കേരളത്തിന്റെ വ്യാവസായിക നഗരികളിലൊന്നായ എറണാകുളം സമീപകാലയളവിൽ വലിയ കുതിപ്പിന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. വലിയ നിക്ഷേപങ്ങൾ തുടർച്ചയായി വരുന്നതിനൊപ്പംതന്നെ സൂക്ഷ്മ – ചെറുകിട – ഇടത്തരം നിക്ഷേപങ്ങളിലും വലിയ വളർച്ച ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ഒപ്പം വൈജ്ഞാനിക സമ്പദ്ഘടനയായി വളരാനുള്ള കേരളത്തിന്റെ കുതിപ്പിലും ജില്ല സുപ്രധാന പങ്കുവഹിക്കുകയാണ്.
ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ആരംഭിച്ച മറ്റൊരു ജനകീയ വികസന യജ്ഞമാണ് വിജ്ഞാന കേരളം. കേരളമാകെ, അരലക്ഷത്തോളം വരുന്ന സന്നദ്ധപ്രവർത്തകരും പ്രൊഫഷണൽ മെന്റർമാരും ജനപ്രതിനിധികളുമെല്ലാം അണിനിരന്നുള്ള ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം ലഭ്യമാക്കാനും ഇങ്ങനെ പരിശീലനം നേടിയവർക്ക് പഠനം പൂർത്തിയാകുന്ന ഘട്ടത്തിൽ തൊഴിൽ ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ വിജയത്തിനായി നിരവധി തൊഴിൽ മേളകൾ ഇതിനോടകം എറണാകുളം ജില്ലയിൽ സംഘടിപ്പിച്ചുകഴിഞ്ഞു. പത്ത് ലക്ഷത്തിലധികം പേരാണ് സംസഥാനത്ത് വിജ്ഞാന കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊഴിലവസരങ്ങൾ കണ്ടെത്തി ചാർട്ട് ചെയ്തുകൊണ്ട് ഈ അവസരങ്ങളെ നമ്മുടെ ചെറുപ്പക്കാർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും വിധത്തിൽ മാറ്റിത്തീർക്കുകയാണ് വിജ്ഞാന കേരളം പദ്ധതി. ഇങ്ങനെ എറണാകുളം ജില്ലയിൽ മാത്രം 2,12,033 തൊഴിലവസരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 43,700 ഒഴിവുകൾ വിജ്ഞാന കേരളം പദ്ധതി ആരംഭിച്ചതിനുശേഷം കണ്ടെത്തിയതാണ്. ഇങ്ങനെ കണ്ടെത്തിയിട്ടുള്ള നിരവധി അവസരങ്ങളിൽ നമ്മുടെ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ സാധിച്ചു.
എങ്ങനെയാണ് ഒരു ചെറുപ്പക്കാരനെ/ചെറുപ്പക്കാരിയെ തൊഴിൽ നേടുന്നതിന് പ്രാപ്തമാക്കുക? അവരുടെ കഴിവുകൾ മനസിലാക്കാൻ സാധിക്കണം, അവർക്കാവശ്യമായ തൊഴിലവസരങ്ങൾ ലഭ്യമായിരിക്കണം, അവർ ഏത് കാര്യത്തിലാണ് പിറകിൽനിൽക്കുന്നതെന്ന് തിരിച്ചറിയണം. ഉദാഹരണത്തിന് ഒരാൾ മികച്ച നൈപുണ്യമുള്ള ആളായിരിക്കും, പക്ഷേ ആ വ്യക്തിക്ക് അഭിമുഖങ്ങളിൽ ഈ കഴിവ് പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. അങ്ങനെയെങ്കിൽ ഇത് മറികടക്കാൻ ആത്മവിശ്വാസം നൽകുന്ന ഇടപെടൽ നൽകാൻ നമുക്ക് സാധിക്കണം. ചില ഘട്ടത്തിൽ ക്വാളിഫിക്കേഷൻ ഉണ്ടെങ്കിലും നൈപുണ്യം ആവശ്യമായ ഇടത്ത് ആ പ്രത്യേക നൈപുണ്യം കുറവായിരിക്കും. അങ്ങനെയുള്ളവർക്ക് നൈപുണി വികസന പരിശീലനം നൽകാൻ സാധിക്കണം. ദീർഘമായ ഈ പദ്ധതി സമീപഭാവിയിൽ തന്നെ വലിയ പ്രതിഫലനം നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കും. നമ്മുടെ കുട്ടികൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് തൊഴിൽ ഇവിടെത്തന്നെ ലഭ്യമാക്കാൻ ഈ പദ്ധതി ഏറെ സഹായകമാകും. കേരളത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്ക് അനുകൂലമായ രീതിയിൽ വ്യവസായവുമായി കൈകോർത്ത് സംരംഭകത്വത്തിന് നേതൃത്വം നൽകുകയാണ് കുസാറ്റ് ഉൾപ്പെടെയുള്ള സർവ്വകലാശാലകൾ. വൈജ്ഞാനിക മേഖലയിൽ നിന്നുള്ള സംരംഭകത്വ പ്രവർത്തനങ്ങൾകൂടി ശക്തിപ്രാപിക്കുന്നത് ജില്ലയുടെ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും മാറ്റങ്ങൾ സൃഷ്ടിക്കും.
