ഫെബ്രുവരി 19ന് ഡല്‍ഹിയില്‍ ജന്തര്‍മന്ദറില്‍ നിന്നുയര്‍ന്ന രോദനം ജനാധിപത്യ-മതനിരപേക്ഷവാദികളെയാകെ ഞെട്ടിക്കുന്നതാണ്- മതത്തിന്‍റെ പേരില്‍ വേട്ടയാടരുത് എന്നാണ് ക്രിസ്തീയ പുരോഹിതര്‍ ഉള്‍പ്പെടെ പങ്കെടുത്ത ആ സത്യാഗ്രഹ വേദിയില്‍നിന്നുയര്‍ന്ന പരിദേവനം.
ഇന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ 1998 മുതല്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ സംഘപരിവാറിന്‍റെ ആസൂത്രിതമായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മോദിയുടെ അധികാരാരോഹണത്തിനുതന്നെ അവസരമൊരുക്കിയ വര്‍ഗീയ ചേരിതിരിവ് ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. ശിക്ഷാഭയം ലേശമില്ലാതെ മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണമഴിച്ചു വിടാന്‍ കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും നടത്താന്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് നിര്‍ബാധം കഴിയുന്ന സാഹചര്യമാണ് ഇന്നീ രാജ്യത്ത് നിലനില്‍ക്കുന്നത്. 1998-1999 കാലത്ത് മധ്യപ്രദേശില്‍ സംഘപരിവാറുകാര്‍ ഒരു കന്യാസ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയപ്പോള്‍ അന്നത്തെ ആര്‍എസ്എസ് സര്‍സംഘ ചാലക് പറഞ്ഞത്, രാജ്യസ്നേഹികളായ ഇന്ത്യന്‍ ചെറുപ്പക്കാര്‍ ദേശാഭിമാനപരമായ തങ്ങളുടെ കടമ നിറവേറ്റിയെന്നാണ്. സംഘപരിവാറിന്‍റെ മനോഭാവത്തിന്‍റെ പ്രതിഫലനമാണിത്. അപ്പോള്‍ ആര്‍എസ്എസ് സംഘങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന അഴിഞ്ഞാട്ടങ്ങളില്‍ അത്ഭുതപ്പെടാനാവില്ലല്ലോ.
1998ല്‍, വാജ്പേയ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റെടുത്ത് ഏറെ കഴിയുംമുന്‍പ് തെക്കു കിഴക്കന്‍ ഗുജറാത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയ വ്യാപകമായ അക്രമങ്ങളില്‍ 25 ലധികം ഗ്രാമങ്ങളിലായി നൂറിലേറെ പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടു; നൂറുകണക്കിന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു; ശാരീരികമായ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ അനവധിയായിരുന്നു. 2006-07 കാലത്താകട്ടെ ഗുജറാത്തിലെ മോദി വാഴ്ചയില്‍ സംഘപരിവാര്‍ വേട്ടയില്‍ 40ല്‍ അധികം ആളുകള്‍ ഗുജറാത്തില്‍ തന്നെ കൊല്ലപ്പെടുകയും 75,000ത്തോളംപേര്‍ സ്വന്തം പ്രദേശങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയുമുണ്ടായി. പല ക്രിസ്ത്യന്‍ കുടുംബങ്ങളും അവിടെ ജീവനോടെ ചുട്ടുകൊല്ലപ്പെട്ടു. 2002ലെ മുസ്ലീം വംശഹത്യയെക്കുറിച്ച് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.
