Monday, November 25, 2024

ad

Homeകവര്‍സ്റ്റോറികേന്ദ്ര അവഗണനയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ കേരളത്തിന്‍റെ പ്രതിരോധം

കേന്ദ്ര അവഗണനയ്ക്കും വര്‍ഗീയതയ്ക്കുമെതിരെ കേരളത്തിന്‍റെ പ്രതിരോധം

പിണറായി വിജയന്‍

ലുഷമായ സാമൂഹ്യാന്തരീക്ഷമാണ് ഇന്ന് നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നത്. സാമ്പത്തിക ദുരിതത്തില്‍ നിന്നും വര്‍ഗീയതയുടെ ഭീതിയില്‍നിന്നും കുതറി മാറാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ഘട്ടമാണിത്. എന്നാല്‍ അതിനവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പര്യാപ്തമായ ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും പ്രധാന പ്രചോദനവും മാതൃകയും ആയി വര്‍ത്തിക്കുന്നത് കേരളമാണ്. മതനിരപേക്ഷതയുടെയും സമാധാന ജീവിതത്തിന്‍റെയും ജനക്ഷേമരാഷ്ട്രീയത്തിന്‍റെയും പുരോഗതിയുടെയും പ്രതീക്ഷാനിര്‍ഭരമായ കാഴ്ചയാണ് കേരളം രാജ്യത്തിനും ലോകത്തിനും സമ്മാനിക്കുന്നത്. ആ പ്രതീക്ഷ ജനങ്ങള്‍ക്ക് പകരുക എന്ന വലിയ ദൗത്യമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന സംസ്ഥാനമാകെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കുള്ളത്.

എന്നാല്‍ പുരോഗതിയുടെയും ജനക്ഷേമത്തിന്‍റെയും മാത്രമല്ല, അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും മാതൃക കൂടിയാണ് കേരളം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകത്തില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവേ കേരളം അടുത്തുണ്ട് സൂക്ഷിക്കണമെന്ന് പറയുകയുണ്ടായി. അങ്ങനെ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും?

ആരോഗ്യ – സാമൂഹ്യ മേഖലകളിലെ മുന്നേറ്റങ്ങളില്‍ മറ്റേതൊരു സംസ്ഥാനത്തെക്കാളും വളര്‍ച്ചയും പുരോഗതിയും കൈവരിച്ച സംസ്ഥാനമാണ് കേരളമെന്ന് ലോകം അംഗീകരിച്ച കാര്യമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ വളര്‍ച്ച കേരളം കൈവരിക്കുന്നത് സൂക്ഷിക്കണമെന്നാണ് അമിത്ഷാ പറഞ്ഞതെങ്കില്‍ ആ മുന്നറിയിപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോഴും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാതെ ജനം നട്ടംതിരിയുമ്പോള്‍ കേരളത്തില്‍ അത്തരം സാഹചര്യം ഇല്ല? ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, വിദ്യാഭ്യാസ രംഗത്തെ പുരോഗതി എന്നീ കാര്യങ്ങളാണ് മുന്നറിയിപ്പിന്‍റെ ഘടകമെങ്കില്‍ കേരളത്തിന് ഒപ്പമെത്താന്‍ ശ്രമിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ. രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ് മുന്നറിയിപ്പെങ്കില്‍ അത് ഒരു വെല്ലുവിളിയായി ഇടതുപക്ഷം ഏറ്റെടുക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും നടന്നിട്ടില്ല, കാവിക്കൊടി പാറുന്ന പല സ്ഥലങ്ങളിലും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ ഇഷ്ടമുള്ള ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതിന്‍റെ പേരില്‍, ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. ഈ കഴിഞ്ഞ ക്രിസ്മസിന് ശേഷം കര്‍ണാടകത്തില്‍ സംഭവിച്ചതും ഛത്തീസ്ഗഢിലെ നാരായണന്‍പൂരിലെ ക്രിസ്ത്യന്‍ പള്ളി തകര്‍ത്തതും അവസാനത്തെ ഉദാഹരണങ്ങളാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ് ചിലരുടെ മുന്നറിയിപ്പിന്‍റെ കാരണം എങ്കില്‍, ഈ നാട് ഇതുപോലെതന്നെ മതനിരപേക്ഷമായി വര്‍ഗീയസംഘര്‍ഷം ഉണ്ടാവാതെ നിലനില്‍ക്കുകതന്നെ ചെയ്യും. ജാഥയ്ക്ക് തുടക്കം കുറിക്കുന്ന ദിവസം അങ്ങ് ഹരിയാനയിലെ ഭിവാനിയില്‍ ബജ്രംഗ് ദള്‍കാര്‍ പശുക്കടത്താരോപിച്ച് തീകൊളുത്തിയ രണ്ടു മുസ്ലീം യുവാക്കളുടെ മൃതശരീരത്തിന്‍റെ ചാരം മണ്ണില്‍ ചേര്‍ന്നിട്ടില്ലായിരുന്നു. മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കു വില കല്പിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ആ യുവാക്കളുടെ ജീവനെടുത്തത്.

