Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിവിയറ്റ്നാമിലെ 
ചരിത്രപരമായ ഭൂപരിഷ്കരണം

വിയറ്റ്നാമിലെ 
ചരിത്രപരമായ ഭൂപരിഷ്കരണം

ആർ രാംകുമാർ

ലോകത്തെ ഇടതുപക്ഷ സമൂഹത്തെയാകെ ത്രസിപ്പിക്കുന്ന ചരിത്രമാണ് വിയറ്റ്നാം ജനതയുടേത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക ആക്രമണമാണ് 1950കൾ മുതൽ 1970കൾ വരെ വിയറ്റ്നാമിനുനേരെ ഉണ്ടായത്. 1950-കളിൽ ഡെെ-്വറ്റ് ഐസൻഹോവറും 1960-കളിൽ ജോൺ എഫ്. കെന്നഡിയും ലിന്റൺ ജോൺസണും 1970-കളിൽ റിച്ചാർഡ് നിക്സണും. അങ്ങനെ നാല് അമേരിക്കൻ പ്രസിഡന്റുമാരുടെ നീണ്ട കാലയളവിലാണ് വിയറ്റ്നാമിനെതിരെയുള്ള സാമ്രാജ്യത്വ യുദ്ധം സംഘടിപ്പിക്കപ്പെട്ടത്. “ഏജന്റ് ഓറഞ്ച്’ എന്ന മാരകമായ രാസായുധം അടക്കം അമേരിക്കയുടെ പക്കൽ അന്നുണ്ടായിരുന്ന എല്ലാ സൈനിക സാമഗ്രികളും പ്രയോഗിക്കപ്പെട്ടെങ്കിലും വടക്കൻ വിയറ്റ്നാമിലെയും തെക്കൻ വിയറ്റ്നാമിലെയും ജനത ഒന്നായി പൊരുതി വിജയിച്ചു. 1970കളിൽ മാത്രം ജനിച്ച ഒരു രാഷ്ട്രമാണ് ഏകീകൃതമായ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം. പക്ഷേ, ഇന്ന് ആ രാജ്യം ലോകത്തിലെ 26-–ാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി വളർന്നുകഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിൽ ഒന്നാണ് ഇന്ന് വിയറ്റ്നാം. ഈ വളർച്ച കാർഷിക മേഖലയിൽ മാത്രമുള്ളതല്ല. ചൈനയ്ക്കുശേഷം ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഹബ്ബ് ആയിക്കൂടി വിയറ്റ്നാം ഇന്ന് വളർന്നുകഴിഞ്ഞിരിക്കുന്നു. തുണിത്തരങ്ങൾ, സ്മാർട്ട് ഫോണുകൾ, ചെരുപ്പുകൾ, കാപ്പി തുടങ്ങിയവയിലൊക്കെ ലോകത്തെ ഏറ്റവും പ്രമുഖമായ കയറ്റുമതി രാജ്യം കൂടിയാണ് വിയറ്റ്നാം ഇന്ന്.

ആധുനിക വിയറ്റ്നാമിന്റെ വികസനത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായിരുന്നു ഭൂപരിഷ്കരണം. 1950-കളിൽ ഉത്തര വിയറ്റ്നാമിൽ ആരംഭിക്കുകയും പിന്നീട് 1970-കളിൽ ഏകീകരിച്ച വിയറ്റ്നാമിൽ തുടരുകയും പിന്നീട് 1980-കൾ മുതൽ “ദോയ്- മോയ്’ എന്നറിയപ്പെട്ട പരിഷ്കാരങ്ങളിൽ കൂടി കടന്നുപോവുകയും ചെയ്യുന്നതാണ് വിയറ്റ്നാമിലെ ഭൂപരിഷ്കരണത്തിന്റെ നീണ്ട ചരിത്രം. ആ ചരിത്രത്തിന്റെ ഇങ്ങേയറ്റത്താണ് കാർഷിക മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു രാജ്യമായി വിയറ്റ്നാം മാറിയത്. ഈ ഭൂപരിഷ്കരണത്തിന്റെ ചരിത്രമില്ലെങ്കിൽ ആധുനിക വിയറ്റ്നാം ഇല്ല എന്നു തന്നെ പറയാം.

ഫ്യൂഡലിസത്തിന്റെ പശ്ചാത്തലം
1884 മുതൽ ഫ്രാൻസിന്റെ ഒരു കോളനി ആയിരുന്നു വിയറ്റ്നാം. അതിനു മുൻപുള്ള വിയറ്റ്നാമിലെ കാർഷിക സമൂഹത്തെ കൺഫ്യൂഷ്യൻ ഫ്യൂഡലിസം എന്നാണ് പലരും വിളിക്കാറുള്ളത്. രാജ്യത്തെ എല്ലാ ഭൂമിയും ചക്രവർത്തിയുടേത്. അദ്ദേഹത്തിന് താല്പര്യമുള്ള ജന്മിമാർക്കും സേനാധിപന്മാർക്കും ഇഷ്ടംപോലെ ഭൂമി ദാനമായി നൽകി. ഇവരുടെ അധീശത്വത്തിന് കീഴിലായിരുന്നു ഭൂരിഭാഗം കർഷകരും തൊഴിലാളികളും ജീവിച്ചത്. അവരിൽ ചിലർ വലിയ കടത്തിൽ ആഴ്ന്നുപോയ നാമമാത്ര കർഷകരായിരുന്നു. മറ്റു ചിലർ ഉൽപാദനത്തിന്റെ 60% വരെ ജന്മിക്ക് നൽകിയിരുന്ന അതിദരിദ്രരായ പാട്ടക്കാരായിരുന്നു. പിന്നെയും ചിലർ വലിയ എസ്റ്റേറ്റുകളിലും മറ്റും പണിയെടുത്തിരുന്ന ഭൂരഹിതരായ അടിയാന്മാരായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 1884 ൽവിയറ്റ്നാം ഫ്രഞ്ച് കോളനിയാക്കപ്പെട്ടത്. 1954 വരെ ഫ്രഞ്ച് അധിനിവേശം തുടർന്നു. മുതൽ 1945 വരെ നീണ്ട ഫ്രഞ്ച് കൊളോണിയലിസം വിയറ്റ്നാമിൽ ആരംഭിക്കുന്നത്. ഫ്യൂഡലിസത്തിന്റെയും കൊളോണിയൽ മുതലാളിത്തത്തിന്റെയും ഒരു പ്രത്യേകതരം സമ്മിശ്രമായിരുന്നു ഈ കാലത്തെ വിയറ്റ്നാമിലെ കാർഷിക ബന്ധങ്ങൾ. ഫ്രഞ്ചുകാർക്ക് താല്പര്യം കയറ്റുമതികൾക്ക് അനുയോജ്യമായി വിയറ്റ്നാമിന്റെ കാർഷിക വ്യവസ്ഥയെ മാറ്റിയെടുക്കുക എന്നതായിരുന്നു. അതിനായി അവർ കർഷകരുടെ പൊതുഭൂമി തട്ടിയെടുത്ത് വലിയ ഫ്രഞ്ച് കമ്പനികൾക്ക് കൈമാറി. ഈ കമ്പനികൾ റബ്ബർ, കാപ്പി, തേയില എന്നിവ ഉത്പാദിപ്പിക്കുന്ന തോട്ടങ്ങൾ ആരംഭിച്ചു. ആ ഭൂമിയിൽ മുൻപ് പണിയെടുത്തിരുന്ന കർഷകരെ അവർ കർഷകത്തൊൊഴിലാളികളാക്കി മാറ്റി. അങ്ങനെ ഈ ഫ്രഞ്ച് കമ്പനികൾ നാട്ടിലെ പുതിയ ഭൂപ്രഭുക്കന്മാരായി മാറി. തെക്കൻ വിയറ്റ്നാമിൽ ആയിരുന്നു ഇത്തരം തോട്ടങ്ങളും കമ്പനികളും കൂടുതലായി ഉണ്ടായിരുന്നത്. ഈ വ്യവസ്ഥയ്ക്ക് കീഴിൽ 5% മാത്രം വരുന്ന ഇത്തരം വിഭാഗങ്ങളുടെ കയ്യിൽ രാജ്യത്തിലെ 70% ഭൂമിയും കൈവന്നുചേർന്നു.

