ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്ലാ മൗദൂദിക്ക് പാകിസ്താനില്‍ ഇപ്പോഴും വിവാദഗ്രസ്തമായ പ്രതിച്ഛായയാണുള്ളത്. ശീതയുദ്ധകാലത്ത് പാകിസ്താനിലെ ഇടത്, പുരോഗമന ശക്തികളെ ക്ഷയിപ്പിക്കാനും തുരങ്കംവയ്ക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം ഉപയോഗിച്ച ചട്ടുകമായി ആ രാജ്യത്തെ ഉദാരതാവാദികള്‍ ജമാഅത്തെ ഇസ്ലാമിയെ ഓര്‍മിക്കുന്നു. അതേസമയം, ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്തുപോരുന്ന പാകിസ്താനിലെ ഇസ്ലാമിക പാര്‍ട്ടികളാകട്ടെ, മൊത്തത്തില്‍ പുതിയ ഒരു മതസെക്ട്- സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യക്തിയായാണ് മൗദൂദിയെ കണക്കാക്കുന്നത്. ഇസ്ലാം മതത്തിന് ‘നൂതന’മായ അര്‍ത്ഥകല്പനകള്‍ നല്‍കുകയും മൗദൂദിയത്ത് എന്ന വേറിട്ട മുസ്ലീം സെക്ട്-, ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ രൂപവത്കരിക്കുകയും ചെയ്തു എന്നാണ് ജാമിയത്ത് ഉലേമായ ഹിന്ദ് കുറ്റപ്പെടുത്തിയിരുന്നത്. മൗദൂദിയുടെ ആശയങ്ങള്‍ ഈജിപ്തിലും മറ്റിടങ്ങളിലുമുള്ള മുസ്ലീം ബ്രദര്‍ഹുഡ് സംഘടനകളിലും സമാനസ്വഭാവവമുളള ലോകത്തിലെ മറ്റ് ഇസ്ലാമിസ്റ്റ് സ്വരൂപങ്ങളിലും അല്‍–ഖ്വയ്ദയുടെ ഭീകര വിനാശകരവുമായ വീക്ഷണകോണിലും വരെ കാണാം. പാകിസ്താനിലെ നഗരമധ്യവര്‍ഗത്തിലെ ചില വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ച മൗദൂദിയത്ത് സെക്ടിന്റെ ആശയപ്രപഞ്ചം കൈക്കൊള്ളുന്നതില്‍ ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡാണ് കൂടുതല്‍ ശുഷ്കാന്തി കാണിച്ചത്.’ (Nadeem F. Paracha, Abul Ala Maududi : An Existentialist History, Dawn, 1 Jan, 2015) ആധുനിക കാലത്തെ ജാഹിലിയ്യത്തുകള്‍ എന്ന, മനുഷ്യര്‍ക്ക് ആധിപത്യവും ജനങ്ങള്‍ക്ക് പരമാധികാരവുമുള്ള ഇസ്ലാമേതര വ്യവസ്ഥകളെ തുടച്ചുനീക്കാന്‍ മതപാണ്ഡിത്യവും ദൈവഭക്തിയുമുള്ള മുന്നണിപ്പോരാളികള്‍ ഒരു ‘ഇസ്ലാമിക വിപ്ലവം’ നടത്തണമെന്നായിരുന്നു മൗദൂദി അവതരിപ്പിച്ച ആശയം. ആധുനിക ജാഹിലിയ്യത്തുകളായും താഗൂത്തുകളായും (ഇസ്ലാമേതര പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും ശക്തികളും) മൗദൂദി അടിവരയിട്ട് അടയാളപ്പെടുത്തിയത് സോഷ്യലിസം, കമ്യൂണിസം, മതനിരപേക്ഷത, ഉദാരജനാധിപത്യം, ‘ശുദ്ധ’ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ച വിഭാഗങ്ങള്‍ എന്നിവയായിരുന്നു എന്ന് നദീം പരാച്ച വിശദീകരിക്കുന്നു.
‘മൗദൂദിയത്ത്’ എന്ന പ്രയോഗം, 2009 ഫെബ്രുവരി 28ന് പുറത്തിറങ്ങിയ കേരള ജമാഅത്തിന്റെ ഔദ്യോഗിക ജിഹ്വയായ ‘പ്രബോധന’ത്തില്‍ വന്ന ഒരു ലേഖനം ഓര്‍മയിലെത്തിച്ചു. ‘അടിയന്തരാവസ്ഥയിലെ പരീക്ഷണങ്ങളും ജമാഅത്തെ ഇസ്ലാമിയും’ എന്ന പുസ്തകത്തിന്റെ എഡിറ്ററായ ഇന്‍തിസാര്‍ നഈമിന്റെ ആമുഖലേഖനമാണ് വിവര്‍ത്തനം ചെയ്തു കൊടുത്തിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ മര്‍കസി മക്തബ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്താന്‍, ആന്ധ്രാപ്രദേശ്, കര്‍ണാടകം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ജമാഅത്ത് പ്രവര്‍ത്തകരുടെ അടിയന്തരാവസ്ഥാ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. (കേരളത്തിലെ ജമാഅത്തുകാരുടെ ‘അടിയന്തരാവസ്ഥാ അനുഭവങ്ങള്‍’ ഇതിലില്ല. കാരണം വഴിയേ പറയാം.) ഇന്‍തിസാര്‍ നഈം എഴുതുന്നു : ‘ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതും നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ചതും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പരിക്ഷീണഘട്ടം തന്നെയായിരുന്നു. ഒരു സഹോദരസംഘടന അന്യായമായി നിരോധിക്കപ്പെടുകയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും പീഡിപ്പിക്കപ്പെടുകയും ചെയ്ത നിര്‍ണായക സന്ദര്‍ഭത്തില്‍ മറ്റു സംഘടനകള്‍ (മുസ്ലീം സംഘടനകള്‍) സ്വീകരിച്ച നിലപാടിനെ ആക്ഷേപിക്കാനായിട്ടല്ല, ഒരു ചരിത്രവസ്തുത എന്ന നിലയ്ക്ക് നാം അറിയേണ്ടിയിരിക്കുന്നു. ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രം ‘അല്‍ ജം ഇയ്യത്തി’ന്റെ സുദീര്‍ഘമായ മുഖപ്രസംഗം, ജമാഅത്തിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുകയും നിരോധിച്ച നടപടിയെ സ്വാഗതം ചെയ്യുകയുമാണുണ്ടായത്. സ്വന്തക്കാരുടെ പ്രാര്‍ത്ഥനയും ഗുണകാംക്ഷയും അത്യാവശ്യമായ ഘട്ടത്തില്‍ ശൈഖുല്‍ മൗലാനാ മുഹമ്മദ് സകരിയ്യാ സാഹിബ് ‘ഫിത്നയേ മൗദൂദിയത്ത്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും ഗുജറാത്തിയടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റി നന്നായി പ്രചരിപ്പിച്ചുകൊണ്ടുമിരിക്കുന്നു’. (ഇന്‍തിസാര്‍ നഈം, ‘ജയില്‍ വാതിലുകള്‍ തുറക്കപ്പെടുന്നു’, പ്രബോധനം, ഫെബ്രുവരി 28, 2009)
ഈ ഖണ്ഡികയില്‍ പരാമര്‍ശിക്കുന്ന പുസ്തകത്തിന്റെ പേര് ‘ഫിത്നയേ മൗദൂദിയത്ത്’ എന്നത്രേ. ‘ഫിത്ന’ എന്ന അറബി പദത്തിന്റെ അക്ഷരാര്‍ത്ഥം, പരീക്ഷണം, പ്രതിസന്ധി, കുഴപ്പം, കാലുഷ്യം, അസ്വസ്ഥത എന്നൊക്കെയാണ്. മറ്റുള്ളവരുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും നുണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതും ഫിത്നയാണ്. ഫിത്ന എന്നത് എല്ലാത്തരം ദുഷ്-പ്രവൃര്‍ത്തികളുമാണ്. രണ്ടു മേഖലയിലാണ് ഫിത്ന സംഭവിക്കുക. ദീനിലും ദേഹങ്ങളിലും. ദീനില്‍ പരീക്ഷിക്കപ്പെടണമെങ്കില്‍ അവ്യക്തതകളും സംശയങ്ങളും വേണം. ദീനില്‍ മതിയായ അറിവുണ്ടെങ്കില്‍ ഫിത്നയില്‍ നിന്ന് രക്ഷ നേടാം. ദേഹങ്ങളില്‍ പരീക്ഷിക്കപ്പെടുക പ്രലോഭനങ്ങള്‍, പ്രകോപനങ്ങള്‍ മുതലായ മാര്‍ഗങ്ങളിലൂടെയും. ഇങ്ങനെയൊക്കെയാണ് ഫിത്നയ്ക്ക് നല്‍കി വരുന്ന അര്‍ത്ഥതലങ്ങള്‍. മലബാറിലെ മുസ്ലീങ്ങള്‍ വാമൊഴി വഴക്കത്തില്‍ മലയാളീകരിച്ച് ‘പിത്തന’ എന്നു പറയാറുണ്ട്. മൗദൂദി ഉണ്ടാക്കിയ ദൈവശാസ്ത്രവും ഇസ്ലാം മതത്തിന് അദ്ദേഹം നല്‍കിയ അര്‍ത്ഥ കല്‍പ്പനകളും വ്യാഖ്യാനങ്ങളും ഫിത്ന അല്ലാതെ മറ്റൊന്നുമല്ലെന്നും ആ ‘മൗദൂദിയത്തി’നെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നുമാണ് അന്നും ഇന്നും ഇതര മുസ്ലീം സംഘടനകളുടെ നിലപാട്. മൗദൂദികള്‍ ‘സ്വന്തക്കാരുടെ പ്രാര്‍ത്ഥനയും ഗുണകാംക്ഷയും’ പ്രതീക്ഷിച്ച അടിയന്തരാവസ്ഥക്കാലത്ത്, ഇതര മുസ്ലിം സംഘടനകള്‍ ജമാഅത്തെ ഇസ്ലാമി സ്വന്തക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നതായോ സഹോദര സംഘടനയായോ കരുതിയില്ല. മൗദൂദിയത്തിനെ ഫിത്നയുടെ കുന്തമുനയായാണ് അന്നും ഇന്നും അവര്‍ കണക്കാക്കുന്നത്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി എതിര്‍പ്പിന്റെ വിചാരണ പരമ്പരകള്‍ക്ക് പതിറ്റാണ്ടുകളായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത് ഇതര മുസ്ലീം സംഘടനകളാണ്. കാരണം, അവരൊക്കെയും മൗദൂദിയത്ത്, മൗദൂദിയുടെ പ്രത്യേക മതവ്യാഖ്യാന നിര്‍മിതിയാണെന്നും മതരാഷ്ട്ര സംസ്ഥാപനത്തിനുള്ള ദര്‍ശന സമുച്ചയമാണതെന്നും അടിയുറച്ച് വിശ്വസിക്കുന്നു.
ഇനി, അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്ത് നേതാക്കളും അണികളും പ്രദര്‍ശിപ്പിച്ച ആദര്‍ശ പ്രതിജ്ഞാബദ്ധതയും ആ ‘സത്യമാര്‍ഗ’ പ്രതിബദ്ധതയും വിവരിക്കുന്ന ഇന്‍തിസാര്‍ നഈമിന്റെ ലേഖനാരംഭം നോക്കാം: ‘സത്യമാര്‍ഗ്ഗത്തില്‍ നേരിടുന്ന തടസ്സങ്ങളെയും ബുദ്ധിമുട്ടുകളെയും സംബന്ധിച്ച് താങ്കള്‍ ബോധവാനാണോ ? അവ നേരിടാന്‍ താങ്കള്‍ പൂര്‍ണമനസ്സോടെ തയ്യാറാണോ ? ജമാഅത്തെ ഇസ്ലാമി അംഗത്വത്തിനുള്ള അപേക്ഷാ ഫോറത്തില്‍ ഏറ്റവും ഒടുവിലത്തെ ഈ ചോദ്യത്തിന് അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും സന്നദ്ധനാണ് എന്നായിരിക്കും ഓരോ അപേക്ഷകനും മറുപടി എഴുതിക്കൊടുത്തിട്ടുണ്ടാവുക. താന്‍ കാല്‍വെച്ച താഴ്വര, പാറക്കെട്ടുകളും മുള്‍ച്ചെടികളും നിറഞ്ഞതാണെന്ന് പലപ്പോഴും ഈ ചോദ്യം ഓര്‍മപ്പെടുത്തുന്നു. എനിക്കും ആ ചോദ്യം പലപ്പോഴും ഓര്‍മ വന്നു. പ്രത്യേകിച്ച് അടിയന്തരാവസ്ഥക്കാലത്തെ കരാളരാത്രികളില്‍. കഠിനമായ പരീക്ഷണഘട്ടത്തില്‍ ഒരിക്കല്‍ പോലും നിരാശയോ ദുഃഖമോ ഭയമോ തോന്നുകയുണ്ടായില്ല. പടച്ച തമ്പുരാന് ആയിരം സ്തുതി. ജമാഅത്തെ ഇസ്ലാമി സ്വന്തം അണികള്‍ക്ക് നല്‍കിയ സുശിക്ഷിതമായ തര്‍ബിയത്തിന്റെ (പരിശീലനം) ഫലം കൂടിയായിരുന്നു ഇത്.’’
