മതത്തിന്റെ അടിസ്‌ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്. മതവാദികളായ കുറേയാളുകൾ തങ്ങളുടെ സ്വപ്നരാജ്യസൃഷ്ടിക്കുവേണ്ടി പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ പൂർണമായും പറിച്ചുനടപ്പെടുകയോ ചെയ്ത രാജ്യം.
എന്നാൽ നമ്മുടേത് ഒരു മതനിരപേക്ഷ രാജ്യമായി. മതവാദികളില്ലാതിരുന്നതുകൊണ്ടല്ല ഭാരതം ഒരു മതേതര രാജ്യമായത്; അങ്ങനെ മതി എന്ന് ഈ രാജ്യത്തെ മതേതര മനുഷ്യർ തീരുമാനിച്ചതുകൊണ്ടാണ്.
അന്ന് മതരാജ്യസ്‌ഥാപനത്തിനു വേണ്ടി വാദിച്ചവരുടെ പിൻതലമുറ ഇന്ന് ഭാരതത്തിൽ അധികാരത്തിലുണ്ട്. അന്ന് അവരോടു വിജയകരമായി എതിരിട്ടുനിൽക്കുകയും ഈ രാജ്യത്തെ മതേതരമായി സൃഷ്ടിക്കുകയും ചെയ്തവർ ആ സ്വഭാവം നിലനിർത്താനായി സൃഷ്‌ടിച്ച ജനാധിപത്യ മതേതര ഭരണഘടനയെ ഇന്ന് അധികാരത്തിലുള്ളവർ നിരന്തരം ദുർബലപ്പെടുത്തുകയും അപകടപ്പെടുത്തുകയും ചെയ്യുകയാണ്. ഈ രാജ്യത്തിന്റെ ഭാവിയിൽ താല്പര്യമുള്ളവരെല്ലാം ഒരുമിച്ചു നിന്ന് ഭരണഘടനയ്ക്കും ജനാധിപത്യ സ്‌ഥാപനങ്ങൾക്കുമെതിരെയുള്ള സംഘപരിവാരത്തിന്റെ ഈ ആക്രമണത്തെ ചെറുക്കേണ്ടതുണ്ട് എന്ന അവസ്‌ഥയിലാണ് ഇപ്പോൾ ഈ രാജ്യമുള്ളത്.
എന്നാൽ ആ ചെറുത്തുനിൽപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധികളിലൊന്ന് അതിന്റെ പോരാളികൾ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെന്നപോലെ മതനിരപേക്ഷതയോടു കലർപ്പില്ലാത്ത കൂറുള്ളവരായിരിക്കണം എന്നുള്ളതാണ്. അവർക്കു മാത്രമേ ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനുഷ്യരുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിയൂ.
ഈ വിഷയം മുന്നോട്ടുവരുമ്പോഴാണ് ശുദ്ധമതവാദികളായ, അതും പോരാഞ്ഞു മതരാജ്യവാദികളായ, ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ രൂപങ്ങളും ഈ മതനിരപേക്ഷ മുന്നണിയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം നടത്തുന്നത് നമ്മൾ കാണുന്നത്. ഹിന്ദുത്വവാദികളായ സംഘപരിവാരത്തെ എതിർത്തുതോൽപ്പിക്കാനുള്ള പോരാട്ട മുന്നണിയിൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് സംഘടനയായ ജമാഅത്തെ ഇസ്ലാമി ചേരുന്ന അസംബന്ധദൃശ്യം അതിന്റെ ഉദ്ദേശ്യത്തെ തുടക്കത്തിൽത്തന്നെ തോൽപ്പിക്കും എന്നറിയാൻ പ്രാഥമിക രാഷ്ട്രീയ ബോധ്യങ്ങൾ മതിയാകും. ഈ പോരാട്ടത്തിൽ ഒപ്പം നിർത്തേണ്ടത് ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റു മതവിശ്വാസികളും മതമില്ലാത്തവരുമായ മതനിരപേക്ഷ മനുഷ്യരെയാണ്; മതരാജ്യവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ തോളിൽ കൈയിട്ടുനിന്നല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടത്തെപ്പറ്റി അവരെ ബോധ്യപ്പെടുത്തേണ്ടത്.
എന്നാൽ ഇക്കാര്യം മനസ്സിലാകാത്ത മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്. ഹിന്ദുത്വയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ആർക്കും കൂടാം എന്നവർ ശഠിക്കുന്നു. അവരുടെ ശാഠ്യത്തിന്റെ കൂടി ബലത്തിലാണ് ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷ ചേരിക്കൊപ്പം നിൽക്കുന്നതായി ഭാവിക്കുന്നത്.
അവരുടെ വാദങ്ങളുടെ ഒരു ചെറിയ ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമമായ മീഡിയ വണ്ണിൽ ഇടതുപക്ഷ രാഷ്ട്രീയത്തെ വികലമാക്കി ചിത്രീകരിക്കുന്ന ‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന പരിപാടിയെയും അതിന്റെ അവതാരകരെയും പറ്റി കേരളത്തിലെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ എൻ മാധവൻകുട്ടി അടുത്തിടെ പ്രതിപാദിച്ചത്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ കൊടുത്ത നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഒരു ഹിന്ദുത്വ മുന്നണിയാക്കി ചിത്രീകരിക്കുന്ന തിരക്കിലാണ് മീഡിയ വണ്ണും ‘ഔട്ട് ഓഫ് ഫോക്കസും’. അതിനെ ഇടതുപക്ഷത്തുള്ളവർ നിശിതമായ വിമർശനത്തിന് വിധേയമാക്കുന്നുമുണ്ട്. ഇതിനോട് പ്രതികരിച്ചുകൊണ്ട് മാധവൻകുട്ടി ഇങ്ങനെയെഴുതി:
“ഔട്ട് ഓഫ് ഫോക്കസിന്റെ ആത്മാര്‍ത്ഥതയുള്ള വിമര്‍ശകര്‍ ചെയ്യേണ്ടത് അതില്‍ പങ്കെടുക്കുന്ന ദാവൂദ്, അജിംസ് പോലുള്ളവരുടെ ബൗദ്ധിക, രാഷ്ട്രീയ, വിശകലന നിലവാരമുള്ള മാധ്യമ പ്രവര്‍ത്തകരെ രംഗത്തിറക്കി ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി നേരിടുകയാണ്’.
എന്താണ് ഈ പറയുന്ന “ബൗദ്ധിക, രാഷ്ട്രീയ, വിശകലന നിലവാരം’? ഒരുദാഹരണമെടുക്കുക.
എൻ കണ്ണൻ എന്ന വണ്ടൂരിൽനിന്നുള്ള സിപിഐ എം എംഎൽഎ 1999-ൽ നിയമസഭയിൽ ഒരു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നു. മലപ്പുറം ജില്ലയിൽ അക്കാലത്ത് എൻഡിഎഫ് എന്ന തീവ്രവാദ സംഘടനയുണ്ടാക്കുന്ന താലിബാനെെസേഷനാണ് വിഷയം.
ഇതാണ് അദ്ദേഹത്തിന്റെ നിയമസഭയിലെ വാക്കുകൾ:
‘‘സർ, മലപ്പുറം ജില്ലയിപ്പോൾ അടുത്തകാലത്തായി വളർന്നുവരുന്ന തീവ്രവാദ വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സഭയുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുന്നത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ കുറച്ചുകാലമായി ശക്തിപ്പെട്ടുവരുന്ന തീവ്രവാദ വർഗീയ സംഘടനകളുടെ പ്രവർത്തനഫലമായി നൂറ്റാണ്ടുകളായി സൗഹാർദ്ദമായി ജീവിച്ചുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വലിയ പ്രയാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി അബ്ദുൾ നാസറും തസ്‌നിബാനുമായി സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹം സംബന്ധിച്ച് സാക്ഷി പറഞ്ഞ ജബ്ബാർ, ഫൗസിയ എന്നീ ദമ്പതികളെ കൊലപ്പെടുത്തുമെന്ന് തീവ്രവാദി സംഘടനകൾ ഭീഷണിപ്പെടുത്തുകയാണ്. NDF എന്ന തീവ്രവാദി സംഘടനയാണ് ഇതിനു പിറകിൽ എന്നാണ് പറയപ്പെടുന്നത്. അടുത്തകാലത്തായി മലപ്പുറം ജില്ലയിൽത്തന്നെ അനാശാസ്യ പ്രവർത്തനം നടത്തി എന്നു പറയപ്പെടുന്ന രണ്ടു സ്ത്രീകളെ പിടിച്ചു മൊട്ടയടിപ്പിച്ച് അവർക്കു ഭീഷണിയുയർത്തിയിരിക്കുകയാണ്. ക്രിസ്ത്യാനികൾ ക്രിസ്-മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല, ശബരിമലയ്ക്കു പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലീം കടകളിൽ വിൽക്കാൻ പാടില്ല എന്നിങ്ങനെയുള്ള ശാസനയാണ് ഇപ്പോൾ നല്കിക്കൊണ്ടിരിക്കുന്നത്.
ആ രൂപത്തിൽ സൗഹാർദ്ദപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒരു പരിശ്രമമാണ് അവരുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്. അവിടെ ഹിന്ദു വർഗീയ പാർട്ടികളുടെ പ്രവർത്തനം കഴിഞ്ഞകാലത്തുനിന്നും വ്യത്യസ്തമായി വളരെ വ്യാപകമായി ആ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ അത് വലിയ പ്രയാസമായിരിക്കുന്നു. അതു മാത്രമല്ല ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാണ് താലിബാൻ മോഡൽ രൂപത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അവർ പറയുന്നതല്ലാതെ മറ്റൊന്നും നടപ്പിലാക്കാൻ പാടില്ല എന്നുള്ള താലിബാൻ മോഡൽ ശാസനയാണ് അവർ നല്കിക്കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം തടയുന്നതിനുവേണ്ടി ഇവർക്കെതിരെ താക്കീതു നൽകി, കൊല്ലും എന്ന് പറയുന്ന ആളുകളെ നിലയ്ക്കുനിർത്തുന്നതിനുവേണ്ടി, അവർക്കു അർഹമായ ശിക്ഷ കൊടുക്കുന്നതിനുവേണ്ടി ഗവണ്മെന്റ് ആവശ്യമായ നടപടി സ്വീകരിക്കണം എന്നുള്ളതാണ് ഞാൻ ഈ സബ്മിഷനിലൂടെ ആവശ്യപ്പെടുന്നത്’’.
മലപ്പുറത്ത് എല്ലാ സമുദായങ്ങളിലുംപെട്ട മനുഷ്യർ നൂറ്റാണ്ടുകളായി സാഹോദര്യത്തോടെ ജീവിക്കുന്നു; എൻ ഡി എഫ് എന്ന തീവ്രവാദി സംഘടന അതനുവദിക്കുന്നില്ല, അവർ താലിബാൻ മോഡൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു; അതനുസരിച്ച് അവിടെ ഹിന്ദു വർഗീയവാദികളും പ്രവർത്തനം വലുതാക്കുന്നു. ഇതാണ് അവിടുത്തെ നിയമസഭാംഗം എന്ന നിലയിൽ കണ്ണൻ നിയമസഭയിൽ ഉന്നയിച്ച വിഷയം.
ഇതിനെ ‘ഔട്ട് ഓഫ് ഫോക്കസി’ലെ ‘വിശകലന ബുദ്ധി’ എന്ന് എൻ മാധവൻകുട്ടി വിശേഷിപ്പിച്ച മീഡിയ വണ്ണിന്റെ മാനേജിങ് എഡിറ്റർ സി ദാവൂദ് അവതരിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കൂ:
“1996 മുതൽ 2001 വരെ എൻ കണ്ണൻ എന്ന സി പി എം നേതാവാണ് ആ മണ്ഡലത്തെ (വണ്ടൂർ) അസംബ്ലിയിൽ പ്രതിനിധീകരിച്ചത്. അദ്ദേഹം കേരള അസംബ്ലിയിൽ മലപ്പുറം ജില്ലയിലെ താലിബാൻവൽക്കരണത്തെക്കുറിച്ച് ഒരു സബ്മിഷൻ ഉന്നയിക്കുകയുണ്ടായി. ആ സബ്മിഷനിൽ പറഞ്ഞ ഒരു കാര്യം ഇതാണ്: ക്രിസ്ത്യാനികൾ ക്രിസ്-മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലീം കടകളിൽ വിൽക്കാൻ പാടില്ല, ശബരിമലയ്ക്കു പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലീം കടകളിൽവിൽക്കാൻ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോൾ നല്കിക്കൊണ്ടിരിക്കുന്നത്’.
അതായത് എൻഡിഎഫ് എന്ന തീവ്രവാദി സംഘടന മലപ്പുറത്തു താലിബാൻവൽക്കരണം നടത്താൻ ശ്രമിക്കുന്നു എന്ന് ഒരു സിപിഐ എം അംഗം പറഞ്ഞതിൽനിന്നു ആ തീവ്രവാദി സംഘത്തെപ്പറ്റിയുള്ള റഫറൻസ് പാടെ എടുത്തുമാറ്റുന്നു. അപ്പോൾ വളരെ എളുപ്പമായി, കൂടുതൽ ഒന്നും പറയേണ്ടതുമില്ല. അവിടത്തെ മുസ്ലീങ്ങൾ എല്ലാവരും അതിനുത്തരവാദികളാണ് എന്ന് എം എൽ എ പറഞ്ഞു എന്ന് ധ്വനിപ്പിക്കാൻ അത് ധാരാളം മതി.
