ഇന്ത്യയിലെ കൃഷിക്കാര്‍ അനുഭവിക്കുന്ന ഭൂപ്രശ്നങ്ങളും കാര്‍ഷിക പ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ട് ദേശവ്യാപകമായി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുവാന്‍ അഖിലേന്ത്യ കിസാന്‍സഭ ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിന്റെ ഭാഗമായി കേരളത്തിലെ കൃഷിക്കാര്‍ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ ജീവല്‍പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കേരളകര്‍ഷകസംഘം സജീവമായി രംഗത്തിറങ്ങുകയാണ്. ആദ്യം ജനങ്ങളുടെ മുമ്പാകെ കാര്യങ്ങള്‍ വിശദീകരിക്കുക, തുടര്‍ന്ന് പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് കാസര്‍കോട്- മുതല്‍ തിരുവനന്തപുരം വരെ മലയോര കര്‍ഷക മുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നത്.
പ്രതികൂലമായ സാഹചര്യങ്ങളിലും കൃഷിക്കാരുടെ പ്രധാനപ്പെട്ട ജീവല്‍പ്രശ്നങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകേണ്ടതിനെക്കുറിച്ച് കര്‍ഷകര്‍ക്കാകെ വ്യക്തമായ ധാരണയുള്ളതിനാലാവണം ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ വമ്പിച്ച പങ്കാളിത്തമുണ്ടായിരുന്നത്. നമ്മുടെ കേരളം ഒരുപാട് വളര്‍ന്ന് വികസിച്ചിരിക്കുന്നു. കേരള വികസനത്തിന്റെ അടിസ്ഥാനം 1957 ലെ ഇഎംഎസ് ഗവണ്‍മെന്റ് നടപ്പാക്കിയ ഭൂപരിഷ്കരണമാണ്. ഭൂപരിഷ്കരണം നടപ്പാക്കിയില്ലായിരുന്നുവെങ്കില്‍ കേരളം ദാരിദ്ര്യവും പട്ടിണിയുമുള്ള മറ്റുചില സംസ്ഥാനങ്ങള്‍ പോലെതന്നെ നിലനില്‍ക്കുമായിരുന്നു. 1947 മുതല്‍ 1957 വരെ താത്കാലിക ഗവണ്‍മെന്റുകളായിരുന്നു, ഭരിച്ചത് കോണ്‍ഗ്രസും. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഏതെങ്കിലും ഒരു കാര്‍ഷിക പ്രശ്നം/ഭൂപ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? 1957 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ എം എസ് മുഖ്യമന്ത്രിയായി. അതിനു മുമ്പേ കേരളത്തിലെ കര്‍ഷകപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാന ആവശ്യമാണ് മണ്ണില്‍ പണിയെടുക്കുന്ന കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമി വേണം, ജന്മി നാടുവാഴിത്ത വ്യവസ്ഥ അവസാനിപ്പിക്കണം എന്നത്.
കേരളത്തിലെ ദരിദ്ര കര്‍ഷകരുടെ ജീവിതം മാറ്റിമറിച്ച ഭൂപരിഷ്കരണ നിയമം നടപ്പിലാക്കാനാണ് കമ്യൂണിസ്റ്റ് മന്ത്രിസഭ തുടക്കം കുറിച്ചത്. ജന്മിമാര്‍ക്കൊപ്പം നിലകൊണ്ടിരുന്ന കോണ്‍ഗ്രസ് ആ കമ്യൂണിസ്റ്റ് മന്ത്രിസഭയെ തുടരാന്‍ അനുവദിച്ചില്ല. ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു. പിന്നീട് ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് ഭൂപരിഷ്കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വന്നത്. 1967 ല്‍ രണ്ടാം ഇ എം എസ് മന്ത്രിസഭ ഭൂപരിഷ്കരണ ഭേദഗതി നിയമം കൊണ്ടു വന്നു. അതിനിടയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ കൊണ്ടുവന്ന നിയമങ്ങളെല്ലാം കര്‍ഷകവിരുദ്ധമാണ്. അവര്‍ ദരിദ്രര്‍ക്ക് ഭൂമി ലഭിക്കുന്നതിന് എതിരായിരുന്നു. 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന ആ നിയമമനുസരിച്ച് കേരളത്തില്‍ 28 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി ലഭിച്ചു. അഞ്ചര ലക്ഷത്തോളം വരുന്ന കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം കിട്ടി.
