വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതര വികസന പ്രശ്നമായി വികസിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലനിരകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന് കുടിയേറ്റത്തിന്റെയും മലയോര-വന മേഖലകളിൽ സ്ഥിരതാമസമാക്കിയ കൃഷിക്കാരുടെയും ഒരു നീണ്ട ചരിത്രമുണ്ട്. പശ്ചിമഘട്ട പ്രദേശങ്ങളിലെ തോട്ടവിള കൃഷിയുടെ വ്യാപനവും ഉയർന്ന ജനസാന്ദ്രതയും ഈ ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ മൊത്തം രേഖപ്പെടുത്തപ്പെട്ട വനവിസ്തൃതി 11,531 ചതുരശ്ര കിലോമീറ്ററാണ് അഥവാ 10,81,509 ഹെക്ടറാണ്. ഇത് കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ ഏകദേശം 30 ശതമാനമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ അവസ്ഥയില്ല. അഖിലേന്ത്യാ ശരാശരി 22 ശതമാനം മാത്രമാണ്. അതിനാൽ തന്നെ, വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.
കേരളത്തിന്റെ പശ്ചാത്തലം
1930-കൾ മുതൽ കേരളത്തിന് കുടിയേറ്റ-കൃഷിയുടെ ഒരു നീണ്ട ചരിത്രമുണ്ട്. ഭൂമിയുടെ മേലുള്ള ജനസംഖ്യാ സമ്മർദ്ദം, മഹാമാന്ദ്യകാലത്തെ കാർഷിക വിലത്തകർച്ച, അനുകൂലമായ സംസ്ഥാന നയം എന്നിവ ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ മധ്യകേരളത്തിലെ സമതലങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിലെ കുന്നുകളിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. ഇത് കുടിയേറ്റക്കാരെയും തദ്ദേശീയ ആദിവാസികളെയും വന്യമൃഗങ്ങളുമായുള്ള അടുത്ത ബന്ധത്തിലേക്ക് നയിച്ചു.
സംസ്ഥാനത്തെ മിക്കവാറും എല്ലാ വനമേഖലകളും മനുഷ്യ-–വന്യമൃഗ സംഘർഷത്തിന് സാധ്യതയുള്ളവയാണെങ്കിലും, സംഘർഷം കൂടുതലുള്ള പ്രദേശങ്ങൾ വടക്കൻ കേരളത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് (ചിത്രം 1 കാണുക). ഇവയെ നമ്മുടെ വനം വകുപ്പ് ഹോട്ട്സ്പോട്ടുകൾ എന്നാണ് വിളിക്കുന്നത്. ഇത്തരം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അടുത്ത കാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുമുണ്ട്. 2009-–10ൽ മനുഷ്യ-–വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട 2292 സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ, ഇത് 2023-–24ൽ 8438 സംഭവങ്ങളായി വർദ്ധിച്ചു. “സംഭവങ്ങൾ’ അഥവാ “ഇൻസിഡന്റ്സ്’ എന്നതു കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യ മരണങ്ങൾ, മനുഷ്യർക്കുണ്ടാകുന്ന പരിക്കുകൾ, വളർത്തുമൃഗങ്ങളുടെ മരണം, വിളകളുടെയും ഭൗതിക സൗകര്യങ്ങളുടെയും നാശം എന്നിവയാണ്.
ആനകളുടെ ആക്രമണം മൂലമുള്ള മനുഷ്യ മരണങ്ങൾ കേരളത്തിൽ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പശുത്തൊഴുത്തുകൾ, ജലസേചന സൗകര്യങ്ങൾ, കുടിലുകൾ തുടങ്ങിയ ഭൗതിക സ്വത്തുക്കൾക്ക് ഗണ്യമായ നാശനഷ്ടമുണ്ടാക്കുന്നതിനും ആനകൾ കാരണമാകുന്നു. മറുവശത്ത്, ആട്, പശു, എരുമ, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളുടെ മരണങ്ങൾക്കൊക്കെ കൂടുതലും കാരണം കടുവയുടെയും പുള്ളിപ്പുലിയുടെയും ആക്രമണങ്ങളാണ്. മനുഷ്യ മരണങ്ങൾക്കും പരിക്കുകൾക്കും പുറമേ, കാട്ടുപന്നി, മുള്ളൻപന്നി, ആന, കാട്ടുപോത്ത്, കുരങ്ങുകൾ, കാട്ടുപന്നികൾ, മാൻ എന്നിവയുടെ ആക്രമണം മൂലം കേരളത്തിൽ എല്ലാ വർഷവും വലിയ തോതിലുള്ള വിളനാശം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആനകൾ, നാടൻ കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവയാലാണ് ഏറ്റവും കൂടുതൽ വിളനാശം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഏകദേശം 45 ഇനം ഭക്ഷ്യയോഗ്യവും വാണിജ്യപരവുമായ സസ്യങ്ങളെ വന്യമൃഗങ്ങൾ പതിവായി നശിപ്പിക്കുന്നു. നെല്ല്, തെങ്ങ്, അടയ്ക്ക, റബ്ബർ, വാഴ, മരച്ചീനി, മധുരക്കിഴങ്ങ്, കാപ്പി, ഓയിൽ പാം, കുരുമുളക്, ഏലം, ഇഞ്ചി, ചക്ക, മൾബറി, മാങ്ങ, പൈനാപ്പിൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വന്യമൃഗങ്ങൾക്കെതിരെ കർഷകർ സ്വീകരിച്ച ഉറച്ചതും ഏറ്റുമുട്ടൽ നിറഞ്ഞതുമായ നിലപാടുകളെ രൂപപ്പെടുത്തിയത് വർദ്ധിച്ചുവരുന്ന ഇത്തരം നഷ്ടങ്ങളുടെ വ്യാപ്തിയാണ്.
മരണങ്ങളുടെ കണക്കുകൾ

കേരളത്തിൽ മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്തിയ പരിഗണനയാണ് നൽകിവന്നിട്ടുള്ളത്. ഓരോ വർഷവും ഈ സംഘർഷങ്ങൾ പ്രതിരോധിക്കുന്നതിന് കൂടുതൽ കൂടുതൽ പണം സംസ്ഥാന പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. പട്ടിക ഒന്നിൽ 2016–-17 മുതൽ 2025–-26 വരെയുള്ള കാലയളവിൽ ഓരോ വർഷവും സംസ്ഥാന ബജറ്റിൽ മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നീക്കിവെച്ച പദ്ധതി വിഹിതം കാണിച്ചിട്ടുണ്ട്. ഒപ്പം ഓരോ വർഷത്തെയും മനുഷ്യ-–വന്യമൃഗ സംഘർഷ സംഭവങ്ങളുടെ എണ്ണവും. “സംഭവങ്ങൾ’ അഥവാ “ഇൻസിഡന്റ്സ്’ എന്നതുകൊണ്ട് സാങ്കേതികമായി ഉദ്ദേശിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യ മരണങ്ങൾ, മനുഷ്യർക്കുണ്ടായ പരിക്കുകൾ, വളർത്തുമൃഗങ്ങളുടെ മരണം, വിളകളുടെയും ഭൗതിക സൗകര്യങ്ങളുടെയും നാശം ഇവയൊക്കെയാണ്. ഇത്തരം സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഒപ്പം, വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ തുക ബജറ്റിൽ ഇതിനായി മാറ്റിവെച്ചിട്ടുമുണ്ട്. 2016-–17ൽ വെറും 7.57 കോടി രൂപ മാത്രമാണ് മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നീക്കി വെച്ചിരുന്നതെങ്കിൽ 2020-–21ൽ അത് 24 കോടി രൂപയായും 2025-–26ൽ 70.40 കോടി രൂപയായും ഉയർത്തി. 2016–-17ൽ 9.63 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരം നല്കിയിരുന്നതെങ്കിൽ 2023-–24 ആയപ്പോൾ അത് 21.79 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചത്. ഇങ്ങനെ കൂടുതൽ പണം വകയിരുത്തിയതുകൊണ്ടാണ്.
പട്ടിക 1
മനുഷ്യ–വന്യമൃഗ സംഘർഷ സംഭവങ്ങളുടെ എണ്ണവും ഓരോ വർഷത്തെയും ബജറ്റിലെ പദ്ധതി വിഹിതവും, 2016–17 മുതൽ 2025–26 വരെ
വർഷം | മനുഷ്യവന്യമൃഗ സംഘർഷ സംഭവങ്ങളുടെ എണ്ണം | മനുഷ്യവന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കാനുള്ള പദ്ധതി വിഹിതം |
2016–17 | 7765 | 7.57 കോടി രൂപ |
2017–18 | 7229 | 13.40 കോടി രൂപ |
2018–19 | 7890 | 20.00 കോടി രൂപ |
2019–20 | 6662 | 24.00 കോടി രൂപ |
2020–21 | 6541 | 24.00 കോടി രൂപ |
2021–22 | 6580 | 22.00 കോടി രൂപ |
2022-23 | 8873 | 25.00 കോടി രൂപ |
2023–24 | 8438 | 30.85 കോടി രൂപ |
2024-25 | ലഭ്യമല്ല | 48.85 കോടി രൂപ |
2025-26 | ലഭ്യമല്ല | 70.40 കോടി രൂപ |
ഉറവിടം: സംസ്ഥാന ആസൂത്രണ ബോർഡ് രേഖകൾ.
