Monday, December 15, 2025

ad

Homeനിരീക്ഷണംരക്തസാക്ഷികളെയും 
ചരിത്രത്തെയും 
അപമാനിച്ച് മോദി

രക്തസാക്ഷികളെയും 
ചരിത്രത്തെയും 
അപമാനിച്ച് മോദി

കെ ടി കുഞ്ഞിക്കണ്ണൻ

79–ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആർഎസ്എസ് സ്തുതി ഇന്ത്യയുടെ ത്യാഗപൂർണമായ സ്വാതന്ത്ര്യസമര ചരിത്രത്തെയും രക്തസാക്ഷികളെയും അപമാനിക്കലായിരുന്നു. സ്വാതന്ത്ര്യപ്രക്ഷോഭത്തെ ഒറ്റുകൊടുത്ത ആർഎസ്എസിനെ പ്രശംസിച്ച പ്രധാനമന്ത്രി താൻ ചെങ്കോട്ടയിൽ ഉയർത്തിയ ത്രിവർണപതാക പോലും ദേശീയ പതാകയായി അംഗീകരിക്കാൻ വിസമ്മതിച്ചവരാണ് ആർഎസ്എസും ഹിന്ദുമഹാസഭയുമെന്ന കാര്യം സൗകര്യപൂർവ്വം ഓർക്കാതിരുന്നതാവും. ഇന്ത്യയെന്ന ആശയത്തെയും ഒരാധുനിക രാഷ്ട്രമെന്ന നിലയ്ക്കുള്ള അതിന്റെ നിർമ്മിതിയെയും ഒരുകാലത്തും അംഗീകരിക്കാത്തവരാണ് ആർഎസ്എസുകാർ. നൂറുകണക്കിന് നാട്ടുരാജ്യങ്ങളും അനവധി ഭാഷാ സമൂഹങ്ങളും മത–ജാതി വിഭാഗങ്ങളുമായി ഭിന്നിച്ചുകിടന്ന ഒരു രാജ്യത്തെ ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഏകോപിപ്പിച്ചത് നൂറ്റാണ്ടുകൾ നീണ്ടുനിന്ന സാമ്രാജ്യത്വവിരുദ്ധ സമരമാണെന്ന കാര്യം ആർഎസ്എസ് പ്രചാരകായിരുന്ന പ്രധാനമന്ത്രി മോദി ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

കാരണം മറ്റൊന്നുമല്ല, ബ്രിട്ടീഷ്-വിരുദ്ധ സമരത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലാത്തവരാണ് ആർഎസ്എസുകാരും ഹിന്ദുമഹാസഭക്കാരും. മാത്രമല്ല ഹിന്ദുത്വത്തിന്റെ ആചാര്യനായ സവർക്കർ ആദ്യകാലത്ത് (ആ ദേശീയവാദ നിലപാടുകൾ മറാത്തി പേഷ്വ ഭരണത്തിന്റെ പുനഃസ്ഥാപനമാഗ്രഹിച്ചുകൊണ്ടുള്ള ചിത്പവൻ ബ്രാഹ്മണ്യ മേധാവിത്വബോധത്തിൽനിന്നുള്ളതായിരുന്നു) നടത്തിയ ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോൾ മാപ്പെഴുതി ബ്രിട്ടീഷുകാരെ സേവിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്ത് രക്ഷപ്പെട്ടയാളാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരുണയിൽ ആന്തമാൻ ജയിലിൽ നിന്നും രത്‌നഗിരിയിലെത്തിയ സവർക്കർ സ്വാതന്ത്ര്യസമരത്തിനെതിരായി പ്രവർത്തിക്കുന്നതിന് അന്നത്തെ രത്‌നഗിരി കലക്ടറിൽ നിന്നും അലവൻസും പറ്റിയിരുന്നു. എന്നുവെച്ചാൽ ബ്രിട്ടീഷുകാരിൽ നിന്ന് ഒറ്റുകാശു വാങ്ങി ദേശീയപ്രസ്ഥാനത്തെ വഞ്ചിച്ചവരാണ് സവർക്കറും ഹിന്ദുത്വവാദികളും എന്നതാണ് ചരിത്രം.

