ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപപ്പെട്ട ‘ആൾ ഇന്ത്യ മാർവാഡി അഗർവാൾ മഹാസഭ’ എന്ന സംഘത്തിന്റെ വളർച്ച, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തോട് ഈ സംഘത്തിലെ ചില പ്രമുഖർ പുലർത്തിയ സവിശേഷമായ അടുപ്പം, ഹിന്ദിയാണ് ഹിന്ദുക്കളുടെ ഭാഷ എന്ന സങ്കൽപ്പത്തിന് ലഭിച്ച സ്വീകാര്യത എന്നിവയെല്ലാം ചേർന്നാണ് 1926ൽ ഗീതാപ്രസ് എന്നൊരു സംരംഭത്തിന് വഴിവെച്ചത്. മേൽപ്പറഞ്ഞ കച്ചവടസംഘം ഘനശ്യാം ദാസ് ബിർളയുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. 1926ൽ ദില്ലിയിൽ ചേർന്ന മാർവാഡി സംഘത്തിന്റെ എട്ടാമത് സമ്മേളനത്തിൽ ആത്മാറാം ഖേംക ഹിന്ദുക്കളുടെ സനാതനധർമ്മം സംരക്ഷിക്കുന്നതിന് സംഘടന മുൻകൈയെടുക്കണമെന്നും അതാണ് രാജ്യത്തിന്റെ വിമോചനത്തിനുള്ള വഴി എന്നും അഭിപ്രായപ്പെട്ട് സംസാരിച്ചു. എന്നാൽ യോഗത്തിൽ പങ്കെടുത്ത ഘനശ്യാം ദാസ് ബിർള ഇതിനോട് ശക്തമായി വിയോജിച്ചു. ബിർള, ഗാന്ധിയൻ ആദർശങ്ങളുടെ ശക്തനായ വക്താവായിരുന്നു. സനാതനധർമ്മം പ്രചരിപ്പിക്കേണ്ടവർക്ക് സ്വന്തമായി വല്ല പ്രസിദ്ധീകരണവും തുടങ്ങി അത്തരം കാര്യങ്ങൾ നിർവഹിക്കാമെന്നും സംഘത്തെ അതിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിർളയെ പിന്തുണച്ച ജമൻലാൽ ബജാജാകട്ടെ മാർവാഡി സമൂഹം ആഭ്യന്തരമായി പരിഷ്‌കരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഊഹക്കച്ചവടം അവസാനിപ്പിക്കണമെന്നും, ശൈശവവിവാഹം നിരോധിക്കണമെന്നും തന്റെ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനും വിവാഹത്തിന്റെ ആർഭാടം അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മാർവാഡി സ്ത്രീകൾ ആധുനികസമൂഹത്തിനനുയോജ്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ പ്രസംഗത്തോട് പ്രതികരിച്ച് സംസാരിച്ച ആത്മാറാം ഖേംകയാകട്ടെ ഹിന്ദുധർമ്മം തന്നെയാണ് ഇന്ത്യൻ സംസ്-കാരം എന്ന് ഊന്നിപ്പറയുകയും അത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പറയുകയും ചെയ്‌തു. ഖേംകയുടെ പ്രസംഗം തയ്യാറാക്കിയത് ഹനുമാൻ പ്രസാദ് പൊദ്ദാർ ആണ്. വ്യവസായി എന്ന നിലയ്ക്ക് പരാജയപ്പെട്ട പൊദ്ദാർ പിന്നീട് ശ്രദ്ധേയനാകുന്നത് ആത്മീയ നേതാവ് എന്ന തരത്തിലാണ്. ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് പറയുന്ന ‘കഥാവാചകൻ’ എന്ന നിലയ്-ക്ക് പൊദ്ദാർ പ്രസിദ്ധനായിരുന്നു.
മാർവാഡി മഹാസഭയുടെ മേൽപ്പറഞ്ഞ യോഗത്തിനുശേഷം, സഭയ്ക്ക് പുറത്ത് പൊദ്ദാറിന്റെ നേതൃത്വത്തിൽ ഹിന്ദുധർമ്മം പരിപോഷിപ്പിക്കുന്നതിനായി ഒരു പത്രിക ആരംഭിക്കാൻ സമാനമനസ്‌കർ തീരുമാനിച്ചു. പൊദ്ദാർ ഇക്കാര്യത്തിൽ തന്റെ വഴികാട്ടിയായി സ്വീകരിച്ചത് ജയ്‌ദയാൽ ഗോയങ്കയെയാണ്. അക്കാലമായപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്ന ഹിന്ദുമഹാസഭയുമായും പൊദ്ദാർ അടുത്ത ബന്ധം പുലർത്തിയിരുന്നു. 1923ൽ ‘ഗീത’ അച്ചടിച്ച് സാമാന്യജനങ്ങൾക്ക് വിതരണം ചെയ്യാനായി പൊദ്ദാർ ആരംഭിച്ച പ്രസ്സിൽനിന്ന് ‘ഹിന്ദുധർമ്മം’ സംരക്ഷിക്കാനായി ‘കല്യാൺ’ എന്ന ഒരു പത്രിക ആരംഭിക്കാൻ ഗോയങ്കയും പൊദ്ദാറും മറ്റും തീരുമാനിച്ചു. 1926ൽ ‘കല്യാൺ’ പുറത്തിറങ്ങാൻ തുടങ്ങി.
കോൺഗ്രസ് നേതാവായിരുന്ന മദൻ മോഹൻ മാളവ്യ 1916ൽ ഹിന്ദു സർവകലാശാല സ്ഥാപിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഹിന്ദുമഹാസഭയ്-ക്കും രൂപം നൽകിയത്. പുരുഷോത്തം ദാസ് ഠണ്ഡൺ, കെ എം മുൻഷി, സേത് ഗോവിന്ദ് ദാസ് എന്നീ കോൺഗ്രസ് നേതാക്കളും മാളവ്യയെ പിന്തുണച്ചവരായിരുന്നു. ഗീതപ്രസ്സിന്റെ നിർവഹണത്തിൽ മദൻ മോഹൻ മാളവ്യ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. 1923ൽ രൂപീകരിക്കപ്പെട്ട ആര്യസമാജം, ഗോസംരക്ഷണം, ശുദ്ധിപ്രസ്ഥാനം (ഹിന്ദുമതത്തിലേക്കുള്ള പുനഃപരിവർത്തന പ്രസ്ഥാനം) എന്നിവയ്-ക്ക് നേതൃത്വം നൽകിയിരുന്നു. ആര്യസമാജവും മാളവ്യയും തമ്മിൽ അടുത്തബന്ധം ഉണ്ടായിരുന്നു. 1925ൽ സ്ഥാപിക്കപ്പെട്ട ആർഎസ്എസിന്റെയും ഉത്തമ ബന്ധുവായിരുന്നു ഗീതാപ്രസ്.
ഗീതാപ്രസ്സിൽ നിന്നുള്ള പുസ്‌തകങ്ങൾ ഹിന്ദി ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഹിന്ദി ഭാഷയെ ഹിന്ദുവംശീയതയുമായും ദേശീയതയുമായും ബന്ധിപ്പിച്ചുകൊണ്ടുള്ള നിരവധി സങ്കൽപ്പനങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ രൂപപ്പെട്ട് വന്നിരുന്നു. 1871 വരെ ഉറുദുവിൽ കവിതയും മറ്റും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്രയാണ് ഹിന്ദി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ഉറുദു മുസ്ലീങ്ങളുടേതും ഹിന്ദി ഹിന്ദുക്കളുടേതും എന്ന മട്ടിൽ വേർതിരിയാൻ തുടങ്ങിയപ്പോഴാണ് ഉറച്ച ഹിന്ദിപ്രചാരകനായി ഭാരതേന്ദു പ്രത്യക്ഷപ്പെടുന്നത്. 1877ൽ അലഹബാദിൽ ചേർന്ന ഹിന്ദി വർധിനി സഭയുടെ യോഗത്തിൽ ‘ഹിന്ദി കി ഉന്നതി പർ വ്യാഖ്യാൻ’ (ഹിന്ദിയുടെ പുരോഗതിയെ ക്കുറിച്ചുള്ള പ്രഭാഷണം) എന്ന പേരിൽ ഭാരതേന്ദു 98 ഖണ്ഡങ്ങളുള്ള ഒരു കവിത അവതരിപ്പിക്കുകയുണ്ടായി. പ്രധാനമായും ഹിന്ദിക്കുവേണ്ടിയുള്ള ശക്തമായ ആഹ്വാനമായിരുന്നു ആ കവിത. ഭാരതേന്ദുവിന്റെ ഈ പ്രഭാഷണം ഉത്തരേന്ത്യയിൽ വലിയ ചലനമുണ്ടാക്കി. 1893ൽ ബനാറസിൽ രൂപം കൊണ്ട് ‘നാഗിരി പ്രചാരിണി സഭ’ ഔധിലും വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലുമുള്ള കോടതി വ്യവഹാരങ്ങളും പ്രാഥമിക വിദ്യാഭ്യാസവും ഹിന്ദിയിലാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. പ്രസ്തുത നിവേദനത്തിൽ 60,000 ത്തോളം ആളുകൾ ഒപ്പിട്ടിരുന്നു. അതുവരെ ഉറുദു ഭാഷയിൽ നടന്നിരുന്ന അത്തരം വ്യവഹാരങ്ങൾ ഹിന്ദിയിലോ ഉറുദുവിലോ ആകാം എന്ന് അവിടെ ഗവർണറായിരുന്ന സർ ആന്റണി മക്ഡൊണാൽ നിർദ്ദേശിച്ചു. അതോടെ ഹിന്ദി എന്നാൽ ഹിന്ദുവും ഉറുദു എന്നാൽ മുസ്ലീമുമാണ് എന്ന സങ്കൽപ്പം കുറേക്കൂടി ആഴത്തിൽ ഉറപ്പിക്കപ്പെട്ടു. ഹിന്ദിക്ക് കിട്ടിയ ഈ അംഗീകാരം ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയാക്കി ഉത്തർപ്രദേശിനെ മാറ്റാൻ ഇടയാക്കി. അതുവരെ കൽക്കത്ത കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങളിൽ പലതും നടന്നിരുന്നത്. 1905ലെ ബംഗാൾ വിഭജനത്തോടെ ഇത് ഏതാണ്ട് പൂർണമായി. മുഗൾ രാജാക്കന്മാരുടെ കാലത്തോടെയാണ് ഹിന്ദി തകർന്നതെന്നും, അതിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള വാദം ദേശീയപ്രസ്ഥാനത്തിലെ നേതാക്കൾ പോലും ഏറ്റെടുത്തു. 1870 മുതൽ 1920 വരെയുള്ള അഞ്ച് പതിറ്റാണ്ട് ഹിന്ദിയുടെ പുനരുജ്ജീവന കാലമായിരുന്നു. ഖരിബോലി എന്ന പ്രാദേശികഭേദത്തെ സംസ്കൃതവൽക്കരിച്ചും ദേവനാഗിരിയിലേക്ക് പരിവർത്തിപ്പിച്ചും ഹിന്ദിയെ പുനരുദ്ധരിക്കാൻ തീവ്രശ്രമങ്ങൾ നടന്നു. രവീന്ദ്രനാഥ ടാഗോ റിന്റെ കൃതികൾ പ്രസിദ്ധീകരിച്ചിരുന്ന കൽക്കത്തയിൽ ഇന്ത്യാ പ്രസ്സിലെ പ്രസാധകൻ ചിന്താമണി ഘോഷ് ‘സരസ്വതി’ എന്ന പേരിൽ 1902-ൽ ഹിന്ദിയിൽ ഒരു പത്രിക ആരംഭിച്ചു. ഹിന്ദി ഭാഷയിലുള്ള ഒരു സാഹിതീയ പൊതുമണ്ഡലം രൂപപ്പെട്ടുവരുന്നതിന്റെ ശക്തമായ സൂചനയായിരുന്നു അത്. ബാബു ശ്യാംസുന്ദർ ദാസ് എഡിറ്ററായി ആരംഭിച്ച പത്രിക ഏറെ ശ്രദ്ധിക്കപ്പെടുന്നത് മഹാവീർ പ്രസാദ് ദ്വിവേദിയുടെ കാലത്താണ്. പതിനേഴു വർഷം അദ്ദേഹമായിരുന്നു ‘സരസ്വതി’യുടെ പത്രാധിപർ. ഹിന്ദി ദേശീയഭാഷയായിരിക്കണമെന്ന് അതിശക്തമായി വാദിച്ച പത്രാധിപരായിരുന്നു ദ്വിവേദി. ‘സരസ്വതി’ക്ക് ശേഷം ‘മാധുരി’ (1921), ‘ചന്ദ്’ (1922), ‘മട് വാല’ (1923), ‘ഹിന്ദു പഞ്ച്’ (1925) എന്നീ പത്രികകൾ ഹിന്ദി ഭാഷയിൽ ആരംഭിച്ചു. വിവാദങ്ങളുണ്ടാക്കി വായനക്കാരെ ആകർഷിക്കാൻ ‘ചന്ദ്’ നടത്തിയ ശ്രമങ്ങൾ അക്കാലത്ത് വലിയ തോതിൽ വിമർശിക്കപ്പെട്ടതാണ്. ഹിന്ദി പ്രചാരണം, ഹിന്ദു സംഘാടനം, പുനർമതപരിവർത്തനം. അസ്‌പൃശ്യതാ നിർമ്മാർജ്ജനം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പത്രികയായിരുന്നു ‘ഹിന്ദുപഞ്ച്.’ ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കുക, ഹിന്ദുനാമത്തെ രക്ഷിക്കുക, ഇന്ത്യയിൽ ഹിന്ദുഭരണം കൊണ്ടുവരിക, ഹിന്ദുക്കളെ ഉറക്കത്തിൽ നിന്ന് ഉണർത്തുക തുടങ്ങിയവയാണ് തങ്ങ ളുടെ ലക്ഷ്യമെന്ന് ‘ഹിന്ദു പഞ്ച്’ വ്യക്തമാക്കിയിരുന്നു. രാമൻ, കൃഷ്‌ണൻ, ഹിന്ദു മഹാസഭ, വിജയ ദശമി എന്നിങ്ങനെ പ്രത്യേക വിഷയങ്ങളിൽ ‘ഹിന്ദു പഞ്ച്’ പതിപ്പുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഗീതാ പ്രസ്സിന്റെ രൂപീകരണത്തിലും അതിന്റെ സംസ്ഥാപനത്തിലും മാർവാഡി സമൂഹം വഹിച്ച പങ്ക് നേരത്തേ സൂചിപ്പിച്ചല്ലോ. 19-–ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-–ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഇന്ത്യയിൽ വളർന്നുവന്ന പ്രധാനപ്പെട്ട സമ്പന്നവിഭാഗമായിരുന്നു മാർവാഡികൾ. എന്നാൽ സമ്പത്തുണ്ടായിരുന്നെങ്കിലും ജാതിയിൽ താഴ്ന്നവരാണെന്ന അപകർഷതാബോധം ആ സമുദായത്തിനുണ്ടായിരുന്നു. ഈ സംഘർഷം ആ സമുദായത്തിൽ ആഴത്തിലുള്ള സ്വത്വ പ്രതിസന്ധി സൃഷ്‌ടിച്ചു. ദേശീയ പ്രസ്ഥാനത്തിലെ ‘ഹിന്ദുത്വ’ധാരയെ പിന്തുണച്ചുകൊണ്ടും അതിനായി ആധുനികസ്ഥാപനങ്ങൾ നിർമിച്ചുകൊണ്ടും ‘സാംസ്‌കാരികമൂലധനം’ സൃഷ്ടിച്ചെടുക്കാനാണ് അവർ ശ്രമിച്ചത്. ഗീതാപ്രസ്സിന്റെ പുറകിൽ മാർവാഡി മൂലധനം മാത്രമല്ല അവരുടെ സ്വത്വപരമായ പ്രതിസന്ധി കൂടി പ്രവർത്തിച്ചിട്ടുണ്ടെന്നർത്ഥം.
