ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമായി കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ്.
സമ്പൂര്‍ണ സാക്ഷരതയ്‌ക്കൊപ്പം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയും കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി നമ്മള്‍ മാറിയിരിക്കുന്നു. ഈ പ്രഖ്യാപനം നടക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടി നാം ഓര്‍മിപ്പിക്കേണ്ടതുണ്ട്. 1991 ഏപ്രില്‍ മാസത്തിലാണ് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം നടന്നത്. അന്നും കേരളത്തില്‍ അധികാരത്തിലിരുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ തന്നെയായിരുന്നു.
കാലം പുലര്‍ത്തുന്ന ഔചിത്യഭംഗി എന്നാകും ഇതിനെ വിശേഷിപ്പിക്കാനാവുക. എന്നാല്‍ അതിനുമപ്പുറം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയുടെ പ്രതീകമായി വേണം ഈ രണ്ടു നേട്ടങ്ങളെയും കാണാന്‍. ഈ മഹത്തായ നേട്ടത്തിനു പിന്നില്‍ ഒരു മാതൃകയുണ്ട്. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്താണത്.
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പുല്ലമ്പാറ മാറിയത് ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ്. പുല്ലമ്പാറയിലെ ഓരോ വീട്ടിലേക്കും ഇറങ്ങിച്ചെന്ന്, വയോധികര്‍ക്കും വീട്ടമ്മമാര്‍ക്കും സാധാരണക്കാര്‍ക്കും പരിശീലനം നല്‍കാന്‍ സാധിച്ചത് അവിടുത്തെ ജനപ്രതിനിധികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമംകൊണ്ടാണ്.
കമ്പ്യൂട്ടറും മൊബൈലും വേണ്ടത്ര പരിചയിച്ചിട്ടില്ലാത്ത അവിടുത്തെ സാധാരണ ജനങ്ങള്‍, ഇന്ന് സ്വന്തമായി ഓണ്‍ലൈന്‍ വഴി ബില്ലുകള്‍ അടയ്ക്കുന്നു; മറ്റ് ഇ-–സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു; ഒപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നു. പുല്ലമ്പാറ പഞ്ചായത്ത് കാണിച്ചുതന്ന പാതയിലൂടെയാണ് ഇന്ന് കേരളം മുഴുവന്‍ ഈ നേട്ടം കൈവരിച്ചത്.
നമ്മുടെ ദൈനംദിന കാര്യങ്ങള്‍ക്കായി കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാനും ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടാനുമുള്ള കഴിവാണ് ഡിജിറ്റല്‍ സാക്ഷരതയുടെ മാനദണ്ഡമായി കരുതപ്പെടുന്നത്. അതാകട്ടെ ഇപ്പോഴും ലോകത്തു ചെറിയൊരു ശതമാനത്തിനുമാത്രം സാധിക്കുന്ന കാര്യമാണ്. നമ്മുടെ രാജ്യത്ത് 38 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍. ഇത് മനസ്സിലാക്കുമ്പോഴാണ് കേരളം കൈയെത്തിപ്പിടിച്ച നേട്ടത്തിന്റെ വലുപ്പം എത്ര മഹത്തരമാണെന്നു മനസ്സിലാവുക. കേരളം ഇന്ത്യയ്ക്കു മാതൃക കാട്ടുന്നു എന്നു പറയുന്നത്- എത്ര സത്യമാണെന്നു ബോദ്ധ്യമാവുക.
ഈ നേട്ടം കൈവരിക്കുന്നതിനായി ശ്രമകരമായ പ്രവര്‍ത്തനമാണ് കേരളം നടത്തിയത്. 83 ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തി. അതില്‍ 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തി. അവരില്‍ 21,87,667 പഠിതാക്കള്‍ മൂല്യനിര്‍ണ്ണയത്തില്‍ വിജയിച്ച് ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. 90 വയസ്സിനുമുകളില്‍ പ്രായമുള്ള 15,223 പേരും, 76-നും 90-നും ഇടയില്‍ പ്രായമുള്ള 1,35,668 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
2,57,048 വളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വ്വേയും പരിശീലനവും നടത്തിയത്. കോളേജ്, പ്ലസ് ടു വിദ്യാര്‍ഥികള്‍, എന്‍ എസ് എസ്, എന്‍ സി സി, എന്‍ വൈ കെ, സന്നദ്ധസേന വളന്റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, എസ് സി -– എസ് ടി പ്രമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, ലൈബ്രറി കൗണ്‍സില്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ തുടങ്ങി വലിയൊരുവിഭാഗം ജനങ്ങൾ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എല്ലാവരേയും നന്ദി അറിയിക്കട്ടെ.
യുവതലമുറ മൊബൈലും പിടിച്ച് കറങ്ങി നടക്കുന്നവരാണ് എന്നാണല്ലോ ചിലരുടെയൊക്കെ ആക്ഷേപം. കേരളത്തിലെ യുവതീ-യുവാക്കളുടെ പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കില്‍ ഈ നേട്ടം ഒരിക്കലും യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല.
