സാമൂഹ്യ-ക്ഷേമകാര്യ സൂചികകളിൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി സാമ്പത്തികവളർച്ചയുടെ കാര്യത്തിലും നമ്മൾ മുന്നിലാണ്. കേരളത്തിലെ പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയേക്കാൾ 50–-60 ശതമാനം ഉയർന്നതാണ്. ഇതെല്ലാംമൂലം നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാർക്ക് മറ്റു സംസ്ഥാനങ്ങളിലുള്ളവരേക്കാൾ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താൻ നമുക്ക് കഴിയുന്നുണ്ട്.
എന്നാൽ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്‌മ നമുക്കുമുൻപിൽ വെല്ലുവിളിയായി തുടരുന്നു. ധാരാളം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ, അവ അഭ്യസ്തവിദ്യരുടെ അഭിരുചിക്കും പ്രതീക്ഷകൾക്കും അനുസൃതമായിട്ടുള്ളവയല്ല. അതുകൊണ്ട് 30-–40 ലക്ഷം അതിഥിത്തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യേണ്ടിവരുന്നു. അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിലുകൾ എങ്ങനെ കേരളത്തിൽത്തന്നെ സൃഷ്ടിക്കാം എന്നതാണ് ഇന്നത്തെ വികസന വെല്ലുവിളി.
ഇതിനുള്ള ഉത്തരമായിട്ടാണ് വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനം കേരളത്തിന്റെ അടുത്ത വികസനഘട്ടമായി നമ്മൾ തീരുമാനിച്ചിട്ടുള്ളത്. നല്ല വരുമാനമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാനത്തിന്റെയും നൈപുണിയുടെയും അടിസ്ഥാനത്തിലുള്ള ആധുനിക നൂതന വ്യവസായങ്ങൾ കേരളത്തിൽ വേണം. നിലവിലുള്ള കൃഷി, വ്യവസായം,- സേവനം എന്നിവയുടെ സാങ്കേതികാടിത്തറയും സമൂലമായി നവീകരിക്കണം. ഈ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ഭൂതകാല ക്ഷേമനേട്ടങ്ങൾ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും കൂടി വേണം.
ഇത്തരമൊരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള പുതുവഴികളിൽ പ്രധാനപ്പെട്ടവ ഇവയാണ്:
ബജറ്റിനുപുറത്ത് വിഭവ സമാഹരണം നടത്തി പശ്ചാത്തല പിന്നാക്കാവസ്ഥ അതിവേഗത്തിൽ മറികടക്കുകയാണ് ഇവയിൽ പ്രധാനം. കിഫ്‌ബി അതിവേഗത്തിൽ റോഡുകളും പാലങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം പോലുള്ള വൻകിട പ്രൊജക്ടുകളും വ്യവസായ ഇടനാഴികളും കേരളത്തിന്റെ മുഖച്ഛായ മാറ്റും.
കേരളത്തെ നിക്ഷേപസൗഹൃദമാക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ ഏറ്റവും പിന്നണിയിൽ നിന്നിരുന്ന കേരളം അതിവേഗത്തിൽ മുന്നിലേക്ക് വന്നിരിക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ കാണിക്കുന്നത്. സംരംഭക വർഷത്തിൽ ആരംഭിച്ച ചെറുകിട വ്യവസായങ്ങളുടെ എണ്ണം സർവ്വകാല റെക്കോർഡ് ആണ്. നിക്ഷേപക സംഗമത്തോടും ആവേശകരമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.
കേരള വികസനത്തിന്റെ ഒന്നാമത്തെ ഘട്ടത്തിൽ സ്കൂൾ വിദ്യാഭ്യാസ വ്യാപനം ആയിരുന്നു മുഖ്യ ചാലകശക്തി. പുതിയകാലത്ത് ഈ ധർമ്മം നിർവഹിക്കേണ്ടത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയാണ്. നൂതന വിജ്ഞാനം ഉൽപ്പാദിപ്പിക്കുക മാത്രമല്ല അവ ഉൽപ്പന്നങ്ങളായി മാറ്റുന്നതിനാവശ്യമായ ആവാസവ്യവസ്ഥയും ഉന്നത വിദ്യാഭ്യാസത്തിലുണ്ടാവണം. നൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾക്കാവശ്യമായ നൈപുണിയും വിദ്യാർഥികൾ ആർജിക്കണം. ഇതെല്ലം ലക്ഷ്യമിട്ടുകൊണ്ടുള്ള സമൂലമായ പുനഃസംഘടന ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
മേൽപ്പറഞ്ഞ പരിവർത്തനങ്ങൾ പൂർത്തിയാവാൻ ഏതാനും വർഷങ്ങൾ കൂടിയെടുക്കും. അതിനിടയിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികളെയും, പഠനം പൂർത്തിയാക്കിയവരെയും നൈപുണി പരിശീലനം നൽകി സംസ്ഥാനത്തിനുള്ളിലും പുറത്തുമുള്ള ജോലികൾക്ക് പ്രാപ്തരാക്കി തൊഴിലില്ലായ്മയ്ക്ക് ആശ്വാസം നല്‍കാൻ കഴിയണം.
ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് കേരള സർക്കാർ കെ–ഡിസ്‌ക്കും കേരള നോളഡ്ജ് എക്കോണമി മിഷനും രൂപീകരിച്ചത്. ഇവയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനുവേണ്ടി വലിയ തോതിൽ സന്നദ്ധപ്രവർത്തകരെ അണിനിരത്തി ഒരു ജനകീയ പ്രസ്ഥാനമായി ഇവയുടെ പ്രവർത്തനങ്ങൾ 2025 ആദ്യം പുനഃസംഘടിപ്പിക്കുകയുണ്ടായി. ഇതിനെയാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ എന്നു വിളിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കിൽ ഏജൻസികളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് നാലുതരത്തിലുള്ള പ്രവർത്തനങ്ങളാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുള്ളത്.
2025–26 വർഷത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മൂന്നു ലക്ഷത്തിലേറെ വരുന്ന അവസാന വർഷ വിദ്യാർഥികൾക്ക് തൊഴിലിലേക്ക് നയിക്കുന്ന ഏതെങ്കിലും നൈപുണി പരിശീലനം നൽകുക. ഇതിനായി അക്കാദമിക്കും പ്രൊഫഷണലുമായ കുറഞ്ഞത് അൻപതിനായിരമെങ്കിലും മലയാളി വിദഗ്ധരെയെങ്കിലും അണിനിരത്തുക. ഗണ്യമായ ഭാഗം വിദ്യാർഥികൾക്ക് അധ്യയന വർഷാവസാനം ക്യാമ്പസ് പ്ലേസ്‌മെന്റ് ലഭിക്കുമെന്ന് ഉറപ്പുവരുത്തുക. കേരളത്തിലെ എല്ലാ സർവകലാശാലകളും, പോളിടെക്‌നിക്കുകളും ഐ ടി ഐകളും ബന്ധപ്പെട്ട വകുപ്പുകളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കിൽ സെന്ററുകളെ സഹായിക്കുന്നതിന് എം എൽ എമാർ അധ്യക്ഷരായിട്ടുള്ള സ്കിൽ കൗണ്‍സിലുകളും എല്ലാ മണ്ഡലത്തിലുമുണ്ടാകും.
പഠിത്തം പൂർത്തിയാക്കിയ യുവജനങ്ങൾക്ക് നൈപുണി പരിശീലനം നൽകി തൊഴിൽമേളകളിലൂടെ തൊഴിൽ ലഭ്യമാക്കുകയാണ് രണ്ടാമത്തെ പ്രവർത്തനം. ഇതിനായി ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം എന്നൊരു തൊഴിൽ പോർട്ടലും പ്രവർത്തിക്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംയുക്ത പ്രൊജക്ടുകളായിട്ടാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനാടിസ്ഥാനത്തിലും മണ്ഡലാടിസ്ഥാനത്തിലും തൊഴിൽമേളകൾ സംഘടിപ്പിക്കാവുന്നതാണ്.
സ്വന്തം പ്രദേശത്തുതന്നെ ജോലിവേണം എന്നുള്ളവർക്ക് പ്രാദേശിക ജോലികൾ കണ്ടെത്തി നൈപുണി പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. വീട്ടമ്മമാർക്ക് ഇതുവഴി വലിയതോതിൽ തൊഴിൽ നൽകുവാൻ കഴിയും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം സംസ്ഥാനത്ത് 50 ശതമാനമായെങ്കിലും ഏതാനും വർഷംകൊണ്ട് ഉയർത്തുക എന്നുള്ളതാണ് ലക്ഷ്യം. കുടുംബശ്രീയായിരിക്കും ഈ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളി.
നോർക്കയുമായി സഹകരിച്ചുകൊണ്ട് വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ വിദഗ്ധ തൊഴിലാളികൾക്കുവേണ്ടി വിദേശ തൊഴിൽമേളകൾ സംഘടിപ്പിക്കും. വിദേശത്തെ തൊഴിൽ സംരംഭകർക്കും അവരുടെ അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാർക്കും ഈ മേളകളിൽ പങ്കെടുക്കാം.
മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുവേണ്ടി എല്ലാ ജില്ലകളിലും പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റും, ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ജോബ് സ്റ്റേഷനുകളും പഞ്ചായത്തുതലത്തിൽ ഫെസിലിറ്റേഷൻ സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ജില്ലാതലത്തിൽ കീ റിസോഴ്‌സ് പേഴ്സൺസിനെയും (KRP), ബ്ലോക്ക്, – മുനിസിപ്പൽ തലങ്ങളിൽ ജില്ലാ റിസോഴ്‌സ് പേഴ്സൺസിനെയും (DRP) വാർഡ് തലത്തിൽ ലോക്കൽ റിസോഴ്‌സ് പേഴ്സൺസിനെയും (LRP) നിയോഗിച്ചിട്ടുണ്ട്.
2025 – 26 വർഷത്തിൽ അഞ്ചു ലക്ഷം പേർക്ക് ജോലി നല്‍കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പരിമിതമായ സമയത്തിനുള്ളിൽ നടപ്പാക്കുന്ന വലിയൊരു ലക്ഷ്യമാണിത് എന്നതിൽ സംശയമില്ല. ചിട്ടയായ, ഊർജസ്വലമായ പ്രവർത്തനത്തിലൂടെയേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. l



