Saturday, March 14, 2026

ad

Homeകവര്‍സ്റ്റോറിവിരൽ ചൂണ്ടുന്നത്
 നിയോലിബറൽ യുഗത്തിന്റെ 
അന്ത്യത്തിലേക്കോ?


വിരൽ ചൂണ്ടുന്നത്
 നിയോലിബറൽ യുഗത്തിന്റെ 
അന്ത്യത്തിലേക്കോ?


കെ എസ് രഞ്ജിത്ത്

1992ലാണ് ഫുക്കുയാമയുടെ ‘ചരിത്രത്തിന്റെ അന്ത്യം ’ (The End of History and The Last Man ) എന്ന പുസ്തകം പുറത്തുവരുന്നത്. ഈ കൃതിയും അതിൽ മുന്നോട്ടുവെയ്ക്കപ്പെട്ട ആശയവും ലോകമാകെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തത് സവിശേഷമായൊരു ചരിത്രസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം, കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനം, ബെർലിൻ മതിലിന്റെ തകർച്ചയും ജർമനി ഏകീകരണവും എന്നിങ്ങനെ സോഷ്യലിസ്റ്റ് രാഷ്ട്രമായി സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ടതിനുശേഷം വിരുദ്ധ ധ്രുവങ്ങളിലായി ലോകത്ത് നിലനിന്നുപോന്നിരുന്ന വ്യത്യസ്തമായ രാഷ്ട്രീയ, സാമ്പത്തിക സമീപനങ്ങളിൽ ഒന്ന് വലിയ തകർച്ചയെ നേരിടുകയും എതിർപക്ഷത്ത് നിലകൊണ്ടിരുന്ന ആശയപദ്ധതികളും അതിനെ ആസ്പദമാക്കിയ രാഷ്ട്രീയ സംവിധാനങ്ങളും ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഫുക്കുയാമ മാനവവികസന ചരിത്രത്തിലെ അന്ത്യഘട്ടത്തെക്കുറിച്ച് പ്രവചിക്കുന്നത് . ഇനി അതിരുകളില്ലാത്ത മുതലാളിത്ത സമ്പദ്ക്രമവും ലിബറൽ ജനാധിപത്യവും മാത്രമായിരിക്കും മാനവരാശിയുടെ ഭാവിയിൽ അവശേഷിക്കുക എന്നതായിരുന്നു ആ പ്രവചനം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം രാഷ്ട്രീയവും സാമ്പത്തികവുമായ ലിബറലിസത്തിലാണ് ചെന്നെത്തുക എന്നാണ് അദ്ദേഹം കുറിച്ചത്. അതായിരിക്കും മാനവ വികസനത്തിലെ അവസാനത്തെ സാമൂഹിക, സാമ്പത്തിക ചട്ടക്കൂട് എന്ന് അദ്ദേഹം പ്രവചിച്ചു. പാശ്ചാത്യലോകത്തിന്റെ വിജയം, പാശ്ചാത്യ മുതലാളിത്ത ആശയങ്ങളുടെ വിജയം മറ്റെല്ലാ സാമ്പത്തിക ബദലുകളെയും ഇല്ലായ്മ ചെയ്തിരിക്കുന്നു. പാശ്ചാത്യ ലിബറൽ ജനാധിപത്യത്തെ ആസ്പദമാക്കിയ ഭരണക്രമവും മുതലാളിത്ത ഉല്പാദന സമ്പ്രദായങ്ങളുമായിരിക്കും ഇനി ലോകത്തെ നയിക്കുക. ഇങ്ങനെയൊക്കെയായിരുന്നു ഫുക്കുയാമയുടെ വിചാരങ്ങൾ. എന്നാൽ, തുറന്ന വാതിലുകളെല്ലാം കൊട്ടിയടക്കപ്പെടുകയും സമത്വത്തിന്റെ സ്ഥാനത്ത് വംശവെറിയുടെ രാഷ്ട്രീയം യൂറോപ്പിലെമ്പാടും പടരുകയും ചെയ്തുകഴിഞ്ഞു; മറ്റു ലോക രാഷ്ട്രങ്ങളുടെ മേൽ നിരന്തരം ആക്രോശങ്ങൾ നടത്തുന്ന ഒരു ഭരണാധികാരി ലിബറൽ ഡെമോക്രസിയുടെ ഈറ്റില്ലത്തു വാഴുന്ന, വർത്തമാനകാല ലോകം ഫുക്കുയാമയെയാകെ ഉലച്ചു കളഞ്ഞു.

