Wednesday, June 17, 2026

ad

Homeനിരീക്ഷണംസ്വാതന്ത്ര്യത്തിന്റെ സ്വജീവലോകങ്ങൾ കണ്ടെത്തേണ്ടതുണ്ട്

സ്വാതന്ത്ര്യത്തിന്റെ സ്വജീവലോകങ്ങൾ കണ്ടെത്തേണ്ടതുണ്ട്

പെണ്ണായാൽ പൊന്നുവേണം’’ എന്നു പാടി പഴകിയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കാലവും കഥയും മാറി. ഭീമാ ജ്വല്ലറി പരസ്യംവരെ മാറ്റി. എന്നിട്ടും പിന്തുടർന്നുപോന്ന സ്ത്രീധനക്കച്ചവട സമ്പ്രദായത്തിന് ഇന്ത്യയിൽ ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നു സാരം. ഇതിനെ ഊട്ടിയുറപ്പിക്കുന്ന ശക്തമായ തെളിവുകളാണ് അനുദിനം പത്ര മാധ്യമങ്ങളിലൂടെ മാത്രം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് ഗാർഹികമായി പീഡിപ്പിച്ചതിന്റെ വാർത്തകൾ, കൊന്നുകളഞ്ഞ വാർത്തകൾ…. നിയമവ്യവസ്ഥ ബലപ്പെടുമ്പോഴും കുടുംബങ്ങൾക്കകത്ത് കുടുങ്ങി കിടക്കുന്ന, കെട്ടുപാടുകൾ പൊട്ടിച്ചു പുറത്തേക്കിറങ്ങി വരാൻ കഴിയാത്ത, രക്ഷപ്പെടാൻ മാർഗങ്ങളില്ലെന്നു കരുതി മരിച്ചുകളയുന്ന ആത്മഹത്യയെന്നു വരുത്തിതീർക്കാൻ ശ്രമിക്കുന്ന, കൊലപാതക വാർത്തകൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മളിന്നു ജീവിക്കുന്നത്.

എന്താണ് നാം ഇപ്പോഴും മാറ്റങ്ങൾക്കു വിധേയപ്പെടാതെ പോകുന്നത്? സ്വന്തം കുട്ടിയെ സ്വർണ്ണവും പണവും നൽകി എങ്ങോട്ടാണ് പറഞ്ഞയക്കുന്നത്? തിരിച്ചുപോരാൻ സ്വന്തമായൊരു ഇടം അവശേഷിപ്പിക്കാതെ, സമൂഹമെന്തു കരുതുമെന്നോർത്ത് ഇപ്പോഴും വേവലാതിപ്പെടുന്ന സഹിക്കാനും പൊറുക്കാനും ഉപദേശിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കൾക്കുള്ള മറുപടിയായി എത്ര പെൺകുട്ടികളുടെ മരണവാർത്തകൾ ഇനിയും പുറത്തുവരേണ്ടതായുണ്ട്? ഇങ്ങനെ ആവശ്യത്തിലും അനാവശ്യത്തിലും പണം നൽകി പറഞ്ഞുവിട്ടിട്ടും ഈ കുട്ടികളത്രയും സുരക്ഷിതരാണോ. ഉത്ര മുതൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫസീല വരെയുള്ള പെൺകുട്ടികൾ സത്യത്തിൽ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ ഇരകളല്ലേ? തെളിവുകളുടെ അഭാവത്തിൽ സ്വാഭാവികമരണങ്ങളായോ ആത്മഹത്യകളായോ, ചിത്രീകരിക്കപ്പെടുന്ന വാർത്തകൾ അനവധിയാണ്. പുറത്തുവരുന്നതിലും എത്രയോ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടാതെ കുടുംബ വ്യവസ്ഥിതിക്കകത്ത് ഒതുക്കി തീർക്കുന്നുണ്ട്. ഒരു വലിയ ശതമാനം സ്ത്രീധന പരാതികളും മൂടിവയ്ക്കപ്പെടുകയോ വാർത്തയാവാതെ പോവുകയോ ചെയ്യുന്നതിനാൽ നാം അറിയുന്നില്ലെന്നതാണ് വസ്തുത.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ലഭ്യമായ കണക്കുകൾപ്രകാരം 7000 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുമ്പോൾ കഷ്ടിച്ച് 4,500 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്. ഇങ്ങനെ നൽകപ്പെടുന്ന കേസുകളിൽ ആറുമാസത്തോളമെങ്കിലും വെെകിയാണ് പ്രാഥമികമായി അനേ-്വഷണമെങ്കിലും നടന്നിട്ടുള്ളത്. ഇത് ഇത്തരം കേസുകളുടെ ഗൗരവം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. ഇരയെ സ്വാധീനിക്കാനോ പിന്തിരിപ്പിക്കാനോ ഉള്ള സാധ്യതകളും തള്ളിക്കളയാൻ കഴിയില്ല. കോടതിയിൽ എത്തുന്ന കേസുകളിലാവട്ടെ 7000ൽ 100 കേസുകളിൽ മാത്രമാവും ശിക്ഷ വിധിക്കുന്നത്. ഒത്തുതീർപ്പോ, കാലങ്ങളായി കേസിനു പിറകെയുള്ള നടപ്പിലെ മനംമടുപ്പോ കാരണം പല കേസുകളും പകുതിയിൽ അവസാനിക്കുന്നു. 2022ൽ തെളിവുകളുടെ അഭാവത്തിൽ സ്ത്രീധനമരണങ്ങളെ അടിസ്ഥാനമാക്കിയുള്ള 359 കേസുകൾ അവസാനിപ്പിച്ചതായി എൻസിആർബി ഡാറ്റ കാണിക്കുന്നു. 4,148 കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് ഈ 359 കേസുകൾ തെളിവുകളുടെ അഭാവത്തിൽ എന്നുപറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നത്.

2017–2022 കാലയളവിൽ ഫയൽ ചെയ്തിട്ടുള്ള സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ 80 ശതമാനവും ബീഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ഒഡീഷ, രാജസ്താൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയുടെ അവസ്ഥയും മറിച്ചല്ല. ഡാറ്റ ലഭ്യമായിട്ടുള്ള ഇന്ത്യയിലെ 19 നഗരങ്ങളിൽ, ഈ കാലയളവിൽ ഫയൽ ചെയ്തിട്ടുള്ള മൊത്തം സ്ത്രീധന മരണങ്ങളിൽ 30 ശതമാനം ഡൽഹിയിലാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഏറിയ പങ്കും ഉണ്ടാവുന്നത് കുടുംബങ്ങളിൽ നിന്നാണ് (Domestic Violence). അതിൽത്തന്നെ, കൂടുതലും ജീവിതപങ്കാളിയായ പുരുഷന്മാരിൽ നിന്നാണ് (Intimate Partner Violence) സ്ത്രീകൾ ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾക്കു വിധേയമാകുന്നത്. കുടുംബങ്ങൾക്കകത്ത് ഇപ്പോഴും നിലനിൽക്കുന്ന അധികാരഘടനയാണ് പലപ്പോഴും ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്.

ഇന്ത്യയിലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീധനസംബന്ധമായ വിഷയങ്ങളിൽ പുറത്തുവരുന്ന കണക്കുകൾ അനുദിനം വർധിക്കുകയാണ്. ഉത്തർപ്രദേശിലെ അലീഗഢിൽ ചൂടാക്കിയ ഇരുമ്പ് ഉപയോഗിച്ച് ശരീരഭാഗങ്ങൾ പൊള്ളിക്കുകയും പൊള്ളലേറ്റ യുവതി മരണപ്പെടുകയും ചെയ്തത് ഈ അടുത്താണ്. ഈ പെൺകുട്ടി നിരന്തരമായി സ്ത്രീധനത്തെ ചൊല്ലി അക്രമത്തിനു വിധേയമായിട്ടുണ്ടെന്നു പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു. ഉത്തർപ്രദേശിലെത്തന്നെ പിലിഭത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തെച്ചൊല്ലി നിരന്തരം ആവശ്യങ്ങളുന്നയിക്കുകയും ഇത് ലഭിച്ചില്ലെന്ന് ആരോപിച്ച് പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തതും ഈ അടുത്താണ്. ചണ്ഡിഗഢിൽ സ്ത്രീധന പീഡനം താങ്ങാൻ കഴിയാതെ ഒരു നവവധു ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ പൊന്നേരിക്കടുത്ത് വിവാഹം കഴിഞ്ഞ് നാലാമത്തെ ദിവസം ഭർതൃവീട്ടുകാരുടെ സ്ത്രീധനപീഡനം താങ്ങാൻ കഴിയാതെ മറ്റൊരു യുവതി ആത്മഹത്യ ചെയ്ത വാർത്തയും നമ്മൾ കേട്ടതാണ്. തമിഴ്നാട്ടിലെ തിരിപ്പൂരിൽ മറ്റൊരു സ്ത്രീ വിവാഹിതയായി രണ്ടാമത്തെ മാസം ഇതേ കാരണത്താൽത്തന്നെ ആത്മഹത്യ ചെയ്തു. ഇതിങ്ങനെ തുടർന്നുകൊണ്ടിരിക്കുകയാണ്.