അതേസമയം, പലപ്പോഴും മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ മൂലം ഉണ്ടാകുന്ന മരണനിരക്കുകളെ പെരുപ്പിച്ചു കാണിക്കുന്ന പ്രവണത കേരളത്തിൽ കണ്ടു വരാറുണ്ട്. ഉദാഹരണത്തിന്, 2016–-17 മുതൽ 2025 (മെയ് മാസം) വരെ കേരളത്തിൽ 896 പേർ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന സ്തോഭജനകമായ ഒരു കണക്ക് സർക്കാരിനെതിരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇത് പ്രചരിപ്പിക്കുന്നവർ പറയാത്ത ഒരു കാര്യം, ഔദ്യോഗിക കണക്കുകളിൽ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. സർക്കാരിന്റെ കണക്കുകളിലെ നിർവചനങ്ങളുടെ പ്രശ്നമാണിത്. 2016–-17 മുതൽ കൊല്ലപ്പെട്ട 896 പേരിൽ 598 പേരും (അഥവാ 67 ശതമാനവും) മരിച്ചത് പാമ്പുകടിയേറ്റായിരുന്നു. പാമ്പുകടിയേറ്റ് മരിക്കുന്നതിനെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നു പറയാൻ കഴിയില്ലല്ലോ. ബാക്കിവരുന്ന 298 പേരാണ് വാസ്തവത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് പറയാൻ കഴിയുന്നത്. അപ്പോൾ ശരാശരി ഒരു വർഷം 33 പേർ മാത്രമേ കഴിഞ്ഞ 9 വർഷത്തിനിടയ്ക്ക് ഇത്തരം ആക്രമണങ്ങളിൽ കേരളത്തിൽ കൊല്ലപ്പെട്ടിട്ടുള്ളൂ.
ഈ 298 പേരിൽ 205 പേർ (അഥവാ 69 ശതമാനം) ആനകളുടെ ആക്രമണത്തിലാണ് മരിച്ചത്. കഴിഞ്ഞ 9 വർഷത്തെ കണക്കു നോക്കിയാൽ, ശരാശരി ഒരു വർഷം 23 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് കാണാം. പക്ഷേ കൂടുതൽ സൂക്ഷ്‌മമായി കണക്കുകൾ പരിശോധിച്ചാൽ ആനകളാൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം നിരന്തരമായി കുറച്ചുകൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചിട്ടുണ്ട് എന്നാണ് കാണാൻ കഴിയുക. 2021–22 വർഷത്തിൽ 35 പേരാണ് ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഇത് 2022–23ൽ 27ഉം, 2023–24ൽ 22ഉം, 2024–25ൽ 19ഉം ആയി കുറച്ചു കൊണ്ടുവരാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് സാധിച്ചു. 2025–-26ൽ ഇതുവരെ 6 പേർ മാത്രമാണ് ആനകളുടെ ആക്രമണങ്ങളാൽ കൊല്ലപ്പെട്ടത്. ആനകൾ കഴിഞ്ഞാൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് കാട്ടുപന്നിയുടെ ആക്രമണംമൂലമാണ്. കഴിഞ്ഞ 9 വർഷങ്ങളിൽ മൊത്തം 58 പേർ (ശരാശരി ഒരു വർഷം 6 പേർ) ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവകളുടെ ആക്രമണം മൂലം ഓരോ വർഷവും ഒരാളിൽ കൂടുതൽ കൊല്ലപ്പെട്ടതായി കണക്കുകളിൽ കാണുന്നില്ല.
പക്ഷേ ഓരോ മരണവും നമുക്ക് പ്രധാനപ്പെട്ടതാണ്. ഇത്തരം മരണങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു എന്ന് പറയുമ്പോഴും പ്രശ്നത്തിന്റെ രൂക്ഷത നിലനിൽക്കുന്നു. മനുഷ്യമരണങ്ങൾക്ക് പുറമേ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ കാര്യവും കൃഷിയിൽ അടക്കം അവയുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ കാര്യവും രൂക്ഷമായി തന്നെ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മനുഷ്യ-–വന്യമൃഗ സംഘർഷങ്ങളുടെ ഗുരുതരമായ വിഷയത്തെ നാം നയപരമായി അഭിമുഖീകരിക്കേണ്ടത്.
പരമ്പരാഗത നിയന്ത്രണ
നടപടികൾ
1930-കൾക്കുശേഷം വന്യമൃഗ ശല്യം തടയാൻ കർഷകർ പലവിധമായ കെണികൾ സ്ഥാപിക്കുകയും, അവരുടെ ജീവൻ, കൃഷിയിടങ്ങൾ, വിളകൾ, സ്വത്ത് എന്നിവ സംരക്ഷിക്കാൻ നിരവധി പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മാരകമായ നിയന്ത്രണ നടപടികൾക്കു പുറമേ, പല നിരുപദ്രവങ്ങളായ മാർഗ്ഗങ്ങളും കർഷകർ ഉപയോഗിച്ചിരുന്നു. കൃഷിയിടങ്ങൾ കാക്കാൻ അവർ തൊഴിലാളികളെ നിയമിച്ചു. നോക്കുകുത്തികൾ സ്ഥാപിച്ചു. കിടങ്ങുകൾ കുഴിച്ചു. കൽഭിത്തികളും മുള വേലികളും മുള്ളുള്ള കുറ്റിക്കാടുകളും മുള്ളുകമ്പി വേലികളും നിർമ്മിച്ചു. ഡ്രം അടിച്ച് അല്ലെങ്കിൽ ലോഹ വസ്തുക്കൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കി. തീ കൂട്ടി കത്തിച്ചു. പടക്കം പൊട്ടിച്ചു. രാത്രിയിൽ നാടൻ ബോംബുകളെറിഞ്ഞു. തെരുവ് നായ്ക്കളെ കാവൽക്കാരായി ഉപയോഗിച്ചു. ഞാങ്ങണത്തണ്ടുകൾ സ്ഥാപിച്ചു. രാത്രിയിൽ തേങ്ങാക്കൊട്ടകളിൽ കുളി സോപ്പ് വച്ചു. മൃഗങ്ങളുടെ ആക്രമണ പാതകളിൽ മണ്ണെണ്ണ തളിച്ചു. വിഷം അല്ലെങ്കിൽ സ്ഫോടകവസ്തുക്കൾ നിറച്ച ശർക്കര, കക്ക, ഗോതമ്പ് മാവ് എന്നിവ ഉപയോഗിച്ച് ചൂണ്ടകൾ സ്ഥാപിച്ചു. ചിലയിടങ്ങളിൽ കടുവകളെയും പുള്ളിപ്പുലികളെയും കൊല്ലുന്നതിന് പാരിതോഷികങ്ങളും പ്രഖ്യാപിച്ചു.
എന്നാൽ ഈ പരമ്പരാഗത രീതികൾ കാലക്രമേണ ഫലപ്രദമല്ലാതായി. വന്യമൃഗങ്ങളുടെ ആക്രമണം കുറയ്ക്കുന്നതിൽ ഇവയെല്ലാം ഭാഗികമായി വിജയിച്ചെങ്കിലും, അതെല്ലാം താൽക്കാലിക സ്വഭാവമുള്ളവയായിരുന്നു. വന്യമൃഗങ്ങൾ മിക്ക പ്രതിരോധ രീതികളിലും പരിചിതരായി. തീയോ ഉച്ചത്തിലുള്ള ശബ്ദമോ മറ്റു തരത്തിലുള്ള ശല്യങ്ങളോ ഭയന്ന് ഓടിപ്പോകാതായി. ഇതിനും പുതിയ ബദൽ രീതികൾ ഉണ്ടായിരുന്നുവെങ്കിലും അവ വളരെ ചെലവേറിയതോ അല്ലെങ്കിൽ ദോഷകരമായ മറ്റു നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതോ ആയിരുന്നു. അങ്ങിനെയാണ് കൂടുതൽ ആധുനികമായതും ശാസ്ത്രീയവുമായ സമീപനങ്ങൾ ഈ വിഷയത്തിൽ ഉയർന്നു വന്നത്.
ആധുനിക സമീപനങ്ങളുടെ
തിരിച്ചറിവ്
മനുഷ്യ-–വന്യമൃഗ സംഘർഷത്തെക്കുറിച്ച് ആഗോളതലത്തിൽ തന്നെ ഉയർന്നുവരുന്ന ആധുനികമായ ധാരണകൾ നമ്മൾ മുകളിൽ വിവരിച്ച “പരമ്പരാഗത’ രീതികളേക്കാൾ ശാസ്ത്രീയവും സമഗ്രവും ബഹുമുഖവുമാണ്. വർദ്ധിച്ചുവരുന്ന മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾക്ക് ഒന്നിലധികം കാരണങ്ങളുണ്ടെന്ന് പുതിയ സമീപനങ്ങൾ തിരിച്ചറിയുന്നു. ഈ തിരിച്ചറിവുകൾ സ്വാംശീകരിച്ചുകൊണ്ടാണ് പുതിയ പ്രതിരോധ നടപടികൾ രൂപീകരിക്കേണ്ടത് എന്നാണ് പൊതുവെ ശാസ്ത്രലോകം മനസ്സിലാക്കുന്നത്.
