Monday, March 9, 2026

ad

Homeകവര്‍സ്റ്റോറികാർഷികമേഖല വളർച്ചയുടെ പാതയിൽ

കാർഷികമേഖല വളർച്ചയുടെ പാതയിൽ

ഡോ. ജിജു പി അലക്സ്

കേരളത്തിലെ കാർഷികമേഖല തകരുകയാണെന്നും സർക്കാർ കാർഷികമേഖലയെ സംരക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ലെന്നുമാണ് സർക്കാരിനെ വിമർശിക്കുന്നവരുടെ പ്രചരണം. മാത്രമല്ല തങ്ങൾ അധികാരത്തിൽ വന്നാൽ ചില മാന്ത്രികവിദ്യകൾ പ്രയോഗിച്ച് കാർഷികമേഖലയെ പുനരുദ്ധരിക്കുമെന്നും അവർ അവകാശപ്പെടുന്നുണ്ട്. കാർഷികമേഖലയുടെ വളർച്ചയും കർഷക താൽപര്യവും മുൻനിർത്തി ഇടതു സർക്കാർ നടത്തിയിട്ടുള്ള അസംഖ്യം ഇടപെടലുകൾ തമസ്‌കരിക്കുന്നതിനും കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനുമാണ് ഒരുപറ്റം മാധ്യമങ്ങളുടെ സഹായത്തോടെ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാജിക്കുകാരന്റെ തൊപ്പിയിൽനിന്ന് നമ്മെ വിസ്മയപ്പെടുത്തുന്ന എന്തൊക്കെ പരിഹാരങ്ങളെടുത്തു വീശുമെന്ന് വിശദീകരിക്കാൻ അവർ തയ്യാറാകുന്നുമില്ല! പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി വിശദീകരിക്കാതെ അവ്യക്തമായ ചില പ്രസ്താവനകൾ പുറപ്പെടുവിച്ച് പുകമറ സൃഷ്ടിക്കുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത് എന്നർത്ഥം! ചരിത്രപരമായി ഇടതു സർക്കാരുകൾ കാർഷികമേഖലയുടെ അഭിവൃദ്ധിക്കു വേണ്ടി ചെയ്തതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുമായ മഹത്തായ കാര്യങ്ങൾ പൊതുജനത്തിന്റെ ഓർമ്മകളിൽ നിന്നു മായ്ച്ചുകളയാനാണ് അവർ ശ്രമിക്കുന്നത്.

കാർഷികമേഖലയിലെ മൗലികമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചത് ഇടതു സർക്കാരുകളാണ്. വിപ്ലവകരമായ ഭൂപരിഷ്കരണ നിയമത്തിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാര്‍ഷിക മേഖലയിലെ മറ്റ് ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതും ഇടത് സര്‍ക്കാരുകളാണ്. കേരളത്തിലെ ചെറുകിട നെല്‍കർഷകരുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി 1987-ൽ അധികാരമേറ്റെടുത്ത ഇടതു സര്‍ക്കാര്‍ ഗ്രൂപ്പ്ഫാമിംഗ് സംവിധാനം ആരംഭിച്ചത് വിപ്ളവകരമായ ചുവടുവയ്പായിരുന്നു. നെൽകൃഷിയിൽ പരീക്ഷിച്ചു വിജയിച്ച ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായം തെങ്ങ്, കുരുമുളക്, പച്ചക്കറി എന്നിങ്ങനെ മറ്റു വിളകളിലേക്കും വ്യാപിപ്പിക്കാനായി. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകളും വെറ്ററിനറി ആശുപത്രികളും മത്സ്യകൃഷിക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഫിഷറീസ് ഓഫീസുകളും സ്ഥാപിച്ചതും ഇടതുപക്ഷ സർക്കാരാണ്. സുശക്തമായ കാർഷികവിജ്ഞാന വ്യാപന സംവിധാനമാണ് ഇതു മൂലം കേരളത്തിൽ നിലവിലുള്ളത്.