ഇന്ത്യൻ ദേശീയപ്രസ്ഥാനം ബ്രിട്ടീഷ്ഭരണത്തിനെതിരെ ആഞ്ഞടിച്ചിരുന്ന ഒരു സന്ദർഭത്തിലും അതിനോടൊപ്പം നിൽക്കാൻ തയ്യാറാകാതിരുന്ന ഇന്ത്യയിലെ ഒരേയൊരു സംഘടനയാണ് ആർഎസ്എസ് എന്നോർക്കണം. ബ്രിട്ടീഷ് പാദസേവയല്ലാതെ മറ്റൊരു ചരിത്രം ആർഎസ്എസിനില്ല. 1925 മുതൽ 1947 വരെയുള്ള ആർഎസ്എസിന്റെ ചരിത്രത്തിൽ, ബ്രിട്ടീഷ് വിരുദ്ധമായ ഏതെങ്കിലുമൊരു സമരത്തിൽ അവർ പങ്കെടുത്തതായി ആർക്കും ചൂണ്ടിക്കാട്ടാനാവില്ല. നിസ്സഹകരണ ഖിലാഫത്ത് സമരവും ക്വിറ്റ് ഇന്ത്യസമരവുമെല്ലാം യുവതലമുറയെ അരാജകവാദികളും കുരുത്തംകെട്ടവരുമാക്കുന്നുവെന്ന് ആക്ഷേപിച്ച ഗോൾവാൾക്കറാണ് ആർഎസ്എസുകാരുടെ ഗുരുജിയെന്ന് ഓർക്കണം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്നുപോലും ബ്രിട്ടീഷ് പാദസേവയുടെ ഉന്മാദം പിടിപെട്ട ഗോൾവാൾക്കറെ പോലുള്ള സർസംഘ്ചാലകുമാർക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല.

ദേശ്‌രാജ്‌ ഗോയൽ എഴുതിയിട്ടുള്ള രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന പുസ്തകത്തിൽ ആർഎസ്എസിന്റെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോടും 1947-ലെ അധികാര കൈമാറ്റത്തോടുമുള്ള സമീപനമെന്തായിരുന്നുവെന്ന് വിശദീകരിക്കുന്നുണ്ട്. 1947 ആഗസ്റ്റ് ആദ്യം പഞ്ചാബിലെ ഫഗ്‌വാരയിൽ നടന്ന ഒ.ടി.സി ക്യാമ്പിൽ ദേശ്‌രാജ് ഗോയലും പങ്കെടുത്തിരുന്നു. അദ്ദേഹം തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; ‘‘ക്യാമ്പിൽ പങ്കെടുത്ത ഒരാൾ ചോദിച്ചു, ബ്രിട്ടീഷുകാർ ഇന്ത്യ വിടുകയാണ് ഇനി ആർഎസ്എസിന്റെ പങ്ക് എന്തായിരിക്കും? ആ ചോദ്യം കേട്ട് ആർഎസ്എസ് തലവൻ ഗോൾവാൾക്കർ പൊട്ടിച്ചിരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ മറുചോദ്യം. അധികാരം കയ്യാളാൻ കച്ചകെട്ടി നിൽക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണ്. ഒരു മാസം പോലും ഭരണം നടത്താൻ അവർക്കാവില്ല. അവർ ത
ന്നെ ബ്രിട്ടീഷുകാരോട് തിരിച്ചുവരാൻ കേണപേക്ഷിക്കും. അപ്പോൾ ആർഎസ്എസിന് അതിന്റെ പഴയപണി തുടരേണ്ടിവരും.” എന്താണ് ഈ പഴയപണി?അത് മറ്റൊന്നുമല്ല. വർഗീയവി
ദേ-്വഷം പടർത്തി ജനങ്ങൾക്കിടയിലെ ഐക്യം തകർക്കുക എന്നതുതന്നെ.

