വിജ്ഞാന തൃശൂർ ജില്ലാതല കൂടിച്ചേരലിന്റെ ഇടവേളയിൽ എനിക്കുണ്ടായ ഒരു അനുഭവം എനിക്കുതന്നെ വിശ്വസിക്കാൻ പ്രയാസം. അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? എങ്കിലും ഇത് വാസ്തവമാണ്.
30 കഴിഞ്ഞ ഒരു സ്ത്രീ കുട്ടിയെ തോളത്തിട്ട് എന്റെ അടുത്ത് വരുന്നു. “ഇതുവഴി ഹരിതകർമ്മ സേനയിൽ ജോലി ലഭിക്കുമോ?” ഇതായിരുന്നു അവരുടെ ചോദ്യം. വിജ്ഞാനകേരളം ക്യാമ്പയിന് അതിനു കഴിയില്ല എന്നു വിശദീകരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “എന്തുവരെ പഠിച്ചിട്ടുണ്ട്?” ലഭിച്ച മറുപടി എന്നെ അമ്പരിപ്പിച്ചു.‘‘എംഎസ്-സി ബയോടെക്‌നോളജി ഇൻഫോമാറ്റിക്സ് ആണ്”. ഹരിതകർമ്മ സേനയിലേക്ക് പഞ്ചായത്ത് നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് എന്നു വിശദീകരിച്ച ശേഷം ഞാൻ ചോദിച്ചു, “നിങ്ങളെന്തിന് ഹരിതകർമ്മസേന ജോലിക്ക് പോവണം? മണ്ണുത്തി പ്രദേശത്ത് ധാരാളം നേഴ്സറികളില്ലേ, അവിടെയെവിടെയെങ്കിലും ജോലി നോക്കിക്കൂടേ’’? “അവർക്ക് ഇൻഫോമാറ്റിക്സ് ഒന്നും വേണ്ട ഗ്രാഫ്റ്റിങ്ങൊക്കെ മതി. ഞാനാണെങ്കിൽ ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പഠിച്ചിട്ടില്ല. പഠിച്ചതുതന്നെ ഇപ്പോൾ എല്ലാം ഓർക്കുന്നുമില്ല.”
മറ്റൊരനുഭവം കൂടി പറയാം: ഉത്തര മലബാറിലെ പ്രശസ്തമായ ഒരു റിസോർട്ട്. അവിടെയുള്ള ജീവനക്കാരിൽ മലയാളിയായ ഒരാളെപ്പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല. ചോദിച്ചപ്പോൾ അവിടുത്തെ തൊഴിൽമേധാവി നൽകിയ വിശദീകരണമിതായിരുന്നു: “ഇവിടെ വരുന്നവർ കൂടുതലും വടക്കേ ഇന്ത്യക്കാരാണ്. ഈ കസ്റ്റമർമാരോട് ആശയവിനിമയം നടത്തുന്നതിന് ഇംഗ്ലീഷോ ഹിന്ദിയോ അറിയണം, ആതിഥേയ മര്യാദകൾ അറിഞ്ഞിരിക്കണം, അങ്ങനെയുള്ളവരെ ഇവിടെ നിന്ന് കിട്ടുവാൻ പ്രയാസമാണ്. ബാംഗ്ലൂരിൽ സുലഭമാണ്. അതുകൊണ്ട് ഞങ്ങൾ അവിടെനിന്നാണ് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുന്നത്.”
ഇത്തരം അനുഭവങ്ങളാണ് വിജ്ഞാന കേരളത്തിന്റെ ഭാഗമായി വീട്ടമ്മമാർക്ക് നൈപുണി പരിശീലനം നൽകി പ്രാദേശിക തൊഴിൽ നൽകാനുള്ള ക്യാമ്പയിനിലേക്ക് എത്തിയത്. കുടുംബശ്രീയുടെ മുൻകൈയിൽ തദ്ദേശഭരണ വകുപ്പാണ് ഈ ദൗത്യം നയിക്കുന്നത്. ഈയൊരു സന്ദർഭത്തിൽ മേൽപ്പറഞ്ഞ കഥയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും അവയുടെ പാഠങ്ങളും വിശദീകരിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
ചോദ്യം 1
എന്തുകൊണ്ട് എം എസ് സിക്കാരി
തൊഴിൽസേനയ്ക്ക് പുറത്തായി?
എംഎസ്-സി പാസായിട്ടും വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ നമ്മുടെ കഥാപാത്രം എന്തുകൊണ്ട് നിർബന്ധിതയായി എന്നതാണ് ആദ്യത്തെ ചോദ്യം. ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. കേരളത്തിൽ തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 20 ശതമാനത്തിൽ താഴെ മാത്രമേ വീടിനു പുറത്ത് ജോലിക്കു പോകുന്നുള്ളൂ. ബാക്കിയുള്ളവർ മുഴുവൻ വീട്ടമ്മമാരാണ്. എങ്ങനെ ഈ അഭ്യസ്തവിദ്യർ വീട്ടമ്മമാരായി ചുരുങ്ങി?
കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇതിനു കാരണം. ചിത്രം 1-ൽ 15-–29 വയസ്സിനിടയിലുള്ള യുവജനങ്ങളുടെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് കൊടുത്തിരിക്കുന്നു. കേരളത്തിലാണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ–29.39 ശതമാനം. ഇന്ത്യയിലെ ശരാശരി തൊഴിലില്ലായ്മയുടെ ഏതാണ്ട് മൂന്നുമടങ്ങ്.

സംസ്ഥാനങ്ങളിലെ യുവജനങ്ങളുടെ (15-–29 വയസിനിടയിൽ) തൊഴിലില്ലായ്മാ നിരക്ക്, – 2024
ചിത്രത്തിൽ തെളിയാത്ത മറ്റൊരു കാര്യവുംകൂടിയുണ്ട്. കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ പുരുഷന്മാരെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്. 1970-കളിലും 1980-കളിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മയായിരുന്നു കൂടുതൽ താഴ്ന്നത്. എന്നാൽ അതിനുശേഷം സ്ഥിതിഗതികളാകെ മാറി. 1993-–94-ൽ ഇരട്ടിയായി. 2009–-10-ൽ അത് 5 മടങ്ങായി ഉയർന്നു. തുടർന്ന് വ്യത്യാസം കുറഞ്ഞെങ്കിലും ഇപ്പോഴും സ്ത്രീകളുടെ തൊഴിലില്ലായ്മ പുരുഷന്മാരുടേതിനെ അപേക്ഷിച്ച് 3.5 മടങ്ങ് കൂടുതലാണ്.
എത്ര അന്വേഷിച്ചാലും തൊഴിൽ കിട്ടില്ലായെന്ന അവസ്ഥയുണ്ടാകുമ്പോൾ സ്ത്രീകൾ തൊഴിലന്വേഷണം തന്നെ അവസാനിപ്പിക്കുന്നു. ആര് ചോദിച്ചാലും വീട്ടമ്മ എന്നാണ് സ്വയം വിശേഷിപ്പിക്കുക. അങ്ങനെ തൊഴിൽസേനയിൽ നിന്നുതന്നെ പുറത്തുപോകുന്നു. 15-ഉം 60-ഉം വയസിനിടയ്ക്ക് പ്രായമുള്ളവർ ജോലി ചെയ്യാൻ ശേഷിയുള്ള പ്രായത്തിൽപ്പെട്ടവരാണ്. അവരിൽ എത്ര ശതമാനം ജോലി അന്വേഷിക്കുകയോ ജോലിയിൽ ഏർപ്പെടുകയോ ചെയ്യുന്നുണ്ട്? അവരെയാണ് തൊഴിൽസേനയെന്നു വിളിക്കുന്നത്. തൊഴിൽ പ്രായത്തിലെ ജനസംഖ്യയിൽ തൊഴിൽസേന എത്ര ശതമാനം വരുമെന്നുള്ളതിനെയാണ് തൊഴിൽപങ്കാളിത്തനിരക്ക് എന്നു വിളിക്കുന്നത്. കേരളത്തിലെ പുരുഷന്മാരിൽ 70 ശതമാനം തൊഴിൽസേനയിൽ ഉൾപ്പെടുന്നു. അതേസമയം സ്ത്രീകളുടെ 30 ശതമാനത്തിൽ താഴെ മാത്രമേ തൊഴിൽസേനയിൽ ഉൾപ്പെടുന്നുള്ളൂ. എന്നുവച്ചാൽ പുരുഷന്മാരെ അപേക്ഷിച്ച് പകുതിയിൽ താഴെ സ്ത്രീകൾക്കേ തൊഴിൽ പങ്കാളിത്തമുള്ളൂ.
എന്തുകൊണ്ട് സ്ത്രീകൾ തൊഴിൽ സേനയ്ക്ക് പുറത്തുപോകുന്നു? എന്തുകൊണ്ട് പുരുഷന്മാർ പോകുന്നില്ല? സ്ത്രീയുടെ സാമൂഹ്യധർമ്മം സംബന്ധിച്ച മുൻവിധിയാണ് ഇതിനുകാരണം. സ്ത്രീയുടെ പ്രാഥമിക ചുമതല വീടിന്റെ പരിപാലനമാണെന്നാണ് പൊതുധാരണ. അതുകൊണ്ട് സ്ത്രീ തൊഴിലില്ലാതെ വീടിനുള്ളിൽ ചുരുങ്ങിയാലും അതിൽ വലിയ അപാകത സമൂഹം കാണുന്നില്ല. മറിച്ച് പുരുഷനാണ് സ്ഥിരമായി തൊഴിൽ കിട്ടാത്തതെങ്കിൽ അതു വലിയ സാമൂഹ്യപ്രശ്നമാണ്. സ്ത്രീക്കു തൊഴിലില്ലെങ്കിൽ സാധാരണ സംഭവം മാത്രം. വിവാഹം കഴിച്ചുകൊടുക്കാനായില്ലെങ്കിൽ മാത്രമേ സമൂഹത്തിൽ സംസാരമാകൂ.
