ആർ എസ് എസ് ഒരു സാംസ്കാരിക സംഘടനയാണെന്നാണ് അവർ അവകാശപ്പെടുന്നത്. അവർ ബിജെപിയെ തങ്ങളുടെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സാംസ്കാരിക സംഘടനയുടെ സ്വയംനിർണയ രൂപം എപ്പോഴും നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രവാദം സാംസ്കാരികദേശീയത, സനാതന ധർമ്മം തുടങ്ങിയവയെ സംബന്ധിച്ച നിലപാടുകളെല്ലാം ഇതിനനുസരിച്ച് രൂപപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു രാഷ്ട്രീയ രൂപം എന്നതിലപ്പുറമുള്ള സ്വാധീനം എല്ലാക്കാലത്തും ഉറപ്പിക്കാൻ അവർ ശ്രമിക്കുന്നു. ഇതിന്റെ ചില വശങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ഇതിലാദ്യത്തേത് ഇന്ത്യക്കാർ ആരാണ് എന്നതാണ്. ആധുനിക സമൂഹങ്ങളിൽ ഒരു പ്രാദേശിക ജനസമൂഹത്തെ നിർവചിക്കുന്നത് ഭൂമിശാസ്ത്രം, സ്ഥിരവാസം, ഭാഷയും സംസ്കാരവും, ഒരു പൊതു ദേശീയബോധം എന്നിവയെ ആധാരമാക്കിയാണ്. ഇവ കൂടാതെ വ്യത്യസ്തജനവിഭാഗങ്ങൾ ഇപ്പോൾ എല്ലാ പ്രദേശങ്ങളിലും താമസിക്കുന്നതുകൊണ്ടും ജനങ്ങളുടെ കുടിയേറ്റങ്ങൾ സ്ഥിരമായതുകൊണ്ടും പൗരത്വം എന്നതും പ്രധാനമാണ്. ഹിറ്റ്ലർ നാസി ജർമ്മനിയുടെ വ്യാപനത്തിനു വേണ്ടി ഉപയോഗിച്ച ആവാസവ്യൂഹം ( Lebensraum) എന്ന നിലപാടും വാഗ്ദത്ത ഭൂമി എന്ന മിത്തിനെ ആധാരമാക്കി പഴയ പലസ്തീൻ യുദിയ പ്രദേശങ്ങളിൽ സൃഷ്ടിക്കപ്പെട്ട ഇസ്രയേലുമാണ് ഇതിന് പ്രകടമായ അപവാദം. ഇന്ത്യക്കാർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വിവിധ ജാതി, മത വിശ്വാസികളായ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഭൂമിശാസ്ത്രപരവും സ്ഥിരവാസപരവുമായ ചേരുവയാണ്. അവരുടെ പൊതുദേശീയ ബോധം ബ്രിട്ടീഷ് വാഴ്ചക്കെതിരായ പോരാട്ടത്തിൽ രൂപംകൊണ്ടതാണ്. ഇതിനെ ഇപ്പോൾ നിലനിർത്തുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നാം നിർമ്മിച്ചെടുത്ത മതനിരപേക്ഷതയിലും സാമൂഹികനീതിയിലും പൗരസ്വാതന്ത്ര്യത്തിലും ജനാധിപത്യബോധത്തിലും അധിഷ്ഠിതമായ ജനതയെ സംബന്ധിച്ച സങ്കല്പമാണ്.
ആർ എസ് എസ് ആദ്യം മുതൽ തന്നെ ഈ ആശയങ്ങളെ എതിർത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഇന്ത്യ ഭരിക്കുന്ന വിദേശികൾക്കെതിരായ ഹിന്ദു സമുദായത്തിന്റെ പോരാട്ടമാണ്. പോരാട്ടത്തിൽ വിജയം നേടുന്നതും അധികാരത്തിൽ വരേണ്ടവരും ഹിന്ദു സമുദായമാണ്. ഹിന്ദു സമുദായ ആധിപത്യം ഹൈന്ദവ ധർമ്മസംഹിതകളുടെ അടിസ്ഥാനത്തിലാണ് വളർന്നുവരേണ്ടത്. അതുകൊണ്ടുതന്നെ മതനിരപേക്ഷത,സോഷ്യലിസം മുതലായ ആശയങ്ങൾ ഹൈന്ദവ സംസ്കാരത്തിന് അന്യമാണ്. ജനാധിപത്യത്തിന്റെ മൂലരൂപങ്ങൾ പ്രാചീനകാലത്തുള്ള സഭകൾ, സമിതികൾ, സമാജങ്ങൾ, പിൽക്കാലത്തെ ജാതി പഞ്ചായത്തുകൾ മുതലായവയാണ്. വോട്ടവകാശം പോലുള്ളവയും ജാതിബദ്ധവും മതബദ്ധവുമാണ്. ഇതാണ് ആർഎസ്എസിന്റെ സമീപനം.