ജാതിശ്രേണിയിൽ വൈശ്യവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും പലപ്പോഴും ഗ്രാമങ്ങൾ വിലയ്ക്കെ ടുത്ത് ഒരു പ്രദേശത്തിന്റെ മുഴുവൻ അധിപരാകാനും ക്ഷത്രിയർ ഉപയോഗിച്ചിരുന്ന പേരുകൾ സ്വയം സ്വീകരിച്ച് സാമൂഹ്യമായ ഉദ്ഗതി ഉറപ്പിക്കാനും മാർവാഡികൾ ശ്രമിച്ചിരുന്നു. മാർവാഡികൾ മാത്രമല്ല, യാദവർ, കുറുമികൾ തുടങ്ങിയ മധ്യവർത്തി ജാതികളും ഇത്തരത്തിൽ ജാതി ശ്രേണിയിൽ മുകളിലോട്ട് കയറാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അവരിൽ പലരും കുടുമ ധരിക്കാനും പൂണൂലണിയാനും തുടങ്ങി. യാദവർ 1910ൽ ഹരിയാനയിൽ ഒരു സംഘടനയ്-ക്ക് രൂപം നൽകിയപ്പോൾ ‘അഹിർ യാദവ് ക്ഷത്രിയ മഹാസഭ’ എന്നാണ് അതിനു പേരിട്ടത്. കുർമികളും ഇതേവഴി പിന്തുടർന്ന് ആൾ ഇന്ത്യാ കുർമ്മി ക്ഷത്രിയ മഹാസഭയ്-ക്ക് 1910ൽ രൂപം കൊടുത്തു. യാദവർ പശുക്കളെ വളർത്തിയിരുന്നവരും ആരാധിച്ചിരുന്നവരുമാണ്. 19-–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ശക്തിപ്പെട്ടുവരുന്ന ‘ഗോസംരക്ഷണപ്രസ്ഥാന’ത്തിന്റെ മുൻനിരയിലുണ്ടായിരുന്നത് യാദവരായിരുന്നു. അവർക്ക് എല്ലാവിധ പിന്തുണയും നൽകിയത് മാർവാഡികളും. ഗോസംരക്ഷണം ഗീതാപ്രസ്സിന്റെ പ്രധാന അജൻഡകളിലൊന്നായിരുന്നു. ഗോസംരക്ഷണത്തെ മുൻനിർത്തി ‘കല്യാൺ’ മാസിക നിരവധി സവിശേഷപതിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കല്യാൺ’ പത്രികയുടെ മുഖ്യ ചുമതലക്കാരനായിരുന്ന പൊദ്ദാറിനോടൊപ്പം പ്രഭുദത്ത് ബ്രഹ്മചാരി, കർപ്രതി മഹാരാജ് എന്നിവർ ചേർന്ന് 1947ന് മുമ്പുതന്നെ അറവുശാലകൾക്കെതിരെയുള്ള സമരത്തിന് തുടക്കം കുറിച്ചിരുന്നു. 1966 ഡിസംബർ 7ന് ഗോസംരക്ഷണ മുദ്രാവാക്യമുയർത്തി ഒരു വലിയ പ്രക്ഷോഭം നടന്നു. സന്ന്യാസിമാരും ആർഎസ്എസ് പ്രവർത്തകരും ഹിന്ദു മഹാസഭയും മറ്റ് സംഘപരിവാരസംഘടനകളും ചേർന്നാണ് ഈ സമരം നടത്തിയത്. അതിന്റെ മുഖ്യ സൂത്രധാരനും പൊദ്ദാറായിരുന്നു. ചുരുക്കത്തിൽ ഗോസംരക്ഷണ പ്രസ്ഥാനത്തിലൂടെയും ഗീതാപ്രസ്സിലൂടെയും മാർവാഡി സമൂഹത്തിന്റെ സാമൂഹ്യപദവി ഉയർന്നു. ഇതിനുപുറമേ ക്ഷേത്രങ്ങൾ നിർമിച്ചും സ്‌കൂളുകൾ പണിതും ആശുപത്രികൾ സ്ഥാപിച്ചും ‘രാമചരിതമാനസ’ത്തിന്റെ ആലാപനങ്ങൾ സംഘടിപ്പിച്ചും അവർ ‘രാഷ്ട്രത്തിലെ പ്രധാന പൗരസമൂഹ’മായി സ്വയം തിരിച്ചറിഞ്ഞു.
സനാതനധർമ്മത്തെ സമൂഹത്തിൽ വ്യാപിപ്പിക്കാനും ഹിന്ദുസമൂഹത്തെ ഏകോപിപ്പിക്കാനും മാർവാഡികളുടെ നേത്യത്വത്തിൽ നടന്ന ശ്രമങ്ങൾക്ക് ബൗദ്ധികമായ നേതൃത്വം നൽകിയത് ഗീതാ പ്രസ്സും ‘കല്യാൺ’ മാസികയുമായിരുന്നു. ഹൈന്ദവപുരാണങ്ങളും മറ്റു കൃതികളും പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി പ്രസാധനരംഗത്തേക്ക് വന്നത് ഗംഗാ വിഷ്ണു ബജാജ്, ഖേംരാജ് കൃഷ്ണദാസ് ബജാജ് എന്നീ രണ്ട് മാർവാഡി സഹോദരങ്ങളായിരുന്നു. 1871ൽ അവർ ബോംബെയിൽ ശ്രീവെങ്കടേശ്വര പ്രസ്സ് സ്ഥാപിച്ചു. ഏതാണ്ട് 2800ഓളം ശീർഷകങ്ങളാണ് ഈ പ്രസ്സ് ഏതാനും വർഷം കൊണ്ട് പ്രകാശിപ്പിച്ചത്. 1896ൽ ശ്രീ വെങ്കടേശ്വര പ്രസ്സ് ‘വെങ്കടേശ്വര സമാചാർ’ എന്ന പേരിൽ ഭക്തിപ്രധാനമായ ഉള്ളടക്കത്തോടുകൂടിയ ഒരു പത്രിക പുറത്തിറക്കി. ഗീതാപ്രസ്സിനുവേണ്ടി ‘കല്യാൺ’ മാസികയുടെ ആദ്യത്തെ 13 ലക്കങ്ങൾ അച്ചടിച്ച് പുറത്തിറക്കുന്നത് വെങ്കടേശ്വരപ്രസ്സാണ്. 1889ൽ അജ്‌മീറിൽ ആരംഭിച്ച ‘രാജസ്താൻ സമാചാർ’ എന്ന പത്രികയുടെ ലക്ഷ്യം ആര്യസമാജത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. 1912ൽ അത് ഒരു ദിനപത്രമായി മാറി. എന്നു മാത്രമല്ല ആര്യസമാജത്തിന്റെ ആശയങ്ങൾക്ക് പകരം ‘സനാതനധർമ്മം’ എന്ന ആശയത്തിന്റെ പ്രചാരകരായിത്തീരുകയും ചെയ്തു. ചുരുക്കത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദമാകുമ്പോഴേക്കും ഹിന്ദി ഭാഷയിലൂടെ വളർന്നുവന്ന അച്ചടി പൊതുമണ്ഡലത്തിന്റെയും മതപുനരുത്ഥാനത്തിന്റെയും നായകപദവിയിലേക്ക് മാർവാഡി സമൂഹം ഉയർന്നുകഴിഞ്ഞിരുന്നു. അതോടെ ‘ക്ഷത്രിയ-–ബ്രാഹ്മണ’ ബന്ധത്തെ ‘വൈശ്യ– -ബ്രാഹ്മണ’ ബന്ധംകൊണ്ട് പകരം വെക്കാൻ അവർക്ക് കഴിഞ്ഞു. ഹിന്ദു ദർശനത്തിന്റെ ‘മാർവാഡി വൽക്കരണം’ എന്നാണ് അക്ഷയ മുകുൾ ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്.