അതു മാത്രമല്ല വിട്ടുകളഞ്ഞത്: ‘‘ആ രൂപത്തിൽ സൗഹാർദ്ദപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒരു പരിശ്രമമാണ് അവരുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്’’ എന്ന് എം എൽ എ പറഞ്ഞതും ഒഴിവാക്കി.
എൻ ഡി എഫ് പ്രവർത്തനം കൊണ്ട് എന്താണ് അവിടെ സംഭവിക്കുന്നത്? സിപിഐ എം എംഎൽഎ അതും പറയുന്നുണ്ട്. ‘‘അവിടെ ഹിന്ദു വർഗീയ പാർട്ടികളുടെ പ്രവർത്തനം കഴിഞ്ഞ കാലത്തുനിന്നും വ്യത്യസ്തമായി വളരെ വ്യാപകമായി ആ മേഖലയിൽ വന്നുകൊണ്ടിരിക്കുന്നു’.
അതുകൊണ്ട്? “മലപ്പുറം ജില്ലയിൽ അത് വലിയ പ്രയാസമായിരിക്കുന്നു’.
അപ്പോൾ ഇതാണ് വിഷയം: എൻ ഡി എഫ് എന്ന തീവ്രവാദി സംഘടന മലപ്പുറം ജില്ലയിൽ താലിബാൻ രൂപത്തിൽ ആളുകളെ ഭീഷണിപ്പെടുത്തുന്നു; അതുകൊണ്ട് ഹിന്ദു വർഗീയവാദികളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. അതവിടത്തെ സാധാരണ ജീവിതത്തെ ബാധിക്കുന്നു. സർക്കാർ ഇടപെടണം.
ഒരു കമ്യൂണിസ്റ്റ് ജനപ്രതിനിധി ആ നാട്ടിലെ അവസ്-ഥയെക്കുറിച്ച്, ആ നാട്ടിലെ അന്നുവരെ മനുഷ്യർ തമ്മിലുണ്ടായിരുന്ന സൗഹാർദ്ദത്തിൽ തീവ്രവാദികൾ വിഷം കലക്കുന്നതിനെപ്പറ്റി പറഞ്ഞതാണ്.
ആ വാക്കുകളെയാണ് മലപ്പുറത്തു ഹിന്ദുക്കൾക്ക് പച്ചവെള്ളം കിട്ടില്ല എന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയോട് മീഡിയ വണ്ണിന്റെ മാനേജിങ് എഡിറ്റർ ഉപമിക്കുന്നത്!
കാൽനൂറ്റാണ്ടിനു മുൻപ് കേരള അസംബ്ലിയിൽ ഒരു സിപിഐ എം അംഗം നടത്തിയ പ്രസംഗത്തെ അതിന്റെ ചങ്കും കരളുമെല്ലാം നീക്കി തനിക്കിഷ്ടമുള്ള ഭാഗമെടുത്തു മലപ്പുറം ജില്ലയെ “പിശാചുവൽക്കരിക്കുന്ന’ സംഘപരിവാർ പദ്ധതിയുടെ മുൻഗാമിയാണ് അതെന്ന് സ്‌ഥാപിക്കാൻ ഒരു മതരാഷ്ട്രവാദ സംഘടനയുടെ വക്താവ് നടത്തുന്ന വക്രീകരണത്തെയാണ്, വഷള് വർത്തമാനത്തെയാണ് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ “ബൗദ്ധിക, രാഷ്ട്രീയ, വിശകലന’ മാതൃകയായി ഇടതുപക്ഷത്തിനു മുൻപിൽ വച്ചുകൊടുക്കുന്നത്!
തങ്ങളുപയോഗിക്കുന്ന വിശകലന ടൂളുകൾ മാധ്യമപ്രവർത്തനത്തിന്റെ ‘പ്രൊഫഷണൽ പ്രാക്ടീസസ്’ തന്നെയാണ് എന്ന് മീഡിയ വൺ അവകാശപ്പെടുന്നു. അതിനുദാഹരണമായി ദാവൂദ് നിലമ്പൂരിലെ തിരഞ്ഞെടുപ്പിനെപ്പറ്റി ഇങ്ങനെ പറയുന്നു: ‘‘വെൽഫെയർ പാർട്ടി പിന്തുണയിൽ മത്സരിച്ച കോൺഗ്രസ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തും ഹിന്ദു മഹാസഭ, പിഡിപി പിന്തുണയിൽ മത്സരിച്ച സിപിഐ എം സ്‌ഥാനാർഥി എം സ്വരാജും സ്വതന്ത്രനായ പി വി അൻവറുമായിരുന്നു അവിടെ പ്രധാന സ്‌ഥാനാർത്ഥികൾ’’.