ജനാധിപത്യത്തിന്‍റെ എല്ലാ തലങ്ങളിലും സ്വേച്ഛാധിപത്യത്തെ പകരം വയ്ക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. പാര്‍ലമെന്‍റിനെയും ജുഡീഷ്യറിയെയും വരുതിയില്‍ നിര്‍ത്താന്‍ നിരന്തര ശ്രമങ്ങളുണ്ടാകുന്നു. മറ്റൊരു വശത്ത്, ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന്‍റെ തണലില്‍ വളര്‍ന്ന അദാനി – ലോകത്തെ വലിയ കോര്‍പ്പറേറ്റ് കുത്തകകളിലൊന്ന്, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനത്തെപ്പോലും തകര്‍ച്ചയിലേയ്ക്ക് നയിക്കും വിധം നടത്തിയ സാമ്പത്തിക തിരിമറികള്‍ ലോകമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാകുന്നു.

രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തെ വര്‍ഗീയമായി മുതലെടുത്ത് സമഗ്രാധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ വര്‍ഗീയത, അതിനെ കാണിച്ച് ന്യൂനപക്ഷത്തെ വര്‍ഗീയവല്‍ക്കരിച്ചും ഒളിഞ്ഞും തെളിഞ്ഞും അതിനോട് സന്ധി ചെയ്തും വളരാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷ വര്‍ഗീയത, ജനാധിപത്യശക്തികള്‍ തളരുന്ന സാഹചര്യം മുതലെടുത്ത് സംഘപരിവാര്‍ സഹായത്തോടെ നാട് കട്ടുമുടിക്കാന്‍ ശ്രമിക്കുന്ന വന്‍കിട മുതലാളിത്തം എന്നിവ ചേരുന്ന ബഹുമുഖമായ വെല്ലുവിളിയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്നത്. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായിരുന്ന ഐജാസ് അഹമ്മദ് പറഞ്ഞതുപോലെ, ഇന്ത്യന്‍ ലിബറലിസം അതിഘോരമെന്നും അപരാജിതമെന്നും ഉദ്ഘോഷിച്ചിരുന്ന ഇന്ത്യയിലെ ജനാധിപത്യസ്ഥാപനങ്ങളുടെ ലിബറല്‍ പ്രത്യയശാസ്ത്ര ചട്ടക്കൂട് സംഘപരിവാര്‍ രാഷ്ട്രീയത്തിനു മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ദേശീയ രാഷ്ട്രീയത്തെ ഒരു നൂറ്റാണ്ടിലധികം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുദിനം രാഷ്ട്രീയമായി അപ്രസക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്താണ് ബദല്‍, അത് എങ്ങനെയാണ് സാധ്യമാവുക എന്ന ചിന്തയിലാണ് രാജ്യം. ഇതാ ബദല്‍ എന്ന് കാണിച്ചു കൊടുക്കാന്‍ ശേഷിയുള്ള നാടാണ് കേരളം. ആ ബദലിനെ ശക്തിപ്പെടുത്തുക എന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ് ഈ ജനകീയ പ്രതിരോധ ജാഥയുടെ സാംഘാടനം അടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ സിപിഐ എം ഏറ്റെടുക്കുന്നത്.

ജാതി മത ഭേദമന്യേ ഒറ്റ ജനതയായി പൊരുതി നേടിയ രാജ്യത്തിന്‍റെ മതനിരപേക്ഷ മുഖം വികൃതമാക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ എന്തു വില കൊടുത്തും തടയേണ്ടതുണ്ട്.

മുസ്ലീം ജനവിഭാഗത്തേയും മറ്റു ന്യൂനപക്ഷങ്ങളേയും അപരവല്‍ക്കരിക്കാനും പുറന്തള്ളാനുമുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ചെറുത്തു തോല്പിച്ചേ തീരൂ. പൗരത്വനിയമ ഭേദഗതി നടപ്പാക്കിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും ഗോവധ നിരോധനം നടപ്പാക്കിയും അവര്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം മറ്റൊന്നുമല്ല. ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പൈതൃകം തച്ചുടച്ച് പകരം പണിതുയര്‍ത്തുന്ന വര്‍ഗീയതയുടെ മണിമന്ദിരത്തിന് ശിലയിടാന്‍ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് നമുക്കു മുന്നിലുള്ളത്.

എതിര്‍സ്വരങ്ങള്‍ നിഷ്ഠുരമായാണ് അടിച്ചമര്‍ത്തപ്പെടുന്നത്. ചോദ്യങ്ങളുയര്‍ത്തുന്ന ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന്‍ തന്നെ നഷ്ടമാകുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ഗൗരി ലങ്കേഷും ഗോവിന്ദ് പന്‍സാരെയും ഉള്‍പ്പെടെയുള്ള നിരവധി ഉല്പതിഷ്ണുക്കളുടെ ജീവന്‍ നഷ്ടമായി. ആനന്ദ് തെല്‍തുംദെയേയും, സഞ്ജീവ് ഭട്ടിനെയും പോലുള്ള പലരും കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. മതനിരപേക്ഷ രാജ്യത്തെ വര്‍ഗീയ ഫാസിസത്തിന്‍റെ വിളനിലമാക്കി മാറ്റുന്നു. പത്രമാധ്യമങ്ങളെയും നിയമവ്യവസ്ഥയെയും കൈപ്പിടിയിലാക്കി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാന്‍ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിക്കുകയാണ്. സംഘപരിവാറിനെ പിന്തുണയ്ക്കുന്ന കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളുടെ കുത്തക കൈയടക്കി. എന്‍ഡിടിവി അദാനിയുടെ കൈകളിലായതോടുകൂടി ദേശീയ ദൃശ്യമാധ്യമ രംഗം അവരുടെ കൈപ്പിടിയില്‍ ഒതുങ്ങി. മാധ്യമലോകത്തെ ഒറ്റപ്പെട്ട സ്വരങ്ങള്‍ അമര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. .

റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് തയ്യാറാക്കുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യത്തിന്‍റെ പട്ടികയില്‍ 150-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. ചെറുത്തുനിന്ന മാധ്യമങ്ങള്‍ക്ക് ഉണ്ടായത് കയ്പേറിയ അനുഭവങ്ങള്‍. 2017ല്‍ എന്‍ഡിടിവി ഉടമകളുടെ വസതികളിലും മറ്റും സിബിഐ പരിശോധന നടത്തി. ന്യൂസ്ക്ലിക്ക്, ന്യൂസ്ലോണ്‍ഡ്രി, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളും വേട്ടയാടപ്പെട്ടു. ആള്‍ട്ട്ന്യൂസ് ഉടമ മുഹമ്മദ് സുബൈര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. റാണാ അയൂബിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും കോടതികള്‍ കയറിയിറങ്ങുന്നു. ഇപ്പോള്‍ ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ചിത്രം ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച ഡോക്യുമെന്‍ററിയുടെ പേരില്‍ ബിബിസിയുടെ ഓഫീസുകള്‍ റെയ്ഡു ചെയ്യപ്പെടുന്നു. ലോകത്തിനു മുന്നില്‍ തന്നെ നാണംകെടുന്ന അവസ്ഥയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്.

സ്വദേശാഭിമാനിയുടെയും കേസരിയുടെയും പത്രപ്രവര്‍ത്തനപാരമ്പര്യമുള്ള മലയാള ദിനപ്പത്രങ്ങളാകട്ടെ സംഘപരിവാര്‍ പൂജയുടെ പടുകുഴിയിലേക്ക് പതിച്ചിരിക്കുകയാണ്. അപൂര്‍വം മാധ്യമങ്ങള്‍ ഒഴികെ എല്ലാം തന്നെ സംഘപരിവാറിന്‍റെ അധികാരത്തിന്‍റെയും പണത്തിന്‍റെയും ഹുങ്കിനു മുന്നില്‍ വിനീതവിധേയരാവുകയും കേരളത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയും ചെയ്യുന്നു. വര്‍ഗീയ വിദ്വേഷം പടര്‍ത്തി സംഘപരിവാറിന്‍റെ ജിഹ്വയാകുന്നവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ച് സ്വതന്ത്ര നിയമവാഴ്ച അട്ടിമറിക്കുന്നു. അതേറ്റവും കൂടുതല്‍ നടക്കുന്ന ഒരു മേഖല ഉന്നത വിദ്യാഭ്യാസമാണ്. സര്‍വ്വകലാശാലകളുടെ തലപ്പത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ അപ്പോസ്തലന്മാരെ കുടിയിരുത്തി. ഉന്നതവിദ്യാഭ്യാസം കാവിവല്‍ക്കരിക്കുക എന്ന അജന്‍ഡ വളരെ വേഗം നടപ്പാക്കുകയാണ്.

ഹിന്ദു ഐക്യവേദി പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ വിദ്വേഷ പ്രചരണത്തിന്‍റെ ഫാക്ടറികളായി വര്‍ത്തിക്കുന്നു. മുസ്ലീം സമുദായത്തെക്കുറിച്ച് ഭീതി പടര്‍ത്തുവാന്‍ ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള ക്യാമ്പയിനുകള്‍ സംഘപരിവാറിന്‍റെ പണിപ്പുരയില്‍ നിന്ന് പുറത്തിറങ്ങുന്നു. അതേ സമയം രാഷ്ട്രീയ ഇസ്ലാമിന്‍റെ ഉപാസകരായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകളും ഈ ക്യാമ്പയിനെ കൂടുതല്‍ ശക്തമാക്കാനായി ഉപയോഗിക്കുന്നു. ദേശീയത, ദേശസ്നേഹം എന്നിവയൊക്കെ ചിലയാളുകളുടെ മാത്രം കുത്തകയാവുകയും അവരാല്‍ സര്‍ട്ടിഫൈ ചെയ്യപ്പെട്ടാല്‍ മാത്രം മറ്റുള്ളവരുടെ ദേശസ്നേഹം അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. എന്നാല്‍. ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന സംഘപരിവാര്‍ ദേശീയ വിമോചന പോരാട്ടത്തില്‍ അബദ്ധത്തില്‍ പോലും പങ്കെടുത്തിട്ടില്ല എന്നതാണ് വിരോധാഭാസം. അബദ്ധവശാല്‍ പെട്ടുപോയ ചില കേസുകളില്‍ നിന്നുപോലും നിര്‍ലജ്ജം മാപ്പെഴുതിക്കൊടുത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിടുപണി ചെയ്തുകൊള്ളാം എന്ന് ഉറപ്പുകൊടുത്തും രക്ഷപ്പെട്ടോടിയവരാണ് സംഘപരിവാറുകാര്‍.


ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്ത് നിങ്ങളുടെ ഊര്‍ജ്ജം കളയരുതെന്ന് ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുകയാണ് ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ ചെയ്തത്. മുഹമ്മദാലി ജിന്ന പറയുന്നതിനും പത്തുവര്‍ഷം മുമ്പ് ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയത് ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറാണ്. എല്ലാത്തരം വിഘടന വിഭജന വാദത്തിന്‍റെയും മുന്നില്‍ നിന്നവര്‍, ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെ മുന്നണിയിലോ പിന്നണിയിലോ അബദ്ധത്തില്‍പോലും കടന്നുവരാത്തവര്‍ അതിദേശീയതയുടെ ഉപാസകരായി കടന്നുവരുന്ന വിരോധാഭാസമാണ് നമ്മളിപ്പോള്‍ കാണുന്നത്! ബാബ്റി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘കാശി, മഥുര ബാക്കി ഹേ’ എന്നാണ്. അതായത്, അയോധ്യയിലെ ബാബ്റി പള്ളി തകര്‍ത്തു, ഇനി കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദും തകര്‍ക്കാന്‍ ബാക്കിയുണ്ടെന്ന്. ആ മുദ്രാവാക്യം നടപ്പാക്കപ്പെടുകയാണ് ഇപ്പോള്‍. ഇതിന്‍റെ പിന്നാലെയാണ് മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സ്ഥല പരിശോധന നടത്താന്‍ തയ്യാറാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ മഥുര ജില്ലാ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 17 നാണ് ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെടുത്തതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടത്. അതിനെത്തുടര്‍ന്നുള്ള കോടതി വ്യവഹാരങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ക്രൈസ്തവര്‍ക്കെതിരെയും അക്രമം
മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ല; ക്രൈസ്തവര്‍ക്കെതിരെയും ഹീനമായ അക്രമമാണ് ഹിന്ദുത്വവര്‍ഗീയവാദികള്‍ രാജ്യവ്യാപകമായി അഴിച്ചു വിടുന്നത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം(യുസിഎഫ്) എന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച്, 2022 ല്‍ മാത്രം 21 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കെതിരെ 597 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍ആര്‍ഐ സംഘടനയായ വടക്കേ അമേരിക്കന്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ രേഖപ്രകാരം ക്രിസ്ത്യന്‍ ജനവിഭാഗത്തിനും ആരാധനാലയങ്ങള്‍ക്കും എതിരായ 1198 അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സംഘപരിവാര്‍ നേതാക്കള്‍ തങ്ങളുടെ രക്തത്തിനായി മുറവിളികൂട്ടുന്നുവെന്നും വിശ്വാസികളെയും കുട്ടികളെയും മതപരിവര്‍ത്തനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഡല്‍ഹിയില്‍ തെരുവിലിറങ്ങി ക്രിസ്ത്യന്‍ പുരോഹിതരും വിശ്വാസികളും വിളിച്ചു പറഞ്ഞത്.

ഛത്തീസ്ഗഢിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ ആയുധധാരികളായ ജനക്കൂട്ടം ആക്രമിക്കുന്നു. ഗ്രാമവാസികള്‍ക്ക് പ്രാണരക്ഷാര്‍ഥം പലായനം ചെയ്യേണ്ടി വരുന്നു. പലര്‍ക്കും വീടുകളിലേക്ക് തിരിച്ചെത്താന്‍ പോലും സാധിക്കുന്നില്ല. 2022 ഡിസംബര്‍ മുതല്‍, ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലെ 18 ഗ്രാമങ്ങളിലും കൊണ്ടഗാവിലെ 15 ഗ്രാമങ്ങളിലും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നു. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ആയിരത്തോളം ക്രിസ്ത്യന്‍ ആദിവാസി വിഭാഗത്തെ സ്വന്തം ഗ്രാമങ്ങളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അവരുടെ ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിച്ചു ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നും അതിന് തയ്യാറാകാത്തവര്‍ ഗ്രാമം വിട്ടുപോകേണ്ടി വരുമെന്നുമാണ് ഭീഷണി. പ്രദേശവാസികള്‍ അവരെ പുറത്താക്കുക മാത്രമല്ല, അവരെ ആക്രമിക്കുകയും, ആരാധനാലയങ്ങളും വീടുകളും നശിപ്പിക്കുകയും, അവരുടെ വിളകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു. ക്രിസ്ത്യന്‍ ആദിവാസി വിഭാഗങ്ങളെ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്നു. തോളെല്ലിനു പൊട്ടല്‍ മുതലായ പരിക്കുകളോടെ നിരവധി പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.