മാർവാഡി സമൂഹത്തെ നവീകരിക്കുക, അവർക്കിടയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രസരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആരംഭിച്ച ‘മാർവാഡി സുധാർ’, ‘മാർവാഡി അഗ്ഗർവാൾ’ എന്നീ പത്രികകൾ അൽപ്പായുസ്സായിരുന്നു. ഇവയെത്തുടർന്നാണ് ‘ഹിന്ദുമതധർമ്മ’ത്തിനായുള്ള ‘കല്യാൺ’ പത്രിക ആരംഭിക്കുന്നത്. അത് മാർവാഡികൾക്ക് വേണ്ടി മാത്രമായിരുന്നില്ല ഹിന്ദുക്കൾക്കും അതുവഴി ‘രാഷ്ട്ര’ത്തിനും വേണ്ടിയായിരുന്നു. നാൾക്കുനാൾ തകർന്നുകൊണ്ടിരുന്ന വേളയിലാണ് കല്യാൺ പത്രികയും ഗീതാപ്രസ്സും സ്ഥാപിക്കപ്പെട്ടത് എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്. ഗോഹത്യ, പള്ളികൾക്കു മുന്നിലൂടെയുള്ള ഘോഷയാത്രകൾ, ഹിന്ദി-–ഉറുദു തർക്കം എന്നിവയെല്ലാം വർഗീയ കലാപങ്ങൾക്ക് കാരണമായി. 1893-ൽ അസംഗിർ, മവു എന്നീ പ്രദേശങ്ങളിലും 1917ൽ ഷഹബാദ്, ഗയ, പാറ്റ്ന എന്നിവിടങ്ങളിലും വർഗീയ സംഘർഷങ്ങൾ അരങ്ങേറി. ഹിന്ദുത്വവാദികളുടെ സ്വാധീനത്തിൽ ഗോസംരക്ഷണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും അജൻഡയായി ഏറ്റെടുക്കേണ്ടിവന്നു. 1891ലെ നാഗ്‌പൂർ കോൺഗ്രസ് സമ്മേളനത്തിൽ ഗോസംരക്ഷണം ഒരു പ്രധാനപ്പെട്ട അജൻഡയായിരുന്നു. 1922 മുതൽ 1937 വരെ കോൺഗ്രസ് സമ്മേളനത്തോടൊപ്പം ഹിന്ദു മഹാസഭയുടേയും സമ്മേളനം നടന്നിരുന്നു. കാരണം കോൺഗ്രസിലെ ധാരാളം നേതാക്കന്മാർ ഹിന്ദുമഹാസഭയുടെയും നേതാക്കന്മാരായിരുന്നു. 1923നും 1929നും ഇടയിൽ ഉത്തരേന്ത്യയിൽ ഗോസംരക്ഷണത്തിന്റെ പേരിൽ 91 കലാപങ്ങൾ നടന്നതായി ചരിത്രകാരർ രേഖപ്പെടുത്തുന്നു. ഹിന്ദുത്വവും ദേശീയതയും വേർപെടുത്താനാകാത്തവിധം കൂടിക്കുഴഞ്ഞാണ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നത്. 1981ൽ കാൺപൂരിൽ നടന്ന വർഗീയ കലാപത്തിൽ 42 പള്ളികളും 18 ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. ഈ കലാപം അവസാനിപ്പിക്കാനായി ഇരു സമുദായങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച ഗണേഷ് ശങ്കർ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വളരെ വികാരനിർഭരമായ ഭാഷയിലാണ് ഗാന്ധിജി വിദ്യാർത്ഥിയെക്കുറിച്ച് യങ് ഇന്ത്യയിൽ എഴുതിയത്. ഹിന്ദുക്കൾക്കിടയിൽ വർഗീയവാദികൾ പ്രഭാതഭേരികളും ശുദ്ധിയും പ്രചരിപ്പിച്ചതിന് സമാന്തരമായി മുസ്ലീങ്ങൾക്കിടയിൽ തബ്ലിഗും (പ്രചരണം) തൻസി (സംഘടന)യും വ്യാപിപ്പിക്കാൻ തൽപ്പരകക്ഷികൾ ശ്രമിച്ചു. 1924ൽ മുസ്ലീം ലീഗ് രൂപീകരിക്കപ്പെടുന്നതുവരെ ഈ സംഘർഷങ്ങൾ കോൺഗ്രസിനകത്ത് രൂക്ഷമായ പ്രതിസന്ധി സൃഷ്‌ടിച്ചു. ഹിന്ദുമത നവീകരണം, കൊളോണിയൽ ആധുനികത, മുസ്ലീം വർഗീയത, ഹിന്ദുത്വരാഷ്ട്രീയം എന്നിവയോടെല്ലാം സവിശേഷമായി പ്രതികരിക്കാനുള്ള ബാധ്യത ഏറ്റെടുത്താണ് ഗീതപ്രസ്സും കല്യാൺ പത്രികയും ആരംഭിക്കുന്നത്.
1893 ലാണ് ബ്രഹ്മൻ എന്ന പത്രികയുടെ എഡിറ്റർ നാരായൺ മിശ്ര വായനക്കാർ ‘ഹിന്ദി-, ഹിന്ദു, -ഹിന്ദുസ്ഥാൻ’ എന്ന മുദ്രാവാക്യത്തോട് പ്രതിബദ്ധരല്ലാത്തതിനെ ആക്ഷേപിച്ചുകൊണ്ട് എഴുതിയത്.
ഇത് ഹിന്ദി പ്രസാധനലോകത്ത് ഒരിളക്കം സൃഷ്‌ടിച്ചു. എല്ലാ പ്രസിദ്ധീകരണങ്ങളിലും മതം ഒരു പ്രധാന ചർച്ചാ വിഷയമായി മാറി. പൊതുമണ്ഡലത്തിൽ മതം ചർച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ഗീതാ പ്രസ്സും കല്യാൺ പത്രികയും രംഗപ്രവേശം ചെയ്യുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘സനാതന ധർമ്മ പതാക’, ‘ധർമ്മരക്ഷക്’ തുടങ്ങിയവ ‘കല്യാൺ’ പത്രികയ്ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടതും ‘സനാതനധർമ്മ’ത്തിന്റെ പ്രചാരകരുമായിരുന്നു. എന്നാൽ അവയ്-ക്കൊന്നും വലിയ ആയുസ്സുണ്ടായിരുന്നില്ല. മേൽപ്പറഞ്ഞവയിൽനിന്ന് ഭിന്നമായി ഗീതാപ്രസ്സിനും അതിന്റെ പത്രികയ്-ക്കും ദീർഘകാലം ആഴത്തിൽ സ്വാധീനം സൃഷ്‌ടിക്കാൻ കഴിഞ്ഞതെന്തുകൊണ്ടാണെന്ന ചോദ്യം പ്രധാനമാണ്. ‘സനാതനധർമ്മം’ എന്ന ആശയത്തെ ഇന്ത്യൻ ദേശീയതയുമായി ബന്ധിപ്പിക്കാൻ അവർക്ക് കഴിഞ്ഞു എന്നതുതന്നെയാണ് അതിനുള്ള കാരണം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഹിന്ദുക്കളെ സനാതന ധർമ്മം എന്ന ഒറ്റക്കുടക്കീഴിൽ കൊണ്ടുവരിക എന്ന ദൗത്യവുമായാണ് ഗീതാപ്രസ്സ് അതിന്റെ സ്ഥാപിതലക്ഷ്യമായി ഏറ്റെടുത്തത്. അതിലവർ വിജയിച്ചു.