ബ്രിട്ടീഷുകാരെ എതിർക്കുക എന്നത് ഒരു പിന്തിരിപ്പൻ നയമായിട്ടാണ് ഹെഡ്‌ഗേവാർ മുതൽ ഗോൾവാൾക്കർ വരെയുള്ള ആർഎസ്എസ് നേതാക്കൾ കണ്ടത്. വളരെ വിചിത്രവും ദേശദ്രോഹപരവുമായ നിലപാടാണ് അവരുടേതന്ന് ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആർക്കും അന്നേ സംശയമുണ്ടായിരുന്നില്ല. ഹിന്ദുമഹാസഭയെയും മുസ്ലീംലീഗിനെയും ഗോപാലകൃഷ്ണ ഗോഖലെയെപോലുള്ള കോൺഗ്രസ് നേതാക്കൾ വെറും വർഗീയസംഘടനകൾ മാത്രമായിട്ടല്ല ദേശദ്രോഹസംഘടനകൾകൂടിയായിട്ടാണ് വിലയിരുത്തിയിട്ടുള്ളത്. ഇരു മതരാഷ്ട്രവാദങ്ങളും സാമ്രാജ്യത്വസൃഷ്ടിയാണെന്നും ദേശീയസ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ഐക്യത്തെയും സമരങ്ങളെയും ഭിന്നിപ്പിച്ച് തകർക്കാനാണ് ഈ ഛിദ്രശക്തികളെ സാമ്രാജ്യത്വം ഇളക്കിവിട്ടിരിക്കുന്നതെന്നും ഗോഖലെ വിശദീകരിച്ചിട്ടുണ്ട്. ഭൂപരമായ ദേശീയതയുടെയും പൊതുവിപത്തിന്റെയും (ബ്രിട്ടീഷ് വിരുദ്ധം) തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ദേശീയതയുടെ അസ്ഥിത്വം എന്നതിനാൽ യഥാർത്ഥ ഹിന്ദുദേശീയതയുടെ ആവേശം നഷ്ടപ്പെട്ടുപോകുകയാണെന്നാണല്ലോ ഗോൾവാൾക്കർ വ്യാകുലപ്പെടുന്നത്. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കെതിരായ പ്രതിഷേധവും പ്രക്ഷോഭവും ദേശാഭിമാനത്തിന്റെയും ദേശീയതയുടെയും പര്യായമായി മാറുന്നതിനെയാണ് ഗോൾവാൾക്കർ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയ ഒരു ഏജന്റിനെപ്പോലെ, ആക്ഷേപിക്കുന്നത്.

ബ്രിട്ടീഷ്-വിരുദ്ധ ദേശീയതയിൽനിന്നും ഇന്ത്യക്കാരെ രക്ഷിക്കാനാണല്ലോ ആർഎസ്എസ് രൂപീകരിച്ചതുതന്നെ. ബ്രിട്ടനുപകരം മുസ്ലീങ്ങളെ ഹിന്ദുക്കളുടെ മുഖ്യശത്രുക്കളായി പ്രഖ്യാപിക്കുകയും മുസ്ലീങ്ങളെ പ്രതിരോധിക്കാനുള്ള കലാപങ്ങൾ സംഘടിപ്പിക്കുകയുമായിരുന്നു ആർഎസ്എസിന്റെ പരിപാടി. 1923-ലെ നാഗ് പ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് പിറന്നുവീണത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കലാപങ്ങൾ മുസ്ലീംവിരുദ്ധമായ ഹിന്ദുദേശീയത രൂപപ്പെടുത്താനായി ആർഎസ്എസ് അതിന്റെ ശൈശവദശയിൽ തന്നെ നടത്തിയിട്ടുണ്ട്. ഹിന്ദുസമുദായ ബോധം വളർത്തി മുസ്ലീംവിരുദ്ധമായ ദേശീയബോധം വികസിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിച്ചിട്ടുള്ളത്. സാമ്രാജ്യത്വവിരുദ്ധ ദേശീയബോധമല്ല മുസ്ലീംവിരുദ്ധ വംശീയതാണ് ആർഎസ്എസിന്റെ ദേശീയതയെന്നത്. 1927 സെപ്തംബറിലെ നാഗ്പ്പൂർ കലാപം ഈ ദിശയിൽ ആർഎസ്എസ് നടത്തിയ ഒരു പരീക്ഷണമാണ്. കേഡർമാരെ പരിശീലിപ്പിക്കാനും അവരെ ലാത്തിയും വാളും കുന്തവുമെല്ലാം ഉപയോഗിക്കുന്നവരാക്കി വളർത്താനും അതുവഴി ഹിന്ദുരാഷ്ട്രനിർമിതിക്കായുള്ള ഒരു സേനാദളമായി ആർഎസ്എസിനെ മാറ്റാനുമുള്ള ആത്മവിശ്വാസമാണ് നാഗ്പ്പൂർ കലാപം അവർക്ക് നൽകിയത്. കലാപങ്ങളിലൂടെയാണ് ആർഎസ്എസ് ഇന്ത്യയിൽ വളർന്നിട്ടുള്ളത് എന്നതാണ് ചരിത്രം.