ഇതിനനുസരിച്ചാണ് നിയമസഭകളും നിയമവാഴ്ചയും രൂപപ്പെടേണ്ടത്.
നിയമസഭകൾ രൂപപ്പെടേണ്ടത് പ്രായപൂർത്തി വോട്ടവകാശത്തെ ആധാരമാക്കിയാണ്. അതിനെ ആർ എസ് എസ് എതിർക്കുന്നില്ല കാരണം പ്രാചീന ഭാരതത്തിൽ ബ്രഹ്മചര്യത്തിനു ശേഷമാണല്ലോ പൗരാവകാശങ്ങൾ ഉള്ളത്. പക്ഷേ അതിനുശേഷം അവകാശങ്ങൾ ഹിന്ദുധർമ്മ സംഹിതകളുടെ പൗരാവകാശ സങ്കല്പങ്ങളെ ആധാരമാക്കിയായിരിക്കും. വർണാശ്രമ ധർമ്മങ്ങളെ ആധാരമാക്കിയുള്ള സംവിധാനങ്ങളിൽ പരദേശികൾക്കും കുടിയേറ്റക്കാരായ മ്ലേച്ഛർക്കും സ്ഥാനമില്ല. അപ്പോൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പരദേശികളോ കുടിയേറ്റക്കാരോ ആണ്. അവരുടെ സ്ഥിരവാസാവകാശങ്ങൾ കൃത്യമായി നിർവചിക്കേണ്ടി വരും. പൗരത്വ ഭേദഗതി നിയമവും അസമിലും ഇപ്പോൾ ബീഹാറിലും നടക്കുന്ന പൗരത്വ പരിശോധനയും ഈ സങ്കല്പത്തിനനുസരിച്ചാണെന്ന് കാണാൻ പ്രയാസമില്ല. പൗരത്വത്തെ പുനർ നിർണയിക്കുന്നതോടെ നിയമസഭകളിലേക്കുള്ള വോട്ടവകാശവും പുനർനിർണയിക്കപ്പെടും. ക്രമേണ ഇപ്പോൾ തന്നെ ഭൂരിപക്ഷമായ ഹിന്ദുസമുദായം നിയമസഭകളിൽ പൂർണാധിപത്യം നേടും. മതനിരപേക്ഷത സോഷ്യലിസം മുതലായ ആശയങ്ങളെ പുറത്താക്കുകയും സാമൂഹ്യ നീതിയെ വർണജാതിനീതിസംഹിതകളനുസരിച്ച് പുനർനിർവചനം നടത്തുകയും ചെയ്താൽ ഈ ആധിപത്യം പൂർണമാകും.
