ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ സ്വംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടത്. അതുകൊണ്ടു തന്നെ മതനിരപേക്ഷതയും സമത്വവും സാമൂഹ്യ നീതിയും ഫെഡറലിസവുമെല്ലാം അതിന്‍റെ കാഴ്ചപ്പാടുകളില്‍ സ്വാധീനം ചെലുത്തി. ബഹുസ്വരത ആധാരമാക്കിയ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലുള്ള സമീപനമാണ് അത് മുന്നോട്ടുവെച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവും വഹിക്കാതിരുന്ന ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന ബി.ജെ.പിക്ക് ഇത്തരം മൂല്യങ്ങളെ അംഗീകരിക്കാനാകുന്നില്ല. രാജ്യത്തിന്‍റെ കരുത്തുകൂടിയായ നാനാത്വത്തില്‍ ഏകത്വമെന്ന സമീപനത്തെ അംഗീകരിക്കാന്‍ ഇവര്‍ സന്നദ്ധവുമല്ല. അതുകൊണ്ടുതന്നെ ബിജെപിയെ രാജ്യത്തിന്‍റെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രമേ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയുകയുള്ളൂ.
സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരേ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസ്സിന് ബി.ജെ.പിക്ക് ബദലാകാനാകില്ല. സംഘപരിവാറിന്‍റെ ഹിന്ദുത്വ അജന്‍ഡകളെ പ്രതിരോധിക്കുന്നതില്‍ ശക്തമായ നിലപാട് അവര്‍ക്കില്ല. അതുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസ്സിന്‍റെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന സ്ഥിതിയുണ്ടാകുന്നത്. ബി.ജെ.പിയെ നേരിടാന്‍ പ്രത്യയശാസ്ത്രപരമായ കരുത്തും ബദല്‍ നയവും അവര്‍ മുന്നോട്ടുവെക്കുന്നില്ല.
ബി.ജെ.പിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് സുപ്രധാനമായ ഉത്തരവാദിത്വമായി ഈ സാഹചര്യത്തില്‍ സി.പി.ഐ എം കാണുന്നു. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. വിവിധ സംസ്ഥാനങ്ങളിലെ സാധ്യതകളെ കണക്കിലെടുത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള സമീപനങ്ങളാണ് സിപിഐ എം സ്വീകരിക്കുന്നത്. ഈ കാഴ്ചപ്പാട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുക എന്നത് ഈ ജാഥയിലെ സുപ്രധാനമായ കാഴ്ചപ്പാടാണ്.
കോര്‍പ്പറേറ്റ് ശക്തികളെ പ്രീണിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയം വമ്പിച്ച അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്‍റെ കൈയ്യിലാണ് രാജ്യത്തെ മൊത്തം സമ്പത്തിന്‍റെ 40 ശതമാനത്തിലേറെയും. ജനസംഖ്യയില്‍ ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനത്തിന്‍റെ കൈവശം വെറും 3 ശതമാനം സമ്പത്ത് മാത്രമാണ് ഉള്ളത്. അതേസമയം ഇന്ത്യയില്‍ 23 കോടി ജനങ്ങള്‍ ദാരിദ്ര്യാവസ്ഥയില്‍ കഴിയുകയും ചെയ്യുന്നു.
കോര്‍പ്പറേറ്റുകളുടെ 11 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും അതോടൊപ്പം നികുതിയിളവുകളിലൂടെ 4 ലക്ഷം കോടി രൂപ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. അതേസമയം പണമില്ലെന്ന് പറഞ്ഞ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സബ്സിഡി തുടങ്ങിയവയ്ക്കുള്ള തുക വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഈ നയം ജി.ഡി.പിയുടെ വളര്‍ച്ച 7.4 ശതമാനത്തില്‍ നിന്ന് 4.7 ശതമാനത്തിലേക്ക് കുത്തനെ ഇടിയുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. ഇത്തരത്തില്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന കോര്‍പ്പറേറ്റ് അനുകൂല കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാന്‍ കൂടിയാണ് ഈ ജാഥ സംഘടിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയെല്ലാം കൂച്ചുവിലങ്ങിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് പങ്കുണ്ടെന്ന ബി.ബി.സി ഡോക്കുമെന്‍ററി നിരോധിക്കുന്നതിനും, ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. ഇത്തരത്തില്‍ മോദി സര്‍ക്കാരിനെതിരായി എന്തെങ്കിലും വാര്‍ത്തകള്‍ നല്‍കുന്ന സ്ഥാപനങ്ങളെത്തന്നെ തകര്‍ക്കുകയാണ്. നീതിന്യായ വ്യവസ്ഥയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ഇത്തരത്തില്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്.