ഈ പുസ്തകത്തില്‍ കേരളമൊഴികെയുള്ള ഏഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജമാഅത്ത് പ്രവര്‍ത്തകരുടെ അടിയന്തരാവസ്ഥാ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. എന്തുകൊണ്ട് കേരളത്തിലെ ജമാഅത്ത് നേതാക്കളുടെയും അണികളുടെയും അടിയന്തരാവസ്ഥാ അനുഭവങ്ങള്‍ ഇതില്‍ വന്നില്ല ? കാരണം, മുകളില്‍ വിവരിച്ച അടിയന്തരാവസ്ഥയുടെ ‘കരാളരാത്രി’കള്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള സംസ്ഥാന നേതാക്കള്‍ അനുഭവിച്ചിട്ടില്ല. അവരെന്തു ചെയ്തു എന്ന് സാക്ഷ്യപ്പെടുത്തുന്നത് ജമാഅത്തെ ഇസ്ലാമിയുമായി ദീര്‍ഘകാലം നാഭീനാളബന്ധമുണ്ടായിരുന്ന രണ്ടു പേരാണ്. കഷ്ടിച്ച് രണ്ടു രാത്രി ജയിലില്‍ കഴിഞ്ഞതോടെ ‘തങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി മേലില്‍ ബന്ധം ഉണ്ടാവില്ലെ’ന്ന് സത്യവാങ്മൂലം നല്‍കി കേരള ജമാഅത്ത് സാരഥികള്‍ കാരാഗ്രഹത്തില്‍ നിന്ന് കൈതൊഴുത് പുറത്തിറങ്ങി. ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനത്തിലും മാധ്യമത്തിലും തന്റെ ആരബ്ധയൗവനവും മധ്യവയസ്സും ചെലവഴിച്ച ഒ. അബ്ദുല്ല ആത്മകഥാംശമുള്ള പുസ്തകത്തില്‍ എഴുതുന്നു : ‘ന്യായീകരണം എന്തുപറഞ്ഞാലും ഈശ്വര വിശ്വാസികളല്ലാത്ത നക്സലൈറ്റുകളും കമ്യൂണിസ്റ്റുകളും മറ്റു പലരും എല്ലാവിധ പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ജയില്‍തുറുങ്കില്‍ കഴിയവേ ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണത്തിന് പോലും സന്നദ്ധരാണെന്ന് ഉറക്കെ ഉദ്ഘോഷിക്കുന്ന ജമാഅത്ത് നേതൃത്വം എന്തോ ഒരു അഫിഡവിറ്റ് എഴുതിക്കൊടുത്തു ജയില്‍ ചാടിയത് വളരെ മോശമായിപ്പോയി എന്ന ചിന്ത ജമാഅത്ത് പ്രവര്‍ത്തകരില്‍ തന്നെ അക്കാലത്ത് സജീവമായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് കെ.സി അബ്ദുല്ല മൗലവിയോട് സംസാരിച്ചു. തീര്‍ത്തും സത്യസന്ധവും പെട്ടെന്നുമായിരുന്നു ഉത്തരം. അദ്ദേഹം പറഞ്ഞു : അങ്ങനെ ഒരു അബദ്ധം സംഭവിച്ചു പോയി. ടി.കെ. അബ്ദുല്ല സാഹിബുമായി സുദീര്‍ഘമായി സംസാരിച്ചു. പതിവുശൈലിയില്‍ അദ്ദേഹം സംഭവത്തെ ന്യായീകരിച്ചു. അവസാനമായി അദ്ദേഹം പറഞ്ഞു : ജയിലില്‍ പോവുന്നതിനോ അവിടെ സ്ഥിരമായി കിടന്ന് പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനോ എനിക്ക് യാതൊരു വൈമനസ്യവുമില്ല. പക്ഷേ എന്തിന്റെ പേരിലാണ് പോവുന്നത് എന്ന് നോക്കണം. ഇന്നത്തെ രീതിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കുന്നത് എനിക്കിഷ്ടമല്ല.’ (ഒ. അബ്ദുല്ല, ശത്രുക്കളല്ല; സ്നേഹിതന്മാര്‍, 2009, പു. 156) കെ.സി അബ്ദുല്ല മൗലവിയും ടി.കെ. അബ്ദുല്ലയും ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ അമീര്‍ പദവി ദീര്‍ഘകാലം വഹിച്ചരാണ്.
എറണാകുളത്ത് ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ അനുയായിയും നഗരത്തിലെ ‘ഇസ്ലാമിക് സെന്ററിന്റെ’യും ‘മദീന സെന്ററി’ ന്റെയും നിര്‍മിതിയില്‍ പ്രമുഖ പങ്കുവഹിച്ച ബിസിനസ്സുകാരനുമായ പികെ ഹാശിം എന്ന ഹാശിം ഹാജി, ‘ജയിലിലെത്തിയ ഉടനെ ജമാഅത്തെ ഇസ്ലാമിയുടെ സമുന്നത നേതാക്കള്‍ എഴുതി ഒപ്പിട്ടുകൊടുത്ത മാപ്പ് ഹര്‍ജിയുടെ ഡ്രാഫ്റ്റ് താന്‍ കണ്ടതായി എഴുതിയിട്ടുണ്ട്. (പി.കെ. ഹാശിം, ജമാഅത്തെ ഇസ്ലാമി ആരുടെ സൃഷ്ടി, 2010, പു.53)
മൗദൂദിയത്തും ഖുതുബിയത്തും (മൗദൂദിസവും ഖുതുബിസവും) ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ എന്നതിനേക്കാള്‍ ഒരേ അച്ചില്‍ തീര്‍ത്ത സമഗ്രാധിപത്യ മതരാഷ്ട്ര പദ്ധതികളാണെന്ന് ഇവയെക്കുറിച്ച് ഗഹനമായി പരിശോധിച്ച വിമര്‍ശകര്‍ പറയാന്‍ കാരണമെന്താണ് ? വിമര്‍ശകരില്‍ മുസ്ലീം മതസംഘടനകളില്‍ പെട്ടവരും ഒരു മതസംഘടനയിലും അംഗങ്ങളല്ലാത്തവരുമുണ്ട്.