2023 ജനുവരി രണ്ടിനു നാരായണ്‍പൂരിലെ 3 ക്രിസ്ത്യന്‍ ആദിവാസി സ്ത്രീകളെ നൂറോളം വരുന്ന ജനങ്ങളുടെ മുന്നില്‍ വച്ചു വസ്ത്രങ്ങള്‍ വലിച്ചുകീറി ശാരീരികമായി അക്രമിക്കുകയുണ്ടായി. അവരുടെ ക്രൈസ്തവ വിശ്വാസത്തിന്‍റെ പേരിലായിരുന്നുവത്. അവരുടെ മാന്യതയ്ക്കും സ്ത്രീത്വത്തിനും ഇക്കൂട്ടര്‍ വിലകല്‍പ്പിച്ചില്ല. അതേദിവസം നാരായണ്‍പൂര്‍ ജില്ലയിലെ എഡ്ക ഗ്രാമത്തില്‍ ഒരു കത്തോലിക്കാ പള്ളിയും തകര്‍ത്തു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍പ്രകാരം ഇന്ത്യയിലുടനീളം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ ഞെട്ടിക്കുന്ന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ 127, 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 328, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 600ന് അടുത്ത് എന്നിങ്ങനെ നാള്‍ക്കുനാള്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നു. എല്ലാ സംഭവങ്ങളും രേഖപ്പെടുത്തപ്പെടാത്തതിനാല്‍ യഥാര്‍ത്ഥ അക്രമസംഭവങ്ങള്‍ ഇതിലും ഉയര്‍ന്നതായിരിക്കാം. 2023 ജനുവരി 31 വരെ 57 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് യുസിഎഫ് പറയുന്നത്. ആള്‍ക്കൂട്ടക്കൊല, പള്ളികള്‍ക്കും വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നാശനഷ്ടങ്ങള്‍, ജയില്‍വാസം, മാനസികവും വൈകാരികവുമായ നാശനഷ്ടങ്ങള്‍, കള്ളക്കേസുകള്‍ പ്രതിരോധിക്കാനുള്ള നിയമപരമായ ഫീസ് എന്നിവ കാരണം ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തിന് സാമ്പത്തിക നഷ്ടം 2022 ല്‍ ഏകദേശം 450 കോടി രൂപ വരുമെന്നാണ് അവര്‍ പറയുന്നത്.

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു
വര്‍ഗീയ അതിക്രമങ്ങള്‍ നിത്യസംഭവങ്ങളായി മാറ്റിയ സംഘപരിവാര്‍ കേന്ദ്രഗവണ്മെന്‍റിനെ ഉപയോഗിച്ച് ഇന്ത്യന്‍ ഫെഡറലിസത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ക്കു മേല്‍ പിടിമുറുക്കാനും അവയെ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടാനും ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് സഹകരണ മേഖലയില്‍ വളഞ്ഞ വഴിയിലൂടെ പിടിമുറുക്കാനുള്ള നീക്കമാണ് മറ്റൊന്ന്. കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സഹകരണ സംഘങ്ങളെ നിരീക്ഷിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങളെ മറികടന്ന് നേരിട്ട് പ്രാഥമിക സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ ആണ് ശ്രമം.

ഇന്‍കം ടാക്സിന്‍റെ 80 (ജ), 194 (ച) തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും പുതിയ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും മറ്റു സ്കീമുകളില്‍ സംസ്ഥാനം വഹിക്കേണ്ട വിഹിതം കുത്തനെ ഉയര്‍ത്തുകയും (25% ത്തില്‍ നിന്നും 40% ആക്കി) ചെയ്തു സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാഴ്ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിതി ആയോഗിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടികളും ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യപരമായി പുനഃക്രമീകരിക്കാത്തതിന്‍റെ പ്രശ്നങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളത്തെ കേന്ദ്രം മാറ്റിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ 2.59 ശതമാനമാണ് കേരളീയര്‍. എന്നാല്‍ നമുക്ക് ലഭിക്കുന്ന നികുതി വിഹിതം 1.92 ശതമാനം മാത്രമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച പദ്ധതികള്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അതിന്‍റെ എറ്റവും വലിയ ഉദാഹരണമാണ് പാലക്കാട്ടെ കോച്ച് ഫാക്ടറി. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജിന്‍റെയും സ്ഥിതിയും മറ്റൊന്നല്ല. സംസ്ഥാനങ്ങള്‍ക്ക് വിഹിതം പങ്കിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡവും അശാസ്ത്രീയമാണ്. നികുതി വിഹിതത്തില്‍ വലിയ കുറവ് സംസ്ഥാനത്തിന് അനുഭവപ്പെടുകയാണ്. നമ്മുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചെറുതല്ലാത്ത വിഘാതമാണ് ഈ നഷ്ടം സൃഷ്ടിച്ചിരിക്കുന്നത്.

സര്‍ച്ചാര്‍ജ്ജുകളും സെസുകളും ക്രമാതീതമായി ഉയര്‍ത്തി; കേന്ദ്ര നികുതി വരുമാനത്തിന്‍റെ 15 ശതമാനത്തോളം ആയി. സര്‍ച്ചാര്‍ജ്ജുകളും സെസുകളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കപ്പെടുന്നില്ല. അത്തരം നികുതികള്‍ വര്‍ദ്ധിപ്പിക്കുകയും സംസ്ഥാനങ്ങളോട് അവരുടെ തുച്ഛമായ നികുതികള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ബജറ്റ് വിഭവങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് പ്രയാസമാണ്. അതിനാല്‍ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയുടെ അനിവാര്യഘടകമായ പശ്ചാത്തലസൗകര്യങ്ങള്‍ക്കായുള്ള വിദേശ വായ്പ ധനഉത്തരവാദിത്ത നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന കാര്യവും നടപ്പിലാക്കപ്പെടുന്നില്ല.