വളരെ ആവേശത്തോടുകൂടി നടത്തിയ പ്രവചനങ്ങളിൽ നിന്നും ഫുക്കുയാമയുടെ നിലപാടുകൾ പിൽക്കാലത്ത് ഏറെ മാറിമറിഞ്ഞു. ഏറ്റവുമൊടുവിൽ, ട്രംപിന്റെ രണ്ടാം വരവ്, 100 ദിവസം പിന്നിട്ടപ്പോൾ ഏറെ നിരാശിതനായ ഫുക്കുയാമ കടുത്ത വിമർശനം അമേരിക്കൻ ഭരണകൂടത്തിനു നേരെ അഴിച്ചുവിട്ടു. താരിഫ് നിരക്കുകളിൽ നടത്തിയ വൻ വർദ്ധന, ഫെഡറൽ ഉദ്യോഗസ്ഥരുടെ കൂട്ടപ്പിരിച്ചുവിടൽ, പ്രവാസികളെ ചങ്ങലക്കിട്ട് നാടുകടത്തുന്നത്, സർവ്വകലാശാലകളുടെ സ്വാതന്ത്ര്യത്തിനും ആശയങ്ങൾക്കും കൂച്ചുവിലങ്ങിടൽ, നിയമവ്യവസ്ഥക്കുമേൽ എക്സിക്യൂട്ടീവിന്റെ കയ്യേറ്റം ഇതൊക്കെയാണ് ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിടാൻ ഫുക്കുയാമയെ പ്രേരിപ്പിച്ചത്. 1990 കളുടെ തുടക്കത്തിൽ അവസാനവിജയം കണ്ടുവെന്ന് താൻ വിശ്വസിച്ച പൗരസ്വാതന്ത്ര്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയുമൊക്കെ അന്ത്യം അമേരിക്കയിൽ തന്നെ അരങ്ങേറുന്നത് ഫുക്കുയാമയ്ക്ക് അല്പംപോലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. തന്റെ ക്ലാസിക് കൃതിയിൽ രണ്ടു തവണ പരാമർശിക്കുന്ന ട്രംപ് തന്നെ, തന്റെ ആശയങ്ങളുടെ അന്തകനായി മാറുന്നത് ഫുക്കുയാമയ്ക്ക് കാണേണ്ടി വന്നുവെന്നത് മറ്റൊരുകാര്യം. മറ്റുള്ളവരെക്കാളൊക്കെ ഉന്നതനാണ് താനെന്ന ആശയത്തെ സൂചിപ്പിക്കുന്ന മെഗാലോതൈമിയ (Megal
othymia ) എന്ന പദം രൂപപ്പെടുത്തുന്നത് ഫുക്കുയാമയാണ്. എന്തും നിശ്ചയിക്കുന്നത് താനാണ് എന്നും എല്ലാത്തിന്റെയും പരമമായ അധികാരി താനാണ് എന്നും സൂചിപ്പിക്കുന്ന പദമാണ് മെഗാലോതൈമിയ (ഇതിന്റെ വിപരീതമാണ് ഇസോതൈമിയ –Isothymia , എല്ലാവരെയും സമന്മാരായി കാണൽ). ട്രംപിന്റെ ഭരണകൂടം ഇന്ന് ചെയ്തുകൂട്ടുന്ന മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങളെ വിലയിരുത്തുന്ന പലരും ട്രംപിന്റെ മെഗാലോതൈമിയ മനോഭാവത്തിന്റെ പ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്. തന്റെ പ്രവചനങ്ങളൊക്കെ പാളിപ്പോയതിൽ ഖേദിക്കുന്ന ഫുക്കുയാമയുടെ വേദന നമുക്ക് മനസ്സിലാകും . പക്ഷേ അതോടൊപ്പം ഫുക്കുയാമയുടെ സാമൂഹിക വിശകലന രീതിശാസ്ത്രത്തിന്റെ പരിമിതി കൂടി മനസ്സിലാക്കാതെ അമേരിക്കൻ ഭരണകൂടത്തിന്റെ ഇന്നത്തെ ചെയ്തികളുടെ പൊരുൾ പിടികിട്ടില്ല. ട്രംപിന്റെ നടപടികൾ ലിബറൽ സൈദ്ധാന്തികരെ വളരെ ആഴമേറിയ അടിസ്ഥാനപരമായ പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കേവലം മെഗാലോതൈമിയയെ ആസ്പദമാക്കിയ സാമൂഹിക വിശകലനങ്ങൾ ഈ പ്രതിസന്ധിയുടെ കാരണങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കില്ല. ആഗോള മുതലാളിത്തത്തിന്റെ ഘടനാപരമായ പരിണാമങ്ങൾ മനസ്സിലാക്കാതെ ട്രംപിന്റെ ചെയ്തികളുടെ കുരുക്കഴിക്കാനാവില്ല.