ഭക്ഷ്യധാന്യങ്ങൾ കൂടുതലായി കൃഷി ചെയ്തിരുന്ന വടക്കൻ വിയറ്റ്നാമിലും മധ്യ വിയറ്റ്നാമിലും ഫ്രഞ്ച് ഭരണാധികാരികൾ അവരോട് രാഷ്ട്രീയ ആഭിമുഖ്യമുള്ള പുതിയ ജന്മിമാരെ ഭൂവുടമകളായി നിയോഗിച്ചു. അങ്ങനെ ഈ ഭാഗങ്ങളിലെ കർഷകർ ഈ പുതിയ ജന്മിമാരുടെ നിയന്ത്രണത്തിലായി. അവിടുത്തെ കർഷകരിലെ വലിയൊരു വിഭാഗവും കടത്തിൽ മുങ്ങി. നാട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്ന അരി മുഴുവൻ ഫ്രാൻസിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടതിനാൽ പരക്കെയും തുടരെയും ഭക്ഷ്യക്ഷാമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 1930-കൾ മുതൽ ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ സമരങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. 1920ൽ പാരീസിൽ സ്ഥാപിക്കപ്പെട്ട ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക അംഗമായിരുന്നു ഹോ ചി മിൻ. അവിടെനിന്ന് ലെനിന്റെ എഴുത്തുകളിൽ ആകൃഷ്ടനായി മോസ്കോയിലേക്ക് പഠനത്തിനു പോയ ഹോ ചി മിൻ 1925ൽ വിയറ്റ്നാമീസ് റവല്യൂഷനറി യൂത്ത് ലീഗും 1930ൽ ഇൻഡോ–ചൈന കമ്യൂണിസ്റ്റ് പാർട്ടിയും സ്ഥാപിച്ചു. പിന്നീട് 1941ലാണ് ഹോ ചി മിന്‍ വിയറ്റ്നാമിലേക്ക് മടങ്ങിവരുന്നത്. എന്നാൽ അതിനുമുൻപുതന്നെ ഈ പാർട്ടിയിലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലും ആകൃഷ്ടരായ വിയറ്റ്നാം ജനതയിലെ ഒരു വിഭാഗം സ്വാതന്ത്ര്യ സമരങ്ങൾക്ക് കോപ്പുകൂട്ടി തുടങ്ങിയിരുന്നു.

അങ്ങനെ, 1930കളിൽ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കർഷക സംഘങ്ങൾ ഫ്രഞ്ച് പട്ടാളവുമായി പോരടിച്ച് തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാൻ ആരംഭിച്ചു. പിന്നീട് 1941 മുതൽ ഹോ ചി മിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നേറ്റം കർഷകർക്ക് ഭൂമി എന്ന മുദ്രാവാക്യത്തെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യവുമായി പ്രത്യക്ഷമായിത്തന്നെ ബന്ധിപ്പിച്ചു. 1930ൽ ഇൻഡോ – ചൈന കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുമ്പോൾ ഹോ ചി മിൻ എഴുതി തയ്യാറാക്കിയ പൊളിറ്റിക്കൽ തീസസിന്റെ ഭാഗമായിരുന്ന “കൃഷിഭൂമി കൃഷിക്കാരന്’ എന്ന മുദ്രാവാക്യം അങ്ങനെ വിയറ്റ്നാമിലെ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യ ഭാഗമായി മാറി. അതുവഴി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ വീറ് വർദ്ധിച്ചു.

ഒടുങ്ങാത്ത കൊളോണിയലിസം
1940കളിലും 1950കളിലും വിയറ്റ്നാം ഉൾപ്പെട്ട പ്രദേശം സാമ്രാജ്യത്വ ശക്തികൾക്ക് കീഴിലുള്ള ഇൻഡോ–ചൈന യുദ്ധങ്ങളുടെ വേദിയായി മാറി. 1945ന് ശേഷം സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും പ്രത്യയശാസ്ത്ര പിന്തുണയുള്ള ഹോ ചി മിന്റെ വിയറ്റ്‌ മിഞ്ഞ് എന്ന പ്രസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി ഉയർന്നു. അപ്പോഴും പിന്മാറാൻ തയ്യാറാകാത്ത ഫ്രാൻസുമായി 1946 മുതൽ വിയറ്റ്‌ മിഞ്ഞ് യുദ്ധത്തിലേർപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യയിൽ കമ്യൂണിസത്തിന് തടയിടുമെന്ന് തീരുമാനിച്ച അമേരിക്കയുടെ ഉറച്ച പിന്തുണ ഈ യുദ്ധത്തിൽ ഫ്രാൻസിനുണ്ടായിരുന്നു.