ഒഡീഷയില്‍ ആദിവാസി മേഖലയിലെ കുഷ്ഠരോഗികളെ പരിചരിച്ച് കഴിഞ്ഞിരുന്ന ആസ്ട്രേലിയക്കാരനായിരുന്ന ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയ്സിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്നത് 1999 ജനുവരിയില്‍ ബിജെപി-ബജ്റംഗ് ദളുകാരാണ്. അതിലെ മുഖ്യകുറ്റവാളി യുപിക്കാരുമായ ധാരാസിങ് പില്‍ക്കാലത്ത് സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കുകയും പുരോഹിതന്‍റെ കൊലപാതകത്തില്‍ പശ്ചാത്താപം രേഖപ്പെടുത്തുകയും തന്‍റെ തെറ്റിനുപരിഹാരമായി ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തതില്‍ നിന്ന് വ്യക്തമാകുന്നത് ഇത്തരം അക്രമങ്ങളാന്നും വ്യക്തികളുടെ കുറ്റവാസനയില്‍നിന്നും ഉണ്ടാകുന്നതല്ലെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ആശയപരിസരമാണ് അതിനു കാരണമെന്നുമാണ്. ഗുജറാത്തില്‍ വംശഹത്യയുടെ പ്രതീകമായി ഉയര്‍ത്തിക്കാണിച്ചിരുന്ന അശോക് മോച്ചി പില്‍ക്കാലത്ത് സംഘപരിവാര്‍ ബന്ധം വിട്ട് അതില്‍ ഇരയാക്കപ്പെട്ട കുത്തബ്ദീന്‍ അന്‍സാരിക്കൊപ്പം വര്‍ഗീയ ആശയങ്ങള്‍ക്കെതിരായ പ്രചാരണത്തിന് കേരളത്തിലടക്കം വന്നതും ഓര്‍ക്കേണ്ടതാണ്.
ഒഡീഷയിലെ കന്ദമാലില്‍ 2007 ക്രിസ്മസ് കാലത്ത് നടന്ന ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ നാല്‍പ്പതോളം പേര്‍ കൊലപ്പെടുത്തപ്പെട്ടതും നൂറിലേറെ പള്ളികളും പ്രാര്‍ഥനാലയങ്ങളും അതിലേറെ വീടുകളും അഗ്നിക്കിരയാക്കപ്പെട്ടതും കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ബലാത്സംഗം ചെയ്യപ്പെട്ടതും മറക്കാനാവില്ല. 20,000ത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും 50,000ത്തോളം പേര്‍ നാടുവിട്ടോടുകയും ചെയ്തതായാണ് പിന്നീട് കണ്ടെത്തിയത്. അതുപോലെ 2008ല്‍ കേരളത്തോട് ചേര്‍ന്നു കിടക്കുന്ന തെക്കന്‍ കര്‍ണാടകത്തില്‍ ക്രിസ്ത്യാനികള്‍ സംഘടിതമായി ആക്രമിക്കപ്പെടുകയും വ്യാപകമായി കൊള്ളയും കൊള്ളിവെപ്പും നടന്നതും സംസ്ഥാനത്ത് താമര വിരിഞ്ഞു തുടങ്ങിയ നാളുകളിലാണ്.
2014ല്‍ യുപിയില്‍ അമിത്ഷായുടെ ആസൂത്രണത്തില്‍ നടന്ന മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ദല്‍ഹി ഭരണം പിടിച്ചെടുത്തത്. 2022 ജൂണില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയില്‍ ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഇപ്പോള്‍ ഏറ്റവുമധികം സംഘടിതമായ ആക്രമണം നടക്കുന്ന ഒരു സംസ്ഥാനം ഛത്തീസ്ഗഢാണ്. യുപി, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത് മേഖലകളില്‍ വ്യാപകമായാണ് ക്രിസ്ത്യാനികള്‍ (മുസ്ലീങ്ങള്‍ക്കൊപ്പം) ആക്രമിക്കപ്പെടുന്നത്. കുറ്റവാളികള്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്തതാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘടിത കുറ്റകൃത്യങ്ങള്‍ വ്യാപകമാകാന്‍ കാരണം. അതിന് പ്രചോദനമായ വിധമാണ് സംഘപരിവാര്‍ നടത്തുന്ന വിദ്വേഷപ്രചരണങ്ങള്‍.
2022 ഡിസംബറോടുകൂടി വീണ്ടും ഛത്തീസ്ഗഢില്‍ കെട്ടഴിച്ചുവിടപ്പെട്ട ക്രിസ്തുമത വിശ്വാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് ഫെബ്രുവരി 19ന് ഡല്‍ഹി ജന്ദര്‍മന്ദറില്‍ പുരോഹിതരടക്കം തൊഴുകൈകളോടെ അണിനിരന്ന് തങ്ങളെ വേട്ടയാടരുതെന്ന് അഭ്യര്‍ഥിക്കാന്‍ നിര്‍ബന്ധിതരായത്. ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് ബിജെപി-ആര്‍എസ്എസുകാര്‍ അടുത്തയിടെ രൂപം നല്‍കിയ ജനജാതി സുരക്ഷാ മഞ്ചിന്‍റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്.
