ഭാവിയിലെ തൊഴിൽ സാധ്യതകൾ പരിഗണിക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന സാങ്കേതിക വിദ്യകളിൽ ഒന്നാണ് ജിനോമിക്സ്. കൃഷി, വ്യവസായം, വൈദ്യം മുതലായ നിരവധി മേഖലകളിൽ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മിത ബുദ്ധിയുടെ ആവിർഭാവത്തോടെ ജിനോമിക്സ് സാങ്കേതികവിദ്യയുടെ പ്രയോഗം ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്ന ഭാവിയാണ് നമ്മുടെ മുന്നിലുള്ളത്.
എന്താണ് ജിനോമിക്സ്?
ഭൂമിയിലെ എല്ലാ ജീവനും പൊതുപൂർവ്വികരിൽ നിന്നുണ്ടായതാണെന്ന് ഇന്ന് നമുക്കറിയാം. വിവിധ ജീവിവർഗ്ഗങ്ങളെ വ്യത്യസ്തമാക്കുന്നത് അവയുടെ പ്രോട്ടീനുകളിലെ വ്യത്യസ്തതകളാണ്. ജീവന്റെ ലക്ഷണങ്ങളായ എല്ലാ പ്രവർത്തനങ്ങളേയും നിർവചിക്കുന്നത് പ്രോട്ടീനുകളാണ്. പ്രോട്ടീനുകൾ നീളമുള്ള പോളിമറുകളാണ്. അടിസ്ഥാന യൂണിറ്റുകളായ അമിനോ ആസിഡുകൾ ഒന്നിനുപുറകേ ഒന്നായി കോർത്തിണക്കിയ വലിയ ചങ്ങലകളായി അവയെ നമുക്ക് സങ്കൽപ്പിക്കാം. ഈ ചങ്ങലകൾ മടങ്ങി പല ആകൃതികൾ പ്രാപിക്കുന്നു. ഈ വ്യത്യസ്ത ആകൃതികൾ കാരണമാണ് പ്രോട്ടീനുകൾക്ക് അവയുടെ വിവിധ ധർമ്മങ്ങൾ നിർവഹിക്കാനാകുന്നത്. പ്രോട്ടീനുകളുടെ അടിസ്ഥാന യൂണിറ്റുകളായ അമിനോ ആസിഡുകൾ 20 തരങ്ങളാണ് ഉള്ളത്. എല്ലാ ജീവികളുടേയും പ്രോട്ടീനുകൾ ഇതേ 20 അമിനോ ആസിഡുകൾകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. ഇവ തമ്മിലുള്ള വ്യത്യാസം അവ അടുക്കിവച്ചിരിക്കുന്ന ക്രമത്തിലുള്ള വ്യത്യാസം മാത്രമാണ്. ഒരുദാഹരണം നോക്കാം. നമ്മുടെ രക്തത്തിലെ ഓക്സിജൻ വഹിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിൻ രണ്ടുതരം ചങ്ങലകളാൽ നിർമ്മിതമാണ്. ആൽഫാ ചങ്ങലയും ബീറ്റാ ചങ്ങലയും. ബീറ്റാ ചങ്ങലയിൽ 146 അമിനോ ആസിഡുകൾ ഒന്നിനു പുറകേ ഒന്നായി അടുക്കിവച്ചിരിക്കുന്നു. ഇതിൽ മനുഷ്യനും ചിമ്പാൻസിയും തമ്മിൽ ക്രമത്തിൽ ഒരു വ്യത്യാസം പോലുമില്ല. മനുഷ്യനും ഗോറില്ലയും തമ്മിൽ ഒരു സ്ഥാനത്തു മാത്രമാണ് അമിനോ ആസിഡ് വ്യത്യാസം ഉള്ളത്. മനുഷ്യനും കുരങ്ങുമായി താരതമ്യം ചെയ്താൽ 146ൽ 8 ഇടങ്ങളിൽ അമിനോ ആസിഡുകൾ വ്യത്യസ്തമാണ്. നമ്മളും നായയുമായി 15 അമിനോ ആസിഡുകൾ, കുതിരയുമായി 25, തവളയുമായി 67 എന്നിങ്ങനെ പോകുന്നു വ്യത്യാസം. അതായത് പരിണാമവൃക്ഷത്തിൽ ഒരു ജീവിയ്ക്ക് നമ്മളുമായി അകലം കൂടുന്തോറും ഈ വ്യത്യാസങ്ങളും കൂടിവരുന്നു.