എട്ടുവർഷം നീണ്ട ഈ ഫ്രഞ്ച്-– ഇൻഡോ ചൈന യുദ്ധം 1954ലാണ് അവസാനിച്ചത്. 1954 മെയ് മാസത്തിൽ ദിയെൻ ബിയെൻ ഫൂവിലെ പ്രശസ്തമായ യുദ്ധത്തിൽ വിയറ്റ് മിഞ്ഞ് സൈനികർ ഫ്രഞ്ചുകാരെ തകർത്തെറിഞ്ഞു. അങ്ങനെ ഇൻഡോചൈനയിലെ ഫ്രഞ്ച് ആധിപത്യത്തിന് അവസാനമായി. എങ്കിലും വിയറ്റ്നാമിന്റെ പൂർണ നിയന്ത്രണം ഹോ ചി മിന്റെ പാർട്ടിക്ക് വിട്ടു നൽകാൻ സാമ്രാജ്യത്വം തയ്യാറായില്ല. അങ്ങനെ 1954ൽ ഒപ്പുവയ്ക്കപ്പെട്ട ജനീവ ഉടമ്പടി അനുസരിച്ച് “പതിനേഴാം പാരലൽ’ (ഭൂമധ്യരേഖയിലെ 17° വടക്ക് അക്ഷാംശം) എന്ന അതിർത്തി വടക്കൻ വിയറ്റ്നാമിനും തെക്കൻ വിയറ്റ്നാമിനും ഇടയിൽ വരയ്ക്കപ്പെട്ടു. വടക്കൻ വിയറ്റ്നാം വിയറ്റ്മിഞ്ഞിന്റെ നേതൃത്വത്തിൽ ഹാനോയി തലസ്ഥാനമായും, തെക്കൻ വിയറ്റ്നാം ഫ്രാൻസിനും അമേരിക്കക്കും താല്പര്യമുള്ള ബാവോ ദായ് എന്ന പഴയ വിയറ്റ്നാമീസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ സൈഗോൺ തലസ്ഥാനമായും രൂപീകരിക്കപ്പെട്ടു. തെക്കൻ വിയറ്റ്നാമിലെ രാഷ്ട്രീയ നിയന്ത്രണം ഉപയോഗിച്ച് വടക്കൻ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ശക്തികളെ കാലക്രമേണ തുടച്ചുനീക്കാം എന്ന ഗൂഢലക്ഷ്യവും സാമ്രാജ്യത്വ ശക്തികൾക്ക് ഇതു ചെയ്യുമ്പോഴുണ്ടായിരുന്നു.

ഭൂപരിഷ്കരണം 
വടക്കൻ വിയറ്റ്നാമിൽ
1945 ആഗസ്ത് മാസത്തിൽ വടക്കൻ വിയറ്റ്നാമിൽ നിന്ന് ഫ്രഞ്ചുകാരെ തുരത്തിയശേഷം നടത്തിയ ഒരു പ്രധാന പ്രസംഗത്തിൽ ഹോ ചി മിൻ പറഞ്ഞത് ശ്രദ്ധേയമായിരുന്നു: ‘‘സാമ്രാജ്യത്വത്തിന്റെ നെടുംതൂണായ സാമ്രാജ്യത്വ ആക്രമണകാരികൾക്കും പ്രാദേശിക ഫ്യൂഡൽ പ്രഭുക്കൾക്കും എതിരായ ജനങ്ങളുടെ ദേശീയ ജനാധിപത്യ വിപ്ലവമാണ് നമ്മുടെ വിപ്ലവം. ഭൂപരിഷ്കരണം യാഥാർത്ഥ്യമാക്കുന്നതിലൂടെയും, കൃഷിക്കാർക്ക് ഭൂമി നൽകുന്നതിലൂടെയും, ഗ്രാമപ്രദേശങ്ങളിലെ ഉൽപാദന ശക്തികളെ ഭൂപ്രഭുക്കളുടെയും ഫ്യൂഡൽ പ്രഭുക്കളുടെയും ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുന്നതിലൂടെയും മാത്രമേ കർഷകരുടെ ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥയ്ക്കും അറുതിവരുത്താൻ കഴിയൂ’’. ഈ പ്രത്യയശാസ്ത്ര ചിന്താഗതി തന്നെയാണ് വടക്കൻ വിയറ്റ്നാമിലെ ഭൂപരിഷ്കരണത്തിന് പ്രേരകമായിത്തീർന്നത്.

1954 മുതൽ 1975 വരെ നീളുന്ന ഭൂപരിഷ്കരണമാണ് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ വടക്കൻ വിയറ്റ്നാമിൽ നടപ്പിലാക്കപ്പെട്ടത്. ഫ്രഞ്ചുകാരുടെ കൈയിലും അവരുടെ കയ്യാളന്മാരുടെ കൈയിലും ഉണ്ടായിരുന്ന ഭൂമി വിയറ്റ്മിഞ്ഞിന്റെ നേതൃത്വത്തിൽ 1946 മുതൽ തന്നെ പിടിച്ചെടുക്കാൻ ആരംഭിച്ചിരുന്നു. ഈ ഭൂമി അവിടെ പാരമ്പര്യമായി അവകാശമുണ്ടായിരുന്ന കർഷകർക്ക് വിതരണം ചെയ്യാനും ആരംഭിച്ചു. പിന്നീട് 1949 മുതൽ പഴയ ഭൂപ്രഭുക്കളുടെ പാട്ടക്കാരായിരുന്ന കൃഷിക്കാരുടെ പാട്ട നിരക്കുകൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കപ്പെട്ടു. പിന്നീട് 1953ലാണ് പ്രത്യേകമായൊരു ഭൂപരിഷ്കരണ നിയമം നടപ്പിൽ വന്നത്.

മാവോയിസ്റ്റ് ചൈനയുടെ ചുവടുപിടിച്ചാണ് 1953ലെ ഭൂപരിഷ്കരണ നിയമം എഴുതപ്പെട്ടത്. ഈ നിയമം ജന്മിമാരെ മൂന്നു കൂട്ടങ്ങളായി തിരിച്ചു: സ്വേച്ഛാധിപതികൾ, സാധാരണക്കാർ, പരിജ്ഞാനികൾ. ചെറുകിട കർഷകരെയും ഭൂരഹിത തൊഴിലാളികളെയും ഒരുമിച്ചു കൊണ്ടുവന്ന് സ്വേച്ഛാധിപതികളായ ജന്മിമാരെ പരസ്യമായി വിചാരണ ചെയ്യാൻ നടപടികൾ തുടങ്ങി. വടക്കൻ വിയറ്റ്നാമിന്റെ 75%ത്തോളം വരുന്ന 8 ലക്ഷത്തിലധികം ഹെക്ടർ ഭൂമി ഈ ജന്മിമാരിൽ നിന്ന് വിയറ്റ്മിഞ്ഞ് പിടിച്ചെടുത്തു. ഈ ഭൂമി 20 ലക്ഷത്തിലധികം കൃഷിക്കാർക്കും തൊഴിലാളികൾക്കും വിതരണം ചെയ്തു. അങ്ങനെ ജന്മി എന്ന വർഗത്തെ വടക്കൻ വിയറ്റ്നാം ഉന്മൂലനം ചെയ്തു.