അച്ചടി മുതലാളിത്തത്തിന്റെ ലക്ഷ്യം ലാഭമാണെന്നും അതിനാൽ, എല്ലാ പ്രാദേശികഭാഷക ളിലും അച്ചടി സാധ്യമാക്കുക എന്നതും പരമാവധി മനുഷ്യരെ അക്ഷരത്തിന്റെ ലോകത്തേക്ക് കൊണ്ടു വരിക എന്നതും മൂലധനത്തിന്റെ ആത്യന്തിക താൽപ്പര്യമാണെന്നും ബെനഡിക്റ്റ് ആൻഡേഴ്സൺ സൂചിപ്പിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ഈ ലക്ഷ്യം തന്നെയാണ് പരോക്ഷമായി ദേശീയസ്വത്വബോധത്തേയും അതുവഴി രാഷ്ട്രസമൂഹത്തേയും നിർമിച്ചെടുത്തതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഗീതാപ്രസ്സിന്റെ കാര്യത്തിൽ മൗലികമായ വ്യത്യാസമുണ്ടെന്നാണ് അക്ഷയ മുകുൾ പറയുന്നത്. ഗീതാപ്രസ്സിന്റെ പുറകിൽ പ്രവർത്തിച്ചത് മാർവാഡി സമൂഹമാണെന്നും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ അവർ വ്യാവസായിക മുതലാളിത്തത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നുവെന്നും മുമ്പ് സൂചിപ്പിച്ചുവല്ലോ. എന്നാൽ ഗീതാപ്രസ്സിന് രൂപം നൽകുമ്പോൾ ‘ലാഭം’ എന്ന ലക്ഷ്യമായിരുന്നില്ല പ്രാഥമികമായി ഉണ്ടായിരുന്നത്. മറിച്ച് ക്രിസ്‌ത്യൻ മിഷണറിമാർ ഹിന്ദു സമുദായത്തിന്റെ നിലനിൽപ്പിന് സൃഷ്ടിക്കുന്ന ഭീഷണിയെ ചെറുക്കുക എന്നതായിരുന്നു. പോൾ ആർണേ ഗീതാപ്രസ്സിന്റെ പ്രവർത്തനങ്ങളെ ‘പ്രിന്റ് ഹിന്ദുയിസം’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
രാമായണം, ഗീത, മഹാഭാരതം, പുരാണങ്ങൾ എന്നിവയെല്ലാം ആകർഷകമായവിധം അച്ചടിച്ച് വിതരണം ചെയ്യാൻ ഗീതാപ്രസ്സ് ശ്രമിച്ചു. ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞത് ‘രാമചരിതമാനസ’ത്തിന്റേതാണ്. അതുവരെ പുരോഹിതവർഗത്തിന്റെ കുത്തകയായിരുന്ന രാമചരിതമാനസം സാമാന്യജനതയുടെ കൈകളിലെത്തി. 1983 ആകുമ്പോഴേക്കും ഗീതാപ്രസ്സ് വിറ്റഴിച്ചത് രാമചരിതമാനസത്തിന്റെ 57 ലക്ഷം കോപ്പികളാണ്. ഏറ്റവും ശ്രദ്ധേയമായ വസ്‌തുത ഗീതാപ്രസ്സ് ഒരിക്കലും ‘വേദങ്ങൾ’ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ്. രാമചരിതമാനസം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാവുമെന്ന് വന്നതോടെ, അതിനെ മുൻനിർത്തിയുള്ള കഥാവചനസദസ്സുകൾ ധാരാളമായി നടക്കാൻ തുടങ്ങി. രാമായണം, മഹാഭാരതം, രാമചരിതമാനസം എന്നീ പാഠങ്ങളെ മുൻനിർത്തിയുള്ള നാടകാവതരണങ്ങൾ നാടെങ്ങും അരങ്ങേറി. പിൽക്കാലത്ത് ‘രാംലീല’യുടെ അവതരണത്തേയും രാമചരിതമാനസത്തിന്റെ അച്ചടിപാഠങ്ങൾ വലിയ തോതിൽ സ്വാധീനിച്ചു. ‘രാമചരിതമാനസം’ വ്യാഖ്യാനിച്ച് അവതരിപ്പിക്കാൻ ഗീതാപ്രസ്സിന് സ്വന്ത മായ ഒരു ‘കഥാവാചകൻ’ ഉണ്ടായിരുന്നു. കൃപാശങ്കർ രാമായണി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നവരാത്രിക്കാലത്ത് ഉത്തരേന്ത്യയിൽ പലയിടങ്ങളിലും ഗീതാപ്രസ്സിന്റെ പുരസ്‌കരണത്തിൽ ഗീതായജ്ഞങ്ങളും രാമായണസഭകളും സംഘടിപ്പിച്ചിരുന്നു. ശൈവ–-വൈഷ്‌ണവ ഭേദമെന്യേ ഹിന്ദുമധ്യവർഗം ഈ വേദികളിലേക്ക് ആകർഷിക്കപ്പെട്ടു. എല്ലാ അന്തരങ്ങളേയും അതിവർത്തിക്കുന്ന ഒരു ഹിന്ദുസ്വത്വ ബോധത്തിലേക്ക് സമൂഹം പരിവർത്തിക്കപ്പെട്ടു.
സ്ഥാപിക്കപ്പെട്ടതുമുതൽ ഇന്നുവരെ ഒരിക്കലും പരാജയം നേരിടാത്ത ഒരു പ്രസാധനസംരംഭമാണ് ഗീതാപ്രസ്സ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, ഹൈന്ദവകൃതികൾ പ്രസിദ്ധീകരിച്ചിരുന്നത് മുസ്ലീം പ്രസാധകരായിരുന്നു. പിന്നീട് ഈ രംഗം അടക്കിവാണത് ‘നവാൽ കിഷോർ പ്രസ്സ്’ പോലുള്ള പ്രസാധകരാണ്. എന്നാൽ ഇവരെയെല്ലാം അപ്രസക്തരാക്കി ഈ മേഖല കയ്യടക്കാൻ ഗീതാ പ്രസ്സിനെ സഹായിച്ചത് ‘കല്യാൺ’ പത്രികയാണ്. ‘ഹിന്ദുത്വം’ എന്ന ആശയത്തിനുവേണ്ടി മാത്രം പ്രസിദ്ധീകരിക്കപ്പെട്ട ഈ പത്രിക വർഗീയ ധ്രുവീകരണത്തിന്റെ വേളയിലെ സ്വത്വപ്രതിസന്ധിയെ ആഴ ത്തിൽ ചൂഷണം ചെയ്‌തു. മതത്തിന്റെ ആരൂഢങ്ങളെ ഉപേക്ഷിച്ചതാണ് ഹിന്ദുമതത്തിന്റെ തകർച്ചയ്-ക്ക് കാരണമെന്നും എല്ലാവരും തങ്ങളുടെ മതപാരമ്പര്യത്തിലേക്ക് തിരിച്ചുവരണമെന്നുമുള്ള ‘കല്യാൺ പത്രിക’യുടെ ആഹ്വാനം അഭ്യസ്‌തവിദ്യരും ദേശാഭിമാനികളും മുസ്ലീം വിരുദ്ധത ഉള്ളിൽപ്പേറുന്നവരുമായ സവർണയുവാക്കളെ ആവേശം കൊള്ളിച്ചു. ഹൈന്ദവധർമ്മത്തിന്റെ കാവലാളായാണ് ‘കല്യാൺ പത്രിക’ അവതരിച്ചത്. ഒരേസമയം മാർവാഡി സമൂഹത്തിന്റെ ആഭ്യന്തര വൈരുധ്യങ്ങളേയും ‘ഹിന്ദു’മതം നേരിട്ട സ്വത്വപ്രതിസന്ധിയേയും അഭിമുഖീകരിക്കാൻ കല്യാൺ പത്രികയ്ക്കും ഗീതാപ്രസ്സിനും കഴിഞ്ഞു. ഒരു വ്യാപാരസമൂഹം എന്ന നിലയിൽ മാർവാഡികൾക്കെതിരെ ധാരാളം വിമർശനങ്ങൾ അക്കാലത്ത് പൊതുവിൽ നിലനിന്നിരുന്നു. ഒട്ടും ‘സത്യസന്ധതയില്ലാത്തവരാണ് മാർവാഡികൾ’ എന്ന പൊതുധാരണ പ്രബലമായി. ഇതിനെതിരെ ‘കല്യാൺ പത്രിക’ മുന്നറിയിപ്പ് നൽകി. അവിഹിത മാർഗത്തിലൂടെ പണം സമ്പാദിക്കരുതെന്നും അത് സനാതന ധർമ്മത്തിനെതിരാണെന്നും ഗീതാ പ്രസ്സിന്റെ സ്ഥാപകൻ ജയ്‌ദയാൽ ഗോയങ്ക കല്യാൺ പത്രികയിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹിന്ദുമതത്തിനകത്ത് പുനരുത്ഥാനവാദികളും പരിഷ്കരണവാദികളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപപ്പെട്ട ഹിന്ദുമഹാസഭയ്ക്ക് ഈ സംഘടനകളുമായുണ്ടായിരുന്ന ബന്ധത്തിലും കടുത്ത പിരിമുറുക്കങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം സമീകരിച്ചുകൊണ്ട് വിശാലമായ ഹിന്ദു താൽപ്പര്യമെന്ന നിലയ്-ക്ക് സനാതനധർമ്മത്തെ ഉയർത്തിപ്പിടിക്കാൻ ഗീതാപ്രസ്സിന് സാധിച്ചു. ഹിന്ദുമതസംഘടനകൾക്കിടയിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളോട് പക്ഷം പിടിക്കാൻ ‘കല്യാൺപത്രിക’യോ ഗീതാപ്രസ്സോ തയ്യാറായില്ല. എന്നാൽ ജാതിവ്യവസ്ഥ പുലരേണ്ടതാണെന്നും അത് സനാതനധർമ്മത്തിന്റെ അനിവാര്യഘ ടകമാണെന്നും ‘കല്യാൺപത്രിക’ ആവർത്തിച്ച് ഓർമിപ്പിച്ചു.
‘കർമ്മമാണ് മനുഷ്യരുടെ ജാതിയെ നിർണയിക്കുന്ന’തെന്ന ‘കല്യാൺ പത്രിക’യുടെ പ്രഖ്യാപനം കേവലം ജടിലോക്തിയായിരുന്നു. ജാതിയെക്കുറിച്ച് ഗാന്ധിജിക്കുണ്ടായിരുന്ന സന്ദിഗ്ദ്ധതയോ അംബേദ്‌കർ ഉന്നയിച്ച കടുത്ത വിമർശനമോ കടന്നുവരാതിരിക്കാൻ ഗീതാപ്രസ്സ് അതിന്റെ വാതിലുകൾ കൊട്ടിയടച്ചിരുന്നു. അംബേദ്‌കറെ ഏറ്റവും മോശമായ രീതിയിൽ അവതരിപ്പിക്കാനും ‘കല്യാൺ പത്രിക’ മടിച്ചില്ല. ‘ഹീനജാതിയിൽപ്പിറന്ന് വയസ്സുകാലത്ത് ബ്രാഹ്മണസ്ത്രീയെ വിവാഹം കഴിച്ച് ഹിന്ദുകോഡ് ബില്ലിന് രൂപം നൽകിയ ശത്രു’വായാണ് പത്രിക അംബേദ്‌കറെ ചിത്രീകരിച്ചത്. സ്ത്രീകൾ ഗാർഹികവൃത്തിയിലും പുരുഷന്മാർ സാമൂഹിക കാര്യങ്ങളിലും ഇടപെടേണ്ടവരാണെന്ന കാര്യത്തിലും ‘കല്യാൺ പത്രിക’യ്ക്ക് മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഘട്ടത്തിൽ ആർഎസ്എസ് വിഎച്ച്പി തുടങ്ങിയ സംഘടനകളുടെ പൊതുവേദിയായി ഗീതാ പ്രസ്സ് മാറി. അപ്പോഴും ബ്രാഹ്മണിക്കൽ ഹിന്ദുമതത്തിന്റേയും ഭക്തിയുടേയും മുഖംമൂടി ഉപേക്ഷിക്കാൻ ഗീതാപ്രസ്സ് തയ്യാറായിട്ടില്ല. ഗീതാപ്രസ്സിന്റെ സാരഥിയായിരുന്ന പൊദ്ദാർ വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണത്തിലും നിർണായക പങ്കു വഹിക്കുകയുണ്ടായി. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ രൂപഭാവങ്ങളെ കാലാനുസൃതമായി പരുവപ്പെടുത്തുന്നതിൽ ഗീതാപ്രസ്സ് നേടിയ വിജയമാണ് കൊളോണിയൽ കാലത്തുനിന്നാരംഭിച്ച അതിന്റെ സാന്നിധ്യത്തെ നാളിതുവരെ എത്തിച്ചത്. ‘കല്യാൺ മാസിക’യ്ക്ക് ഇപ്പോൾ ഏതാണ്ട് രണ്ട് ലക്ഷം വരിക്കാരുണ്ട്. ഇംഗ്ലീഷിൽ പുറത്തിറക്കുന്ന കല്യാണ-കൽപ്പതരുവിന്റെ ഒരു ലക്ഷം കോപ്പികളാണ് വിറ്റഴിക്കുന്നത്. 2014 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഗീതയുടെ 7.19 കോടി കോപ്പികൾ ഗീതാപ്രസ്സ് വിറ്റഴിച്ചിട്ടുണ്ട്. ഹിന്ദുവിഭാഗത്തിൽപ്പെട്ടവരുടെ ആചാരങ്ങൾ വിവരിക്കുന്ന ലഘുലേഖയുടെ 9.48 കോടി കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇക്കാലമാകുമ്പോഴേക്കും 739 ശീർഷകങ്ങൾ ഗീതാപ്രസ്സ് പുറത്തിറക്കി ക്കഴിഞ്ഞിരുന്നു. ഹിന്ദിയിലാണ് ഗീതാപ്രസ്സ് പ്രസാധനം ആരംഭിച്ചതെങ്കിലും മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലും ഇപ്പോൾ അവർ പുസ്‌തകം പ്രകാശിപ്പിക്കുന്നുണ്ട്.
ഹിന്ദുത്വപ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന രാഷ്ട്രീയക്കാർ, മനുഷ്യകാരുണ്യപ്രവർത്തകർ, പണ്ഡിതർ, സന്ന്യാസിമാർ, കോൺഗ്രസ്സിലെ യാഥാസ്ഥിതികർ, ആർഎസ്എസ്, വിഎച്ച്പി, ഹിന്ദു മഹാസഭ, ജനസംഘം തുടങ്ങിയ സംഘടനകൾ എന്നിവയെയെല്ലാം പരസ്‌പരം ബന്ധിപ്പക്കുന്ന കണ്ണിയായി ഗീതാപ്രസ്സ് പ്രവർത്തിച്ചു. ഇങ്ങനെയൊരു ചരിത്രം ഇന്ത്യയിലെ മറ്റൊരു പ്രസാധകർക്കും അവകാശപ്പെടാനില്ല. ‘സന്ന്യാസദേശീയതയുടെ ആണത്ത ‘ത്തെ സവിശേഷമായ വിചാരമാതൃകയായി വികസിപ്പിക്കുന്നതിൽ കല്യാൺ പത്രികയും ഗീതാപ്രസ്സും വിജയിച്ചു. ഹനുമാൻ പ്രസാദ് പൊദ്ദാർ, ജയാദയാൽ ഗോയങ്ക എന്നീ രണ്ട് വ്യക്തികളിൽ നിന്നാരംഭിച്ച ഒരു ഭാവനയ്ക്ക് ഇന്ത്യയിലെ ഏറ്റവും പ്രതിലോമകരമായ പ്രത്യയശാസ്ത്രമായി വികസിക്കാൻ കഴിഞ്ഞു. ഹിന്ദുത്വരാഷ്ട്രീയത്തിനായി പരസ്യമായി പ്രവർത്തിച്ചും കമ്യൂണിസത്തിന്റെ വ്യാപനത്തെ ശക്തമായി എതിർത്തും ഗീതാപ്രസ്സ് ഇന്നും അതിന്റെ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നു.
1926 ആഗസ്തിൽ പ്രസിദ്ധീകരണം ആരംഭിച്ച കല്യാണിന്റെ ആദ്യ ലക്കത്തിന് പൊദ്ദാർ എഴുതിയ ആമുഖമാണ് ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന് അന്നും ഇന്നും പ്രമാണം. “ക്ഷേത്രധ്വംസനവും അബലകളായ ഹിന്ദുസ്ത്രീകൾ ആക്രമിക്കപ്പെടുന്നതും ഗോഹത്യയുമാണ് നമ്മുടെ പ്രധാന പരിഗണനാവിഷയങ്ങളെന്ന് ആ ലക്കത്തിന്റെ എഡിറ്റോറിയലിൽ പൊദ്ദാർ എഴുതുന്നു. കോൺഗ്രസ് പിന്തുടരുന്ന അഹിംസാ സിദ്ധാന്തം ഭീരുത്വത്തിന്റെ ലക്ഷണമാകരുതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. വർണാശ്രമവ്യവസ്ഥയും ജാതിശുദ്ധിയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എഡിറ്റോറിയലിൽ സൂചനയുണ്ട്. ഇന്ത്യയെ പഴയ ഹിന്ദുരാഷ്ട്രത്തിന്റെ ഗരിമയിലേക്ക് തിരികെയെത്തിക്കാൻ പൊദ്ദാർ ആഹ്വാനം ചെയ്യുന്നു.
പൊദ്ദാർ ഈ ആമുഖം എഴുതുന്ന കാലത്ത് അത് ഒരു ഭാവന മാത്രമായിരുന്നു. ഇന്ന് കുറ്റബോധമേതുമില്ലാതെ നിയമത്തിന്റെ പരിരക്ഷണയിൽ പലതും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ നിർമിച്ചെടുത്ത ആദ്യത്തെ അച്ചടിശാലയാണ് ഗീതാപ്രസ്സ്. അന്നും ഇന്നും അത് അങ്ങനെതന്നെ തുടരുന്നു. ഇന്ത്യ എന്ന ക്ലാസ്‌മുറിയിൽ ഹിന്ദു സുവർണഭൂതകാലത്തെക്കുറിച്ചുള്ള മിത്ത് പറഞ്ഞുറപ്പിക്കുന്നതിൽ ഗീതാപ്രസ്സ് വഹിച്ച പങ്ക് സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ഗാന്ധിജിയുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സവർക്കർ മുതലുള്ള ആർ.എസ്.എസ് നേതാക്കളും കല്യാണിൽ എഴുതിയിട്ടുണ്ട്. അതേസമയം നെഹ്രുവിന്റെ രചനകളൊന്നും തനിക്ക് കല്യാണിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് അക്ഷയ മുകുൾ സൂചിപ്പിക്കുന്നു. വിവിധ അഭിപ്രായങ്ങൾക്ക് ഇടംകൊടുക്കുന്ന ഒരു സംവാദപപത്രികയായിരുന്നില്ല ‘കല്യാൺ.’ തങ്ങളുടെ മുഖ്യലക്ഷ്യമായ ‘ഹിന്ദുത്വ’ത്തോട് ചേർന്നു നിൽക്കുന്ന അഭിപ്രായങ്ങളെ മാത്രമേ അത് ഉൾച്ചേർത്തിരുന്നുള്ളു. അക്കാലത്തെ പ്രസിദ്ധരായ പലരേക്കൊണ്ടും കല്യാണിൽ എഴുതിക്കാൻ പൊദ്ദാർ ശ്രമിച്ചിരുന്നു. പ്രേംചന്ദ്, പൊദ്ദാറിന്റെ സുഹൃത്തായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ഒരു ലക്കത്തിൽ അദ്ദേഹം ശിവനെക്കുറിച്ച് ഒരു ലേഖനം എഴുതിയിട്ടുണ്ട്. സി എസ് ആൻഡ്രൂസിനെ പൊദ്ദാർ പലതവണ കല്യാണിൽ എഴുതാനായി ക്ഷണിക്കുന്നുണ്ട്. അപ്പോഴെല്ലാം അസുഖമാണെന്നും തിരക്കാണെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്. പൊദ്ദാറിന്റെ സ്വകാര്യ കത്തിടപാടുകളിലൂടെ കടന്നുപോയാണ് അക്ഷയ് മുകുൾ ഈ വിശദാംശങ്ങൾ കണ്ടെത്തുന്നത്. അതായത് അക്കാലത്ത് ലഭ്യമായ സാംസ്‌കാരിക മൂലധനത്തെ പൂർണമായും കല്യാണിനുവേണ്ടി സമാഹരിക്കാൻ പൊദ്ദാർ ശ്രമിച്ചു എന്നു വേണം കരുതാൻ.