എന്നാല്‍ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള കേന്ദ്ര നയത്തിനെതിരെ ശക്തമായി മുന്നോട്ടുവരുന്നതിന് കോണ്‍ഗ്രസ്സ് തയ്യാറാവുന്നില്ല. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിനു ലഭിക്കേണ്ട അര്‍ഹമായ അവകാശങ്ങള്‍ പോലും നേടിയെടുക്കുന്നതിന് സഹായിക്കുന്ന നിലപാടും അവര്‍ സ്വീകരിക്കുന്നില്ല. കേരളത്തില്‍ നിന്ന് 18 യുഡിഎഫ് എംപിമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്‍റെ എന്തെങ്കിലും വികസന ആവശ്യങ്ങള്‍ ലോക്സഭയില്‍ ഉന്നയിക്കുന്നതിനോ നേടിയെടുക്കുന്നതിനോ അവര്‍ ശ്രമിക്കുന്നില്ല. പകരം സംസ്ഥാനത്തെ തളര്‍ത്തുന്നതിനുള്ള കുത്തിത്തിരുപ്പ് മാത്രമാണ് നടത്തുന്നത്.

തൊലില്ലായ്മ അതിരൂക്ഷം
തൊഴിലില്ലായ്മ എക്കാലത്തേക്കാളും രൂക്ഷം. മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ വരുമ്പോള്‍ 4.21 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞു കിടന്നതെങ്കില്‍ 2022 ല്‍ അത് 10 ലക്ഷമായി വര്‍ധിച്ചു. ഇതില്‍ 8.5 ലക്ഷം ഒഴിവുകള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന ഗ്രൂപ്പ് സി വിഭാഗത്തില്‍പെട്ടവയാണ്. റെയില്‍വേയില്‍ 3.03 ലക്ഷം ഒഴിവുകള്‍ നികത്തിയിട്ടില്ല. 2020-21 ല്‍ റെയില്‍വേ വഴി ആകെ 5,450 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. തപാല്‍ വകുപ്പില്‍ തൊണ്ണൂറായിരത്തില്‍ അധികമാണ് ഒഴിവുകള്‍. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രതിരോധ മേഖലയിലും വലിയ തോതില്‍ ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. സേനാ വിഭാഗത്തില്‍ ഒന്നേകാല്‍ ലക്ഷവും പ്രതിരോധ വകുപ്പ് സിവില്‍ വിഭാഗത്തില്‍ രണ്ടുലക്ഷവുമാണ് ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍. ഈ സന്ദര്‍ഭത്തിലാണ് അഗ്നിപഥ് എന്ന പേരില്‍ സേനാ വിഭാഗത്തിലേക്ക് താത്കാലിക നിയമനം നടത്തുന്നത്. 20-24 പ്രായപരിധിയിലുള്ള 42 ശതമാനം പേരും തൊഴില്‍രഹിതരായ രാജ്യത്താണ് വീണ്ടുവിചാരമില്ലാതെ ഈ പദ്ധതി നടപ്പാക്കുന്നത്.

2017-18 ല്‍ രാജ്യത്ത് 19.2 ശതമാനം തൊഴിലാളികള്‍ സംഘടിതമേഖലയില്‍ പണിയെടുത്തിരുന്നു. 2019-20 ല്‍ ഇത് 17.8 ശതമാനമായി കുത്തനെ കുറഞ്ഞു. സംഘടിത തൊഴില്‍ മേഖലകളില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ അസംഘടിത മേഖലയിലെ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 82 ശതമാനം പേരും തൊഴില്‍ സുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. തൊഴില്‍ പങ്കാളിത്തനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്, 38.8 ശതമാനം മാത്രം.

നാല് പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്നത്തേത്. സ്വകാര്യവല്‍ക്കരണവും കരാര്‍വല്‍ക്കരണവും വഴി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വ്യവസായ, സേവന മേഖലകളില്‍ മാത്രം 80 ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടെന്നാണ് സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാക്ക് വേറെ വസ്തുത വേറെ എന്നതാണ് നില. കഴിഞ്ഞ 5 കൊല്ലത്തിനിടെ 10 ലക്ഷം കോടിയോളം രൂപയുടെ കോര്‍പ്പറേറ്റ് ലോണുകളാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. ഒരു വശത്ത് വായ്പ തിരിച്ചടച്ചില്ലെന്ന പേരില്‍ ഏതാനും ആയിരങ്ങള്‍ മാത്രം വായ്പയെടുത്ത ദരിദ്രരായ മനുഷ്യരുടെ ഭൂമിയും കന്നുകാലികളും കാര്‍ഷിക ഉപകരണങ്ങളും കണ്ടുകെട്ടുകയാണ്. അപ്പോഴാണ് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കോടാനുകോടികളുടെ ഇളവുകള്‍ നല്‍കുന്നത്.