കമ്യൂണിസത്തിന്റെ ‘ഭീഷണി’ ഒഴിഞ്ഞ 1990 കളുടെ ആദ്യപകുതിയിൽ കണ്ട ലിബറൽ ഡെമോക്രസിയുടെ മുതലാളിത്ത മുഖം രണ്ടാം ലോകയുദ്ധാനന്തരം കണ്ടതിൽ നിന്ന് ഏറെ വിഭിന്നമായിരുന്നു. മറ്റു രാജ്യങ്ങളുടെ വിപണിയുടെ വാതിൽ തുറക്കാനും അവിടേക്ക് തങ്ങളുടെ ചരക്കുകളുടെയും ധനമൂലധനത്തിന്റെയും പ്രവാഹം ഏറെ സുഗമമാക്കുവാനും, ഐ എം എഫിന്റെയും ലോകബാങ്കിന്റെയും സഹായത്തോടെ കിണഞ്ഞു പരിശ്രമിക്കുന്ന, മൂന്നാം ലോക രാജ്യങ്ങളിലെ പൊതുമുതൽ സ്വകാര്യവല്ക്കരിക്കാൻ സമ്മർദം ചെലുത്തുന്ന, അതേസമയം സ്വന്തം രാജ്യത്തെ സാമൂഹ്യ സുരക്ഷിതത്വ നയങ്ങൾ ഒന്നൊന്നായി കൈയൊഴിയുന്ന പാശ്ചാത്യ മുതലാളിത്തത്തെയാണ് 1990 കൾക്ക് ശേഷം ലോകം ദർശിച്ചത്. കൂടുതൽ ലാഭം തേടി ,വിയർപ്പു തുന്നിയ കുപ്പായങ്ങൾമാത്രം കൈമുതലായുള്ള ചെലവുകുറഞ്ഞ അധ്വാനശക്തിയെ തേടി സ്വന്തം രാജ്യത്തെ ഫാക്ടറികൾ കെട്ടിപ്പൂട്ടി, അവികസിത അർദ്ധവികസിത രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്ന മൂലധനത്തെയാണ് ലോകം കണ്ടത് .അതിനൊപ്പം ധനമൂലധനത്തിന്റെ അനിയന്ത്രിതമായ പ്രവാഹവും . ഇതു പക്ഷേ തങ്ങൾക്കു തന്നെ തിരിച്ചടിയാകുമെന്ന് അമേരിക്കൻ ജനതയ്ക്ക് –അമേരിക്കയിലെ കോർപ്പറേറ്റ് മുതലാളിമാർക്കല്ല–മനസ്സിലായത് വൈകിയാണ് . മറ്റു രാജ്യങ്ങളിൽ വെച്ച് തങ്ങൾ തന്നെ നിർമിച്ച ഉപഭോക്തൃ വസ്തുക്കൾ ഡോളർ കൊടുത്ത് വാങ്ങുമ്പോൾ കുതിച്ചുയരുന്ന വ്യാപാരക്കമ്മിയും വർധിക്കുന്ന അസമത്വവും ഫാക്ടറികൾ ഒന്നൊന്നായി അടച്ചുപൂട്ടിയപ്പോൾ നഷ്ടപ്പെട്ട തൊഴിലുകളുമെല്ലാം പാശ്ചാത്യലോകത്തെ പുതിയ വെളിപാടുകളായിരുന്നു. ബ്ലൂ കോളർ തൊഴിലാളികൾക്ക് ട്രംപ് പ്രിയപ്പെട്ടവനായി മാറുന്നത് അങ്ങനെയാണ്. കുടിയേറ്റക്കാരാണ് തങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണക്കാർ എന്ന നിഗമനത്തിൽ തൊഴിൽ നഷ്ടപ്പെട്ട ശരാശരി അമേരിക്കക്കാരൻ എത്തിപ്പെടുന്നത് അങ്ങനെയാണ്. ഇന്ന് ട്രംപ് നടത്തുന്ന ഒട്ടുമിക്ക പ്രഖ്യാപനങ്ങളും ഈ വിഭാഗങ്ങളുടെ രാഷ്ട്രീയ പിന്തുണ ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്, അതോടൊപ്പം ഉല്പാദനമേഖലകളിലും സാങ്കേതിക മേഖലകളിലും അമേരിക്കയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ മേൽക്കെെ തിരിച്ചുപിടിക്കാനും.