പുല്ലമ്പാറയിലെ മാത്രമല്ല, കേരളത്തിലെ ആകെത്തന്നെ യുവജനങ്ങളുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഈ പദ്ധതിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്വന്തം വീടുകളിലും അയല്‍പക്കങ്ങളിലും സാങ്കേതികവിദ്യയില്‍ പിന്നോട്ടുനില്‍ക്കുന്നവരെ കണ്ടുപിടിച്ചു കൈപിടിച്ച് മുന്നോട്ടുകൊണ്ടുവരാന്‍ അവര്‍ സമയം കണ്ടെത്തി. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ സമൂഹത്തിനായി അവര്‍ ചെയ്ത ഈ സേവനം തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു. കേരളത്തിന്റെ യുവശക്തിയുടെ സാമൂഹ്യ കാഴ്ചപ്പാടിന്റെ ഉത്തമ ഉദാഹരണമാണിത്.
ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. എന്തെങ്കിലും പരിമിതികളുടെ പേരില്‍ ഏതെങ്കിലും ഒരു പ്രദേശമോ വിഭാഗമോ അതില്‍ ഉള്‍പ്പെടാതെ പോകരുത് എന്ന കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. ഈ പദ്ധതിയിലും ഇതേ കാഴ്ചപ്പാട് തന്നെയായിരുന്നു സര്‍ക്കാര്‍ പുലര്‍ത്തിയത്. അതുകൊണ്ടാണ് ഇടമലക്കുടി, അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ആദിവാസി മേഖലകളിലും ഈ പദ്ധതി മികച്ച വിജയം നേടിയത്.
ഈ നേട്ടം വെറുമൊരു തുടക്കം മാത്രമാണ്. ഇതിവിടംകൊണ്ട് അവസാനിപ്പിക്കുകയല്ല, മറിച്ച് ഇവിടെ നിന്നും ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് നമ്മള്‍ കടക്കുകയാണ്. അതിന്റെ ഭാഗമായി എല്ലാവരുടെയും അവകാശരേഖകളും പ്രധാന സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കറുമായി ബന്ധിപ്പിക്കും. സര്‍ക്കാര്‍ പിന്തുണയോടെ ഇത്തരത്തില്‍ ഒരു സംവിധാനം സാര്‍വത്രികമായി ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായും കേരളം മാറാന്‍ പോവുകയാണ്.
ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍ക്ക് സൈബര്‍ ക്രൈമുകള്‍, സോഷ്യല്‍ മീഡിയ ദുരുപയോഗം എന്നിവ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള പരിശീലനവും നല്‍കുകയാണ്. അങ്ങനെ ഡിജിറ്റല്‍ സാക്ഷരത എന്ന സങ്കല്പനത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള തുടര്‍ച്ച ഉറപ്പാക്കുകയാണ് നാം.
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിക്കുക മാത്രമല്ല, അത് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക കൂടിയാണ് കേരളം ചെയ്യുന്നത്. കെ-–ഫോണ്‍ പദ്ധതിയെ ഈ കാഴ്ചപ്പാടില്‍ വേണം മനസ്സിലാക്കാന്‍. ഇതിനോടകം ഒന്നേകാല്‍ ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ അതിലൂടെ നല്‍കിയിട്ടുണ്ട്. അതിനുപുറമേ പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും സ്ഥാപിച്ചു. അങ്ങനെയെല്ലാം കേരളത്തില്‍ ഗ്രാമ-–നഗര വ്യത്യാസമില്ലാതെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എത്തിച്ചുകൊണ്ട് രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ് നമ്മള്‍.
ഡിജിറ്റല്‍ സാക്ഷരത യാഥാര്‍ത്ഥ്യമാക്കി. ഒപ്പം ഇന്റര്‍നെറ്റ് കണക്ഷനുകളും ലഭ്യമാക്കി. അപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ സേവനങ്ങളും സ്മാര്‍ട്ട് ആകണമല്ലോ. അതിനുള്ള നടപടികള്‍ വളരെ നേരത്തെതന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. നിലവില്‍ തൊള്ളായിരത്തോളം സേവനങ്ങളാണ് ഓണ്‍ലൈനായി ജനങ്ങള്‍ക്കു ലഭ്യമാക്കുന്നത്. ഇതിനുപുറമേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ കെ-–സ്മാര്‍ട്ട് വഴിയും ലഭ്യമാണ്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഒരാള്‍ക്കും ഇന്ന് ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിവരുന്നില്ല. വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് സേവനങ്ങള്‍, ജനന –- മരണ സര്‍ട്ടിഫിക്കറ്റുകള്‍, പൊലീസില്‍ പരാതി നല്‍കല്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇന്ന് ഭൂരിഭാഗം പേരും ഓണ്‍ലൈനായി തന്നെയാണ് നിര്‍വ്വഹിച്ചുവരുന്നത്.
പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ ചില സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അത്തരത്തില്‍ നൂതന സമൂഹത്തില്‍ രൂപപ്പെട്ടുവന്ന ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ സമസ്ത മേഖലകളിലും കാര്യക്ഷമമായി ഇടപെടുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ പുരോഗതിയില്‍ വഴിത്തിരിവു സൃഷ്ടിച്ച മഹത്തരമായ നേട്ടങ്ങളെല്ലാം സൃഷ്ടിച്ചത് ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണമാണ് എന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.
1991 ല്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായും ഇന്നിപ്പോള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമായുമുള്ള കേരളത്തിന്റെ വളര്‍ച്ച ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാരുകളുടെ ജനപക്ഷ വികസന കാഴ്ചപ്പാടിന്റെ ഉല്‍പ്പന്നമാണെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലൊ. ജനകീയ പിന്തുണയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഇത്തരം നേട്ടങ്ങളിലേക്ക് നാം എത്തിയത്. l