1958നു ശേഷം, പ്രാഥമികമായ ഭൂപരിഷ്കരണം പൂർത്തിയാക്കി, കൂട്ടുടമസ്ഥതാ കൃഷിയുടെ പരീക്ഷണങ്ങൾ വിയറ്റ്മിഞ്ഞ് ആരംഭിച്ചു. ചെറുകിട കർഷകരെ സഹകരണ മാതൃകയിലുള്ള കളക്ടീവുകൾ ആയി മാറ്റാനായിരുന്നു ശ്രമം. ആദ്യഘട്ടത്തിൽ കൃഷിക്കാർ അവരുടെ ഭൂമിയും ഉൽപാദന സാമഗ്രികളും അധ്വാനശേഷിയും സഞ്ചയിപ്പിക്കാൻ ആരംഭിച്ചു. പിന്നീട് ഇവയെ കൂടുതൽ ഉയർന്ന ഘട്ടത്തിലുള്ള കളക്ടീവുകൾ ആയും സർക്കാർ ഫാമുകൾ ആയും മാറ്റാൻ ശ്രമം നടന്നു. കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരീക്ഷണങ്ങൾ നടന്നത്. എന്നിരിക്കിലും, അരിയുടെ ഉത്പാദനക്ഷമത ഉയർത്താനും ഗ്രാമീണ മേഖലയിലെ അസമത്വങ്ങൾ നിയന്ത്രിക്കാനും, ഭക്ഷ്യക്ഷാമം പരിഹരിക്കാനും ഈ കളക്ടീവുകൾവഴി വടക്കൻ വിയറ്റ്നാമിനായി.

ഭൂപരിഷ്കരണം 
തെക്കൻ വിയറ്റ്നാമിൽ
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വ്യാപനത്തിന് തടയിടാൻ പല ഏഷ്യൻ മുതലാളിത്ത രാജ്യങ്ങളിലും ഭൂപരിഷ്കരണം തന്നെയായിരുന്നു സാമ്രാജ്യത്വം പരീക്ഷിച്ചത്. തെക്കൻ കൊറിയയും തായ്‌വാനും ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ മാതൃക തന്നെയാണ് അമേരിക്കൻ സാമ്രാജ്യത്വം വിയറ്റ്നാമിലും പരീക്ഷിക്കാൻ ശ്രമിച്ചത്. അമേരിക്കയുടെ പിണിയാളായ നോ ദിങ് ജാമിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു അക്കാലത്ത് തെക്കൻ വിയറ്റ്നാമിൽ. എന്നാൽ ജാമിന്റെ ഭൂപരിഷ്കരണം ജന്മിമാരെ സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു. പാട്ടം കുറയ്ക്കാനുള്ള ഒരു ഓർഡിനൻസ് ഇറക്കിയെങ്കിലും അതിന്റെ നിർവ്വഹണം പൂർണപരാജയമായിരുന്നു. ജന്മിമാർക്ക് 100 ഹെക്ടർ വരെ ഭൂമി കൈവശമായി സൂക്ഷിക്കാമായിരുന്നു. പിന്നീട് ഇത് 15 ഹെക്ടറായി ചുരുക്കിയെങ്കിലും പല മാർഗങ്ങളിലൂടെയും ഇവർ ഭൂമി കൈവശമായി തന്നെ സൂക്ഷിച്ചു. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത കുറച്ചെങ്കിലും ഭൂമി പുനർവിതരണം ചെയ്യാം എന്നായിരുന്നു പദ്ധതിയെങ്കിലും അതൊക്കെ ജാമിന്റെ സുഹൃത്തുക്കളും കയ്യാളന്മാരും കയ്യടക്കി. 10% പാട്ടക്കാർക്ക് പോലും ഈ ഭൂപരിഷ്കരണത്തിന്റെ ഫലം ലഭിച്ചില്ല എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അഴിമതിയിൽ കുളിച്ച ഒരു ഭൂപരിഷ്കരണം ആയിരുന്നു അങ്ങനെ തെക്കൻ വിയറ്റ്നാമിൽ സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തിൽ ജാം നടപ്പിലാക്കിയത്.

ഭൂപരിഷ്കരണത്തിന്റെ പരാജയത്തിൽ നിരാശരായ കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇക്കാലത്ത് തെക്കൻ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ പിന്നിലെ ശക്തിയായി മാറിയത്. തെക്കൻ വിയറ്റ്നാമിൽ വിയറ്റ്മിഞ്ഞിനോട് രാഷ്ട്രീയ സഖ്യം ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ “വിയറ്റ്കോങ്’ എന്നായിരുന്നു വിളിച്ചിരുന്നത്.

കൊടിയ അഴിമതിയും സ്വേച്ഛാധിപത്യവും ദുർഭരണവും കൈമുതലാക്കിയ ജാമിന്റെ സർക്കാരിനെ 1969ൽ സിഐഎയുടെ രഹസ്യ സമ്മതത്തോടെ തെക്കൻ വിയറ്റ്നാമിലെ സൈനിക മേധാവികൾ വധിച്ചു. അങ്ങനെ ന്യുയൻ വാൻ ത്യൂ അവിടുത്തെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റു. ത്യൂവിന്റെ കീഴിലാണ് 1970ൽ ജന്മിമാർക്ക് കൈവശം വയ്ക്കാവുന്ന ഭൂമി 100 ഹെക്ടറിൽ നിന്ന് 15 ഹെക്ടറായി ചുരുക്കിയത്. എന്നിരിക്കിലും, വടക്കൻ വിയറ്റ്നാമിൽ പുനർവിതരണം ചെയ്യാൻ കഴിഞ്ഞതിന്റെ പകുതിയിൽ താഴെ ഭൂമി മാത്രമേ തെക്കൻ വിയറ്റ്‌നാമിൽ പുനർവിതരണം ചെയ്യാൻ സാധിച്ചുള്ളൂ. ഭാഗികമായ ഒരു വിജയമായി മാത്രമാണ് ത്യൂവിന്റെ ഭൂപരിഷ്കരണത്തെ പണ്ഡിതർ വിലയിരുത്തുന്നത്.