പാഠം ഒന്ന്
രൂക്ഷമായ തൊഴിലില്ലായ്മ കേരളത്തിലെ സ്ത്രീകളെ വീട്ടമ്മമാരായി ഒതുങ്ങിക്കൂടാൻ നിർബന്ധിതരാക്കുന്നു.
ചോദ്യം 2
എന്തുകൊണ്ട് എം എസ് സിക്കാരി ഇപ്പോൾ
ഹരിതകർമ്മ സേനയിൽ ജോലിക്കുപോകാൻ
തയ്യാറാകുന്നു?
ഇങ്ങനെ വീടിനുള്ളിൽ വീട്ടമ്മയായി ഒതുങ്ങുമ്പോഴും ഉപജീവനത്തിന് എന്തെങ്കിലും അധികവരുമാനം തേടാൻ സ്ത്രീ നിർബന്ധിതയാണ്. കുട്ടി സ്കൂളിൽ പോകുന്ന പ്രായമാകുമ്പോഴേക്കും ചെലവും കൂടുന്നു. വീടുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഏർപ്പെടുന്ന ഉപജീവനതൊഴിലുകൾ പലതാണ്. അടുക്കളത്തോട്ടം, പശു-–ആട്-–കോഴി വളർത്തൽ, ട്യൂഷൻ എടുക്കൽ, പലഹാര നിർമ്മാണം, വിറകുശേഖരണം തുടങ്ങിയവ ഇതിൽപ്പെടും. സാധാരണഗതിയിൽ ഇത്തരം ജോലികളെ തൊഴിലായി കണക്കാക്കാറില്ല.
ഇന്ത്യയിൽ ബിജെപി സർക്കാർ തൊഴിലില്ലായ്മാ കണക്കെടുപ്പിൽ കൊണ്ടുവന്ന ഒരു പരിഷ്കാരം ഇത്തരം ജോലികളെക്കൂടി തൊഴിലായി പരിഗണിച്ചതാണ്. മോദിയുടെ ഭരണത്തിൽ തൊഴിലില്ലായ്മ കുത്തനെ ഉയർന്നതായി ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ ചൂണ്ടിക്കാണിച്ചപ്പോഴുണ്ടായ ജാള്യത മറയ്ക്കാനാണ് കണക്കു കൂട്ടുന്ന രീതിതന്നെ മാറ്റിയത്. ഇതുമൂലം ഔദ്യോഗിക കണക്കിൽ തൊഴിലില്ലായ്മ കുറഞ്ഞു. തൊഴിലെടുക്കുന്നവരുടെ എണ്ണം അഥവാ തൊഴിൽ പങ്കാളിത്തം ഉയർന്നു. ഇപ്പോൾ ഔദ്യോഗിക കണക്കു പ്രകാരം കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 36 ശതമാനമാണ്. എന്നാൽ യഥാർത്ഥത്തിൽ വീടിനു പുറത്ത് തൊഴിലെടുക്കാൻ പോകുന്നവർ 11 ശതമാനമേ വരൂവെന്നാണ് അനൗദ്യോഗിക കണക്ക്. നമ്മൾ തൽകാലം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ താഴെയാണെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഇതിൽനിന്നും ഒരുകാര്യം വ്യക്തം. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് വീടിനുള്ളിൽ എന്തെങ്കിലും തൊഴിലുകളിൽ ഏർപ്പെടാൻ കൂടുതൽ കൂടുതൽ സ്ത്രീകൾ നിർബന്ധിതരാണ്. തൊഴിൽ കൂടിയേ തീരൂ. പക്ഷേ, വീട് വിട്ടുപോകാൻ കഴിയില്ല.
കുട്ടിക്ക് സ്കൂൾ പ്രായമായാൽ വീടിനു പുറത്തു ജോലിക്കു പോകാനും തയ്യാർ. പക്ഷേ, തൊഴിൽ വീടിന് അടുത്തായിരിക്കണം. നമ്മുടെ എംഎസ്-സി ബയോ ടെക്നോളജിക്കാരി അങ്ങനെയാണ് ഹരിത കർമ്മസേന ജോലി വാങ്ങാൻ തീരുമാനിച്ചത്. പ്രതിമാസം 10,000 രൂപ ലഭിച്ചാലും തല്ക്കാലം തൃപ്തിയാണ്. വീടിനടുത്ത് ജോലി ചെയ്യാമല്ലോ.
