സഹകരണമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രസഹകരണ മന്ത്രാലയത്തിന്‍റെ കീഴില്‍, പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഉണ്ടായി വന്നിട്ടുള്ള നിരവധി പദ്ധതികള്‍, നയങ്ങള്‍ എന്നിവ കേരളത്തെപ്പോലുള്ള സംസ്ഥാനത്ത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള നിയമത്തിന്‍റെ പരിഷ്കാരങ്ങളിലൂടെ, പുതിയ ദേശീയ നയത്തിലൂടെ, പുത്തന്‍ പദ്ധതികളുടെ പ്രഖ്യാപന ത്തിലൂടെ സഹകരണ മേഖലയെ ഏകീകരിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കു കടന്നുകയറുകയാണ്. ഇത് മുന്‍കാലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ്. സംസ്ഥാനങ്ങളിലൂടെ സഹകരണ മേഖലയിലെ വികസനം എന്ന കാഴ്ചപ്പാട് മാറ്റി കേന്ദ്രം നേരിട്ട്ഈ മേഖലയില്‍ പിടിമുറുക്കുന്നതിന്‍റെ സൂചനയാണിത്. കേന്ദ്രമന്ത്രാലയം വന്നതിനുശേഷം പ്രഖ്യാപിച്ച വിവിധ പദ്ധതികളെ ഓരോന്നായി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
1991 മുതലുള്ള നവലിബറല്‍ നയങ്ങളുടെ പുതിയ നീക്കങ്ങളാണ് ഇത്തരം പദ്ധതികളുടെ പിന്നിലെ ലക്ഷ്യം. 2014 ല്‍ അധികാരത്തില്‍ വന്ന ആദ്യ എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ മേഖലയില്‍ കാര്യമായ മാറ്റത്തിന് ആ സര്‍ക്കാര്‍ തുനിഞ്ഞില്ല. എന്നാല്‍ വീണ്ടും അധികാരത്തിലെത്തിയ രണ്ടാം സര്‍ക്കാര്‍ വര്‍ധിത വീര്യത്തോടെയാണ് ഈ മേഖലയിലിടപെടുന്നത്. അതിന്‍റെ ആദ്യപടിയാണ് 2020 ലെ ബി ആര്‍ ആക്ട്. അതിനുശേഷം വന്ന പ്രഖ്യാപനമാണ് പുതിയ സഹകരണ മന്ത്രാലയ രൂപീകരണം. 100 വര്‍ഷത്തിലധികമായി അതായത് 1919 ലെ ഭരണ പരിഷ്കാരം വഴിയും, ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ വഴിയും സാഹകരണം സംസ്ഥാന വിഷയമാണ്. അതിനെ അട്ടിമറിക്കുന്ന ഒന്നാണ് സഹകരണ മന്ത്രാലയ രൂപീകരണ പ്രഖ്യാപനം. ചരിത്രപരമായ നേട്ടമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന സഹകരണ മന്ത്രാലയ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരുകളുടെ ഫെഡറല്‍ അവകാശങ്ങളെ ഹനിക്കുന്നതാണ്. വളരെ വികേന്ദ്രീകൃതമായ രീതിയില്‍ വളര്‍ന്നുവന്ന ഈ പ്രസ്ഥാനത്തെ, ഈ മേഖലയെ സ്വന്തം കൈപ്പടിയിലൊതുക്കി ബിജെപിയുടെ രാഷ്ട്രീയാധീശത്വം ശക്തിപ്പെടുത്താനുള്ള ഗൂഢനീക്കം ഇതിനു പിന്നിലുണ്ട്. 