ഛത്തീസ്ഗഢിലെ ആദിവാസി മേഖലയില്‍ ബലപ്രയോഗത്തിലൂടെ ക്രിസ്തുമത വിശ്വാസികളെ സംഘടിതമായി മതം മാറ്റുകയാണ്. അങ്ങനെ ഹിന്ദുമതം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് തങ്ങള്‍ തലമുറകളായി താമസിച്ചുവരുന്ന സ്ഥലവും വീടും ഉപേക്ഷിച്ചുപോകേണ്ടതായി വരുന്നു. ആയിരക്കണക്കിനാളുകളാണ് ഇങ്ങനെ നാടുവിട്ടോടാന്‍ നിര്‍ബന്ധിതരായത്. മതം മാറാന്‍ വിസമ്മതിച്ച് നില്‍ക്കുന്നവര്‍ മരണപ്പെട്ടാല്‍ സ്വന്തം ഭൂമിയില്‍ അവരുടെ ശവസംസ്കാരം പോലും അനുവദിക്കപ്പെടുന്നില്ല. ഛത്തീസ്ഗഢിലെ ആദിവാസി മേഖലയായ ബാസ്താര്‍ ജില്ലാ ആസ്ഥാനമായ ജഗദല്‍പൂരില്‍ ആയിരക്കണക്കിന് ക്രിസ്ത്യാനികളായ ആദിവാസികള്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ക്കുമുന്നില്‍ കൂട്ടനിവേദനം നല്‍കിയിട്ടും അവരുടെ പരിദേവനം കേട്ടില്ലെന്നു മാത്രമല്ല, സംസ്ഥാനത്ത് അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരെയാകെ പിടികൂടി ക്യാമ്പില്‍ അടയ്ക്കുകയാണുണ്ടായത്. 2021 നവംബറില്‍ ഛത്തീസ്ഗഢ് ഹൈക്കോടതി കൈാര്യം ചെയ്ത ഒരു കേസ് ക്രിസ്തുമതം സ്വീകരിച്ച ഒരു ആദിവാസിയുടെ ശവം മറവുചെയ്തിടത്തുനിന്ന് കാണാതായതു സംബന്ധിച്ചാണ്. കോടതി ബിജെപിക്കാരനായ സ്ഥലം എംഎല്‍എയോടും ജില്ലാ കളക്ടറോടും പൊലീസ് സൂപ്രണ്ടിനോടും വിശദീകരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാകട്ടെ, മറവുചെയ്തിരുന്ന ആ ശരീരം ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. ഭരണകൂടത്തിന്‍റെ സര്‍വവിധ ഒത്താശയോടും കൂടിയാണ് സംഘടിതമായ ഈ ആക്രമണങ്ങള്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്നത് എന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.
ഫെബ്രുവരി 19ന് രണ്ട് ബിഷപ്പുമാരുടെയടക്കം സാന്നിധ്യത്തിലും നേതൃത്വത്തിലും ഡല്‍ഹിയില്‍ നടന്ന കൂട്ടനിവേദന സത്യാഗ്രഹം പ്രധാനമന്ത്രിയടക്കമുള്ളവരുടെ ദയയ്ക്കാണ് യാചിച്ചതെങ്കിലും അതു ലഭിക്കുമെന്ന് ഇന്നേവരെയുള്ള അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ കരുതാനാവില്ല. അധികൃതരുടെ മാത്രമല്ല, കുത്തകമാധ്യമങ്ങളുടെയും കണ്ണു തുറക്കാന്‍ പര്യാപ്തമായവിധം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന സംഘടിതമായ ഇത്തരം ആക്രമണങ്ങള്‍ക്കുനേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നതും അവ മൂടിവയ്ക്കുന്നതും സംഘപരിവാറുകാര്‍ക്ക് പ്രചോദനമാവുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ വ്യാപകമായി വരുന്ന ആക്രമണങ്ങള്‍ക്കെതിരെ മതനിരപേക്ഷവാദികളുടെ, ജനാധിപത്യവിശ്വാസികളുടെയാകെ ശബ്ദം ശക്തമായി ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.♦