Wednesday, December 10, 2025

ad

Homeകവര്‍സ്റ്റോറിസ്ത്രീകൾക്ക് ഓണത്തിന് 
ഒരു ലക്ഷം തൊഴിൽ

സ്ത്രീകൾക്ക് ഓണത്തിന് 
ഒരു ലക്ഷം തൊഴിൽ

എം ബി രാജേഷ് (തദ്ദേശസ്വയംഭരണ–എക്സെെസ് വകുപ്പ് മന്ത്രി)

സ്ത്രീകളുടെ ജീവിതനിലവാരം, സാമൂഹ്യപദവി എന്നിവയിൽ ലോകത്തിലെതന്നെ ശ്രദ്ധേയമായ സ്ഥാനമാണ് കേരളത്തിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം എന്നിവയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കേരളീയ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പക്ഷേ, വളരെ താഴ്ന്ന നിലയിലാണ്. ഒരുപക്ഷേ, പല അവികസിത സംസ്ഥാനങ്ങളെക്കാളും പിന്നിൽ. വീടിനു പുറത്ത്, വേതനം കിട്ടുന്ന തൊഴിൽ ലഭിക്കുന്നതില്‍ കേരളത്തിലെ സ്ത്രീകൾ പിന്നാക്കം പോയതിന് പല കാരണങ്ങളുണ്ട്. അതിൽ പലതും കേരളത്തിന് മാത്രം പരിഹരിക്കാവുന്നതുമല്ല. എന്നാൽ, വേണ്ടത്ര ഉപയോഗിക്കപ്പെടാതെയും തിരിച്ചറിയപ്പെടാതെയും കിടക്കുന്ന തൊഴിൽ മേഖലകളെ തിരിച്ചറിഞ്ഞ് അവയിലേക്ക് സ്ത്രീകളെ നിയോഗിച്ച് വേതനമുള്ള തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ഒരു വലിയ ശ്രമം കുടുംബശ്രീയിലൂടെ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ജൂലൈ മാസത്തിൽ ആരംഭിച്ച പദ്ധതി സെപ്തംബറിലെത്തുമ്പോൾ ഒരു ലക്ഷം സ്ത്രീകൾക്ക് വേതനം ലഭിക്കുന്ന തൊഴിൽ നൽകാനാണ് ലക്ഷ്യംമിടുന്നത്.

തൊഴിലെടുക്കാൻ പ്രാപ്തിയുള്ള, 20 നും 59 നും മധേ-്യ പ്രായമുള്ള ആളുകൾ കേരള ജനസംഖ്യയുടെ 57 ശതമാനമാണ്. ഇതിൽ 53 ശതമാനവും സ്ത്രീകളാണ്. തൊഴിലെടുക്കാൻ കഴിവുള്ള പ്രായപരിധിയിലുള്ള സ്ത്രീകളിൽ 36.4 ശതമാനത്തിനു മാത്രമേ കേരളത്തിൽ തൊഴിലുള്ളൂ. അതേസമയം, കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും ആകെ തൊഴിൽ പങ്കാളിത്തത്തിലും വലിയ വർദ്ധനവ് കേരളം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്. 2020-–21 ൽ 32.3 ശതമാനമായിരുന്ന സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം മൂന്ന് വർഷത്തിനുള്ളിൽ 36.4 ശതമാനമായി എന്നതും നേട്ടമാണ്. എന്നാൽ കേരളത്തിന്റെ മറ്റു പല നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ തൊഴിൽ പങ്കാളിത്തമാണിത്. സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുന്നതിൽ അവരുടെ സാമ്പത്തികനിലയും പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ വേതനം കിട്ടുന്ന തൊഴിലിലേക്ക് സ്ത്രീകളെ എത്തിക്കുകയെന്നത് ഒരു പ്രധാന ചുമതലയായി സർക്കാർ കാണുന്നു. അതിനായി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയെന്ന വലിയൊരു ലക്ഷ്യം സർക്കാർ മുന്നോട്ടുവെക്കുകയാണ്. ഈ ലക്ഷ്യം നേടാനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളാണ് കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്.