പാഠം രണ്ട്
വീട്ടമ്മയായിരിക്കുമ്പോഴും എന്തെങ്കിലും ഭാഗിക ഉപജീവന തൊഴിലിൽ ഏർപ്പെടാൻ നിർബന്ധിതയാണ്. കുട്ടിക്ക് പ്രായമായാൽ വേതനാധിഷ്ഠിത തൊഴിലിനും തയ്യാറാണ്. ഒറ്റ നിർബന്ധം മാത്രം: തൊഴിൽ വീടിനടുത്തായിരിക്കണം.
ചോദ്യം 3
എന്തുകൊണ്ട് പ്ലാന്റ് നേഴ്സറികളിലൊന്നിൽ
എം എസ് സിക്കാരി ജോലിക്കു പോയില്ല?
പഠനം കഴിഞ്ഞ് ദീർഘനാൾ മാറിനിന്നു കഴിയുമ്പോൾ പഠിച്ചതു മറന്നുപോകും. നൈപുണി നഷ്ടപ്പെടാം. നമ്മുടെ കഥാപാത്രം ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പഠിച്ചിട്ടില്ല. ചുരുക്കത്തിൽ, വീടിനു പുറത്ത് തൊഴിലിനു പോകുന്നതിനു തടസ്സം വേണ്ടത്ര നൈപുണി ഇല്ലാത്തതാണ്.
യഥാർത്ഥത്തിൽ എതാനും നാൾകൊണ്ട് നൈപുണി ആർജിക്കാം. ആരെങ്കിലും പരിശീലനം നൽകാൻ തയ്യാറായാൽ മതി. നമ്മുടെ രണ്ടാമത്തെ കഥയിൽ ഇത് കൂടുതൽ വ്യക്തമാണ്. റിസോർട്ടിൽ പ്രദേശവാസികൾക്കു ജോലി ലഭിക്കാത്തതിനു കാരണം ആവശ്യമായ ഭാഷാ നൈപുണി ഇല്ലാത്തതാണ്.
ഹരിത കർമ്മസേനയ്ക്ക് ആവശ്യമായ നൈപുണി പരിശീലനം നൽകാൻ സംവിധാനം കേരളത്തിൽ ഉണ്ടാക്കി. മാലിന്യം തരംതിരിക്കുന്നതിനും ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള ഉപാധികൾ അവലംബിക്കുന്നതിനും വേണ്ടഡരിപശീശീലനം അവർക്കു ലഭ്യമായി.
പാഠം മൂന്ന്
വീട്ടമ്മമാരായ സ്ത്രീകൾക്കു പ്രാദേശിക ജോലികൾ ചെയ്യാനുള്ള നൈപുണി പരിശീലനം നൽകിയാൽ ഏതാനും പേർക്കു തൊഴിൽ നൽകുന്നതിനു പ്രയാസമുണ്ടാവില്ല.
ചോദ്യം 4
എം.എസ്.സിക്കാരി ഹരിത കർമ്മസേനയിൽ
ജോലിക്കുപോകാൻ തയ്യാറായി എന്നതു
ശരിതന്നെ. പക്ഷേ, എത്ര സ്-ത്രീകൾ ഇത്തരം
ജോലിക്കു സന്നദ്ധരാകും?
ഈ അനുഭവം മറ്റൊരു പ്രധാന സൂചന കൂടി നൽകുന്നുണ്ട്. ഹരിത കർമ്മസേനയിൽ ജോലി ചെയ്യുന്നതിന് നമ്മുടെ എം.എസ്.സിക്കാരിക്ക് മടിയില്ല. ഹരിത കർമ്മസേന ചെയ്യുന്നതു ശുചീകരണ പ്രവർത്തനമാണ്. നമ്മുടെ ജാതിബോധത്തിൽ ഏറ്റവും താഴ്ന്ന ജോലിയാണ് ഇതെന്നാണു വയ്പ്. ആ ബോധം മാറി. ഇന്ന് എല്ലാ സാമൂഹ്യ വിഭാഗങ്ങളും ഹരിത കർമ്മസേനയിലുണ്ട്. വിദ്യാസമ്പന്നരുമുണ്ട്. ഇത്തരമൊരു മാന്യത ഹരിത കർമ്മസേനയ്ക്ക് നൽകിയതിൽ വലിയൊരു പങ്ക് കുടുംബശ്രീക്കുണ്ട്. കുടുംബശ്രീ ലഭ്യമാക്കിയ സാമൂഹ്യ പിന്തുണയാണ് ഈയൊരു പരിവർത്തനം സാധ്യമാക്കിയത്. യൂണിഫോമും യൂസർഫീയും പരിശീലനവും തൊഴിലിനെക്കുറിച്ചുള്ള ധാരണ മാറ്റി. ഇതൊരു സോഷ്യൽ എഞ്ചിനീയറിംഗാണ്. ഏതു തൊഴിലും മാന്യമാണ്. ഏതു തൊഴിലും നമ്മുടെ അഭിമാനമാണ്.