എന്നാൽ ഈ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള വലിയ സമരങ്ങൾ വിയറ്റ്കോങ്ങിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. അഴിമതിയും ദുർഭരണവും ജന്മിമാരുടെ ചൂഷണവും സാമ്രാജ്യത്വത്തിന്റെ ഇടപെടലും ഒക്കെ ചേർന്ന് തെക്കൻ വിയറ്റ്നാമിലെ ബുദ്ധമത വിശ്വാസികൾ കൂടിയായ വലിയ വിഭാഗം കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും വിയറ്റ്കോങ്ങുമായി സഖ്യത്തിലാക്കി. ഇത് തെക്കൻ വിയറ്റ്നാമിലെ അധിനിവേശത്തിനെതിരെയുള്ള സമരത്തെ ശക്തിപ്പെടുത്തി. കരുത്തുറ്റതും സാങ്കേതികവിദ്യയിൽ അഗ്രഗണ്യവുമായ അമേരിക്കൻ പട്ടാളം സാധാരണ ജനതയുടെ കീഴടങ്ങാൻ തയ്യാറല്ലാത്ത ഈ രാഷ്ട്രീയ ഇച്ഛാശക്തിയുടെ മുൻപിലാണ് 1975ഓടു കൂടി നാണംകെട്ട്, മുട്ടുമടക്കി, പരാജയപ്പെട്ട്, നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതമായത്. 1961ൽ ക്യൂബക്കെതിരെ നടത്തിയ “ബേ ഓഫ് പിഗ്’ ആക്രമണം അമ്പേ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അമേരിക്ക വടക്കൻ വിയറ്റ്നാമുമായി യുദ്ധത്തിന് ഇറങ്ങിയത്. പക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ കമ്യൂണിസ്റ്റ് ശക്തികൾക്കുമുന്നിലുള്ള അമേരിക്കയുടെ രണ്ടാമത്തെ നാണംകെട്ട പരാജയത്തിനാണ് തെക്കൻ വിയറ്റ്നാമിൽ കളമൊരുങ്ങിയത്.

1975ൽ അമേരിക്കൻ പട്ടാളം തോറ്റു പിൻവാങ്ങുകയും തെക്കൻ വിയറ്റ്നാമിലെ ഭരണകൂടം അടിയറവയ്ക്കുകയും ചെയ്തതിനുശേഷം വിയറ്റ്നാം ഒരൊറ്റ രാജ്യമായി ഏകീകരിക്കപ്പെട്ടു. അങ്ങനെ പുതിയൊരു സോഷ്യലിസ്റ്റ് രാഷ്ട്രം പിറന്നു. ഇതിന്റെ ഭാഗമായുണ്ടായ യുദ്ധങ്ങളിലും സമരങ്ങളിലും ഒക്കെ ഭൂമിയുടെയും അതിനു മേലുള്ള അവകാശങ്ങളുടെ രാഷ്ട്രീയത്തിന്റെയും കൃത്യമായ ഒരു അടയാളപ്പെടുത്തലുണ്ട്.

ഭൂപരിഷ്കരണം 
സോഷ്യലിസ്റ്റ് വിയറ്റ്നാമിൽ
ഏകീകൃതമായ വിയറ്റ്നാം രൂപീകരിക്കപ്പെട്ട ഉടൻതന്നെ തെക്കൻ വിയറ്റ്നാമിൽ നിലവിലിരുന്ന കുഴപ്പങ്ങൾ നിറഞ്ഞ ഭൂപരിഷ്കരണ നിയമങ്ങൾ റദ്ദാക്കപ്പെട്ടു. തോട്ടഭൂമികളും മറ്റും വലിയ തോതിൽ കൈവശം വെച്ചിരുന്ന പഴയ ജന്മിമാരുടെ പക്കലുള്ള ഭൂമിയൊക്കെയും പിടിച്ചെടുക്കപ്പെട്ടു. അതിൽ ഒരു ഭാഗം, കർഷകർക്ക് പുനർവിതരണം ചെയ്യപ്പെട്ടെങ്കിലും മറ്റൊരു ഭാഗം കൂട്ടുടമസ്ഥതയ്ക്ക് കീഴിൽ കൊണ്ടുവന്നു. അങ്ങനെ തെക്കൻ വിയറ്റ്നാമിൽ 1975 നും 1976 നും ഇടയ്ക്ക് 8 ലക്ഷത്തിലധികം ഹെക്ടർ കൃഷിഭൂമി 9 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പുനർവിതരണം ചെയ്തു. പിന്നീട് 1980ൽ വിയറ്റ്നാമിലെ എല്ലാ ഭൂമിയും പൊതു ഉടമസ്ഥതയിലേക്ക് കൊണ്ടുവന്നു. അങ്ങനെ ഭൂമിയിലെ സ്വകാര്യ സ്വത്ത് ഇല്ലാതായി.

1975 വരെയുള്ള വടക്കൻ വിയറ്റ്നാമിന്റെ ചരിത്രം ഭക്ഷ്യക്ഷാമം, നിരക്ഷരത, വിദേശ അധിനിവേശം എന്നിവക്കെതിരെയുള്ള നയങ്ങളുടെ ഒരു ഭാഗിക വിജയം മാത്രമേ ആയിരുന്നുള്ളൂ. തെക്കൻ വിയറ്റ്നാമുമായി ഏകീകരിക്കപ്പെട്ട അവസരത്തിലും പൊതുവിൽ ഗ്രാമീണ മേഖലകളിൽ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും തുടരുകയായിരുന്നു. വികസ്വര രാജ്യങ്ങളുടെ പട്ടികയിലെ ഏറ്റവും താഴേക്കിടയിലെ അംഗമായിരുന്നു വിയറ്റ്നാം എന്ന പുതിയ രാജ്യം. മെല്ലെ, തെക്കൻ വിയറ്റ്നാമിലെയടക്കം കാർഷികോത്പാദനം വർദ്ധിക്കാൻ ആരംഭിച്ചു. ഈ അവസരത്തിൽ ഏകീകൃത ആസൂത്രണവും സർക്കാർ സബ്സിഡികളും ഉപയോഗിച്ച്, കളക്ടീവുകൾ വഴി, കാർഷിക ബന്ധങ്ങൾ വളർത്തിയെടുക്കാനായിരുന്നു പ്രധാന ശ്രമം. ഉത്പാദനത്തിൽ നല്ല മുന്നേറ്റം കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും പ്രധാനപ്പെട്ട ചില പ്രശ്നങ്ങൾ തുടർന്നു. ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതിൽ വേണ്ടത്ര വിജയം കൈവരിക്കാനായില്ല. പല വർഷങ്ങളിലും വീണ്ടും ഭക്ഷ്യക്ഷാമം തലപൊക്കി.