ജീവികളിലെ കോശങ്ങൾ പ്രോട്ടീൻ നിർമിക്കുമ്പോൾ ഒന്നിനു പുറകേ ഒന്നായി അമിനോ ആസിഡുകൾ അടുക്കിവയ്ക്കാനുള്ള നിർദ്ദേശങ്ങൾ മുഴുവൻ സൂക്ഷിച്ചുവച്ചിരിക്കുന്നത് കോശകേന്ദ്രത്തിലെ ഡിഎൻഎയിലാണ്. ഡിഎൻഎയും നീളത്തിലുള്ള പോളിമറുകൾ തന്നെയാണ്. അവയുടെ അടിസ്ഥാന യൂണിറ്റുകൾ ന്യൂക്ലിയോടൈഡുകളാണ്. നാലു തരം ന്യൂക്ലിയോടൈഡുകളാണ് ഡിഎൻഎയിൽ ഉള്ളത്. അഡിനീൻ, ഗ്വാനീൻ, സൈറ്റോസീൻ, തൈമീൻ എന്നിവ. നമുക്ക് അവയെ A,G,C,T എന്ന് വിളിക്കാം. ഡിഎൻഎ യിൽ ഈ AGCT കൾ അടുക്കി വച്ചിരിക്കുന്ന ക്രമമാണ് പ്രോട്ടീനുകളിൽ അമിനോ ആസിഡുകൾ അടുക്കി വയ്ക്കുന്ന ക്രമത്തെ നിർണ്ണയിക്കുന്നത്. അപ്പോൾ അന്തിമമായി എല്ലാ ജീവികളും തമ്മിലുള്ള വ്യത്യാസം കോശത്തിലെ ഈ AGCT എന്ന 4 ന്യൂക്ലിയോടൈഡുകൾ അടുക്കിവച്ചിരിക്കുന്നതിലെ വ്യത്യാസങ്ങളാണ്. മനുഷ്യന്റെ ഒരു കോശത്തിലെ ഡിഎൻഎ ചങ്ങലയിൽ 300 കോടി ന്യൂക്ലിയോടൈഡുകൾ പ്രത്യേക ക്രമത്തിൽ അടുക്കി വച്ചിരിക്കുന്നതായി കാണാൻ കഴിയും. ഈ നീണ്ട ചങ്ങലയിലെ പല ഭാഗങ്ങളിലുമുള്ള ക്രമങ്ങൾ പ്രോട്ടീൻ നിർമ്മാണത്തിന് വേണ്ട സന്ദേശങ്ങൾ അടങ്ങിയവയാണ്. അവയെയാണ് നാം ജീനുകൾ എന്നു വിളിക്കുന്നത്. എല്ലാ മനുഷ്യരും തമ്മിലുള്ള ചെറിയ വ്യത്യാസം പോലും നമ്മുടെ ഡിഎൻഎ യിലെ ജീനുകളിലുള്ള ചെറിയ വ്യത്യാസങ്ങൾ കാരണമാണ് ഉണ്ടാകുന്നത്. നമ്മളും മറ്റ് ജീവികളും തമ്മിലുള്ള വ്യത്യാസം സ്വാഭാവികമായും വളരെ കൂടുതലായിരിക്കുമല്ലോ!