അന്ന് മിച്ചഭൂമി ഏറ്റെടുത്ത നിയമത്തിനെതിരായി കാസര്‍കോട് ഇടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി കേസ് കൊടുത്തു. കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നത് പ്രശസ്തമായ ഒരു കേസായിരുന്നു. അന്ന് കേശവാനന്ദ ഭാരതി ഉന്നയിച്ചത് തങ്ങളുടെ 300 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് കൊടുത്തിരിക്കുകയാണ്, അത് തടയണം എന്നാണ്. എന്നാല്‍ ആ നടപടി കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തവിധം ഇ എം എസ് ഗവണ്‍മെന്റ് ഒന്‍പതാം പട്ടികയില്‍പ്പെടുത്തിയിരുന്നു. ഒന്‍പതാം പട്ടികയില്‍പ്പെടുത്തിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ തടസ്സമാണ്. ഒന്‍പതാം പട്ടികയില്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണ്, മൗലികാവകാശമാണ് സ്വത്ത് സമ്പാദ്യം എന്നെല്ലാം അവര്‍ വാദിച്ചു. അഡ്വ. പല്‍ഖിവാലയാണ് കേശവാനന്ദഭാരതിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ചരിത്ര പ്രസിദ്ധമായ ആ കേസിന്റെ വാദം 63 ദിവസം കോടതിയില്‍ നടന്നു. 13 സുപ്രീംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് വാദം കേട്ടത്. അവസാനം പൊതു താല്‍പ്പര്യത്തെ അടിസ്ഥാനപ്പെടുത്തി നിയമം നിര്‍മ്മിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധി വന്നു. ആ വിധിപ്രകാരമാണ് കേരളത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ഭൂരഹിതരുടെ കൈവശം ഭൂമി സ്വന്തമായുണ്ടായത്.
കേരളത്തിൽ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അന്ന് വന്നില്ലായിരുന്നുവെങ്കില്‍ കൃഷിക്കാര്‍ക്ക് ഈ ഭൂമി ലഭിക്കുമായിരുന്നോ? ആ ഭൂപരിഷ്കരണമാണ് ഇന്നത്തെ കേരളത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറ പാകിയത്. ഇന്ന് കേരളം വിദ്യാഭ്യാസപരമായും ഉയര്‍ന്നുവന്നു. എല്ലാവരും പഠിച്ച് മിടുക്കരാകുകയും വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുകയും ചെയ്യുന്നു. അന്നൊക്കെ ഗള്‍ഫ് രാജ്യങ്ങള്‍ മരുഭൂമിയാണ്. എന്നാല്‍ 1970 കളില്‍ പലരും അവിടേക്ക് കുടിയേറുകയായിരുന്നു. ആ കാലഘട്ടം കുടിയേറ്റത്തിന്റേതായിരുന്നു. ആയിരക്കണക്കിനു മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തി. ഇന്ന് ഗള്‍ഫ് വെറും മരുഭൂമി മാത്രമല്ല, അത് ഏറ്റവും മെച്ചപ്പെട്ട വ്യാപാര കേന്ദ്രങ്ങളും എ സി കെട്ടിടങ്ങളും മെച്ചപ്പെട്ട റോഡുകളും പച്ച വിരിഞ്ഞു കിടക്കുന്ന തോട്ടങ്ങളും കോട്ടകളുമായി മനോഹരമായി മാറിയിരിക്കുന്നു. തുടര്‍ന്നും ലക്ഷക്കണക്കിന് മലയാളികള്‍ അങ്ങോട്ട് ചെന്നു. അവിടെ ജോലി ചെയ്യുന്ന വരുമാനത്തിന്റെ ഒരു ഭാഗം കേരളത്തിലേക്കു വരുന്നു. അവരുടെ വരുമാനം വന്നതോടെ നമ്മുടെ നാട്ടിലും നിരവധി വീടുകള്‍ വന്നു, റോഡുകള്‍ വന്നു, കെട്ടിടങ്ങള്‍ വന്നു, കച്ചവട സ്ഥാപനങ്ങള്‍ വന്നു, സ്കൂളുകളും കോളേജുകളും ആശുപത്രികളും വന്നു. സര്‍വ്വോപരി നാട് വികസിച്ചു.
