Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറികേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍

കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍

കെ.എന്‍.ബാലഗോപാല്‍

ഗോള രാഷ്ട്രീയ – സാമ്പത്തികരംഗമാകെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പില്ലാതെ ഉക്രൈനില്‍ നടത്തിയ സന്ദര്‍ശനവും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ 2023 ഫെബ്രുവരി 20ന് നടത്തിയ പ്രകോപനപരമായ പ്രസംഗവും അതിനോട് പ്രതികരിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് അമേരിക്കയുമായുള്ള എല്ലാ പ്രധാന ആണവ കരാറുകളില്‍ നിന്നും പിന്‍വാങ്ങിയതായി പ്രഖ്യാപിച്ചതും ആശങ്കയുളവാക്കുന്ന സ്ഥിതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ സ്ഥിതിയിലേക്ക് ലോകമെത്തുന്നത് കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനുമുമ്പും അമേരിക്ക, ചൈന വ്യാപാര തര്‍ക്കങ്ങളും, തെക്കന്‍ ചൈനാ കടലിടുക്കിലെ സംഘര്‍ഷങ്ങള്‍, തായ് വാന്‍ പ്രശ്നങ്ങള്‍ എന്നിവയും നിലനില്‍ക്കുന്ന കാലത്തുമാണെന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഈ അന്തരീക്ഷം ആഗോള വിതരണ ശൃംഖലയെ വലിയ രൂപത്തില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചരക്കുകളുടെ വിതരണത്തിലെ തടസ്സം മാത്രമല്ല, വിതരണത്തിന്‍റെ ചെലവിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ ചരക്കുകളുടെ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാക്കി. റഷ്യ -ഉക്രൈന്‍ യുദ്ധം മൂലം ഊര്‍ജ്ജ വില ലോകമാകെ പ്രത്യേകിച്ച് യൂറോപ്പില്‍ കുതിച്ചുയര്‍ന്നുകൊണ്ടി രിക്കുകയാണ്. ഈ ആഗോള അന്തരീക്ഷം ഇന്ത്യന്‍ സമ്പദ് രംഗത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതി, പ്രത്യേകിച്ച് കൂടുതല്‍ തൊഴില്‍ നല്‍കിവന്ന ടെക്സ്റ്റൈല്‍, വജ്രം തുടങ്ങിയ പല മേഖലകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സ്ഥിതിയൊന്നും കണക്കിലെടുക്കാതെയുള്ള ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്.

വിലക്കയറ്റവും റിസര്‍വ് ബാങ്കും
വലിയ തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിക്കുന്ന നടപടികളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. റിസര്‍വ് ബാങ്ക് നിരന്തരം റിപ്പോ നിരക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 8-ാം തീയതിയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25 ശതമാനം വര്‍ദ്ധനവ് വരുത്തി 6.5% ആയി ഉയര്‍ത്തി. എന്നാല്‍ 2023 ജനുവരിയിലും വിലക്കയറ്റം 6.5% ആണ്. റിസര്‍വ് ബാങ്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. ഇന്ന് നാം നേരിടുന്ന പ്രശ്നം യഥാര്‍ത്ഥത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള ചരക്കുകളുടെ വിതരണത്തിലുള്ള പ്രശ്നമാണ്. ചരക്കുകളുടെ വിതരണത്തിലുള്ള പ്രശ്നം പലിശനിരക്ക് ഉയര്‍ത്തിക്കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. ചോദനം (ഉലാമിറ) വര്‍ദ്ധിക്കുന്നതുമൂലമുണ്ടാകുന്ന വിലക്കയറ്റം മാത്രമേ പലിശനിരക്ക് ഉയര്‍ത്തിക്കൊണ്ട് നിയന്ത്രിക്കാന്‍ കഴിയൂ. ഇപ്പോള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചിരിക്കുന്ന നടപടി ഉല്‍പ്പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഉല്‍പ്പാദനത്തിലെ ഇടിവും വിലക്കയറ്റവും ചേര്‍ന്ന് സ്റ്റാഗ്ഫ്ളേഷന്‍ എന്ന സ്ഥിതി തന്നെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകാം. ഈ ഒരു സങ്കീര്‍ണ്ണമായ സ്ഥിതിയും കേന്ദ്ര ബജറ്റ് കണ്ടതായി നടിച്ചിട്ടില്ല.