നിയമവാഴ്ചയെ അതനുസരിച്ച് നിർവചിക്കുകയാണ് ആർ എസ് എസിന്റെ ലക്ഷ്യം. അതിലാദ്യത്തേത് രാഷ്ട്രത്തിന്റെ സുരക്ഷയാണ്. രാഷ്ട്രസങ്കല്പം ആദ്യഘട്ടം മുതൽ തന്നെ ഹിന്ദുക്കളുടെ പുണ്യഭൂമിയായ അഖണ്ഡ ഭാരതത്തിൽ ഊന്നിയതാണ്. അതുകൊണ്ടുതന്നെ പാകിസ്താൻ, ബംഗ്ലാദേശ് മുതലായ രാഷ്ട്രങ്ങളെ അവർ അംഗീകരിക്കുന്നില്ല. ഈ രാഷ്ട്രങ്ങൾക്കെതിരെയുള്ള പോരാട്ടം അഖണ്ഡ ഹിന്ദുഭാരതത്തിന്റെ സംരക്ഷണത്തിന് ആവശ്യമാണ്. ഭീകരതക്കെതിരായ പോരാട്ടം ഇപ്പോൾ സാർവദേശീയമായി അംഗീകരിക്കപ്പെടുന്ന മുഖം മാത്രമാണ്. പാകിസ്താനെതിരായ പോരാട്ടത്തിൽ സ്വയംസേവകരെ രംഗത്തിറക്കാൻ സന്നദ്ധമാണെന്ന് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത് പ്രഖ്യാപിച്ചത് ഓർക്കുക. കേന്ദ്രഗവണ്മെന്റിന്റെ അഗ്നിവീർ പദ്ധതി ഇതിന്റെ മറ്റൊരു മുഖമാണ്. ഭരണസംവിധാനത്തെ സൈനികവൽക്കരിക്കാനുള്ള നീക്കവും സൈനിക –അർദ്ധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് ജനകീയ പോരാട്ടങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളും കിരാത നിയമങ്ങളുടെയും യാന്ത്രിക മേൽനോട്ട രൂപങ്ങളുടെയും വ്യാപകമായ ഉപയോഗവും ഇതിന് തെളിവാണ്. ഇവയെല്ലാം പ്രധാനമായി ഉപയോഗിക്കുന്നത് വർണവ്യവസ്ഥയ്ക്ക് പുറത്തുള്ള ന്യൂനപക്ഷങ്ങൾക്കും ആദിവാസി, ദളിതർക്കും എതിരെയാണ്.
ആർ എസ് എസിന് സമൂഹം എന്നത് ആചാരബദ്ധമാണ്. സംസ്കാരവും വൈജ്ഞാനിക രൂപങ്ങളും പാരമ്പര്യത്തിലുറച്ചതുമാണ്. ഇവ രണ്ടിന്റെയും ആധാരം സനാതന ധർമ്മവുമാണ്. ആചാരങ്ങൾ ക്ഷേത്രാചാരങ്ങൾ മാത്രമല്ല ഗാർഹികാചാരങ്ങളും അതുപോലെ പ്രധാനമാണ്. സ്ത്രീ–പുരുഷ ബന്ധങ്ങൾ കുടുംബ ബന്ധങ്ങൾ സമൂഹത്തിലെ നടപടിക്രമങ്ങൾ, അന്യസമൂഹങ്ങളുമായുള്ള ബന്ധം തുടങ്ങിയവയെല്ലാം ആചാരബദ്ധവും ധർമ്മ നീതിക്രമങ്ങൾക്കനുസരിച്ചുമാകണം. അതായത് വർണജാതിപരമായ ശ്രേണിബദ്ധതയെ അംഗീകരിക്കാതെ ഹിന്ദു ആയിരിക്കാൻ സാധ്യമല്ല. അവർക്ക് ജനാധിപത്യവും മതനിരപേക്ഷതയും തുല്യതയിലാധാരമാക്കിയ നീതിക്രമങ്ങളും പ്രസക്തമല്ല. അതായത് ഹിന്ദു ആകുന്നത് ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല വർണ ജാതി ആചാരബദ്ധതയുടെ അടിസ്ഥാനത്തിൽ കൂടിയാണ്. എന്നാണ് ആർഎസ്എസ് വ്യക്തമാക്കുന്നത്.
