Wednesday, January 14, 2026

ad

Homeആമുഖംആമുഖം

ആമുഖം

മാഅത്തെ ഇസ്ലാമിയും ആർഎസ്എസ്സും തമ്മിലെന്ത്? രണ്ടും മതരാഷ്ട്രവാദികൾ തന്നെ. ഒരു കൂട്ടർ ഇസ്ലാമിക രാഷ്ട്രത്തിനായി വാദിക്കുമ്പോൾ മറ്റേ വിഭാഗം ഹിന്ദുത്വ രാഷ്ട്രത്തിനായി വാദിക്കുന്നു. രണ്ടും മനുഷ്യവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങൾ. രണ്ടിന്റെയും ലക്ഷ്യം സാമ്രാജ്യത്വസേവ തന്നെ. രണ്ടു കൂട്ടരുടെയും സാമ്പത്തിക പ്രത്യയശാസ്ത്രം നവലിബറലിസവുമാണ്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തങ്ങൾക്കന്യമായ ആശയങ്ങളായാണ് രണ്ടു കൂട്ടരും കാണുന്നത്. ഒരേ തൂവൽ പക്ഷികൾ എന്നുപറയാം. രാഷ്ട്രീയ ഇസ്ലാമിന്റെ, അതിന്റെ ഇന്ത്യൻ വകഭേദമായ ജമാഅത്തെ ഇസ്ലാമിയുടെ മനുഷ്യവിരുദ്ധതയും സാമ്രാജ്യത്വസേവയുമാണ് ഈ ലക്കം ചിന്തയുടെ കവർസ്റ്റോറി. എ എം ഷിനാസ്, ഹുസെെൻ രണ്ടത്താണി, പി ജയരാജൻ, കെ ജെ ജേക്കബ്, കെ ജി ബിജു എന്നിവരുടെ ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഈജിപ്തിൽ ദേശീയ വിമോചന പോരാട്ടം ശക്തിപ്പെട്ടുവന്നപ്പോൾ അതിനെ ദുർബലമാക്കാൻ സാമ്രാജ്യത്വത്തിന്റെ കയ്യാളായി 1928ൽ രംഗപ്രവേശം ചെയ്ത മുസ്ലിം ബ്രദർ ഹുഡിന്റെ ഇന്ത്യൻ പതിപ്പാണ് 1941ൽ രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ തുരങ്കംവയ്ക്കാനും ആർഎസ്എസ്സിനെ പോലെ മതരാഷ്ട്രവാദമുയർത്തി ഇന്ത്യൻ ജനതയെ ചേരിതിരിക്കാനും രൂപംകൊണ്ടതാണ് ഈ മൗദൂദിസ്റ്റ് സംഘടന. ഇന്ന് വിവിധ വേഷപ്പകർച്ചകളിലൂടെ നാനാ പേരുകളിൽ നമുക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ജമാഅത്തെ ഇസ്ലാമി പരിസ്ഥിതി സംരക്ഷണത്തിന്റെയും മനുഷ്യാവകാശങ്ങളുടെയുമെല്ലാം മുഖംമൂടിയണിഞ്ഞ് രംഗത്തെത്തുമ്പോൾ തന്നെ എൻഡിഎഫിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും ആക്രമണങ്ങൾക്ക് ന്യായീകരണവുമായി വരുന്നതും കാണാം. ജോസ-ഫ് മാഷിന്റെ കെെവെട്ടു കേസിലും അഭിമന്യു കൊലപാതക കേസിലും പോപ്പുലർ ഫ്രണ്ടിന്റെ സംരക്ഷകരായി ജമാഅത്തുകാർ അണിനിരക്കുന്നത് നാം കാണുന്നു.

അന്താരാഷ്ട്രതലത്തിൽ നോക്കിയാലോ? മുസ്ലിം ബ്രദർഹുഡിന്റെ സാത്വിക പരിവേഷമണിയലിനപ്പുറം രാഷ്ട്രീയ ഇസ്ലാമിസത്തിന്റെ വേഷപ്പകർച്ചകളാണ് അൽഖ്വയ്ദയും ഐഎസും അൽനുസ്റയും ഉൾപ്പെടെ നിരവധി ഭീകരവാദി സംഘടനകൾ. അഫ്ഗാനിസ്താനിലെ താലിബാന്റെയും പാകിസ്താൻ കേന്ദ്രീകരിച്ച് പല പേരുകളിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളുടെയുമെല്ലാം ആശയാടിത്തറ ഖുത്തുബിസവും മൗദൂദിസവുമാണെന്ന് കാണാൻ കഴിയും. ചെെനയിൽ ഉയ്ഗൂർ മേഖലയിൽ അട്ടിമറികൾക്ക് ശ്രമിച്ച് പരാജിതരായ ഭീകരവാദികളും ഇതിലെ അവാന്തര വിഭാഗം തന്നെയാണ്.

എന്നാൽ ഇന്നവർ സ്ഥാപിക്കാൻ ശ്രമിക്കുന്നതുപോലെ രാഷ്ട്രീയ ഇസ്ലാം വേഷം കെട്ടൽ ഏതു നിറത്തിലോ ഭാവത്തിലോ ആകട്ടെ, ഏതിലായാലും സമാധാനത്തിന്റെ വെള്ളരിപ്രാവുകളൊന്നുമല്ല അവർ. അതിലുപരി സാമ്രാജ്യത്വവിരുദ്ധ മുഖംമൂടി എടുത്തണിയാൻ പലപ്പോഴും അവർ ശ്രമിക്കാറുണ്ടെങ്കിലും അവർക്കത് തെല്ലും പാകമാകില്ലെന്നതാണ് സത്യം. രാഷ്ട്രീയ ഇസ്ലാമിന്റെ ആദ്യ രൂപത്തിലെന്നതുപോലെ തന്നെ കാലാകാലങ്ങളിലെ അതിന്റെ വിവിധ വേഷപ്പകർച്ചകളിലും ആ പ്രത്യയശാസ്ത്രവും അതിന്റെ സംഘടനാരൂപങ്ങളും സാമ്രാജ്യത്വശക്തികളുടെ കളിപ്പാവകൾ തന്നെയാണ്. അൽഖ്വയ്ദയുടെയും താലിബാന്റെയുമെല്ലാം അവതാര രഹസ്യം തന്നെ ശീതയുദ്ധകാലത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപകരണങ്ങൾ എന്ന നിലയിലാണ്.

സാമ്രാജ്യത്വം ചെല്ലും ചെലവും നൽകി, പാലൂട്ടി വളർത്തിയ വർഗീയ വിഷസർപ്പങ്ങളാണ് രാഷ്ട്രീയ ഇസ്ലാമിന്റെ വിവിധ രൂപങ്ങൾ. അവയ്ക്ക് പണവും പരിശീലനവും നൽകി കയ്യിൽ ആയുധങ്ങളും പിടിപ്പിച്ച് തുറന്നുവിട്ടത് സാമ്രാജ്യത്വശക്തികളല്ലാതെ മറ്റാരുമല്ല. ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനും മഹത്വവൽക്കരിക്കാനും യുഡിഎഫ് ശ്രമിക്കുമ്പോൾ ജമാഅത്തെയുടെ ഭീകരവാദ രാഷ്ട്രീയത്തിന് സാമൂഹ്യ സ്വീകാര്യത ഉണ്ടാക്കാനാണവർ ശ്രമിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളും അതിനുനേരെ കണ്ണടയ്ക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 5 =

Most Popular