Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിതളിപ്പറമ്പ് മാതൃക
 കേരള മാതൃക

തളിപ്പറമ്പ് മാതൃക
 കേരള മാതൃക

തൊഴിലില്ലായ്മ ലോകത്തെ അലട്ടുന്ന പ്രശ്നമാണ്. നിയോലിബറൽ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾ തൊഴിൽ മേഖലയിൽ നിന്ന് പതുക്കെപ്പതുക്കെ പിന്മാറുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ സ്വകാര്യവൽകരിക്കപ്പെടുകയുമാണ്. അതുകൊണ്ടുതന്നെ സ്ഥിരം തൊഴിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും തൊഴിലന്വേഷകർക്ക് എങ്ങനെ തൊഴിൽ നൽകാൻ കഴിയും എന്ന ആലോചനയുടെ ഫലമാണ് കണക്ടിങ്ങ് തളിപ്പറമ്പ എന്ന പദ്ധതി.

അത്യുത്തരമലബാറിലെ ഒരു മലയോരപട്ടണമെന്ന മേൽവിലാസത്തിൽ നിന്ന് തളിപ്പറമ്പ് ഇന്ന് ലോകമാതൃകയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നിയമസഭാമണ്ഡലമെന്ന ചരിത്രം തളിപ്പറമ്പിനു സ്വന്തം. ജീവിത നിലവാരം ഉയർത്തിക്കൊണ്ടുതന്നെ, അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കിടക്കുന്ന ഒരു കുടുംബവുമില്ലെന്നുറപ്പാക്കിക്കൊണ്ട് കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടന്നതും തളിപ്പറമ്പ് മണ്ഡലത്തിലെ കുറ്റ്യാട്ടൂരിലായിരുന്നു. അതിനുപിന്നാലെ ഓരോ തദ്ദേശസ്ഥാപനങ്ങളായി ഈ നേട്ടങ്ങളുടെ പട്ടികയിലിടംപിടിച്ചു. കേരളത്തിലെ, ഇന്ത്യയിലെതന്നെ ആദ്യ സന്തോഷനഗരമെന്ന ചരിത്രത്തിലും തളിപ്പറമ്പ് ഇടംനേടി.

ഒരു കുടുംബത്തിന്റെ സന്തോഷത്തിലേക്കുള്ള ആദ്യ വഴികളിലൊന്ന് അവരുടെ ജീവിത നിലവാരം ഉയർത്തലാണ്. കൃത്യമായ വരുമാനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന തിരിച്ചറിവിലാണ് കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്ഥിരതയാർന്ന വരുമാനമെന്ന രീതിയിലുള്ള പദ്ധതികൾ ഉയർന്നുവന്നത്. ആ സ്വപ്ന നേട്ടത്തിന്റെ പേരാണ് കണക്ടിങ് തളിപ്പറമ്പ. 372 ദിവസംകൊണ്ട്‌ 1100 പേർക്കാണ് ‘കണക്ടിങ്‌ തളിപ്പറമ്പ’യിലൂടെ ജോലി നൽകിയത്. മണ്ഡലത്തിലാകെ ഇ‍ൗയിടെ നടത്തിയ സർവേയിൽ, ആറു മാസത്തിനുള്ളിൽ ജോലി വേണം എന്നാവശ്യപ്പെട്ട ആറായിരം പേരാണുള്ളത്. അവർക്കായി മെഗാജോബ്‌ഫെയർ നടത്തി. അതിലൂടെ 142 പേർക‍ൂടി ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. ഇതുമൊരു ചരിത്രമാണ്‌. തളിപ്പറമ്പിന് പറയാനുള്ള ചരിത്രം.