ട്രംപ് ഭരണകൂടം ഇന്നു നടത്തുന്ന ഏകപക്ഷീയമായ താരിഫ് ഉയർത്തലിനെ താരിഫ് യുദ്ധമായിട്ടാണ് മാധ്യമ ലോകം വിലയിരുത്തുന്നത്. ഈ പദപ്രയോഗത്തിൽത്തന്നെ അടിസ്ഥാനപരമായ ഒരു പ്രശ്നമുണ്ട്. യുദ്ധമെന്നാൽ കുറഞ്ഞത് രണ്ടു കൂട്ടർ പരസ്പരം നടത്തുന്ന ആക്രമണമാണ് . അമേരിക്ക ചെലുത്തിയ താരിഫ് വർധനയ്ക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത ചൈനയുടെ കാര്യം ഒഴിച്ചാൽ ബാക്കി രാജ്യങ്ങളുടെയെല്ലാം കാര്യത്തിൽ വളരെ ഏകപക്ഷീയമായ താരിഫ് ആക്രമണമാണ് അരങ്ങേറുന്നത്. മറ്റു രാജ്യങ്ങളുടെ, വിശേഷിച്ച് ഭൂഗോളത്തിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെ, ഉത്പാദനത്തെ തടയിടാൻ നടത്തുന്ന ഏകപക്ഷീയമായ ആക്രമണമാണിത്. തിരികെ ഒരു ഷെല്ലെങ്കിലും വന്നു പതിക്കാതെ,അമേരിക്ക ഒറ്റയ്ക്ക് നടത്തുന്ന വെടിവെയ്-പാണിത്, അതുകൊണ്ടുതന്നെ ഇതിനെ ഒരു യുദ്ധമായി വ്യാഖ്യാനിക്കുന്നതിൽ പന്തികേടുണ്ട്.

ട്രംപിന്റെ ചുങ്കമുയർത്തൽ നടപടികളെ സംബന്ധിച്ച് ഇന്നു നടന്നുവരുന്ന ചർച്ചകളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന മറ്റൊരു ആഖ്യാനമുണ്ട് . അതിന്ന് നിലവിലുള്ള വ്യാപാരക്കരാറുകളിൽ ഏറ്റവും നീതിയുക്തമായവായാണ് എന്ന ആഖ്യാനമാണ്. എന്നാൽ യാഥാർഥ്യമെന്ത്? ഗാട്ട് മുതലിങ്ങോട്ട് ആസിയാൻ വരെയുള്ള എല്ലാ കരാറുകളും വികസിത മുതലാളിത്ത രാജ്യങ്ങൾക്ക് അങ്ങേയറ്റം ഗുണപ്രദമായ നിബന്ധനകൾ അടങ്ങിയവയാണ്. അതിൽ പങ്കുചേർന്നതിന്റെ ദുരിതം ഇന്ന് അവികസിത, വികസ്വര രാജ്യങ്ങളിലെ ദരിദ്രകർഷകരും ചെറുകിടക്കാരും അനുഭവിച്ചു തീർക്കുകയാണ് . ഇതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ആഗോളവല്ക്കരിക്കപ്പെട്ട ധനമൂലധനത്തിനു മാത്രം ഗുണം ചെയ്യുന്ന രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടവയാണ് ഈ കരാറുകളെല്ലാംതന്നെ. അവയെ വെള്ള പൂശുന്ന രീതിയിലാണ് ഇന്ന് അമേരിക്കൻ ഭരണകൂടം മറ്റു രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന അധിക നികുതികളെ വിമർശിക്കുന്നത്.