2021 ജൂലൈ 6 നാണ് കേന്ദ്ര ഗവണ്‍മെന്‍റ് സഹകരണമേഖലയ്ക്കായി ഒരു പുതിയ മന്ത്രാലയം രൂപീകരിക്കുന്നതിന് തീരുമാനിക്കുന്നത്. ചരിത്രപരമായ ഒരു സംഭവം എന്നു കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിക്കുമ്പോള്‍ ഒട്ടേറെ വിമര്‍ശനങ്ങളും അന്നു തന്നെ ഉണ്ടായി. അതിനുശേഷം 2021 ജൂലൈ 20 ന് സൂപ്രീംകോടതി 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നു. ഒരു സംസ്ഥാന വിഷയമെന്ന നിലയില്‍ സഹകരണ സംഘങ്ങളുടെ നിയമനിര്‍മ്മാണം നടത്താന്‍ പൂര്‍ണമായ അവകാശം സംസ്ഥാന നിയമസഭകള്‍ക്കാണ് എന്നാണ് ആ വിധിന്യായം. ഈ സുപ്രധാന വിധിയില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു- ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ 32 എന്‍ട്രി പ്രകാരം, കോ ഓപ്പറേറ്റീവ് സബ്ജക്ട് സ്റ്റേറ്റ് സബ്ജക്ടാണ്. അതൊരു ഭരണഘടന ബഞ്ചിന്‍റെ സുപ്രധാനമായ വിധിയാണ്. സംസ്ഥാ നത്തിന്‍റെ അധികാരത്തില്‍ കടന്നുകയറാന്‍ കേന്ദ്രത്തിന് ഒരു ഇടവും കൊടുക്കാത്ത ഒന്നായിരുന്നു ആ വിധി. സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ കടന്നുകയറാനുള്ള നഷ്ടമായ അവസരം ഒരു പുതിയ കേന്ദ്രമന്ത്രാലയ രൂപീകരണത്തിലൂടെ നേടിയെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതാണ് പുതിയ സഹകരണ മന്ത്രാലയത്തിന്‍റെ നയങ്ങളിലൂടെയും, പദ്ധതികളിലൂടെയും വ്യക്തമാകുന്നത്.
ഈ മന്ത്രാലയ രൂപീകരണത്തിനുശേഷം ഏകദേശം 20 ലധികം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാനായി കൊണ്ടുവന്നിട്ടുള്ളത്. അതിലെ പ്രധാന പദ്ധതികളൊക്കെത്തന്നെ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് വളരെ വ്യക്തമായ ഒരു അജന്‍ഡയോടെ തന്നെയാണ് അവയൊക്കെ കൊണ്ടുവന്നിട്ടുള്ളതെന്നാണ്. അതിലെ ഒരു പ്രധാന പദ്ധതിയാണ് പാക്സു (ജഅഇട) കളുടെ കംപ്യൂട്ടറൈസേഷന്‍. 63000 വരുന്ന പ്രവര്‍ത്തിക്കുന്ന പാക്സുകളെ ഋഞജ അടിസ്ഥാനമാക്കിയ ദേശീയ സോഫ്റ്റ്വെയറിലൂടെ ഉള്‍പ്പെടുത്തി നബാര്‍ഡിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു. ഇതോടുകൂടി ഓരോ സംഘങ്ങളും നടത്തുന്ന ഇടപാടുകള്‍ ഒരു ശൃംഖലയില്‍ ആക്കുന്നതോടെ കേന്ദ്ര സര്‍ക്കാരിനു അവയെ നിരീക്ഷിക്കാനാകും. ഇത് വിവിധ ഏജന്‍സികളുടെ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു മാത്രമല്ല, കാര്‍ഷിക സംഘങ്ങള്‍ക്ക് പുനര്‍വായ്പ നല്‍കുന്ന ഏജന്‍സിയാണ് നബാര്‍ഡ്. അതു വഴി സംഘങ്ങളെ നിയന്ത്രിക്കാനും കേന്ദ്രം നേരിട്ടുതന്നെ സംഘങ്ങള്‍ക്കു വായ്പ നല്‍കുന്ന രീതിയും കൊണ്ടുവരും. അതിനുള്ള പഴുതുകള്‍ ഇപ്പോള്‍ത്തന്നെ പാക്സുകള്‍ക്കായി പുതുതായി തയ്യാറാക്കിയ മാതൃക ബൈലെയിലൂടെ സൃഷ്ടിച്ചിട്ടുണ്ട്. പാക്സുകള്‍ കോമണ്‍ അക്കൗണ്ടിംഗ് സിസ്റ്റം ഉപയോഗിക്കണമെന്നും അത് നബാര്‍ഡ് ഡിസൈന്‍ ചെയ്തതുതന്നെ ആകണമെന്നുമാണ് പാക്സുകള്‍ക്കായി പുതുതായി തയ്യാറാക്കിയ മാതൃക ബൈലൊയിലെ ഒരു വ്യവവസ്ഥ. പതുക്കെപ്പതുക്കെ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകയറുക എന്നതു തന്നെയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഏകീകൃത സോഫ്വെയറിന്‍റെ കാര്യത്തില്‍ കേരളം നേരത്തെതന്നെ ശ്രമങ്ങള്‍ ആരംഭിച്ചതാണ്. ഐടി ഇന്‍റഗ്രേഷന്‍റെ പ്രപ്പോസല്‍ ദേശീയ തലത്തില്‍ വരുന്നതിനും എത്രയോ മുന്‍പ് തന്നെ പ്രൈമറി സംഘങ്ങളെ ഐടി ഇന്‍റഗ്രേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ള ടെക്നിക്കല്‍ ബിഡ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
മറ്റൊരു പ്രധാന വിഷയമാണ് ജഅഇട കള്‍ക്ക് രാജ്യമൊട്ടാകെ ഒരു പൊതുബൈലൊ. അതിനായി ഒരു സമിതി രൂപീകരിച്ച് ബൈലൊ തയ്യാറാക്കിക്കഴിഞ്ഞു. രാജ്യത്ത് മുഴുവന്‍ ഒരു ഏകീകൃത ബൈലൊ എന്നതാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഇവിടെ ഒരു അടിസ്ഥാന പ്രശ്നമുയരുന്നു. എന്താണ് സഹകരണസംഘങ്ങള്‍? അതിന്‍റെ അടിസ്ഥാന സ്വഭാവംതന്നെ മനസിലാക്കാതെയുള്ളതാണ് ഇത്തരത്തില്‍ രാജ്യത്താകമാനമായ ഒരു പൊതു ബൈലൊ എന്ന ആശയം. സഹകരണസംഘങ്ങള്‍ താഴെത്തട്ടിലെ ജനാധിപത്യ സ്ഥാപനങ്ങളാണ്. സാമ്പത്തിക സാംസ്കാരിക അവകാശങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് അതിന്‍റെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതും അവര്‍ നിയന്ത്രിക്കുന്നതും നടത്തുന്നതുമായ സംരംഭങ്ങളാണ് സഹകരണ സംഘങ്ങള്‍. അതിലെ അംഗങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പൊതു നേട്ടത്തിനായി പ്രവര്‍ത്തിക്കുന്നു. ലക്ഷക്കണക്കിന് ഗ്രാമങ്ങളുള്ള ഇന്ത്യയില്‍ ഓരോയിടങ്ങളിലും വ്യത്യസ്തങ്ങളായ സാമൂഹിക സാമ്പത്തികാവസ്ഥകളാണ്. അതുകൊണ്ട് അവ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് അടിച്ചേല്‍പ്പിക്കാനാവില്ല. പൊതുവായ മാര്‍ഗനിര്‍ദേശം നല്‍കാം. പക്ഷേ ഏകീകൃത ബൈലൊ അങ്ങനെയല്ല. 25 ലധികം ബിസിനസ് ആക്ടിവിറ്റികളാണ് നിഷ്കര്‍ഷിക്കുന്നത്. ഇത് സംഘങ്ങളുടെ ഓട്ടോണമി ആന്‍റ് ഇന്‍റിപെന്‍റന്‍സി എന്ന സഹകരണ തത്വത്തിനു വിരുദ്ധമാണ്. നിലവിലെ മാതൃകാബൈലൊ പരിശോധിച്ചാല്‍ അത് വ്യക്തമാകും. എന്നു മാത്രമല്ല, അതിലെ മിക്ക വ്യവസ്ഥകളും നിലവിലുള്ള കേരള സഹകരണ നിയമം, നമ്മുടെ നിലവിലെ ബൈലൊ വ്യവസ്ഥകള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമാണ്.
കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയ മോഡല്‍ ബൈലൊപ്രകാരം അംഗത്വത്തിന് കുറഞ്ഞത് അഞ്ചു ഓഹരികള്‍ എങ്കിലും എടുക്കണമെന്ന വ്യവസ്ഥ, അംഗ ങ്ങള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരു വര്‍ഷത്തെ യോഗ്യത, ഒരു സംഘത്തിലെ ക്ഷീര മത്സ്യ മേഖലകളിലെ അതാതു മേഖലകളിലെ അംഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന വ്യവസ്ഥ, പൊതുയോഗങ്ങളിലും തിരഞ്ഞെടുപ്പുകളിലും പങ്കെടുക്കുന്നതിന് യോഗ്യത നിശ്ചയിച്ചു കൊണ്ടുള്ള വ്യവസ്ഥ, നോമിനല്‍ അംഗങ്ങള്‍ക്ക് അവരുടെ മേഖലയിലെ പ്രവര്‍ത്തന ലാഭം നല്‍കുന്ന വ്യവസ്ഥ, പ്രവര്‍ത്തന മേഖലയ്ക്ക് പുറത്ത് സംഘത്തിനും അംഗങ്ങള്‍ക്കും പ്രയോജനകരമായ ഇടപാടുകള്‍ പരസ്പര ധാരണപ്രകാരം ചെയ്യുന്ന വ്യവസ്ഥ, പ്രവര്‍ത്തന ലാഭം ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പലിശ നിരക്കില്‍ അധികരിക്കരുത് എന്ന വ്യവസ്ഥ, ഭരണ സമിതി അംഗങ്ങളുടെ എണ്ണം സംബന്ധിച്ച വ്യവസ്ഥ, സബ്സിഡിയറികള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നമ്മുടെ നിയമത്തിനും സഹകരണ തത്വങ്ങള്‍ക്കും വിരുദ്ധമാണ്.
കേന്ദ്രത്തിന്‍റെ മറ്റൊരു നീക്കമാണ് 1984 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തിന്‍റെ പരിഷ്കരണം. പുതിയ നിയമഭേദഗതി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. അത് സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാന്‍ നടത്തുന്ന ശ്രമങ്ങളുടെ മറ്റൊരു ഉദാഹരണമാണിത്. നിരവധി മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും യാതൊരു മാനദണ്ഡവുമില്ല. അവയ്ക്കുമേല്‍ ഒരു നിയന്ത്രണവുമില്ല. നിക്ഷേപം സ്വീകരിച്ചതിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചവവരെയുണ്ട്. ഇവയ്ക്കുമേല്‍ ഒരു പരിശോധനാ സംവിധാനം സംസ്ഥാന രജിസ്ട്രാര്‍ക്കില്ല. പുതിയ ബില്‍ നിയമമാകുന്നതോടെ കൂടുതല്‍ സംഘങ്ങള്‍ രാജ്യത്താകമാനം ഉണ്ടാകും. നിലവില്‍ 1509 സംഘങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ ഗുരുതരമായ പരാതികളുള്ള 45 മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസെറ്റികളുടെയും, 5 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കേന്ദ്ര സഹകരണമന്ത്രി തന്നെ പാര്‍ലമെന്‍റില്‍ ഒരു ചോദ്യത്തിനു മറുപടിയായിതന്നെ നല്‍കി. ഇപ്പോള്‍ പ്രധാനപ്പെട്ട മൂന്ന് മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. യഥാര്‍ത്ഥത്തില്‍ ഭരണഘടന തത്വങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കേന്ദ്രം ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇപ്പോഴാകട്ടെ സാധാരണ നിലയിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിനുപുറമെ രാജ്യവ്യാപകമായി പ്രവര്‍ത്തന പരിധിയുള്ള മള്‍ട്ടി ലെവല്‍ സഹകരണ സംഘങ്ങളിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മള്‍ട്ടി ലെവല്‍ എക്സ്പോര്‍ട്ട് സഹകരണസംഘം, ദേശീയതല മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ദേശീയതല ജൈവ ഉല്പന്ന സഹകരണസംഘം എന്നിവയാണ് രജിസ്റ്റര്‍ ചെയ്ത പുതിയ സംഘങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാണ്. ഇന്ത്യയിലെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അംഗമാകാം. ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഇഫ്കോ, അമൂല്‍, നാഫെഡ് എന്നിവയൊക്കെ അംഗങ്ങളായ പ്രമോട്ടിംഗ് കമ്മിറ്റിയാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ മൂലധനം ആദ്യം നല്‍കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്സ്, ഫെഡറല്‍ സംഘങ്ങളെയും കേന്ദ്ര സര്‍ക്കാരിന്‍റെ ചൊല്‍പടിക്ക് കൊണ്ടുവരുന്നതോടൊപ്പം സംസ്ഥാനത്തെ പ്രാഥമിക, അപ്പക്സ് സംഘങ്ങളിലും നേരിട്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കമാണിത്. സ്വയം ഭരണസ്ഥാപനങ്ങളായിരിക്കെത്തന്നെ ഈ സംഘങ്ങളുമായി നേരിട്ട് കേന്ദ്രത്തിന് ഇടപെടാനാകും.
നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡേറ്റാബേസ് എന്നതാണ് മറ്റൊരു പദ്ധതി. സഹകരണമേഖലയുടെ വികസനത്തിന് വ്യക്തമായതും, ആധികാരികവുമായ വിവരശേഖരണം എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിവരം ശേഖരിച്ച് അവയെ മാപ്പ് ചെയ്യുന്നതോടെ സഹകരണ സംഘങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ പുതിയ സംഘം രൂപീകരിക്കാനാവും. അതാണ് ഇത്തരം ഡേറ്റാ ബേസ് നിര്‍മ്മാണത്തിന്‍റെ മറ്റൊരു ഉദ്ദേശ്യം.സഹകരണ സംഘങ്ങള്‍ ഇല്ലാത്തയിടങ്ങളില്‍ കടന്നുകയറുക – അതിന്‍റെ പ്രഖ്യാപനമാണ് കേന്ദ്രമന്ത്രാലയം നടത്തിയത്. 5 വര്‍ഷംകൊണ്ട് രണ്ടു ലക്ഷം പാക്സ് രൂപീകരിക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. അതില്‍ പ്രധാനമായും ജഅഇട ക്ഷീര സംഘങ്ങള്‍, മത്സ്യ സംഘങ്ങള്‍ എന്നിവയുടെ വ്യാപനത്തിനാണ് ലക്ഷ്യമിടുന്നത്. ഇവിടെയും കേന്ദ്രഭരണകക്ഷിയുടെ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണുള്ളത്. നഗ്നമായ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിത്.
കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്. നിലവിലുളള കണക്കുകള്‍ പ്രകാരം കേരളത്തില്‍ സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ 16,255 സംഘങ്ങളും, ഫംഗ്ഷണല്‍ രജിസ്ട്രാര്‍മാരുടെ കീഴില്‍ 7000 സംഘങ്ങളും ഉള്‍പ്പെടെ 23000ത്തിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവയില്‍ തന്നെ പാക്സുകളുടെ എണ്ണം 1644 ആണ്. എല്ലാ പഞ്ചായത്തുകളിലും (941) മുനിസിപ്പാലിറ്റികളിലും (87)കോര്‍പറേഷനുകളിലും (6) പാക്സ് ഉണ്ട്. അതുപോലെതന്നെ എല്ലാ പഞ്ചായത്തുകളിലും ക്ഷീര സഹകരണസംഘങ്ങളും മല്‍സ്യമേഖലയിലെ പഞ്ചായത്തുകളില്‍ മത്സ്യ സഹകരണ സംഘങ്ങളുമുണ്ട്. 3600 ലധികം ക്ഷീര സംഘങ്ങളും 1500 ലധികം മത്സ്യസംഘങ്ങളും പ്രവര്‍ത്തിക്കുന്നു.