ബ്രിട്ടീഷ് അനുകൂലമായ ആർഎസ്എസ് നീക്കങ്ങൾക്ക് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പിന്റെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം സുരക്ഷിതമായി തുടരാൻ ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സഹായകരമായിരിക്കുമെന്നാണ് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് വിഭാഗം കണക്കാക്കിയത്. ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഡിപ്പാർട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥനായ ഇ ജെ ബവറിജ് 1942-ൽ ആർഎസ്എസിനെ കുറിച്ച് നടത്തിയിട്ടുള്ള നിരീക്ഷണം അവരുടെ കൊളോണിയൽ ദാസ്യം കൃത്യമായി വ്യക്തമാക്കുന്നതാണ്. ബവറിജ് നിരീക്ഷിക്കുന്നത് ഹിന്ദുമഹാസഭയും ആർഎസ്എസും ഒന്നിച്ചു നിൽക്കുന്നിടത്തോളം ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ചയ്-ക്ക് ഒരാപത്തും ഉണ്ടാകില്ലെന്നാണ്. ബ്രിട്ടീഷ് വിരുദ്ധമായ ഒരു പ്രവർത്തനത്തിലും ഏർപ്പെടുന്നതിന് ആർഎസ്എസിന് താല്പര്യമില്ലെന്നും തങ്ങളുടെ രാഷ്ട്രീയമരണത്തിനിടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പോകുകയാണെന്ന് ഭയപ്പെടുമ്പോൾ മാത്രമേ ആർഎസ്എസ് ബ്രിട്ടീഷുകാർക്കെതിരായ പ്രവർത്തനങ്ങളിൽ ഇടപെടുകയുള്ളൂ എന്നുമാണ് ബവറിജ് വിശ്വാസം പ്രകടിപ്പിക്കുന്നത്.