ഇതുതന്നെയാണ് സാംസ്കാരികവും വൈജ്ഞാനികവുമായ പാരമ്പര്യത്തിലുള്ള ഊന്നലിലും കടന്നു വരുന്നത്. പാരമ്പര്യം വൈദിക ധർമ്മസംഹിതകളുടെയും ഇതിഹാസ പുരാണങ്ങളുടെയും പാരമ്പര്യമാണ്. ഭഗവദ്ഗീതയ്ക്കും ഒരുപക്ഷേ വിഷ്ണുപുരാണത്തിനും രാമായണ–മഹാഭാരതങ്ങൾക്കും അപ്പുറമുള്ള ഒരു ദാർശനികതത്വങ്ങൾക്കും ആർ എസ് എസുകാർ പ്രാധാന്യം നൽകാറില്ല. യോഗം സന്യാസിമാരുടെ ആചാരക്രമം മാത്രമാണ്; ഋഷിമാരുടെ ജ്ഞാനസംഹിതകൾക്ക് അപ്പുറമുള്ള ഒരു വിജ്ഞാനവും ഇല്ല. ഇവരുടെ സനാതനധർമ്മവും ഇതിന് അനുസരിച്ച് മാത്രമാണ് ധർമ്മത്തിന് ബുദ്ധ–ജൈനന്മാരും സാംഖ്യവും ന്യായവും ഉപനിഷത്തുക്കളിൽ പോലും വ്യത്യസ്ത നിർവചനങ്ങൾ നടത്തുന്നു എന്നത് ഇവർക്ക് പ്രശ്നമല്ല. വർണാശ്രമ വിരുദ്ധമായ അധർമ്മത്തെ എതിർക്കാൻ സ്വന്തം ബന്ധുമിത്രാദികളെപ്പോലും നശിപ്പിക്കണമെന്ന് പരസ്യമായി വാദിക്കുന്ന ഭഗവദ്ഗീതയെ സനാതന ധർമ്മത്തിന്റെ ഉത്തമോദാഹരണമായി വാഴ്ത്താനും ഇവർക്ക് മടിയില്ല. ഇതിഹാസപുരാണജ്ഞാനത്തെ ആധുനിക സയൻസിനൊപ്പം പ്രതിഷ്ഠിക്കാനുള്ള തുടർച്ചയായ ശ്രമം ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
ഇതെല്ലാം ചേർന്നതാണ് ആർ എസ് എസിന്റെ സാംസ്കാരിക ദേശീയത. ഇത് ജനാധിപത്യവിരുദ്ധവും ശാസ്ത്ര വിരുദ്ധവും സാമൂഹികനീതിയെ നിരാകരിക്കുന്നതുമാണെന്ന് കാണാൻ വിഷമമില്ല.
അതേസമയം ഇന്നത്തെ ബൂർഷ്വാ ജനാധിപത്യക്രമത്തിൽ സംഭവിക്കുന്ന ഇടർച്ചകളെ ഉപയോഗിച്ച് സ്വന്തം കാഴ്ചപ്പാട് പ്രചരിപ്പിക്കാൻ എല്ലാവിധത്തിലുള്ള ശ്രമങ്ങളും ആർഎസ്-എസ് നടത്തുന്നതായി കാണാം. ഉദാഹരണത്തിന്, ഇന്ത്യൻ ദേശരാഷ്ട്രം ബഹുസ്വരവും ബഹുസാംസ്കാരികവുമായ ദേശീയതകൾ തമ്മിലുള്ള ഐക്യത്തിൽ അധിഷ്ഠിതമാണ്. ഇതിനെ അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യയിൽ ഭാഷാ സംസ്ഥാനങ്ങളും വിദ്യാഭ്യാസത്തിൽ ത്രിഭാഷാ പദ്ധതിയും രൂപപ്പെട്ടത്. ഉറുദു അടക്കമുള്ള ഭാഷകൾക്ക് തുല്യപദവി നൽകുക എന്നതും ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. ഇംഗ്ലീഷ് ഒരു ബന്ധഭാഷയായി നിലനിർത്തപ്പെട്ടതും ഇതിന്റെ ഭാഗമായാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളുടെ അനുഭവത്തിൽ ഹിന്ദിക്കോ മറ്റേതെങ്കിലും ഭാഷയ്-ക്കോ ഇന്ത്യൻ ജനതയുടെ പൊതു ഭാഷയാകാൻ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് അതിശക്തമായ ഹിന്ദി ഭാഷാ പ്രചാരവേല ആർ എസ് എസും ഹിന്ദുത്വവാദികളും നടത്തുന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളെ നിരാകരിക്കുന്നതു കൂടാതെ ഉറുദുവിനെ മുസ്ലിം ഭാഷയായി മുദ്രയടിക്കാനും ഇവർ ശ്രമിക്കുന്നു. അങ്ങനെ ത്രിഭാഷാ പദ്ധതിയെ തകർക്കാൻ നീക്കങ്ങൾ നടത്തുന്നു.