നെൽവയലുകൾ വ്യാപകമായി പുരയിടങ്ങളായി പരിവർത്തനപ്പെടുത്തിയ കാലഘട്ടത്തിൽ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തുകയും നടപ്പാക്കുകയും ചെയ്തത് 2006-‐2011 കാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്ന വി എസ് സർക്കാരാണ്. നിരവധി എതിർപ്പുകളെയും വാണിജ്യതാൽപ്പര്യങ്ങളെയും മറികടന്ന് ആ നിയമം നടപ്പാക്കിയിരുന്നില്ലെങ്കിൽ കേരളത്തിൽ ഇപ്പോൾ അവശേഷിക്കുന്ന നെൽവയലുകൾ കൂടി ഇല്ലാതായേനെ. കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയും നെൽവയലുകളുടെ പാരിസ്ഥിതിക പ്രാധാന്യവും മുൻനിർത്തി ഇടതു സർക്കാർ സ്വീകരിച്ച ഈ നയം ഇന്ത്യയിലെ ഏറ്റവും മികച്ച പരിസ്ഥിതിസംരക്ഷണ നിയമങ്ങളിലൊന്നായി പ്രകീർത്തിക്കപ്പെടുന്നു!

ജനകീയാസൂത്രണ മാർഗനിർദേശങ്ങളിൽ ത്രിതല പഞ്ചായത്തുകൾ ഉൽപ്പാദനമേഖലയിൽ ഏറ്റവും കുറഞ്ഞത് 30 ശതമാനമെങ്കിലും പദ്ധതി വിഹിതം നീക്കിവയ്‌ക്കണമെന്ന നിബന്ധന വന്നതോടെ കാർഷികമേഖലയിലെ പ്രാദേശിക സർക്കാരുകളുടെ ഇടപെടലുകളും ഗണ്യമായി വർദ്ധിച്ചു. കാര്‍ഷികമേഖല തകരാതെ നില്‍ക്കുന്നതിന് സൂക്ഷ്മതല ആസൂത്രണ സംവിധാനം വന്‍തോതില്‍ സഹായിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ത്രിതല പഞ്ചായത്തുകള്‍ക്ക് അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കൃഷി- അനുബന്ധ മേഖലകളില്‍ ഉല്‍പാദനപരമായ എത്ര പദ്ധതികളും ഏറ്റെടുക്കാനുള്ള സാദ്ധ്യതകള്‍ നിലവിലുണ്ട്.

കേരളത്തിൽ കാർഷികമേഖല കോവിഡിനു ശേഷം ക്രമാനുഗതമായി വളരുകയാണ് എന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തികാവലോകന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതു പോലെ കോവിഡിനു ശേഷവും കാർഷികമേഖല വളരുകയാണ്. കോവിഡിന്റെ ഫലമായുണ്ടായ മുരടിപ്പ് നമുക്ക് വളരെ വേഗം അതിജീവിക്കാൻ കഴിഞ്ഞുവെന്നു മാത്രമല്ല കൃഷിയിൽ നിന്നുള്ള മൊത്തം മൂല്യ വർദ്ധനവ് ഗണ്യമായി വർദ്ധിക്കുകയും ചെയ്തു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിനു മുന്‍പ് 2015‐-16ല്‍ കാര്‍ഷിക മേഖലയിലെ ഉല്‍പാദന മൂല്യത്തിന്റെ വളര്‍ച്ചാ നിരക്ക് -5.1 ശതമാനമായിരുന്നു. തൊട്ടടുത്ത വര്‍ഷവും നെഗറ്റീവ് വളര്‍ച്ചാ നിരക്ക് തുടരുകയാണുണ്ടായത് (-0.65%). തുടര്‍ന്ന് 2017-‐18-ല്‍ 2.11% വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. പ്രളയം ബാധിച്ച 2018-‐19, 2019-‐20 വര്‍ഷങ്ങളില്‍ യഥാക്രമം -2.09%, -2.56% എന്നിങ്ങനെ തകര്‍ച്ച നേരിട്ടുവെങ്കിലും കോവിഡ് ബാധിച്ച 2020‐-21ൽ 1.58% പോസിറ്റീവ് വളർച്ച രേഖപ്പെടുത്തുകയുണ്ടായി. ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാകാം അടുത്ത വർഷം (2021-‐22) കാര്‍ഷിക മൂല്യത്തില്‍ 4.12% വളർച്ച കൈവരിച്ചിരുന്നു. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ കാര്‍ഷിക വില പ്രതിസന്ധികൾക്കിടയിലും യഥാക്രമം 0.15%, 1.25% എന്ന തോതിൽ കാർഷികമേഖല വളരുകയാണുണ്ടായത്. എന്നാൽ 2024‐-25ൽ കാർഷികമേഖല 2.14% എന്ന വളർച്ചാനിരക്ക് കൈവരിച്ചിരിക്കുന്നത് ഈ മേഖലയിലെ ഇടപെടലുകളുടെ ഫലപ്രാപ്തി വിളിച്ചറിയിക്കുന്നു (അവലംബം ഇക്കണോമിക് റിവ്യൂ 2025). മിക്ക വിളകളുടെയും ഉൽപ്പാദനക്ഷമതയും ഈ കാലഘട്ടത്തില്‍ ക്രമാനുഗതമായി വർദ്ധിക്കുന്നതായി കാണുന്നു.

