Saturday, March 14, 2026

ad

Homeഉപസംഹാരംഉപസംഹാരം

ഉപസംഹാരം

കേരളം സാമ്പത്തികവളർച്ചയിലും സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. എന്നാൽ തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ തൊഴിലില്ലായ്മ മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതലായിരിക്കവേ തന്നെ അന്യ സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽതേടി കേരളത്തിലെത്തുന്നവരുടെ, അതിഥി തൊഴിലാളികളുടെ എണ്ണം വളരെയധികവുമാണ്. അതായത്, കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങൾക്ക് ചെയ്യാൻ താൽപ്പര്യമുള്ളവയല്ലെന്നതാണ് വസ്തുത. അഭ്യസ്തവിദ്യരായവർക്ക് ചെയ്യാൻ താൽപ്പര്യമുള്ള തൊഴിലുകൾ കണ്ടെത്തുകയാണ് ഇതിനുള്ള പരിഹാരം. അതിനുള്ള തീവ്ര പരിശ്രമമാണ് വിജ്ഞാന കേരളം പദ്ധതിയിലൂടെ നടപ്പാക്കപ്പെടുന്നത്. ചിന്തയുടെ ഈ വർഷത്തെ ജന്മദിന പതിപ്പിന്റെ ഉള്ളടക്കം ഇതു സംബന്ധിച്ച ലേഖനങ്ങളാണ്.

ബിജെപി അധികാരത്തിലെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായതായാണ് ഒൗദ്യോഗിക തൊഴിൽ സർവേകൾ തന്നെ സൂചിപ്പിക്കുന്നത്. ഈ കണക്കുകൾ പുറത്തുവന്നതിനെ തുടർന്ന് ജാള്യതയിലായ ബിജെപി ഗവൺമെന്റ് തൊഴിലില്ലായ്മയുടെ നിർവചനത്തിൽ തന്നെ മാറ്റംവരുത്തിക്കൊണ്ട് തൊഴിലില്ലായ്മ കുറഞ്ഞതായി കണക്കു നിർമിക്കുകയാണ്. ഇതേവരെ തൊഴിലിന്റെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത തൊഴിലുകളെകൂടി ചേർത്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ പെരുപ്പിച്ച കണക്കുകൾ പുറത്തുവരുന്നത്.

കേരളത്തിൽ തൊഴിലില്ലാത്തവരുടെ എണ്ണം അധികമായിരിക്കുമ്പോൾതന്നെ തൊഴിലുള്ളവരിലെ സ്ത്രീ പങ്കാളിത്തം വളരെ കുറവാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അപ്പോൾ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടുകൊണ്ടു മാത്രമേ മൊത്തം തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി ഓണത്തിന് ഒരു ലക്ഷം തൊഴിൽ പരിപാടി വിജ്ഞാനകേരളം പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്നതിന് തീരുമാനിച്ചത്. സ്ത്രീകൾക്ക് വരുമാനമുള്ള തൊഴിലുകൾ ഉറപ്പാക്കുന്നതിനുള്ള പരിപാടിയാണിത്.

അഭ്യസ്തവിദ്യരുടെ എണ്ണം കേരളത്തിൽ അധികമായിരിക്കവെതന്നെ പല തൊഴിലുകളും ചെയ്യുന്നതിനാവശ്യമായ നെെപുണിയുടെ അഭാവം തൊഴിൽ ലഭ്യതയ്ക്ക് തടസ്സമായിരിക്കുന്ന സ്ഥിതിയുമുണ്ട്. അതുകൊണ്ടുതന്നെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നെെപുണി പരിശീലനത്തിന് മുൻഗണന നൽകാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. കോളേജുകളിലും പോളിടെക്നിക്കുകളിലും ഐടിഐകളിലും ഓരോ തൊഴിലിനും വേണ്ട രീതിയിൽ നടക്കുന്ന നെെപുണി പരിശീലനത്തിനൊപ്പം പഠനം പൂർത്തിയാക്കിയവർക്ക് ആവശ്യമായ നെെപുണി പരിശീലന പരിപാടിയും നടന്നുവരുന്നുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലത്തേതുപോലെ ഒരു ജനകീയ പ്രസ്ഥാനമായാണ് ഇപ്പോൾ വിജ്ഞാന കേരളം പദ്ധതിയും നടപ്പാക്കപ്പെടുന്നത്.

മുതലാളിത്ത സമ്പദ്ഘടനയുടെ അനിവാര്യതയായി തൊഴിലില്ലായ്മ നിലനിൽക്കുമ്പോൾതന്നെ ജനജീവിതം ദുസ്സഹമാകാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉപജീവനത്തിനു വേണ്ട വരുമാനമാർഗമെങ്കിലും ഉറപ്പാക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. വിജ്ഞാനത്തെ തന്നെ ഉൽപ്പന്നമാക്കുന്ന നവലിബറൽ കാലത്ത് വിജ്ഞാനാധിഷ്ഠിതമാണ് തൊഴിലുകളും. അതിനനുസരിച്ച് തൊഴിൽ തേടുന്നവരെ പ്രാപ്തരാക്കാനുള്ളതാണ് ഈ ജനകീയ പദ്ധതി. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കാകെ തൊഴിലും വരുമാനവും ഉറപ്പാക്കാനുള്ള തീവ്ര യജ്ഞമാണ് ഇതുവഴി നടപ്പാക്കിവരുന്നത്. അത് വിജയിപ്പിക്കാനുള്ള ജനകീയ പ്രചാരണ പരിപാടിയിൽ ഞങ്ങളും പങ്കുചേരുകയാണ്.

ചിന്ത പ്രവർത്തകർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 18 =

Most Popular