കേരളത്തിൽ ഇപ്പോൾ അരങ്ങേറിയ ഭാരതാംബ വിവാദത്തെയും ഈ പശ്ചാത്തലത്തിൽ കാണണം. ഭാരതാംബ എന്നൊരു സ്ത്രീരൂപമോ ദേവതയോ ഹൈന്ദവ പാരമ്പര്യത്തിൽ ഇല്ല. ഇതിഹാസപുരാണങ്ങളിൽ ഭൂമിദേവിയുടെ സങ്കല്പമുണ്ട്. അതിന് ഏതെങ്കിലും പ്രദേശവുമായി മാത്രം ബന്ധമില്ല. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി മാതൃഭൂമി എന്നും പിതൃഭൂമി എന്നുമുള്ള സങ്കല്പങ്ങൾ പ്രചരിച്ചിട്ടുണ്ട്. ജനിച്ചനാട് എന്നതിനപ്പുറമുള്ള ധാരണകൾ അവിടെയില്ല. ബങ്കിം ചന്ദ്രയുടെ ആനന്ദ മഠത്തിലുള്ള ‘വന്ദേ മാതര’ത്തിലും ഇത്തരത്തിലുള്ള ഭൂമി സങ്കല്പം മാത്രമാണുള്ളത്. ഇതിന് ഭാരതാംബ എന്ന പേരു നൽകി ദേശരാഷ്ട്ര ചിഹ്നമായി അവതരിപ്പിക്കുന്നത് ആർ എസ് എസാണ്. ബാബറി മസ്ജിദ് തകർക്കുന്നതിന്റെ ഭാഗമായി ആർ എസ് എസ് പ്രചരിപ്പിച്ച ചിത്രത്തിൽ സ്ത്രീരൂപത്തിലുള്ള ഇന്ത്യയുടെ ഹൃദയഭാഗത്ത് അയോദ്ധ്യ എന്നു കാണിച്ചിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം ഭാരതമാതാവിന്റെ ഹൃദയത്തിന്റെ ഒരു വീണ്ടെടുപ്പാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതേ ഭാരതാംബയെയാണ് കേരളഗവർണർ രാജ്ഭവനിൽ പൂജിച്ചതെന്നും ഇതിന്റെ ആരാധന കേരള സർവകലാശാലാ സെനറ്റ് ഹാളിൽ തടഞ്ഞതാണ് ഇപ്പോൾ വൻ വിവാദങ്ങൾക്കും സർവകലാശാലയിൽ ഭരണ പ്രതിസന്ധിക്കും കാരണമായതെന്നും ഓർക്കേണ്ടതാണ്. ഭാരതാംബയുടെ ഹൃദയം വീണ്ടെടുക്കാനുള്ള ശ്രമം മുസ്ലീംവിരുദ്ധ ഹിംസയായിരുന്നു.
ഈ ഹിംസയുടെ തത്വശാസ്ത്രം ഇപ്പോൾ ഹിന്ദു ഉത്സവങ്ങളിലൂടെ വ്യാപകമായി അരങ്ങേറുകയാണ്. രാമനവമി ഉത്സവങ്ങളിലും മറ്റു ഘോഷയാത്രകളിലും മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരെയുള്ള ഹിംസ പ്രായോഗിക തലത്തിൽ നടപ്പിലാക്കുമ്പോൾ ഇതിന്റെ ഫലമായുണ്ടാകുന്ന പാപങ്ങൾ കഴുകിക്കളയാനുള്ള അവസരമായി കുംഭമേളയെയും കേദാർനാഥ് യാത്രകൾ പോലുള്ള മറ്റു രാമതീർത്ഥാടനങ്ങളെയും ഉപയോഗിക്കുന്നു. അമർനാഥ് യാത്ര ആരംഭിക്കുന്ന പെഹൽഗാമിലാണ് ഭീകരാക്രമണം ഉണ്ടായതെന്ന് ഓർക്കണം.