ഇത്തരം നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധങ്ങളെ ദുര്‍ബലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഒപ്പം ആവിഷ്കരിക്കുകയാണ്. വര്‍ഗ്ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ ഇത്തരം കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുക എന്നതാണ് ഈ ജാഥയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്. കേരളത്തിന്‍റെ വികസനത്തിനായി രൂപീകരിച്ച ബദല്‍ സാമ്പത്തിക സമീപനങ്ങളെയെല്ലാം തകര്‍ക്കുന്നതിനുള്ള നയങ്ങളും സ്വീകരിക്കുകയാണ്. കേന്ദ്ര ധനകാര്യ വകുപ്പിന്‍റെ പുതിയ സര്‍ക്കുലര്‍ പ്രകാരം സര്‍ക്കാരിന്‍റെ കടമെടുപ്പിനകത്ത് കിഫ്ബിയെയും, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി രൂപീകരിച്ച കണ്‍സോഷ്യത്തേയും ഉള്‍പ്പെടെ കൊണ്ടുവരികയാണ്. അതിലൂടെ സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി തകര്‍ക്കുകയെന്ന നയവും മോദി സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കണ്ട 40,000ത്തോളം കോടി രൂപ ലഭ്യമാകാത്ത സാഹചര്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
കേരളത്തിന്‍റെ ജനകീയ മാതൃകകളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു ഏറ്റെടുക്കേണ്ടതുണ്ട്. വാറ്റ് നിയമം വന്നതിന് ശേഷം മദ്യം, പെട്രോള്‍ തുടങ്ങിയ ഇനങ്ങള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്താനാകൂ. അധിക വിഭവസമാഹരണം നടത്തിയില്ലെങ്കില്‍ സ്വാഭാവികമായും സര്‍ക്കാര്‍ പദ്ധതികളെല്ലാം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. പെട്രോളിയം സെസുള്‍പ്പെടെ വര്‍ദ്ധിപ്പിക്കേണ്ടിവന്ന ഈ സാഹചര്യത്തെ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുന്നതിനു കൂടിയാണ് ഈ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുകയെന്ന നയമാണ് വലതുപക്ഷ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കുകയെന്ന ഉത്തരവാദിത്വം കൂടി ഏറ്റെടുത്തുകൊണ്ടാണ് ഈ ജാഥ പ്രയാണമാരംഭിച്ചിരിക്കുന്നത്.
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക, കാര്‍ഷിക മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക, സാമൂഹ്യ സുരക്ഷാ പദ്ധതികളെ തകര്‍ക്കുക, ആരോഗ്യ – വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി ഉല്‍പാദനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്‍റെ ബദല്‍ നയത്തിലൂടെ സാധ്യമായി. പാലക്കാട് ഇന്‍സ്ട്രുമെന്‍റേഷന്‍, കാസര്‍കോട്ടെ ഭെല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യത്തിലും സമാനമായ നിലപാടുതന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകന്നത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ 24 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലായിക്കഴിഞ്ഞു.
റബ്ബറിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ അതിന് 600 കോടി രൂപയാണ് സാമ്പത്തിക പരിമിതികള്‍ക്കകത്തും സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ 54,535 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു കഴിഞ്ഞു. ഡിജിറ്റല്‍ സര്‍വേ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.
വിജ്ഞാനാധിഷ്ടിത സമൂഹം കെട്ടിപ്പടുക്കുകയെന്ന കാഴ്ചപ്പാടോടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കെ-ഡിസ്കിന്‍റെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെട്ടതിന്‍റെ ഭാഗമായി 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതിയതായി ഈ മേഖലയില്‍ കടന്നുവന്നത്. 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.
ദേശീയ നിതി ആയോഗിന്‍റെ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതാണ്. ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യത്താദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും, ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടപ്പിലാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വെട്ടിക്കുറച്ചപ്പോള്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിക്കിടയിലും 230 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ലൈഫ് ഭവന പദ്ധതിയില്‍ ഇതുവരെ 3,22,922 വീടുകളും 4 ബഹുനില സമുച്ചയങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 പേര്‍ ഉണ്ടെന്ന് കണ്ടെത്തിട്ടുണ്ട് ഇവര്‍ക്കുള്ള പദ്ധതികള്‍ ധ്രുതഗതിയില്‍ നടപ്പിലാക്കിവരികയാണ്. 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍ ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 2,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതിയെന്ന ലക്ഷ്യത്തിലൂന്നി നിന്നുകൊണ്ട് പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ നടപ്പിലാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂരഹിതരായ 4,020 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചു. വനാവകാശ നിയമപ്രകാരം 1,647 പേര്‍ക്ക് 1,752.25 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം 49 കോടി രൂപ ഈ സര്‍ക്കാരിന്‍റെ കാലത്ത് ചെലവഴിച്ചു.
പശ്ചാത്തല സൗകര്യവികസനത്തിന്‍റെ ഭാഗമായി കൊച്ചി – പാലക്കാട് വ്യവസായ ഇടനാഴി ആരംഭിച്ചു. ദേശീയപാത വികസനം, മലയോര – തീരദേശ പാത, ദേശീയ ജലപാത വികസനം എന്നിവയും പൂര്‍ത്തീകരണത്തിന്‍റെ പാതയിലാണ്. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം നേടിയെടുത്തു. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കെ-ഫോണ്‍ പദ്ധതിയും ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സ്ഥലമേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷനുകള്‍ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും, ആലപ്പുഴയിലും ഉദ്ഘാടനം ചെയ്തു.
ഭരണ യന്ത്രത്തെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുകയാണ്. ഇ-ഗവേണന്‍സ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ഒഴിവുകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിലനില്‍ക്കുമ്പോള്‍, ഉള്ള ഒഴിവുകള്‍ നികത്തിക്കൊണ്ടും പുതിയ തസ്തിക സൃഷ്ടിച്ചുകൊണ്ടുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,61,361 പേര്‍ക്കുമാത്രമാണ് പിഎസ്സി മുഖാന്തിരം നിയമനം ലഭിച്ചത്. അതേ സമയം2,00,727 നിയമനങ്ങളാണ് ഇതുവരെ പിഎസ്സി വഴി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. മറ്റൊരു സംസ്ഥാനത്തും ഇതിനടുത്ത് പോലും നിയമനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്ക് ബദലായി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുമായി യോജിച്ചുനില്‍ക്കാനാണ് യുഡിഎഫ് തയ്യാറാകുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ പോലും കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ നടക്കുന്നില്ല. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുകയാണ്. എല്ലാ വര്‍ഗ്ഗീയതയും പരസ്പരസഹായികളായി വര്‍ത്തിക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്.
രാജ്യത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളെ ജനങ്ങളുടെ ഇടയില്‍ എത്തിക്കുന്നതിനാണ് ഈ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. ഈ ജാഥ ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം തിരുവനന്തപുരത്ത് സി.പിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ എമ്മിനോട് ജനങ്ങള്‍ കാണിക്കുന്ന വിശ്വാസം പ്രതിഫലിക്കുന്നതാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമുള്ള ജനസഞ്ചയം. കേരളത്തിന്‍റെ ഇടതുപക്ഷ മനസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിന് ഈ ക്യാമ്പയിനിലൂടെ സാധ്യമാകുമെന്നതാണ് ഓരോ ദിവസവുമെത്തുന്ന ജനക്കൂട്ടം തെളിയിക്കുന്നത്. ♦