളാണ്. കാരണം ആ രാജ്യത്തെ പ്രബലമായ ട്രേഡ് യൂണിയനുകളുടെ നേതൃത്വം ഇവരുടെ കൈകളിലാണ്. ഇതിനൊപ്പം വെളുത്ത വർഗക്കാർ തന്നെയായ അമേരിക്കയിലെ കർഷകരും അവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി ഉയർത്തിയിട്ടുണ്ട്. പക്ഷേ ആ രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളും ഇവരെ അവഗണിച്ചു വരികയായിരുന്നു. ഈ സാഹചര്യമാണ് 2016ൽ തന്നെ ഡൊണാൾഡ് ട്രംപ് സമർത്ഥമായി തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ട്രംപിന്റെ നേതൃത്വത്തിൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ കാർമികത്വത്തിൽ, വലതുപക്ഷ പോപ്പുലിസത്തിന്റെ പുതിയൊരു ഘട്ടം ആരംഭിക്കുന്നത്.
വലതുപക്ഷ പോപ്പുലിസം ചരിത്രപരമായി തന്നെ ബൂർഷ്വാ വർഗത്തിന്റെ കയ്യിലെ ഒരു രാഷ്ട്രീയ ഉപകരണമാണ്. തുറന്ന വിപണികളെ അടിസ്ഥാനപ്പെടുത്തിയുള്ള മുതലാളിത്ത വികസന പാത തുടരുമ്പോൾ തന്നെ ഇതിന്റെ രൂക്ഷമായ അനന്തരഫലങ്ങൾ അനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പ്രതികരണങ്ങൾ മുതലാളിത്ത വ്യവസ്ഥിതിയെ തന്നെ അപകടത്തിൽ പെടുത്താതിരിക്കാനുള്ള ഒരു കരുതലിന്റെ അടയാളമാണ് വലതുപക്ഷ പോപ്പുലിസം. മുതലാളിത്തംമൂലം ഉണ്ടായ പ്രശ്നങ്ങളാണ് പ്രതിസന്ധിയുടെ കാരണം എന്ന അടിസ്ഥാന സത്യത്തെ പൊതുശ്രദ്ധയിൽ നിന്ന് തട്ടിമാറ്റി, അപ്രധാനവും യുക്തിരഹിതവുമായ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനാണ് എപ്പോഴും വലതുപക്ഷ പോപ്പുലിസം ശ്രമിക്കുക. ദരിദ്രരുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നിലപാടാണ് എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ, ആദ്യമായി ട്രംപ് പ്രസിഡന്റായ വർഷങ്ങളിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടത് മെക്സിക്കോയും ചൈനയുമായിരുന്നു. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് അമേരിക്കൻ തൊഴിലാളികളുടെ ജോലികൾ തട്ടിയെടുക്കുന്നത്; ചൈനയിൽ നിന്നുള്ള ഇറക്കുമതികൾ മൂലമാണ് അമേരിക്കൻ വ്യാവസായിക രംഗത്തെ ഉത്പാദനക്ഷമത കുറഞ്ഞത്. ഇങ്ങനെ, അമേരിക്കയിലെ മുതലാളിത്ത സമ്പദ്ഘടനയുടെ ആന്തരികമായ ദൗർബല്യങ്ങൾ ജനശ്രദ്ധയിൽനിന്നും അകറ്റി പ്രശ്നങ്ങളെ ബാഹ്യവൽക്കരിക്കാനാണ് ട്രംപ് ശ്രമിച്ചത്. ഈ ശ്രമത്തിൽ അദ്ദേഹത്തിന് അമേരിക്കയിലെ ധനിക വ്യാവസായിക ഭീമന്മാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു.