ഇന്ത്യയുടെ പോരാട്ടം ഓപ്പറേഷൻ സിന്ദൂർ ആയതും മരിച്ചവരുടെ ഹിന്ദുത്വത്തെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു. അവിടെ മരിച്ച രാമചന്ദ്രന്റെ മകൾ അതിശക്തമായി മതമൈത്രിക്കു വേണ്ടി നിലകൊണ്ടതാണ് കേരളത്തിൽ മറ്റൊരു മുസ്ലീം വിരുദ്ധ ആക്രമണം നടത്തുന്നതിൽ നിന്ന് ആർ എസ് എസിനെ തടഞ്ഞത്. എങ്കിലും കേരളത്തിൽ ഇപ്പോൾ അരങ്ങേറുന്ന ഉത്സവങ്ങളിലെ ദൃശ്യ–ശ്രാവ്യരൂപങ്ങൾ അതിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇതിഹാസപുരാണ കഥകൾ എന്നിവയെല്ലാം ഈശ്വര ഭക്തിക്കു പകരം ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള സംഘട്ടനത്തെ പ്രകടിപ്പിക്കുന്നവയാണ്. രാമനും രാവണനും തമ്മിൽ, കൃഷ്ണനും നരകാസുരനും തമ്മിൽ–കാളിയും ദാരികനും തമ്മിൽ, വിവിധ ഇതിഹാസ പുരുഷന്മാരും അവരെ നേരിടുന്ന രാക്ഷസന്മാരും തമ്മിലെല്ലാം നടക്കുന്ന പോരാട്ടങ്ങളുടെ ചിത്രങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. സനാതന ധർമ്മത്തിന്റെ വക്താക്കൾക്കെതിരെ പോരാടുന്ന രാക്ഷസ ബിംബങ്ങളിൽ നിന്ന് മുസ്ലീങ്ങളിലേക്കും ക്രിസ്ത്യാനികളിലേക്കും ആദിവാസി ദളിത് വിഭാഗങ്ങളിലേക്കും കമ്യൂണിസ്റ്റുകാരിലേക്കും എത്താൻ അധികം പ്രയാസമില്ല. ഇതു തന്നെയാണ് ഉത്സവങ്ങളിലെ മതപ്രഭാഷണങ്ങളിലും കഥാകാലക്ഷേപങ്ങളിലും പാട്ടുകളിൽ പോലും പ്രത്യക്ഷപ്പെടുന്നത്. പല തോറ്റംപാട്ടുകളെയും പൗരാണിക ധാർമ്മിക സങ്കല്പവും പുതിയ സാമൂഹ്യ കാലാവസ്ഥയും അനുസരിച്ച് പുനർനിർമ്മിക്കുന്നതും കാണാം.
ഇത്തരം സാംസ്കാരിക അധിനിവേശ രീതി പ്രചരിക്കുന്ന വിധവും ശ്രദ്ധിക്കേണ്ടതാണ്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിലാണ് കേരളഗവർണർ ലഹരിക്കെതിരെ സ്കൂളുകളിൽ സനാതന ധർമ്മം പഠിപ്പിക്കുകയാണ് വേണ്ടത് എന്നു പറഞ്ഞത്. വടക്കുഭാഗങ്ങളിലെല്ലാം പെരുംതൃക്കോവിൽ എന്നു വിളിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഗവർണർ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സമാനമായ പ്രചരണം കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. അതിന്റെ ഫലമായി നിരവധി കുട്ടികൾ എൽകെജി ക്ലാസ് മുതൽ ഭഗവദ്ഗീതയും പുരാണ കഥകളും പഠിക്കുന്നുണ്ട്. സ്ത്രീകളുടെ ഭജനയും പാട്ടു സദസ്സുകളും വ്യാപകമായി നടക്കുന്നുണ്ട്. കേരളത്തിനകത്തെ തീർത്ഥയാത്രകൾ കൂടാതെ അഖിലേന്ത്യാതലത്തിലുള്ള തീർത്ഥയാത്രകളും സ്ഥിരമായി നടക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയുള്ള പങ്കാളിത്തം ഇവയിലെല്ലാം ഉണ്ടാകുന്നുമുണ്ട്.