1977ൽ ഫ്രെഡറിക് സാംഗർ (Frederick Sanger) എന്ന ശാസ്ത്രജ്ഞനും സഹപ്രവർത്തകരുമാണ് ആദ്യമായി ഡിഎൻഎ ക്രമങ്ങൾ കണ്ടെത്താനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയത്. ഇതേ തുടർന്ന് 1990കളുടെ തുടക്കത്തിൽ പല ലോകരാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഒന്നിച്ചുചേർന്ന് അതിസാഹസികമായ ഒരു പ്രൊജക്ടിന് രൂപംനൽകി. ഒരു മനുഷ്യന്റെ കോശത്തിലെ ഡിഎൻഎ ക്രമം പൂർണ്ണമായും കണ്ടെത്തുക എന്നതായിരുന്നു അത്. അതായത് 300 കോടി ന്യൂക്ലിയോടൈഡുകൾ അടുക്കി വച്ചിരിക്കുന്നതിന്റെ ക്രമം കൃത്യമായി കണ്ടുപിടിക്കുക! പല ലോകരാജ്യങ്ങളിലെ ലബോറട്ടറികളിലായി ഇരുപത്തിഅയ്യായിരം കോടി രൂപയോളം ചെലവാക്കി 13 വർഷംകൊണ്ടാണ് ചരിത്രപ്രസിദ്ധമായ ഈ നേട്ടം കൈവരിക്കാനായത്. ഇതാണ് മാനവ ജീനോം പ്രൊജക്ട് (Human Genome Project). ഈ പ്രൊജക്ടിലെ ഡാറ്റ റഫറൻസായി ഉപയോഗിച്ചുകൊണ്ട് കൂടുതൽ വേഗത്തിൽ ഡിഎൻഎ ക്രമം പൂർണ്ണമായി നിർണ്ണയിക്കാനുള്ള (സീക്വൻസിങ് –Sequencing) പുതിയ സാങ്കേതികവിദ്യ അരങ്ങേറി. അത് ഇപ്പോൾ എത്തി നിൽക്കുന്നത് Next Generation Sequencing (NGS) എന്നതിലാണ്. NGS സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇപ്പോൾ ഒരു മനുഷ്യന്റെ പൂർണ്ണമായ ഡിഎൻഎ ക്രമം (Genome) കണ്ടെത്താൻ 24-48 മണിക്കൂർ മതി. ചെലവാകട്ടെ ഏതാണ്ട് 25000–- 50000 രൂപയും. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിഎൻഎ സീക്വൻസ് ചെയ്യുന്ന പ്രക്രിയയും പഠനങ്ങളും പൊതുവേ ജീനോമിക്സ് എന്ന പേരിൽ അറിയപ്പെടുന്നു.
ജീനോമിക്സ് എന്ന ഈ ശാസ്ത്രശാഖയ്ക്ക് രണ്ടു കാര്യങ്ങൾ ആവശ്യമാണ്. അതിൽ ആദ്യത്തേത് ന്യൂക്ലിയോടൈഡ് ക്രമം എന്ന ഡാറ്റ ഉത്പാദിപ്പിക്കുന്ന NGS സാങ്കേതികവിദ്യയാണ്. എന്നാൽ ഈ ഡാറ്റ A,G,C,T എന്ന അക്ഷരങ്ങൾ പല ക്രമങ്ങളിൽ അനന്തമായി (300 കോടി തവണ) അടുക്കിവച്ചത് മാത്രമാണ്. അതിനെ വിവരമാക്കി മാറ്റണമെങ്കിൽ പ്രത്യേകമായ വിശകലന രീതികളും അതിന് സഹായിക്കുന്ന സോഫ്റ്റ്‌വെയർ ടൂളുകളും അതുപയോഗിച്ച് വിവരവും അറിവും ഉത്പാദിപ്പിക്കുന്ന മനുഷ്യ തലച്ചോറുകളും വേണം. ഇതെല്ലാമടങ്ങുന്നതാണ് ജിനോമിക്സ്.
ജിനോമിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിഎൻഎ മാത്രമല്ല, ആർഎൻഎ യിലെ ക്രമങ്ങളും നിശ്ചയിക്കാം. കോവിഡ് എന്ന ആർഎൻഎ വൈറസിന്റെ ക്രമം നിശ്ചയിക്കുന്ന ടെസ്റ്റുകൾ ഇത്തരത്തിലുള്ളതാണ്.