2021ലെ ഓക്സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്‍റെ 57 ശതമാനം സമ്പത്തും മുന്‍നിരയിലുള്ള 10 പേരുടെ കൈവശമാണ്. താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ പക്കലുള്ളത് 13 ശതമാനം മാത്രം. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടിണി, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ എന്നിവ ഇല്ലാതാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. എന്നിട്ടും അധിക ചെലവാണെന്ന് പറഞ്ഞു പൊതുജനക്ഷേമ പദ്ധതികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറകോട്ടു പോവുകയാണ്. സൗജന്യം കൊടുക്കരുതെന്നാണ് തിട്ടൂരം. ജനങ്ങള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ എങ്ങനെ സൗജന്യമാവും? തൊഴിലാളികളുടെ പ്രതിശീര്‍ഷ വരുമാനം കൂപ്പു കുത്തുകയാണ്. പട്ടിണിയും രൂക്ഷമായിരിക്കുന്നു. പോഷണശോഷണമുള്ള ഗ്രാമീണ ജനതയുടെ എണ്ണം 54 ശതമാനത്തില്‍ നിന്നും 68 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു.


എല്ലാ മേഖലകളും സ്വകാര്യവത്കരിക്കുന്നു
റെയില്‍വേ, റോഡുകള്‍, വിമാനത്താവളങ്ങള്‍, ടെലികോം മേഖല, പ്രതിരോധ മേഖല തുടങ്ങി സര്‍വ മേഖലകളും സ്വകാര്യവല്‍ക്കരിക്കുകയാണ്. നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ്ലൈന്‍ എന്ന പേരില്‍ രാജ്യത്തെ സകല വിഭവങ്ങളെയും പാട്ടത്തിന് കൊടുക്കാന്‍ പോവുകുന്നു. തൊഴിലാളി കര്‍ഷക വര്‍ഗങ്ങള്‍ക്ക് നിലവിലുള്ള എല്ലാ അവകാശങ്ങളെയും കാറ്റില്‍ പറത്താനുള്ള നിയമ നിര്‍മാണങ്ങളും നടപ്പിലാക്കുന്നു. തൊഴില്‍ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അവയെ സംരക്ഷിക്കുന്ന നിയമങ്ങളും റദ്ദാക്കി പകരം നാല് തൊഴില്‍ കോഡുകള്‍ കൊണ്ടുവന്നിരിക്കുകയുമാണ്. സുരക്ഷിതത്വമുള്ള സ്ഥിരം തൊഴിലെന്ന ആശയത്തെ ഈ കോഡുകള്‍ വഴി എടുത്തുകളഞ്ഞിരിക്കുന്നു. തൊഴില്‍ സംഘടനകള്‍ക്ക് അവകാശങ്ങളിലൂന്നിക്കൊണ്ട് സംഘടിക്കാനും സമരം നടത്താനും തൊഴിലുടമകളുമായി സംഘടിതമായ വിലപേശല്‍ നടത്താനുമുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ്.

കാര്‍ഷിക മേഖലയിലെ ഉല്പാദന, സംഭരണ, വിതരണ മേഖലകളെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുക്കാനാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. അഖിലേന്ത്യാ കിസാന്‍ സഭയടക്കമുള്ള കര്‍ഷകസംഘടനകള്‍ നടത്തിയ ഒരു കൊല്ലത്തോളം നീണ്ട ഐതിഹാസിക സമരത്തിനൊടുവില്‍ അവ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിട്ടും ഈ നിയമങ്ങള്‍ മറ്റു പല രീതികളില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

വൈദ്യുതി പരിഷ്കരണ ബില്‍ പിന്‍വലിക്കുകയെന്നത് സമരം നടത്തിയ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതും നിയമമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വൈദ്യുതി ഉല്പാദന, പ്രസരണ, വിതരണ മേഖലകളില്‍ സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളിത്തം നല്‍കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു
ദുരിതങ്ങളിലകപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ദിവസവേതന തൊഴിലാളികളും ആത്മഹത്യ ചെയ്യുന്ന ദയനീയാവസ്ഥയാണ് നാട്ടിലുള്ളത്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. 2014 മുതല്‍ 2021 വരെയുള്ള 8 വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്യുന്ന ദിവസവേതന തൊഴിലാളികളുടെ ശതമാനത്തില്‍ ഇരട്ടിയലധികം വര്‍ദ്ധന ഉണ്ടായി. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ ഒരു ലക്ഷത്തിലധികം ആത്മഹത്യകളാണ് അവര്‍ക്കിടയില്‍ ഉണ്ടായത്. ബിജെപി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള ഇരകളാണ് അവര്‍.

വിലക്കയറ്റത്തിന്‍റെ എരിതീയിലേക്ക് ഇന്ത്യന്‍ ജനതയെ വലിച്ചെറിയുകയാണ് ഭരണാധികാരികള്‍. രാജ്യത്തെ ഉപഭോക്തൃസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് ജനുവരിയില്‍ 6.52 ശതമാനമായി വര്‍ധിച്ചു. ഡിസംബറില്‍ അത് 5.72 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലാണ് ഏറ്റവും രൂക്ഷമായ വിലക്കയറ്റം. അത് 6.85 ശതമാനവും നഗരങ്ങളില്‍ ആറു ശതമാനവുമാണ്. ധാന്യങ്ങളുടെ വിലക്കയറ്റം ഡിസംബറില്‍ 13.79 ശതമാനമായിരുന്നത് ജനുവരിയില്‍ 16.12 ശതമാനമായി. ബി ജെ പി ഭരണം പെട്രോളിനും ഡീസലിനും കണക്കില്ലാതെ തീരുവയും സെസും വര്‍ധിപ്പിച്ചതും പാചകവാതകവില വര്‍ധിപ്പിച്ചതും. പല സംസ്ഥാനത്തും ശക്തമായ പൊതുവിതരണ സംവിധാനമില്ലാത്തതും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയും വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കി.

