ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വികസന വെല്ലുവിളി തൊഴിലില്ലായ്മയാണ്. 35 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിൽ പണിയെടുക്കാൻ വടക്കേ ഇന്ത്യയിൽ നിന്നും ഇവിടെ വരുന്നത്. ഇങ്ങനെയുള്ളൊരു സംസ്ഥാനത്താണ് രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കുള്ളത്. 15 വയസിനും 29 വയസിനും ഇടയിലുള്ള യുവതീ-യുവാക്കളിൽ കേരളത്തിലെ 29.9 ശതമാനം പേർക്ക് തൊഴിലില്ല. ചിത്രം 1 നോക്കിയാൽ ഇതു വളരെ വ്യക്തമാണ്. ദേശീയശരാശരി 10.2 ശതമാനമാണ്. അതേസമയം കേരളത്തിലെ തൊഴിലില്ലായ്മ അതിന്റെ മൂന്നു മടങ്ങ് ഉയർന്നതാണ്. കേരളമാണ് ഏറ്റവും ഉയർന്ന യുവതൊഴിലില്ലായ്മയുള്ള സംസ്ഥാനം.
അഭ്യസ്തവിദ്യരുടെ യോഗ്യതയ്ക്കും പ്രതീക്ഷകൾക്കും അനുസരിച്ച് നല്ല വരുമാനമുള്ള തൊഴിലുകൾ കേരളത്തിൽതന്നെ സൃഷ്ടിക്കുക എന്നുള്ളതാണ് വികസനത്തിന്റെ അടുത്തഘട്ടത്തിലെ മുഖ്യ കടമ. തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുന്നതിന് ഉയർന്ന ഉൽപ്പാദനക്ഷമത നൽകുന്ന നൂതന ശാസ്ത്ര–സാങ്കേതികവിദ്യകൾ സമ്പദ്ഘടനയുടെ അടിത്തറയാകണം. ഇത്തരം സാങ്കേതികവിദ്യകളുടെ നിർമിതിയെയും സാർവ്വത്രിക വ്യാപനത്തെയുമാണ് വിജ്ഞാന സമ്പദ്ഘടന എന്നു വിശേഷിപ്പിക്കുന്നത്. ഇതിലേക്കുള്ള ഒരു കാൽവെയ്പ് കൂടിയാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ.
ശാസ്ത്ര–സാങ്കേതികവിദ്യാ വിപ്ലവങ്ങളുടെ ചരിത്രം
സാമ്പത്തിക പുരോഗതിയുടെ ചാലകശക്തി സാങ്കേതികവിദ്യയുടെ വളർച്ചയും അത് സൃഷ്ടിക്കുന്ന ഉൽപ്പാദനക്ഷമതയുടെ വർദ്ധനവുമാണ്. സാങ്കേതികവിദ്യയെന്നു പറഞ്ഞാൽ അടിസ്ഥാനപരമായി പ്രകൃതിയിലെ വസ്തുക്കളെ അധ്വാനത്താൽ രൂപാന്തരപ്പെടുത്തുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങളാണ്. അതുകൊണ്ടാണ് ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മനുഷ്യനെ ഉപകരണങ്ങളുപയോഗിക്കുന്ന മൃഗം എന്ന് വിശേഷിപ്പിച്ചത്. അധ്വാന ഉപകരണങ്ങളുടെ, അഥവാ സാങ്കേതികവിദ്യകളുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും മനുഷ്യാധ്വാന ശേഷിയുടെ കാര്യക്ഷമത അഥവാ ഉൽപ്പാദനത്തിനുള്ള കഴിവ്.

മേൽപ്പറഞ്ഞ അർഥത്തിലാണ് മാർക്സ് ഒരിക്കൽ ‘കാറ്റാടിയന്ത്രം ജന്മിസമൂഹത്തെ സൃഷ്ടിച്ചു, ആവിയന്ത്രം വ്യവസായ സമൂഹത്തെ സൃഷ്ടിച്ചു’ എന്ന് പറഞ്ഞത്. ഇത് അതിലളിതവൽക്കരിച്ച ഒരു പ്രസ്താവനയാണ്. പക്ഷേ, സാമൂഹ്യ വ്യവസ്ഥയെ നിർണയിക്കുന്നതിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തിലേക്ക് ഇത് വിരൽചൂണ്ടുന്നുണ്ട്.