ജിനോമിക്സ് പ്രയോഗത്തിൽ
പ്രായോഗിക തലത്തിൽ ജീനോമിക്സിന്റെ ഉപയോഗത്തെ മനസ്സിലാക്കാൻ കോവിഡ് മഹാമാരിയെപ്പറ്റി ചിന്തിച്ചാൽ മതി. ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ ഒരു പുതിയ രോഗം പൊട്ടിപ്പുറപ്പെട്ട് ഏതാനും ദിവസങ്ങൾക്കകം അത് ഒരു വൈറസ് കാരണമാണ് എന്ന് കണ്ടെത്തി; ആ ആർഎൻഎ വൈറസിന്റെ ജനിതക ക്രമം പൂർണമായി കണ്ടുപിടിക്കപ്പെട്ടു. ഈ വിവരം ഉപയോഗിച്ചാണ് രോഗം നിർണ്ണയിക്കാനുള്ള RTPCR ടെസ്റ്റുകൾക്ക് രൂപംനല്കിയത്. വൈറസിന്റെ ഘടന നിർണയിക്കാനും വാക്സിനുകൾക്ക് രൂപംനൽകാനുമൊക്കെ ജിനോമിക്സിലൂടെ ലഭിച്ച സീക്വൻസ് ഡാറ്റ വളരെ പ്രധാനമായിരുന്നു. ചുരുക്കത്തിൽ, ജിനോമിക്സ് സാങ്കേതികവിദ്യ ഇല്ലായിരുന്നെങ്കിൽ കോവിഡ് കാരണമുള്ള മരണവും നാശവുമെല്ലാം മധ്യകാലത്തിലെ പ്ലേഗിന് സമാനമായിരുന്നേനേ!
ജിനോമിക്സിന്റെ പ്രായോഗിക മേഖലകൾ വൈദ്യശാസ്ത്രത്തിൽ രോഗനിർണ്ണയം, ചികിത്സ, രോഗനിവാരണം, ജീൻ ചികിത്സ, പുതിയ മരുന്നുകളുടെ നിർമ്മാണം എന്നീ മേഖലകളിലൊക്കെയായി വ്യാപിച്ചിരിക്കുന്നു. മൃഗപരിപാലനം, പരിസ്ഥിതി, പരിണാമ ജീവശാസ്ത്രം, ആന്ത്രപോളജി, കുറ്റാന്വേഷണം, മനുഷ്യ ചരിത്രം എന്നിങ്ങനെ നിരവധി വൈജ്ഞാനിക ശാഖകളിൽ ഇതിന്റെ ഉപയോഗം കാണാനാകുന്നതാണ്. ഏതാനും ഉദാഹരണങ്ങൾ മാത്രം ഇവിടെ പറയാം.
ആധുനിക വൈദ്യത്തിൽ ഏറെക്കാലം ക്യാൻസർ ചികിത്സ വളരെ വിഷമംപിടിച്ചതും ഫലം കാണാൻ ബുദ്ധിമുട്ടുള്ളതുമായിരുന്നു. ഇന്ന് ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നീ ചികിത്സകൾക്കുപുറമേ പ്രത്യേക ക്യാൻസറുകൾക്കെതിരെയുള്ള ടാർഗറ്റഡ് ചികിത്സകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക ക്യാൻസറുകളിൽ കാണപ്പെടുന്ന നൂതന ജീനുത്പന്നങ്ങളെ കണ്ടെത്തി അവയെ ഉന്നംവച്ച് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന മരുന്നുകളാണ് ഇതിന്റെ ഉദാഹരണങ്ങൾ. അടുത്തകാലം വരെ വളരെ മാരകമായിരുന്ന ശ്വാസകോശ ക്യാൻസറിന്റെ ചില വകഭേദങ്ങളിൽ EGFR എന്ന ജീനിലെ പലതരം മ്യൂട്ടേഷനുകൾ കണ്ടെത്തി അവയിൽ പലതിനും ഫലപ്രദമായ പുതിയ മരുന്നുകൾ ഉപയോഗിക്കുകവഴി പല ശ്വാസകോശ ക്യാൻസറുകളും ഇന്ന് ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നുണ്ട്.