അമേരിക്കൻ സർക്കാരുകളുടെ
നയംമാറ്റങ്ങൾ
ട്രംപിനുശേഷം അധികാരത്തിൽ വന്ന ജോസഫ് ബൈഡന്റെ സർക്കാരിന് ഈ വിഷയങ്ങൾ പൂർണമായി അവഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഭാഗമായാണ് 2023ൽ ബൈഡൻ സർക്കാർ ഒരു പുതിയ വ്യവസായ നയം പ്രഖ്യാപിച്ചത്. തുറന്ന വിപണികളെ അടിസ്ഥാനപ്പെടുത്തിയ ഉദാരവത്കൃതമായ വ്യവസായനയങ്ങളിൽ നിന്ന് വഴിമാറി, സർക്കാർ സഹായങ്ങൾ വിപുലീകരിച്ചും സബ്സിഡികൾ ഉയർത്തിയും ആഗോള വ്യാപാര മത്സരങ്ങളിൽനിന്ന് പരിരക്ഷ നൽകിയും അമേരിക്കൻ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ഈ പുതിയനയം. ട്രംപിന്റെ വലതുപക്ഷ പോപ്പുലിസത്തിൽ നിന്ന് വിഭിന്നമായിരുന്നു ഈ നയംമാറ്റം എന്നിരിക്കിലും ഇവയ്ക്ക് പൊതുവിൽ അമേരിക്കൻ തൊഴിലാളി വർഗത്തിന്റെ പിന്തുണ നേടാൻ സാധിച്ചില്ല. മാത്രമല്ല, ഈ നയംമാറ്റം ചൈനയെയും ഇന്ത്യയെയും പോലെയുള്ള രാജ്യങ്ങളെ വേണ്ടവണ്ണം ശിക്ഷിക്കുന്നില്ല എന്നും താൻ വർഷങ്ങളായി മുന്നോട്ടുവയ്ക്കുന്ന നയങ്ങൾക്ക് മാത്രമാണ് അമേരിക്കൻ തൊഴിലാളി വർഗത്തെ സംരക്ഷിക്കാൻ കഴിയുക എന്നും പറഞ്ഞുകൊണ്ട് ട്രംപ് ബൈഡനെ ശക്തമായി ആക്രമിക്കുകയും ചെയ്തു. ഇതെല്ലാം പൊതുവിൽ 2024ലെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് സഹായകരമായി. വെളുത്ത വർഗക്കാരായ തൊഴിലാളികളുടെയും ഉൽപാദകരുടെയും പിന്തുണ നേടാനും അദ്ദേഹത്തിനായി. വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് ട്രംപ് രണ്ടാം തവണ പ്രസിഡന്റായി.
ഈ ഒരു പൊതു പശ്ചാത്തലത്തിൽ വേണം ട്രംപിന്റെ പുതിയ ചുങ്കയുദ്ധത്തിനെ വിശകലനം ചെയ്യാൻ. ഒരു ഭ്രാന്തനായ ഭരണാധികാരിയുടെ ഭ്രാന്തമായ നയങ്ങൾ എന്നു മാത്രമായി ഇവയെ ചുരുക്കിക്കാണുന്നത് അബദ്ധമാകും. ട്രംപ് മാറി മറ്റൊരു ഭരണാധികാരി വരുന്ന പക്ഷം ട്രംപ് തുടങ്ങിവച്ച നയങ്ങൾ പൂർണമായി അവസാനിക്കുമെന്നും അനുമാനിക്കാൻ കഴിയില്ല. കാരണം, അമേരിക്കയിലെ മുതലാളിത്ത സമ്പദ്ഘടന നേരിടുന്ന ആഭ്യന്തരവും ആഗോളവുമായ ദൗർബല്യങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിന് അവിടുത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്നുവന്ന ഒരുകൂട്ടം നടപടികളാണ് നാം ഇന്നു കാണുന്നത്. ഈ നടപടികൾക്ക് അമേരിക്കക്കുള്ളിൽ ഉത്പാദകരുടെയും കർഷകരുടെയും തൊഴിലാളികളുടെയും വലിയ പിന്തുണയുമുണ്ട്. അതിനാൽ ഒരു വ്യക്തിയുടെ നയങ്ങൾ എന്നതിനുപരിയായി കുറച്ചു ദശകങ്ങളായി ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ സമ്പദ്ഘടനയുടെ ഇന്നത്തെ സങ്കീർണമായ സാഹചര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള വ്യവസ്ഥാപരമായ ഇടപെടലായിത്തന്നെ ട്രംപിന്റെ നയങ്ങളെ കാണേണ്ടതുണ്ട്.
അതേസമയം, ട്രംപിന്റെ ഭ്രാന്തത്തരങ്ങൾക്ക് ഈ സാഹചര്യത്തിൽ സ്ഥാനമില്ല എന്നും പറയാൻ കഴിയില്ല. ചുങ്കങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വ്യവഹാരങ്ങളെ തനിക്കു പ്രിയമായ ഭൗമ-രാഷ്ട്രീയ വിഷയങ്ങളുമായി അദ്ദേഹം യഥേഷ്ടം കൂട്ടിക്കുഴയ്-ക്കുന്നുണ്ട്. ഉദാഹരണത്തിന്, ബ്രസീലിനുമേലുള്ള ചുങ്കങ്ങൾക്ക് കാരണമായി ട്രംപ് പറയുന്നത് ലുലയുടെ സർക്കാർ ജെെർ ബോൾസനാരോയെ അറസ്റ്റ് ചെയ്തതാണ്. ഇന്ത്യയ്-ക്ക് മേലുള്ള ചുങ്കങ്ങൾക്ക് കാരണമായി അദ്ദേഹം പറയുന്നത് റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ വിഷയമാണ്. നേരത്തെ മെക്സിക്കോയ്ക്ക് മേൽ ചുമത്തിയ ചുങ്കങ്ങൾക്ക് കാരണമായി അദ്ദേഹം പറഞ്ഞത് ആ രാജ്യത്തിൽനിന്ന് കടത്തുന്നു എന്നു പറയപ്പെടുന്ന ഫെന്റനിൽ എന്ന രാസ മയക്കുമരുന്നാണ്. സാധാരണയായി നിലവിലുള്ള നയതന്ത്ര ചാനലുകൾ വഴി പരിഹരിക്കപ്പെടേണ്ട ഇത്തരം വിഷയങ്ങളെ ട്രംപ് കാണുന്നത് വിചിത്രമായിത്തന്നെയാണ്. മാത്രമല്ല, ഇന്ത്യയും പാക്കിസ്താനും തമ്മിൽ അടുത്തകാലത്ത് നടന്ന ഹ്രസ്വമായ ഏറ്റുമുട്ടൽ പരിഹരിക്കാൻ താനാണ് നേതൃത്വം നൽകിയത് എന്ന ട്രംപിന്റെ വാദം നരേന്ദ്രമോദി പരസ്യമായി സമ്മതിക്കുന്നില്ല എന്നും, അത് തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന് തടസ്സമായി നിൽക്കുന്നു എന്നും, ട്രംപ് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഇതൊക്കെ ശരിയാണെങ്കിലും, നിലവിൽ ഉയർന്നുവന്നിട്ടുള്ള ചുങ്ക പ്രശ്നങ്ങളെ വ്യക്തി-യധിഷ്ഠിതമായി കാണാൻ കഴിയില്ല എന്നുതന്നെ പറയേണ്ടിവരും.