ആവിശക്തിയുടെ ആവിർഭാവം കൈവേലയ്ക്കുപകരം യന്ത്രങ്ങളുപയോഗിക്കുന്നതിലേക്കും വ്യവസായവിപ്ലവത്തിലേക്കും നയിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് യൂറോപ്പിൽ ഈ മാറ്റം ഉണ്ടായത്. ഇംഗ്ലണ്ടിൽ തുടങ്ങിയ വ്യവസായ വിപ്ലവം അതിവേഗത്തിൽ യൂറോപ്പിലേക്കും ബാധിച്ചു. അന്നുമുതലുള്ള സാങ്കേതിക പരിണാമത്തിന്റെ സുപ്രധാന ഘട്ടങ്ങളെയാണ് താഴെ ചിത്രം 2-ൽ വിശദീകരിച്ചിട്ടുള്ളത്.
ഒരു നൂറ്റാണ്ട് കഴിഞ്ഞ് 1870 ആയപ്പോഴേക്കും വൈദ്യുതിയുടെ ഉപയോഗം വ്യാപകമായി. ഇത് യന്ത്രവൽക്കരണത്തെ ഒരു പുതിയ വാതായനത്തിൽ എത്തിച്ചു. യന്ത്രങ്ങളെ തുടർച്ചയായി ബന്ധപ്പെടുത്തി അസംബ്ലി ലൈൻ ഉൽപ്പാദനം ആരംഭിച്ചു. കാർ ആയിത്തീർന്നു ഗതാഗതത്തിന്റെ മുഖമുദ്ര. ഇതിനെയാണ് രണ്ടാം വ്യവസായ വിപ്ലവം അഥവാ രണ്ടാം വ്യവസായം എന്നു വിളിക്കുന്നത്.
മറ്റൊരു നൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോൾ 1960-കളിൽ മൂന്നാമതൊരു ശാസ്ത്ര – സാങ്കേതിക വിപ്ലവത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഇലക്ട്രോണിക്‌സും ഇന്റർനെറ്റും ആയിരുന്നു ഇതിന്റെ കാതൽ. ഇതോടെ ഓട്ടോമേറ്റഡ് ഉൽപ്പാദനം ആരംഭിച്ചു, വിമാനമായിത്തീർന്നു ഗതാഗതത്തിന്റെ മുഖമുദ്ര. അറ്റോമിക് എനർജിയുടെ ഉപയോഗവും വ്യാപിച്ചു. ഇതിനെ വ്യവസായം 3.0 എന്ന് വിളിക്കുന്നു.
നാലും അഞ്ചും വ്യവസായ വിപ്ലവങ്ങൾ
പുതിയ സഹസ്രാബ്ദം ആരംഭിച്ചപ്പോഴേക്കും പുതിയൊരുപറ്റം സാങ്കേതിക കണ്ടുപിടുത്തങ്ങൾ രംഗപ്രവേശം ചെയ്തു. – ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടുകൾ, നിർമിതബുദ്ധി, ബിഗ് ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, പുതിയ ജനിതകം, നാനോ ടെക്നോളജി, ന്യൂ മെറ്റീരിയൽ സയൻസ് എന്നിങ്ങനെയുള്ളവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പാദനക്ഷമത ഊഹാതീതമാണ്. ബദൽ ഊർജ്ജ സ്ത്രോതസുകളും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെയൊക്കെ പ്രത്യേകത ഈ കണ്ടുപിടുത്തങ്ങൾ എല്ലാം വളരെ ഉയർന്ന ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ളവയാണെന്നതാണ്. ഒരു പരിധിവരെ വിജ്ഞാനം തന്നെ പ്രത്യക്ഷ ഉൽപ്പാദനോപാധിയായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സാമൂഹ്യവ്യവസ്ഥയെ വിജ്ഞാനസമ്പദ്ഘടന എന്നും – വിജ്ഞാനസമൂഹം എന്നും മറ്റും വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഇതിനെയാണ് വ്യവസായം 4.0 എന്നു വിളിക്കുന്നത്.