ബ്രിട്ടീഷുകാരെ സഹായിച്ചുകൊണ്ടുതന്നെ തങ്ങളുടെ ക്രമപ്രവൃദ്ധമായ വളർച്ചയ്ക്കുള്ള തയ്യാറെടുപ്പുകളാണ് ആർഎസ്എസ് നടത്തുന്നതെന്നാണ് ബവറിജ് നിരീക്ഷിച്ചത്. ഒരു നിയമവും ലംഘിക്കരുതെന്നും അധികൃതരുമായി ഏറ്റുമുട്ടരുതെന്നും ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ടെന്നും ഈ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. പക്ഷേ ഇതിന് രണ്ട് അപവാദങ്ങൾ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ഒന്ന്, അമിതമായ സാമുദായിക സങ്കുചിതത്വം മൂലം ആർഎസ്എസ് വർഗീയ ലഹളകളിലും മറ്റ് പ്രവർത്തനങ്ങളിലും എടുത്തുചാടുന്നു. രണ്ട്, യൂണിഫോം ധരിക്കുകയും പരേഡ് സംഘടിപ്പിക്കുകയും ചെയ്യുന്നതിന് 1940-ൽ ഏർപ്പെടുത്തിയ നിരോധനത്തിൽ ആർഎസ്എസിന് പ്രതിഷേധം ഉണ്ടായിരുന്നു. പക്ഷേ ബ്രിട്ടീഷുകാരുടെ നിരോധന ഉത്തരവുകൾ ആർഎസ്എസ് പാലിച്ചിരുന്നുവെന്നും അവരുടെ ഇക്കാര്യത്തിലുള്ള സന്നദ്ധത നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും ബവറിജ് പറയുന്നുണ്ട്. അതായത് ബ്രിട്ടീഷ് ഏജൻസിപണി വളരെ വിശ്വസ്തതയോടെയും വിധേയത്വത്തോടെയും ചെയ്തുവന്നവരാണ് ആർഎസ്എസുകാർ! സായിപ്പിന്റെ മുമ്പിൽ കവാത്ത് മറന്ന ഈ കുറുവടി സംഘമാണ് ഇന്ന് രാജ്യമാകെ ന്യൂനപക്ഷങ്ങളെയും ദളിതരെയും ഗോത്രജനതയെയും ഭിന്നാഭിപ്രായമുള്ളവരെയും ആക്രമിച്ചും കൊലചെയ്തും ഭീതിപടർത്തുന്നത് എന്നോർക്കണം.

ഗാന്ധിജിയോടും കോൺഗ്രസിനോടുമുള്ള ആർഎസ്എസിന്റെ എതിർപ്പ് തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായ മുസ്ലീങ്ങളെ മാറോടണയ്-ക്കുകയും അങ്ങനെ തങ്ങളുടെ നിലനില്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. ഹിന്ദുരാഷ്ട്രത്തിന്റെ പരിപാവനത്വവും ശുദ്ധിയും ചാതുർവർണ്യത്തിലാണെന്ന് ഒരുമടിയുമില്ലാതെ പ്രഖ്യാപിച്ച ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം ഫ്യൂഡൽ പുരുഷാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായ സവർണജാതീയതയുടെയും കൊളോണിയലിസത്തിന്റെയും അടിത്തറയിലാണ് രൂപപ്പെട്ടത്. 1931-ൽ കറാച്ചി പ്രമേയത്തിലൂടെ കോൺഗ്രസ് മുന്നോട്ടുവെച്ച മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന പരികല്പനയ്-ക്ക് വിരുദ്ധമായ മതരാഷ്ട്രസങ്കൽപമാണ് ആർഎസ്എസ് ഗോൾവാൾക്കറിസത്തിലൂടെ പ്രചരിപ്പിച്ചത്.