ക്യാൻസർ രോഗത്തെ നേരിടുന്നതിനുള്ള മറ്റൊരു നൂതന മാർഗമാണ് CAR-T ചികിത്സ. ചില ക്യാൻസറുകളിൽ ക്യാൻസർ ബാധിച്ച കോശങ്ങളുടെ പ്രത്യേക ജീനുകൾ ജീനോമികമായി പഠിച്ചതിനു ശേഷം അവയ്ക്കെതിരെ പ്രവർത്തിക്കാൻ രോഗിയുടെതന്നെ പ്രതിരോധ T-കോശങ്ങളെ ജനിതക എഞ്ചിനീയറിങ് ഉപയോഗിച്ച് പ്രാപ്തമാക്കുക എന്നതാണ് ഈ രീതി. ഇങ്ങനെ ക്യാൻസർ കോശങ്ങളെ കൊല്ലാൻ പ്രാപ്തി നേടിയ രോഗിയുടെ തന്നെ പ്രതിരോധ കോശങ്ങളാണ് ഈ ചികിത്സയിൽ ഉപയോഗിക്കുന്നത്.
മാരകമായ പല ജനിതകരോഗങ്ങൾക്കും ജിനോമിക്സ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ചികിത്സകൾ സഹായകരമാകുമെന്നാണ് നമ്മുടെ പ്രതീക്ഷ. ഈ വർഷം വന്ന ഏറ്റവും ശുഭകരമായ ഒരു വാർത്തയാണ് കരളിൽ മാരകമായ ജനിതക രോഗം ബാധിച്ച കുഞ്ഞിനെ ഇതിന് കാരണമായ ഡിഎൻഎ ക്രമത്തിലെ മാറ്റങ്ങൾ കണ്ടെത്തി അത് വെട്ടിമാറ്റി ശരിയായ ക്രമം CRISPR എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും അങ്ങനെ പൂർണ്ണമായും സുഖപ്പെടുത്തുകയും ചെയ്തു എന്നത്.
കാർഷിക രംഗത്ത് വലിയ മാറ്റങ്ങളാണ് ജിനോമിക്സിലൂടെ നമുക്കു കാണാൻ കഴിയുന്നത്. മനുഷ്യന്റെ മുഴുവൻ ജീനോം കണ്ടെത്തിയതുപോലെ നിരവധി സസ്യങ്ങളുടേയും കാർഷിക വിളകളുടേയും ജീനോം ഇപ്പോൾ കണ്ടുപിടിച്ചിട്ടുണ്ട്. നെല്ല്, ബാർലി, സോയാബീൻ, ആപ്പിൾ, തക്കാളി, മുന്തിരി, ചോളം, ഗോതമ്പ് എന്നിങ്ങനെ നിരവധി വിളകൾ ഇക്കൂട്ടത്തിൽ പെടും. ഈ അറിവ്, കൂടുതൽ ഉത്പാദനക്ഷമതയുള്ള, രോഗങ്ങളെ കൂടുതലായി പ്രതിരോധിക്കാൻ കഴിയുന്ന വിളകൾ ജനിതകമാറ്റം വരുത്തി നിർമ്മിക്കാൻ സഹായകരമായി.