ചിലർ പറയുന്നത് വ്യവസായം 5.0 ആണ് ഭാവിയെന്നാണ്. വ്യവസായം നാലിലെ സാങ്കേതികവിദ്യകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഈ കുതിപ്പിന് ഒരു മാനവീയ മുഖം നൽകേണ്ടിയിരിക്കുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതും പ്രധാനമാണ്.
കേരള സംസ്ഥാനം ബോധപൂർവ്വം വ്യവസായം 4.0 ന്റെയും വ്യവസായം 5.0 ന്റെയും സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സമ്പദ്ഘടനയെ ഒരു വിജ്ഞാനസമ്പദ്ഘടനയായി രൂപാന്തരപ്പെടുത്തുന്നതിനു തീരുമാനിച്ചിരിക്കുകയാണ്. ഇത്തരമൊരു സാമൂഹിക ലക്ഷ്യം ഔപചാരികമായി അംഗീകരിച്ച് നയങ്ങൾ ആവിഷ്കരിച്ചിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്.
ഈ ലക്കം ചിന്തയിൽ ഇത്തരത്തിൽ ഭാവി കേരളത്തിന്റെ വികസനത്തിന്റെ അടിസ്ഥാനമാകേണ്ട ഏതാനും സാങ്കേതികവിദ്യകളെയും അവയുടെ സാധ്യതകളെയുമാണ് പരിചയപ്പെടുത്തുന്നത്. ഇതിനൊരു മുഖവുരയാണ് വിജ്ഞാന സമ്പദ്ഘടന എന്തെന്നു വിശദീകരിക്കുന്ന ഈ ലേഖനം.
വിജ്ഞാന സമ്പദ്ഘടനയെ പ്രധാനമായും നാല് ഘടകങ്ങളായി തരംതിരിക്കാം.
പരമ്പരാഗത കാർഷിക–വ്യാവസായിക
മേഖലകൾ
• പുതിയ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ
• സ്റ്റാർട്ടപ്പ് മേഖല
• വർക്ക് ഫ്രം / നിയർ ഹോം മേഖല
പരമ്പരാഗത കാർഷിക – വ്യവസായ
മേഖലകളുടെ ആധുനികവൽക്കരണം
ചിലർക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. വിജ്ഞാനസമ്പദ്ഘടനയെന്നു പറഞ്ഞാൽ നിലവിലുള്ള കൃഷി, ചെറുകിട വ്യവസായങ്ങൾ, നാട്ടിലെ സേവനത്തുറകൾ ഇവയോടൊന്നും ബന്ധപ്പെടാതെ മുകളിൽ നിന്ന് കെട്ടിയിറക്കുന്ന എന്തോ ഒന്നാണെന്ന്. നിലവിലുള്ള പരമ്പരാഗത സമ്പദ്ഘടനയിൽ, കൂടുതൽ ശാസ്ത്ര–സാങ്കേതികവിദ്യകൾ സന്നിവേശിപ്പിച്ച് അവയെ കൂടുതൽ വിജ്ഞാനസാന്ദ്രമാക്കുകയാണ് വിജ്ഞാനസമ്പദ്ഘടനയുടെ തുടക്കം. അതുവഴി അവിടങ്ങളിലെ മൂല്യവർദ്ധനയുണ്ടാക്കാനും ജനങ്ങളുടെ വരുമാനം ഉയർത്താനും കഴിയും. അങ്ങനെയല്ലാതെ അഭ്യസ്തവിദ്യരുടെ സമൂഹത്തിൽ ഈ മേഖലകൾക്ക് നിലനിൽപ്പുണ്ടാവുകയില്ല.