കേരളത്തിലെ കാർഷികമേഖലയുടെ ഭൂരിഭാഗവും ബഹുവർഷ വാണിജ്യ വിളകളാണ്. ഉദാഹരണത്തിന്, മൊത്തം കൃഷിയിൽ നാളീകേരം 30.44 ശതമാനവും റബ്ബർ, തേയില, കാപ്പി എന്നീ വിളകൾ 28.22 ശതമാനവുമാണ്. വൻതോതിൽ ദേശീയ അന്തർദേശീയ വിപണികളെ ആശ്രയിച്ചാണ് ഈ വിളകളുടെ കൃഷി നിലകൊള്ളുന്നത്. മിക്കപ്പോഴും സംസ്ഥാന സർക്കാരുകൾക്ക് നിയന്ത്രണമില്ലാത്ത കാരണങ്ങൾ കൊണ്ട് ഈ വിളകളുടെ വിലയിലുണ്ടായിട്ടുള്ള വ്യതിയാനങ്ങൾ കാർഷികമേഖലയെ ബാധിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ ഈ വിളകളുടെ വിപണനത്തെ ഏറെ ദോഷകരമായി ബാധിച്ചിട്ടുള്ളത് കേന്ദ്രസർക്കാരുകൾ കാലാകാലങ്ങളിൽ ഒപ്പിട്ടിട്ടുള്ള അന്താരാഷ്ട്ര കരാറുകളാണെന്നു കാണാം. തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടവിള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ കുറയ്‌ക്കുകയും തദ്ദേശീയരായ കർഷകരുടെ താൽപര്യങ്ങൾ അവഗണിക്കുകയും ചെയ്ത ആസിയാൻ കരാർ ഉണ്ടാക്കിയിട്ടുള്ള ആഘാതം ഇപ്പോഴും കേരളത്തിന്റെ കാർഷികമേഖലയെ പിടിച്ചുലയ്ക്കുന്നുണ്ട്. ആ കരാർ ഒപ്പിട്ടത് ഈ വിമർശകരുടെ നേതൃത്യത്തിലുള്ള കേന്ദ്ര സർക്കാരായിരുന്നു എന്നു നാം മറക്കരുത്.

എന്നാൽ ഈ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിലത്തകർച്ച നേരിടുന്ന എല്ലാ പ്രധാനപ്പെട്ട വിളകൾക്കും രാജ്യത്തെ ഏറ്റവും വലിയ താങ്ങുവിലകൾ ഏർപ്പെടുത്തിയാണ് സംസ്ഥാനം കർഷകരെ സഹായിക്കുന്നത്. നെല്ലിന്റെ നിലവിലെ താങ്ങുവിലയായ 30 രൂപ രാജ്യത്തെ ഏറ്റവും ഉയർന്ന താങ്ങുവിലയാണ്. നെല്ലു സംഭരണത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനായി. റബ്ബർ കൃഷിക്കാർക്ക് കിലോയ്‌ക്ക് കുറഞ്ഞത് 200 രൂപ ലഭിക്കുന്ന വിധത്തിൽ വില വ്യതിയാനം സർക്കാർ നേരിട്ടു വഹിക്കുന്ന സമ്പ്രദായം ഏർപ്പെടുത്താൻ കഴിഞ്ഞു. രാജ്യത്താദ്യമായി വിലത്തകർച്ച നേരിടുന്ന പച്ചക്കറി ഇനങ്ങൾക്കും മിനിമം വില ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചത് കേരളമാണ്.