കോണ്‍ഗ്രസിന്‍റെ ചങ്ങാത്തം വര്‍ഗീയശക്തികളുമായി
എക്കാലവും മതവര്‍ഗീയ ശക്തികളെ തുറന്നെതിര്‍ക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഐ എം. കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് വലിയ വേരോട്ടമുണ്ടാക്കാന്‍ സാധിക്കാത്തതിന്‍റെ പ്രധാന കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനം തീര്‍ത്ത ജനകീയപ്രതിരോധമാണ്. ഇതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പല ധീര സഖാക്കളും വര്‍ഗീയ ശക്തികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ എക്കാലവും സംഘപരിവാറുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. നെഹ്റു മന്ത്രിസഭ വിമോചനസമരത്തെ തുടര്‍ന്ന് ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിനു ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പു തൊട്ടു തന്നെ ആ ബാന്ധവം ദൃശ്യമാണ്. അന്ന് ജനസംഘം വലിയ തോതില്‍ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന കാലമായിരുന്നു. കൂടുതല്‍ സാധ്യതയുള്ള നാല് അസംബ്ലി സീറ്റുകളില്‍ മത്സരിക്കാനാണ് ജനസംഘം ആദ്യം തീരുമാനിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലയിലെ അണ്ടത്തോട്, ഗുരുവായൂര്‍, പാലക്കാട്ടെ പട്ടാമ്പി തുടങ്ങിയ മണ്ഡലങ്ങളായിരുന്നു ഇവ. സഖാവ് ഇഎംഎസ് തന്നെയായിരുന്നു പട്ടാമ്പിയില്‍ മത്സരിച്ചത്.

പട്ടാമ്പിയില്‍ പി മാധവമേനോനെ മത്സരിപ്പിക്കാനായിരുന്നു ജനസംഘം തീരുമാനം. പത്രികാ സമര്‍പ്പണം ഒക്കെ കഴിഞ്ഞു സജീവമായ പ്രചരണവും അവരാരംഭിച്ചു. എന്നാല്‍ കമ്മ്യുണിസ്റ്റുവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്ന് പറഞ്ഞു സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജനസംഘം മത്സരരംഗത്തു നിന്ന് പിന്മാറി.. ഇ എം എസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ജനസംഘം സഹകരിക്കുകയായിരുന്നു. അന്ന് ജനസംഘം പരസ്യമായാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസ്സ് നേതാവ് എ രാഘവന്‍ നായരായിരുന്നു അന്ന് കോണ്‍ഗ്രസ്സ് – ലീഗ് – പിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുവേണ്ടി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പട്ടാമ്പിയില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനസംഘം നേതാവ് ദീനദയാല്‍ ഉപാദ്ധ്യായ വന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി. പക്ഷേ പരസ്യമായ ജനസംഘം ബന്ധമുണ്ടായിട്ടും അന്ന് കോണ്‍ഗ്രസ്സ് രക്ഷപ്പെട്ടില്ല. 7322 വോട്ടുകള്‍ക്കാണ് ഇഎംഎസ് വിജയിച്ചത്.

1991 ലെ ബേപ്പൂര്‍, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ചേര്‍ന്ന് ഉണ്ടായ കോ-ലീ-ബി സഖ്യത്തിലൂടെ കോണ്‍ഗ്രസ് അതിന്‍റെ മതനിരപേക്ഷ മൂല്യങ്ങള്‍ പാടേ കൈവെടിഞ്ഞു. വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായി നിര്‍ലജ്ജം ബിജെപിയില്‍ ലയിക്കുന്ന കാഴ്ചയാണ് ഇന്ത്യയിലെങ്ങും കാണുന്നത്.

പ്രതിപക്ഷമെന്ന നിലയ്ക്ക് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണങ്ങള്‍ക്കാണ് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയത്. കോവിഡ് പ്രതിരോധത്തിനു തുരങ്കം വച്ചതും കെ-ഫോണിനും ലൈഫ് മിഷനും കിഫ്ബിക്കും കെ-റെയിലിനും ഹൈവേ വികസനത്തിനും മറ്റു വന്‍കിട വികസന പദ്ധതികള്‍ക്കും തുരങ്കംവെക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും കേരള ജനതയുടെ അനുഭവമാണ്. ഈ ശക്തികളെയെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്തു പരാജയപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് കേരള ജനതയ്ക്ക് മുന്നിലുള്ളത്. വര്‍ഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തിയും നവലിബറല്‍ നയങ്ങള്‍ക്കെതിരെ ജനകീയ ബദലിന്‍റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി നമുക്കു കരുപ്പിടിപ്പിച്ചേ തീരൂ. ആ ശ്രമങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരാന്‍ ജനകീയ പ്രതിരോധ ജാഥയ്ക്ക് സാധ്യമാകും. ജാഥ വലിയ വിജയമാക്കാന്‍ ഓരോരുത്തരും അതില്‍ പങ്കു ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular