Saturday, May 2, 2026

ad

Homeകവര്‍സ്റ്റോറിജമാഅത്തെ ഇസ്ലാമിയും 
ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും

ജമാഅത്തെ ഇസ്ലാമിയും 
ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളും

പി ജയരാജൻ

മാഅത്തെ ഇസ്ലാമിയെ വെള്ള പൂശാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വലതുപക്ഷം. അതിനായി കോണ്‍ഗ്രസും മുസ്ലീംലീഗും മാത്രമല്ല വലതുപക്ഷ മാധ്യമങ്ങളും ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്നുമുണ്ട്. എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന കാര്യം മറച്ചുവെച്ച് ഇടതുപക്ഷ വിരുദ്ധ ജ്വരം പടര്‍ത്താനാണ് ഇവരെല്ലാംകൂട്ടായി പരിശ്രമിക്കുന്നത്. അതിന് ജമാഅത്തെ ഇസ്ലാമിയെ കരാര്‍ ഏല്‍പ്പിച്ചതുപോലെയാണ് അവരും സംഘടിതമായ നുണ പ്രചാരണം നടത്തുന്നതും അത് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും വ്യക്തമാക്കുന്നത്.

ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരെ സാര്‍വ്വത്രികമായ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയര്‍ന്നത്. അത് ഇസ്ലാം മത വിശ്വാസികളുടെ കാര്യമെന്ന നിലയ്-ക്ക് മാത്രമല്ല നാനാ വിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് രാജ്യത്തിലെ ജനാധിപത്യ ശക്തികള്‍ ഇതിലൂടെ പരിശ്രമിച്ചത്. എന്നാല്‍ ഇതിനെ ഇസ്ലാം മതത്തിന്റെ മാത്രം പ്രശ്നമായി ചുരുക്കാനാണ് ജമാഅത്തെ ഇസ്ലാമി തയ്യാറായത്. 2025 ഏപ്രില്‍ രണ്ടാം വാരം ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വഖഫ് പ്രശ്നം ഒരു മുസ്ലീം പ്രശ്നമായി മാത്രമല്ല ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയ കാര്യ പരിപാടിയുടെ പ്രഖ്യാപനം കൂടിയായാണ് നടത്തപ്പെട്ടത്. കാരണം മാര്‍ച്ചില്‍ അവര്‍ ഉയര്‍ത്തിയ പോസ്റ്ററുകളിലെ ചിത്രങ്ങള്‍ മതേതര വിശ്വാസികളെ ചിന്തിപ്പിക്കേണ്ടതാണ്. അവയില്‍ ഒരെണ്ണം സയ്യിദ് ഖുതുബിന്റേതും, മറ്റൊന്ന് ഹസ്സനുല്‍ ബന്നയുടേതുമാണ്. രണ്ടുപേരും ഈജിപ്തുകാരാണ്. അതില്‍ ഒരാള്‍, സയ്യിദ് ഖുതുബ്, ഈജിപ്ത് പ്രസിഡന്റ് ആയിരുന്ന ഖമാല്‍ അബ്ദുനാസറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 1966ല്‍ വധശിക്ഷയ്-ക്ക് വിധേയനായയാളാണ്. മറ്റൊന്ന് ഹസ്സനുല്‍ ബന്ന–ഈജിപ്തിലെ നാസര്‍ ഗവണ്മെന്റിനെതിരായി അക്രമാസക്തമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ്. ഈ സംഘര്‍ഷത്തിനിടയില്‍ ഹസ്സനുല്‍ ബന്നയും വെടിയേറ്റ് കൊല്ലപ്പെട്ടു. നാസര്‍ നേതൃത്വം നല്‍കിയ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് അമേരിക്കന്‍ സാമ്രാജ്യത്വത്തോട് എതിരിട്ടും ആഭ്യന്തരമായി മതനിരപേക്ഷ പുരോഗമന ചിന്ത നടപ്പാക്കിയും മുന്നോട്ടുപോയ ഒരു ഭരണാധികാരിയായിരുന്നു. ഈ ഗവണ്‍മെന്റിനെതിരായാണ് സയ്യിദ് ഖുതുബും ഹസ്സനുല്‍ ബന്നയും അടക്കമുള്ള മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാക്കള്‍ കലാപം നടത്തിയത്.

1928ലാണ് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് അഥവാ അല്‍ ഇഖ്വാന്‍ അല്‍ മുസ്ലിമൂന്‍ രൂപീകരിക്കപ്പെട്ടത്. ഈ സംഘടനയുടെ നേതാക്കളുടെ ചിത്രം എന്തിനാണ് ഇന്ത്യയിലെ വഖഫ് ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധത്തില്‍ ഉയര്‍ത്തിപ്പിടിച്ചത് എന്ന ചോദ്യം സമൂഹത്തിലാകെ ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ജമാഅത്തെ ഇസ്ലാമി 2025ലും പിന്തുടര്‍ന്നുപോരുന്ന അപകടകരമായ ആശയങ്ങളെക്കുറിച്ചുള്ള ബോധ്യം ഉണ്ടാക്കുക. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായി അറിയപ്പെടുന്ന അബ്ദുല്‍ അലാ മൗദൂദിയുടെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാണ് സയ്യിദ് ഖുതുബ് മുസ്ലീം ബ്രദര്‍ഹുഡിന്റെ ആചാര്യനായി മാറുന്നത്. പരമ്പരാഗത ഇസ്ലാം മതവിശ്വാസികള്‍ പിന്തുടര്‍ന്നിരുന്ന ആശയങ്ങളില്‍ നിന്നും തികച്ചും ഭിന്നമായ കാഴ്ചപ്പാടാണ് മുസ്ലീം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവെച്ചത്. അതായത് സാധാരണ ഒരു മുസ്ലീം വിശ്വാസിയും ഇസ്ലാമിസ്റ്റുകളും തമ്മില്‍ അജഗജാന്തരം ഉണ്ടെന്ന് അര്‍ത്ഥം. മുതലാളിത്തത്തിന്റെ ചങ്ങലക്കണ്ണി പൊട്ടിച്ച് സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ ഉദയം ചെയ്യുകയും ലോകത്തൊട്ടാകെ സമത്വത്തിനുവേണ്ടിയുള്ള ജനകീയ മുന്നേറ്റം ശക്തിപ്പെടുകയും ചെയ്ത കാലത്താണ് ഇസ്ലാമിസ്റ്റുകളുടെ ആവിര്‍ഭാവം. മുതലാളിത്ത ആധുനികത സൃഷ്ടിച്ച ജനാധിപത്യം, ബഹുസ്വരത, മതവും ഭരണവും തമ്മിലുള്ള വേര്‍തിരിക്കല്‍ എന്നിവയ്-ക്കെതിരായി ഒടുങ്ങാത്ത എതിര്‍പ്പാണ് ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ മതമൗലികവാദികളും പ്രകടിപ്പിച്ചത്.

സുന്നി മുസ്ലീം ലോകത്തില്‍ ഇസ്ലാമിസത്തിന്റെ സൈദ്ധാന്തിക അടിത്തറ ഒരുക്കുന്നതില്‍ സയ്യിദ് ഖുതുബും മൗദൂദിയും പ്രധാന പങ്കു വഹിച്ചു. ഇവര്‍ ഇരുവരും ലോകത്തെ രണ്ടായി വിഭജിച്ച് ഇസ്ലാമിസത്തിന്റെ ആശയതലം രൂപപ്പെടുത്തി. ഇസ്ലാമിന്റെ ലോകവും ജാഹിലീയത്തിന്റെ ലോകവും(അനിസ്ലാമിക ലോകം). ഇസ്ലാം വിശ്വാസത്തിന്റെ കടന്നുവരവിനു മുന്‍പ് അറേബ്യയില്‍ നിലനിന്ന സാമൂഹ്യ സാഹചര്യങ്ങളെയാണ് ജാഹിലിയത്ത് എന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മൗദൂദിയും ഖുതുബിനും ജാഹിലിയ എന്നത് ഇസ്ലാം ആവിര്‍ഭവിക്കുന്നതിനു മുന്‍പുള്ള പ്രത്യേക കാലത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നത് എന്ന് വ്യക്തമാക്കുകയും ഇസ്ലാമിക ഭരണ വ്യവസ്ഥ അംഗീകരിക്കാത്ത ഏതു രാജ്യവും ജാഹിലിയത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്തു. അതില്‍ ഇസ്ലാമിക ഭരണവ്യവസ്ഥ അംഗീകരിക്കാതെ മുസ്ലീങ്ങള്‍ ഭരണം നടത്തുന്ന രാഷ്ട്രങ്ങളും ജാഹിലിയത്തിന്റെ പരിധിയില്‍ വരും. അതിനാല്‍ സമകാലിക ലോകത്തെ ജാഹിലിയത്തിന്റെ പിടിയില്‍ നിന്നു മോചിപ്പിച്ച് ഇസ്ലാമിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് മുസ്ലീങ്ങള്‍ നിര്‍വ്വഹിക്കേണ്ട കടമ എന്ന് ഇരുവരും പ്രഖ്യാപിച്ചു. കമ്യൂണിസവും മതനിരപേക്ഷതയും ഇസ്ലാമികേതരവിശ്വാസപ്രമാണങ്ങളുമെല്ലാം ജാഹിലിയത്തിന്റെ പരിധിയില്‍ വരുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ‘മതത്തില്‍ നിര്‍ബന്ധമില്ല’ എന്ന ഖുര്‍ആനിക വചനത്തിനുപോലും ഖുതുബ്–മൗദൂദി സംഘം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി.

യഥാര്‍ത്ഥത്തില്‍ ഈ ഖുറാനികതത്ത്വം ബഹുസ്വരതയുടെയും ഇസ്ലാമിന്റെ സഹിഷ്ണുതയുടെയും തെളിവായാണ് ഇസ്ലാം മതപണ്ഡിതര്‍ വ്യാഖ്യാനിച്ചു വന്നത്. എന്നാല്‍ ലോകം പരിപൂര്‍ണമായി ഇസ്ലാമിന്റെ ആധിപത്യത്തിന്‍ കീഴില്‍ വന്നതിനുശേഷം മാത്രമേ ‘മതത്തില്‍ നിര്‍ബന്ധമില്ല’ എന്ന ഖുറാനികതത്ത്വത്തിന് പ്രസക്തിയുള്ളൂ എന്നാണ് ഖുതുബും മൗദൂദിയും വ്യാഖ്യാനിച്ചത്. സയ്യിദ് ഖുതുബിന്റെ ആശയങ്ങള്‍ അഥവാ ഇസ്ലാമിസ്റ്റുകളുടെ ദാര്‍ശനിക കാഴ്ചപ്പാട് തന്നെയാണ് ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിക്കാരും പിന്തുടരുന്നത് എന്നതിന്റെ തെളിവാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ സമരത്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് നേതാക്കളുടെ പടം ഉയര്‍ത്തിപ്പിടിച്ചതിലൂടെ വ്യക്തമാവുന്നത്. ഖുതുബിന്റെ ആശയങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് 1964ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതിയുടെ മലയാള പതിപ്പ് ‘വഴിയടയാളങ്ങള്‍’ എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രചരിപ്പിച്ചു വരുന്നുണ്ട്. പഴയ ജമാഅത്തെ ഇസ്ലാമി അല്ല, അതിനു മാറ്റം വന്നിരിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ ലോക ഇസ്ലാമിസ്റ്റുകളുടെ പടം ഉയര്‍ത്തിപ്പിടിച്ചതിനെക്കുറിച്ച് യാതൊന്നും പ്രതികരിച്ചില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജമാഅത്തെ ഇസ്ലാമിക്കും പോഷക സംഘടനകള്‍ക്കും അവരുടെ അടിസ്ഥാന ആശയങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് എയര്‍പോര്‍ട്ട് മാര്‍ച്ചിലൂടെ ഒന്നു കൂടി തെളിഞ്ഞത്.

ഇസ്ലാമിസ്റ്റുകള്‍ ആശയ തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവരല്ല, ‘ശുദ്ധ ഇസ്ലാം’ സ്ഥാപിക്കുന്നതിനുവേണ്ടി സായുധ സംഘം രൂപീകരിക്കുകയും അതനുസരിച്ച് പ്രായോഗിക പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരാണ്. അനിസ്ലാമിക ശക്തികളെ ആയുധം ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടേ ശുദ്ധ ഇസ്ലാമിന്റെ വ്യവസ്ഥ നിലവില്‍ വരുത്താന്‍ സാധിക്കൂ എന്ന് വഴിയടയാളത്തിലൂടെ ഖുതുബ് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ‘അവിശ്വാസികള്‍’ നീക്കം ചെയ്യപ്പെടണം എന്ന് പറയുന്നുണ്ട്. മതേതര ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും ഇസ്ലാമേതര മത വിശ്വാസികളുമെല്ലാം അവിശ്വാസികളുടെ പട്ടികയില്‍ വരും. ജനത്തിന്റെ ഇച്ഛക്ക് അനുസൃതമായ വ്യവസ്ഥകളും നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും അനുവദിച്ചു കൊടുക്കാനല്ല, ഇസ്ലാം വന്നത് എന്നും, അവ ഇസ്ലാമിന്റെ ആരംഭകാലത്തുണ്ടായിരുന്നവയായാലും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നവയായാലും കിഴക്കുള്ളവയായാലും പടിഞ്ഞാറുള്ളവയായാലും എല്ലാറ്റിനെയും നശിപ്പിച്ച് പകരം മാനവജീവിതത്തെ ദൈവീകവ്യവസ്ഥയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തി പുതുക്കിപ്പണിയണമെന്ന് ഖുതുബ് ആഹ്വാനം ചെയ്തു. അതിനായി വിപ്ലവം നടത്താനുള്ള ഉപകരണമാണ് ജിഹാദ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗദൂദിയുടെ ആദ്യ കൃതി തന്നെ ജിഹാദിനെക്കുറിച്ചാണ്. മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മൗദൂദി എഴുതിയ ഗ്രന്ഥത്തില്‍ തന്റെ കാഴ്ചപ്പാടിലുള്ള ‘ജിഹാദ്’ എന്താണെന്ന് വിശദീകരിച്ചു. ഒറ്റ വാചകത്തില്‍ ‘ജിഹാദ്’ എന്നത് ചോര മണക്കുന്ന യുദ്ധം തന്നെയാണ്. എന്നാല്‍ ലോകത്തിലെ പ്രമുഖരായ ഇസ്ലാമിക പണ്ഡിതര്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലയ്ക്കാണ് ജിഹാദിനെ കണ്ടിരുന്നതും ഇപ്പോഴും കാണുന്നതും. പ്രവാചകന്റെ നിരീക്ഷണങ്ങള്‍ അത്തരം മതപണ്ഡിതന്മാര്‍ ഉദ്ധരിച്ചു. ‘നീതിമാനല്ലാത്ത ഭരണാധികാരിയുടെ മുഖത്തുനോക്കി സത്യം വിളിച്ചു പറയുന്നതാണ് ജിഹാദിന്റെ ഏറ്റവും ഉയര്‍ന്ന രൂപം’. അവരുടെ വ്യാഖ്യാനമനുസരിച്ച് ജിഹാദിന് രണ്ട് തലങ്ങളുണ്ട്. ഒന്ന് അതിന്റെ ആത്മീയ വശമാണ്. വ്യക്തികള്‍, തങ്ങള്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് എതിരെ തങ്ങളോടു തന്നെ നടത്തേണ്ട ആത്മയുദ്ധമാണ് ജിഹാദ്. മറ്റൊന്ന് അതിന്റെ സാമൂഹികവശമാണ്. അവശ–ദരിദ്ര വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാനുള്ള അഥവാ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. അതോടൊപ്പം ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രവാചകനും അനുചരന്മാരും തിരിച്ചടിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇങ്ങനെയുള്ള പ്രതിരോധയുദ്ധവും ജിഹാദില്‍പ്പെടുന്നു. എന്നാല്‍ ഇതല്ല ജിഹാദ് എന്നും ഇസ്ലാമിലെ ജിഹാദ് വെറും പേന കൊണ്ടും നാവു കൊണ്ടും മാത്രമല്ല നടത്തേണ്ടത് എന്നും വാളും കുന്തവും അതിന്റെ ഘടകങ്ങളാണെന്നും ഖുതുബും മൗദൂദിയും ജിഹാദിനെ വ്യാഖ്യാനിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്ന ചാവേര്‍ സ്ഫോടനങ്ങളും ലിബറല്‍ ചിന്താഗതിക്കാരെ ഉന്മൂലനം ചെയ്യുന്ന നരവേട്ടകളും, ഇതര മതസ്ഥര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളും ഒക്കെ ജിഹാദിസ്റ്റ് ഭീകരതയുടെ വര്‍ത്തമാനകാല അനുഭവങ്ങളാണ്. 1980കളില്‍ അല്‍ഖ്വയ്ദയ്-ക്ക് രൂപം നല്‍കിയവരില്‍ ഒരാളായ അബ്ദുള്ള അസര്‍, ഖുതുബിന്റെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടയാളാണ്. ഇയാള്‍ 1989ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സൗദി അറേബ്യക്കാരനായ ഒസാമ ബിന്‍ ലാദന്‍ അല്‍ഖ്വയ്ദയുടെ നേതൃ പദവിയിലേക്ക് എത്തിയത്. ഇസ്ലാമിസ്റ്റുകളുടെ മറ്റൊരുരൂപമാണ് താലിബാന്‍. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് അവിടുത്തെ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുകയും പെണ്‍കുട്ടികള്‍ക്കടക്കം വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തത് വര്‍ത്തമാനകാല അനുഭവമാണ്. കേരളത്തില്‍ നിന്നടക്കം ചില യുവാക്കള്‍ ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതിന്റെ ആശയതലം രൂപപ്പെടുത്തിയത് മൗദൂദി അടക്കമുള്ള ഇസ്ലാമിസ്റ്റുകളാണ്. സിറിയയിലും അഫ്ഗാനിസ്താനിലും പോയി യുദ്ധത്തിലേര്‍പ്പെട്ട് കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കുമെന്ന മതഭ്രാന്ത ആശയത്തിനു കീഴ്പ്പെട്ടാണ് അവരെല്ലാം വഴിതെറ്റിയത്.

എല്ലാ മതതീവ്രവാദികള്‍ക്കും സമാനമായ സ്വഭാവവിശേഷങ്ങള്‍ ഉണ്ട് :
1. മതവും രാഷ്ട്രീയവും ഒന്നാണെന്ന കാഴ്ചപ്പാട്.
2. തങ്ങളെ വിമര്‍ശിക്കുന്നവരോടുള്ള ഭ്രാന്തമായ അസഹിഷ്ണുത.
3. സമത്വത്തിന് നേരെയുള്ള വിരുദ്ധ കാഴ്ചപ്പാട്.
4. ലിംഗ സമത്വത്തോടുള്ള വിയോജിപ്പ്.
5. സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ശക്തമായ വിരോധം.

ജമാഅത്തെ ഇസ്ലാമിയും മേല്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന സംഘടനയാണ്. മതാതീതമായ ദേശീയ ജനാധിപത്യ ആശയങ്ങള്‍ ശക്തിപ്പെട്ടപ്പോഴാണ് അതിനെതിരെ മൗദൂദിയന്‍ ആശയങ്ങള്‍ ശക്തിപ്പെടുന്നത്. ഇന്ത്യയിലെ ആദ്യകാല മുസ്ലീംസംഘടനകളില്‍ ഒന്നായ ദാറുല്‍ ഉലൂം, മുസ്ലീങ്ങളെ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ ചേരാന്‍ ആഹ്വാനം ചെയ്തു. പിന്നീട് നിലവില്‍ വന്ന ജംഇയ്യത്തൂല്‍ ഉലമയും മുസ്ലീങ്ങള്‍ മതനിരപേക്ഷ ദേശീയതയ്-ക്ക് ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അഖിലേന്ത്യാ മുസ്ലീംലീഗ് നേതാവായ മുഹമ്മദലി ജിന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ചേര്‍ന്ന ഒരു ഐക്യമുന്നണിയാണ് ഇന്ത്യക്ക് ആവശ്യം എന്ന നിലപാടാണ് ആദ്യം പ്രകടിപ്പിച്ചതെങ്കില്‍ 1940കളോടെ ജിന്ന ഈ നിലപാടില്‍ മാറ്റം വരുത്തി. ഹിന്ദുവും മുസ്ലീമും അടങ്ങിയ ഇന്ത്യന്‍ ദേശീയത എന്ന ആശയത്തോട് മൗദൂദി വിയോജിച്ചു. താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യമാകട്ടെ, ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക അധികാരത്തിനു വഴിത്തിരിവായി മാറാവുന്ന സ്വാതന്ത്ര്യമാണ് എന്ന് മൗദൂദി പ്രഖ്യാപിച്ചു. ജംഇയ്യത്തൂല്‍ ഉലമയെ പോലുള്ള മതസംഘടനകളില്‍ നിന്നും വ്യത്യസ്തവും വിരുദ്ധവുമായ നിലപാടാണ് മൗദൂദി സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ 1941 ആഗസ്ത് 26ന് ലാഹോറില്‍ വെച്ച് ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടു. നവ മുസ്ലീങ്ങളെ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ലാമിയില്‍ ചേരുന്നതോടെയാണ് ഒരു പരമ്പരാഗതമുസ്ലീം, യഥാര്‍ത്ഥമുസ്ലീം ആയി മാറുന്നത് എന്നാണ് മൗദൂദി അവകാശപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ്, മുസ്ലീം ബഹുജന സമ്പര്‍ക്ക പരിപാടി ആവിഷ്കരിച്ചതോടെ ഇത് മുസ്ലീം സ്വത്വം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത കപടമാണെന്നും അതിന്റെ ലക്ഷ്യം ഹിന്ദുരാജ് ആണെന്നുമുള്ള വിമര്‍ശനം മൗദൂദി പരസ്യമായി ഉന്നയിച്ചു. ഈ ആരോപണം മുസ്ലീം ലീഗിന് പ്രിയങ്കരമായിത്തീര്‍ന്നു. കാരണം ലീഗ് അപ്പോഴേക്കും ദ്വിരാഷ്ട്രവാദം ഉയര്‍ത്താന്‍ ആരംഭിച്ചിരുന്നു. ഒരു മുസ്ലീംരാഷ്ട്രം വേണമെന്ന ലീഗ് ആവശ്യം മൗദൂദിയെ ആവേശംകൊള്ളിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരിടത്തെങ്കിലും മുസ്ലീം മതരാജ്യം സ്ഥാപിക്കാന്‍ ആകുമെന്ന് മൗദൂദി സ്വപ്നം കണ്ടു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവെച്ച ഹുകുമത്തെഇലാഹി എന്ന ഇസ്ലാമികരാഷ്ട്രമല്ല പാകിസ്താന്‍ രൂപീകരണത്തോടെ ഉണ്ടായത്. മതനിരപേക്ഷത നിലനില്‍ക്കുന്ന ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായിരുന്നു ലീഗിന്റെ ലക്ഷ്യം. മൗദൂദിയാവട്ടെ ഇസ്ലാമിക ഭരണ സംവിധാനമാണ് പ്രതീക്ഷിച്ചിരുന്നത്. ഈ അവസരത്തില്‍ ലീഗിനെതിരെ അദ്ദേഹം തുറന്ന വിമര്‍ശനമുയര്‍ത്തി. എന്നാല്‍ മൗദൂദിയുടെ ലീഗ് വിമര്‍ശനം പേരിനു മാത്രമുള്ളതായി. പാകിസ്താന്‍ നിലവില്‍ വന്ന് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഹൈദരാബാദ് നാട്ടുരാജ്യത്തില്‍ ജനിച്ച മൗദൂദി പാകിസ്താനിലേക്ക് ചേക്കേറി. ജമാഅത്തെ ഇസ്ലാമിയുടെ ദക്ഷിണ മേഖലാ സമ്മേളനത്തില്‍ മൗദൂദി ഇക്കാര്യം പ്രഖ്യാപിച്ചു. അതോടൊപ്പം സ്വാതന്ത്ര്യലബ്ധിയോടെ ഹിന്ദുഇന്ത്യയില്‍ മുസ്ലീങ്ങളുടെ സാമുദായിക താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യാനന്തര സാഹചര്യം കമ്യൂണിസ്റ്റുകാര്‍ മുതലെടുക്കുമെന്ന മുന്നറിയിപ്പും മൗദൂദി ഈ ഘട്ടത്തില്‍ നല്‍കുന്നുണ്ട്.

പാകിസ്താനിലേക്ക് പോയ മൗദൂദി, 1953ല്‍ അവിടെ അഹമ്മദീയ മുസ്ലീങ്ങള്‍ക്ക് എതിരെ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് മുനീര്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി വളരെ പ്രസക്തമാണ്, ‘പാകിസ്താനില്‍ ഇസ്ലാമിക ഭരണത്തിന് വേണ്ടി വാദിക്കുന്ന താങ്കള്‍ ഇന്ത്യയില്‍ ഹിന്ദുമതാടിസ്ഥാനത്തിലുള്ള ഭരണഘടന ഉണ്ടാക്കാന്‍ അനുവദിക്കുമോ?’. ഇതിന് മൗദൂദി പറഞ്ഞ മറുപടി ഇങ്ങനെയാണ്: “ഇന്ത്യയില്‍ ഹിന്ദു മതാടിസ്ഥാനത്തിലുള്ള ഭരണം സ്ഥാപിക്കുകയും മനുവിന്റെ നിയമങ്ങള്‍ നടപ്പിലാക്കുകയും ആ വ്യവസ്ഥക്കുകീഴില്‍ മുസ്ലീങ്ങളെ ശൂദ്രരോ, മ്ലേച്ഛരോ ആയി കണക്കാക്കുകയും ചെയ്യുന്നതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഭരണത്തില്‍ പങ്കോ മറ്റവകാശങ്ങളോ നിഷേധിക്കുന്നതിലും എനിക്ക് വിരോധമില്ല”. മൗദൂദിയുടെ മതഭ്രാന്തമനസ്സ് ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളെപ്പോലും കയ്യൊഴിയുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലീങ്ങള്‍ എന്തെല്ലാം പ്രയാസങ്ങള്‍ സഹിച്ചാലും അതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല. ആഗോളമുസ്ലീങ്ങളെ നേരായ വഴിക്ക് അഥവാ ‘ശുദ്ധമുസ്ലീങ്ങളായി’ പരിവര്‍ത്തിപ്പിക്കുന്നതിന് ശ്രമിക്കുന്ന മൗദൂദിയുടെ മുസ്ലീം സ്നേഹം കാപട്യമാണെന്ന് ഇത് അടിവരയിടുന്നു. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തില്‍ മൗദൂദി എടുക്കുന്ന നിലപാടും സാര്‍വ്വത്രികമായി വിമര്‍ശിക്കപ്പെട്ടു. മനുഷ്യര്‍ക്കിടയിലെ തുല്യത അദ്ദേഹം അംഗീകരിക്കുന്നേയില്ല. ഇസ്ലാമിക സാര്‍വ്വദേശീയതയില്‍, ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്ക് തുല്യാവകാശങ്ങള്‍ പോലും നല്‍കില്ല. അതായത് മൗദൂദി മുന്നോട്ടുവെക്കുന്ന വ്യവസ്ഥയില്‍ അമുസ്ലീങ്ങളും മുസ്ലീങ്ങളില്‍ തന്നെയുള്ള മൗദൂദിസ്റ്റ് വിരുദ്ധരും രണ്ടാം തരം പൗരന്മാരായിരിക്കും.