കാർഷിക വൃത്തിയിലേർപ്പെടുന്നവരുടെ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിന് ഉൽപ്പന്നങ്ങൾ കഴിയുന്നത്ര മൂല്യ വർദ്ധനവിനു വിധേയമാക്കുകയും നേരിട്ടുള്ള വിപണന ശൃംഖലകൾ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. കൃഷിയെ ശാസ്ത്രീയ സംരംഭമെന്ന നിലയിൽ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാതെ കാർഷികമേഖലയിൽ പുരോഗതി കൈവരിക്കുക സാദ്ധ്യമല്ല എന്നു വന്നിരിക്കുന്നു. കഴിയുന്നത്ര സഹായം നൽകി ഉൽപ്പാദകരുടെ കാര്യക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കാർഷികമേഖലയിൽ മൂല്യ വർദ്ധനയുടെ അടിസ്ഥാനത്തിലുള്ള സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധേയമായ നിരവധി പദ്ധതികൾ കേരളത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കാർഷിക സർവ്വകലാശാലയുടെ കീഴിലെ പ്രധാനപ്പെട്ട എല്ലാ ഗവേഷണകേന്ദ്രങ്ങളിലും മൂല്യവർദ്ധനവും ശാസ്ത്രീയ കാർഷികോൽപ്പാദനവും കേന്ദ്രീകരിച്ചുള്ള ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ചെറുകിട കർഷകരുടെ അഗ്രിബിസിനസ് കൺസോർഷ്യവും കാർഷിക സംരംഭകത്വത്തെ വിപുലമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. തൃശൂരിലെ ഏറ്റവും പ്രമുഖമായ അഗ്രി ബിസിനസ്സ് ഇൻകുബേഷൻ സെന്ററിൽ നിന്ന് ഓരോ വർഷവും നൂറുകണക്കിന് സംരംഭകർ സാങ്കേതിക പരിശീലനം നേടുകയും സംരംഭങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. ദേശീയതലത്തിലെ മികച്ച സംരംഭകത്വ പ്രോത്സാഹന പദ്ധതിയായ സംരംഭകത്വ വർഷം എന്ന ക്യാമ്പയിനിൽ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നു ലക്ഷം സംരംഭങ്ങളിൽ ഇരുപതു ശതമാനത്തോളം കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവും കാർഷിക സേവനങ്ങളും അടിസ്ഥാനമാക്കിയുള്ളവയാണ്. ഇതിനു പുറമേയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കാർഷിക സംരംഭങ്ങൾ. സ്റ്റാർട്ടപ്പ് മിഷൻ നേതൃത്വം നൽകുന്ന സംരംഭങ്ങളിലും ഗണ്യമായ പങ്ക് കാർഷിക സംരംഭങ്ങളുണ്ട്.

ചെറുകിട നാമമാത്ര കര്‍ഷകരുടെ ആധിക്യവും കൃഷിയിടങ്ങളുടെ വിസ്തൃതിക്കുറവും കേരളത്തിന്റെ കാര്‍ഷികമേഖലയുടെ സവിശേഷതകളാണ്. ചെറു കൃഷിയിടങ്ങള്‍ കൂടൂതല്‍ ഉല്‍പാദനക്ഷമമാക്കുന്നതിന് അവയില്‍ യഥാസമയം ഒരുമിച്ച് കൃഷിചെയ്യുന്നതിനും ഉല്‍പന്നങ്ങള്‍ സമാഹരിച്ച് വിപണനത്തിനും മൂല്യവര്‍ദ്ധനവിനും വിധേയമാക്കുന്നതിനുമുള്ള കാര്യക്ഷമമായ സംഘടനാ സംവിധാനങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ കൃഷി വകുപ്പിന്റെയും സഹകരണ മേഖലയുടെയും സന്നദ്ധ സംഘടനകളുടേയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തില്‍ നൂറുകണക്കിന് ഉല്‍പാദക സംഘങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇവയില്‍ ഗണ്യമായ പങ്കും സജീവമായി കാര്‍ഷികോല്‍പാദനത്തിലും മൂല്യവര്‍ദ്ധനവിലും ഇടപെടുന്നുണ്ട്. സ്വന്തം നിലയില്‍ ഉല്‍പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടൂക്കാന്‍ പ്രാപ്തിയുള്ള ഉല്‍പാദന സംഘങ്ങളായി ഇവയില്‍ ചിലത് വളര്‍ന്നുകഴിഞ്ഞു. ഈ ദിശയിലുള്ള കൂടൂതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.

തരിശുഭൂമിയിൽ കൃഷിചെയ്യുന്നതിന് സംരംഭകരെയും കർഷക സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമി പ്രശ്നരഹിതമായി കരാർ വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനുമായി കൃഷിവകുപ്പിന്റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പുതിയ രജിസ്ട്രേഷൻ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുള്ളത് തികച്ചും പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നത്.

