1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് വിട്ടിറങ്ങാൻ കാണിച്ച ധീരത പോരാട്ടഭൂമിയിൽ ജ്വലിച്ചുനിന്ന അവസാനനാളുകൾവരെ വി എസ് കാത്തുസൂക്ഷിച്ചു. ഭൂമി കയ്യേറ്റത്തിനും അഴിമതിയ്ക്കുമെതിരായ പോരാട്ടത്തിൽ വി എസിന്റെ ഉൾക്കരുത്തും പിൻബലവും സിപിഐ എം എന്ന പാർട്ടിയാണെന്നത് മാധ്യമങ്ങൾ മറച്ചുപിടിച്ചെങ്കിലും ആ പോരാട്ടത്തിൽ വി എസ് രാഷ്ട്രീയ എതിരാളികളുടെ ഉൾപ്പെടെ ആദരവ് പിടിച്ചുപറ്റി. ഇടമലയാർ, പാമോലിൻ, ഗ്രാഫെെ-റ്റ്, മതികെട്ടാൻ, സോളാർ തുടങ്ങി കഴിഞ്ഞ നാല് ദശാബ്ദത്തിലേറെ കേരളത്തിൽ നിറഞ്ഞുനിന്ന വിഷയങ്ങളിൽ വി എസിന്റെ ഇടപെടൽ ചരിത്രത്തിലിടം നേടി.
ഭൂമി കയ്യേറ്റത്തിനെതിരെ
ഏറെക്കാലമായി പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും വനമേഖലകളിലും സംഘടിതമായ കയ്യേറ്റങ്ങൾ നടന്നുവന്നിരുന്നു. ഏലമല റിസർവിലെ മതികെട്ടാൻ മലയിലായിരുന്നു കയ്യേറ്റങ്ങൾ കൂടുതലായും നടന്നത്. എ കെ ആന്റണിയുടെ ഭരണകാലം. 2002 മെയിൽ, മലയോര മേഖലയിൽ നടന്നുകൊണ്ടിരുന്ന കയ്യേറ്റങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കാൻ 78 വയസ്സായ വി എസ് കാടും മലയും കയറി. പൂയംകുട്ടി പ്രദേശത്ത് വൻതോതിൽ മരങ്ങൾ വെട്ടി നശിപ്പിച്ചതായി കണ്ടു. കയ്യേറ്റത്തിനും വനനശീകരണത്തിനുമെതിരെ നടപടിയെടുക്കാതെ കയ്യേറ്റക്കാരെ സംരക്ഷിച്ചുനിർത്തുന്ന സർക്കാർ നിലപാടിനെതിരെ, ഇത്തരം വിഷയങ്ങളെ തുറന്നുകാട്ടുന്നതിന് വി എസ് പത്രസമ്മേളനം വിളിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി എസിന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങികേട്ട നാളുകളായിരുന്നു അത്.
ഇടമലയാർ കേസ്

1982–87 കാലത്ത് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ വെെദ്യുതി മന്ത്രിയായിരിക്കെ ആർ ബാലകൃഷ്ണപിള്ള ഇടമലയാർ ജലവെെദ്യുത പദ്ധതിയിൽ കരാർ കൊടുത്തതിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. ഇടമലയാർ ടണൽ നിർമാണത്തിനായി നൽകിയ ടെൻഡറിൽ ക്രമക്കേടുകൾ ഉണ്ടെന്നും 3 കോടി രൂപയിലേറെ സർക്കാരിന് നഷ്ടമുണ്ടായി എന്നുമായിരുന്നു വിജിലൻസ് കേസിലെ ആരോപണം. ജസ്റ്റിസ് കെ സുകുമാരൻ കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അനേ-്വഷണം നടത്തിയത്. എന്നാൽ വിചാരണ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ബാലകൃഷ്ണപിള്ളയെ ഹെെക്കോടതി വെറുതെ വിട്ടു. ഇതിനെതിരെ വി എസ് അച്യുതാനന്ദൻ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപിള്ള ജയിലിലായത്. ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുപ്രീംകോടതി ഒരു വർഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. കൂടാതെ കരാറുകാരൻ പി കെ സജീവൻ മുൻ കെഎസ്ഇബി ചെയർമാൻ രാമഭദ്രൻനായർ എന്നിവരെയും കോടതി ശിക്ഷിച്ചു.