ട്രംപും ഇന്ത്യൻ ചുങ്കങ്ങളും
ട്രംപിന്റെ ഇന്ത്യയെക്കുറിച്ചുള്ള വിശേഷണം “താരിഫ് രാജാവ്’ എന്നാണ്. ഇത് അദ്ദേഹത്തിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള മനഃപൂർവമായ അജ്ഞതയുടെ പ്രതീകമാണ്. കാർഷിക, വ്യാവസായിക മേഖലകളിലെ ഇറക്കുമതികൾക്കുള്ള ഇന്ത്യൻ ചുങ്കങ്ങൾ ഏകപക്ഷീയമല്ല. മറിച്ച്, ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട, നാമമാത്ര കർഷകരുടെയും വ്യവസായ ഉത്പാദകരുടെയും താൽപര്യങ്ങളെ സംരക്ഷിക്കുന്നതിനായി ശ്രദ്ധാപൂർവ്വവും കൃത്യതയോടെയും നിർണയിച്ചിട്ടുള്ളതാണ്. മറുവശത്ത്, അമേരിക്ക തുടരുന്ന ഉയർന്ന ചുങ്കങ്ങളോ? ഉദാരമായ സർക്കാർ സബ്‌സിഡിയും മറ്റു തരത്തിലുള്ള പിന്തുണയും ലഭിക്കുന്ന ഉയർന്ന മൂലധനമുള്ള വൻകിട കുത്തകകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് അമേരിക്കൻ ചുങ്കങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതിന് ഏറ്റവും മികച്ച ഉദാഹരണം ക്ഷീര മേഖലയിൽ കാണാം. ഇന്ത്യയിലെ വിപണികളിലേക്ക് പാൽപ്പൊടി പോലെയുള്ള അമേരിക്കയിലെ ക്ഷീര ഉൽപ്പന്നങ്ങൾ യഥേഷ്ടമായി കയറ്റുമതി ചെയ്യുക എന്നത് ട്രംപിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ക്ഷീര വ്യവസായത്തിന്റെ സവിശേഷത ഏകദേശം 80 ദശലക്ഷം (8 കോടി) ചെറുകിട ഉൽപ്പാദകരാണ് ഈ മേഖലയിലുള്ളത് എന്നതാണ്. അവരിൽ ഭൂരിഭാഗവും രണ്ടോ മൂന്നോ കന്നുകാലികളെ മാത്രമേ വളർത്തുന്നുള്ളൂ. സഹകരണ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ഈ ഉൽപാദകർ, ഇന്ത്യയെ പാലിൽ സ്വയംപര്യാപ്തമാക്കുകയും ഗ്രാമീണ ഉപജീവനമാർഗങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്ത വർഗീസ് കുര്യന്റെ ധവള വിപ്ലവത്തിന്റെ പാരമ്പര്യത്തിന്റെ അവകാശികളാണ്. ഇതിനു വിപരീതമായി, അമേരിക്കയിലെ ഒരു ഡയറി ഫാമിൽ ശരാശരി 337 കന്നുകാലികളുണ്ട്. കൂടാതെ, ഈ മേഖലയിൽ വൻതോതിലുള്ള, വ്യാവസായിക-തലത്തിലുള്ള കാർഷിക ബിസിനസുകൾ ആധിപത്യം പുലർത്തുന്നുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സർക്കാർ സബ്‌സിഡി ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന പാൽ ഉൽപ്പന്നങ്ങൾ. ഈ സാഹചര്യത്തിൽ, ഈ ഉൽപ്പന്നങ്ങൾ യഥേഷ്ടമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയാൽ എട്ടു കോടിയിൽപരം വരുന്ന ക്ഷീരോൽപാദകരുടെ നട്ടെല്ലൊടിയും. അമേരിക്കയിലാകട്ടെ, ഇതിന്റെ ഗുണം ലഭിക്കുന്നത് ഒരുപിടി ബഹുരാഷ്ട്ര കുത്തകകൾക്കു മാത്രവും.