ഈജിപ്തില്‍ ആവിര്‍ഭവിച്ച മുസ്ലീം ബ്രദര്‍ഹുഡിന്റെ താത്വികനായ സയ്യിദ് ഖുത്തുബിനെ ഗാഢമായി സ്വാധീനിച്ച ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ രണ്ടുപേരാണ് അബുല്‍ അഅ്ലാ മൗദൂദിയും അബു അല്‍ ഹസന്‍ അലി അല്‍ നദ്വിയും. മൗദൂദിയില്‍നിന്നാണ് ‘ഹാകിമിയ്യത്ത് അല്ലാഹ്’, ‘ആധുനിക ജാഹിലിയ്യ’ എന്നീ ആശയങ്ങള്‍ ഖുതുബ് സ്വാംശീകരിച്ചത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുന്‍പ് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന സാമൂഹിക സാഹചര്യങ്ങളെ പരാമര്‍ശിക്കാനാണ് സാധാരണ മുസ്ലീങ്ങള്‍ ജാഹിലിയ്യ കാലം (അജ്ഞാന ഘട്ടം) എന്ന് സാമാന്യേന പറയാറുള്ളത്. 1940കളുടെ അന്ത്യപാദത്തില്‍ തന്നെ മൗദൂദിയുടെ ഏതാനും ആദ്യകാല കൃതികള്‍ ഉറുദുവില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. അബുല്‍ അല്‍ നദ്വിയുടെ ‘മാസ കസിരാല്‍ ആലം ബി ഇന്‍ഹിതത്ത് അല്‍þമുസ്ലിമീന്‍’ (മുസ്ലിങ്ങളുടെ തളര്‍ച്ചയ്ക്ക് ശേഷം ലോകത്തിനെന്ത് നഷ്ടങ്ങളുണ്ടായി ?) എന്ന, 1949 ല്‍ അറബിയില്‍ പ്രസിദ്ധീകൃതമായ ഗ്രന്ഥവും ഖുതുബില്‍ പ്രഭാവമുണ്ടാക്കിയിരുന്നു. 1952 ല്‍ ഇതിന്റെ രണ്ടാം പതിപ്പിന് അവതാരിക എഴുതിയത് ഖുതുബാണ്. പിന്നീട് ഇസ്ലാമിക് വേള്‍ഡ് ലീഗിന്റെ നേതൃനിരയിലെത്തിയ നദ്വി 1940 കളിലും 1950കളിലും ജമാഅത്തെ ഇസ്ലാമിയുമായി അത്ര മുറുക്കമില്ലാത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇംഗ്ലീഷില്‍ ‘ഇസ്ലാം ആന്‍ഡ് ദ വേള്‍ഡ്’ എന്ന ശീര്‍ഷകത്തില്‍ പിന്നീട് പ്രസിദ്ധീകൃതമായ നദ്വിയുടെ അറബി ഭാഷയിലെ ഗ്രന്ഥത്തിലൂടെയാണ് ‘ആധുനിക ജാഹിലിയ്യ’ എന്ന ആശയം അറബ് ലോകത്ത് എത്തുന്നത്. മൗദൂദിയുടെയും ഖുതുബിന്റെയും പ്രശസ്ത വിമര്‍ശകരില്‍ ഒരാളായി നദ്വി മാറിയെങ്കിലും ‘ഹാക്കിമിയത്ത് അല്ലാഹ്’, ജാഹിലിയ്യ എന്നീ സങ്കല്‍പ്പങ്ങള്‍ 1950കളുടെ പ്രാരംഭത്തില്‍ തന്നെ ഖുതുബ് തന്റെ ആശയപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ അന്ത്യവര്‍ഷങ്ങളിലാണ്, 1960 കളുടെ പ്രഥമാര്‍ധത്തിലാണ് ഖുതുബ് അവ വികസിപ്പിച്ചതെന്ന് പറയുന്നത് ശരിയല്ല. (Barbara H E Zollner, The Muslim Brotherhood, Routledge, 2009, pp.53-–54)
നാമവിശേഷണമായ ‘ജാഹിലി’ എന്ന പദവും നാമപദമായ ‘ജാഹിലിയ്യ’യും ഖുതുബിന്റെ 1964 ല്‍ പുറത്തുവന്ന ‘മഹലിം ഫിത്തരീഖി’ല്‍, എല്ലാ ആധുനിക തത്ത്വചിന്തകളെയും ധാരണകളെയും നിലപാടുകളെയും ഭരണവ്യവസ്ഥകളെയും നിരാകരിക്കാന്‍ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. (‘മഹലിം ഫിത്തരീഖ്’ ഇംഗ്ലീഷില്‍ Signposts along the Road, Milestones എന്നീ പേരുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വഴിയടയാളങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധന വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസും അത് പുറത്തിറക്കിയിട്ടുണ്ട്). ‘ജാഹിലി’യുടെ അക്ഷരാര്‍ഥം അജ്ഞത എന്നത്രെ. ‘ജാഹിലിയ്യ’ എന്നാല്‍ അജ്ഞതയുടെ അവസ്ഥ എന്നും. ഖുര്‍ആനില്‍ ജാഹിലിയ്യ എന്ന പദം, നാല് തവണയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്ന്, ഇസ്ലാമിന്റെ വിപരീതപദമായി. രണ്ട്, വിഗ്രഹാരാധനയെ കുറിക്കാന്‍. മൂന്ന്, പ്രവാചകദൗത്യത്തിനു മുന്‍പുള്ള അറേബ്യയിലെ സാമൂഹിക സാഹചര്യത്തെ വിവരിക്കാന്‍. നാല്, ഇസ്ലാമികപൂര്‍വ കാലഘട്ടത്തെയും അക്കാലത്തെ മനുഷ്യരെയും സൂചിപ്പിക്കാന്‍. ക്ലാസിക്കല്‍ വ്യാഖ്യാനങ്ങള്‍, അജ്ഞാനഘട്ടത്തെ ഇസ്ലാമികപൂര്‍വ കാലത്തിന് തുല്യമായി കണക്കാക്കുകയും ഖുര്‍ആനിന്റെ വെളിപാടോടെ അജ്ഞതയുടെ സ്ഥാനത്ത് ജ്ഞാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്നുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മൗദൂദിയും നദ്വിയും ഖുതുബും ജാഹിലിയ്യത്തിന് നിഷേധാത്മകമായ മറ്റൊരു ലക്ഷ്യാര്‍ഥം കൂട്ടിച്ചേര്‍ത്തു. ജാഹിലിയ്യ, ഇസ്ലാമിക പൂര്‍വകാലത്തില്‍ പരിമിതപ്പെടുത്താവുന്ന ഒന്നല്ലെന്നും അത് ഇസ്ലാമിനെതിരില്‍ നിലകൊള്ളുന്ന നിത്യപ്രതിഭാസമാണെന്നുമാണ് അവര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാട്. അനിസ്ലാമികമോ ഇസ്ലാമിന് വിരുദ്ധമായതോ ആയ എല്ലാ ചിന്തയും ആലോചനയും ആചാരവും പ്രയോഗവും വ്യവഹാരവും ജാഹിലിയ്യയിലേക്ക് വലിച്ചുനീട്ടി, അതിന്റെ വ്യാപ്തി അവര്‍ വര്‍ദ്ധിപ്പിച്ചു. മൗദൂദിയും നദ്വിയും ഖുതുബും ഈ ആശയത്തെ ചരിത്രപരമായ ഭൂതകാല സമൂഹപരിതോവസ്ഥ എന്ന സംഗതിയില്‍ നിന്ന് ആധുനികവും സമകാലികവുമായ ആശയങ്ങളെയും വ്യവസ്ഥകളെയും അപലപിക്കാനും നിരാകരിക്കാനും നിന്ദിക്കാനുമുള്ള ഉപാധിയായി പരിവര്‍ത്തിപ്പിച്ചു. ഇസ്ലാമും ജാഹിലിയ്യയും തമ്മിലുള്ള യുദ്ധം നന്മയും തിന്മയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന നിതാന്ത കാര്യപരിപാടിയാണെന്ന് അവര്‍ വാദിച്ചു.
ഖുതുബ് എഴുതുന്നു : ‘ഇസ്ലാമിനറിയുന്നത് രണ്ടുതരം സമൂഹങ്ങളാണ്. ഇസ്ലാമിക സമൂഹവും ജാഹിലി സമൂഹവും. ഇസ്ലാമിക സമൂഹം ഇസ്ലാമില്‍ വിശ്വാസമര്‍പ്പിക്കുന്നതും അതിന്റെ ആരാധാനാമാര്‍ഗങ്ങളും നിയമങ്ങളും വ്യവസ്ഥകളും ധാര്‍മികതയും ചര്യകളും അനുസരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ജനസമൂഹമാണ്. ജാഹിലി സമൂഹം ഇസ്ലാം പിന്തുടരുന്നില്ല. അത് ഇസ്ലാമിക വിശ്വാസത്തെയും ആശയങ്ങളെയും ഇസ്ലാമിക മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ഇസ്ലാമിക നിയമങ്ങളെയും ഇസ്ലാമിക ശാസനകളെയും ഇസ്ലാമിക ധര്‍മനിഷ്ഠകളെയും പെരുമാറ്റ രീതികളെയും നിരാകരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു…. ഇസ്ലാമിക സമൂഹമല്ലാത്ത ഏതു സമൂഹവും ജാഹിലി സമൂഹമാണ്. ഈ നിര്‍വചനമനുസരിച്ച്, ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാ സമൂഹങ്ങളും ജാഹിലി ആണ്. (Sayyid Qutub, Milestones, American Trust Publication, Indianapolis,pp.66, 79)
‘ജനത്തിന്റെ ഇച്ഛകള്‍ക്കനുസൃതമായ വ്യവസ്ഥകളും വിഭാവനകളും നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും അനുവദിച്ചുകൊടുക്കാനല്ല ഇസ്ലാം വന്നത്. അവ, ഇസ്ലാമിന്റെ പ്രബോധനാരംഭകാലത്തുണ്ടായിരുന്നവയായാലും, ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നവയായാലും, കിഴക്കുള്ളവയായാലും പടിഞ്ഞാറുള്ളവയായാലും എല്ലാറ്റിനെയും നശിപ്പിച്ച് പകരം മാനവ ജീവിതത്തെ ദൈവിക വ്യവസ്ഥയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തി പുതുക്കിപ്പണിയാനാണ്’ എന്ന് ഖുതുബ് തുടരുന്നു.
മാനവിക ജീവിതത്തെ ‘ദൈവിക വ്യവസ്ഥ’യുടെ ആരൂഢത്തില്‍ പടുത്തുയര്‍ത്താന്‍ മനുഷ്യരാശിയുടെ സര്‍വ ദുരിതങ്ങള്‍ക്കും കാരണമായ ജാഹിലിയ്യ ശക്തികളെ ജിഹാദുകൊണ്ട് നേരിടണമെന്നും ആഗോളതലത്തില്‍ ഇസ്ലാമിക വിപ്ലവം നടത്താനുള്ള ഉപകരണമാണ് ജിഹാദ് എന്നും ആണയിടുന്ന ഖുതുബ്, ലോകത്തെ ഇസ്ലാം, ജാഹിലിയ്യ എന്നീ രണ്ടു വിരുദ്ധധ്രുവങ്ങളില്‍ വിന്യസിക്കുന്നു. സമകാലികലോകത്തിലെ ജാഹിലിയ്യത്തിന്റെ ബഹുവിധരൂപങ്ങളായി ഖുതുബ് എടുത്തുകാട്ടുന്നത്, നാസ്തിക കമ്യൂണിസവും പാശ്ചാത്യ മതേതരത്വവും വിഗ്രഹാരാധകമതങ്ങളും ജൂത–ക്രൈസ്തവ വ്യവസ്ഥിതികളും ജനങ്ങളുടെ പരമാധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ വ്യവസ്ഥകളുമാണ്. ജനാധിപത്യം പോലുള്ള മനുഷ്യനിര്‍മിത വ്യവസ്ഥകളനുസരിച്ചുള്ള മുസ്ലീം ഭരണമേഖലകളും ഇക്കൂട്ടത്തില്‍ വരും.
‘സോഷ്യല്‍ ജസ്റ്റിസ് ഇന്‍ ഇസ്ലാം’ (1949) എന്ന കൃതിയിൽ 1950 കളുടെ തുടക്കത്തില്‍ ഖുതുബ് പലതവണ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഈ പുനരവലോകന പ്രക്രിയയ്ക്കിടെയാണ് ഇസ്ലാമിക വ്യവസ്ഥ (അല്‍–നിസാം അല്‍ ഇസ്ലാമി), ഇസ്ലാമിക പാത (അല്‍–മിന്‍ഹജ് അല്‍ ഇസ്ലാമി), ആധുനിക അജ്ഞാനഘട്ടം (മോഡേണ്‍ ജാഹിലിയ്യ), ഇസ്ലാമിക ആക്ടിവിസം (അല്‍–ഹരാക അല്‍ ഇസ്ലാമിയ), ഹാകി മിയ്യത്ത് അല്ലാഹ് (അല്ലാഹുവിന്റെ അധീശത്വം) എന്നീ ആശയ്ങള്‍ പ്രകാശിപ്പിക്കുന്ന പദാവലികള്‍ ഖുതുബിന്റെ രചനകളില്‍ കടന്നുവരുന്നത്.
ഖുതുബ് ‘മൈല്‍സ്റ്റോണ്‍സ്’, ‘ഇന്‍ ദ ഷേഡ് ഓഫ് ഖുര്‍ആന്‍’ എന്നീ അവസാനകാല രചനകളില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നത്, അല്ലാഹുവിന്റെ അധീശത്വം (ഹുകൂമത്ത് അല്ലാഹ്) സമൂഹത്തിന്റെ സമസ്തമണ്ഡലങ്ങളിലും പുലരുന്ന ദൈവികവ്യവസ്ഥയല്ലാതെ മറ്റൊന്നും അനുവദിച്ചുകൂടാ എന്നാണ്. സമകാലികലോകം സമ്പൂര്‍ണമായും ജാഹിലിയ്യത്തിന്റെ കാരാഗൃഹത്തിലാണ്. ഇസ്ലാമും ജാഹിലിയ്യത്തും ഒരിക്കലും ഒത്തുപോവില്ല. അതുകൊണ്ട് ജാഹലിയ്യയുടെ സമകാലിക പ്രതിനിധാനങ്ങളായ ‘സാത്താനികളെ’യും അനിസ്ലാമിക–വിഗ്രഹാരാധക ശക്തികളെയും (താഗൂത്തിനെ) ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യണമെന്നാണ് ഖുതുബ് ആഹ്വാനം ചെയ്യുന്നത്. അതിന് ഒരു മുന്നണിപ്പട വേണം. ആ പട ജാഹിലിയ്യാ ശക്തികളെ ജിഹാദുകൊണ്ട് നേരിടണം. പില്‍ക്കാലത്ത് ഖുതുബ് വിഭാവനം ചെയ്ത മുന്നണിപ്പടയുടെ രൂപീകരണവും ആഗോളതലത്തില്‍ സായുധ ജിഹാദിനുള്ള ഉദ്യമവും നടന്നു. ഖുതുബിയത്തില്‍ ഹഠാദാകര്‍ഷിക്കപ്പെട്ട അബ്ദുല്ല അസം, അയ്മനുല്‍ സവാഹിരി, ബിന്‍ ലാദന്‍ എന്നിവരാണ് അറബിയില്‍ ‘അടിത്തറ’ (base) എന്നര്‍ത്ഥമുള്ള അല്‍ ഖ്വയ്ദ എന്ന ഭീകരസംഘടനയ്ക്ക് എണ്‍പതുകളില്‍ രൂപം നല്‍കിയത്.
ഖുതുബ് തന്റെ ഒടുവിലത്തെ കൃതികളില്‍ ശക്തമായി ഉയര്‍ത്തിയ ആശയം, 1940 ല്‍ തന്നെ മൗദൂദി അവതരിപ്പിച്ചതായി കാണാം : ‘മാനവചരിത്രം രണ്ടു വിരുദ്ധശക്തികള്‍ തമ്മിലുള്ള സമരങ്ങളുടെ ചരിത്രമാണ്. മനുഷ്യന്റെ യഥാര്‍ഥ പ്രകൃതമായ ഇസ്ലാമും വക്രീകൃത പ്രകൃതമായ ജാഹിലിയ്യത്തുമാണ് ഈ വിരുദ്ധശക്തികള്‍. ഈ സമരത്തില്‍ ചിലപ്പോള്‍ ഇസ്ലാം ജയിക്കുകയും ജാഹിലിയ്യത്ത് അമര്‍ത്തപ്പെടുകയും വേറെ ചിലപ്പോള്‍ ജാഹിലിയ്യത്ത് ജയിക്കുകയും ഇസ്ലാം അമര്‍ത്തപ്പെടുകയും ചെയ്യുന്നു. നീണ്ട ഈ ചരിത്രപ്രക്രിയയില്‍ പലകുറി ഇസ്ലാം അതിന്റെ ശുദ്ധരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും സംസ്കാരത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.’ (തര്‍ജുമാനുല്‍ ഖുര്‍ആന്‍, മെയ്–ജൂണ്‍, 1940)
1950 കളുടെ തുടക്കത്തില്‍ തന്നെ ഖുതുബിന്റെ രചനകളില്‍ ‘ഹാകിമിയത്ത് അല്ലാഹ്’ (അല്ലാഹുവിന്റെ അധീശാധിപത്യം) എന്ന ആശയം കടന്നുവരുന്നുണ്ട്. ഇതും ഖുതുബ്, മൗദൂദിയില്‍ നിന്ന് എടുത്തതാണ്. മൗദൂദിയുടെ രചനകളില്‍ പ്രത്യക്ഷപ്പെടുന്ന ഹുകുമത്തെ ഇലാഹി (ദൈവത്തിന്റെ ഭരണം) തന്നെയാണിത്. ഹുകുമത്തെ ഇലാഹിയെ ‘അല്ലാഹുവിന്റെ രാജ്യം’, ‘ഖുദാ കി ബാദ്ഷാഹത്ത്’, ‘ഇസ്ലാമിക രാഷ്ട്രം’ എന്നിങ്ങനെയും മൗദൂദി വിളിച്ചിട്ടുണ്ട്. മൗദൂദിയുടെ കൃതികളില്‍ പക്ഷേ, പേര്‍ത്തും പേര്‍ത്തും വരുന്നത് ഇസ്ലാമിക രാഷ്ട്രം എന്ന പ്രയോഗമാണ്. ജനങ്ങളുടെ, ജനങ്ങളാലുള്ള, ജനങ്ങള്‍ക്കു വേണ്ടിയുള്ള