തൊഴിൽ നൽകുന്നതിലൂടെ സ്ത്രീകൾക്ക് സുസ്ഥിര വരുമാനവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കുക, സ്ത്രീകളുടെ നിലവിലുള്ള തൊഴിൽ നൈപുണിയുടെ തോത് മനസ്സിലാക്കി ആവശ്യമെങ്കിൽ നൈപുണി പരിശീലനം നൽകുക, അയൽക്കൂട്ടങ്ങളിലെ കുടുംബങ്ങൾക്ക് പുതിയ വരുമാന സ്രോതസും തൊഴിൽദിനങ്ങളും സൃഷ്ടിക്കുക, ഗ്രീൻ ജോബ്സ്, ഗിഗ് ജോബ്സ്, കെയർ ഇക്കോണമി, റൂറൽ ടൂറിസം എന്നിങ്ങനെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖലകളിലേക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്തി നൈപുണി പരിശീലനം നൽകുക, നിലവിലെ നൈപുണിയെ കാലാനുസൃതമാക്കി സാങ്കേതിക വളർച്ചക്കനുസൃതമായി നവീകരിക്കുക, കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ സ്ത്രീകളുടെ തൊഴിൽ വികസന ഏജൻസിയാക്കി മാറ്റുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.

തൊഴിൽദാതാക്കളെ സംസ്ഥാന/ജില്ലാ/ബ്ലോക്ക്/തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ നേരിട്ടുകണ്ട്, തൊഴിൽസാധ്യതാ വിവരശേഖരണം നടത്തും. നിലവിലുള്ളതും ഭാവിയിൽ വരാൻ സാദ്ധ്യതയുള്ളതുമായ തൊഴിലുകൾ, ഓരോ തൊഴിലിനും ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത, നൈപുണി, തൊഴിൽ പരിചയം, ലഭിക്കാൻ സാധ്യതയുള്ള വേതനം, തൊഴിൽ ചെയ്യേണ്ട സ്ഥലം, ഈ അവസരങ്ങൾ അവസാനിക്കുന്ന തിയതി എന്നീ വിവരങ്ങളാണ് ഇങ്ങനെ ശേഖരിക്കുക. സോഫ്റ്റ്-വെയർ/ മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇത് ശേഖരിച്ച് സോഫ്റ്റ്-വെയറിന്റെ സഹായത്തോടെതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മാപ്പുചെയ്യും. ലഭ്യമായ തൊഴിലവസരങ്ങളിൽ നേരിട്ട് നികത്താവുന്നത് ഉടൻ നികത്തുന്നതിനുള്ള പ്രവർത്തനമാണ് അടുത്ത പടി. ഏറ്റവും ഹ്രസ്വമായ പരിശീലനം (ഒന്ന് മുതൽ പരമാവധി അഞ്ചു ദിവസം വരെ), ഹ്രസ്വകാല പരിശീലനം (അഞ്ചു ദിവസം മുതൽ പതിനഞ്ചു ദിവസം വരെ), ദീർഘകാല പരിശീലനം (15 ദിവസത്തിനു മുകളിൽ) എന്നിങ്ങനെ കാലയളവിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ആവശ്യമായവർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ലഭ്യമായ തൊഴിലവസരങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപന/ അയൽക്കൂട്ട തലത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ തലത്തിൽ നടത്തിയ തൊഴിൽസാധ്യതാ വിവരശേഖരണത്തിൽ നിന്നും വേക്കൻസി ബാങ്ക്/ഓപ്പർച്യൂണിറ്റി ബാങ്ക് തയ്യാറാക്കിക്കഴിഞ്ഞാൽ, അനുയോജ്യരായ തൊഴിലന്വേഷകരെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പുകൾ എന്നിവയിൽ കണ്ടെത്തി തൊഴിലുമായി ബന്ധിപ്പിക്കുക, ആവശ്യമായ നൈപുണി പരിശീലനം നൽകുക എന്നിവയാണ് തുടർന്നുള്ള നടപടികൾ. ഇതിലേക്ക് അയൽക്കൂട്ട കുടുംബത്തിലെ, ജോലി ചെയ്യാൻ സന്നദ്ധരായ യുവജനങ്ങളുടേയും സ്ത്രീകളുടേയും മുഴുവൻ വിവരങ്ങളും ശേഖരിച്ച് വിദ്യാഭ്യാസയോഗ്യത, അഭിരുചി, നിലവിലെ നൈപുണിയുടെ തോത്, അനുഭവസമ്പത്ത് എന്നിവ മനസ്സിലാക്കി വിവരസഞ്ചയത്തിന്റെ ഭാഗമാക്കും. കൂടാതെ ആവശ്യമായ ഇടങ്ങളിൽ നൈപുണി വികസനത്തിലൂടെ തൊഴിലവസരങ്ങൾ നേടാൻ വ്യക്തികളെ സജ്ജരാക്കുക എന്നതും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.