പല വളർത്തുമൃഗങ്ങളിലും അവയുടെ ഗുണങ്ങൾ മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്, പലതരം വൈറസ് രോഗങ്ങൾക്ക് സ്വാഭാവിക പ്രതിരോധ ശക്തി നൽകുന്ന ജീനുകൾ വിളക്കിച്ചേർത്ത് ഉണ്ടാക്കുന്ന പന്നികൾ ഇപ്പോൾ തന്നെ യാഥാർത്ഥ്യമായിട്ടുണ്ട്. ഇതുപോലെ ചെമ്മരിയാടുകൾ, ആടുകൾ, പശുക്കൾ എന്നിവയിലൊക്കെ ജനിതകമാറ്റം വഴി പല ഗുണങ്ങളും ഉണ്ടാക്കിയെടുക്കാൻ ഇപ്പോൾതന്നെ കഴിയുന്നുണ്ട്. ഇത് ഇനിയും കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയാണുള്ളത്. ഈ വർഷം വന്ന അതീവ കൗതുകമുണർത്തുന്ന മറ്റൊരു വാർത്ത പതിനായിരം വർഷങ്ങൾക്കു മുൻപ് വംശനാശം വന്ന Dire Wolf എന്ന ഒരിനം ചെന്നായയെ പുനരുജ്ജീവിപ്പിച്ചെടുത്തു എന്നതാണ്. ഈ ജീവിയുടെ പൗരാണിക അവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുത്ത് ഇന്നുള്ള ചെന്നായ്ക്കളുടെ ഗർഭപാത്രത്തിൽ ഇവയെ വളർത്തിയെടുക്കുകയായിരുന്നു. ടാസ്മാനിയൻ വുൾഫ്, മാമത്തുകൾ എന്ന ആന എന്നിങ്ങനെ വംശനാശംവന്ന പലജീവികളേയും വീണ്ടെടുക്കാൻ ഈ സാങ്കേതികവിദ്യ വഴി കഴിഞ്ഞേയ്ക്കും.
പൗരാണിക മനുഷ്യന്റെ ആന്ത്രപോളജി, പൗരാണികചരിത്രം എന്നിവയിലൊക്കെ ശാസ്ത്രീയമായ നിഗമനങ്ങളിലേയ്ക്ക് എത്താൻ ജിനോമിക്സ് സഹായിക്കുമെന്നതിന് എറെ ഉദാഹരണങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഹരിയാനയിലെ രാഖിഗർഹി എന്ന സ്ഥലത്ത് നടത്തിയ പുരാവസ്തു ഖനനങ്ങളിൽ നിന്ന് അത് സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ അടക്കം ചെയ്തിരുന്ന ഒരു സ്ത്രീയുടെ 4600 വർഷം പഴക്കമുള്ള എല്ലുകളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുത്ത് അതിന്റെ ക്രമം പരിശോധിച്ചപ്പോൾ മനസ്സിലായ പ്രധാനകാര്യം സിന്ധു നദീതട ജനതയുടെ ജനിതക പാരമ്പര്യത്തിൽ യുറേഷ്യൻ സ്റ്റെപ്പികളിൽ നിന്ന് വന്ന ‘ആര്യൻമാരു’ടെ അഭാവ മായിരുന്നു. ഇന്ത്യയിലേയ്ക്ക് കുതിരകളും വേദങ്ങളുമായി ഈ കൂട്ടർ വന്നത് പിന്നീടാണെന്നും ഹാരപ്പൻ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ അവർക്ക് പങ്കില്ലായിരുന്നുവെന്നും മറിച്ചുള്ള സംഘപരിവാർ ആഖ്യാനങ്ങൾ തെറ്റാണെന്നും ഈ പഠനങ്ങൾ വ്യക്തമാക്കുന്നു.