ഈ വികസനത്തിന്റെ അടിത്തറ പാകിയത് ഇടതുപക്ഷമാണ്. അതിന്റെ ഫലമാണ് ഇന്നത്തെ കേരളം. ഇനിയും കേരളം മുന്നോട്ടു പോകാനുണ്ട്. ഇന്ന് ഭൂപരിഷ്കരണത്തില്‍ അവശേഷിക്കുന്ന ചില പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. അതിലൊന്നാണ് പട്ടയം. പലർക്കും ഭൂമിയുണ്ട്, അതിൽ പത്തും ഇരുപതും ഇരുപത്തിയഞ്ചും കൊല്ലമായി കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രേഖയില്ല, അവകാശമില്ല. അവര്‍ക്ക് ബാങ്കുകളില്‍ പണയപ്പെടുത്തി വായ്പ വാങ്ങാന്‍ നിര്‍വ്വാഹമില്ല. കര്‍ഷകസംഘം ആ വിഷയം ഏറ്റെടുത്തു. കേരള ഗവണ്‍മെന്റിനോട് പറഞ്ഞു; കേരളത്തില്‍ കൈവശ കൃഷിക്കാർക്ക് മുഴുവന്‍ അവരുടെ കൈവശഭൂമിക്ക് ഉടമസ്ഥാവകാശം അഥവാ പട്ടയം കൊടുക്കണം. കേരള ഗവണ്‍മെന്റ് ഞങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു; ആറ് മാസത്തിനുള്ളില്‍ എൽഡിഎഫ്- ഗവണ്‍മെന്റ് കേരളത്തിലെ മുഴുവന്‍ കൃഷിക്കാര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇല്ലെങ്കില്‍ അവര്‍ക്ക് പട്ടയം ലഭിച്ചതായിട്ടുള്ള നിയമം കൊണ്ടുവരും.
പിന്നെയും ഭൂപ്രശ്നങ്ങളുണ്ട്, കച്ചവട സ്ഥാപനങ്ങളും വര്‍ക്ക്ഷോപ്പുകളുമൊക്കെയായി സ്വന്തമായി തൊഴില്‍ കണ്ടെത്തിയവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നില്ല. അങ്ങനെ നിയമവിധേയമായിട്ടല്ലാതെ കെട്ടിടം നിര്‍മ്മിച്ചു കഴിയുന്ന ഒട്ടനവധി യാളുകള്‍ മലയോര മേഖലയിലുണ്ട്. 10–30 കൊല്ലമായി താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ പറ്റുമോ? കച്ചവടം ചെയ്തുകൊണ്ടിരിക്കുന്നവരും, കൈവശംവച്ചുകൊണ്ടിരിക്കുന്നവരും നിയമവിരുദ്ധമായിട്ടായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക, പഴയകാല സാഹചര്യങ്ങള്‍ കൊണ്ടാകാം. നിയമവിധേയമായി അംഗീകാരം കിട്ടാത്ത കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ പിഴ ചുമത്തിക്കൊണ്ട് എല്ലാവര്‍ക്കും ഉടമസ്ഥാവകാശം നല്‍കി നിയമവിധേയമാക്കാന്‍ കേരള ഗവണ്‍മെന്റ് നിലപാട് സ്വീകരിച്ചു കഴിഞ്ഞു.
മറ്റൊരു പ്രശ്നം, വിതരണം ചെയ്യുന്ന മിച്ചഭൂമിയുടെ റവന്യുരേഖകളില്‍ കൃഷിക്കുവേണ്ടി എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക. പക്ഷേ പാറക്കെട്ടായാല്‍ കൃഷി നടക്കില്ല. അവിടെ പാറ പൊട്ടിക്കാനേ പറ്റൂ. ഇത്തരം കേസുകള്‍ പ്രത്യേകമായി പരിഗണിച്ചുകൊണ്ട്, ഈ കൈവശക്കാരെ സംരക്ഷിക്കാൻ ഭൂനിയമ ഭേദഗതി പാസ്സാക്കി കഴിഞ്ഞു. അത് ഉത്തരവായി ഇറങ്ങാന്‍ പോവുകയാണ്. അതുകൂടി വന്നുകഴിഞ്ഞാല്‍ കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും.