തദ്ദേശ സ്ഥാപന തലത്തിൽ ബ്ലോക്കുകളിലും മുൻസിപ്പാലിറ്റികളിലും സജ്ജീകരിക്കുന്ന ജോബ് സ്റ്റേഷനുകളും വിജ്ഞാന കേരളം പരിപാടിയിലൂടെ സാധ്യമാക്കുന്ന സർക്കാരിന്റെയും സർക്കാരിതര ഏജൻസികളുടെയും നൈപുണി സ്ഥാപനങ്ങളുടെ വിപുലമായ സംവിധാനവും കുടുംബശ്രീയുടെ ഈ പുതിയ മുന്നേറ്റത്തിന് പിന്തുണ നൽകും. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും മന്ത്രിമാരും എംഎൽഎമാരും അടങ്ങുന്ന രാഷ്ട്രീയ നേതൃത്വമാകെ തൊഴിൽ ദാതാക്കളെ കുടുംബശ്രീയുമായി കണ്ണിചേർക്കുന്നതിന് നേതൃത്വം നൽകും.

മൈക്രോ സംരംഭങ്ങളിലൂടെ സ്വയം തൊഴിൽ മേഖലയ്-ക്ക് കുടുംബശ്രീ വലിയ പ്രോത്സാഹനമാണ് നിലവിൽ നൽകുന്നത്. കുടുംബശ്രീ കേരളത്തിലെ സ്ത്രീകളുടെ ഉപജീവനരംഗത്തും അതുവഴി അവരുടെ ശാക്തീകരണത്തിലും വലിയ പങ്കുവഹിക്കുന്നു. സംരംഭങ്ങൾ വഴി ഉപജീവനം ഉറപ്പാക്കുന്നവരോടൊപ്പം സംരംഭങ്ങൾ തുടങ്ങാൻ കഴിയാത്തവരും വീടിനു പുറത്തുപോയി തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ വലിയൊരു വിഭാഗം സ്ത്രീകളുമുണ്ട്. അവരിൽ തൊഴിൽ മികവുള്ളവരെ തൊഴിലിലെത്തിക്കുക, തൊഴിൽ വൈദഗ്ധ്യമില്ലാത്തവർക്ക് അത് നൽകി തൊഴിലിലേക്കെത്തിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഉപജീവന മാതൃകയ്-ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ വേതനാധിഷ്ഠിത തൊഴിലിലും സ്ത്രീകളെ എത്തിക്കുകയാണ് ലക്ഷ്യം.

വേതനാധിഷ്ഠിത തൊഴിലിലേക്ക് സ്ത്രീകളെ എത്തിക്കാൻ ഇതിനുമുമ്പും നിരവധി പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഹരിതകർമസേന, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ, കാറ്ററിങ്, കഫെ കുടുംബശ്രീ, ഐ ടി തുടങ്ങിയ നിരവധി മേഖലകളിൽ കുടുംബശ്രീ മുഖേന സ്ത്രീകളെ എത്തിക്കാനും തൊഴിൽ ലഭ്യമാക്കാനും കഴിഞ്ഞു. എന്നാൽ പല കാരണങ്ങളാൽ തൊഴിലിൽ പ്രവേശിക്കാനും തൊഴിൽ പരിശീലനം നേടാനും കഴിയാത്ത സ്ത്രീകൾ ഇനിയുമേറെയാണ്. കുടുംബത്തിലെ ചുമതലകൾ, ജോലി തേടി മറ്റ് പ്രദേശങ്ങളിലേക്ക് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, പ്രസവം പോലുള്ള കാരണങ്ങളാൽ ജോലിയിൽ തുടരാന്‍ കഴിയാത്ത അവസ്ഥ, നൈപുണി പരിശീലനത്തിനുള്ള അവസരങ്ങളുടെ കുറവ് എന്നിവ തൊഴിൽ മേഖലയിൽ നിന്ന് സ്ത്രീകളെ അകറ്റുന്നു. ചിട്ടയായ നൈപുണി പരിശീലനം നേടാൻ സ്ത്രീകൾക്ക് പല കാരണങ്ങളാൽ കഴിയാറില്ല. അത് പരിഹരിക്കാൻ പ്രാദേശികമായിത്തന്നെ നൈപുണി പരിശീലനം നൽകി അവരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

വളരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് അനിവാര്യമായ ഒന്നാണ് തൊഴില്‍ നൈപുണിയുള്ള മനുഷ്യവിഭവ ശേഷി. നിലവിൽ പരിശീലനം നേടിയ തൊഴിലാളികളെ ലഭിക്കാൻ പല മേഖലകളും ബുദ്ധിമുട്ടുന്നുണ്ട്. രാജ്യത്താകെയുള്ള തൊഴിലാളികളിൽ പത്ത് ശതമാനം മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ പരിശീലനം നേടിയിട്ടുള്ളത്. ഇതിൽ രണ്ട് ശതമാനം മാത്രമാണ് ചിട്ടയായ പരിശീലനം നേടിയത്. എട്ട് ശതമാനത്തിന് ക്രമരഹിതമായ പരിശീലനമാണ് കിട്ടിയത്. ജപ്പാനിൽ 80 ശതമാനം തൊഴിലാളികളും ജർമനിയിൽ 75 ശതമാനവും നൈപുണി പരിശീലനം നേടിയിട്ടുണ്ട് എന്നറിയുമ്പോഴാണ് നാം എവിടെയാണ് നിൽക്കുന്നതെന്ന് മനസ്സിലാവുക. അതിനാൽ നൈപുണിപരിശീലനം നൽകി തൊഴിലിലേക്ക് നയിക്കുകയെന്നത് പ്രധാനമാണെന്ന് എൽഡിഎഫ് സർക്കാർ കാണുന്നു.

ഒരു ലക്ഷം തൊഴില്‍ നമ്മുടെ നാട്ടില്‍ അസാധ്യമായ ഒന്നല്ല. 25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ തൊഴില്‍ ചെയ്ത് നല്ല വേതനം നേടി ജീവിതായോധനം നടത്തുന്ന നാടാണ് കേരളമെന്നോര്‍ക്കണം. വൈദഗ്ധ്യം ആവശ്യമായ പല മേഖലകളിലും തൊഴില്‍ ചെയ്യാന്‍ ആളെ കിട്ടാനില്ല എന്നത് പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും യാഥാർഥ്യമാണ്. പുതിയ തൊഴില്‍ മേഖലകള്‍ ഉയര്‍ന്നുവരുന്നുമുണ്ട്. പ്രാദേശിക ടൂറിസം, വയോജന-പരിപാലനവും രോഗീപരിചരണവും, വീടുകളിലേക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍, കാറ്ററിംഗ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങി നിരവധി മേഖലകള്‍ വലിയ തൊഴിലിടങ്ങളായി കേരളത്തില്‍ വികസിച്ചുവരികയാണ്. ആവശ്യത്തിന് പണം കയ്യിലുണ്ടെങ്കിലും ജീവിതം അതനുസരിച്ച് ആസ്വദിക്കാന്‍ കഴിയാതെ ശാരീരികമായും മാനസികമായും അവശതയനുഭവിക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്ന വയോജനങ്ങള്‍ കേരളം നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഇവരെ പരിചരിക്കാനും അവരുടെ ഏകാന്തതയ്ക്ക് അറുതിവരുത്താനും വൈദഗ്ധ്യവും സ്നേഹവുമുള്ള ചെറുപ്പക്കാര്‍ക്ക് കഴിയും. മോശമല്ലാത്ത വേതനം ലഭിക്കുകയും ചെയ്യും. പ്രാദേശികമായ വിഭവങ്ങള്‍ (കാഴ്ച, അനുഭവം, ഭക്ഷണം, സംസ്കാരം ഉൾപ്പെടെ) തദ്ദേശ ജനത തന്നെ നല്‍കുന്നതിലൂടെ ടൂറിസത്തെ ആകര്‍ഷകമാക്കാന്‍ കഴിയും. തദ്ദേശ ജനതയ്-ക്ക് വരുമാനവും കിട്ടും. ടൂറിസത്തിന്റെ ഈ പുതിയ മുഖം ലോകമെങ്ങും ദൃശ്യമാണ്. ഇങ്ങനെ തുറന്നുവരുന്ന തൊഴില്‍ മേഖലകളിലേക്ക് പര്യാപ്തമായ മനുഷ്യവിഭവശേഷിയെ പരിശീലനത്തിലൂടെ രൂപപ്പെടുത്താനും ശരിയായ വിവരശേഖരണത്തിലൂടെ അവശ്യമായ ഇടങ്ങളിലേക്ക് നല്‍കാനും കഴിഞ്ഞാല്‍ കേരളത്തില്‍ ഒരു ലക്ഷമല്ല, പല ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ, പ്രത്യേകിച്ച് സ്ത്രീകളിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയും. കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും സംഘടനകളും കൂട്ടായി യത്നിച്ചാല്‍ ഈ ലക്ഷ്യം നേടി ലോകത്തിന് പുതിയൊരു മാതൃക നല്‍കാന്‍ കേരളത്തിന് കഴിയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − 1 =

Most Popular