അതുപോലെ ഇന്ന് ചർച്ചകളെല്ലാം നടക്കുന്നത്, മറ്റു രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കടന്നുവരുന്ന ചരക്കുകളുടെമേൽ ചുമത്തുന്ന നികുതിയും അതുവഴിയുള്ള നിയന്ത്രണങ്ങളും സംബന്ധിച്ചാണ്. ലോകമാകെ പാഞ്ഞു നടക്കുന്ന ധനമൂലധത്തിന്റെ അനിയന്ത്രിതമായ പോക്കുവരവുകൾ ഈ ചർച്ചകളിൽ ഒരു വിഷയമായിപ്പോലും ഉന്നയിക്കപ്പെടുന്നില്ല. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ അടിമകളാണ് ഏതാണ്ടെല്ലാ വികസ്വര, അവികസ്വര രാഷ്ട്രങ്ങളുമെന്നതുകൊണ്ട് മാത്രമാണ് ഈ വസ്തുത ശരിയാംവിധം ഉന്നയിക്കപ്പെടാത്തത്. എന്തുകൊണ്ട് ചരക്കുകളുടെയും അധ്വാനശക്തിയുടെയും രാജ്യാന്തര ചലനങ്ങൾമാത്രം സൗകര്യങ്ങളനുസരിച്ച് നിയന്ത്രിക്കപ്പെടുന്നു? എന്തുകൊണ്ട് ധനമൂലധനത്തിന്റെ സഞ്ചാരപഥങ്ങൾ എല്ലായ്-പോഴും മലർക്കെ തുറന്നിട്ടിരിക്കുന്നു?

നിലവിലുള്ള വ്യാപാര കരാറുകളിൽ അടങ്ങിയിരിക്കുന്ന മറ്റൊരു കാപട്യം സബ്സിഡികളെ സംബന്ധിച്ചുള്ളതാണ് . മൂന്നാം ലോക രാഷ്ട്രങ്ങളിലെ പാവപ്പെട്ട കർഷകർക്ക് നൽകുന്ന തുച്ഛമായ സൗജന്യങ്ങളെപ്പോലും ഇല്ലാതാക്കുന്നവർ തങ്ങളുടെ രാജ്യത്ത് കർഷകർക്ക് നേരിട്ട് സൗജന്യങ്ങൾ പണമായിത്തന്നെ നൽകുകയാണ്. അവികസിത രാഷ്ട്രങ്ങളിലെ ദരിദ്ര കർഷകർക്കുള്ള സബ്‌സിഡികൾ ഇല്ലാതാക്കാൻ നിരന്തരം സമ്മർദം ചെലുത്തുന്നവർ തങ്ങളുടെ രാജ്യത്തെ സമ്പന്നരായ കർഷകർക്ക് നേരിട്ട് നൽകുന്ന ധനപരമായ പിന്തുണകളെ അനുകൂലിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ത്യ പോലെ വിശാലമായൊരു രാജ്യത്ത് 12 കോടിയിലധികം വരുന്ന പാവപ്പെട്ട കർഷകർക്ക് കാശ് നേരിട്ട് കൈകളിലെത്തിക്കുക ഏതാണ്ട് അസാധ്യമായ കാര്യമാണ്. പല രൂപങ്ങളിലുള്ള സബ്‌സിഡികൾ അവർക്ക് നൽകുക മാത്രമാണ് ഏക പോംവഴി. ആ വാതിലാണ് വ്യാപാരകരാറുകളിൽ ഒപ്പ് വെച്ചതിലൂടെ അടയ്ക്കപ്പെട്ടത്. ഇതെല്ലം ന്യായീകരിക്കപ്പെടുന്നത് പുസ്തകത്താളുകളിൽ മാത്രം നിലനിൽക്കുന്ന , ലോകത്തൊരിടത്തും കണ്ടുകിട്ടാനില്ലാത്ത, perfect competition എന്ന സാമ്പത്തിക മിത്തിനെ മുന്നിൽ വെച്ചുകൊണ്ടാണെന്നതാണ് വിചിത്രം.