‘പണി’തുയർത്തും നവലോകം
നാക്കില വിരിച്ചിട്ടപോലെ ഇന്ത്യയുടെ തെക്കേമുനമ്പിൽ നീണ്ടുകിടക്കുന്ന കേരളത്തിലെ ജനങ്ങൾ എത്താത്ത ദേശാന്തരങ്ങളില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്യസ്‌തവിദ്യരുള്ള കേരളത്തിൽ നിന്നുള്ളവർ ഏതാണ്ടെല്ലാ രാജ്യത്തും യഥേഷ്ടമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരുൾപ്പെടെ കൂടുതലുള്ളതുകൊണ്ട് തൊഴിലന്വേഷകരിലും കേരളം ഏറെ മുന്നിലാണ്‌… വേറെ തൊഴിലിന്‌ ശ്രമിക്കാതെ ‘വീട്ടമ്മ’മാരായി ശമ്പളമില്ലാതെ ജോലിചെയ്യുന്നവരുടെ എണ്ണമാകട്ടെ, ജനസംഖ്യയുടെ പകുതിയോടടുക്കും. തൊഴിലന്വേഷകരുടെ എണ്ണം കൂടുതലുള്ളതിനാൽ തൊഴിലിനുവേണ്ടി ശ്രമിക്കുന്നവർക്കിടയിലാകട്ടെ, കടുത്ത മത്സരവും. ഇ‍ൗയൊരു പശ്ചാത്തലത്തിലാണ് രണ്ടാം പിണറായി സർക്കാരിൽ തദ്ദേശമന്ത്രിയായിരിക്കെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്നപേരിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടത്‌. തൊഴിൽ, സംരംഭകത്വം, നൈപുണ്യവികസനം എന്നീ മൂന്ന്‌ ലക്ഷ്യങ്ങളോടെ കേരള നോളജ്‌ ഇക്കോണമി മിഷന്‌ കീഴിലായിരുന്നു ഇത്‌. തളിപ്പറമ്പ്‌ ഇക്കണോമിക് ഡവലപ്‌മെന്റ്‌ കൗൺസിൽ (ടിഇഡിസി) എന്ന പേരിൽ ജനപ്രതിനിധികൾ, വ്യവസായപ്രമുഖർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുൾപ്പെട്ട ഒരു അനൗദ്യോഗിക സംവിധാനം തളിപ്പറമ്പിലൊരുക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട്‌ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും തൊഴിൽ സംരംഭകത്വ വികസനപദ്ധതിയായി അതു മാറി. ഇതോടെ കാര്യങ്ങൾക്ക്‌ വേഗംകൂടി. തദ്ദേശസ്ഥാപനങ്ങളിലെ തൊഴിലന്വേഷകരുടെ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തി. തൊഴിലന്വേഷകരിലെ മിടുക്കരായ 30പേരെ തെരഞ്ഞെടുത്ത് 13 ടെലികോളേഴ്‌സിനെയും 17 കരിയർ കൗൺസിലർമാരെയും നിയോഗിച്ചു. ഏഴ്‌ പഞ്ചായത്തിലും രണ്ട്‌ നഗരസഭയിലുമായി 2023 അവസാനഘട്ടത്തിൽ 11,546 തൊഴിലന്വേഷകരെ കണ്ടെത്തി. ഇവർക്കായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജോബ്‌ സ്‌റ്റേഷനുകളും ഒപ്പം കമ്യൂണിറ്റി അംബാസിഡർമാരെയും കരിയർ കൗൺസിലർമാരെയും സജ്ജീകരിച്ചു. ഇവരാണ് കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം) സംവിധാനത്തിലൂടെ ഉദ്യോഗാർഥികളെ കണ്ടെത്തി രജിസ്‌റ്റർ ചെയ്യിക്കുന്നത്. സർവേയിലൂടെ തൊഴിലന്വേഷകരായി കണ്ടെത്തിയവരിൽ 7276പേർ ഉടൻ ജോലിവേണമെന്ന്‌ ആഗ്രഹിച്ചവരായിരുന്നു. 3380 പേർ ജോലിക്കുവേണ്ടിയുള്ള കരിയർ കൗൺസിലിങ്‌ പൂർത്തീകരിച്ച്‌ തത്സമയം ജോലിക്ക്‌ സന്നദ്ധരായി. അവർക്കായി രണ്ടുവർഷത്തിനിടെ 37 ജോബ്‌ ഡ്രൈവുകളും രണ്ട്‌ ജോബ്‌ഫെയറുകളും സംഘടിപ്പിച്ചു.

ഒരനുഭവകഥ
വിദേശത്ത് മികച്ച ജോലിയും വരുമാനവും ഏറെ അകലെയുള്ള സ്വപ്‌നമായിട്ടാണ്‌ ഞാൻ കരുതിയത്‌. വിസ, അതിനുള്ള ചെലവൊക്കെ ആലോചിക്കുമ്പോൾ നടക്കില്ലെന്ന്‌ ഉറപ്പിച്ച സ്വപ്‌നം.. ആ സ്വപ്‌നം ഇപ്പോൾ എന്നിലില്ല, കാരണം അത് പൂവണിഞ്ഞിരിക്കുന്നു. … ബയോഡാറ്റ തയ്യാറാക്കിയും അഭിമുഖത്തിന്‌ പ്രാപ്‌തനാക്കിയും എന്നിലെ ആത്മവിശ്വാസത്തെ ഉണർത്തിയത് ‘കണക്ടിങ് തളിപ്പറമ്പ’യാണ്. നന്ദി പ്രിയപ്പെട്ട ഗോവിന്ദൻ മാഷിന്‌, എംഎൽഎ ഓഫീസിന്‌, കണക്ടിങ്‌ തളിപ്പറമ്പയിലെ എന്റെ പ്രിയപ്പെട്ടവർക്ക്‌…
അഭിജിത്ത്
പാപ്പിനിശ്ശേരി, കണ്ണൂർ

കണ്ണൂർ ഗവ. എൻജിനീയറിങ്‌ കോളേജിൽ നടന്ന മൂന്നാമത്തെ മെഗാ ജോബ്‌ഫെയറിൽ വിദേശത്തെയും സ്വദേശത്തെയും ഉൾപ്പെടെ ഇരുനൂറിനടുത്ത്‌ പ്രമുഖ കമ്പനികൾ പങ്കെടുത്തു.

തൊഴിൽമേളയിലെത്തിയതാകട്ടെ, ജില്ലയിലെ എണ്ണായിരം ഉദ്യോഗാർഥികൾ. 445 തൊഴിൽ വിഭാഗങ്ങളിലായി 35,000 ത്തിലധികം ഒഴിവുകളിലേക്ക്‌ അഭിമുഖം നടന്നു. ഒരു ഉദ്യോഗാർഥിക്കുതന്നെ അഞ്ച്‌ തസ്‌തികയിലേക്ക് അപേക്ഷിക്കാമെന്നതിനാൽ ഒരാൾതന്നെ വിവിധ കമ്പനികളുടെ അഭിമുഖത്തിലും പങ്കെടുത്തു. ഇതിൽ 1100 പേർക്ക്‌ ജോലി ലഭിച്ചു. കണ്ണൂർ കെൽട്രോണിൽ 60 പേരെ ഇന്റേൺ ആയും നിയമിച്ചു. വിവിധ കമ്പനികളിലായി മൂവായിരത്തിലേറെപേർ ചുരുക്കപ്പട്ടികയിലും ഇടംനേടി.

‘പണി’കിട്ടും
‘‘കണക്ടിങ്‌ തളിപ്പറമ്പ’’യുടെ ഭാഗമായി മണ്ഡലത്തിലെ ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. തൊഴിൽ സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധം ഗ്രാമാന്തരങ്ങളിലേക്ക്‌ പകർന്നുനൽകുന്നത്‌ കോളേജുകളിലെയും ഹയർസെക്കൻഡറി സ്കൂളുകളിലെയും എൻഎസ്‌എസ്‌ കുട്ടികളാണ്‌. ഇതിലൂടെ തൊഴിലിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ കുട്ടികളിൽ സ്വയം ബോധവൽക്കരണവും സാധ്യമാകുന്നു. തൊഴിലന്വേഷകർക്ക്‌ പലപ്പോഴും ജോലിസാധ്യതയിൽ വിലങ്ങുതടിയാവുന്ന കമ്യൂണിക്കേഷൻ– ഭാഷാ പ്രശ്‌നങ്ങൾക്കും കണക്ടിങ്‌ തളിപ്പറമ്പ പരിഹാരം കാണുന്നുണ്ട്‌. ഉദ്യോഗാർഥികളെ അഭിമുഖത്തിന്‌ പരിശീലിപ്പിച്ച ബയോഡാറ്റ തയ്യാറാക്കി നൽകിയും അവരുടെ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം പരിശീലനത്തിലൂടെ വർധിപ്പിച്ചും ആത്മവിശ്വാസമേകുന്നു.