രാജ്യം സാമ്പത്തികമായി അഭിവൃദ്ധിപ്പെടണമെങ്കില്‍ കാര്‍ഷികമേഖല ശക്തിപ്പെടണം. കാര്‍ഷിക മേഖല ശൂന്യമായാല്‍ ഇവിടെ എത്ര പണമുണ്ടായിട്ടും കാര്യമില്ല. അതുകൊണ്ട് കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കി കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം. നെല്ല്, നാളികേരം, അടയ്ക്ക, റബ്ബര്‍, കുരുമുളക് തുടങ്ങിയവയെല്ലാം കേരളത്തിന്റെ തനതു കാര്‍ഷിക വിളകളാണ്. ഇതിനെല്ലാം ന്യായവില ലഭ്യമാക്കി കൃഷിക്കാരെ സംരക്ഷിക്കലാണ് ഇന്നത്തെ കേരളത്തിലെ കൃഷിക്കാരെ സംബന്ധിച്ച് അത്യന്താപേക്ഷിതമായ കാര്യം. അതിനുള്ള അടിയന്തിര നടപടികള്‍ കേന്ദ്ര–സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിക്കണം.
കൃഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്യുന്നത്. രാസവളത്തിന് എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു, പൊതുമേഖലയിലെ രാസവള നിര്‍മ്മാണ ശാലകള്‍ പൂട്ടുന്നു. അമേരിക്കയില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും രാസവളം ഇറക്കുമതി ചെയ്യുകയും സ്വകാര്യമേഖലയിലെ രാസവളം നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് മോദി സർക്കാർ. കൊച്ചിയിലെ എഫ് എ സി റ്റി പൂട്ടി. ഇന്ത്യയില്‍ പൊതുമേഖലയില്‍ അത്തരത്തിലുള്ള വ്യവസായ സ്ഥാപനങ്ങളൊക്കെ പൂട്ടി. ഇപ്പോള്‍ വന്‍തോതില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് രാസവളവും കീടനാശിനികളും ഇറക്കുമതി ചെയ്യുകയാണ്.
കൃഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ച് ഓരോ പ്രദേശത്തും മണ്ണിനും കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് എന്തൊക്കെ കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് എന്ന് വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് നടപ്പാക്കണം. പൈനാപ്പിള്‍, പച്ചക്കറി, ഇഞ്ചി, മരച്ചീനി, മറ്റ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവപോലെയുള്ള കാര്‍ഷികവിഭവങ്ങള്‍ കൂട്ടായി കൃഷി ചെയ്താലേ ലാഭമുണ്ടാകൂ. അതിനായി കൃഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്ക് കൂടുതല്‍ കൃഷി നടത്താനുള്ള പ്രോത്സാഹനം കൊടുക്കണം. ആ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ വിപണി ഏര്‍പ്പെടുത്തണം. കാര്‍ഷിക വിളകള്‍ ഉപയോഗിച്ചുകൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും അവ വിപണിയിലെത്തിക്കാനും കഴിയണം.
നമ്മുടെ നാട്ടില്‍ തന്നെ ധാരാളം സഹകരണ സംഘങ്ങള്‍ ഉണ്ട്. സഹകരണ സംഘങ്ങള്‍ക്ക് ഇത്തരം കൃഷിക്കാര്‍ക്ക് നാമമാത്രമായ പലിശയ്ക്ക് വായ്പ കൊടുക്കാന്‍ കഴിയും. പല സംഘങ്ങളും കൃഷിക്ക് പലിശരഹിത വായ്പ പോലും നല്‍കുന്നുണ്ട്. കൃഷിക്കാരുടെ കൂട്ടായ്മയിലൂടെ പുതിയ സംരംഭങ്ങളിലേയ്ക്ക് കടക്കാനും കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ട് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കഴിഞ്ഞാല്‍ കൃഷിക്കാരുടെ സാമ്പത്തിക ശേഷി വളരും. അതിനു പരിശീലനം കൊടുക്കണം. എല്ലാ സ്ഥലത്തും എല്ലാ കൃഷിയും അനുയോജ്യമല്ല. ഇതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തി കൃഷിക്കാരെയെല്ലാം വിളിച്ചു ചേര്‍ത്ത് ഇതിനു നേതൃത്വം കൊടുക്കുക എന്ന ദൗത്യവും കര്‍ഷകസംഘം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ്.
വന്യമൃഗ ശല്യം
ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ് വന്യമൃഗ ആക്രമണം. എല്ലാ ദിവസവും ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത വരുന്നു. വനങ്ങളില്‍ കഴിഞ്ഞിരുന്ന വന്യമൃഗങ്ങള്‍ ഇപ്പോള്‍ വനമേഖല വിട്ട് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്. വനമേഖലയില്‍ നിന്ന് ഏതാണ്ട് 30–40 കിലോമീറ്റര്‍ ദൂരത്തില്‍ വന്യമൃഗങ്ങള്‍ എത്തി. ആനയും കാട്ടുപോത്തും കാട്ടുപന്നിയും കടുവയും പുലിയും കാട്ടുമുയലും മയിലും കുരങ്ങുമൊക്കെ നാട്ടില്‍ വരികയാണ്. ഇതിന്റെയെല്ലാം പ്രയാസം ജനങ്ങള്‍ അനുഭവിക്കുകയാണ്. നമ്മുടെ മലയോര മേഖലയോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വസ്ത്രം നനച്ച് അയയില്‍ ഇടാന്‍ പറ്റുമോ? കുരങ്ങ് കൊണ്ടുപോകും. പാത്രം കഴുകി അടുക്കളയില്‍ വച്ചാലും കുരങ്ങ് കൊണ്ടുപോകും. പാമ്പ് ശല്യവും വര്‍ദ്ധിച്ചു വരികയാണ്. പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഏറി വരുന്നു.
വന്യമൃഗങ്ങളെയോ പാമ്പിനെയോ കൊല്ലാന്‍ മനുഷ്യർക്ക് അനുവാദമില്ല. കൊന്നുകഴിഞ്ഞാല്‍ ശിക്ഷ അനുഭവിക്കണം. ഒരു വന്യമൃഗത്തെയോ പാമ്പിനെയോ കൊല്ലാനോ പരിക്കേല്‍പ്പിക്കാനോ വേദനിപ്പിക്കാനോ പാടില്ല. അവയുടെ ആവാസകേന്ദ്രങ്ങളില്‍ ശല്യമുണ്ടാക്കാനും മനുഷ്യന് അനുവാദമില്ല. അത് വലിയ ക്രിമിനല്‍ കുറ്റമാണ്.
വനം–വന്യമൃഗ സംരക്ഷണ നിയമം 1972 ല്‍ ഇന്ദിരാഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമമാണ്-. മനുഷ്യനെ സംരക്ഷിക്കാന്‍ നിയമമില്ല. പേരുപോലെതന്നെ വന്യമൃഗങ്ങളെ മാത്രം സംരക്ഷിക്കുന്ന നിയമം. വാജ്പേയിയുടെ നേതൃത്വത്തില്‍ 2003 ല്‍ ബി ജെ പി ഗവണ്‍മെന്റ് വന്നു. ഈ ജനവിരുദ്ധ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ഇപ്പോള്‍ വനത്തിന്റെ മേല്‍ സംസ്ഥാന ഗവണ്‍മെന്റിന് ഒരു അധികാരവും ഇല്ല. വനത്തിനുള്ളിലൂടെ ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും സംസ്ഥാന ഗവണ്‍മെന്റിന് അധികാരമില്ല. വനം മുഴുവനും കേന്ദ്രത്തിന്റെ അധികാരത്തിനു കീഴിലാണ്. എന്ത് ചെയ്യണമെങ്കിലും കേന്ദ്രത്തിന്റെ അനുമതി വേണം എന്ന നിയമമുണ്ടാക്കി. ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്യമൃഗങ്ങളെ സംരക്ഷിക്കുകയും അവ പെറ്റുപെരുകിക്കൊണ്ടിരിക്കുകയുമാണ്. മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പശ്ചിമഘട്ട മലനിരകളാണ്. ഈ പ്രദേശങ്ങളൊക്കെ വന്യമൃഗങ്ങളുടെ സങ്കേതമാണ്.
ഇപ്പോള്‍ കേരളത്തിന്റെ മലയോരമേഖലകളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ആനയുടെ ആക്രമണമാണ്. വനംവകുപ്പിന്റെ കണക്കനുസരിച്ച് 5,700 ആനകള്‍ കേന്ദ്രത്തിന്റെ വനത്തിലുണ്ട്. ആനയ്ക്ക് ഒരു ദിവസം 65 മുതല്‍ 100 ലിറ്റര്‍ വരെ വെള്ളം വേണം. കേരളത്തിലെ വനപരിപാലകരുടെ പ്രധാന ചുമതല വനം കാത്തുപരിപാലിക്കുക/വനം വച്ചുപിടിപ്പിക്കുക എന്നതാണ്.
ആനകളുടെ എണ്ണം പെരുകുന്നതിനനുസരിച്ച് വെള്ളവും ആഹാരവും വനത്തിനുള്ളില്‍ കിട്ടുന്നില്ല. അത് കിട്ടാതെ വരുമ്പോഴാണ് ജനവാസമേഖലയിലേക്ക് വരുന്നതും കൃഷി നശിപ്പിക്കുന്നതും. കാട്ടുപന്നിയുടെ ശല്യംകൊണ്ട് ഇപ്പോള്‍ കിഴങ്ങുവര്‍ഗ്ഗങ്ങളൊന്നും കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്. പലരും താമസം തന്നെ മാറിപ്പോകുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 456 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 4000 ല്‍ പരം ആളുകള്‍ക്ക് മാരകമായി പരിക്കേറ്റു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്, വനംവകുപ്പ്- 2 ലക്ഷം രൂപ നൽകി. സംസ്ഥാന ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം കൊടുക്കാന്‍ പറ്റും. അനാഥമായ കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വം വേണം. ആ കുടുംബങ്ങള്‍ക്ക് സംരക്ഷണം വേണം. ഇനിയും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണം. ഈ വന്യമൃഗങ്ങളില്‍ ഏതെങ്കിലും ഒന്നിനെ മനുഷ്യന്‍ തിരിച്ച് ആക്രമിച്ചാല്‍ ജയിലില്‍ പോകേണ്ടി വരും.
ഇന്ന് കര്‍ഷകരുടെ ഭൂമി വന്‍കിട കുത്തകകള്‍ക്ക് കൈവശപ്പെടുത്താന്‍ ഉതകുന്ന തരത്തിലുള്ള നിയമം മോദി സർക്കാർ ഉണ്ടാക്കുന്നു. പക്ഷേ കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന് നടപടിയില്ല. അതെല്ലാം നാട് സഹിക്കണോ? അതുകൊണ്ട് കര്‍ഷകസംഘവും അഖിലേന്ത്യ കിസാന്‍ സഭയും കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്, ഈ നിയമത്തിന് മാറ്റം വരണം, വന്യമൃഗങ്ങളെയല്ല, മനുഷ്യരെ ആദ്യം രക്ഷിക്കണം എന്നാണ്. ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ് കങ്കാരു. അനിയന്ത്രിതമായി എണ്ണം പെരുകിയ കങ്കാരുക്കള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ആസ്ട്രേലിയന്‍ ഗവണ്‍മെന്റ് നിശ്ചിത എണ്ണത്തിനെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു.