മതനിരപേക്ഷത, ദേശീയത, ജനാധിപത്യം എന്നിവ ഇസ്ലാമിന് കടകവിരുദ്ധമാണെന്നാണ് മൗദൂദി പറഞ്ഞുവെച്ചത്. ‘നിങ്ങള്‍ അതിന്റെ മുന്‍പില്‍ തലകുനിക്കയാണെങ്കില്‍ വിശുദ്ധ ഖുര്‍ആനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. ജനാധിപത്യത്തിനുപകരം ദൈവാധിപത്യം വേണമെന്നാണ് മൗദൂദി പറഞ്ഞത്. ദൈവത്തിന്റെ പരമാധികാരത്തിന്‍ കീഴില്‍ ജനങ്ങളുടെ പ്രാതിനിധ്യ ഭരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇസ്ലാമിക ഭരണസങ്കല്‍പത്തിന് ‘ഹുകുമത്തെ ഇലാഹി’ എന്ന വിശേഷണമാണ് മൗദൂദി നല്‍കിയത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യവും ഇതാണ്. ജനാധിപത്യത്തെ നിരാകരിക്കുന്ന മൗദൂദിയന്‍ നിലപാടിനെതിരെ മുസ്ലീം ബഹുജനങ്ങളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ തങ്ങള്‍ എതിര്‍ക്കുന്നത് പാശ്ചാത്യജനാധിപത്യത്തെയാണ് എന്നാണ് മൗദൂദിസ്റ്റുകളുടെ ന്യായീകരണം. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമാണ് വിയോജിക്കാനുള്ള സ്വാതന്ത്ര്യം. ഇങ്ങനെ വിയോജിക്കുന്നവരോട് എന്താണ് സമീപനം എന്ന പ്രശ്നത്തിന് മൗദൂദി കൃത്യമായ മറുപടി നല്‍കുന്നുണ്ട്. ഇസ്ലാമിക നിയമത്തില്‍ മതപരിത്യാഗിയുടെ ശിക്ഷ എന്താണെന്ന് മൗദൂദി വ്യക്തമാക്കുന്നുണ്ട്. ഇസ്ലാം വിട്ടു പോകുന്നവര്‍ വധിക്കപ്പെടണം എന്നു മാത്രമല്ല ഇസ്ലാം അല്ലാത്ത മറ്റൊരു മതത്തിനും പ്രചാരണ, പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ഫാസിസ്റ്റ് മുഖമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. പക്ഷേ ഇക്കാര്യത്തിലുള്ള മൗദൂദിയുടെ നിലപാട് വെളിപ്പെടുത്തുന്ന ഗ്രന്ഥം ഉറുദു ഭാഷയില്‍ മാത്രം ഒതുക്കി പ്രചരിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ നിര്‍ബന്ധിതരായി.

ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് നദ്വി എഴുതിയ ‘മതവും ഭൗതിക രാഷ്ട്രവും’ എന്ന ലേഖനത്തില്‍ മതനിരപേക്ഷതയ്-ക്കെതിരായ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വെളിപ്പെടുത്തുന്നുണ്ട്. മതവും മതനിരപേക്ഷതയും പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളായാണ് അദ്ദേഹം വിലയിരുത്തിയത്. അതേ സമയം മതവും രാഷ്ട്രവും അവിഭാജ്യമായ ഒന്നായാണ് അദ്ദേഹം കണക്കാക്കുന്നത്. അങ്ങനെയാണെങ്കില്‍ മതത്തെയും രാഷ്ട്രത്തെയും രണ്ടാക്കി നിര്‍ത്തുന്ന സെക്കുലറിസ്റ്റ് കാഴ്ചപ്പാട് ഇസ്ലാമിന്റെ അനുയായികള്‍ക്ക് സ്വീകരിക്കാനാവുമോ എന്ന ചോദ്യത്തിന് ഇങ്ങനെയാണ് ലേഖനത്തില്‍ മറുപടി പറയുന്നത്, ‘ദീനും സെക്കുലറിസവും പരസ്പര വിരുദ്ധങ്ങളാണ്’. ചുരുക്കത്തില്‍ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല എന്നര്‍ത്ഥം. മൗദൂദിയുടെ കൃതികളില്‍ ഇസ്ലാമിക രാഷ്ട്രത്തെക്കുറിച്ച് ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. മേല്‍പറഞ്ഞ അബുലൈസ് നദ്വിയുടെ ലേഖനം ഇന്ത്യ സ്വാതന്ത്ര്യം നേടി, ഭരണഘടന നിലവില്‍ വന്ന് രണ്ടുവര്‍ഷത്തിനുശേഷമാണെന്ന് കൂടി നാം ഓര്‍ക്കണം.

ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ ബഹിഷ്കരിക്കേണ്ട കാര്യങ്ങളും അവരുടെ ഭരണഘടനയില്‍ എഴുതിവെച്ചു:

1. നിയമനിര്‍മാണ സഭകള്‍
2. സൈന്യം
3. നീതിന്യായ വ്യവസ്ഥ
4. പലിശയധിഷ്ഠിത ബാങ്കുകള്‍
5. കോളേജുകളിലെയും സര്‍വ്വകലാശാലകളിലെയും അധ്യയനവും അധ്യാപനവും
6. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍
7. ദൈവത്തെ അവഗണിക്കുന്നവരുമായുള്ള സാമൂഹ്യബന്ധം