വിജ്ഞാനകേരളത്തിന്റെ ഭാഗമായി മുൻ ചീഫ്‌ സെക്രട്ടറി കെ എം അബ്രഹാം കണ്ണൂർ എൻജിനീയറിങ്‌ കോളേജിലെത്തിയപ്പോൾ കണക്ടിങ്‌ തളിപ്പറമ്പയുടെ ടീം ലീഡേഴ്‌സുമായി സംസാരിച്ചിരുന്നു. അന്ന്‌ അദ്ദേഹം അവിടെ നിന്നും സ്വാംശീകരിച്ച കാര്യങ്ങളാണ്‌ ഇന്നിപ്പോൾ കേരളത്തിലാകെ തൊഴിൽ നൈപുണിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ജോബ്‌ സ്റ്റേഷനുകളുടെ വിപുലീകരണത്തിൽ എത്തിയത്‌.

എന്തുകൊണ്ട്‌ കണക്ടിങ്‌ തളിപ്പറമ്പ?
കുടുംബത്തിൽ ഒരാൾക്ക്‌ , അല്ലെങ്കിൽ അനേകം കുടുംബങ്ങൾക്ക്‌ ജോലി ലഭിക്കുമ്പോൾ അതിലൂടെ സാമൂഹ്യമുന്നേറ്റമുണ്ടാകുന്നു. അത്തരം സാമൂഹ്യമുന്നേറ്റമാണ്‌ നാടിന്റെ പുരോഗതിയുടെ അടിത്തറയാവുക. നാടിന്റെ സർവതോമുഖമായ പുരോഗതി ആത്യന്തികമായി മണ്ഡലത്തിലെ എല്ലാവിധ സാമൂഹ്യ ഇടപെടലിലും പ്രതിഫലിക്കും. എല്ലാവരും എപ്പോഴും സന്തോഷമുള്ളവരായിരിക്കണമെങ്കിൽ ഓരോ കുടുംബത്തിലും മികച്ച വരുമാനം ഉണ്ടാകണമെന്ന വലിയ ദാർശനികതയാണ്‌ ഇതിന്റെ അടിസ്ഥാനം. ഹാപ്പിനെസ്‌ എന്നത്‌ മികച്ച ജോലിയും അതിനാെത്ത വരുമാനവും ചേരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണെന്നും അതാണ്‌ ഹാപ്പിനെസ്‌ ഇൻഡക്‌സിലേക്കുള്ള ആദ്യ ചുവടുവെയ്‌പെന്നുമുള്ള ധാരണയാണ് ഇതിനു നിദാനമായത്. അത് ഉറപ്പുവരുത്താനാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ശ്രമിച്ചത്.

-മൂന്നുവർഷം മുമ്പ്‌ ഇങ്ങനെയൊരു ആശയം മുന്നോട്ടുവെക്കുമ്പോൾ നെറ്റിചുളിച്ചവരുണ്ട്‌. എംഎൽഎ തൊഴിൽ നൽകുന്നതെങ്ങനെ, കമ്പനികളിലേക്ക്‌ ശുപാർശ കത്ത്‌ നൽകലാകും എന്നൊക്കെ പറഞ്ഞവരുണ്ട്‌. അവരോട്‌ ഇത്രയേ പറയാനുള്ളൂ. ഒരു വർഷം കഴിയുമ്പോഴേക്കും ഞങ്ങൾ മണ്ഡലത്തിൽ ആയിരത്തിമുന്നൂറിലേറെപേർക്ക്‌ തൊഴിൽ നൽകി. വരുംവർഷത്തിനുള്ളിൽ ചുരുങ്ങിയത്‌ അയ്യായിരം പേർക്ക്‌ തൊഴിൽ നൽകും. ഞങ്ങൾ തുടങ്ങിവച്ച ജോബ്‌ സ്‌റ്റേഷനുകളും പദ്ധതിയും ഇന്ന്‌ കേരളമാകെ പടർന്നിട്ടുണ്ട്‌. കണക്ടിങ്‌ തളിപ്പറമ്പയിൽ ലോകത്തെയാകെ ഞങ്ങൾ കൂട്ടിച്ചേർക്കും… ഇതാണ്‌ ഞങ്ങടെ തളിപ്പറമ്പ്‌ മാതൃക, ഇതാണ്‌ കേരള മാതൃക.. ഇതാണ് തൊഴിലിലൂടെ ഞങ്ങൾ പണിതുയർത്തുന്ന നവലോകം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 2 =

Most Popular