1960 മെയ് 20ന് സ്ത്രീധന നിരോധന നിയമം (Dowry Prohibition Act) നിലവിൽ വന്നിട്ടും (ദേശീയ നിയമം അംഗീകരിക്കപ്പെടുന്നതിനുമുൻപു തന്നെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലത്ത് 1958ൽ ഇത്തരമൊരു നിയമം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടിരുന്നു) ഇന്ത്യയിൽ ഇന്നും അനധികൃതമായി സ്ത്രീധനം വാങ്ങിവരുന്നു എന്നതിന്റെ ശക്തമായ തെളിവുകളാണ് മുകളിൽക്കൊടുത്ത വാർത്തകളെല്ലാം. എല്ലാ വർഷവും, ഉദാഹരണത്തിന്, 2017 മുതൽ 2022 വരെയുള്ള കാലയളവിൽ ഏകദേശം 7000 കേസുകൾ സ്ത്രീധന മരണമെന്നാരോപിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഏഴായിരത്തോളം വരുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടവ മാത്രമാണെന്ന വസ്തുത നാം ശ്രദ്ധിക്കേണ്ടതായുണ്ട്. എൻസിആർബി റിപ്പോർട്ട് ചെയ്ത കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇത് പരിശോധിക്കുമ്പോൾത്തന്നെ മനസ്സിലാവും ഇത്തരം കേസുകളിലെ അനേ-്വഷണം മന്ദഗതിയിലാണ് പോകുന്നത് എന്ന്.രാജ്യത്തെ മൊത്തം അനുഭവം കണക്കിലെടുക്കുമ്പോൾ കേരളത്തിൽ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ തുടർനടപടികളും അന്വേഷണങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നത്; സ്ത്രീ സൗഹൃദപരമായ ഇടപെടലുകൾ ഉണ്ടാകുന്നതും കേരളത്തിൽ മാത്രമാണ‍്. എന്തുതന്നെയായാലും, കേരളത്തിൽ ചെയ്യുന്നതുപോലെ ഈ വിഷയത്തിൽ ഗൗരവമായ അനേ-്വഷണം നടത്തുകയും വേണ്ടവിധം നടപടികളെടുക്കുകയും വേണം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങി സ്ത്രീ വിരുദ്ധമായ പ്രവണതകൾക്കെതിരായ പൊതുബോധം ഉണർത്താനുള്ള ബോധപൂർവമായ ഇടപെടലുകളും അടിയന്തിരമായി നടത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വീണ്ടും ഉത്രമാരും സ്നേഹമാരും വിപഞ്ചികമാരും ഷിംനമാരും ഫസീലമാരും അതുല്യമാരും ഉണ്ടായിക്കൊണ്ടേയിരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + seventeen =

Most Popular