മൂല്യവർദ്ധനവും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയമായ ഉൽപ്പാദനവും കൂടുതൽ ദൃഢതയോടെ സ്ഥാപനവൽക്കരിക്കുന്നതിനാണ് ലോകബാങ്ക് സഹായത്തോടെ കേര എന്ന പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ കർഷക ഉൽപ്പാദക സംഘങ്ങളിൽ നിന്നും സംരംഭകരിൽ നിന്നുമുള്ള ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യുന്നതിനും ആധുനിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും നൈപുണി വികസനത്തിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തോട്ടവിളകളുടെ സ്ഥാനത്ത് മറ്റ് ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണമെന്ന ലളിതമായ നിർദ്ദേശമാണ് നവീനാശയമായി സർക്കാരിനെ വിമർശിക്കുന്നവർ മുന്നോട്ടുവെക്കുന്നത്. തോട്ടംമേഖലയിലെ തൊഴിൽ നിയമങ്ങൾ ഉൾപ്പെടെയുള്ളവ ദശാബ്ദങ്ങളായി ഉരുത്തിരിഞ്ഞവയാണ്. തോട്ടംമേഖലയിലെ നിയമങ്ങൾ ഭേദഗതി ചെയ്ത് ഈ കൃഷിയിടങ്ങളെ മറ്റാവശ്യങ്ങൾക്കായി വിട്ടുകൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ലളിതയുക്തി ചിലരുടെ കയ്യടി നേടാൻ സഹായിക്കുമെന്നല്ലാതെ തോട്ടംമേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാകുമെന്ന് കരുതുക വയ്യ. ടൂറിസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി അഞ്ച് ശതമാനം തോട്ടഭൂമി ഇപ്പോൾ തന്നെ വിനിയോഗിക്കാവുന്നതാണ്. സങ്കീർണ്ണമായ തോട്ടനിയമങ്ങൾ പരിഗണിക്കാതെ പരമ്പരാഗത തോട്ടവിളകൾ മുഴുവൻ മാറ്റിസ്ഥാപിക്കണമെന്ന നിർദ്ദേശം ശാസ്ത്രീയമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും വിധേയമായി മാത്രമേ ഏതു സർക്കാരിനും പരിഗണിക്കാൻ കഴിയൂ. ചെറുകിട തോട്ടങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനുള്ള നവീനമായ മാനേജ്മെന്റ്‌ സങ്കേതങ്ങൾ അവലംബിക്കുക, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, ഉൽപ്പന്ന ഗുണമേന്മ വർദ്ധിപ്പിക്കുക എന്നിങ്ങനെ പ്രായോഗികമായി ചെയ്യാവുന്ന ഒട്ടനവധി നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ സുശക്തമായ സഹകരണമേഖലയും കാർഷികമേഖലയിൽ ഗണ്യമായ ചുവടുവയ്പുകളാണ് നടത്തുന്നത്. സഹകരണമേഖലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം കാർഷിക സംഭരണ വിപണന കേന്ദ്രങ്ങൾ, ശീതീകരണികൾ, സൗരോർജ്ജ ഡ്രയറുകൾ, മൂല്യവർദ്ധിത കേന്ദ്രങ്ങൾ എന്നിവ സ്ഥാപിച്ചുവരുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൻതോതിൽ കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നിരവധി കാർഷിക സഹകരണ സംഘങ്ങൾ ഈ പാത പിന്തുടരുന്നു. കുടുംബശ്രീ യുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രമുഖ ഭക്ഷ്യ ഗവേഷണ കേന്ദ്രങ്ങളുടെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മികച്ച ഗുണനിലവാരമുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന പദ്ധതി ഊർജ്ജിതമായി നടക്കുന്നു.

കേരളത്തിന്റെ കാർഷികമേഖല പ്രതിസന്ധികൾക്കുനടുവിലും വളർച്ചയുടെ പാതയിലാണ്. ആഗോള വിപണിയിലെ അസ്ഥിരതകളോട് പ്രതികരിക്കേണ്ടിവരുന്ന കേരളത്തിലെ കാർഷികമേഖലയെ സുസ്ഥിര വളർച്ചയുടെ പാതയിലേക്കു നയിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ മൂടിവച്ചു നടത്തുന്ന നുണപ്രചരണം കേരളത്തിലെ കർഷകസമൂഹം ഒരിക്കലും അംഗീകരിക്കില്ല. വിമര്‍ശകര്‍ക്കാകട്ടെ ഇപ്പോള്‍ നടന്നുവരുന്ന വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗികമായ ഒരു ബദലും നിര്‍ദ്ദേശിക്കാനും കഴിഞ്ഞിട്ടില്ല. l

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − eighteen =

Most Popular