ഈ വ്യവസായങ്ങൾ നിലനിൽക്കണമെങ്കിൽ അവയെ വൈവിധ്യവൽക്കരിക്കുകയും ആധുനികവൽക്കരിക്കുകയും വേണം. നമ്മുടെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് കാർഷിക വിഭവങ്ങളായി വിപണനം ചെയ്യുന്നതിനു പകരം കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി വിപണനം ചെയ്യണം. ഇതിന് ഏറ്റവും ആധുനിക ശാസ്ത്ര–സാങ്കേതികവിദ്യകൾ അനിവാര്യമാണ്.
ഇത് പറയുമ്പോൾ ന്യായമായൊരു സംശയം ഉന്നയിക്കപ്പെടാം. ഈ പരമ്പരാഗത മേഖലകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തിയത് ഇടതുപക്ഷമല്ലേ? പക്ഷേ, അന്ന് ഈ ജോലികൾ ചെയ്യാൻ തൊഴിലാളികൾ സുലഭമായിരുന്നു. അവരെ തോൽപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് യന്ത്രവൽക്കരണത്തെക്കുറിച്ചും മറ്റും ആലോചിച്ചത്. സ്വാഭാവികമായും ശക്തമായ എതിർപ്പും ഉണ്ടായി.
എന്നാൽ ഇന്ന് തൊഴിൽ കമ്പോളത്തിന്റെ സാഹചര്യങ്ങൾ അടിമുടി മാറി. ഇത്തരം ജോലി ചെയ്യാൻ കേരളത്തിൽ തൊഴിലാളികൾ ഇല്ലായെന്നുള്ളതാണ് വസ്തുത. ഇത്തരമൊരു സാഹചര്യത്തിൽ മാറിച്ചിന്തിച്ചേ തീരൂ.
നൂതന വിജ്ഞാനാധിഷ്ഠിത
വ്യവസായങ്ങളുടെ വ്യാപനം
പുതിയ സാമ്പത്തികപരിഷ്‌കാരങ്ങൾക്കു ശേഷം ഇന്ത്യയിലെ വിദേശിയും നാടനുമായ കോർപ്പറേറ്റ് നിക്ഷേപങ്ങൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ നിക്ഷേപ ഒഴുക്കിൽ കേരളത്തിന്റെ വിഹിതം വളരെ തുച്ഛമാണ്. ഈ സ്ഥിതിവിശേഷത്തിന് മാറ്റമുണ്ടാവണം. ഇത്തരത്തിൽ കോർപ്പറേറ്റ് നിക്ഷേപത്തെ ആകർഷിക്കുമ്പോൾ മുൻഗണന നൽകേണ്ട വ്യവസായ മേഖലകൾ ഏതൊക്കെയാണ്? നമുക്കേറ്റവും അനുയോജ്യമായ വ്യവസായ മേഖലകളേവയാണ്?
കേരളത്തിന്റെ ഏറ്റവും അനുയോജ്യമായ മേഖല ഐ ടി, ബി ടി പോലുള്ള വൈജ്ഞാനിക വ്യവസായങ്ങളാണ്. നൈപുണിപ്രധാനമായ ലൈറ്റ് എഞ്ചിനീയറിംഗ് പോലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ടൂറിസം പോലുള്ള സേവനപ്രധാനമായ വ്യവസായങ്ങളാണ് അതിവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മറ്റൊരു മേഖല. ക്യൂബയുടെ മാതൃകയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾക്കുള്ള ഹബ്ബായും കേരളത്തെ വികസിപ്പിക്കാനാവും.
കേരളം – ഇന്നവേഷനും
പുതുതലമുറ സംരംഭകരും
പുറത്തുനിന്നുള്ള മൂലധനത്തെ മാത്രം ആശ്രയിച്ച് കേരളത്തിന് മുന്നോട്ടുപോകാനാവില്ല. കേരളത്തിൽ ഒരു പുതിയതലമുറ സംരംഭകരെ സൃഷ്ടിക്കണം. ഇവരുടെ സാമൂഹിക അടിത്തറ കേരളത്തിലെ അഭ്യസ്തവിദ്യരായ, അതിമിടുക്കരായ യുവതീ-യുവാക്കളായിരിക്കും. ഇവരുടെ മുൻകയ്യിൽ നൂതനവിദ്യകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളുടെ താഴ്വരയായി കേരളം മാറണം. ഇതിനുള്ള ഏറ്റവും നല്ല ഇക്കോസിസ്റ്റമുള്ള സംസ്ഥാനമായി കേരളം ഉയർന്നിട്ടുണ്ട്. ഒട്ടേറെ സ്റ്റാർട്ടപ്പ് വിജയകഥകൾ ഇന്ന് കേരളത്തിലുണ്ട്. ഇവരുടെ എണ്ണം പലമടങ്ങ് ഉയരണം.