മേല്‍പറഞ്ഞവ ബഹിഷ്കരിക്കാനുള്ള നിര്‍ദ്ദേശം ജനാധിപത്യ þ മതനിരപേക്ഷ വ്യവസ്ഥയ്-ക്ക് തങ്ങള്‍ എതിരാണെന്നുള്ള പ്രഖ്യാപനം കൂടിയാണ്. കലാലയങ്ങളെ ‘കൊലാലയങ്ങള്‍’ എന്നും വിശേഷിപ്പിച്ചു. സംഘടനയുടെ അംഗങ്ങള്‍ ശുദ്ധഇസ്ലാമികവിദ്യാഭ്യാസം നിര്‍വ്വഹിക്കുന്ന മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം പഠിക്കാന്‍ ഇടയാക്കി. അതിന്റെ ഫലമായി വളര്‍ന്നു വരുന്ന പുതിയ തലമുറ സംഘടനയുടെ നിര്‍ദ്ദേശത്താല്‍ മൂലയില്‍ ഒതുക്കപ്പെട്ടു. സംഘടനയ്-ക്കകത്ത് എതിരഭിപ്രായങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സംഘടന നിര്‍ബന്ധിതമായി. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഇരുപത്തിയെട്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ആര്‍എസ്എസിനൊപ്പം ജമാഅത്തെ ഇസ്ലാമിയും നിരോധിക്കപ്പെടുകയും ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ ജയിലിലായി. ഈ ഘട്ടത്തില്‍ ‘ആദര്‍ശ’ പ്രസ്ഥാനം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഭീരുത്വം വെളിവായി. ഇതേക്കുറിച്ച് മുന്‍ ജമാഅത്തെ നേതാവ് ഒ അബ്ദുള്ള എഴുതിയത് ഇങ്ങനെയാണ്, ‘ന്യായീകരണം എന്തുപറഞ്ഞാലും ഈശ്വരവിശ്വാസികളല്ലാത്ത നക്സലൈറ്റുകളും കമ്യൂണിസ്റ്റുകളും മറ്റു പലരും എല്ലാവിധ പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ജയില്‍ തുറുങ്കില്‍ കഴിയവേ ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണത്തിനുപോലും സന്നദ്ധരാണെന്ന് ഉറക്കെ ഉദ്ഘോഷിക്കുന്ന ജമാഅത്തെ നേതൃത്വം എന്തോ ഒരു അഫിഡവിറ്റ് എഴുതിക്കൊടുത്ത് ജയില്‍ ചാടിയത് വളരെ മോശമായിപ്പോയി എന്ന ചിന്ത ജമാഅത്ത് പ്രവര്‍ത്തകരില്‍ തന്നെ അക്കാലത്ത് സജീവമായിരുന്നു’’.

ഈ നിലപാട് സ്വീകരിച്ചവര്‍ ജമാഅത്തുകാര്‍ മാത്രമല്ല അന്നത്തെ ആര്‍എസ്എസ് സര്‍ സംഘചാലക് ദേവറസ് കൂടി ഇന്ദിരാഗാന്ധിയുടെ ഇരുപതിനപരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തെഴുതിയിരുന്നു എന്ന കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ബദ്ധവൈരികളാണെന്ന് തോന്നുമെങ്കിലും അവര്‍ തമ്മില്‍ കൂടിയാലോചിക്കാനും മടി കാണിക്കാറില്ല. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് കൂടിയാലോചന നടത്തിയതായി ജമാഅത്ത് പ്രസിദ്ധീകരണമായ ‘പ്രബോധനം’ വെളിപ്പെടുത്തിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് 2023 ജനുവരിയിലും ഇത്തരത്തിലുള്ള കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇത്തരം കൂടിയാലോചനകള്‍, ഭയപ്പെട്ട് കീഴടങ്ങലാണെന്ന നിലയില്‍ മുസ്ലീം മതസംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാതിരിക്കുന്ന ജമാഅത്ത് നിലപാടിനോട് മുസ്ലീം സമുദായത്തിലെ 99.9% അംഗങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് 1985ല്‍ വോട്ടിങ് നിരോധനം നീക്കാന്‍ ജമാഅത്ത് നേതൃത്വം തീരുമാനിച്ചു. 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മതനിരപേക്ഷതയെ തുറന്നെതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടില്‍ അവര്‍ എത്തിച്ചേരുകയും മതനിരക്ഷേതയെക്കുറിച്ച് പ്രസംഗിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മതനിരപേക്ഷതയും ജനാധിപത്യവും പാശ്ചാത്യമാണെന്ന് ആക്ഷേപിച്ചവര്‍ക്ക് അതില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും പുതിയ സാഹചര്യം ഉണ്ടെന്ന് സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. നേരത്തെ പറഞ്ഞിരുന്ന ആശയങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്നു പറയാനും നിവൃത്തിയില്ല. ഗതികെട്ട നിലയിലാണ് ഈ നിലപാടു മാറ്റത്തിന് ഇക്കൂട്ടര്‍ നിര്‍ബന്ധിക്കപ്പെട്ടത്.

കോണ്‍ഗ്രസും ലീഗും പറയുന്നതുപോലെ ജമാഅത്തെ ഇസ്ലാമി അടിസ്ഥാന ആശയങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. അങ്ങനെ ഇസ്ലാമികരാഷ്ട്രം എന്ന ലക്ഷ്യത്തില്‍ മാറ്റം വരുത്തിയെന്ന് ഇതുവരെ അതിന്റെ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുമില്ല. അതിജീവനത്തിനുള്ള ഉപാധിയായി ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്നുവെന്ന് മാത്രം. മുസ്ലീം സമുദായത്തില്‍ നിന്ന് ഒറ്റപ്പെട്ട ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തി അവര്‍ക്ക് ശക്തിപ്പെടാന്‍ അവസരം നല്‍കുന്നത് ആത്മഹത്യാപരമായിരിക്കും. അതാണ് മുസ്ലീംലീഗ് നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്‍പത് വര്‍ഷം കേരളത്തിലെ അധികാരത്തില്‍ നിന്ന് പുറത്തുനില്‍ക്കേണ്ടിവന്ന പ്രതിസന്ധി മറികടക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ സംവിധാനത്തെയും പ്രചാരണസംഘത്തെയും പ്രയോജനപ്പെടുത്തിയാല്‍ ഇതേവരെ മുസ്ലീംരാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന ലീഗിന്റെ അണികളെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങുന്ന കാഴ്ചയാണ് ഭാവി കേരളം കാണാന്‍ പോകുന്നത്.