ഈ വിഷയത്തെപ്പറ്റിയുള്ള വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗൗരവതരമായ വിശകലനം ഇപ്രകാരമായിരുന്നു: ‘‘അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും, കൂട്ടായ ഭൂമിയുടെ മതിയായ പരിചരണത്തിന്റെ അഭാവംമൂലം ഉൽപാദന സ്തംഭനവും ഭക്ഷ്യക്ഷാമവും ഉണ്ടായി. കർഷകരുടെ ജീവിതം കൂടുതൽ ദുഷ്‌കരമായി. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി കൃഷി ചെയ്യാതെ ഉപേക്ഷിക്കപ്പെട്ടപ്പോൾ 
3-4 ദശലക്ഷം കർഷകർ ഭക്ഷ്യക്ഷാമം അനുഭവിച്ച വർഷങ്ങളുണ്ടായിരുന്നു ’’

സ്വകാര്യ കർഷക കുടുംബങ്ങൾക്ക് അവരുടെ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ നിലവിലുണ്ടായിരുന്നില്ല എന്നതായിരുന്നു അതുവരെയുള്ള സംവിധാനത്തിന്റെ ബലഹീനത. ഒരു സഹകരണ കൂട്ടായ്മ സൃഷ്ടിക്കുന്ന അവസരത്തിൽ അതിലേക്ക് സംഭാവന ചെയ്ത അവരുടെ ചെറിയൊരു വിഹിതമൊഴികെ കർഷകർ അവരുടെ മറ്റ് വിഭവങ്ങളൊന്നും ഈ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിരുന്നില്ല. അതിനാൽ, പൊതുവിൽ, കൃഷിയിൽ സ്വകാര്യ നിക്ഷേപം വളരെ കുറവായിരുന്നു. കാർഷിക വളർച്ച മന്ദഗതിയിലായി. മിക്ക കർഷകരും ദരിദ്രരായി തുടർന്നു. 1980ല്‍ രാജ്യം ഒരു ഭക്ഷ്യക്ഷാമം നേരിട്ടു. അത് പരിഹരിക്കാൻ 13.3 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടിവന്നു. ഉത്പാദനക്ഷമത കുറഞ്ഞുനിന്നതിനാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കർഷകർ വനങ്ങൾ വെട്ടിനിരത്തി അവിടെ കൃഷിയിറക്കുന്ന സാഹചര്യവുമുണ്ടായി. ഈ ഘടകങ്ങളെല്ലാം ഒത്തുവന്നപ്പോഴാണ് പഴയ നയങ്ങൾ പരിഷ്കരിച്ച് ദോയ് മോയ് നടപ്പിൽ വരുത്താൻ വിയറ്റ്നാം നിർബന്ധിതമായത്.

ഈ വിശകലനത്തിന്റെ പ്രത്യയശാസ്ത്ര പശ്ചാത്തലം എടുത്തുപറയേണ്ടതുണ്ട്. സമൂഹത്തിന്റെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഉൽപാദന ബന്ധങ്ങളും ഉത്പാദന ശക്തികളും തമ്മിൽ വൈരുദ്ധ്യാത്മകമായ പ്രശ്നങ്ങൾ ഉയർന്നുവരും. ഉൽപാദന ശക്തികൾ ഒരുവശത്ത് സ്വതന്ത്രമായി വളർന്നുകൊണ്ടിരിക്കും. എന്നാൽ ഈ വളർച്ചയ്ക്കൊപ്പം ഉൽപാദന ബന്ധങ്ങൾ പുരോഗമിച്ചില്ലെങ്കിൽ ഉത്പാദനത്തിന്റെയും സാങ്കേതികവിദ്യകളുടെയും മുരടിപ്പ് രൂപപ്പെടും. ഇത് സമൂഹത്തിൽ വിവിധ പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കും. അതിനാൽ ഉൽപാദന ശക്തികളുടെ വളർച്ചയ്ക്ക് അനുസൃതമായി ഉൽപാദന ബന്ധങ്ങൾ നിരന്തരമായി തിരുത്തിയെഴുതാൻ കഴിയണം. എന്നാൽ മാത്രമേ ഉല്പാദനത്തിലെ വളർച്ച ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള കൃത്യമായ മാർക്സിസ്റ്റ് വിശകലന രീതിയാണ് ഈ വിഷയം അഭിമുഖീകരിച്ച വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് പാർട്ടി അവലംബിച്ചത്.

ദോയ് മോയ് പരിഷ്കാരങ്ങൾ
ഈ സാഹചര്യത്തിലാണ് 1980കളിൽ കാർഷിക ബന്ധങ്ങളെ ഒന്നടങ്കം തിരുത്തിയെഴുതിയ ദോയ്-മോയ് എന്ന പേരിൽ അറിയപ്പെട്ട പരിഷ്കാരങ്ങൾ ഗ്രാമീണ മേഖലയിൽ കൊണ്ടുവരപ്പെട്ടത്. ഉൽപാദന ബന്ധങ്ങളെ തിരുത്തിയെഴുതുക വഴി ഉത്പാദന ശക്തികളെ കെട്ടഴിച്ചുവിടുക എന്ന ലക്ഷ്യമായിരുന്നു ഈ പരിഷ്കാരങ്ങൾക്കു പിന്നിൽ. 1981ൽ ഈ പരിഷ്കാരങ്ങളുടെ ആദ്യരൂപം നടപ്പിൽ വരുത്തപ്പെട്ടു. പഴയ കളക്ടീവ് രീതിയിൽ നിന്നും മാറി കർഷക കുടുംബങ്ങൾക്ക് ഭൂമി അലോട്ട് ചെയ്യുന്നത് ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു കരാർ വഴിയാക്കി. സർക്കാരിന് കൈമാറ്റം ചെയ്യേണ്ട നിശ്ചിതമായ ഉൽപ്പാദനത്തിന് മുകളിൽ കൃഷിക്കാർ എത്ര ഉത്പാദിപ്പിച്ചാലും അതവർക്ക് അവരുടേതായി സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യാം എന്ന വ്യവസ്ഥ നിലവിൽ വന്നു. കൃഷിക്കാർക്ക് അവരവരുടെ കൃഷിയിടങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തി, മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉത്പാദനം വർദ്ധിപ്പിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ഇതുവഴി ലഭിച്ചു. ഇത് കർഷകർക്കിടയിൽ വലിയ ഉത്സാഹം ഉണ്ടാക്കി. കാർഷികോത്പാദനം വർദ്ധിക്കാൻ ആരംഭിച്ചു.

എന്നിരുന്നാലും, വെല്ലുവിളികൾ തുടർന്നു. സർക്കാരിന് കൈമാറേണ്ട ഉത്പാദനത്തിന്റെ വിഹിതം ഉയർന്ന നിലയിൽ തുടർന്നതിനാൽ ചിലയിടങ്ങളിൽ കൃഷി ചെയ്യാൻ താല്പര്യമില്ലെന്ന് അറിയിച്ച്‌ കർഷകർ അവരുടെ ഭൂമി സർക്കാരിന് മടക്കിക്കൊടുക്കുന്ന സ്ഥിതി വന്നു. വിപണന സമ്പ്രദായങ്ങളിൽ സർക്കാർ ഏജൻസികൾക്കുണ്ടായിരുന്ന കുത്തക-രൂപത്തിലുള്ള പങ്ക് പലപ്പോഴും കൃഷിക്കാരുടെ ഉത്പ്പന്നത്തിന്റെ വില ഇടിയുന്നതിനിടയാക്കി. സർക്കാർ സബ്സിഡികളിന്മേലുള്ള കൃഷിക്കാരുടെ അമിതമായ ആശ്രിതത്വം അവരുടെ വ്യക്തിഗതമായ പ്രചോദനങ്ങളെ ദുർബലപ്പെടുത്തി.