സമൂഹത്തിലെ പുതിയ അറിവുകൾ സാമ്പത്തിക മേഖലയിലെ സങ്കേതങ്ങളോ, പ്രക്രിയയോ, സംഘാടനമോ, ഉൽപന്നമോ, വിപണനമോ ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഇന്നവേഷൻ അല്ലെങ്കിൽ നൂതനവിദ്യ. കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം.
വിജ്ഞാനോൽപ്പാദനം ഇന്നവേഷൻസായി രൂപാന്തരപ്പെടണം. സമൂഹത്തിലെ പുതിയ അറിവുകൾ സാമ്പത്തിക മേഖലയിലെ സങ്കേതങ്ങളോ, പ്രക്രിയയോ, സംഘാടനമോ, ഉൽപന്നമോ, വിപണനമോ ആയി രൂപാന്തരം പ്രാപിക്കുന്നതാണ് ഇന്നവേഷൻ അല്ലെങ്കിൽ നൂതനവിദ്യ. കേരളം അതിവേഗത്തിൽ വളരണമെങ്കിൽ എല്ലാ തലങ്ങളിലും നിരന്തരമായി ഇന്നവേഷൻ നടക്കണം.
ഇന്നവേഷൻ പ്രോത്സാഹന സ്കീമുകളിലൂടെ രൂപം കൊള്ളുന്ന ഉൽപന്നങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ സംരംഭങ്ങളാക്കി മാറ്റുന്നതിനായി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പരിപാടികളുണ്ട്. ഐ ടിയിൽ മാത്രമല്ല, നൂതന സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റു മേഖലകളിലെല്ലാം സ്റ്റാർട്ടപ്പുകൾ പ്രസക്തമാണ്. സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ശക്തമായ പ്രോത്സാഹനാന്തരീക്ഷ സൃഷ്ടിയിൽ ദേശീയതലത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കേരളം ടോപ്പ് പെർഫോർമറാണ്.
വർക്ക് ഫ്രം/വർക്ക് നിയർ ഹോം മേഖല
കോവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ തൊഴിൽ ഘടനയിൽ വലിയ ഇടർച്ച സൃഷ്ടിച്ചു. ആഗോളതലത്തിൽ 50 ലക്ഷത്തിൽ താഴെ ആളുകളാണ് കേന്ദ്രീകൃത ഓഫീസുകൾക്കു പുറത്തിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്തുകൊണ്ടിരുന്നത്. കോവിഡ് കാലത്ത് ഇത് 3 കോടിയായി വർദ്ധിച്ചു. കോവിഡ് കഴിഞ്ഞെങ്കിലും ഈ പ്രവണത ശക്തിപ്പെടുകയാണ് ഉണ്ടായത്. ഈ സാഹചര്യം ഏറ്റവും ഫലപ്രദമായും ഭാവനാത്മകമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
“വർക്ക് നിയർ ഹോമി”നു പുറമെ, “വർക്ക് ഫ്രം ഹോം”, അതായത് വീട്ടിലിരുന്ന് പണിയെടുക്കുന്നവർക്കു വേണ്ടിയുള്ള തൊഴിൽ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തുന്നതാണ്. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ തലത്തിലേയ്ക്കുള്ള ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കാം. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.