പഞ്ചായത്തുകളുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 20 സംഘങ്ങള്‍വരും. കേരളത്തില്‍ എല്ലായിടത്തും ബാങ്കിംഗ് സൗകര്യം എത്തിച്ചത് സഹകരണ മേഖലയാണ്. മറ്റു വാണിജ്യബാങ്കുകളെ അപേക്ഷിച്ച് വില്ലേജുകളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. സഹകരണ ബാങ്കുകളുടെ ജനകീയ അടിത്തറ വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ക്ക് സമീപിക്കുന്നത് വാണിജ്യ ബാങ്കുകളേക്കാള്‍ സഹകരണ സ്ഥാപനങ്ങളെയാണെന്ന ആര്‍.ബി.ഐ. പഠനം തന്നെയുണ്ട്.
സഹകരണ മേഖലയിലെ നിക്ഷേപം 2.49 ലക്ഷം കോടി രൂപയാണ്. സുശക്തമാണ് കേരളത്തിലെ ക്രെഡിറ്റ് മേഖല. കേരള ബാങ്ക് അതിന്‍റെ 825 ബ്രാഞ്ചുകളും, പാക്സ് 1644 – അതിന്‍റെ ബ്രാഞ്ച് 2981, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ 78 – അതിന്‍റെ ബ്രാഞ്ചുകള്‍ 164 – അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 59 – അതിന്‍റെ ബ്രാഞ്ചുകള്‍, ഇതിനുപരിയായി എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, മറ്റ് വായ്പാ സംഘങ്ങള്‍ എല്ലാം കൂടി 8000 ത്തിലധികം സ്ഥാപനങ്ങള്‍ കേരളത്തിലെ ഗ്രാമ-നഗര പ്രദേശങ്ങളില്‍ വായ്പാ ഇടപാടുകള്‍ നടത്തുന്നു. ഇതിനുപുറമേയാണ് ആശുപത്രി സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട്, വനിത, എസ്.സി/എസ്.ടി തുടങ്ങിയവ. മൊത്തത്തില്‍ കേരളത്തില്‍ സര്‍വവ്യാപിയാണ് സഹകരണ മേഖല.
കേരളത്തിലെ സഹകരണ മേഖല ലോകശ്രദ്ധയില്‍ വരികയാണ്. 2022ലെ സഹകരണ മോണിട്ടര്‍ പ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘവും കേരള ബാങ്കും ലോകത്തിലെ മികച്ച 300 സഹകരണ സ്ഥാപനങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി. ആകെ 16 സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം നേടിയത്. അതില്‍ 2 എണ്ണം കേരളത്തില്‍ നിന്നുള്ളതാണ്.
വായ്പാസംഘങ്ങള്‍ക്ക് കേന്ദ്രീകൃത നിയന്ത്രണ അതോറിറ്റിയാണ് മറ്റൊരു പദ്ധതി. ഗ്രാമീണ വായ്പാ മേഖലയിലെ ഇടപെടലുകള്‍ക്കായിട്ടാണ് നബാര്‍ഡ് രൂപീകരിച്ചത്. സഹകരണമേഖലയിലെ കാര്യമായ ഊന്നല്‍ നല്‍കുന്ന സ്ഥാപനമായി ഇതു മാറി. ഇപ്പോള്‍ വായ്പാസംഘങ്ങളെയാകെ നിയന്ത്രിക്കാന്‍ ഒരു പ്രത്യേക ഏജന്‍സി കൊണ്ടുവരാനുള്ള ആലോചനയിലാണ്. റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ഇല്ലാത്ത വായ്പാ സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനായി ആര്‍.ബി.ഐക്ക് നിയന്ത്രണമുള്ള മറ്റൊരു ഏജന്‍സി. ഇത് നബാര്‍ഡിനെപ്പോലും നോക്കുകുത്തിയാക്കുന്ന അവസ്ഥ സംജാതമാക്കും.
ഇതിനൊക്കെ ഉപരിയായിട്ടാണ് പുതിയ ദേശീയ സഹകരണനയം വരാന്‍പോകുന്നത്. അതിന്‍റെ കരട് തയ്യാറാക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് തയ്യാറാക്കുന്നത്.
സഹകരണ പ്രസ്ഥാനത്തിന്‍റെ മുഖം മാറുന്ന പ്രക്രിയയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന വിഷയമായ സഹകരണത്തെ പതുക്കെപ്പതുക്കെ ദേശീയ വിഷയമാക്കി ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രീകരിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇത് സഹകരണ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് ഒട്ടും ഗുണകരമാകില്ല. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ ആരംഭകാലത്തുതന്നെ തെളിഞ്ഞതാണ് ഈ വസ്തുത. 1904 ലാണ് ആദ്യ സഹകരണനിയമം വന്നത്. അതിനെ പരിഷ്കരിച്ച 1912 ല്‍ പുതിയ നിയമം വന്നത്. അതിനുശേഷം 1919 ല്‍ പൂര്‍ണമായും ഇത് സംസ്ഥാനവിഷയമായി. പ്രാദേശികതയ്ക്കനുസരിച്ച് സഹകരണസംഘങ്ങള്‍ക്ക് രൂപംകൊള്ളാനുള്ള അവസരമുണ്ടായി. എന്നാലിപ്പോള്‍ ഒരു കേന്ദ്രീകൃത സ്വഭാവത്തിലേക്ക് മാറുന്നു. സഹകരണമേഖലയുടെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണിത്.
സഹകരണസംഘങ്ങള്‍ക്ക് വ്യക്തമായ ഐഡന്‍റിറ്റിയുണ്ട്. അവ സഹകരണതത്വങ്ങളുടെയും സഹകരണ മൂല്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതാണ് ഓരോ സഹകരണ സ്ഥാപനത്തേയും മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കുന്നത്. സഹകരണ തത്വങ്ങളില്‍ നാലാമത്തെ തത്വം ആട്ടോണമി ആന്‍ഡ് ഡിസ്പെന്‍ഡന്‍സ്, 7-ാമത്തെ തത്വം, സമൂഹത്തോടുള്ള പ്രതിബദ്ധത, ഇവ സഹകരണ പ്രസ്ഥാനത്തിന്‍റെ സത്തയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലുണ്ടാകുന്ന ഓരോ പരിഷ്കാരങ്ങളും ഈ തത്വങ്ങളുടെയുംകൂടെ ചേര്‍ന്നുപോകണം.
രാജ്യത്തിന്‍റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്നവയാണ് സഹകരണ സംഘങ്ങള്‍. കൃഷി, വായ്പ, വിപണനം എന്നിവയ്ക്കുപരിയായി പുതിയ മേഖലയിലേക്ക് വളരുകയാണ് സഹകരണ പ്രസ്ഥാനം. രാസവള വിപണികളുടെ വിഹിതത്തിന്‍റെ മൂന്നിലൊന്ന് ഇഫ്കോയ്ക്കുണ്ട്. പാല്‍, കോട്ടണ്‍, കൈത്തറി, പാര്‍പ്പിടം, ഭക്ഷ്യഎണ്ണകള്‍, പഞ്ചസാര, മത്സ്യബന്ധനം എന്നിവയില്‍ ശക്തമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വളരെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ഐടി പാര്‍ക്കുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, നിര്‍മ്മാണ മേഖലയില്‍, മൂല്യവര്‍ദ്ധിത മേഖലയില്‍ എന്നിങ്ങനെ വിപണികള്‍ അവഗണിക്കുന്ന മേഖലയില്‍ ശക്തമായി കടന്നുചെല്ലാന്‍ കഴിവുള്ളവയാണിവ. അങ്ങനെ ശക്തമാകുന്ന സഹകരണ മേഖലയില്‍ അധികാരങ്ങള്‍ കൂടുതല്‍ കേന്ദ്രത്തിന്‍റെ കൈയില്‍ കേന്ദ്രീകരിക്കാനാണ് കേന്ദ്രമന്ത്രാലയം ശ്രമിക്കുന്നത്. അവരുടെ രാഷ്ട്രീയ മൂലധനത്തിന് അനുയോജ്യമായ സംവിധാനം ആണ് ഇവിടെ ഒരുക്കുന്നത്.