1986ലെ ആറാം പാർട്ടി കോൺഗ്രസ് ഈ പ്രശ്നം പരിഹരിക്കുന്നതിന് വിപ്ലവകരമായ ചില മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥത പൊതുമേഖലയിൽ തന്നെ നിലനിർത്തും. അവയ്ക്കു മേലുള്ള കർഷക കുടുംബങ്ങളുടെ അവകാശവും നിലനിൽക്കും. പക്ഷേ, ഇങ്ങനെ സോഷ്യലിസ്റ്റ് രീതിയിൽ ഭരണകൂട നിർവഹണത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോൾ തന്നെ, ഒരു വിപണി സംവിധാനത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടിസെക്ടർ കമ്മോഡിറ്റി സമ്പദ്‌വ്യവസ്ഥയായി വിയറ്റ്നാമിനെ വികസിപ്പിക്കണമെന്ന് പാർട്ടി തീരുമാനിച്ചു. അതായത്, രണ്ട് തരത്തിലുള്ള ഉടമസ്ഥാവകാശം മാത്രമുള്ള ഒരു സമ്പദ്‌വ്യവസ്ഥയിൽ നിന്ന് (അതായത്, ഒന്നാമതായി സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ രൂപത്തിലുള്ള പൊതുഉടമസ്ഥതയിലും, രണ്ടാമതായി സഹകരണ സ്ഥാപനങ്ങളുടെ രൂപത്തിലുള്ള കൂട്ടായ ഉടമസ്ഥതയിലും നിന്ന്) മാറി, പലവിധത്തിലുള്ള ഉടമസ്ഥതാ-സമ്പ്രദായങ്ങൾ ഒരുമിച്ച് നിലനിൽക്കുന്ന ഒരു സമ്പദ്ഘടനയായി വിയറ്റ്നാമിനെ മാറ്റിയെടുക്കണം.

1988ൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നു. ഒരു കുടുംബത്തിന് അലോട്ട് ചെയ്യപ്പെട്ടിട്ടുള്ള ഭൂമിയിൽ എന്ത് കൃഷി ചെയ്യണം എന്ന് തീരുമാനിക്കേണ്ടതിന്റെ പൂർണ്ണാവകാശം ആ കുടുംബത്തിനുതന്നെ വിട്ടുനൽകി. അങ്ങനെ വിപണി വിലകളെയും സാധ്യതകളെയും കണക്കിലെടുത്തുകൊണ്ട് വാണിജ്യപരമായ രീതിയിൽ കൃഷി സംഘടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം കർഷകർക്ക് ലഭിച്ചു. 1993ൽ പുതിയൊരു ഭൂനിയമം നിലവിൽ വന്നു. ഈ നിയമത്തിന്റെ കീഴിൽ വിപണി അടിസ്ഥാനമാക്കി സംഘടിപ്പിക്കപ്പെടുന്ന ഗ്രാമീണ സമ്പദ്ഘടനയിലെ ഉത്പാദനത്തെ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകളുമായി സർക്കാർ ബന്ധിപ്പിച്ചു. ഒപ്പം, ഒരു കുടുംബത്തിന് അലോട്ട് ചെയ്തിട്ടുള്ള ഭൂമി ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിലാക്കുകയും, ആ ഭൂമിയിൽ എന്തു കൃഷി ചെയ്യണമെന്ന് മാത്രമല്ല, ആ ഭൂമി മറ്റാർക്കെങ്കിലും കെെമാറ്റം ചെയ്യാനോ പാട്ടത്തിന് കൊടുക്കാനോ ബാങ്കിൽ പണയപ്പെടുത്താനോ കുടുംബത്തിലെ മറ്റാർക്കെങ്കിലും എഴുതിവയ്ക്കാനോ ഉള്ള സ്വാതന്ത്ര്യവും കർഷക കുടുംബങ്ങൾക്ക് നൽകി.

നിലവിൽ വിയറ്റ്നാമിലെ പൊതു ഉടമസ്ഥതയിലുള്ള ഭൂമി സർക്കാർ നേരിട്ട് കർഷക കുടുംബങ്ങൾക്കും വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്നു. ഈ ഭൂമിക്ക് സർക്കാരിലേക്ക് ഒരു നികുതിയും അടയ്ക്കേണ്ടതില്ല. നല്ല മൂല്യമുള്ള വാണിജ്യവിളകളാണ് കൃഷി ചെയ്യുന്നതെങ്കിൽ മാത്രം ഒരു ചെറിയ നികുതി അടച്ചാൽ മതിയാകും. ഇത്തരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ മാത്രമല്ല, വ്യാവസായികാടിസ്ഥാനത്തിൽ കൂടി കൃഷിയെ സംഘടിപ്പിച്ച്‌ ആധുനികവൽക്കരിക്കാനാണ് വിയറ്റ്നാം ശ്രമം.

ഇത്തരത്തിൽ കൃഷിയുടെ ആഭ്യന്തര ശക്തിയും പ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയതിനാലാണ് ഒട്ടേറെ തുറന്ന വിപണി (ഫ്രീ ട്രേഡ്) ഉടമ്പടികൾ നിലവിൽ വന്നിട്ടും വിയറ്റ്നാമിലെ കാർഷിക മേഖല ദൃഢതയുള്ളതായി തുടരുന്നത്. ലോക വ്യാപാര കരാറും ആസിയാൻ കരാറും ആർസി ഇപി-യും ഒക്കെ വിയറ്റ്നാം ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ഈ കരാറുകളുടെ ദോഷഫലങ്ങൾ കാർഷിക മേഖലയിൽ പ്രതിഫലിക്കാതെ ശ്രദ്ധിച്ചുകൊണ്ട്, ഉത്പാദനക്ഷമത വർദ്ധിപ്പിച്ച്, കൂട്ടായ്മാ സമ്പ്രദായങ്ങൾ ബലപ്പെടുത്തി, മെച്ചപ്പെട്ട വിപണന മൂല്യവർദ്ധന സൗകര്യങ്ങൾ ഒരുക്കി, കൃഷിക്കാരുടെ വരുമാനം കൂടുതൽ വർദ്ധിപ്പിക്കാൻ വിയറ്റ്നാമിന് കഴിഞ്ഞിട്ടുണ്ട്. ഇതൊരു ചെറിയ നേട്ടമല്ല. ഉയർന്ന, വികസിത സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ ശക്തിയാണ് ഇത് വെളിവാക്കുന്നത്.