തൊഴിലില്ലായ്മ
ഇന്ത്യയിലെ തൊഴിലില്ലായ്മ 2023 ജനുവരിയില്‍ 7.14 ശതമാനമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തൊഴിലില്ലായ്മ പല മാസങ്ങളിലും 8 ശതമാനത്തിന് മുകളിലായിരുന്നു. തൊഴിലില്ലായ്മയുടെ ഈ അവസ്ഥ പരിഗണിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലേറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന ഒരു മേഖല ചെറുകിട – ഇടത്തരം വ്യവസായങ്ങളാണ്. 11 കോടിയിലധികം ജനങ്ങള്‍ ചെറുകിട ഇടത്തരം വ്യവസായങ്ങളെ മാത്രം ആശ്രയിച്ചാണ് തൊഴില്‍ ചെയ്തുവരുന്നത്. കോവിഡ് കാലത്ത് ഈ ചെറുകിട വ്യവസായങ്ങളെല്ലാം വലിയ പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും പലതും അടച്ചുപൂട്ടപ്പെട്ട അവസ്ഥയിലാണ്. ഇവരെ സഹായിക്കാനുള്ള കാര്യമായ ഒരു നടപടിയും ബജറ്റില്‍ കാണാന്‍ കഴിയില്ല.

2022-23ല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ നീക്കിവെച്ചിരുന്നത് 89,400 കോടി രൂപയായിരുന്നു. 2023-24ല്‍ അത് 60,000 കോടി രൂപയായി കുറച്ചിരിക്കുകയാണ്. അതായത് 32.90 ശതമാനത്തിന്‍റെ കുറവ്.

തൊഴില്‍ മേഖലയ്ക്ക് 2022-23ല്‍ നീക്കിവെച്ചിരുന്നത് 24,034 കോടി രൂപയായിരുന്നെങ്കില്‍ അത് 2023-24 ല്‍ 13,222 കോടി രൂപയാക്കി കുറച്ചു. 44.98 ശതമാനത്തിന്‍റെ കുറവ്.റൂറല്‍ എംപ്ലോയ്മെന്‍റ് ഹെഡില്‍ വകയിരുത്തിയിരുന്ന തുകയില്‍ 33.9 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്.

സബ്സിഡികളിലെല്ലാം വെട്ടിക്കുറവ്
കേന്ദ്ര ബജറ്റില്‍ സാമൂഹ്യസുരക്ഷ, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കൃഷി, ഭക്ഷ്യ സബ്സിഡി തുടങ്ങി വിവിധ മേഖലകള്‍ക്കുള്ള വകയിരുത്തലില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെ ബജറ്റിനേക്കാള്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. ഭക്ഷ്യ സബ്സിഡിയുടെ വെട്ടിക്കുറവ് 31.28 ശതമാനമാണ്. 2022-23ലെ ബജറ്റില്‍ പെട്രോളിയം സബ്സിഡിക്കായി 9,171 കോടി രൂപ നീക്കിവെച്ചിരുന്നെങ്കില്‍ ഇത്തവണ അത് 2,257 കോടി രൂപയായി കുറഞ്ഞു. എല്‍.പി.ജി സബ്സിഡിയില്‍ 61 ശതമാനം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ബജറ്റ് വിഹിതത്തില്‍ 32.84 ശതമാനം, പരിസ്ഥിതി സംരക്ഷണത്തിനുള്ള വിഹിതത്തില്‍ 18.38 ശതമാനം, കാര്‍ഷിക മേഖലയ്ക്കുള്ള ആകെ നീക്കിയിരുപ്പില്‍ 6.82 ശതമാനം, രാസവള സബ്സിഡിയില്‍ 22.25 ശതമാനം, യൂറിയ സബ്സിഡിയില്‍ 14.92 ശതമാനം, വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 12 ശതമാനം എന്നിങ്ങനെ സാധാരണക്കാരെയും കര്‍ഷകരെയും ബാധിക്കുന്ന മേഖലകളിലെല്ലാം വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുള്‍പ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികളിലെല്ലാം നീക്കിവച്ചിരിക്കുന്ന തുക മുന്‍ വര്‍ഷത്തെക്കാള്‍ വളരെ കുറവാണ്.

രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കര്‍ഷക സമരകാലത്ത് പ്രസംഗിച്ചയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. എന്നാല്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് ഈ ബജറ്റിലൂടെ വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും.

വിലക്കയറ്റം അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് കാര്‍ഷിക മേഖലയോട് പുലര്‍ത്തുന്ന ഈ സമീപനം കൃഷിക്കാരെ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളെയും ഗുരുതരമായി ബാധിക്കും.

എന്നാല്‍, മറുവശത്ത് കോര്‍പ്പറേറ്റ് പ്രീണനം അതിശക്തമായി തുടരുകയാണ്. സാമ്പത്തിക അസന്തുലിതാവസ്ഥ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ് 2023ലെ ഓക്സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ശതമാനം സമ്പന്നരാണ് 40 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്നതെന്നും രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയില്‍ താഴെയുള്ള സാധാരണ ജനങ്ങള്‍ നല്‍കുന്ന പരോക്ഷനികുതി മുകള്‍തട്ടിലെ 10 ശതമാനം വരുന്ന സമ്പന്നന്മാര്‍ നല്‍കുന്ന പരോക്ഷ നികുതി തുകയുടെ ആറിരട്ടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞദിവസം എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്‍റില്‍ ലഭിച്ച മറുപടിയിലുള്ളത് ഏതാണ്ട് രണ്ടരലക്ഷം കോടിയിലധികം രൂപയുടെ ഇളവ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോര്‍പ്പറേറ്റുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നാണ്. ഇത്തരത്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ ഒന്നും കാണാതെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

കമ്മി : കേന്ദ്രബജറ്റിലും കേരള ബജറ്റിലും
ഐ.എം.എഫ് അടിച്ചേല്‍പ്പിച്ച ഫിസ്കല്‍ റെസ്പോണ്‍സിബിലിറ്റി ബജറ്റ് മാനേജ്മെന്‍റ് (FRBM) ആക്ട് അനുസരിച്ച് കേന്ദ്ര – സംസ്ഥാന ബജറ്റുകളിലെ ധനക്കമ്മി 3 ശതമാനത്തിന് താഴെയായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഈ നിബന്ധന ഒരിക്കലും പാലിക്കാറില്ല. എന്നാല്‍ സംസ്ഥാനങ്ങളുടെ മേല്‍ പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മേല്‍ ഇത് നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുകയും ചെയ്തുവരികയാണ്.

കേന്ദ്ര ധനക്കമ്മി 2022-23ല്‍ 17.55 ലക്ഷം കോടി, അതായത് 6.4 ശതമാനമാണ്. വരുമാനത്തിലെ കമ്മി 4.1 ശതമാനവും ആണ്. എന്നാല്‍ കേരളത്തിന്‍റെ ധനക്കമ്മി ഈ വര്‍ഷം 3.61 ശതമാനവും വരുമാനത്തിലെ കമ്മി 2.29 ശതമാനവും മാത്രമാണ്. കേരളത്തിന്‍റെ ധനക്കമ്മി കേന്ദ്രത്തേക്കാളും വളരെയധികം കുറഞ്ഞിരിക്കുമ്പോഴും കേരളം കടക്കെണിയിലാണെന്ന പ്രചരണമാണ് നടക്കുന്നത്.