നോക്കൂ, കേരളത്തിൽ പഠിക്കുന്ന കുട്ടികളോ സ്ത്രീകളോ ഹോട്ടലുകളിൽ ജോലിക്കു നിൽക്കുന്നത് അത്യപൂർവ്വമായിരിക്കും. എന്നാൽ വിദേശത്തു പഠിക്കാൻ പോകുന്ന കുട്ടികൾ ഹോട്ടലുകളിൽ ജോലി ചെയ്യുന്നത് സർവ്വസാധാരണമാണ്. അതല്ലെങ്കിൽ നമ്മുടെ നാട്ടിൽ തുണിക്കടകളിലും മറ്റും സെയിൽസിന് സ്ത്രീകൾ നിൽക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അവരിൽ നല്ലപങ്കും മറ്റു പ്രദേശങ്ങളിൽ നിന്നും വന്ന് ഹോസ്റ്റലുകളിൽ താമസിച്ച് ജോലി ചെയ്യുന്നവരാണ്. സ്വന്തം നാട്ടിൽ ഇത്തരം ജോലികൾ ചെയ്യാൻ പലർക്കും മടിയാണ്. ഈയൊരു കാഴ്ചപ്പാട് മാറണം.
വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും മറ്റും വിലയിരുത്തി നേഴ്സറി ഉടമകൾ പ്രദേശത്തെ സ്ത്രീകളെ തൊഴിലിനായി തിരഞ്ഞെടുക്കട്ടെ. കുടുംബശ്രീ / പഞ്ചായത്ത് / കോർപറേഷൻ തുടങ്ങിയവയിൽ ഇങ്ങനെ തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൈപുണി പരിശീലനം നൽകി തൊഴിൽ ചെയ്യാൻ പ്രാപ്തമാക്കുമെന്ന് ഉറപ്പ് നൽകണം, സാമൂഹ്യപിന്തുണയും ലഭ്യമാക്കണം.
പാഠം നാല്
തൊഴിൽ മഹിമയ്ക്ക് സാമൂഹിക അംഗീകാരമുണ്ടെങ്കിൽ ഏതു തൊഴിൽ ചെയ്യുവാനും സ്ത്രീകൾ മുന്നോട്ടുവരും.
ചോദ്യം 5
എം എസ് സിക്കാരിയുടെ വിദ്യാഭ്യാസ
യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലാണോ നേഴ്സറിയിലേത്?
ഈ സന്ദർഭത്തിൽ പ്രസക്തമായൊരു ചോദ്യമാണിത്. കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകളെ ഇത്തരം താഴ്ന്ന വരുമാന തൊഴിലുകളിൽ തളച്ചിടുന്നതിലേക്ക് ഈ ഇടപെടൽ നയിക്കില്ലേ?
വീടിനുള്ളിൽ ചെയ്യുന്ന കാണാപ്പണികളിലൂടെ പ്രത്യക്ഷ വരുമാനദായകമല്ലാത്ത ജോലികൾ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് അതത് പ്രദേശത്ത് വരുമാനം കുറഞ്ഞതാണെങ്കിലും ഉള്ള തൊഴിലുകളിൽ ഏർപ്പെടുന്നത്. ഇതൊരു തുടക്കം മാത്രം. പ്രാദേശിക ജോലികൾ ചെയ്യാൻ തയ്യാറായ സ്ത്രീകൾക്ക് നൈപുണി പരിശീലനം നൽകുന്ന കാര്യം പറഞ്ഞുവല്ലോ. ജോലി ചെയ്യുന്ന വേളയിൽ അവരുടെ നൈപുണി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും വിജ്ഞാന കേരളം ക്യാമ്പയിന്റെ ലക്ഷ്യമാണ്. ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ രൂപകല്പന ചെയ്യുന്നതിന് ഓപ്പൺ സർവ്വകലാശാലയുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. എടുക്കുന്ന ജോലി, സർട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രായോഗിക പരിചയ പ്രവർത്തനമായി കണക്കാക്കും. അങ്ങനെ സ്ത്രീകളുടെ കരിയർ പുരോഗതി ഒരു പരിധിവരെ സാധ്യമാക്കാം.
മറ്റൊന്ന്, ജോലിയില്ലാത്ത അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും കരിയർ ബ്രേക്ക് ചെയ്തിരിക്കുന്ന സ്ത്രീകൾക്കും വീട്ടിനുള്ളിലോ വീടിനടുത്തോ ഡിജിറ്റൽ ജോലികൾ വഴി മെച്ചപ്പെട്ട വരുമാനം ഉറപ്പു നൽകുന്ന വർക്ക് നിയർ ഹോം ഡിജിറ്റൽ തൊഴിലുകൾ ലഭ്യമാക്കാനും പരിശ്രമമുണ്ട്. ഇതിനുള്ള എല്ലാ സാധ്യതകളും വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ പരിശോധിക്കും.