ഭരണം എന്ന ജനാധിപത്യ ഭരണക്രമത്തെ മൗദൂദിയും ഖുതുബും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ സ്വാതന്ത്ര്യമോ പരമാധികാരമോ ഇരുവരും സ്വീകരിക്കുന്നുമില്ല. മനുഷ്യര്‍ ദൈവത്തിന്റെ അടിമകള്‍ മാത്രമാണ്. മനുഷ്യര്‍ക്കുള്ള ജീവിത പദ്ധതിയും ജീവിത വ്യവസ്ഥയും സ്വയം നിര്‍ണയിക്കാനോ സാമൂഹിക വ്യവഹാരങ്ങളില്‍ വിധികര്‍ത്താക്കളാവാനോ മനുഷ്യര്‍ക്ക് അവരുടെ ഭാഗധേയം വിരചിക്കാനോ സ്വാതന്ത്ര്യമില്ല. മനുഷ്യന്റെ സ്വതന്ത്ര ചിന്തയെയും സ്വയംഭരണാവകാശത്തെയും പരമാധികാരത്തെയും കര്‍മസ്വാതന്ത്ര്യത്തെയും സര്‍ഗാത്മകവും ധൈഷണികവുമായ ഇടപെടലുകളെയും മൗദൂദി അഗണ്യകോടിയില്‍ തള്ളുന്നു : ‘നമ്മുടെ അസ്തിത്വത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തീരുമാനിക്കേണ്ടത് നാമല്ല. ഈ ലോകത്തില്‍ നമ്മുടെ അധികാരത്തിന്റെ പരിധി തീരുമാനിക്കേണ്ടതും നാമല്ല. നമുക്കുവേണ്ടി ഈ തീരുമാനങ്ങളെടുക്കാന്‍ മറ്റൊരു മനുഷ്യനും അര്‍ഹതയില്ല. വ്യക്തിയാവട്ടെ, കുടുംബമാവട്ടെ, വര്‍ഗമാവട്ടെ, ജനവിഭാഗമാവട്ടെ, മൊത്തം മാനവരാശി തന്നെയാവട്ടെ ആര്‍ക്കും പരമാധികാരം അവകാശപ്പെടാനാവില്ല. ദൈവം മാത്രമാണ് പരമാധികാരി; അവന്റെ ആജ്ഞകളാണ് ഇസ്ലാമിന്റെ നിയമം എന്നു പറയുന്നത്.’ മൗദൂദി ‘ഖുതുബാത്തി’ല്‍ ഈ ആശയം അരക്കിട്ടുറപ്പിക്കുന്നു.
ഇസ്ലാമിന്റെ വിശ്വാസവാക്യമായ ‘കലിമ’ (അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റൊരു ദൈവമില്ല. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു) ചൊല്ലുന്നതോടെ ഹുകുമത്തെ ഇലാഹി നിലനില്‍ക്കുന്ന രാഷ്ട്രം സ്ഥാപിക്കുക എന്നത് മുസ്ലിമിന്റെ ബാധ്യതയായിത്തീരുന്നു എന്നാണ് മൗദൂദിയുടെ തീട്ടൂരം. ദൈവികപരമാധികാരത്തിന്റെ സ്ഥാനത്ത് മാനവപരമാധികാരമുള്ള രാഷ്ട്രീയക്രമങ്ങള്‍ നിഷിദ്ധം (ഹറാം) ആണെന്നും അദ്ദേഹം സുവ്യക്തമായി പറഞ്ഞിട്ടുണ്ട്. ഖുതുബാകട്ടെ ‘കലിമ’യില്‍ അടങ്ങിയിരിക്കുന്നത് ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ സന്ദേശം മാത്രമല്ലെന്നും ‘പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത’യും അത് ഉള്‍ക്കൊള്ളുന്നുവെന്നും എഴുതുന്നു. ‘കലിമ’യിലെ ആദ്യഭാഗം, ‘അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല’ എന്നതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അര്‍ഥം, ഏകദൈവ വിശ്വാസ പ്രഖ്യാപനം മാത്രമല്ലെന്നും ഭൂമിയിലെ സമ്പൂര്‍ണ പരമാധികാരം ദൈവത്തിനാണ് എന്നുകൂടി അത് വ്യഞ്ജിപ്പിക്കുന്നുവെന്നും ഖുതുബ് വാദിച്ചു. തൗഹിദിനെ(ഏകേശ്വരത) ഖുത്തുബ് വ്യാഖ്യാനിക്കുന്നത്, അത് കേവലം ഏകദൈവവിശ്വാസത്തില്‍ ഊന്നുന്നത് മാത്രമല്ലെന്നും മനുഷ്യന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേരിട്ടുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള ഒന്നായിട്ടുമാണ്. ദൈവത്തിനാണ് വിധിനിര്‍ണയത്തിന്റെയും കല്പനയുടെയും സമ്പൂര്‍ണ അധികാരം. അക്കാരണത്താല്‍ ദൈവം മാത്രമാണ് നിയമസാധുത്വമുള്ള സര്‍വാധികാരി. ഖുതുബ് ‘മൈല്‍സ്റ്റോണ്‍സി’ല്‍ എഴുതുന്നു : ‘ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഹാകിമിയ്യ (പരമാധികാരം) ഇല്ല. ദൈവത്തിന്റെ ശരീ അത്ത് (നിയമം) അല്ലാതെ മറ്റൊരു നിയമവുമില്ല. മനുഷ്യന് മനുഷ്യനു മേല്‍ അധികാരമില്ല. എല്ലാ അധികാരവും ദൈവത്തിന് സ്വന്തമാണ്.’ തുടര്‍ന്ന്, മനുഷ്യ നിര്‍മിതമായ ഏത് തത്ത്വചിന്തയും സാമൂഹിക, രാഷ്ട്രീയ സിദ്ധാന്തങ്ങളും ജാഹിലി ആണെന്നും അവ ആധുനിക ഭരണക്രമത്തില്‍ നടപ്പാക്കുന്നത് ‘താഗൂത്തി’യും (ദൈവേതര വ്യവസ്ഥ) ‘സുല്‍മി’ (നിഷ്ഠുര വാഴ്ച) യുമാണെന്നും ഖുതുബ് സിദ്ധാന്തിച്ചു. മനുഷ്യരുടെ സ്വാതന്ത്ര്യമോ പരമാധികാരമോ കര്‍മസ്വച്ഛന്ദതയോ സര്‍ഗാത്മകതയോ യുക്തിചിന്താപരമായ തലങ്ങളോ അണുവിട അംഗീകരിക്കാത്ത ‘അല്ലാഹുവിന്റെ അടിമത്തം’ എന്ന സമഗ്രാധിപത്യ മതരാഷ്ട്ര പദ്ധതിയുടെ ഒറ്റമൂലിയാണ് ഇസ്ലാമിസത്തിന്റെ ഈ സയാമീസ് ഇരട്ടകള്‍ നിര്‍ദേശിക്കുന്നത്. മനുഷ്യ വിരുദ്ധത ആമൂലാഗ്രം സന്നിവേശിപ്പിച്ച അടിമത്തത്തിന്റെ ആശയസമുച്ചയമാണത്. താന്താങ്ങള്‍ വിഭാവനം ചെയ്യുന്ന ഇസ്ലാമിക രാഷ്ട്ര പദ്ധതിക്കുവേണ്ടി ഖുര്‍ആനിന് അതുവരെ ആരും നല്‍കാത്ത അസാധാരണ അര്‍ത്ഥതലങ്ങള്‍ നല്‍കി മതരാഷ്ട്ര നിര്‍മിതിക്ക് കളമൊരുക്കുകയായിരുന്നു ഇരുവരും.
ആഗോളതലത്തില്‍ ശ്രദ്ധേയനായ മുസ്ലീം ധൈഷണികനും പാക്þബ്രിട്ടീഷ് ഗ്രന്ഥകാരനുമായ സിയാവുദ്ദീന്‍ സര്‍ദാറിന്റെ നിരീക്ഷണങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. എന്താണ് ഇസ്ലാമിനെക്കുറിച്ചുള്ള നിങ്ങളുടെ ആശയം എന്ന ചോദ്യത്തോടെയാണ് സര്‍ദാര്‍ ലേഖനം തുടങ്ങുന്നത് : ‘ഇസ്ലാമെന്ന ആശയം, എന്റെ അഭിപ്രായത്തില്‍, ഒന്നല്ല അനേകം കാരാഗൃഹങ്ങളില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്. അവയിലൊന്ന് ‘ഇസ്ലാമിക രാഷ്ട്രം’ എന്ന കാരാഗൃഹമാണ്. ഇപ്പോള്‍ നിലവിലുള്ളതെന്ന് പ്രഘോഷിക്കപ്പെടുന്ന ‘മാതൃകാപര’മായ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ആവിഷ്കാര സ്വാതന്ത്ര്യം അജ്ഞാതമാണ്. നീതി ഏകപക്ഷീയവും സ്വേച്ഛാപരവുമാണ്. നിയമപാലനം ഭരണാധികാരികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ്. സ്ത്രീകളെ അഴുക്കുപോലെയാണ് കരുതുന്നത്…. പാകിസ്താനില്‍ ഒരു തലമുറ മൊത്തത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയുടെ രചനാസഞ്ചയം വായിച്ചാണ് വളര്‍ന്നത്. ഈ പാക് ജമാഅത്തെ ഇസ്ലാമി ഒരു അര്‍ധ ഫാസിസ്റ്റ് സംഘടനയായി അധഃപതിച്ചിരിക്കുന്നു. താലിബാന്റെ ചെയ്തികളെ ന്യായീകരിക്കുന്നതിലും മതനിന്ദയുടെ പേരില്‍ പഞ്ചാബ് ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ വധിച്ച ഭീകരവാദിയെ മഹത്വവല്‍ക്കരിക്കുന്നതിലും ജമാഅത്തെ ഇസ്ലാമി മുന്‍പന്തിയില്‍ നിന്നു.’ ((Ziauddin Sardar, What’s the Big Idea, Critical Muslim, 11 May, 2018). കേരളത്തിലിപ്പോള്‍ മതനിരപേക്ഷ ജനാധിപത്യത്തെയും ബഹുസ്വരതയെയും മനസ്സില്ലാമനസ്സോടെ മാറോടു ചേര്‍ക്കാനുള്ള ഗതികേടിലകപ്പെടുകയും പുട്ടിന് പീരയിടുന്നതുപോലെ സാമ്രാജ്യത്വ വിരുദ്ധ ഘോഷണം നടത്തുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് പാകിസ്താനിലെ സഹോദരസംഘടനയുടെ രണോത്സുക പ്രയാണപഥങ്ങള്‍ കമ്പോടു കമ്പ് അറിയാം. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെയും അറബ് മേഖലയിലെയും വ്യത്യസ്ത ഇസ്ലാമിസ്റ്റ് സ്വരൂപങ്ങള്‍ എപ്പോഴൊക്കെ, എങ്ങനെയെല്ലാം സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചു എന്നത് മറ്റൊരു കഥയാണ്. സാമ്രാജ്യത്വവും ഇസ്ലാമിസവും തമ്മിലുള്ള പരസ്പരസേവയുടെയും പരസ്പരപോഷണത്തിന്റെയും ചരിത്രം ഇസ്ലാമിസ്റ്റുകള്‍ക്കുമേല്‍ കനത്ത തോതില്‍ കളങ്കമുണ്ടാക്കിയിട്ടുണ്ട്. l



