Monday, March 9, 2026

ad

Homeആമുഖംആമുഖം

ആമുഖം

കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ ഇപ്പോൾ മുഖ്യമന്ത്രിക്കുപ്പായമിട്ട് എൽഡിഎഫ് സർക്കാരിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. രമേശ് ചെന്നിത്തല പറയുന്നതിനേക്കാൾ കൂടുതൽ വലിയ നുണ പറഞ്ഞ് ശ്രദ്ധ തന്നിലേക്കാകർഷിക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ഇവർക്ക് രണ്ടുപേർക്കും മുന്നിലെത്താനാണ് കെ സി വേണുഗോപാലിന്റെ നീക്കം.

എന്നാൽ ഇവർക്കാർക്കുംതന്നെ എൽഡിഎഫിനെതിരെ വസ്തുതകളുടെ പിൻബലത്തിൽ വിമർശനമൊന്നും ഉയർത്താനാവുന്നുമില്ല; അത്തരം വസ്തുതകളൊന്നുംതന്നെ ഇല്ലെന്നതാണ് യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രതിപക്ഷനേതാവ് നിരവധി യൂ ട്യൂബ് ചാനലുകളിലും ഏഷ്യാനെറ്റ്പോലെയുള്ള ചില ചാനലുകളിലും അഭിമുഖങ്ങളും പോഡ്കാസ്റ്റ് ചർച്ചകളും നടത്തുകയുണ്ടായി. യാഥാർഥ്യവുമായി വിദൂരബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് ഇവയിലെല്ലാം അദ്ദേഹം പറയുന്നത്.ഇത്തരത്തിൽ പ്രതിപക്ഷം നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണ് ഈ ലക്കം ചിന്ത വാരികയിൽ. ഡോ. ടി എം തോമസ് ഐസക്, കെ എൻ ഗണേശ്, ഡോ. ജിജൂ പി അലക്സ്, എസ് അഭിലാഷ്, എളമരം കരീം, റിതിൻ പൗലോസ്, ജി വിജയകുമാർ എന്നിവരാണ് എഴുതുന്നത്.

കേരളം കടക്കെണിയിലാണ്, കേരളത്തിൽ ജിഎസ്ടി പിരിവ് നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ആവർത്തിച്ചുരുവിടുന്നത്. എന്നാൽ കേരളത്തിൽ പൊതുകടം വർധനവ് ഏറ്റവുമധികമുണ്ടായത് 2011–16 ലെ യുഡിഎഫ് ഭരണകാലത്താണെന്ന കാര്യം ഇവർ കാണുന്നില്ല. മാത്രമല്ല, സിഎജി റിപ്പോർട്ടുതന്നെ ഇവരുടെ വാദഗതികളെ തള്ളിക്കളയുകയാണ്. നികുതി പിരിവാകട്ടെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് നടത്തുന്നത്. ഓരോ സാധനത്തിന്റെയും ജിഎസ്ടി നിരക്ക് നിർണയിക്കുന്നതാകട്ടെ, ദേശീയ ജിഎസ്ടി കൗൺസിലുമാണ്. അതിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അവകാശമോ അധികാരമോയില്ല. ഈ വസ്തുതകളൊന്നും അറിയാത്ത ആളായിരിക്കില്ല പ്രതിപക്ഷ നേതാവ്. എന്നിട്ടും എൽഡിഎഫ് സർക്കാരിനെതിരെ നിരന്തരം നുണപ്രചാരണം നടത്തുകയാണ് അദ്ദേഹം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ആരോഗ്യരംഗത്തെക്കുറിച്ചും നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രതിപക്ഷത്തെ നേതാക്കളെല്ലാം പറയുന്നത്. 2011–2016കാലത്തെ തകർച്ചയിൽ നിന്ന് കേരളത്തിലെ ആരോഗ്യരംഗത്തെ, കഴിഞ്ഞ 10 വർഷമായി വലിയ കുതിപ്പിലേക്കാണ് എൽഡിഎഫ് ഭരണം കെെപിടിച്ചുയർത്തിയത്. മാത്രമല്ല, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യസൂചികകളിലെല്ലാം കേരളത്തിൽ വലിയ നേട്ടമാണുണ്ടായത്. ഇത് ദേശീയ ഏജൻസികൾപോലും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാൽ ഈ യാഥാർഥ്യങ്ങൾക്കെല്ലാംനേരെ പുറംതിരിഞ്ഞു നിൽക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം.

ബിജെപി നേതൃത്വത്തിലുള്ള യൂണിയൻ സർക്കാർ നടപ്പാക്കുന്ന കച്ചവടവത്കരണ – വർഗീയവത്കരണ നയങ്ങൾക്കെതിരെ ഒരക്ഷരം പോലും ഉരിയാടാതെ പാർലമെന്റിൽ ‘മൗനം വിദ്വാന് ഭൂഷണം’ എന്നു പറഞ്ഞിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മാത്രമല്ല, തെലങ്കാനയും കർണാടകവും പോലെ തങ്ങൾക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നടപ്പാക്കുന്നത് ബിജെപിയുടെ വർഗീയവത്കരണ–കോർപ്പറേറ്റനുകൂല നയങ്ങളാണ്. എന്നാൽ, ജനപക്ഷത്തുനിന്ന് സമഗ്രമായ വികസന – ക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ എന്തു നുണയും വിളിച്ചു പറയാൻ പ്രതിപക്ഷ നേതാവിനോ യുഡിഎഫിനോ യാതൊരു മടിയുമില്ല. യുഡിഎഫിന്റെ നയങ്ങളിലെ ജനവിരുദ്ധതയും പാപ്പരത്തവുമാണ് ഇതു വെളിപ്പെടുത്തുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − 8 =

Most Popular