വിജ്ഞാന കേരളം ക്യാമ്പയിനിന്റെ തൊഴിൽ അന്വേഷക പ്ലാറ്റ്ഫോമായ Digital Workforce Management System (DWMS)-ൽ രജിസ്റ്റർ ചെയ്ത് സ്വന്തം പ്രദേശത്തിനുപുറത്ത് പുരുഷന്മാരെപോലെ തൊഴിൽ തേടുന്നതിന് സ്ത്രീകൾക്ക് എല്ലാ പിന്തുണയും നൽകും. കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ആൺകുട്ടികളെപ്പോലെ തന്നെ നൈപുണി പരിശീലനത്തിനും ക്യാമ്പസ് പ്ലേസ്-മെന്റിനും തുല്യഅവസരമുണ്ട്.
പാഠം അഞ്ച്
കാണാപ്പണികളേക്കാൾ നല്ലതാണ് പ്രാദേശിക വേതനാധിഷ്ഠിത തൊഴിലുകൾ. അവിടെ തളച്ചിടാനല്ല മുന്നോട്ടുപോകുവാനാണ് വിജ്ഞാന കേരളം പിന്തുണ നൽകുന്നത്.
ചോദ്യം 6
മുഴുവൻ വീട്ടമ്മമാർക്കും തൊഴിൽ നൽകാൻ
കഴിയുന്നത്ര തൊഴിലുകൾ
പ്രാദേശികമായി ഉണ്ടോ?
ഇന്നത്തെ കേരളത്തിന്റെ ഏറ്റവും വലിയ വൈപരീത്യം നമ്മുടെ ഉയർന്ന തൊഴിലില്ലായ്മയാണ്. 35 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിൽ പണിയെടുക്കാൻ വടക്കേയിന്ത്യയിൽ നിന്നും ഇവിടെ വരുന്നത്. ഇങ്ങനെയുള്ളൊരു സംസ്ഥാനത്താണ് രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് എന്നത് ഒരു വൈപരീത്യമാണ്. അതിഥി തൊഴിലാളികളുടെ ജോലി മുഴുവൻ പ്രദേശവാസികൾക്ക് ചെയ്യാൻ കഴിയുമെന്നല്ല വാദം. അതിൽ ചെറുതല്ലാത്ത ഒരു ഭാഗം നാട്ടുകാർക്കുതന്നെ ചെയ്യാനാകും, പ്രത്യേകിച്ച് സ്ത്രീകൾക്ക്.
കേരളത്തിലെ തൊഴിൽ സംരംഭക സംഘടനകളുമായി നടത്തിയ ചർച്ചകളിലെല്ലാം വ്യാപകമായി ഉയർന്ന ഒരു പരാതി കേരളത്തിൽ ജോലിക്ക് ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ലായെന്നതാണ്. പുരുഷ തൊഴിലാളികളെ ജോലിക്കെടുത്താൽത്തന്നെ അധികം താമസിയാതെ അവർ മറ്റെവിടേക്കെങ്കിലും മാറും. കാരണം അവർ കേരളത്തിൽ ഇന്നു ലഭ്യമായ സ്വകാര്യ തൊഴിലവസരങ്ങളിൽ തൃപ്തരല്ല. അഭ്യസ്തവിദ്യരുടെ ഉയർന്ന തൊഴിൽ പ്രതീക്ഷകൾക്കനുസൃതമായ തൊഴിലുകൾ നിരന്തരം അവർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവും വേഗതയിൽ വളരുന്നത് ഫാക്ടറി മേഖലയല്ല. സൂക്ഷ്മ-ചെറുകിട-–ഇടത്തരം വ്യവസായ മേഖലകളാണ്. ഇവിടെയാണ് തൊഴിലവസരങ്ങൾ ഉണ്ടാകുന്നത്. വ്യവസായ വകുപ്പിന്റെ കണക്കു പ്രകാരം സംരംഭക വർഷത്തിൽ 3.50 ലക്ഷം സംരംഭങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 7.50 ലക്ഷം പേരാണ് ഈ സംരംഭങ്ങളിൽ തൊഴിലെടുക്കുന്നത്. ഇവരിൽ ഗണ്യമായൊരു ഭാഗം അതിഥി തൊഴിലാളികളാകാം. എന്തുകൊണ്ട് അതിലൊരു പങ്ക് അതതു പ്രദേശത്തെ വീട്ടമ്മമാർക്ക് ആയിക്കൂടാ? ഇതുതന്നെയാണ് കേരളത്തിൽ അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയിലെ റിസോർട്ടുകളുടെയും സ്ഥിതി. അതിവേഗം വളരുന്ന മറ്റൊരു മേഖലയാണ് സംഘടിത വാണിജ്യ മേഖല. വലിയൊരു സംഘം വിപണന തൊഴിലാളികളെ ഓരോ ഹൈപ്പർ മാർക്കറ്റിലും മാളുകളിലും ആവശ്യമായി വരുന്നു.