ഇന്ത്യയിലെ കിരാതമായ വന്യജീവി സംരക്ഷണനിയമം പുനഃപരിശോധിച്ച് ജനങ്ങളെ രക്ഷിക്കാനുള്ള നിയമം ഉണ്ടാവണം. അതുമാത്രം പോരാ, കേരളത്തിന് 38,863 ച.കി.മീ വിസ്തീര്‍ണ്ണമാണുള്ളത്. അതില്‍ ഏകദേശം 11,531 ച.കി.മീ വനമേഖലയാണ്. വനമേഖലയില്‍ നിന്ന് ജനവാസമേഖലയെ മാറ്റിനിര്‍ത്താന്‍ വനമേഖലയ്ക്ക് ചുറ്റും മതില്‍ കെട്ടണം. വന്യമൃഗങ്ങള്‍ക്കു ചാടിക്കടക്കാനാവാത്ത നിലയിലുള്ള മതിലുകളോ കിടങ്ങുകളോ തോടുകളോ സ്ഥാപിക്കണം. സോളാര്‍ വേലി നിര്‍മ്മിച്ചും വന്യമൃഗങ്ങളെ ഒരുപരിധി വരെ തടയാനാവും. സിസിടിവികളും ഡ്രോണുകളും ഉപയോഗിച്ച് അവയുടെ നീക്കങ്ങള്‍ മനസ്സിലാക്കി ജനങ്ങളെ അറിയിക്കണം. അതിനായി അവ വ്യാപകമായി സ്ഥാപിക്കണം. അങ്ങനെ പരമാവധി പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷരെ രക്ഷിക്കാന്‍ നടപടിയുണ്ടാവണം. വനപ്രദേശങ്ങള്‍ക്ക് ചുറ്റും വൈദ്യുതി കമ്പിവേലി സോളാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. കേന്ദ്ര ഗവണ്‍മെന്റാണ് അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്. വന്യജീവികളെ വനത്തില്‍ തന്നെ നിലനിര്‍ത്തണം. വനത്തിന്റെ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കാത്ത് സൂക്ഷിക്കുന്ന പ്രകൃതിദത്തമായ ഘടകമാണ് 44 നദികള്‍. വനവാസികളിലും, സമീപവാസികളിലും നല്ല ബോധവല്‍ക്കരണമുണ്ടാകണം. ഗോത്രവര്‍ഗ്ഗക്കാര്‍, വനങ്ങളില്‍ താമസിക്കുന്നവര്‍ വന്യമൃഗങ്ങളെ എങ്ങനെയാണ് തലമുറകളായി കൈകാര്യം ചെയ്യുന്നത് എന്ന പരമ്പരാഗത രീതികള്‍ പഠിച്ച് പ്രയോഗിക്കണം. അതിനുള്ള നടപടി കേരള ഗവണ്‍മെന്റ് അടുത്ത കാലത്തായി ആരംഭിച്ചിട്ടുണ്ട്. അനിയന്ത്രിതമായി വന്യമൃഗങ്ങള്‍ പെറ്റുപെരുകുന്നതു തടയാന്‍ എങ്ങനെയാണ് വന്ധീകരണം നടപ്പിലാക്കുക എന്നത് ആലോചിക്കണം. ആധുനിക കാലഘട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വന്യമൃഗങ്ങളെ വനത്തിലേക്ക് തന്നെ ശബ്ദം കൊണ്ടും വെളിച്ചം കൊണ്ടും തിരിച്ചയയ്ക്കാന്‍ കഴിയും. ആനയെപ്പോലും ഭയപ്പെടുത്തി തിരിച്ച് വനത്തിലേക്ക് അയക്കാന്‍ കഴിയും. ഇത്തരം നടപടികള്‍ക്കായി കേരള ഗവണ്‍മെന്റ് 650 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിക്ക് അയച്ചിട്ട് വര്‍ഷങ്ങളായി. കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ അനുമതി നൽകിയില്ല.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് ധനസഹായം കൊടുക്കുന്നില്ല. കൃഷിക്കാരുടെ സുരക്ഷിതത്വം, കാര്‍ഷിക മേഖലയുടെ സുരക്ഷിതത്വത്തിന് കേന്ദ്രസര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ല. തോട്ടം മേഖല വനമേഖലയോട് ചേര്‍ന്നുകിടക്കുകയാണ്. കര്‍ഷകര്‍ക്ക് തോട്ടങ്ങളില്‍ പണിയെടുക്കാനാവാത്ത സ്ഥിതിയായാല്‍ കേരളത്തിന്റെ സമ്പത്ത് എത്രയാണ് നശിക്കുക? കേന്ദ്രഗവണ്‍മെന്റ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഗവണ്‍മെന്റല്ല. ജനവിരുദ്ധസമീപനങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് മോദി ഗവണ്‍മെന്റ്. l