നവകേരള സൃഷ്ടിക്കായ് കേരള ബജറ്റ്
25 വര്‍ഷം കൊണ്ട് കേരളത്തെ ഏതൊരു ആധുനിക വികസിത രാജ്യത്തിനും സമാനമായ ജീവിത നിലവാരത്തിലേക്കും അടിസ്ഥാന സൗകര്യ വികസനത്തിലേക്കും എത്തിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് അനുയോജ്യമായ ബജറ്റാണ് ഫെബ്രുവരി മൂന്നാം തീയതി അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച് അതിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിലെ ഊന്നലെങ്കില്‍, ആ ലക്ഷ്യത്തിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് ഇത്തവണത്തെ ബജറ്റ് ലക്ഷ്യമിട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംസ്ഥാനത്തിന്‍റെ വികസന കവാടമാക്കി വികസിപ്പിക്കുകയും, അതിനോട് ചേര്‍ന്ന് ഒരു വലിയ വ്യവസായ മേഖല സൃഷ്ടിക്കുകയും ചെയ്യുക എന്നത് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ മേക്ക് ഇന്‍ കേരള പദ്ധതി, വര്‍ക്ക് നിയര്‍ ഹോം പദ്ധതി, വടക്ക് തെക്ക് ജലപാതയോട് ചേര്‍ന്നുള്ള വികസന പദ്ധതികള്‍, പാരമ്പര്യേതര ഊര്‍ജ്ജ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങി ഭാവി കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന നിരവധി ആശയങ്ങളും പദ്ധതികളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ക്ളീന്‍ എനര്‍ജി എന്നറിയപ്പെടുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍, ആയിരക്കണക്കിനു ടണ്‍ നാപ്കിന്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന വിധത്തില്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പുകള്‍ക്ക് പ്രോത്സാഹനം, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലുമെത്തി നേത്ര പരിശോധന നടത്തി കണ്ണടകള്‍ നല്‍കുന്ന നേര്‍ക്കാഴ്ച പദ്ധതി, വനം – വന്യജീവി സംഘര്‍ഷം തടയാന്‍ നിരവധി നടപടികള്‍ തുടങ്ങി ബഹുവിധ പദ്ധതികളുമുണ്ട്.

ഇതിനോടൊപ്പം തന്നെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി സഹായിക്കുന്ന നിരവധി പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ വലിയ പ്രാധാന്യമാണുള്ളത്. സംസ്ഥാനത്തെ 62 ലക്ഷത്തിലധികമാളുകള്‍ക്ക് പ്രതിമാസം 1600 രൂപ നിരക്കില്‍ ക്ഷേമപെന്‍ഷന്‍ നല്‍കിവരുന്നു. ഒരു വര്‍ഷം 11,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവിടുന്നത്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മൂന്നുലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയത് 800 കോടി രൂപയാണ്. അതിദാരിദ്ര്യ ലഘൂകരണത്തിനായി ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. രാജ്യത്ത് പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 2 ലക്ഷത്തിലധികം പേര്‍ക്കാണ് സര്‍ക്കാര്‍ മേഖലയില്‍ മാത്രം സംസ്ഥാനത്ത് തൊഴില്‍ നല്‍കിയത്.

സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനത്തില്‍ 12.01 ശതമാനത്തിന്‍റെ വര്‍ധനയാണ് നടപ്പ് സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മാര്‍ച്ചിലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏകദേശം 26,000 കോടി രൂപയുടെ വര്‍ദ്ധനവാണ് സംസ്ഥാന നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ചിട്ടയോടെയുള്ളതും ആസൂത്രിതവുമായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

കേന്ദ്ര നടപടികള്‍ കേരളത്തെ ശ്വാസംമുട്ടിക്കുമ്പോള്‍
എന്നാല്‍ കേരളം നേരിടുന്ന പ്രധാന പ്രശ്നം സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നു എന്നതാണ്. ജിഎസ്ടി നടപ്പിലാക്കിയതോടുകൂടി നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിമിതമായി മാറി. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ഒഴികെയുള്ള ഉല്‍പ്പന്നങ്ങളിന്മേലുള്ള നികുതി അധികാരം ജി എസ് ടി കൗണ്‍സിലില്‍ നിക്ഷിപ്തമാണ്.

ജിഎസ്ടി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാനായി നല്‍കിവന്നിരുന്ന ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂണ്‍ 30ന് അവസാനിപ്പിച്ചതോടെ 12000 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണ് സംസ്ഥാന വരുമാനത്തില്‍ ഉണ്ടായത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതംവയ്ക്കുന്ന കേന്ദ്ര നികുതിയുടെ 1.925% മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന്‍റെ വിഹിതമായി നിശ്ചയിച്ചിട്ടുള്ളത്. പത്താം ധനകാര്യ കമ്മീഷന്‍റെ കാലത്ത് ഇത് 3.84 ശതമാനം ആയിരുന്നു. തൊട്ടുമുന്‍പുള്ള പതിനാലാം ധനകാര്യ കമ്മീഷന്‍റെ കാലത്ത് ഇത് 2.5% ആയിരുന്നു. ഏകദേശം പതിനെണ്ണായിരം കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംസ്ഥാന ഗവണ്‍മെന്‍റിന് ഉണ്ടായിട്ടുള്ളത്. ജി എസ് ടി നടപ്പിലാക്കിയ ഘട്ടത്തില്‍, 100 രൂപയുടെ സാധന/ സേവന വിനിമയം നടക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി, അഥവാ റവന്യൂ ന്യൂട്രല്‍ റേറ്റ് 16 രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴത് 11 രൂപ മാത്രമാണ്. ആഡംബര സാധനങ്ങളുടെയുള്‍പ്പെടെ നികുതി കുറച്ചതിലൂടെയാണ് ഇത് സംഭവിച്ചത്. പഴയ നിരക്കിലായിരുന്നു റവന്യൂ ന്യൂട്രല്‍ റേറ്റെങ്കിലല്‍ 15,000 ത്തോളം കോടി രൂപ സംസ്ഥാനത്തിന് അധികമായി ലഭിക്കുമായിരുന്നു.

അത്തരത്തില്‍ വലിയ വരുമാന നഷ്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സംസ്ഥാനത്തിന്‍റെ തനത് വരുമാനം വര്‍ദ്ധിക്കുമ്പോഴും കേന്ദ്ര വിഹിതത്തില്‍ വരുന്ന കുറവ് നമുക്ക് നികത്താന്‍ കഴിയുന്നില്ല. ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും ഡിവിസിബിള്‍ പൂളില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട വിഹിതം നല്‍കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പൊതു ചെലവിന്‍റെ 63 ശതമാനത്തിലധികവും സംസ്ഥാനങ്ങളാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ പൊതു വരുമാനത്തിന്‍റെ 60 ശതമാനത്തിലധികം ലഭിക്കുന്നത് കേന്ദ്ര ഗവണ്‍മെന്‍റിനും. ഈ അനുപാത രാഹിത്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍, ജിഎസ്ടി കൗണ്‍സിലിനും കേന്ദ്ര ഗവണ്‍മെന്‍റിനു മുന്നിലും ഉയര്‍ത്തി വരികയാണ്. ഫെഡറലിസ്റ്റ് മൂല്യങ്ങളും സംസ്ഥാന താല്‍പര്യങ്ങളും തീര്‍ത്തും അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നടപടികള്‍ തിരുത്തപ്പെടേണ്ടതാണ്. അതിനുവേണ്ടി മറ്റു സംസ്ഥാനങ്ങളെ കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളം ഏറ്റെടുത്തുവരികയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − six =

Most Popular