ആർസിഇപി കരാറിനെക്കുറിച്ചുള്ള ചർച്ചകളിൽ ഈ പ്രശ്നം പ്രകടമായിരുന്നു, അതുവഴി പ്രധാന പാലുൽപ്പന്ന കയറ്റുമതിക്കാരായ ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനം നേടാൻ ശ്രമിച്ചത്. കർഷക സംഘടനകളുടെ ഏകീകൃത സമരങ്ങളിലൂടെ, ആഭ്യന്തര ക്ഷീര വ്യവസായത്തിന് നിലനിൽക്കുന്ന അസ്തിത്വ ഭീഷണി തിരിച്ചറിഞ്ഞ്, ഇന്ത്യ അന്ന് ആർസിഇപിയിൽനിന്ന് പിന്മാറി. ഈ നിലപാട് തന്നെയാണ് അമേരിക്കയുമായുള്ള ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിലും ഇന്ത്യ നിലവിൽ പരോക്ഷമായെങ്കിലും സ്വീകരിച്ചിട്ടുള്ളത്. ഇത് ട്രംപിനെ ഏറെ രോഷാകുലനാക്കിയിട്ടുണ്ട്. അപ്പോൾ ഇന്ത്യയെക്കൊണ്ട് ക്ഷീര മേഖലയുൾപ്പെടെയുള്ള മേഖലകളിൽ ചുങ്കങ്ങൾ കുറപ്പിക്കാൻ ട്രംപ് ഉപയോഗിക്കുന്ന വിവിധ ഭീഷണികളിൽ ഒന്നായി വേണം നമ്മൾ നിലവിലെ ചുങ്കയുദ്ധത്തെ കാണാൻ.
ക്ഷീര മേഖലയ്ക്ക് സമാനമായി മറ്റു മേഖലകളുമുണ്ട്. ഗോതമ്പ്, സോയാബീൻ, കനോല തുടങ്ങിയ എണ്ണക്കുരുക്കൾ എന്നിവയിലൊക്കെ ഇന്ത്യ ചുങ്കം കുറയ്ക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. ഇത് ഈ ഉൽപ്പന്നങ്ങളിൽ ഇന്ത്യ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത സ്വയംപര്യാപ്തതയെ ദുർബലപ്പെടുത്തും. സമീപവർഷങ്ങളിൽ, എണ്ണക്കുരുക്കളുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ഔദ്യോഗിക നയം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കൻ കയറ്റുമതിയെ ഉൾക്കൊള്ളുന്നതിനായി ഈ ഉൽപ്പന്നങ്ങൾക്കുള്ള ചുങ്കങ്ങൾ കുറയ്ക്കുന്നത് ഈ ദേശീയ ലക്ഷ്യത്തെ അപകടത്തിലാക്കും.
മറ്റു വികസ്വര രാജ്യങ്ങളുടെ അനുഭവവും ഒരു മുന്നറിയിപ്പായി നമുക്ക് വർത്തിക്കണം. 1990 കൾക്കുശേഷം മെക്സിക്കോ ഒപ്പിട്ട വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ (NAFTA) ആ രാജ്യത്തെ ചെറുകിട ധാന്യ ഉൽപാദകരെ തകർത്തു. ഇതേ അനുഭവം തന്നെയാണ് ബ്രസീലിലെ സോയാബീൻ കർഷകരും നേരിട്ടത്. ഈ അനുഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കുകയും കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിന് വേണം ഇന്ത്യ മുൻതൂക്കം നൽകാൻ.