ആഭ്യന്തര കമ്പോളത്തെ വികസിപ്പിക്കുന്നതിനല്ല മുൻഗണന നൽകേണ്ടതെന്നും, അത് സ്വയം വളരുമെന്നുമുള്ള വാഴ്ത്തുപാട്ടായിരുന്നു നിയോ ലിബറൽ യുഗം മുന്നോട്ടുവെച്ച മറ്റൊരു ആപ്തവാക്യം. ഈ കയറ്റുമതിയോന്മുഖ തന്ത്രത്തിൽ വീണുപോയവർക്കാണ് താരിഫ് വർദ്ധനവിന്റെ വെടി ആദ്യം കൊള്ളുന്നത്. എന്തിന് തങ്ങളോട് ഇങ്ങനെയൊരു കടും കൈ ട്രംപ് ചെയ്തു എന്നാണ് മോദിയടക്കമുള്ള എല്ലാ ഭരണാധിപരും തലയിൽ കൈവെച്ച് ചോദിക്കുന്നത്. നിയോ ലിബറൽ വണ്ടിയിലെ ഇന്ധനം ഏതാണ്ട് പൂർണമായും തീർന്നു കഴിഞ്ഞിരിക്കുന്നു എന്നതാണ് അതിന്റെ ഉത്തരം. നിയോലിബറൽ യുഗത്തിന്റെ മൂന്നര പതിറ്റാണ്ട് കടുത്ത അസമത്വത്തിന്റേതായിരുന്നു. മുകൾത്തട്ടിലുള്ള ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ മാത്രം വളർച്ച ഉറപ്പാക്കിയ കാലം. അസമത്വം രൂക്ഷമാക്കിയ കാലം. ഉത്പാദനക്ഷമത കൂടിയിട്ടും ഉത്പന്നങ്ങളുടെ ഡിമാൻഡ് ഉയർത്താൻ കഴിയാതെ പോയത് അതുകൊണ്ടാണ്. എല്ലാ സമ്പന്ന രാഷ്ട്രങ്ങളും അവരവരുടെ മാളങ്ങളിലേക്ക് വലിയുന്നതും തങ്ങളെ അധികാരകസേരകളിലിരുത്തുന്നവരുടെ പിന്തുണ ഉറപ്പാക്കുന്ന നയങ്ങളിലേക്ക് മാത്രം തിരിയുന്നതും അതുകൊണ്ടാണ് . അപരത്വത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ പടർത്തുന്നത് അതിനായാണ്. ട്രംപ് ചെയ്യുന്നതും അതു മാത്രമാണ്. ഈയൊരർത്ഥത്തിൽ ഇത് ട്രംപിന്റെ മാത്രം പ്രതിസന്ധിയല്ല. അതിന്റെ കാരണങ്ങൾ ട്രംപ് എന്ന വ്യക്തിയുടെ മാനസിക ഭാവങ്ങളിൽ മാത്രം തിരയേണ്ടതുമല്ല. വഴിമുട്ടിനിൽക്കുന്ന ആഗോള മൂലധനത്തിന്റെ യഥാർത്ഥ ഭാവങ്ങളെയാണ് അത് കാട്ടിത്തരുന്നത്.