കുറ്റാന്വേഷണം പോലെയുള്ള മേഖലകളിൽ വലിയ മാറ്റങ്ങളാണ് ഈ സാങ്കേതികവിദ്യ വഴി ഇന്ന് ഉണ്ടായിട്ടുള്ളത്. ഒരുദാഹരണം, അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിൽ 1974 മുതൽ 1986 വരെയുള്ള കാലഘട്ടത്തിൽ 13 കൊലപാതകങ്ങളും 51 ബലാത്സംഗങ്ങളും നടത്തിയ ഒരു വ്യക്തി പിടിക്കപ്പെടാതെ ദീർഘകാലം അജ്ഞാതവാസത്തിലായിരുന്നു. 2018ൽ പൊലീസ് ഈ കേസിലെ പ്രതിയെ അറസ്റ്റുചെയ്യുന്നത് ജിനോമിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. മുൻപ് കുറ്റകൃത്യങ്ങൾ നടന്ന പല സ്ഥലങ്ങളിൽ നിന്ന് പ്രതിയുടെ ഡിഎൻഎ ലഭിച്ചിരുന്നു. അത് പൊലീസ് രേഖകളിൽ ഉണ്ടുതാനും. ഈ അടുത്തകാലത്തായി പലരും അവരുടെ ജീനോമുകൾ പൂർണ്ണമായി സീക്വൻസ് ചെയ്യിക്കുകയും അങ്ങനെ പല കുടുംബങ്ങളുടേയും തായ്‌വഴി ചാർട്ടുകൾ (Genealogy) നിർമ്മിക്കുകയും അവ പരസ്യപ്പെടുത്തുകയും ചെയ്യാറുണ്ട്. കുറ്റവാളികളുടെ ഡിഎൻഎ യും ഇത്തരം ചാർട്ടുകളും തമ്മിലുള്ള താരതമ്യത്തിലൂടെ ഈ പ്രതി ഏത് കുടുംബത്തിലേതെന്ന് കണ്ടെത്തുകയും അതുവഴി അയാൾ പിടിക്കപ്പെടുകയും ചെയ്തു.
ഇത്തരത്തിൽ പല മേഖലകളിലായി പരന്നുകിടക്കുന്ന വ്യാപകമായ ഉപയോഗങ്ങളുള്ള സാങ്കേതിക വിദ്യയാണ് ജിനോമിക് ശാസ്ത്രം. ഈ ശാസ്ത്രശാഖ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, ഇതിലൂടെ ലഭിക്കുന്ന വ്യാപകമായ ഡാറ്റ വിശകലനം ചെയ്യാനും അവയിൽനിന്ന് പുതിയ ചോദ്യങ്ങൾ ചോദിക്കാനും ഗവേഷണങ്ങൾ നടത്താനും ഒക്കെയുള്ള മാനവവിഭവ ശേഷി ലോകത്തെവിടെയും വേണ്ടത്രയില്ലായെന്നുള്ളതാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് ആവശ്യമായ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഗവേഷണത്തിനും ഇപ്പോൾതന്നെ അടിത്തറപാകാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒരുപാട് സംരംഭങ്ങൾക്കും ജോലിസാധ്യതകൾക്കും വഴിതുറക്കാൻ നമുക്ക് സാധിക്കും. ഉദാഹരണത്തിന്, നമ്മുടെ ക്യാൻസർ ആശുപത്രികളിലെ രോഗികൾക്ക് പല നൂതന രോഗനിർണ്ണയ ടെസ്റ്റുകളും ആവശ്യമായി വരുന്നുണ്ട്. ബയോളജി, കെമിസ്ട്രി, ഐ ടി, ഗണിതം എന്നീ മേഖലകളിലൊക്കെയുള്ള വിദ്യാർത്ഥികൾക്ക് ജീനോമിക് ശാസ്ത്രത്തിൽ പരിശീലനം നേടാനും അതിന്റെ വിവിധ മേഖലകളിൽ ഗവേഷണം നടത്താനുമുള്ള സാഹചര്യങ്ങൾ നമുക്കിവിടെ സൃഷ്ടിക്കാൻ കഴിയണം. നമ്മുടെ സൈബർ പാർക്കുകളും തൃതീയ തല ആശുപത്രികളും കാർഷിക കേന്ദ്രങ്ങളുമൊക്കെയായി സഹകരിച്ച് ഇത്തരം ജീനോമിക് സെന്ററുകൾ തുടങ്ങിയാൽ തീർച്ചയായും ഫലം കാണും. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽതന്നെ കൂടുതൽ വിദ്യാർത്ഥികൾക്ക് ഈ വിഷയത്തിൽ താത്പര്യം ജനിപ്പിക്കുകയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പേരെ ഈ പാത തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയണം.l