ഇവയോടൊപ്പം മറ്റൊരു പ്രവണതയും ശ്രദ്ധേയമാണ്. ആചാര ബദ്ധമായ പാരമ്പര്യ കലാരൂപങ്ങളുടെ പുനരുത്ഥാനമാണത്. വിവിധ ജാതി, സമുദായങ്ങൾ അവരുടെ കലാരൂപങ്ങൾ നിലനിർത്തുന്നതിൽ കാണിക്കുന്ന താല്പര്യം ധാർമ്മികതയുടെ ചിഹ്നമായും നാട്ടിൽ പ്രചരിക്കുന്ന അധാർമ്മികതകൾക്കെതിരായ വെല്ലുവിളിയായും വ്യാഖ്യാനിച്ചെടുക്കുന്നതിലൂടെയാണ് ഇവയ്ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നത്. അധഃസ്ഥിത വിഭാഗങ്ങൾ ഇത്തരം കലാരൂപങ്ങളെ മർദ്ദക സമൂഹത്തിനെതിരായ പ്രതിരോധമായി കണക്കാക്കുന്നതും ഒരർത്ഥത്തിൽ ആർ എസ് എസ് പ്രയോജനപ്പെടുത്തുന്നുണ്ട്. ആദിവാസിമേഖലയിലേക്കുള്ള ആർഎസ്എസ് അധിനിവേശം സാമൂഹ്യ സേവാ പ്രവർത്തനങ്ങൾ കൂടാതെ ആചാരങ്ങളുടെയും അനുഷ്ഠാനകലകളുടെയും ഫലപ്രദമായ ഉപയോഗം വഴിയുമാണ്.
നിരവധി സംഘടനകളിലൂടെയാണ് ആർ എസ് എസ് പ്രവർത്തിക്കുന്നത്. അനുദിനമെന്നോണം സംഘടനകൾ രൂപീകരിക്കാനുള്ള മെയ് വഴക്കം അവർക്കുണ്ട്. ഇത്തരം സംഘടനകളിലൂടെ നിരവധി രൂപങ്ങളിലും രീതികളിലും ജനങ്ങളിലെത്താൻ അവരെ സഹായിക്കുന്നുണ്ട്. ഒരു സാംസ്കാരിക സംഘടന യായതുകൊണ്ടുതന്നെ ബി ജെ പിയുടെ ലേബൽ അടക്കം എന്തു രൂപവും സ്വീകരിക്കാൻ അവർക്കു സാധിക്കും. ഹിംസയുടെ തന്ത്രം സ്വീകരിക്കാനും ചോദ്യങ്ങൾ ഉയരുമ്പോൾ മറുപടി പറയേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും അവർക്ക് അസാധാരണമായ കഴിവാണുള്ളത്. അർദ്ധസൈനിക സ്വഭാവമുള്ള സാംസ്കാരിക സംഘടനയായി അവർക്ക് നിലനിൽക്കാൻ കഴിഞ്ഞതും ഇതേ കാരണം കൊണ്ടാണ്. അവരുടെ നിലപാടുകളെ ഹിന്ദുജനതയുടെ പൊതുബോധമാക്കി തീർക്കാനുള്ളതന്ത്രങ്ങളാണ് അവർ പയറ്റുന്നത്.
ഒന്നു വ്യക്തമാണ്. ആർഎസ്എസിന്റെ സാംസ്കാരിക അധിനിവേശത്തെ മോദി ഗവണ്മെന്റിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ മാത്രം ഒതുക്കിക്കൂടാ. മോദി ഗവണ്മെന്റ് അവർക്കൊരു ഉപകരണം മാത്രമാണ്. നിയമവാഴ്ചയെ ഹിന്ദുരാഷ്ട്രസങ്കല്പത്തിന് വിധേയമാക്കാനുള്ള ഉപകരണം. അവരുടെ ലക്ഷ്യം ഹൈന്ദവ ധർമ്മസംഹിതകളനുസരിച്ചുള്ള ശ്രേണീബദ്ധമായ സമൂഹം സൃഷ്ടിക്കുക എന്നതുതന്നെയാണ്. ഈ സമൂഹം വളരെ സ്വാഭാവികമായി ജനങ്ങളുടെ പൊതുബോധമായി മാറുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. അതിൽ പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സാമൂഹികനീതിക്കും മതനിരപേക്ഷതയ്ക്കും ഒരു സ്ഥാനവുമില്ല. അതേസമയം കോർപ്പറേറ്റുവൽക്കരണത്തിനും സാമ്രാജ്യത്വ അധിശത്വ രൂപങ്ങൾക്കും അവർ ഹിന്ദുത്വത്തെ പിണക്കാത്തയത്രയും കാലം കൃത്യമായ സ്വാധീനമുണ്ടാവുകയും ചെയ്യും. നവഫാസിസത്തിൻെറ രൂപമാണ് ആർ എസ് എസിന്റെ വീക്ഷണമെന്ന കാര്യത്തിൽ സംശയമില്ല. l