ഒന്നാമതായി, മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ സാധ്യമായേക്കില്ലെന്ന് ഈ സമീപനങ്ങൾ തിരിച്ചറിയുന്നു. അത്തരം സംഘർഷങ്ങൾ നൂറ്റാണ്ടുകളായി നടന്നിട്ടുണ്ട്; അത് തുടരുകയും ചെയ്യാനാണ് സാധ്യത. അതു പോലെ, ഈ പ്രതിഭാസത്തെ വിവരിക്കാൻ “സംഘർഷം’ എന്ന പദം ഉപയോഗിക്കുന്നത് അനുചിതമാണ് എന്നും ആധുനിക സമീപനങ്ങൾ പറയുന്നു. കാരണം, ആ പദം മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും ആവാസവ്യവസ്ഥയുമായി (habitat) ബന്ധപ്പെട്ട അവകാശവാദങ്ങൾക്കും ആവശ്യകതകൾക്കും ഒരു ഏറ്റുമുട്ടലിന്റെ സ്വഭാവം നൽകുന്നു. അതിനാൽ, ഭാവിയിലെ നയസമീപനങ്ങൾ വനങ്ങളിലും സമീപത്തുമുള്ള പാരിസ്ഥിതിക സംവിധാനങ്ങളെ സമന്വയിപ്പിച്ച് അത്തരം വൈരുദ്ധ്യങ്ങളുടെ ഫലമായുണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിന് ശ്രമിക്കണമെന്നതാണ് പൊതുവേയുള്ള സമീപനം.
രണ്ടാമതായി, വിവിധ നിയമങ്ങളുടെയും വന–വന്യമൃഗ സംരക്ഷണ പദ്ധതികളുടെയും വിജയകരമായി നടപ്പാക്കൽ, കടുവകൾ, ആനകൾ, കാട്ടുപന്നികൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ കാരണമായിട്ടുണ്ട്. ഇവിടെ, എണ്ണത്തെക്കാൾ പ്രധാനം മൃഗങ്ങളുടെ സാന്ദ്രതയാണ് (അതായത്, ഒരു ചതുരശ്ര കിലോമീറ്ററിന് എത്ര മൃഗങ്ങൾ എന്ന കണക്ക്). ഇതുമൂലം, അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കാലം മഴ ലഭിക്കുന്നതും ഈർപ്പമുള്ള വനങ്ങളുള്ളതുമായ കേരളത്തിലേക്ക് — പ്രത്യേകിച്ചും ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ — വന്യമൃഗങ്ങൾ വലിയ തോതിൽ കടന്നുവന്ന് സഞ്ചരിക്കുന്നു. അപ്പോൾ ആവാസവ്യവസ്ഥയുടെ വാഹകശേഷി കുറഞ്ഞ പ്രദേശങ്ങളിൽ (ഇവയെയാണ് ഹോട്ട്സ്പോട്ടുകൾ എന്ന് നമ്മൾ നേരത്തെ വിളിച്ചത്) വന്യമൃഗങ്ങളുടെ ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിക്കുന്നു.
മൂന്നാമതായി, ആവാസവ്യവസ്ഥകളുടെ വിഘടനവും പ്രകൃതിവിഭവ ശോഷണവുമാണ് വർദ്ധിച്ചുവരുന്ന മനുഷ്യ-–വന്യമൃഗ സംഘർഷത്തിന് പ്രധാന കാരണമെന്ന് ഈ സമീപനങ്ങൾ അഭിപ്രായപ്പെടുന്നു. ജനസംഖ്യാ വർദ്ധനവ്, നഗരവൽക്കരണം, വ്യവസായവൽക്കരണം, പശ്ചാത്തല സൗകര്യ പദ്ധതികൾ എന്നിവ കാരണം പലയിടങ്ങളിലും വനശോഷണം സംഭവിച്ചിട്ടുണ്ട്. തൽഫലമായി, ഏകദേശം 100 ചതുരശ്ര കിലോമീറ്റർ മാത്രം തങ്ങളുടെ വാസസ്ഥലമായി കണക്കാക്കുന്ന — പക്ഷേ ദീർഘദൂരം സഞ്ചരിക്കുന്ന — കടുവകൾ, ആനകൾ തുടങ്ങിയ മൃഗങ്ങളുടെ ഇടനാഴികൾ തടസ്സപ്പെടുകയും അവയുടെ ആവാസ വ്യവസ്ഥകൾ ഭഞ്ജിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് മനുഷ്യവാസ കേന്ദ്രങ്ങളിലേക്കോ കൃഷിയിടങ്ങളിലേക്കോ ഉള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് കാരണമാകുന്നു. കൂടാതെ, വേനൽക്കാലത്ത് വനങ്ങൾക്കുള്ളിലെ വെള്ളത്തിന്റെയും കാലിത്തീറ്റയുടെയും ലഭ്യത പലയിടത്തും കുറഞ്ഞിട്ടുണ്ട്. ഇത് ഭക്ഷണവും വെള്ളവും തേടി കൂടുതൽ ദൂരങ്ങളിലും വലിയ പ്രദേശങ്ങളിലും അലയാൻ വന്യമൃഗങ്ങളെ നിർബന്ധിതരാക്കുന്നു.
നാലാമതായി, വന്യജീവി പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ കാണിക്കുന്നത് മനുഷ്യ-–വന്യമൃഗ സംഘർഷങ്ങളിൽ ഉൾപ്പെടുന്ന വലിയ സസ്തനികളിൽ (mammals) ഭൂരിഭാഗവും ശക്തമായ ലൈംഗിക ദ്വിരൂപത (sexual dimorphism) കാണിക്കുന്നുവെന്നുമാണ്. ആനകളിൽ ആൺ മൃഗങ്ങൾക്ക് വലിയ ശരീര വലുപ്പമുണ്ട്; കൂടാതെ അവയ്ക്ക് കൊമ്പുകൾ തുടങ്ങിയ ദ്വിതീയ ലൈംഗിക അടയാളങ്ങളുമുണ്ട്. ആൺ ആനകൾക്കിടയിൽ ഈ സ്വഭാവസവിശേഷതകൾക്ക് ശക്തമായൊരു പരിണാമപരമായ തിരഞ്ഞെടുപ്പും കാലക്രമേണ ഉണ്ടായിട്ടുണ്ട്. ഇത്തരം സവിശേഷതകൾ മൂലം, പരിണാമപരമായി തെരഞ്ഞെടുക്കപ്പെട്ട ആൺ ആനകൾക്ക് മറ്റ് ആൺ ആനകളെക്കാൾ പെൺ ആനകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് വർദ്ധിക്കുന്നു. അങ്ങനെ, ഇണചേരൽ മത്സരങ്ങൾ രൂപപ്പെടുന്നു. ആൺ ആനകൾ ഇണചേരലിനായി ഒറ്റയ്ക്ക് കൂടുതൽ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇത് ആൺ ആനകളെ മനുഷ്യരുമായി അടുത്ത ബന്ധത്തിലേക്കും സംഘർഷത്തിലേക്കും കൊണ്ടുവരുന്നു. മാത്രമല്ല, പ്രായപൂർത്തിയായ ആൺ ആനകൾക്ക് “മസ്ത്’ അഥവാ സാമൂഹ്യ മത്സരവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ഹോർമോൺ അവസ്ഥ അനുഭവിക്കുന്നു. ഈ സമയങ്ങളിൽ അവർക്കിടയിൽ ആക്രമണശീലം, പ്രദേശാധിപത്യം എന്നീ സ്വഭാവങ്ങളും കാണപ്പെടുന്നു. ഇത്തരം ആനകൾ മനുഷ്യവാസ പ്രദേശങ്ങളിൽ എത്തുമ്പോൾ അവർ വിളകൾ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നു. പെൺ ആനകളാകട്ടെ, താരതമ്യേന ശാന്തരും കൂട്ടമായി ജീവിക്കുന്നവരുമാണെങ്കിലും ആവാസവ്യവസ്ഥകളിലെ പ്രശ്നങ്ങൾ അവരെയും മനുഷ്യവാസ പ്രദേശങ്ങളിൽ എത്തിക്കുന്നു. എന്നിരിക്കിലും, പ്രായപൂർത്തിയായ ആൺ ആനകളും അവരുടെ കൂട്ടങ്ങളും പെൺ ആനകളേക്കാൾ ആറു മടങ്ങ് കൂടുതൽ കൃഷിയിടങ്ങളിൽ പ്രവേശിക്കുകയും ഇരട്ടി വിളകൾ കഴിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അഞ്ചാമതായി, വന്യമൃഗങ്ങൾ പ്രോട്ടീനുകളും ധാതുക്കളും കൂടുതലായി ഉൾപ്പെടുന്ന,– ഊർജ്ജ ഉപഭോഗം പരമാവധിയാക്കുന്ന — ഭക്ഷണരീതികളാണ് അവലംബിക്കുന്നത് എന്നാണ് തീറ്റശീലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കാണിക്കുന്നത്. ആനകൾക്ക് നാട്ടിൽ കൃഷി ചെയ്യുന്ന നെല്ല് പോലുള്ള പുല്ലുകളിൽ നടത്തുന്ന ആക്രമണം കാട്ടിൽ വളരുന്ന കാട്ടുപുല്ലുകളേക്കാൾ കൂടുതൽ പ്രോട്ടീൻ, കാൽസ്യം, സോഡിയം എന്നിവ നൽകുന്നു. ഇതിനുപുറമെ, വനത്തിനുള്ളിൽ വളരുന്ന കാട്ടുഭക്ഷ്യ സസ്യങ്ങളുടെ പ്രോട്ടീൻ ഉള്ളടക്കത്തിലെ കാലക്രമേണയുള്ള കുറവും പഠനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാൽ, ഉയർന്ന പ്രോട്ടീനുള്ള നെല്ല്, തിന, ചോളം എന്നിവ വളർത്തുന്ന വിളനിലങ്ങൾ കൂടുതലായി ആക്രമിക്കാനുള്ള പ്രവണത വന്യമൃഗങ്ങൾ കാണിക്കുന്നു. ചുരുക്കത്തിൽ, ആനകൾ പതിവായി നടത്തുന്ന വിള ആക്രമണങ്ങൾ പരിണാമത്താൽ രൂപപ്പെടുത്തപ്പെട്ട ഒരു മികച്ച തീറ്റ കണ്ടെത്തൽ തന്ത്രത്തെയാണ് കാണിക്കുന്നത്. ഒരിക്കൽ വിളകൾ കണ്ടെത്തിയാൽ അവ ആവർത്തിച്ച് ആ സ്ഥലങ്ങളിൽ എത്തുന്നു.
ഇത്തരത്തിൽ മനുഷ്യ-–വന്യമൃഗ സംഘർഷ വിഷയത്തെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിലൂടെ മാത്രമേ അവ പരിഹരിക്കുന്നതിനുള്ള സമഗ്രമായ നയങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയൂ. തൽഫലമായി, സമീപവർഷങ്ങളിൽ സർക്കാരുകളും കർഷകരും ഒന്നിലധികം തന്ത്രങ്ങളുടെ സംയോജനവും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. വന്യജീവികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ ധാരണയും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും അവ ഒരുമിച്ചുകൊണ്ടുവരുന്നു.
ആധുനികമായ നയസമീപനം
മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ എന്നത് പല പഠന മേഖലകൾ ചേർന്ന ഒരു ഏകീകൃത പഠനശാഖയായി ഉയർന്നു വന്നിട്ടുണ്ട് എന്നാണ് നമുക്കിന്ന് മനസ്സിലാകുന്നത്. അതിനാൽ തന്നെ, ഈ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ആധുനിക സമീപനങ്ങളും സമഗ്രമാവണം. ഈ സമഗ്രതയിൽ പല സമീപനങ്ങളും ഒരുമിച്ചുവരണം. പ്രത്യേകമായ ഹ്രസ്വകാല, മധ്യകാല, ദീർഘകാല തന്ത്രങ്ങൾ ഇതിനാവശ്യമാണ്. ഇത്തരം തന്ത്രങ്ങൾ ഈ വിഷയത്തിലെ ശാസ്ത്രീയ തിരിച്ചറിവുകളെ പിൻപറ്റുന്നതുമാവണം. മാത്രമല്ല, ഇവയ്ക്കു വേണ്ട സാമ്പത്തിക വിഭവങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായങ്ങളും ആവശ്യം വരും. ഇവ ഒന്നൊന്നായി താഴെ സൂചിപ്പിക്കാൻ ശ്രമിക്കാം:
1. ഹ്രസ്വകാല സമീപനങ്ങൾ
ഹ്രസ്വകാല സമീപനങ്ങളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാരവും ഉചിതമായ സാങ്കേതികവിദ്യയുടെ തെരഞ്ഞെടുപ്പും ആവശ്യമാണ്. ഒരു വലിയ പ്രദേശത്തിന് ഒരു പൊതുപരിഹാരം ബാധകമാകില്ല. ഉദാഹരണത്തിന്, എല്ലായിടത്തും ആനകൾക്കെതിരെ മതിലുകൾ നിർമ്മിക്കുന്നത് അഭികാമ്യമല്ല. കാരണം അവ ചെലവേറിയതാണ്; ഒപ്പം, അത്തരം മതിലുകൾ കന്നുകാലികളുടെ മേയലിനും മനുഷ്യരുടെ വനങ്ങളിലേക്കുള്ള പ്രവേശനത്തിലും തടസ്സങ്ങൾ സൃഷ്ടിക്കും. കൂടാതെ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനനുസരിച്ച് മനുഷ്യരുടെയും മൃഗങ്ങളുടെയും പെരുമാറ്റം മാറും. അതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ, വന്യജീവി–പരിസ്ഥിതിയെയും മൃഗങ്ങളുടെ പെരുമാറ്റത്തെയുംകുറിച്ചുള്ള മെച്ചപ്പെട്ട ധാരണയെയും പ്രാദേശിക സമൂഹങ്ങളുടെ കൂടുതൽ ജനാധിപത്യപരമായ പങ്കാളിത്തത്തെയും അടിസ്ഥാനമാക്കി പ്രതിരോധരീതികളുടെ നിരന്തരമായ പുനർനിർമ്മാണം നടത്തേണ്ടിവരും എന്നാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കാണിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ആവാസവ്യവസ്ഥയുടെ വിഘടനം ഒഴിവാക്കാനും അവ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്.
എന്തൊക്കെയാണ് ഈ ഹ്രസ്വകാല സമീപനങ്ങൾ? പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന വിഷബാധയുള്ള ചൂണ്ടകൾ, സ്ഫോടനാത്മക ചൂണ്ടകൾ, ഡ്രം അടിക്കൽ, രാത്രി തീ കൊളുത്തൽ, രാത്രി കാവൽക്കാരെ നിയമിക്കൽ തുടങ്ങിയ രീതികൾ ഇപ്പോഴും പല പ്രദേശങ്ങളിലും കൃഷിക്കാർ ഉപയോഗിക്കുന്നുണ്ട്. അവ വ്യത്യസ്ത അളവുകളിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, വൈദ്യുത വേലികൾ, സൗരോർജ്ജ വേലികൾ, ആനയെ പ്രതിരോധിക്കാനുള്ള മതിലുകൾ, കിടങ്ങുകൾ എന്നീ ഭൗതിക തടസ്സങ്ങളും, പ്രശ്‌നകാരികളായ ആനകളെ റേഡിയോ കോളർ ചെയ്യുക, അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ക്യാമറകൾ ഉപയോഗിക്കുക തുടങ്ങിയ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ഇന്ന് പരക്കെ ഉപയോഗിക്കുന്നുണ്ട്. കോൺക്രീറ്റ് തടസ്സങ്ങളും റെയിൽ വേലികളുമൊക്കെ വേലികൾ കെട്ടാനുപയോഗിക്കുന്നു. മറ്റു പ്രദേശങ്ങളിൽ കന്നുകാലികളുടെ റെക്കോർഡിങ്ങുകൾ, അലാറങ്ങൾ, മണികൾ, ഇലക്ട്രിക് സൈറണുകൾ എന്നിവ പോലുള്ള പുതിയ തരം അക്ക്വസ്റ്റിക് (ശ്രവണ) പ്രതിരോധങ്ങൾ ഉപയോഗിക്കുന്നു. മൃഗങ്ങളെ ഭയപ്പെടുത്താൻ ഡ്രോണുകളും ഉപയോഗിക്കുന്നു. പക്ഷേ ഇവയെല്ലാം കർഷകർക്ക് വളരെ ചെലവേറിയതും കൂടുതൽ അദ്ധ്വാനവും സമയവും ആവശ്യമുള്ളതുമാണ്. ഈ ചെലവുകൾ വഹിക്കാൻ അവർക്ക് സർക്കാർ സഹായം അത്യന്താപേക്ഷിതമാണ്.
അതുപോലെ തേനീച്ചക്കൂടുകൾ, മുളക് പുക തുടങ്ങിയ ജൈവ മാർഗ്ഗങ്ങളും ഇപ്പോഴും പലയിടത്തും ഉപയോഗത്തിലുണ്ട്. മൃഗങ്ങളുടെ അഭിരുചികളെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണ കർഷകരെ വിവിധതരം സസ്യ-തടസ്സങ്ങൾ ഉപയോഗിക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്. രുചികരമല്ലാത്ത നിരവധി വിളകളുടെ കൃഷി വനങ്ങൾക്കും കൃഷിഭൂമിക്കും ഇടയിൽ ഒരു ബഫറായി പ്രവർത്തിപ്പിക്കുന്നത് ഒരുമാർഗമാണ്. മുള്ളുള്ള കുറ്റിക്കാടുകളും കാപ്സിക്കം (ഒരു തരം വലിയ മുളക്) പോലുള്ള മൃഗങ്ങളെ അകറ്റുന്ന വിളകളും സസ്യ-തടസ്സങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം ഹ്രസ്വകാല നടപടികളുടെ ഭാഗമായി വരും. സസ്യ-തടസ്സങ്ങൾ നിലവിലെ കൃഷിരീതികളെയും വിളക്രമങ്ങളെയും മാറ്റിക്കൊണ്ടാണ് വരുന്നതെങ്കിൽ കർഷകർക്ക് അതുമൂലം ഉണ്ടായേക്കാവുന്ന വരുമാന നഷ്ടം സർക്കാർ പൂർണമായും നികത്തിക്കൊടുക്കേണ്ടിയും വരും.
വിളനാശം അനുഭവിക്കുന്ന കർഷകർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പു നൽകണം. വന്യമൃഗ ആക്രമണങ്ങളുടെ കാരണങ്ങളെയല്ല, പ്രത്യാഘാതങ്ങളെയാണ് നഷ്ടപരിഹാരം നൽകുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെങ്കിലും, വന മാനേജ്മെന്റ് ശ്രമങ്ങളിൽ സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിൽ അവയ്ക്കുള്ള പങ്ക് വളരെ പ്രധാനമാണ്. നൂതന ഇൻഷുറൻസ് നടപടികളുടെ സാധ്യതകളും പരിശോധിക്കണം.
ഉചിതമായ രീതികൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ ഈ ചെലവുകൾ വഹിക്കുകയോ സംസ്ഥാനങ്ങളുമായി പങ്കിടുകയോ ചെയ്യണം. നിർദ്ദിഷ്ട തന്ത്രങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട്, മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ദേശീയ പദ്ധതി ആരംഭിക്കുകയും മതിയായ ധനസഹായം നൽകുകയും വേണം. ആനകളെ പ്രതിരോധിക്കാനുള്ള മതിൽ നിർമ്മിക്കാൻ ഒരു കിലോമീറ്ററിന് ഏകദേശം 1.5 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ, ഒരു സോളാർ വൈദ്യുത വേലിക്ക് ഒരു കിലോമീറ്ററിന് ഏകദേശം 1,30,000 രൂപയും ആനകളെ പ്രതിരോധിക്കാനുള്ള കിടങ്ങിന് ഒരു കിലോമീറ്ററിന് ഏകദേശം 8,00,000 രൂപയും ചെലവ് വരും. കേന്ദ്ര സർക്കാർ ഇവിടെ ഇടപെട്ടേ മതിയാകൂ.
2. മധ്യകാല സമീപനങ്ങൾ
വനങ്ങളുടെ മെച്ചപ്പെട്ട മാനേജ്‌മെന്റുമായി ഹ്രസ്വകാല സ്വയം-പ്രതിരോധ നടപടികളെ സംയോജിപ്പിക്കേണ്ടതുണ്ട്. അതാണ് പ്രധാനപ്പെട്ട മധ്യകാല സമീപനം. സമീപ വർഷങ്ങളിൽ, വനത്തിനുള്ളിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത വർദ്ധിപ്പിക്കുന്നതിൽ കേരളത്തിലെ വനം വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വേനൽക്കാലത്ത് വെള്ളം സംഭരിക്കാൻ സഹായിക്കുന്നതിന് വനങ്ങളിൽ കുളങ്ങൾ കുഴിക്കുന്നു. ആനത്താരകൾ തിരിച്ചറിഞ്ഞ് സമീപത്തുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സ്വമേധയാ മാറ്റിപ്പാർപ്പിക്കുന്നു. അമിതമായി സെൻസിറ്റീവ് ആയ വന്യജീവി മേഖലകളിൽ, വാഹന ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ, പ്രശ്നക്കാരായ മൃഗങ്ങളെ സ്ഥിരമായി മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന മാർഗ്ഗവും സ്വീകരിക്കുന്നു. ഇവിടെ, ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നതുപോലെ, ആക്രമണ സംഘങ്ങളിലെ മുൻനിര ആനകളെയാണ് കൂടുതലും ഇങ്ങനെ സ്ഥലം മാറ്റുന്നത്.
മധ്യകാല സമീപനങ്ങളിൽ പ്രാദേശിക ജനതകളുടെ സാമൂഹ്യ പങ്കാളിത്തം വികസിപ്പിക്കുകയും ആഴത്തിലാക്കുകയും വേണം. പ്രാദേശികമായി യുവാക്കളെയും കർഷകരെയും വനം ഉദ്യോഗസ്ഥരെയും ഒരുമിച്ചു കൊണ്ടുവന്ന് ദ്രുത പ്രതികരണ സംഘങ്ങൾ കേരളത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ എന്നിവരടങ്ങുന്ന അനവധി ജനജാഗ്രതാ സമിതി (പീപ്പിൾസ് വിജിലൻസ് കമ്മിറ്റി) യൂണിറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. അതുപോലെ, ഇക്കോ-ടൂറിസം പോലുള്ള സംരംഭങ്ങളിൽ ലാഭവും ആനുകൂല്യങ്ങളും പങ്കിട്ട്, ഒരു കമ്യൂണിറ്റി ഫണ്ട് സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള നയങ്ങൾ പ്രാദേശിക സമൂഹങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ, ഇത്തരം മധ്യകാല സമീപനങ്ങൾ സ്വീകരിക്കുന്നതിന് വളരെ പരിമിതമായ സഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ സഹായം തന്നെ അടുത്ത കാലത്ത് കുറഞ്ഞുവന്നിട്ടുമുണ്ട്.
3. ദീർഘകാല സമീപനങ്ങൾ
ദീർഘകാലാടിസ്ഥാനത്തിൽ, മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയം വനപ്രദേശങ്ങൾക്ക് സമീപമുള്ള ഭൂവിനിയോഗ രീതികൾ മാറുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സംഘർഷ മേഖലകളിലെ ജനങ്ങളും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കങ്ങൾ കുറയ്ക്കൽ, പ്രശ്നമുള്ള ആനകൾക്കെതിരായ മെച്ചപ്പെട്ട പ്രതിരോധം, ആനകൾ അടക്കമുള്ള മൃഗങ്ങളുടെ ചലന മാർഗങ്ങൾ സുഗമമാക്കൽ, വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ കൃഷിയിന്മേലുള്ള ജനങ്ങളുടെ ആശ്രിതത്വം കുറയ്ക്കൽ, ഇവയെല്ലാം ആഗോളതലത്തിൽതന്നെ അംഗീകരിക്കപ്പെട്ട ദീർഘകാല ഇടപെടലുകളാണ്.
കള്ളിങ്ങും ജനസംഖ്യാ
നിയന്ത്രണവും
മറ്റുചില മനുഷ്യ-–വന്യമൃഗ സംഘർഷ ലഘൂകരണ ഇടപെടലുകൾ ഹ്രസ്വ-–മധ്യ-–ദീർഘകാല പ്രാധാന്യമുള്ളവയാണ്. അതായത്, എല്ലാ സമയത്തും വേണ്ടിവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ. ഇവിടെ, ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗം വന്യമൃഗങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്ന പദ്ധതികളാണ്. എണ്ണത്തിൽ കൂടുതലുള്ള വന്യമൃഗങ്ങളെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നുകിൽ കൊല്ലുക (ഇതിനെ “കള്ളിങ്’ എന്നാണ് വിളിക്കുക), അല്ലെങ്കിൽ അവയ്ക്കുള്ളിൽ ജനസംഖ്യാ നിയന്ത്രണം നടപ്പിൽ വരുത്തുക എന്നിവയാണ് ഇവിടെ പരിഹാരങ്ങൾ. വനങ്ങൾ സംരക്ഷിക്കാനും അവിടെ വന്യമൃഗങ്ങൾക്ക് മെച്ചപ്പെട്ട പരിസരങ്ങൾ ഒരുക്കാനും ഒക്കെ ശ്രമിക്കുമ്പോഴും കള്ളിങ്ങും ജനസംഖ്യാ നിയന്ത്രണവും അനിവാര്യമാണ് എന്നാണ് അനുഭവങ്ങൾ നമ്മളോട് പറയുന്നത്.
ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിൽ കള്ളിങ് എന്നത് സങ്കീർണ്ണമായ ഒരു വിഷയമാണ്. ഇതിൽ പാരിസ്ഥിതിക, ധാർമ്മിക, സാമൂഹിക, -സാമ്പത്തിക, രാഷ്ട്രീയ മാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, മറ്റു രീതികൾക്കൊപ്പം, ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമായി, നടപ്പിലാക്കാവുന്ന തന്ത്രങ്ങളിൽ ഒന്നാണ് കള്ളിങ്. നേരത്തേ പറഞ്ഞതുപോലെ, ഹ്രസ്വകാലത്തിലും മധ്യകാലത്തിലും ദീർഘകാലത്തിലുമായി നടപ്പിൽ വരുത്തുന്ന വിശാലമായ ഒരു തന്ത്രത്തിന്റെ ഭാഗമായിരിക്കണം കള്ളിങ്.
ഒരു ആവാസവ്യവസ്ഥയ്ക്ക് നിലനിർത്താൻ കഴിയുന്ന ഒരു ജീവിവർഗത്തിന്റെ പരമാവധി എണ്ണത്തെയാണ് “വഹിക്കാനുള്ള ശേഷി’ അഥവാ “ക്യാരിയിംഗ് കപ്പാസിറ്റി’ എന്നു പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലെ വർദ്ധനവും ആവാസവ്യവസ്ഥകളുടെ വിഘടനവും മനുഷ്യരുടെയും കൃഷിയുടെയും കടന്നുകയറ്റവുമെല്ലാം ഈ ശേഷിയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആവാസവ്യവസ്ഥയുടെ ശേഷിയെ കവിഞ്ഞുനിൽക്കുന്ന കാട്ടുപന്നി, മാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കാൻ കള്ളിങ് നിർദ്ദേശിക്കപ്പെടുന്നത്. പല രാജ്യങ്ങളിലും കള്ളിങ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, യൂറോപ്പിന്റെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളിൽ, എണ്ണത്തിൽഅമിതമായുള്ള ജീവികളുടെ നിയന്ത്രിത കള്ളിങ് പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും മനുഷ്യ-–വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സഹായിച്ചിട്ടുണ്ട്. മാത്രമല്ല, കാട്ടുപന്നി പോലുള്ള മൃഗങ്ങളുടെ പെരുകൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ആഫ്രിക്കൻ സ്വൈൻ ഫീവർ പോലുള്ള സൂനോട്ടിക് (zoonotic) അസുഖങ്ങളുടെ വ്യാപനത്തിനും ഇടനൽകും. ഇവ കുറയ്ക്കുന്നതിനും കള്ളിങ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
അശാസ്ത്രീയമായി നടപ്പിൽ വരുത്തുന്ന കള്ളിങ് പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ജൈവവൈവിധ്യത്തെയും തടസ്സപ്പെടുത്തുമെന്ന് ഒരു അഭിപ്രായമുണ്ട്. ഉദാഹരണത്തിന്, സസ്യഭുക്കുകളെ നീക്കം ചെയ്യുന്നത് സസ്യങ്ങളുടെ അമിതവളർച്ചയിലേക്ക് നയിച്ചേക്കാം. കന്നുകാലികളെ സംരക്ഷിക്കുന്നതിനായി അവയെ വേട്ട ചെയ്യുന്ന മൃഗങ്ങളെ കൊല്ലുന്നത് സസ്യഭുക്കുകളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായേക്കാം. ഇതെല്ലാം മറ്റ് ജീവിവർഗ്ഗങ്ങളെയും ആവാസവ്യവസ്ഥാ സേവനങ്ങളെയും ബാധിച്ചേക്കാം. അതുപോലെതന്നെ, ഫലപ്രദമായ കള്ളിങ്ങിന് മുൻപ് അതിനുവേണ്ട കൃത്യമായ കണക്കുകൾ, സുതാര്യമായ തീരുമാനങ്ങൾ, കർശനമായ നിരീക്ഷണങ്ങൾ എന്നിവ ആവശ്യമാണ്. ഇവയില്ലാത്ത പക്ഷം പണ്ടുണ്ടായിരുന്ന പ്രാകൃത രൂപത്തിലുള്ള വന്യമൃഗ വേട്ടകൾ തിരിച്ചുവരാനുള്ള സാധ്യതകളുമുണ്ട്.
മറുവശത്ത്, കള്ളിങ് നടപ്പിൽ വരുത്തുന്നത് വന്യമൃഗങ്ങളിലെ പ്രത്യേക ഇനങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുകയും അതുവഴി മനുഷ്യ-–വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുകയും ചെയ്യും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക ശേഷിക്കനുസൃതമായി അപകടകാരികളായ മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യന്റെ സുരക്ഷ വർദ്ധിപ്പിക്കും. അമിതമായി വന്യമൃഗങ്ങളുടെ എണ്ണംകൂട്ടുന്ന സന്ദർഭങ്ങളിൽ, സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കള്ളിങ് വഴി കഴിയും. ഹ്രസ്വകാലത്തേക്ക്, അടിയന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിന് കള്ളിങ് എന്നത് ചെലവുകുറഞ്ഞ ഒരു പരിഹാരവുമായേക്കാം. എന്നാൽ ഇത്തരം ശാസ്ത്രീയമായ കള്ളിങ്ങിന് തടസ്സമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്. ഇവയാണ് ഇന്ന് കർഷകർക്കിടയിൽ രൂക്ഷമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.
കള്ളിങ്ങും കേന്ദ്ര നയങ്ങളും
വന്യമൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നയങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും മറ്റും വേട്ട സംസ്കാരത്തിന് എതിരായി രൂപപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിനുമുൻപ് നിലവിലുണ്ടായിരുന്ന 1927ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് ചില തദ്ദേശ നിയന്ത്രണങ്ങൾക്ക് വിധേയമായി വന്യമൃഗ വേട്ട അനുവദിച്ചിരുന്നു. മുൻപേയുള്ള 1912ലെ വൈൽഡ് ബേർഡ്സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ചും ചില നിയന്ത്രണങ്ങൾ വേട്ടക്ക് ഉണ്ടായിരുന്നെങ്കിലും വളരെ ദുർബലമായിരുന്നു ആ നിയന്ത്രണങ്ങളൊക്കെയും. സ്വാതന്ത്ര്യത്തിനു ശേഷം 1972 വരെ സംസ്ഥാനങ്ങൾക്ക് അവരുടേതായ വേട്ട നിയമങ്ങൾ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളിലും വേട്ട ഒരു കായിക വിനോദമായി പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. പുലികളെയും കടുവകളെയും മാനുകളെയും വേട്ടയാടാനുള്ള ലൈസൻസുകളും പെർമിറ്റുകളും സംസ്ഥാന സർക്കാരുകൾ നൽകിയും വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ദിരാ ഗാന്ധിയുടെ സർക്കാർ 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പാസ്സാക്കുന്നത്. വളരെ ചുരുക്കം ചില സാഹചര്യങ്ങളിൽ ഒഴികെയുള്ള വന്യമൃഗ വേട്ടകളെ ഈ നിയമം പരിപൂർണ്ണമായി നിരോധിച്ചു. വേട്ട അഥവാ ഹണ്ടിങ് എന്ന പദമാണ് നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്; വേട്ടയുടെ നിർവചനമായി 1972ലെ നിയമത്തിൽ പറയുന്നത് ഏതെങ്കിലും വന്യമൃഗത്തെയോ ബന്ദിയാക്കിയ മൃഗത്തെയോ കൊല്ലുക, വിഷം കൊടുക്കുക, പിടിക്കുക, കെണിയിൽ പെടുത്തുക, ഓടിക്കുക, ചൂണ്ടയിടുക എന്നിവയാണ്. ഈ നിയമത്തിന്റെ സെക്ഷൻ 11 അനുസരിച്ച് ഒരു സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമേ മനുഷ്യരുടെ ജീവന് അപകടകാരികളോ അസുഖം ബാധിച്ചതോ അംഗവൈകല്യം വന്നതോ ആയ മൃഗങ്ങളെ മാത്രം കൊല്ലാനുള്ള അധികാരം നൽകാൻ കഴിയൂ. അതുപോലെ, സെക്ഷൻ 62 അനുസരിച്ച് “വെർമിൻ’ അഥവാ ക്ഷുദ്രജീവി എന്ന് വർഗ്ഗീകരിക്കപ്പെടുന്ന വന്യമൃഗങ്ങളെ മാത്രമേ കൊല്ലാൻ അനുമതി നൽകാൻ കഴിയൂ. പിന്നെ, സെക്ഷൻ 12 അനുസരിച്ച് ചില ഗവേഷണ പ്രവർത്തനങ്ങൾക്കും വന്യമൃഗങ്ങളെ വധിക്കാനുള്ള അനുമതി നൽകാം. ഷെഡ്യൂൾ ഒന്നിലും രണ്ടിലും പെട്ട കടുവ, ആന തുടങ്ങിയ മൃഗങ്ങൾക്ക് വലിയ സുരക്ഷയും ഈ നിയമം ഒരുക്കി. ഇവയെ വേട്ട ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയടക്കം നൽകാം എന്നും നിയമം വ്യവസ്ഥ ചെയ്തു.
പിന്നീട് 1991ൽ ഈ നിയമം ഭേദഗതി ചെയ്തു. അതോടെ നിയമവിരുദ്ധമായ വേട്ടകൾക്കുള്ള ശിക്ഷകൾ കർശനമാക്കപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിലും ചില ഭേദഗതികൾ വന്നെങ്കിലും വേട്ടയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഒരു മാറ്റവും ഉണ്ടായില്ല. ചുരുക്കത്തിൽ, സെക്ഷൻ 62 അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുമാത്രമേ പ്രത്യേക ആവശ്യമനുസരിച്ച് ചില വന്യമൃഗങ്ങളെ മാത്രം, ക്ഷുദ്രജീവി എന്ന് വിളിക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകാൻ കഴിയൂ എന്നും, ആ പ്രത്യേക കാലയളവിലേക്കു മാത്രമേ ആ മൃഗങ്ങളെ കൊല്ലാനുള്ള അനുമതി ലഭിക്കൂ എന്നും വന്നു. ഇതിനിടയ്ക്ക് പല സുപ്രീംകോടതി വിധികളും ഈ വിഷയത്തിൽ വരികയുണ്ടായി. 2013ലെ ഒരു വിധി അനുസരിച്ച് പരമ്പരാഗതമായി വേട്ട നടത്തിപ്പോന്ന ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പെടെ വേട്ട നടത്താൻ പാടില്ലെന്നായി.
ചുരുക്കത്തിൽ, നിലവിലെ സ്ഥിതിയനുസരിച്ച് വന്യമൃഗ വേട്ട പരിപൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. മൂന്ന് സാഹചര്യങ്ങളിൽ മാത്രമേ വന്യമൃഗങ്ങളെ വധിക്കുന്നത് അനുവദിച്ചിട്ടുള്ളൂ: ഒന്ന്, സ്വയരക്ഷയ്ക്കായി ഒരാൾക്ക് വന്യമൃഗങ്ങളെ വധിക്കാം. രണ്ട്, കേന്ദ്രസർക്കാർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന മൃഗങ്ങളെ ആ കാലയളവിൽ മാത്രം സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് വധിക്കാം. മൂന്ന്, ചില ശാസ്ത്രഗവേഷണ പ്രവർത്തനങ്ങൾക്ക് മാത്രമായി വന്യമൃഗങ്ങളെ വേട്ടയാടാനുള്ള അനുവാദം നൽകാം. മറ്റൊരു സാഹചര്യത്തിലും വന്യമൃഗ വേട്ട നിയമവിധേയമല്ല.
ഇതുമാത്രമല്ല പ്രശ്നം. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ട വന്യമൃഗങ്ങളെ എങ്ങനെ വധിക്കാം എന്നതിനെക്കുറിച്ചും സങ്കീർണമായ കേന്ദ്ര മാർഗ്ഗനിർദേശങ്ങളാണ് നിലവിലുള്ളത്. ഒരു വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് അനുമതി തേടണം എന്നതായിരുന്നു 1972ലെ നിയമത്തിലെ വ്യവസ്ഥ. 1991ലെ ഭേദഗതിയനുസരിച്ച്, ഇങ്ങനെ കേന്ദ്രസർക്കാർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന മൃഗങ്ങളെ കൊല്ലാനുള്ള പെർമിറ്റുകൾ നൽകാനുള്ള അധികാരം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നൽകിയിട്ടുള്ളത്. ഇത്തരം അനുമതി കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നതിന് മനുഷ്യർക്കും വിളകൾക്കുമുള്ള നാശനഷ്ടങ്ങൾ വിശദമായി വിവരിക്കുന്ന തെളിവുകളും കണക്കുകളും സംസ്ഥാനങ്ങൾ നൽകണം. മാത്രമല്ല, ഈ മൃഗങ്ങളെ വധിക്കാതെ തന്നെ പ്രശ്നം പരിഹരിക്കുന്നതിനുള്ള എല്ലാ നിരുപദ്രവങ്ങളായ സാധ്യതകളും പരിശോധിച്ചു കഴിഞ്ഞു എന്ന് തെളിവു നൽകുകയും വേണം. ഏത് മൃഗത്തെ, ഏത് പ്രദേശത്ത്, എത്ര കാലത്തേക്ക് വധിക്കാനുള്ള അനുമതിയാണ് വേണ്ടത് എന്നും ചൂണ്ടിക്കാണിക്കണം.
കേന്ദ്രസർക്കാർ അനുമതി നൽകാൻ തീരുമാനിക്കുന്ന പക്ഷം, ഒരു ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഈ നോട്ടിഫിക്കേഷനിൽ എങ്ങനെയൊക്കെയാണ് പ്രസ്തുത മൃഗത്തെ വധിക്കാനുള്ള അനുമതിയുള്ളത് എന്ന് വിശദമായി പ്രതിപാദിക്കപ്പെടും. ഉദാഹരണത്തിന്, രാത്രികാലങ്ങളിൽ ഒരു മൃഗത്തെ വധിക്കാൻ പാടില്ല, വിഷം നൽകി കൊല്ലാൻ പാടില്ല എന്നിങ്ങനെയൊക്കെ നോട്ടിഫിക്കേഷനിൽ പറയാറുണ്ട്. ഇങ്ങനെ അനുമതി ലഭിച്ചാൽ ആർക്കൊക്കെയാണോ വധിക്കാനുള്ള അധികാരം നൽകിയിട്ടുള്ളത് അവരെ മാത്രം ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ വനംവകുപ്പിന് കള്ളിങ് നടപ്പിലാക്കാം. എത്ര മൃഗങ്ങളെ എവിടെയൊക്കെവെച്ച് വധിച്ചു എന്നതിന്റെ വിശദമായ കണക്ക് സൂക്ഷിക്കുകയും അവ പിന്നീട് കേന്ദ്രസർക്കാരിന് കൈമാറുകയും വേണം.
മാർഗ്ഗനിർദ്ദേശങ്ങളിലെ ഇത്തരം സങ്കീർണതകൾ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. കേന്ദ്ര അനുമതി ലഭിക്കാതിരിക്കുകയോ വെെകുകയോ ചെയ്യുന്നത് കൂടുതൽ മരണങ്ങൾക്കും കാർഷിക നഷ്ടങ്ങൾക്കും വഴിതെളിക്കുന്നുണ്ട്. ഇതടക്കം കേന്ദ്ര നിയമങ്ങളിൽ വിശദമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ആവശ്യമാണ് എന്നത് കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ ഏറെക്കാലമായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു വരുന്നുണ്ട്.
ഒന്നാമതായി, ഒരു വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം, പരിമിതമായ ഒരു കാലയളവിലേക്കെങ്കിലും, സംസ്ഥാന സർക്കാരുകൾക്ക് നൽകണം. ഇതുവഴി കേന്ദ്ര അനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സാധിക്കും. രണ്ടാമതായി, ഏതൊക്കെ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാം എന്നതിന്റെ പട്ടിക കേന്ദ്രസർക്കാർ വിപുലപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, നിലവിലെ നിയമത്തിൻ കീഴിൽ ആന, മയിൽ തുടങ്ങിയ ഷെഡ്യൂൾ ഒന്നിലെ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ആനകളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സാധിക്കാത്തത് പലപ്പോഴും രൂക്ഷമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. മൂന്നാമതായി, സംസ്ഥാനങ്ങൾക്ക് ഒരു മൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്ന പ്രക്രിയ കേന്ദ്രസർക്കാർ കൂടുതൽ ലളിതമാക്കണം. മാത്രമല്ല, ഇത്തരം അനുമതികൾ സമയബന്ധിതമായി നൽകുകയും വേണം. നാലാമതായി, ഒരു ക്ഷുദ്രജീവിയെ എങ്ങനെയൊക്കെ വധിക്കാം എന്നതിനെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണം. മാനുഷിക പരിഗണനകൾ നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ രീതികൾ അവലംബിച്ചുകൊണ്ട് ക്ഷുദ്രജീവികളെ വധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകണം. അഞ്ചാമതായി, ക്ഷുദ്രജീവികളെ വേട്ട നടത്താനായി ഇറങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്, – അവർ നിയമവിരുദ്ധമായി പ്രവർത്തിക്കാത്തിടത്തോളം, — ആവശ്യമായ സംരക്ഷണവും പ്രോത്സാഹനവും നൽകേണ്ടതുണ്ട്. അവരെ അനാവശ്യമായി കേസുകളിൽ കുടുക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. അവസാനമായി, സെക്ഷൻ 62ന് പുറത്തും പൊതുവിൽ മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള വിപുലമായ ഒരു പദ്ധതിക്ക് കേന്ദ്രസർക്കാർ ദേശീയ തലത്തിൽ തന്നെ തയ്യാറാവണം. അതിന് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര ബജറ്റിൽ വകയിരുത്തണം. കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരം വർദ്ധിപ്പിക്കുകയും, അതിന്റെ ഒരു ഭാഗം കേന്ദ്രസർക്കാർ വഹിക്കുകയും വേണം.
ഈ ആവശ്യങ്ങളൊക്കെ പല സംസ്ഥാനങ്ങളും പല അവസരങ്ങളിലും ശക്തമായി ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ ഒരു മാറ്റത്തിനും തയ്യാറായിട്ടില്ല. മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലുന്നതിനുപകരം ഈ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് വാക്സിനേഷൻ ഉൾപ്പെടുന്ന ഗർഭനിരോധന മാർഗങ്ങൾ പരിശോധിക്കണം എന്നാണ് പലപ്പോഴും കേന്ദ്രസർക്കാർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രതിലോമ സമീപനം സംസ്ഥാനതലത്തിൽ മനുഷ്യ-–വന്യമൃഗ സംഘർഷങ്ങളെ കൂടുതൽ രൂക്ഷമാക്കാനാണ് വഴി വെച്ചിട്ടുള്ളത്. ഈ നിലപാടിനെതിരെയാണ് കേരളമടക്കം പല സംസ്ഥാനങ്ങളിലും കർഷകർ സമരമാർഗങ്ങളിലേക്ക് ഇറങ്ങിയിട്ടുള്ളത്.
കേരളത്തിനുള്ള
സാമ്പത്തിക പാക്കേജ്
നിയമങ്ങളിലെ മാറ്റങ്ങൾക്കൊപ്പം ദേശീയതലത്തിൽ തന്നെയുള്ള മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു വലിയ പാക്കേജാണ് കേന്ദ്രസർക്കാർ തയ്യാറാക്കി നടപ്പിലാക്കേണ്ടത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഈ പാക്കേജുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ഏതൊക്കെയെന്നും, അവയ്ക്ക് ആവശ്യമായ ചെലവുകളിൽ എത്രയാണ് കേന്ദ്രസർക്കാർ വഹിക്കേണ്ടി വരികയെന്നുമുള്ളതും കേരള സംസ്ഥാന ആസൂത്രണ ബോർഡ് വിശദമായി പരിശോധിക്കുകയും ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിൽ വിവിധ മനുഷ്യ-–വന്യമൃഗ സംഘർഷ സംഭവങ്ങളെ തരംതിരിച്ച് വർഗ്ഗീകരിക്കുകയും ലഘൂകരണത്തിന് ആവശ്യമായ സാമ്പത്തിക ചെലവ് കണക്കാക്കുകയും നഷ്ടപരിഹാര സാധ്യതകൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഈ റിപ്പോർട്ടിലെ വിവരങ്ങൾ പതിനാറാം ധനകാര്യ കമ്മീഷന് നിവേദന രൂപത്തിൽ കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇതിനായി ആസൂത്രണ ബോർഡ് സ്വീകരിച്ച രീതിശാസ്ത്രം ഇപ്രകാരമാണ്: കേരളത്തിലെ എട്ട് വന്യജീവി സർക്കിളുകളിൽ ഓരോന്നിൽ നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ശേഖരിച്ചു. ഇടപെടൽ രീതി, വന്യമൃഗങ്ങളുടെ തരങ്ങൾ, പ്രദേശം, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യ-– വന്യമൃഗ സംഘർഷ സംഭവങ്ങളെ തരംതിരിച്ചു. അങ്ങനെ, മൊത്തം ഒമ്പത് തലങ്ങളിൽ ആവശ്യമായ പ്രതികരണ രീതികൾ ഈ റിപ്പോർട്ടിൽ സംഗ്രഹിച്ചിട്ടുണ്ട്. ഈ രീതികൾ താഴെപ്പറയുന്നവയാണ്:
1. ഭൗതിക തടസ്സങ്ങൾ
2. മനുഷ്യ-–വന്യമൃഗ സമ്പർക്കം കുറയ്ക്കുന്നതിനുള്ള നടപടികൾ
3. അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷി വികസനവും
4. ഇൻഷുറൻസുകളും എക്സ്-ഗ്രേഷ്യ പേയ്‌മെന്റും
5. ജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തൽ
6. ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ
7. പരിശീലനം, അവബോധം സൃഷ്ടിക്കൽ, ഗവേഷണം
8. സ്വകാര്യ സെറ്റിൽമെന്റുകളുടെ സ്ഥലംമാറ്റം
9. ആനകളുടെയടക്കം സഞ്ചാരപാതകൾ സുഗമമാക്കാൻ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കൽ
ഈ ഇടപെടലുകളുടെ ഒരു സംഗ്രഹം പട്ടിക രണ്ടിൽ നൽകിയിട്ടുണ്ട്. ഈ പട്ടികയിൽ പ്രത്യക്ഷമായ ചെലവുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ, പരോക്ഷ ചെലവുകളില്ല. ഇത്തരമൊരു വിശദമായ പദ്ധതി കേരളത്തിൽ അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പിലാക്കുന്നതിനുള്ള മൊത്തം സാമ്പത്തിക ബജറ്റ് ആവശ്യകത 3103.2 കോടി രൂപയാണ് (പട്ടിക 2). ഈ തുക കേന്ദ്ര സർക്കാർ കേരളത്തിന് നൽകണം എന്നതാണ് നമ്മുടെ പ്രധാന ആവശ്യം.
പട്ടിക 2
ആകെ ആവശ്യകത
പ്രതിരോധ രീതികൾ | (കോടി രൂപ) | ശതമാനം (%) |
ഭൗതിക തടസ്സങ്ങൾ | 316.7 | 10.21% |
സമ്പർക്കം ഒഴിവാക്കാനുള്ള നടപടികൾ | 190.0 | 6.12% |
പശ്ചാത്തല സൗകര്യവും മാനവ വിഭവശേഷഇ വികസനവും | 380.0 | 12.24% |
ഇൻഷുറൻസുകളും എക്‌സ്‌ഗ്രേഷ്യയും | 253.3 | 8.16% |
ജനപങ്കാളിത്തം ശക്തിപ്പെടുത്തൽ | 12.7 | 0.41% |
ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ | 278.7 | 8.95% |
പരിശീലനം, അവബോധം സൃഷ്ടിക്കൽ, ഗവേഷണം | 25.3 | 0.82% |
സ്വകാര്യ വാസസ്ഥലങ്ങളുടെ സ്ഥലംമാറ്റം | 633.3 | 20.41% |
സ്വകാര്യ എസ്‌റ്റേറ്റുകളുടെ ഏറ്റെടുക്കൽ | 1013.3 | 32.65% |
എല്ലാ പ്രവർത്തനങ്ങളും | 3103.2 | 100.00% |
മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണത്തിനു വേണ്ടിയുള്ള അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക ആവശ്യകത (കോടി രൂപയിൽ)
ഉറവിടം: ആസൂത്രണ ബോർഡ് കണക്കാക്കിയത്.
കുറിപ്പ്: 2014-–2023 കാലയളവിലെ ശരാശരി പണപ്പെരുപ്പ നിരക്ക് (5.15%) പരിഗണിച്ചാണ് ഓരോ വർഷത്തേയും പ്രൊജക്ഷൻ നടത്തിയത്.
ഉപസംഹാരം
മനുഷ്യ-–വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കാൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള, കള്ളിങ് ഉൾപ്പെടെയുള്ള എണ്ണത്തിലെ നിയന്ത്രണം, പ്രതിരോധ പ്രവർത്തനങ്ങൾ, ആവാസ സംരക്ഷണം, ഫണ്ടിങ് എന്നിവയെല്ലാമടങ്ങിയ സന്തുലിതമായ ഒരു നയമാണ് ഇന്ന് ആവശ്യം. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ വിമുഖതയോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മനുഷ്യ-–വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ഒരു സമർപ്പിത കേന്ദ്ര പദ്ധതിയും ഇന്ന് നിലവിലില്ല. പൂർണ്ണമായും സംസ്ഥാനങ്ങളാണ് കർഷകർക്കും ജനങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നത്. കള്ളിങ് എന്ന പ്രധാന ആവശ്യം പരിഗണിക്കാതെ വന്യമൃഗങ്ങളെ മാറ്റി പാർപ്പിക്കുകയോ അല്ലെങ്കിൽ വാക്‌സിനേഷൻ നടത്തി ഗർഭനിരോധന പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്‌താൽ മതി എന്നതാണ് കേന്ദ്ര സമീപനം. ഇത് പ്രായോഗികമല്ല. മാത്രമല്ല ദീർഘകാലത്തിൽ മാത്രമേ ഇതിന്റെ ഗുണങ്ങൾ ലഭിക്കുകയുമുള്ളൂ. പ്രതിരോധത്തിന് തൽക്കാലം ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം, ഡ്രോൺ സാങ്കേതിക വിദ്യകൾ, ഇലക്ട്രിക് വേലികൾ എന്നിങ്ങനെയുള്ള സമീപനങ്ങൾ മതി എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ഇവയൊക്കെ ചെലവേറിയതാണ്. സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് താങ്ങാൻ കഴിയാത്തതുമാണ്. കോടതികളുടെ ഇടപെടലുകളും (ഉദാഹരണത്തിന്, 2023ലെ അരിക്കൊമ്പൻ കേസ്), പരിസ്ഥിതി സംഘടനകളുടെ എതിർപ്പുമൊക്കെ ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേയുള്ളൂ.
ഇന്ന് സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യം വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുക എന്നതാണ്. മാത്രമല്ല, ഒരു ക്ഷുദ്രജീവിയെ എങ്ങിനെ വധിക്കാം എന്നതിനെ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലളിതവൽക്കരിക്കുകയും വേണം. ഈ ആവശ്യം കേന്ദ്ര സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ എല്ലാ കർഷകരെയും ഒന്നിച്ചണിനിരത്തുന്ന ശക്തമായ സമരങ്ങൾ ആവശ്യമാണ്. ഇതിനൊരു തുടക്കമാണ് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മെയ് 22 മുതൽ 29 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ നടത്താൻ നിശ്ചയിച്ച കർഷക മുന്നേറ്റ ജാഥയും അതിനവസാനം തിരുവനന്തപുരത്ത് നടന്ന രാപകൽ ഉപരോധ സമരവും. കേന്ദ്ര സർക്കാരിന്റെ കണ്ണു തുറപ്പിക്കാനും പുതിയൊരു നയസമീപനത്തിനും ഈ സമരം ഒരു കാരണമാകും എന്ന് പ്രതീക്ഷിക്കാം. l