ഈ കൃത്യമായ നിലപാട് ഉയർത്തിപ്പിടിക്കാൻ ഇന്ത്യക്ക് കഴിയുമോ? അമേരിക്കയുമായി ഇന്ത്യ ഇന്ന് നടത്തിവരുന്ന വ്യാപാര ചർച്ചകളിൽ ഇന്ത്യയുടെ നിലപാടിനെ നിരവധി രാഷ്ട്രീയ കണക്കുകൂട്ടലുകൾ സങ്കീർണമാക്കിയിട്ടുണ്ട്. മോദിയുടെ സർക്കാർ അമേരിക്കൻ ഭൗമരാഷ്ട്രീയ, സാമ്പത്തിക താൽപ്പര്യങ്ങളുമായി അടുത്തുനിൽക്കാനുള്ള ആഗ്രഹം എക്കാലത്തും പ്രകടിപ്പിച്ചിട്ടുണ്ട്. “അബ് കി ബാർ ട്രംപ് സർക്കാർ” എന്ന മുദ്രാവാക്യം ഉൾപ്പെടെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി നൽകിയ അഭൂതപൂർവമായ പിന്തുണ വ്യാപാര ചർച്ചകളിലെ ഇന്ത്യയുടെ വിലപേശൽ ശക്തിയെ കാര്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പുറത്തു വന്നിട്ടുള്ള ചില വാർത്തകൾ മോദി സർക്കാരിന്റെ ദൗർബല്യങ്ങളെ തുറന്നുകാട്ടുന്നതുമാണ്. ഈ വാർത്തകൾ അനുസരിച്ച് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ 40% ഉത്പന്നങ്ങൾക്കും പരിപൂർണമായി ചുങ്കം എടുത്തുകളയാൻ മോദി സർക്കാർ ഒരു ഘട്ടത്തിൽ തയ്യാറായിരുന്നുവത്രേ. ഈ പൂജ്യം ചുങ്കങ്ങൾക്കുപുറമേ അമേരിക്ക കയറ്റുമതി ചെയ്യുന്ന കാറുകൾക്കും മദ്യ ഉത്പന്നങ്ങൾക്കും ചുങ്കം കുറയ്ക്കുകയും അമേരിക്കയിൽ നിന്നുള്ള ഊർജ്ജമേഖലയിലെയും ആയുധമേഖലയിലെയും ഇറക്കുമതി വർദ്ധിപ്പിക്കുകയും ചെയ്യാം എന്നും മോദി സമ്മതിച്ചിരുന്നുവത്രേ. അമേരിക്കയ്ക്ക് നിലവിൽ ഇന്ത്യയുമായി 47 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ചരക്ക് മേഖലയിലുള്ളത്. ഏകദേശം 25 ബില്യൺ ഡോളർ വിലമതിക്കുന്ന ഊർജ്ജ- ആയുധ മേഖലയിലെ ഇറക്കുമതികൾ അനുവദിക്കുകവഴി ഇത്ര കണ്ടു വ്യാപാരകമ്മി കുറയ്ക്കാനുള്ള സാഹചര്യം ട്രംപിന് ഒരുക്കിക്കൊടുക്കാൻ മോദി തയ്യാറായിരുന്നുവത്രേ. പക്ഷേ ചർച്ചകൾക്കിടയിൽ മോദി സമ്മതിച്ചതിലും കൂടുതൽ ചുങ്കം കുറയ്ക്കുകയും ഇറക്കുമതി വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇവിടെയാണ് ചർച്ചകൾ ഉടക്കിനിന്നത്. അമേരിക്കയുടെ ഇടപെടൽ അല്ല പാക്കിസ്താനുമായി വെടിനിർത്താനുള്ള കാരണം എന്ന് മോദി ഇതിനകം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ ആ വഴി ഉപയോഗിച്ചുകൊണ്ട് ട്രംപിനെ തുടർന്ന് അനുനയിപ്പിക്കാനുള്ള സാധ്യതകളും അടഞ്ഞിട്ടുണ്ട്. മോദി ട്രംപിന് കൂടുതൽ വഴങ്ങുമോ എന്നതാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടയ്ക്ക് ചുങ്കയുദ്ധം പോലെയുള്ള പരമ്പരകൾ തുടർന്നും അരങ്ങേറാൻ എല്ലാ സാധ്യതകളുമുണ്ട്.
ട്രംപിന്റെ റഷ്യൻ ആരോപണം
ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് നിലവിൽ ഉണ്ടായിരുന്ന 10% ചുങ്കം 25% ആയാണ് ട്രംപ് ആദ്യം വർദ്ധിപ്പിച്ചത്. ഇന്ത്യ നിലനിർത്തിയിട്ടുള്ള കൂടിയ ഇറക്കുമതിച്ചുങ്കങ്ങൾക്ക് മറുപടിയാണിത് എന്നായിരുന്നു ട്രംപിന്റെ വാദം. ഇതിനെ അദ്ദേഹം വിളിച്ചത് റെസിപ്രോക്കൽ താരിഫ് എന്നായിരുന്നു. ഇതിനിടയ്ക്കാണ് ഇതിനുമേൽ മറ്റൊരു 25% ചുങ്കംകൂടി ട്രംപ് ഏർപ്പെടുത്തിയത്. അങ്ങനെ മൊത്തം 50 ശതമാനം ചുങ്കം. ഈ രണ്ടാമത്തെ 25% ചുങ്കത്തിന് ട്രംപ് നൽകിയ കാരണം ഉക്രൈനിലെ യുദ്ധം ദീർഘിപ്പിക്കാൻ റഷ്യക്ക് സഹായകരമായ നിലപാട് ഇന്ത്യ സ്വീകരിക്കുന്നു എന്നതാണ്. റഷ്യയിൽ നിന്നുള്ള എണ്ണ വാശികയുടെ പുറത്ത് വിവിധ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറികടന്ന് ഇന്ത്യ വാങ്ങുന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്. തീർത്തും അസംബന്ധമാണ് ഈ വാദം.
മൂന്നു വിഷയങ്ങൾ മാത്രം ചുരുക്കമായി പറയാം. ഒന്നാമതായി, ഇന്ത്യ ക്രൂഡ് ഓയിലിന്റെ കയറ്റുമതി നടത്തുന്ന ഒരു രാഷ്ട്രമല്ല. അസംസ്കൃത ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ. ഇങ്ങനെ ഇറക്കുമതി നടത്തുന്ന ക്രൂഡ് ഓയിൽ ഇവിടത്തെ റിഫൈനറികളിൽ സംസ്കരിച്ച്, ഡീസലും ജെറ്റ് ഫ്യൂവലും പോലെയുള്ള റിഫൈൻഡ് പെട്രോളിയം ഉൽപ്പന്നങ്ങൾ നിർമിച്ച്, അവ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ.
രണ്ടാമതായി, ലോകത്ത് ഏറ്റവും കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യം ഇന്ത്യയല്ല, മറിച്ച് ചൈനയാണ്. 2024ൽ ചൈന റഷ്യയിൽ നിന്ന് 63 ബില്യൺ ഡോളർ വിലമതിക്കുന്ന ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തുവെങ്കിൽ ഇന്ത്യ അതേവർഷം ഇറക്കുമതി ചെയ്തത് 53 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ മാത്രമാണ്. പക്ഷേ ചൈനയെ കുറ്റപ്പെടുത്താതെ, തന്റെ സ്വന്തം ഭൗമ-രാഷ്ട്രീയ താൽപര്യങ്ങൾക്കായി, ഇന്ത്യയെ മാത്രമാണ് ട്രംപ് കുറ്റപ്പെടുത്തിയത്.
മൂന്നാമതായി, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ നയം അമേരിക്കയുടെയും യൂറോപ്പിന്റെയും പരിപൂർണമായ പിന്തുണയോടെയും സഹകരണത്തോടെയും ആണ് രൂപപ്പെടുത്തിയിട്ടുള്ളത്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങി, അവ സംസ്കരിച്ച്, മറ്റു രാജ്യങ്ങൾക്ക് കയറ്റുമതി നടത്തി ലഭ്യമാക്കുക വഴി ആഗോള എണ്ണ വിലകളെ നിയന്ത്രിച്ച് നിർത്താം എന്ന് പൂർണമായി മനസ്സിലാക്കിക്കൊണ്ടാണ് ഈ നിശബ്ദമായ പിന്തുണയും സഹകരണവും ഇക്കാലമത്രയും ഇന്ത്യയ്ക്ക് നൽകപ്പെട്ടത്. അങ്ങനെ ആഗോള സമ്പദ്-വ്യവസ്ഥയ്ക്ക് ഒരു വലിയ സംഭാവനയായിരുന്നു ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതികൾ. ഈ ചരിത്രം മുഴുവൻ മറന്നുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയത്. “മൈ ഫ്രണ്ട് ഡൊണാൾഡ്” എന്ന് ഇതുവരെ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന മോദിയുടെ മുഖത്തേറ്റ കനത്ത ഒരു പ്രഹരമായി ട്രംപിന്റെ ഈ ചതി. ഇവിടെയും മോദി ട്രംപിന് വഴങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഉപസംഹാരം
രണ്ട് പ്രധാന വിഷയങ്ങളാണ് ഇവിടെ ഉയർന്നുവരുന്നത്. ഒന്ന്, സമകാലിക ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധി ഘട്ടത്തെ മറികടക്കാനും, അമേരിക്കൻ സമ്പദ്-വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും, ട്രംപിന്റെ ചുങ്കങ്ങൾക്ക് കഴിയുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. കാരണം, ഉയർന്ന ചുങ്കങ്ങൾ അമേരിക്കയ്ക്കുള്ളിൽ കൂടുതൽ വിലക്കയറ്റത്തിന് വഴിതെളിക്കും. ഇത് അവിടുത്തെ തൊഴിലാളി വർഗത്തെ കൂടുതൽ ഞെരുക്കും. ഉയർന്ന ചുങ്കങ്ങൾവഴി ലഭിക്കുന്ന വരുമാനം ഉത്പാദന മേഖലയിലോ ജനക്ഷേമ നടപടികളിലോ നിക്ഷേപിക്കുമെന്ന ഒരുറപ്പും ട്രംപ് ഇതുവരെ നൽകിയിട്ടില്ല. മറുവശത്ത്, സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, ജനക്ഷേമ നടപടികളുടെ വ്യാപ്തി പരിമിതപ്പെടുത്തുക എന്ന തന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് ട്രംപ് പിന്നോട്ടു പോയിട്ടുമില്ല. അമേരിക്കൻ സമ്പദ്ഘടനയിലെ പ്രശ്നങ്ങൾ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാനാണ് സാധ്യത. പൊതുവിൽ ആഗോള സമ്പദ്ഘടനയിൽ മാന്ദ്യത്തിന്റെ പുതിയൊരു ഘട്ടം വരുന്നുവെന്ന് പൊതുവേ കരുതപ്പെടുന്നുണ്ട്.
രണ്ട്, ഇന്ത്യ എടുക്കുന്ന നിലപാട് എന്താവണം? ചെറുകിട, നാമമാത്ര കർഷകരുടെയും വ്യാവസായിക ഉൽപ്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും, ദേശീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും, കുത്തക ഭീമന്മാരുടെ താൽപ്പര്യങ്ങളെ ചെറുക്കുകയും ചെയ്യുന്ന ഒരു നയദിശ രൂപപ്പെടുത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ആഗോള, ആഭ്യന്തര വിപണി ശക്തികളുടെ ഇരകളാകാതെ, സ്വന്തം വിധി സ്വയം രൂപപ്പെടുത്തുന്നതിൽ സജീവ പങ്കാളികളാകാൻ കഴിയുന്ന ഒരു സാമ്പത്തികഭാവി ഉറപ്പാക്കാൻ കഴിയൂ. പക്ഷേ മോദി സർക്കാർ ഇത്തരത്തിൽ ശക്തമായ ഒരു നിലപാട് എടുക്കുമോ എന്ന സംശയമാണ് പൊതുവേയുള്ളത്. ദേശീയതലത്തിൽ തന്നെയുള്ള ഒരു വലിയ പോരാട്ടത്തിനു മാത്രമേ ദേശതാൽപര്യത്തിന് അനുസൃതമായ ഒരു അജൻഡ സ്വീകരിക്കാൻ മോദി സർക്കാരിനെ നിർബന്ധിതമാക്കാൻ കഴിയൂ. l