“ജമാഅത്തെ ഇസ്ലാമി മാറിയിരിക്കുന്നു’ എന്ന് കോൺഗ്രസുകാരനായ പ്രതിപക്ഷ നേതാവ് ശുദ്ധീകരിച്ചു കൂടെക്കൂട്ടിയ ഒരു മതരാഷ്ട്രവാദി സംഘടനയുടെ പിന്തുണയെയാണ് ആപ്പീസിൽ കാവിയുടുപ്പുമിട്ടു കയറിവന്നു പിന്തുണ പ്രഖ്യാപിച്ച ഒരാളുടെ ജല്പനവുമായി കൂട്ടിക്കെട്ടുന്നത്. മാധ്യമപ്രവർത്തനത്തിന്റെ ഈ “പ്രൊഫഷണൽ പ്രാക്ടീസി’നോട് സംവദിക്കണമെന്നാണ് എൻ മാധവൻകുട്ടി പറയുന്നത്.
തങ്ങൾക്കാവശ്യമുള്ള വസ്തുതകൾ അവിടെനിന്നും ഇവിടെനിന്നും പെറുക്കിക്കൂട്ടി ഒരു പുതിയ ആഖ്യാനം രചിക്കുന്നതിൽ എല്ലാത്തരം പിന്തിരിപ്പൻ ശക്തികൾക്കും ഒരു പ്രത്യേകം വിരുതുണ്ട്. ആ വിരുത് ദാവൂദും കാണിക്കുന്നുണ്ട്. നിയമസഭയിൽ കണ്ണൻ നടത്തിയ പ്രസ്താവനയ്ക്കുശേഷം ‘‘വണ്ടൂരിൽ പിന്നീടൊരു സിപിഐ എം സ്‌ഥാനാർഥി വിജയിച്ചിട്ടില്ല എന്ന കാര്യം ഓർക്കണം’’ എന്നദ്ദേഹം പറയുന്നു.
അത് ശരിയാണ്. പക്ഷേ വസ്തുതകൾ പൂർണമായി പരിശോധിക്കുമ്പോൾ 1977-ൽ രൂപീകരിക്കപ്പെട്ട വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന പതിനൊന്നു തിരഞ്ഞെടുപ്പുകളിൽ പത്തിലും കോൺഗ്രസാണ് ജയിച്ചത് എന്നു കാണാം. കണ്ണനുശേഷം ആരും ജയിച്ചിട്ടില്ല എന്നത് സത്യം; പക്ഷേ കണ്ണന് മുൻപും ആരും ജയിച്ചിട്ടില്ല. ഈ സത്യം പറയാതെ അത് കണ്ണൻ നടത്തിയ “വർഗീയ’ പ്രവർത്തനത്തിന്റെ ഫലമാണ് എന്ന് പറയാതെ പറയുന്നതാണ് “മാധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണൽ പ്രാക്ടീസ്’!.
ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർത്തു തോൽപ്പിക്കേണ്ടതുണ്ട് . അപ്പോഴും മതനിരപേക്ഷ ഇടതുപക്ഷ രാഷ്ട്രീയക്കാർക്ക് ഒരു ചുമതലകൂടിയുണ്ട്. ഹിന്ദുത്വവാദികളുടെ ഭരണകാലത്ത് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും നേരിടുന്ന അപരവൽക്കരണത്തിന്റെ മറവിൽ സ്വന്തം സാദ്ധ്യതകൾ തേടുന്ന മതവാദികളുടെ കുറുക്കൻ പദ്ധതികൾ കണ്ടെത്തുക, തുറന്നു കാട്ടുക എന്നതുകൂടിയാണ് അത്.
ന്യൂനപക്ഷ വർഗീയവാദത്തിന്റെ ഏറ്റവും ഭീഷണമായ മുഖങ്ങളിൽ ഒന്നാണ് ജമാഅത്തെ ഇസ്ലാമി. അവരെ കൂടെ കൂട്ടുക എന്നതിനർത്ഥം ഈ നാടിനെ ഭീകരമാംവിധം അപനിർമിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന ഭൂരിപക്ഷ വർഗീയ ശക്തികളുടെ ജോലി എളുപ്പമാക്കിക്കൊടുക്കുക എന്നതുകൂടിയാണ്. എല്ലാ മതനിരപേക്ഷ വാദികളും തങ്ങളുടെ രാഷ്ട്രീയത്തിന്റെ തെളിമയും സുതാര്യതയും ഓരോ വാക്കിലും ഉറപ്പുവരുത്തേണ്ട കാലവും കൂടിയാണ് ഇപ്പോഴുള്ളത്. l