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചില നിര്‍ണായക ഘട്ടങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിര്‍ത്താന്‍ മുസ്ലീംലീഗ് ശ്രമിക്കുകയുണ്ടായി. എന്നു മാത്രമല്ല ജനാധിപത്യത്തിനും മതനിരപേക്ഷതയ്-ക്കും എതിരായുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളെ തുറന്നെതിര്‍ക്കാനും അക്കാര്യം ലീഗ് അണികളെ ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ 2004 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 25 വരെ ജമാഅത്തെ ഇസ്ലാമിക്കെതിരായി തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫ് സി പി സെയ്തലവിയാണ് ലേഖകന്‍.‘ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും കലരാത്ത പരിശുദ്ധനെയ്യ്’ എന്ന ശീര്‍ഷകത്തിലായിരുന്നു ലേഖനം. ഇത് ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തില്‍ ആക്കിയപ്പോള്‍ അതിന് അവതാരിക എഴുതിയ പ്രൊഫ.മങ്കട അബ്ദുള്‍ അസീസ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകളുടെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്. ‘‘ശത്രുക്കളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എത്രയോ ഇരട്ടിയാണ് ഇവരുടെ (ഇസ്ലാമിസ്റ്റുകളുടെ) കൈകളാല്‍ കൊല്ലപ്പെട്ട മുസ്ലീങ്ങള്‍. ഇന്നും ഇതാണ് സ്ഥിതി. മുസ്ലീം രാജ്യങ്ങളില്‍ ഒഴുകുന്ന മുസ്ലീങ്ങളുടെ രക്തത്തില്‍ വലിയൊരു ഭാഗം കേഡര്‍ പാര്‍ട്ടികള്‍ നടത്തുന്ന കൊല്ലും കൊലയുടെയും ഭാഗമാണ്’’. ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇന്ത്യയില്‍ മാത്രമല്ല പാകിസ്താനിലും ബംഗ്ലാദേശിലും ഉണ്ട്. ആ രാജ്യങ്ങളില്‍ നടന്ന രക്തച്ചൊരിച്ചലിന്റെ മുന്നിലും പിന്നിലും മൗദൂദിസ്റ്റുകളുടെ കരങ്ങള്‍ ഉണ്ട്.

2010ല്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ.ടി.ജെ. ജോസഫിനുനേരെ നടന്ന വധശ്രമം സമൂഹത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ ‘ഇസ്ലാമികവിരുദ്ധത’ ആരോപിക്കുന്നതില്‍ മാധ്യമം പത്രമാണ് മുന്നില്‍ നിന്നത്. ഇസ്ലാമിസ്റ്റുകള്‍ തന്നെയായ പോപ്പുലര്‍ഫ്രണ്ട് നടത്തിയ അക്രമത്തിന് പശ്ചാത്തലം ഒരുക്കിയത് ജമാഅത്തെ ഇസ്ലാമിയും മാധ്യമം പത്രവുമായിരുന്നു. ഇതേ തുടര്‍ന്ന് തീവ്രവാദത്തിനെതിരെ മുസ്ലീംലീഗ് നേതൃത്വം മലപ്പുറം കോട്ടക്കലില്‍ മതസംഘടനാനേതൃയോഗം വിളിച്ചു. ഈ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കാതിരിക്കാനുള്ള ആര്‍ജവം മുസ്ലീംലീഗ് നേതൃത്വം കാണിച്ചു. എന്നാല്‍ ഇതിനോട് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന നേതൃത്വം രൂക്ഷമായാണ് പ്രതികരിച്ചത്. ‘തീവ്രവാദത്തിന് എതിരായ കോട്ടക്കല്‍ കഷായം’ എന്ന പേരില്‍ മാധ്യമം പത്രത്തില്‍ ശൂറാ അംഗം സി.ദാവൂദിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടു. അതില്‍ ലീഗിന്റെ അവസരവാദ നിലപാടുകളെ തുറന്നു കാണിക്കുകയും പരിഹസിക്കുകയും മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണം നടന്നതും അവരുമായി ലീഗ് തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയതും. ജമാഅത്തെ ഇസ്ലാമിക്ക് മുന്നില്‍ മുസ്ലീംലീഗ് പൂര്‍ണമായും കീഴടങ്ങുന്നതാണ് ഇപ്പോഴത്തെയും ചിത്രം.

ഇസ്ലാമിസ്റ്റുകളെ ഈ വിധം പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളാണ് കരിപ്പൂര്‍ മാര്‍ച്ചില്‍ സാര്‍വ്വദേശീയ ഇസ്ലാമിസ്റ്റ് നേതാക്കളെ ഉയര്‍ത്തിപ്പിടിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ധൈര്യം പകര്‍ന്നത്. വന്‍ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുന്ന കേരളത്തിലെ രാഷ്ട്രീയ വലതുപക്ഷത്തിന്റെ ആപത്കരമായ നിലപാടുകള്‍ തിരുത്തിക്കാന്‍ ജനാധിപത്യ, മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + twenty =

Most Popular