ഫാസിസ്റ്റുകൾ അധികാരം പിടിക്കാൻ മതത്തെയും വംശത്തെയും ദേശത്തെയുമെല്ലാം സൗകര്യം പോലെ ഉപയോഗിക്കുന്നതായാണ് അനുഭവം നമ്മെ ഓർമിപ്പിക്കുന്നത്. മതചിഹ്നങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയുമെല്ലാം അതിനവർ തരാതരം ഉപയോഗിക്കാറുമുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി, അതിനുമുമ്പ് നാം കണ്ടിട്ടില്ലാത്ത ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം ആധിപത്യം ഉറപ്പിക്കുന്നതാണ്- കേരളത്തിൽ നാം കാണുന്നത്-്. സാംസ്കാരികരംഗത്തെ ആർഎസ്എസിന്റെ ഇത്തരം ഇടപെടലുകളാണ് ഈ ലക്കം കവർസ്റ്റോറിയുടെ വിഷയം. കെ എൻ ഗണേശ്, ഡോ. അനിൽ ചേലേമ്പ്ര, ജി പി രാമചന്ദ്രൻ, എം വി നികേഷ്-കുമാർ, വിഷ്ണുദത്ത് കെ, ശ്രീകുമാർ ശേഖർ എന്നിവരാണ് ലേഖകർ.
മതത്തിന്റെ പരിവേഷം നൽകിയാണ് ആർഎസ്എസ് തങ്ങളുടെ വിഷലിപ്തവും ജനവിരുദ്ധവുമായ രാഷ്ട്രീയം വിറ്റഴിക്കാൻ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ആർഎസ്എസ് രൂപീകരിക്കപ്പെട്ട, ഏറെക്കുറെ അതിനടുത്ത, കാലത്തുതന്നെയാണ് ബോംബെയിൽ ഗീതാപ്രസ് സ്ഥാപിക്കപ്പെട്ടതെന്നതും ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഗീതയുടെയും രാമായണം, മഹാഭാരതം, ഭാഗവതം, പുരാണങ്ങൾ എന്നിവയുടെയും ദശലക്ഷക്കണക്കിന് കോപ്പികളാണ് ഈ സ്ഥാപനം ഹിന്ദിയിൽ അച്ചടിച്ച് വിതരണം ചെയ്തത്. പുരോഹിതരുടെയും സവർണ വിഭാഗത്തിന്റെയും കെെകളിൽ മാത്രം ലഭ്യമായിരുന്ന ഇത്തരം കൃതികൾ ജനസാമാന്യത്തിന്റെ കെെവശമെത്തിച്ചത് ഹിന്ദുത്വ പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നുവെന്നും കാണണം. മതപ്രചരണമല്ല, മത രാഷ്ട്രീയത്തിന്റെ നിർമിതിയാണ് ഇതിലൂടെ നടന്നത്. ഇന്ത്യൻ മുതലാളിത്തത്തിന്റെ ആദ്യപഥികർ തന്നെയാണ് ഈ ആർഎസ്എസ് പ്രൊജക്ടിനു പിന്നിലും പ്രവർത്തിച്ചിരുന്നത് എന്നും കാണണം.
ഉത്സവങ്ങളും ആഘോഷങ്ങളും ഇഷ്ടപ്പെട്ടിരുന്ന ജനസമൂഹങ്ങൾക്കിടയിലേക്ക് മതത്തിന്റെ പരിവേഷം നൽകി ഉത്സവങ്ങളും ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം പുനഃസൃഷ്ടിക്കപ്പെട്ടതിലൂടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിത്തറയാണ് നിർമിച്ചെടുത്തത്. രാമായണ മാസാചരണവും രാമായണ പാരായണവുമെല്ലാം കൃത്യമായി കേരളത്തിൽ 1980കൾക്കുശേഷമാണ് നടപ്പാക്കപ്പെട്ടത് എന്ന കാര്യം ഓർക്കണം. ഏതാണ്ട് അതേ കാലഘട്ടത്തിൽ തന്നെയാണ് യാഗങ്ങളുടെ പുനർനിർമിതിയും കാണാൻ തുടങ്ങിയത്. 1980കളിൽ തന്നെയാണ് അയോധ്യാ പ്രസ്ഥാനം ഒരു രാഷ്ട്രീയ പ്രൊജക്ടായി ഉയർത്തിക്കൊണ്ടുവരപ്പെട്ടതും.
ഉത്തരേന്ത്യൻ സമൂഹങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചില ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും അഖിലേന്ത്യാ ഹിന്ദു സ്വത്വ നിർമിതിയുടെ ഭാഗമായി കേരളമടക്കമുള്ള പ്രദേശങ്ങളിലേക്ക് കൊണ്ടുവരപ്പെട്ടതും 1980കൾക്കുശേഷമാണ്. രാഖികെട്ടലും സിന്ദൂരമണിയലും ഹോളിയും ഗണേശോത്സവവുമെല്ലാം തികച്ചും സ്വാഭാവികമെന്ന നിലയിൽ സാർവത്രിക പ്രചാരം നേടിയതും അവയെല്ലാം വ്യാപകമായി സ്വീകരിക്കപ്പെട്ടതും നിരുപദ്രവകരമേയല്ല. നവലിബറൽ നയങ്ങളുടെ നടപ്പാക്കലും ഹിന്ദുത്വ പ്രൊജക്ടിന്റെ സാർവത്രികവൽക്കരണവും ഏകകാലികമായിരുന്നു. ഇന്ത്യൻ സമൂഹത്തെ, ജനമനസ്സുകളെ നവഫാസിസ്റ്റ് ശക്തികൾക്കനുകൂലമായി പരുവപ്പെടുത്തിയെടുക്കാൻ തുടങ്ങിയത്, രാഷ്ട്രീയാധികാര സ്ഥാപനത്തിനുള്ള പദ്ധതിയെന്നതിനൊപ്പം നവലിബറൽ കൊള്ളകൾക്ക് കെെയും കെട്ടി നിന്നുകൊടുക്കുന്ന ഒരു സമൂഹ നിർമിതികൂടി ഇതിന്റെ ഭാഗമായി നടന്നുവെന്നതാണ് വസ്തുത.
സിനിമയും ടെലിവിഷനും പത്രങ്ങളും ഉൾപ്പെടുന്ന മാധ്യമങ്ങളും ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനും നവലിബറലിസത്തിനും പറ്റിയ മണ്ണൊരുക്കൽ 1980കൾ മുതൽ തന്നെ നടത്തിയിരുന്നുവെന്നതും കാണേണ്ടതുണ്ട്. ആർഎസ്എസിന്റെ സാംസ്കാരികമായ ഇടപെടലുകളെ ഇങ്ങനെ സമഗ്രമായി കണ്ടാൽ മാത്രമേ ആ വിപത്തിനെ –ഫലപ്രദമായി ചെറുത്തുതോൽപ്പിക്കാനാവൂ. l