പതിവ്രതയായ സ്ത്രീയുടെ ആത്മസമർപ്പണത്തിലൂടെ മാത്രമേ സനാതനധർമ്മം പുലരുകയുള്ളൂ എന്ന് കല്യാൺ പത്രിക നിരന്തരം ഓർമിപ്പിച്ചു. കാരണം കുടുംബത്തിലാണ് പ്രസ്‌തുത ധർമ്മത്തിന്റെ ഭദ്രത കുടികൊള്ളുന്നത്. സ്ത്രീകൾക്കുവേണ്ടി ഗീതാപ്രസ്സ് പ്രസിദ്ധീകരിച്ച ‘സ്ത്രീ ധർമ്മ പ്രശ്നോത്തരി’യിൽ സ്ത്രീകൾ അനുഷ്‌ഠിക്കേണ്ട കർമ്മങ്ങളെക്കുറിച്ച് ചോദ്യോത്തര രൂപത്തിൽ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. ഇപ്പോഴും മാർക്കറ്റിൽ വിറ്റഴിയുന്ന ഒരു പ്രധാന പുസ്‌തകമാണിത്. രണ്ട് സ്ത്രീകൾ തമ്മിലുള്ള സംഭാഷണരൂപത്തിലാണ് അതിന്റെ അവതരണം. സാവിത്രി എന്ന സ്ത്രീ സരളയെ ഹിന്ദുധർമ്മം ഉപദേശിക്കുകയാണ് ചെയ്യുന്നത്. സനാതനധർമ്മത്തിന്റെ പതാക വാഹകർ സ്ത്രീകളാണെന്ന് പഠിപ്പിക്കുയാണ് ഈ പുസ്‌തകത്തിന്റെ ഉദ്ദേശ്യം. ആദർശകുടുംബത്തിൽനിന്നാണ് ആദർശ രാഷ്ട്രം പിറക്കുന്നതെന്ന ആശയം പ്രചരിപ്പിക്കാനാണ് ഗീതാപ്രസ്സ് ശ്രമിച്ചത്. ‘സ്ത്രീ ധർമ്മ പ്രശ്നോത്തരി’ കൂടാതെ ‘നാരീധർമ്മം’ ‘സ്ത്രീയോം കെ ലിയെ കർത്തവ്യ ശിക്ഷ’, ‘ഭക്ത നാരി’, ‘നാരീ ശിക്ഷ’, ‘ദാമ്പത്യ ജീവൻ കെ ആദർശ്’, ‘ഗൃഹസ്‌ഥാ മേം കൈസേ രഹൻ’,‘പ്രശ്നോത്തർ മണിമാല’ എന്നിങ്ങനെ നിരവധി പുസ്‌തകങ്ങൾ ‘ഹിന്ദു സ്ത്രീകൾ’ ക്കുവേണ്ടി ഗീതാപ്രസ്സ് പുറത്തിറക്കിയിട്ടുണ്ട്. 1948ൽ കല്യാൺ പത്രിക ‘നാരീ അംഗ്’ എന്ന പേരിൽ പ്രത്യേക പതിപ്പ് പുറത്തിറക്കി. ‘നാരീ ധർമ്മ’മെഴുതിയ ജയാദയാൽ ഗോയങ്ക സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകരുതെന്നും അതവരെ നശിപ്പിക്കുമെന്നും പറയുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന അവിഹിത ബന്ധങ്ങളെക്കുറിച്ച് കൃതി മുന്നറിയിപ്പു നൽകുന്നുണ്ട്. സ്ത്രീശരീരത്തിന്റെ കുറവുകൾക്കെല്ലാം കാരണം അവരുടെ ശുദ്ധിയില്ലായ്മയാ ണെന്നും ഗോയങ്ക പറയുന്നു. എന്നാൽ സ്ത്രീകളെ വിദ്യാഭ്യാസത്തിൽനിന്ന് പൂർണമായും മാറ്റിനിർത്തണമെന്ന അഭിപ്രായം പൊദ്ദാറിനുണ്ടായിരുന്നില്ല. ഗാർഹിക കാര്യങ്ങളിലൂന്നുന്ന വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകണമെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ആധുനികത സ്ത്രീകളെ നശിപ്പിക്കുന്നുവെന്നും സാക്ഷരത അവരെ അന്യപുരുഷന്മാരുമായി ബന്ധപ്പെടാൻ പ്രേരിപ്പക്കുന്നുവെന്നും പൊദ്ദാർ നിരീക്ഷിക്കുന്നുണ്ട്. ഈ ആശയങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളെക്കൊണ്ട് ലേഖനങ്ങൾ എഴുതിക്കാനും കല്യാൺ പത്രിക പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശകുന്തള ഗുപ്‌ത കല്യാണിൽ സ്ത്രീ സ്വാതന്ത്യ്രത്തിനെതിരെ നിരന്തരം എഴുതിയിരുന്ന ലേഖികയാണ്. ഉൽപ്പാദനവും പ്രത്യുൽപ്പാദനവുമാണ് സമൂഹത്തിന്റെ നിലനിൽപ്പിനാധാരം. ഇതിൽ ഉൽപ്പാദനം പുരുഷന്റേയും പ്രത്യുൽപ്പാദനം സ്ത്രീയുടേയും ഉത്തരവാദിത്തമാണെന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്ന അച്ചടിശാലയാണ് ഗീതാപ്രസ്സ്. ഈ അഭിപ്രായങ്ങൾക്കെല്ലാം ഉപോൽബലകമായി മേൽപ്പറഞ്ഞ പുസ്‌തകങ്ങളിൽ മനുസ്‌മൃതി ഉദ്ധരിക്കപ്പെടുന്നുണ്ട്. വിവാഹം പവിത്രമാണെന്നും അത് മരണത്തോടുകൂടി അവസാനിക്കുന്നതല്ലെന്നും ‘സ്ത്രീ ധർമ്മ പ്രശ്നോത്തരി’യിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ വിധവാ വിവാഹം അധർമ്മമാണെന്ന് സാവിത്രി സരളയോട് പറയുന്നു. മിശ്രവിവാഹം, ഹണിമൂൺ, രജിസ്റ്റർ വിവാഹം, ചെലവു ചുരുങ്ങിയ വിവാഹം എന്നിവയ്-ക്കെല്ലാം പൊദ്ദാർ എതിരായിരുന്നു. 1929ലെ ശൈശവവിവാഹനിരോധനനിയമത്തിനെതിരെ പൊദ്ദാർ അതിശക്തമായി ‘കല്യാണി’ലൂടെ പ്രതികരിച്ചു. ഋതുമതികളായിക്കഴിഞ്ഞാൽ പെൺകുട്ടികൾക്ക് കാമവാസന നിയന്ത്രിക്കാനാവില്ലെന്നും അതുകൊണ്ട് ആ സമയത്തുതന്നെ അവരെ വിവാഹം കഴിപ്പിക്കണമെന്നുമാണ് പൊദ്ദാറിന്റെ വാദം. സ്ത്രീയുടെ ലൈംഗികാഭിലാഷങ്ങളെ തളച്ചിടാനുള്ള ഒരു തടവറ എന്ന നിലയ്-ക്കാണ് കല്യാണിൽ വിവാഹം അവതരിപ്പിക്കപ്പെട്ടത്.