1940-ൽ ആർഎസ്എസിന് പരിശീലനം സിദ്ധിച്ച ഒരു ലക്ഷം വളന്റിയർമാർ ഉണ്ടെന്നാണ് അവർ തന്നെ പറഞ്ഞിട്ടുള്ളത്. ഈ ഒരു ലക്ഷം വളന്റിയർമാർ 1940-കളിലെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ കാലത്ത് എന്താണ് ചെയ്തതെന്ന ചോദ്യം പ്രസക്തമല്ലേ? അതിന് ഉത്തരം തേടുമ്പോഴാണ് ആർഎസ്എസിന്റെ കടുത്ത ദേശീയവഞ്ചനയും രാജ്യദ്രോഹവും കൃത്യമായി മനസ്സിലാക്കാനാവുക. ഗാന്ധിജിയുടെ നേതൃത്വത്തിൽ ത്യാഗിവര്യരായ സ്വാതന്ത്ര്യസമര പോരാളികൾ തടവറകൾക്കകത്തും പുറത്തും ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാമുപേക്ഷിച്ച് പോരാടുകയായിരുന്നു. അക്കാലത്ത് ഏകദേശം ഇരുപതിനായിരത്തിലധികം സ്വാതന്ത്ര്യസമരസേനാനികൾ ബ്രിട്ടീഷ് തടവറയിലായിരുന്നു. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ ഒരുലക്ഷം അംഗബലമുണ്ടായിരുന്ന ആർഎസ്എസ്- പ്രവർത്തകരിൽനിന്ന് ഒരാൾപോലും ഇക്കൂട്ടത്തിലുണ്ടായിരുന്നില്ല. സമരമുഖത്തെയും ജയിലറകളിലെയും ആർഎസ്എസിന്റെ അസാന്നിധ്യം അവരുടെ ഭീരുത്വം മാത്രമല്ല ദേശദ്രോഹ രാഷ്ട്രീയ ചരിത്രംകൂടിയാണ് വെളിവാക്കുന്നത്. ഹെഡ്‌ഗേവാർ മുതൽ ഗോൾവാൾക്കർ വരെയുള്ള ആർഎസ്എസുകാരുടെ രാജ്യസ്‌നേഹമെന്നത് മുസ്ലീം –ക്രിസ്ത്യൻ വിരോധവും കമ്യൂണിസ്റ്റുവിരോധവും കൂടിചേർന്ന ബ്രിട്ടീഷ് പാദസേവയായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തെത്തുടർന്ന് രാജ്യമാസകലം ദേശീയവാദികൾ വേട്ടയാടപ്പെട്ടു. 1942-ൽ ഔദ്യോഗിക കണക്കുപ്രകാരം പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിവെപ്പിൽ മാത്രം 1060 പേരാണ് കൊല്ലപ്പെട്ടത്. സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബിജെപി നേതാവ് ഇന്ത്യയുടെ മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയ് ഉൾപ്പെടെയുള്ളവർ ക്വിറ്റ് ഇന്ത്യ സമരകാലത്ത് മാപ്പെഴുതികൊടുത്ത് ബ്രിട്ടീഷുകാർക്ക് കീഴടങ്ങുകയായിരുന്നല്ലോ. ഗാന്ധിജിയുടെ ആഹ്വാനം കേട്ട് ഔദ്യോഗിക പദവികളും ബിരുദങ്ങളും വരെ വലിച്ചെറിഞ്ഞ് രണ്ടും കൽപ്പിച്ചുള്ള ഒരു സമരത്തിൽ ദേശീയവാദികളാകെ അണിനിരന്നപ്പോൾ ഹിന്ദുമഹാസഭക്കാരായ ശ്യാമപ്രസാദ് മുഖർജിയേപ്പോലുള്ളവർ നിയമസഭകളിലും ഔദ്യോഗിക പദവികളിലും അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ജനസംഘത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത ഈ ശ്യാമപ്രസാദ് മുഖർജിയെപ്പോലുള്ളവരാണല്ലോ ബിജെപിയുടെ ആദർശപുരുഷന്മാർ. അത്തരക്കാരെയാണല്ലോ മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രശംസിച്ചത്.

കോൺഗ്രസുകാരെല്ലാം ജയിലിലേക്ക് പോയപ്പോൾ ആ തക്കത്തിന് ബ്രിട്ടീഷ് സൗജന്യങ്ങളും അധികാരത്തിന്റെ പങ്കും അനുഭവിക്കാനാണ് ഹിന്ദുമഹാസഭയും ഗോൾവാൾക്കറുടെ ആർഎസ്എസും തീരുമാനിച്ചത്. അതെ, ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഇ ജെ ബവ്‌റിജ് നിരീക്ഷിച്ചതുപോലെ ‘സംഘത്തിന് നിയമത്തിന്റെ നല്ലവശം നോക്കി നിൽക്കാനും അധികാരികളുമായി തെറ്റാതെ സൂക്ഷിക്കാനും പൊതുവായ ധാരണയുണ്ട്’. ആർഎസ്എസിന്റെ ദേശാഭിമാനം ബ്രിട്ടീഷുകാർക്കുമുന്നിൽ കുമ്പിടുന്നതായിരുന്നു. ബ്രിട്ടീഷ് സേവയായിരുന്നു അവരുടെ രാഷ്ട്രസേവനമെന്നത്.

രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടീഷുകാർക്കെതിരെ രാജ്യമാകെ തിളച്ചുമറിയുകയായിരുന്നു. 1945-ൽ ഐഎൻഎ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിലും 1946-ലെ റോയൽനേവി കലാപത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള ദേശീയ മുന്നേറ്റങ്ങളിലുമൊന്നും ആർഎസ്എസ് ഉണ്ടായിരുന്നില്ല. 1947 വരെ ഗോൾവാൾക്കറും ആർഎസ്-എസും വിശ്വസിച്ചിരുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടില്ല എന്നുതന്നെയായിരുന്നു. ഹിന്ദുരാഷ്ട്രവാദത്തിന്റെ മൗഢ്യങ്ങളിൽ കിടന്ന് ദേശീയപ്രസ്ഥാനത്തെ അവഗണിച്ച പാരമ്പര്യമാണ് ആർഎസ്എസിനുള്ളത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ മുസ്ലീം വാഴ്ച പുനഃസ്ഥാപിക്കുന്നതിന് ഇടയാകുമെന്നാണ് ആർഎസ്എസ് സ്വന്തം അണികൾക്കിടയിൽ സ്ഥിരമായി പ്രചരണം നടത്തിയത്. ഒരു കാലത്തും, ദേശീയപ്രസ്ഥാനത്തിന്റെ ഒരു ചരിത്രസന്ധിയിലും ബ്രിട്ടീഷ്-വിരുദ്ധ നിലപാടെടുത്ത ഒരുനുഭവംപോലും ആർഎസ്എസിനില്ല. എല്ലാ കാലത്തും അത് സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കുകയും, ബ്രിട്ടീഷ് മഹാറാണിയുടെ ഭരണത്തെ ഇന്ത്യയിൽ ശാശ്വതീകരിച്ച് നിർത്താനായി വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും തകർക്കാനുമായി പണിയെടുക്കുകയുമായിരുന്നു. ഇന്നിപ്പോൾ ഗാന്ധിജിക്കു മുകളിൽ സവർക്കറെ പ്രതിഷ്ഠിക്കുന്ന മോദി സർക്കാരിന്റെ മന്ത്രാലയങ്ങൾ സവർക്കറെ ദേശീയവാദിയും രാഷ്ട്രപിതാവുമാക്കാനുള്ള പ്രതീതി നിർമാണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

1911-ൽ ജീവപര്യന്തം തടവിന് ആന്തമാൻ ജയിലിലേക്ക് വിധിക്കപ്പെട്ട സവർക്കർ അവിടെയെത്തിയതുമുതൽ ബ്രിട്ടീഷ് അധികൃതർക്ക് മാപ്പപേക്ഷകൾ അയച്ച് അപമാനകരമായ സാമ്രാജ്യത്വവിധേയത്വത്തിന്റെ ചരിത്രം സൃഷ്ടിച്ച വർഗീയവാദിയാണ്. 1911 മുതൽ 1917 വരെ തുടർച്ചയായി ബ്രിട്ടീഷ് അധികൃതർക്ക് സവർക്കറെഴുതിയ തന്റെ മോചനത്തിനുവേണ്ടിയുള്ള മാപ്പപേക്ഷകളെല്ലാം നാണംകെട്ട വിധേയത്വത്തിന്റെ ചരിത്രരേഖകളാണ്. സാമ്രാജ്യത്വവിരുദ്ധ സമരപാതയിൽനിന്ന് പിന്മാറുന്നുവെന്നും ബ്രിട്ടീഷ് ഭരണത്തെ സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തുന്നുവെന്നും ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ എക്കാലത്തും തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് മാപ്പെഴുതിയ ആളെയാണ് ഗാന്ധിജിക്കുമുകളിൽ പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിന പോസ്റ്റർ ഇറക്കിയത്. ദേശീയവഞ്ചകനെ ദേശീയവാദിയാക്കുന്ന സത്യാനന്തരകാല ലീലകളാണ് ഇതെല്ലാം! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular