മനുഷ്യ–വന്യജീവി സംഘർഷം കേരളത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ഇന്ന് നിഷേധിക്കാനാവാത്ത വെല്ലുവിളിയാണ്. തദ്ദേശ സ്ഥാപനങ്ങളിലടക്കം വികസനവും നഗരവൽക്കരണവും പുരോഗമിക്കുമ്പോഴും നമ്മുടെ ഗ്രാമീണ മേഖലകളിലും വന അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സംഘർഷങ്ങൾ ഫലപ്രദമായി ലഘൂകരിക്കുന്നതിന് പ്രാദേശിക ജനങ്ങളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പരിസ്ഥിതി സംഘടനകളുടെയും സഹകരണത്തെ സംയോജിപ്പിച്ചുകൊണ്ട് സാധ്യമാവുമെന്നതാണ് വസ്തുത. പൊതുജന അവബോധം, തദ്ദേശ സ്വയംഭരണ പദ്ധതികൾ, വനം വകുപ്പുമായുള്ള തദ്ദേശ വകുപ്പിന്റെ സഹകരണം, പരിപാലന ശ്രമങ്ങൾ, പ്രസക്തമായ നിയമങ്ങളുടെ നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, കേരളത്തിലെ മനുഷ്യ–-വന്യജീവി സംഘർഷ ലഘൂകരണം സാധ്യമാവുന്നതാണ്.
പൊതുജനങ്ങൾക്കുള്ള അവബോധം
മനുഷ്യ-–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള അടിസ്ഥാന നടപടികളിലൊന്ന് നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്നതാണ്. കേരളത്തിൽ, വന്യജീവികളുടെ പെരുമാറ്റ രീതി, ജീവിതരീതി എന്നിവയെ ക്കുറിച്ചും വന്യജീവികളെ നാട്ടിൽ കാണപ്പെടുമ്പോൾ ഉണ്ടാവുന്ന അനാവശ്യമായ ഇടപെടലുകൾ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ട്.
പഞ്ചായത്തുകൾ പോലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പ്രത്യേകിച്ചും വനപ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവരിൽ അവബോധം ലക്ഷ്യമിട്ടുള്ള കാമ്പെയ്‌നുകൾ നടത്തേണ്ടതുണ്ട്. വന്യജീവി പെരുമാറ്റം, പാരിസ്ഥിതിക സന്തുലിതാവസ്ഥ, വന്യജീവികളിൽ മനുഷ്യന്റെ പ്രകോപനങ്ങളുടെ സാധ്യതയുള്ള അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വർക്ക്‌ഷോപ്പുകൾ, ബ്രോഷറുകൾ, പൊതുയോഗങ്ങൾ, സ്‌കൂൾ പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ അസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട്.
കൂടാതെ, സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷനുകൾ പോലുള്ള ആധുനിക ആശയവിനിമയ രീതികളുടെ ഉപയോഗം കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കുന്നതിനും, സമീപത്ത് ഏതെങ്കിലും വന്യജീവികളെ കണ്ടതിനെക്കുറിച്ച് സമൂഹങ്ങളെ അറിയിക്കുന്നതിനും, സംഘർഷങ്ങൾ കുറയ്ക്കുന്നതിന് ഉചിതമായ നടപടികളിലേക്ക് അവരെ നയിക്കുന്നതിനും ഈ സംവിധാനങ്ങൾ സഹായിക്കുന്നു. ഈ മേഖലയിൽ അറിവുള്ള ഒരു പൊതുജനത്തെ വളർത്തിയെടുക്കുന്നതിലൂടെ, നമുക്ക് സഹവർത്തിത്വത്തിന്റെ (മനുഷ്യ–വന്യജീവി) ഒരു സംസ്കാരത്തെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതുവഴി വന്യജീവികളെ കണ്ടുമുട്ടുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് കാരണമാകുന്ന പേടിയും ശത്രുതയും കുറയ്ക്കുന്നതിന് സഹായിക്കും.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ മനുഷ്യ-–വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിൽ തദ്ദേശ പഞ്ചായത്തുകൾ നിർണായക പങ്കുവഹിക്കേണ്ടതുണ്ട്. വാർഷിക പദ്ധതികളിലൂടെ, മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സുസ്ഥിരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക തലത്തിൽ അനുസൃതമായി വിവിധ സംരംഭങ്ങൾ അവതരിപ്പിക്കണം.
സംരംഭങ്ങളും ധനസഹായവും
മനുഷ്യ–വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളിൽ കേരളത്തിലെ പഞ്ചായത്തുകൾ വിവിധ സംരംഭങ്ങൾക്ക് തുടക്കമിടേണ്ടതുണ്ട്. വന്യജീവികൾ കൃഷിഭൂമിയിലും മനുഷ്യവാസസ്ഥലത്തും അതിക്രമിച്ചു കടക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള സോളാർ വേലി, കിടങ്ങുകൾ തുടങ്ങിയ തടസ്സങ്ങളുടെ നിർമ്മാണം ഈ പദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് ഇപ്പോൾ വനം വകുപ്പാണ് പ്രധാനമായും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പദ്ധതികൾ സംസ്ഥാന ഫണ്ടിംഗിലൂടെയും പഞ്ചായത്തിന്റെ തനതു തുകയിൽ നിന്നും ചെയ്യാവുന്നതാണ്. വനം വകുപ്പിന്റെയും തദ്ദേശ വകുപ്പുകളുടെയും ഇത്തരം പ്രവർത്തനങ്ങളിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ മെക്കാനിസം വ്യത്യസ്തമായതിനാൽ കാലതാമസം നേരിടാതെ പ്രവർത്തനങ്ങൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്ന് കരുതുന്നു. അതുപോലെ വന അതിർത്തിയോട് ചേർന്നു കഴിയുന്ന സമൂഹങ്ങളിൽ നിന്നും മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരമ്പരാഗത അറിവുകളെ ഇപ്പോൾ വനം വകുപ്പ് (ഗോത്രഭേരി) പദ്ധതിയിലൂടെ ശേഖരിക്കുന്നുണ്ട്. ഈ അറിവുകളിൽ നിന്ന് ഉപയോഗപ്പെടുത്താൻ കഴിയുന്നവയെ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കുന്നത് ഗുണകരമായിരിക്കും. ഇതിന് വാർഷിക പദ്ധതികൾ അസൂത്രണം ചെയ്യാവുന്നതാണ്. അതുവഴി സംഘർഷ ലഘൂകരണ നടപടികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശിക സമൂഹങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിയുന്നു.
നിരീക്ഷണവും പരിപാലനവും
ഈ പദ്ധതികളുടെ വിജയത്തിന് തുടർച്ചയായ നിരീക്ഷണം അത്യാവശ്യമാണ്. വന്യജീവികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവയെ ലഘൂകരിക്കുന്നതിനുമുള്ള നടപടികളുടെ ഫലപ്രാപ്തിക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട‍്. ഇത് വന്യജീവികളോടുള്ള ഉത്തരവാദിത്തപരമായ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും. സുതാര്യത നിലനിർത്തുന്നതിനും നിലവിലുള്ള സമൂഹത്തിന്റെയും ഗവൺമെന്റിന്റെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിനുമായി ഈ പദ്ധതികളുടെ പതിവ് അപ്‌ഡേറ്റുകളും വിലയിരുത്തലുകളും പൊതുജനങ്ങൾക്ക് ഗ്രാമസഭകൾ വഴി ലഭ്യമാക്കുന്നതിനും കഴിയണം.
വനം വകുപ്പുമായി
ഏകോപിച്ച് പ്രവർത്തിക്കുക
കേരളത്തിൽ ഫലപ്രദമായി മനുഷ്യ-–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ മറ്റൊരു നിർണായക ഘടകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പുകളും തമ്മിലുള്ള ഉൽപ്പാദനപരമായ പങ്കാളിത്തം വളർത്തിയെടുക്കുക എന്നതാണ്. മനുഷ്യശക്തി, ലോജിസ്റ്റിക്കൽ സഹായം എന്നിവയുൾപ്പെടെയുള്ള വിഭവ പങ്കിടലിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആവശ്യമായ പിന്തുണയെ വനം വകുപ്പിന് നൽകേണ്ടതുണ്ട്.
സഹകരണ ശ്രമങ്ങൾ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വനം വകുപ്പുമായി സംയോജിച്ച് നിരവധി പ്രവർത്തനങ്ങൾ തുടങ്ങാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒരു ടീമിനെ നിയോഗിക്കാവുന്നതാണ്. വാർഡ് മെമ്പറും, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചറും ഒാരോ സ്ഥലത്തും ഇതിന്റെ നേതൃത്വം ഏറ്റെടുക്കുകയും വിവിധ പ്രവർത്തനങ്ങളെ സംയോജിപ്പിക്കുകയും ഈ പ്രവർത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഒരോ മാസവും വിലയിരുത്തൽ യോഗം ചേരേണ്ടതുമാണ്. താഴെ പറയുന്ന വിവിധ പ്രവർത്തനങ്ങൾ തദ്ദേശ വകുപ്പും വനം വകുപ്പും ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്.
1. വാർഡ് മെമ്പർ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സന്നദ്ധ സേന രൂപീകരിക്കുക (വനം വകുപ്പിന്റെ RRT യെ സഹായിക്കുന്നതിനും ഇത് ഉപകാരപെടും). ഈ സന്നദ്ധ സേനക്ക് അടിയന്തിര ഘട്ടങ്ങളിൽ പെട്ടെന്ന് ഇടപെടുന്നതിന് സാധിക്കണം; ഒറ്റയ്ക്ക് വനാതിർത്തിയിലൂടെയോ മൃഗസാന്നിധ്യമുള്ള സ്ഥലത്തോ സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഈ സന്നദ്ധ സേനയെ സഹായത്തിന് വിളിക്കാവുന്നതാണ്. സേനക്ക് ആവശ്യമായ പരിശീലനങ്ങൾ വനം വകുപ്പ് നൽകുകയും പ്രവർത്തനത്തിനുള്ള ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ടിൽ നിന്നും കണ്ടത്തെകയും ചെയ്യേണ്ടതാണ്.
2. സോളാർ ഫെൻസിംഗ്, ട്രഞ്ച് എന്നിവയുടെ പരിപാലനവും നിർമ്മാണവും നിർവ്വഹിക്കുക.
3. മൃഗ സാന്നിധ്യം അറിയുന്നതിനും പ്രതിരോധിക്കുന്നതിനും AI അടക്കമുള്ള ആധുനിക സംവിധാനങ്ങൾ നടപ്പാക്കുക.
4. വനാതിർത്തിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ പ്രദേശത്ത് മൃഗങ്ങളെ ആകർഷിക്കാത്ത വിളകളിലേക്കുള്ള കാർഷിക മാറ്റം ശാസ്ത്രീയമായി നടപ്പാക്കുക.
5. മൊബെെൽ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുവേണ്ട നടപടികൾ കെെകൊള്ളുക.
6. വഴിവിളക്കുകളോ മറ്റു വെളിച്ചമോ ഇല്ലാത്ത സ്ഥലങ്ങളിൽ അതിന് വേണ്ട സൗകര്യം ഏർപ്പെടുത്തുക. സോളാർ പല സ്ഥലങ്ങളിലും പല ഘട്ടങ്ങളിലും ഫലപ്രദമല്ല.
7. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി തയാറാക്കുന്നതിന് വിദഗ്ധരടങ്ങുന്ന ഒരു പാനൽ തയ്യാറാക്കുക.
8. മൃഗങ്ങളുടെ സാന്നിധ്യം നാട്ടിൽ കുറയ്ക്കുന്നതിന് റവന്യു ഭൂമിയിൽ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ ഇല്ലാതാകേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
9. മാലിന്യ നിർമ്മാർജനം കാര്യക്ഷമമാക്കണം.
10. ചെറു മൃഗങ്ങളെ ഭക്ഷണത്തിനായി വേട്ടയാടുന്നതിന് പ്രാക്തന സമൂഹങ്ങളെ അനുവദിക്കുന്നതിനും ഇത്തരത്തിൽ കൊല്ലുന്ന പന്നി അടക്കുമുള്ള മൃഗങ്ങളെ ഭക്ഷിക്കുന്നതിന് നിയമനിർമ്മാണത്തിന് പഞ്ചായത്ത് സമിതികൾ ഫലപ്രദമായി ഇടപെടുക. l