ഗാന്ധിജിയുമായി പൊദ്ദാറിന് പിതൃപുത്രബന്ധം പോലെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആശങ്കകൾക്ക് മനുസ്‌മൃതിയുൾപ്പെടെയുള്ളവ ഉദ്ധരിച്ചു കൊണ്ട് പൊദ്ദാർ നിരന്തരം കത്തുകളിലൂടെ മറുപടി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപ്രവേശനം എന്ന ആശയവുമായി ഗാന്ധിജി മുന്നോട്ടുവന്നതോടെ അവരുടെ ബന്ധം വഷളായി. 1932ലെ പൂനാകരാറിന്റെ ഭാഗമായി ക്ഷേത്രപ്രവേശനം നിയമമാക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചു. 1939-ൽ അത് ബില്ലായി പുറത്തുവന്നു. ഇതോടെ പൊദ്ദാർ പൂർണമായും ഗാന്ധിജിയുടെ എതിർ പക്ഷത്തായി. പാശ്ചാത്യ ആശയങ്ങൾ കൊണ്ടു നടക്കുന്ന കള്ള സന്ന്യാസിയാണ് ഗാന്ധി എന്നുപോലും പൊദ്ദാർ അദ്ദേഹത്തെ ആക്ഷേപിച്ചു. അസ്പൃശ്യതയെ ന്യായീകരിക്കാൻ സയൻസിനെ ഉദ്ധരിക്കുകയാണ് പൊദ്ദാർ ചെയ്തത്. മലിനമായ ജോലികൾ ചെയ്യുന്ന ജാതിക്കാരുടെ ശരീരങ്ങളിൽ അണുക്കളുണ്ടാകുമെന്നും അത് രോഗം പരത്താൻ ഇടയാക്കുമെന്നും പ്രാചീന ഋഷിമാർ ഇത് മുൻകൂട്ടി കണ്ടറിഞ്ഞിരുന്നുവെന്നുമാണ് പൊദ്ദാറിന്റെ വാദം. അതിനാൽ എല്ലാവർക്കും വേണ്ടിയുള്ള ക്ഷേത്രം എന്നത് അപകടകരമായ ആശയമാണ്- എന്ന് കല്യാണിലൂടെ പ്രചരിപ്പിക്കപ്പെട്ടു. “ക്ഷേത്രപ്രവേശനം’ ബലാൽക്കാരത്തിന് തുല്യമാണെന്നുമാണ് പൊദ്ദാർ പറഞ്ഞത്.
ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയൊക്കെ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷയിൽനിന്ന് കല്യാൺ പത്രിക പതിയെ ഹിംസാത്മകമായ ഭാഷയിലേക്ക് ചുവടുമാറുന്നത് കാണാം. പ്രത്യേകിച്ചും ഇന്ത്യയിൽ ഹിന്ദു-–മുസ്ലീം ബന്ധം പൂർണമായും തകർന്ന് വിഭജനത്തിന്റെ വക്കിലെത്തിയ സമയത്ത് ‘ജിന്ന ജീവൻ കൊടുത്താലും പാകിസ്താൻ ലഭിക്കില്ല’ എന്ന ലേഖനം ഇതിന് തെളിവാണ്. ‘നവഖാലിയിൽ ബലാൽക്കാരത്തിനിരയായ സ്ത്രീയുടെ അനുഭവം’ എന്ന പേരിൽ ഗീതാപ്രസ്സ് പുറത്തിറക്കിയ ലഘുലേഖ വർഗീയകലാപം ആളിക്കത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1947ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്ന വേളയിൽ 1947 ഫെബ്രുവരി മാസത്തിൽ ‘ഹിന്ദുത്വമില്ലാതെ ഇന്ത്യക്ക് എന്ത് സ്വാതന്ത്ര്യം’ എന്ന പേരിൽ കല്യാൺ മാസികയിൽ പ്രസിദ്ധീകരിച്ച കവിത പങ്കുവെച്ച ആശയങ്ങൾ തന്നെയാണ് സമകാലിക ഇന്ത്യയിൽ മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
1947 ജൂലായ് മാസത്തിൽ കോൺഗ്രസ്, ഹിന്ദു മഹാസഭ, സനാതനികൾ, ജൈനന്മാർ, സിക്കുകാർ എന്നിവർക്കെല്ലാം വേണ്ടി പൊദ്ദാർ പന്ത്രണ്ട് കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു നിവേദനം തയ്യാറാക്കുന്നുണ്ട്. അവ താഴെ പറയുന്നു.
1. സ്വതന്ത്ര ഇന്ത്യയെ ഹിന്ദുസ്ഥാൻ അഥവാ ആര്യാവർത്തം എന്ന് വിളിക്കണം.
2. ഹിന്ദു സംസ്കാരത്തിൽ പടുത്തുയർത്തിയ ഒരു ഹിന്ദുരാഷ്ട്രമായിരിക്കണം അത്. അതിന്റെ പതാക കുങ്കുമവർണത്തിലുള്ളതായിരിക്കണം. വന്ദേമാതരമായിരിക്കണം ദേശീയഗാനം.
3. ഗോവധം പൂർണമായും നിരോധിക്കണം.
4. ദേവനാഗിരിയിലുള്ള ഹിന്ദി ദേശീയ ഭാഷയായിരിക്കണം.
5. സൈനികസേവനം നിർബന്ധമാക്കണം.
6. ഇന്ത്യൻ സേനയിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
7. ഒരു മുസ്ലീമിനേയും ഉന്നതസ്ഥാനങ്ങളിൽ നിയമിക്കരുത്.
8. പകിസ്താനിലെ ഹിന്ദുക്കൾക്ക് സംവരണമുണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സംവരണം അനുവദിക്കാവൂ.
9. ആചാരപരിഷ്കാരങ്ങൾക്കായി നിയമനിർമാണം പാടില്ല.
10. അതിർത്തികളിലെല്ലാം സുശക്തമായ ഇന്ത്യൻ സേനയെ വിന്യസിക്കണം.
11. പാകിസ്താനെ വിദേശരാജ്യമായിക്കണ്ട് പാസ്-പോർട്ട് നിർബന്ധമാക്കണം.
12. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.
രാഷ്ട്രത്തിനുള്ള ഈ നിർദ്ദേശങ്ങൾക്കു പുറമെ പൊദ്ദാർ ഹിന്ദുക്കൾ പാലിക്കേണ്ട 8 നിയമങ്ങൾ വേറെയും നൽകുന്നുണ്ട്.
പൊദ്ദാർ ജീവിച്ചിരുന്ന കാലത്ത് ഈ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമായിരുന്നില്ല. സെക്കുലർ ഇന്ത്യക്ക് വേണ്ടി വാദിച്ചിരുന്നവർ പൊദ്ദാറിനേയും ഗീതാപ്രസ്സിലൂടെ പുറത്തുവന്ന ആദർശങ്ങളെയും ജനാധിപത്യപരമായി പരാജയപ്പെടുത്തി. എന്നാൽ നെഹ്രുയുഗത്തിനുശേഷം ഈ സെക്കുലർ സങ്കൽപ്പം പതിയെ തകരാൻ തുടങ്ങി. പ്രത്യേകിച്ചും അടിയന്തിരവസ്ഥയ്ക്കുശേഷം ഹിന്ദുത്വശക്തികൾ വർധിതവീര്യത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിന്റെ സ്ഥാനമുറപ്പിച്ചു. ഗീതാപ്രസ്സിന്റെ പ്രസക്തി വർധിച്ചു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അതിദ്രുതം നടന്നുകൊണ്ടിരിക്കുന്നു. ‘ഹിന്ദി, -ഹിന്ദു-, ഹിന്ദുസ്ഥാൻ’ എന്ന ഗീതാപ്രസ്സിന്റെ മുദ്രാവാക്യം സാക്ഷാൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് മോദിയും സംഘപരിവാരവും.l
(അക്ഷയ മുകുളിന്റെ ‘ഗീതാപ്രസ്സും ഹിന്ദു ഇന്ത്യയുടെ നിർമ്മാണവും’ എന്ന പുസ്‌തകത്തെ അധികരിച്ച് തയ്യാറാക്കിയത്)