സംസ്ഥാന സര്‍ക്കാരും നിയമങ്ങളും, ആര്‍.ബി.ഐ എന്നിവയുടെ ഒക്കെ നിയന്ത്രണമുള്ളപ്പോഴും, കാര്യമായ സ്വയംഭരണാധികാരമുള്ളവയാണ് സഹകരണ സ്ഥാപനങ്ങള്‍. അത്തരത്തിലുളള സ്വയം ഭരണാധികാരങ്ങള്‍ ഇല്ലാതാക്കുന്നതാണ് പുതിയ നയങ്ങള്‍. അതിന്‍റെ പ്രകടമായ ഉദാഹരണമാണ് ഗുജറാത്തിലെ അമുല്‍. 2001ല്‍ ഗുജറാത്തിലെ രാഷ്ട്രീയ നേട്ടത്തിനായി സഹകരണ സംഘങ്ങളെ ഉപയോഗിക്കുന്നതിന്‍റെ ചിത്രം നാം കണ്ടതാണ്. ഇന്ന് അമുലിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കൈയിലാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 46,481 കോടി രൂപയുടെ ടേണോവര്‍ ഉളള ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്‍റെ എം.ഡി.ആര്‍.എസ്. സോധിയുടെ രാജി. ബിജെപിയുടെ തീരുമാനപ്രകാരം സോധിയെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. 18 മില്‍ക്ക് യൂണിയനുകളുള്ള ഭരണസമിതിയില്‍ 10 പേര്‍ പങ്കെടുത്ത കമ്മിറ്റിയുടെ തീരുമാനപ്രകാരം, ഭരണകക്ഷിയുടെ ഒത്താശയോടെ അദ്ദേഹത്തെ മാറ്റുകയായിരുന്നു.
പാലിനെ പ്രതിരോധത്തിന്‍റെ മുദ്രയാക്കി സഹകരണരംഗത്തെ അത്ഭുതപ്രതിഭാസമായ ഡോ.വര്‍ഗീസ് കുര്യന്‍ വളര്‍ത്തിയ സ്ഥാപനമാണ് അമുല്‍. ബഹുരാഷ്ട്ര കുത്തകകളുടെ ഇംഗിതത്തിനു വഴങ്ങാത്തതിന്‍റെ പ്രതികാരമാണ് സോധിയുടെ നിര്‍ബന്ധിത രാജിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. ആസിയന്‍ കരാറിന്‍റെ ഭാഗമായ ഞഇഋജ (ഞലഴശീിമഹ ഋരീിീാശര ഇീാുൃലവലിശ്ലെ ജമൃിലേൃവെശു) ചര്‍ച്ചകളില്‍ ന്യൂസിലന്‍ഡില്‍ നിന്നും 5% പാലുല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യണമെന്ന വ്യവസ്ഥ വന്നു. ഇതിനെതിരായ നിലപാട് സോധി കൈക്കൊണ്ടു. കര്‍ഷകരുടെ താല്‍പ്പര്യത്തിനുവേണ്ടി നിലപാട് സ്വീകരിച്ച അദ്ദേഹത്തെ കിട്ടിയ അവസരം നോക്കി നീക്കംചെയ്തു. സഹകരണ മേഖലയില്‍ കേന്ദ്രനയങ്ങള്‍ക്ക് എങ്ങനെ കടന്നുകയറാനാകും എന്നതിന്‍റെ തെളിവാണിത്.
ജനജീവിതവുമായി നേരിട്ടിടപെടുന്ന കേരളത്തിലെ സഹകരണ മേഖലയ്ക്ക് ദോഷകരമായി മാറാവുന്നവയാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്‍റെ നയങ്ങളും പദ്ധതികളും. ഇതില്‍ പലതും അടിച്ചേല്‍പ്പിക്കുന്നവയാണ്. അതിനെതിരായ ശക്തമായ പ്രതിഷേധം സഹകാരി സമൂഹത്തില്‍ നിന്നുണ്ടാകണം. ♦