സർക്കാർ ഇടപെടലിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള ജോലിവ്യവസ്ഥയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണുവാനാകും. അവരുടെ ജോലിയ്ക്ക് ആവശ്യമായിട്ടുള്ള കമ്പ്യൂട്ടറും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിനുള്ള വായ്‌പാ സൗകര്യങ്ങൾ സൃഷ്ടിക്കാനാവും. വർക്ക് നിയർ ഹോം സൗകര്യങ്ങൾ ഒരുക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മുൻകൈ എടുക്കാം. സാമൂഹിക സുരക്ഷാ ഫണ്ടുകൾ രൂപീകരിക്കാൻ സർക്കാരിന് മുൻകൈ എടുക്കാം. ആരോഗ്യ ഇൻഷുറൻസ് സൗകര്യം ലഭ്യമാക്കാം. തുടർ പരിശീലനങ്ങളിലൂടെ കരിയർ പുരോഗതി ഉറപ്പുവരുത്താം. ഇത്തരത്തിലുള്ള പുതിയൊരു സംവിധാനമാണ് കേരളം ആലോചിക്കുന്നത്.
കരിയർ ബ്രേക്ക് ചെയ്ത് വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ കേരളത്തിൽ 5 ലക്ഷത്തോളം ഉണ്ടെന്നാണ് കണക്ക്. മേൽപ്പറഞ്ഞ തൊഴിൽ കർമ്മപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് പണിയെടുക്കാൻ തയ്യാറുള്ള, ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ വീട്ടമ്മമാരായി ഇന്ന് കഴിയുന്നുണ്ട്. അവരായിരിക്കും വർക്ക് നിയർ ഹോം മേഖലയിലെ മുഖ്യതൊഴിലുകാർ.
സമകാലിക ഡിജിറ്റൽ ഇക്കോണമിയിൽ ജോലി ചെയ്യുന്നതിനു വിദേശത്തു പോകേണ്ടതില്ല. നമ്മുടെ വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാനാകും. ഇതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ ഈ മേഖലയിലെ തൊഴിൽ ബന്ധങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും ശ്രമിക്കുന്നുവെന്നതാണ് കേരളത്തിന്റെ പ്രത്യേകത.
മറികടക്കേണ്ട പ്രതിബന്ധങ്ങൾ
നാം ഇതുവരെ വിവരിച്ച വിജ്ഞാന സമ്പദ്ഘടനയിലേയ്ക്കുള്ള പരിവർത്തനത്തിനു തടസ്സം നിൽക്കുന്ന അഞ്ച് പ്രതിബന്ധങ്ങളുണ്ട്. അവയെക്കുറിച്ചൊന്നു പരാമർശിക്കാൻ മാത്രമേ ഇവിടെ തുനിയുന്നുള്ളൂ:
1. വൈദ്യുതി, ഇന്റർനെറ്റ്, വ്യവസായ പാർക്ക്, ഗതാഗതസൗകര്യം തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങൾ ഉറപ്പുവരുത്തണം. ഇതിനായി നമ്മൾ കിഫ്ബിയെന്ന നൂതന ധനകാര്യ സ്ഥാപനത്തിന് വിജയകരമായി രൂപം നൽകി.
2. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളത്തിന്റെ നില മെച്ചപ്പെടുത്തണം. ഇതിനായി സർക്കാർ സ്വീകരിച്ച നടപടികൾമൂലം കേരളം ഇന്ന് കൂടുതൽ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു.