സുപ്രധാനമായ മറ്റൊരു ഘടകം അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഇന്നത്തെ സ്വഭാവം സംബന്ധിച്ചുള്ളതാണ് . ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും അമേരിക്കൻ ഇറക്കുമതിയുടെ പകുതിയും കമ്പനികൾ തമ്മിലുള്ള വ്യാപാരമാണ്. കേവലം രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണത് . ഒരു രാജ്യത്തെ ഒരു കമ്പനി മറ്റൊരു രാജ്യത്തെ മറ്റൊരു കമ്പനിയുമായി നടത്തുന്ന വ്യാപാരമാണത് . അന്താരാഷ്ട്ര വ്യാപാരത്തിന്റെ നേട്ടം ആർക്ക് പോകുന്നു എന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നം. അന്താരാഷ്ട്ര വ്യാപാരത്തിൽ നിന്ന് അമേരിക്ക മെച്ചമുണ്ടാക്കുന്നു എന്ന് വെച്ചാൽ വാസ്തവത്തിൽ അമേരിക്കയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് മെച്ചമുണ്ടാകുന്നു എന്നു മാത്രമാണ്. അവിടെയുള്ള സാധാരണ തൊഴിലാളികൾക്കല്ല. നാട്ടിലെ ഫാക്ടറികൾ ആകെ അടച്ചുപൂട്ടി ഏഷ്യൻ രാജ്യങ്ങളിലെ സ്വെറ്റ്‌ ഷോപ്പുകൾ തുറന്നതിലൂടെ, സാധാരണ തൊഴിലാളികളുടെ താല്പര്യങ്ങളല്ല , ലാഭവർധന മാത്രമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്ന് എല്ലാ അമേരിക്കൻ കോർപ്പറേറ്റ് ലോകവും ഇതിനകം കാട്ടിത്തന്നതാണ് . അമേരിക്കയിലെ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്നത്തിന്റെ മൂലകാരണമിതാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. അതിനാൽ അമേരിക്കയെ ഒന്നാമതാക്കുക എന്ന ട്രംപിന്റെ മുദ്രാവാക്യം യഥാർത്ഥത്തിൽ അമേരിക്കയിലെ കോർപ്പറേറ്റുകൾക്ക് മാത്രം ഗുണം ചെയ്യുന്ന ഒന്നായി ചുരുങ്ങുന്നു.

ഇതിൽനിന്ന് എങ്ങനെ കുതറി മാറാനാകും എന്ന കാര്യമാണ് ഇന്ത്യയടക്കമുള്ള എല്ലാ വികസ്വര രാജ്യങ്ങളും ചർച്ച ചെയ്യേണ്ടത് . അന്താരാഷ്ട്ര വ്യാപാരക്കരാറുകൾക്ക് അടിപ്പെട്ടുകൊണ്ട് സാധിക്കാവുന്ന ഒന്നല്ല അത്. ആഭ്യന്തര കമ്പോളത്തെ വികസിപ്പിക്കാനുതകുന്ന ശക്തമായ നടപടികൾ കൈക്കൊണ്ടു കഴിയുന്നത്ര സ്വയംപര്യാപ്തത ഉല്പാദനമേഖലയിൽ കരസ്ഥമാക്കിക്കൊണ്ടും മാത്രമേ ഇത് സാധ്യമാകൂ. കോർപ്പറേറ്റുകൾക്ക് പാദസേവ ചെയ്യുന്ന, കോർപ്പറേറ്റ് താല്പര്യങ്ങൾ നയിക്കുന്ന ഭരണകൂടങ്ങൾക്ക് അതിന് കെല്പുണ്ടോ എന്നതാണ് നിയോലിബറൽ ലോകക്രമം അതിന്റെ അന്ത്യനാളുകളിലേക്കടുക്കുന്ന ഈ വേളയിൽ ഉയരുന്ന ഒരു ചോദ്യം. സാമ്രാജ്യത്വത്തെ ചങ്കുറപ്പോടെ നേരിടാൻ പോന്ന ഏതു ഭരണാധികാരിയാണ് ഇന്നുള്ളത് എന്നതാണ് മർമ്മപ്രധാനമായ ചോദ്യം.

അതേസമയം തെക്കൻ രാജ്യങ്ങൾക്കു മുന്നിൽ ട്രംപിന്റെ നടപടികൾ പുതിയ സാധ്യതകൾ തുറന്നിരിക്കുകയാണ് . അമേരിക്കയും അന്താരാഷ്ട്ര ധനമൂലധനവും അവരുടെ താല്പര്യങ്ങൾ പ്രകാരം പിടിച്ചുവെച്ച വ്യാപാര നുകങ്ങളിൽ നിന്നും മോചനംനേടാൻ ഒരു സാധ്യത ട്രംപ് ഭരണകൂടം തന്നെ തുറന്നു തന്നിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിലേറെയായി നിലനിന്നിരുന്ന ഭൗമരാഷ്ട്രീയത്തിന്റെ അലകും പിടിയും പൊളിച്ചെഴുതി തങ്ങൾക്കനുകൂലമാക്കാനുള്ള അവസരം . അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങാതെ ആ പാത തെരഞ്ഞെടുക്കാനുള്ള ആർജ്ജവം ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങൾ കാണിക്കുമോ? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − six =

Most Popular