പാമോലിൻ കേസ്
1991–96 കാലത്ത് കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി വിദേശ കമ്പനിക്ക് കോടികൾ ഉണ്ടാക്കാനവസരമുണ്ടാക്കിക്കൊടുത്ത അഴിമതി കച്ചവടമാണ് പാമോലിൻ ഇടപാട്. ടെൻഡർ ക്ഷണിക്കാതെ മലേഷ്യയിലെ പവർ ആന്റ് എനർജി ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് 15,000 ടൺ പാമോലിൻ ഇറക്കുമതി ചെയ്തതുവഴിയാണ് അഴിമതിയ്ക്ക് കളമൊരുക്കിയത്. ഭക്ഷ്യക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യാം എന്ന കേന്ദ്ര സർക്കുലറിന്റെ ചുവടുപിടിച്ചാണ് കേരളത്തിൽ ഭക്ഷ്യഎണ്ണ ക്ഷാമം ഇല്ലാതിരുന്നിട്ടും സർക്കുലറിലെ വ്യവസ്ഥകൾ ലംഘിച്ച് പാമോയിൽ ഇറക്കുമതി ചെയ്തത്, അതും മന്ത്രിസഭാ തീരുമാനം ആകുംമുമ്പേ.
ഈ ഇടപാടിൽ 2.32 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി 1994ൽ സിഎജി റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. എം എം ഹസ്സൻ ചെയർമാനായ നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയും ക്രമക്കേട് കണ്ടെത്തി. പാമോയിൽ ഇറക്കുമതി ചെയ്ത് രണ്ടു മാസം കഴിയുംമുമ്പേ വി എസ് ഈ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചു. ബന്ധപ്പെട്ട ഫയലുകളുടെ കോപ്പി സഭയിൽ വെച്ചുകൊണ്ട് ഇതിലെ അഴിമതിയുടെ വശങ്ങൾ തലനാരിഴകീറി അവതരിപ്പിക്കുകയും ചെയ്തു. ഈ അഴിമതി നടക്കുമ്പോൾ ഉമ്മൻചാണ്ടിയായിരുന്നു ധനകാര്യ മന്ത്രി. മന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടിയ്ക്ക് ഇതിൽ നേരിട്ടു ബന്ധമുണ്ടായിട്ടും പ്രതിയാക്കിയില്ല. സാക്ഷി മാത്രമാക്കി. ഇതിനെതിരെ വി എസ് വിജിലൻസ് കോടതിയെ സമീപിച്ചു. കേസ് വീണ്ടും അനേ-്വഷിക്കണമെന്ന ഉത്തരവുണ്ടായി; എന്നാൽ ഉമ്മൻചാണ്ടിയുടെ അപ്പീലിനെ തുടർന്ന് ഹെെക്കോടതി അത് റദ്ദാക്കി. വി എസ് സുപ്രീം കോടതിയിൽ പോയി. വി എസ് തന്റെ 69–ാം വയസ്സിലാണ് പാമോലിൻ അഴിമതി ആരോപണം ഉന്നയിച്ചത്. 96–ാം വയസ്സിൽ 27 വർഷം കഴിഞ്ഞിട്ടും വി എസ് ഈ പോരാട്ടം അവസാനിപ്പിച്ചില്ല.
ഐസ്ക്രീം പാർലർ കേസ്
യുഡിഎഫ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആരോപണമുയർന്ന ഐസ്-ക്രീം പാർലർ പെൺവാണിഭക്കേസിൽ ഇരയാക്കപ്പെട്ടവർ തെളിവു നൽകാൻ തയ്യാറായില്ല. അധികാരവും പണവും ഉപയോഗിച്ച് ദുർബലമാക്കിക്കളഞ്ഞ ഈ കേസ് പൊതുജനമധ്യത്തിൽ ഏറെ വിചാരണ ചെയ്യപ്പെട്ടു. കേസിൽ സുപ്രീംകോടതിയിൽ വി എസ് നൽകിയ ഹർജി രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ് തള്ളുകയായിരുന്നു. അതേപ്പറ്റി ‘‘ദൗർഭാഗ്യകരം എന്നല്ലേ പറയേണ്ടൂ’’ എന്നാണ് വി എസ് പ്രതികരിച്ചത്.
സോളാർ കേസ്
സോളാർ അഴിമതിക്കേസിൽ ഉമ്മൻചാണ്ടിയ്ക്കും മുഖ്യമന്ത്രിയുടെ ഒാഫീസിനും പങ്കുണ്ടെന്ന തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ അനേ-്വഷണം നടത്താതെ മുന്നോട്ടുനീങ്ങിയപ്പോൾ ഇടതുപക്ഷമൊന്നാകെയാണ് സമരത്തിനാഹ്വാനം നൽകിയത്. l