3. നമ്മുടെ ഉന്നതവിദ്യാഭ്യാസം അടിമുടി പുനഃ സംഘടിപ്പിക്കണം. വിജ്ഞാനം പകർന്നു കൊടുത്താൽ മാത്രംപോരാ. നൂതനമായ വിജ്ഞാനം ഉല്പാദിപ്പിക്കുകയും വേണം. പുതിയ വിജ്ഞാനത്തെ കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസൃതമായി അഡാപ്റ്റ് ചെയ്യണം. ഇതിനുള്ള പ്രാപ്തി ഉന്നതവിദ്യാഭ്യാസത്തിനുണ്ടാകണം. അതിനായി, ഒട്ടേറെ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
4. വിജ്ഞാന വ്യവസായങ്ങൾക്ക് ആവശ്യമായ വിദഗ്ധ തൊഴിൽശേഷി സുലഭമായി കേരളത്തിൽ ലഭ്യമാകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണം. ഇതിന് നൈപുണി പരിശീലനം ഉന്നതവിദ്യാഭ്യാസ മേഖലയുടെ അഭേദ്യഭാഗമാക്കണം. വിദ്യാഭ്യാസം പൂർത്തിയാക്കിയ തൊഴിലന്വേഷകർക്കും നൈപുണി പരിശീലനം നൽകി അവരെയും തൊഴിൽ ലഭ്യതയ്ക്ക് പ്രാപ്തരാക്കണം. ഇത്തരമൊരു പ്രവർത്തനം സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ കാമ്പയിൻ രൂപത്തിലേ വിജയിപ്പിക്കാനാകൂ. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം ഉറപ്പുവരുത്തുന്നതിന് പഠനം പൂർത്തിയാക്കിയ പ്രൊഫഷണൽ- അക്കാദമിക് മലയാളികളെ മുഴുവൻ അണിനിരത്താൻ കഴിയണം. ഇത്തരത്തിലുള്ള നൈപുണി- തൊഴിൽ പരിപാടിക്കു വേണ്ടിയാണ് വിജ്ഞാന കേരളം ജനകീയ കാമ്പയിൻ സംഘടിപ്പിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് വിശദാംശങ്ങളിലേക്ക് ഈ ലേഖനത്തിൽ കൂടുതൽ കടക്കുന്നില്ല.
5. കേന്ദ്ര സർക്കാർ പിന്തുടരുന്ന നിയോലിബറൽ നയങ്ങൾക്ക് ബദലിനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഈ പുതിയ വികസനതന്ത്രം ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. മാത്രമല്ല, സമകാലിക ഭരണകേന്ദ്രീകരണ പ്രവണതകൾ ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയ്ക്കുള്ളിൽ സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ നയങ്ങളെയും പ്രവണതകളെയും പ്രതിരോധിച്ചുകൊണ്ടു മാത്രമേ പുതിയ വികസന പാത നമുക്ക് തുറക്കാനാകൂ.
വിജ്ഞാന സമ്പദ്ഘടനയിൽനിന്ന്
വിജ്ഞാന സമൂഹത്തിലേക്ക്
കേരളത്തിന്റെ പുരോഗമന പാരമ്പര്യത്തെ അവഗണിക്കുന്നൂവെന്നുള്ള വിമർശനം പുതിയ വികസനതന്ത്രത്തിനു നേരെ ഉയർന്നിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. പുരോഗമന കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് വിജ്ഞാന സമ്പദ്ഘടനയിലേക്ക് നീങ്ങുന്നതിനാണ് പരിശ്രമിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളത്തിലെ വികസനം 30 ശതമാനം ജനങ്ങളെ ഇടത്തരം സമ്പന്നവിഭാഗങ്ങളായി വളർത്തിയിട്ടുണ്ട്. അതേസമയം 30 ശതമാനം ജനങ്ങൾ ഇന്നും പരമ്പരാഗത തൊഴിലുകളിൽ അരിഷ്ടിച്ച് ഉപജീവനം നടത്തുന്നവരാണ്. സർക്കാരിന്റെ സാമൂഹ്യക്ഷേമ ഇടപെടലുകളാണ് ഇവരുടെ ജീവിതം സമ്പുഷ്ടമാക്കുന്നത്. പുതിയ വികസനതന്ത്രത്തിൽ ഇവർക്കുള്ള പരിരക്ഷ ശക്തിപ്പെടുത്തുകയേ ചെയ്യൂ. പക്ഷേ, ഒരു യാഥാർത്ഥ്യമുണ്ട്. ഈ പഴയതലമുറയ്ക്ക് ആവശ്യമില്ലെങ്കിലും അവരുടെ പുതിയതലമുറയ്ക്ക് തങ്ങളുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസൃതമായ നല്ല ഉദ്യോഗങ്ങൾ കൂടിയേതീരൂ. അവ കേരളത്തിൽതന്നെ സൃഷ്ടിക്കുന്നതിനാണ് വിജ്ഞാനസമ്പദ്ഘടന വികസനതന്ത്രത്തിലൂടെ ശ്രമിക്കുന്നത്. വിജ്ഞാനസമ്പദ്ഘടനകൊണ്ട് നമ്മൾ തൃപ്തരാവില്ല. വിജ്ഞാനസമൂഹമാണ് ലക്ഷ്യം.
സാധാരണഗതിയിൽ വിജ്ഞാനസമ്പദ്ഘടനയും വിജ്ഞാനസമൂഹവും പരസ്പരം മാറിമാറി ഉപയോഗിക്കുന്ന പ്രയോഗങ്ങളാണ്. നാമിതുവരെ വിജ്ഞാനസമ്പദ്ഘടനയെക്കുറിച്ചാണു പ്രതിപാദിച്ചത്. പലരും വിജ്ഞാനസമ്പദ്ഘടനയല്ല, വിജ്ഞാനസമൂഹമാണു കേരളം ലക്ഷ്യമിടേണ്ടതെന്നു പറഞ്ഞിട്ടുണ്ട്.
വിജ്ഞാനസമ്പദ്ഘടനയെന്നത് കൂടുതൽ വിശാലമായൊരു സങ്കല്പമാണ്. സമ്പദ്ഘടനയുടെ സാങ്കേതികനവീകരണത്തിൽ അത് ഒതുങ്ങുന്നില്ല. ഇത്തരം നവീകരണത്തിൽ എല്ലാവരെയും ഉൾച്ചേർക്കണം. നേട്ടം എല്ലാവർക്കും ഉണ്ടാകണം. ഇത്തരമൊരു വികസനമാണ് കേരളത്തിന്റെ പാരമ്പര്യം. ഇത് കണക്കിലെടുത്തുകൊണ്ടാണ് സർക്കാർ ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ സ്കൂൾവിദ്യാഭ്യാസത്തെ സാർവ്വത്രികമായി ഡിജിറ്റലൈസ് ചെയ്യാൻ മുൻകൈയെടുത്തത്; കെ-–ഫോൺ വഴി ബിപിഎൽ വീടുകളിലടക്കം സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുന്നത്; അരികുവല്കരിക്കപ്പെട്ടിരിക്കുന്ന പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ്, കരിയറിൽ ബ്രേക്ക് വന്ന സ്ത്രീകൾ തുടങ്ങിയവർക്ക് നൈപുണിപരിശീലനവേളയിൽ ഇത്തരത്തിൽ പ്രത്യേക പദ്ധതികൾതന്നെ കെകെഇഎം (Kerala Knowledge Economy Mission) ആവിഷ്കരിച്ചിട്ടുള്ളത്.
ശാസ്ത്ര–സാങ്കേതികവിദ്യകൾ പ്രചരിപ്പിച്ചാൽ മാത്രം പോരാ. ശാസ്ത്രബോധവും സൃഷ്ടിക്കപ്പെടണം. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പാടില്ല. പുരോഗമനചിന്തകൾക്ക് സമൂഹത്തിൽ മുൻതൂക്കം വേണം. ഉപഭോഗ ആർത്തിക്കുപകരം സാംസ്കാരിക ഉപഭോഗവും പാരിസ്ഥിതിക സൗഹൃദവും പ്രോത്സാഹിപ്പിക്കപ്പെടണം. വിജ്ഞാനസമൂഹം ജൻഡർ തുല്യതയിൽ അധിഷ്ഠിതമാകണം.
ഇവയോടൊന്നും ഒരെതിർപ്പും ഇല്ലായെന്നു മാത്രമല്ല, കഴിയുന്നത്ര പ്രവർത്തനത്തിൽ അവയെ ഉൾച്ചേർക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഇന്ന് നമ്മുടെ ഏറ്റവും വലിയ ദൗർബല്യം ഉല്പാദന-–സേവനമേഖലകളിലെ സാങ്കേതികപിന്നാക്കാവസ്ഥയാണ്. ഈ വസ്തുത മുൻപന്തിയിലേക്കു കൊണ്ടുവരുന്നതിനായാണ് വിജ്ഞാനസമ്പദ്ഘടനയെന്ന സങ്കല്പനത്തെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ചത്.l