കുടുംബശ്രീ ഇതിനകം ഏറ്റെടുത്തിട്ടുള്ള പദ്ധതിയാണ് കെ- –കെയർ. കിടപ്പുരോഗികൾക്ക് വീട്ടിൽ പരിചരണം നൽകുന്നതിന് കെയർ ഗീവേഴ്സിനെ പരിശീലനം നൽകി വീട്ടുകാർക്കു ലഭ്യമാക്കുന്ന പദ്ധതിയാണിത്. മറ്റൊന്ന്, മൾട്ടി ടാസ്ക് സർവീസ് ടീമുകളുടേതാണ്. എല്ലാ പഞ്ചായത്തിലും പ്ലംബിംഗ്, റിപ്പയറിംഗ്, ഇലക്ട്രിക്, പെയിന്റിംഗ് തുടങ്ങിയ എല്ലാവിധ ജോലികളും ചെയ്യാൻ തയ്യാറുള്ള ഒരു ടീമിനു രൂപം നൽകുകയും ഡിജിറ്റൽ സംവിധാനത്തിലൂടെ ആവശ്യക്കാർക്ക് സേവനം എത്രയും പെട്ടെന്ന് എത്തിച്ചുകൊടുക്കാൻ ഏർപ്പാട് ഉണ്ടാക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള സംരംഭങ്ങളെല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള ബൃഹത്തായ ഒരു തൊഴിൽ ഡ്രൈവിനാണ് കുടുംബശ്രീ മുൻകൈയെടുക്കുന്നത്.
ഹൈപ്പർ ലോക്കൽ തൊഴിലുകളെന്ന് പറഞ്ഞാൽ ഓരോ പ്രദേശത്തെയും ചെറുകിട – സൂക്ഷ്മ സംരംഭങ്ങളിലെ തൊഴിലുകളാണ്. ഇവ പ്രാദേശികമായേ സമാഹരിക്കാനാവൂ. പ്രദേശത്തെ ഇടത്തരം – വൻകിട തൊഴിൽദായകരുടെ സ്ഥാപനങ്ങളിലെ ജോലികളും പ്രാദേശികമായി സമാഹരിക്കാനാവും. ഇതിന് വലിയൊരു പങ്ക് വ്യവസായ വകുപ്പിന് വഹിക്കാനാകും. ഈ ചുമതല പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ വ്യവസായ വകുപ്പ് ഏറ്റെടുത്തു കഴിഞ്ഞു.
പാഠം ആറ്
വീട്ടമ്മമാരിൽ ഗണ്യമായൊരു വിഭാഗത്തിന് വീടിനടുത്തു തന്നെ തൊഴിൽ നൽകുന്നതിനുള്ള തൊഴിലവസരങ്ങൾ ഇപ്പോൾതന്നെ കേരളത്തിലുണ്ട്.
ചോദ്യം 7
അന്യഥാ നാട്ടിൽ ലഭ്യമാകുന്ന സ്വകാര്യ
തൊഴിലുകൾ സർക്കാരിന്റെ അക്കൗണ്ടിൽ കൊണ്ടുവന്ന് ക്രെഡിറ്റ് എടുക്കാനുള്ള
ഒരു ഏർപ്പാടല്ലേ ഇത്? എന്ത് പുതിയ
തൊഴിലാണ് ഇതുവഴി
സൃഷ്ടിക്കപ്പെടുന്നത്?
ഇങ്ങനെ ചോദിക്കാറുള്ളവർ ഏറെയുണ്ട്. അവരോടുള്ള ഉത്തരം ലളിതമാണ്. എന്തുകൊണ്ടാണ് കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ നിൽക്കുന്നത്? എന്തുകൊണ്ടാണ് കേരളത്തിൽ തൊഴിലെടുക്കാൻ 35 ലക്ഷത്തിലേറെ അതിഥി തൊഴിലാളികൾ വേണ്ടിവരുന്നത്? നിങ്ങൾ പറയുന്നതുപോലെ അത്ര എളുപ്പമാണ് കാര്യങ്ങളെങ്കിൽ ഇങ്ങനെയൊരു സ്ഥിതി ഉണ്ടാകാൻ പാടില്ലല്ലോ.
അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിലുകൾ കേരളത്തിൽതന്നെ സൃഷ്ടിക്കുന്നതിന് നിർണായക ഇടപെടലുകൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എന്നാൽ ഇവ ഫലപ്രാപ്തിയിലെത്താൻ ഏതാനും വർഷങ്ങൾ ഇനിയും വേണ്ടിവരും. ഈ അന്തരാളഘട്ടത്തിൽ വീട്ടമ്മമാരായ, എന്തെങ്കിലും വരുമാനദായക തൊഴിൽ വീടിനടുത്ത് അനിവാര്യമായിരിക്കുന്ന സ്ത്രീകൾക്ക് അവ ലഭ്യമാക്കുന്നതിനുള്ള ഒരു ജനകീയ ഇടപെടലാണ് കുടുംബശ്രീ നടത്തുന്നത്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഗണ്യമായി ഉയർത്തുന്നതിനുള്ള ആസൂത്രിതമായ ഒരു ഇടപെടലാണിത്.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയരുന്നത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തും. കേരളത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരോടൊപ്പം ഉയർന്നുവെന്നിരിക്കട്ടെ. അതിന്റെ സാമ്പത്തിക ഗുണഫലം എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കിക്കേ! ഇപ്പോൾ തന്നെ കേരളം ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു വരുന്നുണ്ട്. പണിയെടുക്കുന്ന സ്ത്രീകളുടെ എണ്ണം ഒരു ദശാബ്ദംകൊണ്ട് പുരുഷന്മാർക്കു തുല്യമാക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ ദേശീയ വരുമാനത്തിന്റെ വളർച്ച ഇതുകൊണ്ടുമാത്രം 20–-30 ശതമാനം വരെ ഉയരാനിടയുണ്ട്.
മേൽപ്പറഞ്ഞത് സ്ത്രീ തൊഴിൽ പങ്കാളിത്തത്തിന്റെ സാമ്പത്തിക മാനം. സ്ത്രീയുടെ സാമൂഹ്യപദവിയിലും ഇത് വലിയ വ്യത്യാസങ്ങളുണ്ടാക്കും. തൊഴിൽസേനയ്ക്ക് പുറത്തുപോകുന്ന സ്ത്രീകൾ വീട്ടുപണികളിൽ ഒതുങ്ങുന്നു. ഏറിയാൽ വീടുമായി ബന്ധപ്പെട്ട ഉപജീവനതൊഴിലുകളിൽ ഏർപ്പെടുന്നു. രണ്ടായാലും തൊഴിലിന്റെ കണക്കുകളിൽ ഉൾപ്പെടുത്താറില്ല. സ്ത്രീകൾ എടുക്കുന്ന പണി അദൃശ്യമായി തുടരുന്നു. സ്ത്രീയുടെ തൊഴിൽ ദൃശ്യമായിത്തീരുന്നത് അവർക്കുള്ള സാമൂഹിക അംഗീകാരം ഉയരാൻ സഹായിക്കും.
കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി, അതായത് വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോഗം തുടങ്ങിയവയിൽ അവരുടെ സ്ഥിതി, മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് വളരെ മെച്ചമാണ്. എന്നാൽ സാമൂഹ്യപദവിയുടെ കാര്യത്തിൽ, അതായത് പുരുഷന്മാരെ അപേക്ഷിച്ച് സമൂഹത്തിലുള്ള സ്ഥാനത്തിൽ, അവരുടെ പദവി മറ്റേതു സംസ്ഥാനത്തിലെയും സ്ത്രീകളെപ്പോലെതന്നെയാണ്. ഇതാണ് മറ്റൊരു വൈപരീത്യം.
ഈ സ്ഥിതിവിശേഷത്തിനു പിന്നിൽ കേവലം സാമ്പത്തിക കാരണങ്ങൾ മാത്രമല്ല. സാമൂഹിക–സാംസ്കാരിക കാരണങ്ങളാണ് മുഖ്യം. പക്ഷേ, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയരുന്നതും അവരുടെ സംഭാവന ദൃശ്യമാകുന്നതും വരുമാനത്തിലുള്ള നിയന്ത്രണം വർദ്ധിക്കുന്നതുമെല്ലാം സ്ത്രീ പദവി ഉയർത്താൻ സഹായിക്കും.
ഇതുവരെ കുടുംബശ്രീ അംഗങ്ങളുടെ വരുമാന വർദ്ധനവിന് സ്വയംതൊഴിൽ സംരംഭങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അത് ഇനിയും തുടരും. എന്നാൽ അതോടൊപ്പം വേതനാധിഷ്ഠിത തൊഴിലുകൾക്കുവേണ്ടി സ്ത്രീകളെ പരിശീലിപ്പിച്ച് അണിനിരത്തും. അതുവഴി രജതജൂബിലി വർഷത്തിൽ കുടുംബശ്രീ ദൂരവ്യാപകമായ സാമൂഹിക–സാമ്പത്തിക ഫലങ്ങൾ സൃഷ്ടിക്കാനുതകുന്ന പുതിയൊരു ദൗത്യം ഏറ്റെടുക്കുകയാണുണ്ടായത്. l