എറണാകുളം ജില്ലയിലെ പൊതുവായ പദ്ധതികൾക്കുപുറമെ കളമശ്ശേരി മണ്ഡലത്തിലെ യുവതീ-യുവാക്കൾ, വീട്ടമ്മമാർ തുടങ്ങിയവർക്ക് ഏതെങ്കിലുമൊരു തൊഴിലിൽ ആധുനിക നിലവാരമുള്ള നൈപുണി ലഭ്യമാക്കുന്നതിനും അനുയോജ്യമായ തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി സ്കില്ലിങ് കളമശ്ശേരി യൂത്ത് (സ്കൈ) പദ്ധതി കളമശ്ശേരിയുടെ ജനപ്രതിനിധി എന്ന നിലയിൽ ആരംഭിച്ചിരുന്നു. നാല് തൊഴിൽ മേളകൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. വിജ്ഞാന കേരളം മിഷന്റെകൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൈ പദ്ധതിയിലൂടെ മാത്രം ഇതിനോടകം 1200ഓളം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചിട്ടുണ്ട്. ഒപ്പം കളമശേരി മണ്ഡലത്തിലെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിനും പകൽവീട് നിർമാണത്തിനുമായി 25 ലക്ഷം രൂപയും കൈമാറി. വർക്ക് നിയർ ഹോം പദ്ധതി തുടങ്ങാനുള്ള സംവിധാനങ്ങളും ലഭ്യമാക്കി. കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെന്റ് ഹബ്, കെ- ഡിസ്ക് മുഖാന്തരം സ്ഥാപിക്കുന്ന ജില്ലാ സ്കിൽ ഡെവലപ്മെന്റ് സെന്റർ, ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ തുടങ്ങുന്ന ജോബ് സ്റ്റേഷൻ, വിവിധ കമ്പനികൾ എന്നിവ മുഖേന നൈപുണി പരിശീലനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
വിജ്ഞാന എറണാകുളമെന്ന പാതയിൽ മുന്നോട്ടുപോകുമ്പോൾതന്നെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ കാര്യത്തിലും ജില്ല നിരവധി സംരംഭകരെയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെതന്നെ അഭിമാനമായി മാറിയിട്ടുള്ള സംരംഭക വർഷം പദ്ധതിയിലൂടെ എറണാകുളം ജില്ലയിൽമാത്രം 35,730 സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കൊച്ചിൻ ഷിപ്-യാർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കാവശ്യമായ ഉപോൽപ്പന്നങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്ന സംരംഭങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭങ്ങളിലൂടെ 3213.3 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിൽ ഉണ്ടായത്. ഇതിനു പുറമെ 85,980 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. മാനുഫാക്ചറിങ്ങ് മേഖലയിലുൾപ്പെടെ മികച്ച കുതിപ്പ് സംരംഭക വർഷം പദ്ധതിയിലൂടെ നമുക്കുണ്ടായി. ഈ കുതിപ്പു തന്നെയാണ് ഇന്ത്യയിലെ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയി അംഗീകരിക്കപ്പെട്ടതിനു പുറമെ പബ്ലിക് അഡ്മിനിസ്ട്രേഷൻ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ‘നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് സെക്ടർ’ അംഗീകാരവും സംരംഭക വർഷത്തിന് ലഭിക്കാൻ സഹായകമായതും. സംഘടനയുടെ 87 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്നൊരു പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്.
വൈജ്ഞാനിക കേരളത്തിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നൂതനമായ കൂടുതൽ പദ്ധതികൾ സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒപ്പം എംഎസ്എംഇ രംഗത്തെ വളർച്ചയ്ക്കായി കേരളത്തിലെ എംഎസ്എംഇ കളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളാക്കി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള എംഎസ്എംഇ സ്കെയിൽ അപ്പ് മിഷനും, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എംഎസ്എംഇ സുസ്ഥിരതാ മിഷനും നടപ്പാക്കുകയാണ്. കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള മെയ്ക് ഇൻ കേരള പദ്ധതിയുമെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം എറണാകുളം ജില്ലയിലും പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ഇപ്പോഴും എറണാകുളം ജില്ലയുടെയും കേരളത്തിന്റെയാകെയും നേട്ടങ്ങൾക്കെതിരെ ഒരു കേരളവിരുദ്ധ മുന്നണി പ്രവർത്തിക്കുന്നുണ്ട് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പക്ഷേ സർക്കാരിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചത് ഈ പ്രതിസന്ധികളെയെല്ലാം തരണംചെയ്യാൻ സഹായിച്ചു. സമീപഭാവിയിൽതന്നെ ജില്ലയിൽ വിജ്ഞാന കേരളം പദ്ധതിയിലൂടെയും സംരംഭക വർഷം പദ്ധതിയിലൂടെയുണ്ടായ മുന്നേറ്റങ്ങളിലൂടെയും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടും. കേരളത്തിനൊപ്പം എറണാകുളവും മുന്നേറിക്കൊണ്ടിരിക്കും. l