ഇത്തരത്തിലുള്ള ആധുനികവൽക്കരണം നടക്കുമ്പോൾതന്നെ, അതിന്റെ ഗുണങ്ങൾ ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും നിർമാർജനംവഴി സാധാരണക്കാരിലെത്തണം എന്ന നിർബന്ധം വിയറ്റ്നാമിലെ പാർട്ടിക്കുണ്ട്. അതിനാൽതന്നെ, കൃഷിയിടങ്ങളുടെ ചിതറിക്കിടക്കൽ ഒഴിവാക്കിക്കൊണ്ട് സാമ്പത്തികമായി നേട്ടംമുണ്ടാകുംവിധത്തിൽ വലിപ്പം ഉറപ്പുവരുത്തുമ്പോഴും ഭൂമിയുടെ കുത്തകവൽക്കരണം മടങ്ങിവരാതിരിക്കാൻ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിൽ സ്വകാര്യ സ്വത്ത് ഇപ്പോഴും ഇല്ല താനും. അതിനാലാണ് വിയറ്റ്നാം ഇപ്പോഴും ചെറുകിട കൃഷിക്കാരുടെ ഒരു രാജ്യമായി തുടരുന്നത്. ഇതിനൊപ്പം, ഗ്രാമീണ സമ്പദ്ഘടനയിലെ കാർഷികേതര മേഖലകളുടെ വളർച്ചയും പൊതുവിലുള്ള തൊഴിലുകളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വിയറ്റ്നാം തിരിച്ചറിയുന്നുണ്ട്. അങ്ങനെ, ഗ്രാമീണതലത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും പ്രത്യേകം ശ്രദ്ധ നൽകിവരുന്നു.

ചില കണക്കുകൾ ശ്രദ്ധേയമാണ്. 1988 മുതൽ 2021 വരെയുള്ള ദോയ്-മോയ് കാലയളവിൽ വിയറ്റ്നാമിലെ കാർഷികോത്പാദനം ഓരോ വർഷവും 3.7 ശതമാനം കണ്ടാണ് വളർന്നത്. ഇതേ കാലയളവിൽ, നെല്ലിന്റെ ഉത്പാദനം മൂന്നിരട്ടിയും ഉൽപാദനക്ഷമത ഇരട്ടിയുമായി വർദ്ധിച്ചു. 1985ൽ നെല്ലിന്റെ ഉത്പാദനക്ഷമത ഒരു ഹെക്ടറിൽ 2.78 ടൺ ആയിരുന്നെങ്കിൽ, ഇന്നത് ഒരു ഹെക്ടറിൽ 6 ടണ്ണിൽ അധികമാണ്. അതുപോലെ, 1990നും 2021നും ഇടയ്ക്ക് വിയറ്റ്നാമിൽ കാപ്പിയുടെ ഉത്പാദനം ഇരുപത് ഇരട്ടിയായി വർദ്ധിച്ചു; റബറിന്റെ ഉൽപാദനം ഇരുപത്തിരണ്ട് ഇരട്ടിയായി വർദ്ധിച്ചു; കുരുമുളകിന്റെ ഉത്പാദനം മുപ്പത്തിരണ്ട് ഇരട്ടിയായി വർദ്ധിച്ചു; കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം അഞ്ച് ഇരട്ടിയായി വർദ്ധിച്ചു; പശുക്കളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു; മത്സ്യോത്പാദനം പത്ത് ഇരട്ടിയായി വർദ്ധിച്ചു. ഇതൊക്കെ വഴി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ മാത്രമല്ല വിയറ്റ്നാമിന് കഴിഞ്ഞത്. ഇന്ന് അരി, കാപ്പി, റബ്ബർ, കശുവണ്ടി, കുരുമുളക്, മത്സ്യം, വന ഉൽപ്പന്നങ്ങൾ എന്നിവയുടെയെല്ലാം ലോകത്തിലെ ഏറ്റവും വികസിതമായ കയറ്റുമതി രാജ്യം കൂടിയാണ് വിയറ്റ്നാം. 2022ലെ വിയറ്റ്നാമിന്റെ മൊത്തം കാർഷിക കയറ്റുമതിയുടെ മൂല്യം 5,300 കോടി ഡോളർ വരും. വിസ്മയകരമായ ഒരു നേട്ടമാണിത്.

ഇവിടെ ഇടക്കാലയളവിൽ കൈവരിക്കേണ്ട ലക്ഷ്യമെന്ന് വിയറ്റ്നാം കാണുന്നതെന്താണ്? കൃഷി കൂടുതൽ മത്സരാധിഷ്ഠിതമാകണം. ഉത്പാദനവും വാണിജ്യപരതയും ഓരോ കുടുംബങ്ങളുടെയും ഭൂമിയിൽ വിപുലപ്പെടണം. പശ്ചാത്തലസൗകര്യവും സാമൂഹ്യസുരക്ഷിതത്വവും ഗ്രാമീണ മേഖലകളിൽ മെച്ചപ്പെടണം. ഗ്രാമീണ മേഖലയിലെ മനുഷ്യ വിഭവങ്ങളും അവിടെ കഴിയുന്നവരുടെ ഭൗതിക-സാംസ്കാരിക ജീവിതവും പരിസ്ഥിതിയും സുസ്ഥിരമായി വികസിക്കണം. ഇത്തരത്തിൽ ഉത്പാദനശക്തികളുടെയും അധ്വാനശക്തിയുടെയും പുരോഗതി കൈവരുമ്പോൾ, കാലക്രമേണ, ഗ്രാമീണ സമ്പദ്ഘടനയിൽ സഹകരണാടിസ്ഥാനത്തിലുള്ള പുതിയ ഉൽപാദനരൂപങ്ങളുടെ ആവശ്യം ശക്തമായി ഉയർന്നുവരും. അത്തരത്തിൽ വികസിക്കുന്ന കൃഷിക്കാരുടെ സഹകരണ-സമ്പദ്ഘടനയും ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പൊതു-സമ്പദ്ഘടനയും ഒരുമിച്ചുചേർന്ന് ഗ്രാമീണ വികസനത്തിനുള്ള ഒരു അടിസ്ഥാന ശക്തിയായി പ്രവർത്തിക്കും. ഇതാണ് വിയറ്റ്നാമിന്റെ ലക്ഷ്യം.

നിലവിൽ, വ്യക്തിഗതമായി കർഷകരെ കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാക്കാനും അവർക്ക് വിപണിയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നേട്ടമുണ്ടാക്കിക്കൊടുക്കാനും സഹായിക്കുന്ന പുതിയ ശൈലിയിലുള്ള സഹകരണ സംഘങ്ങളുടെ വികസനമാണ് വിയറ്റ്നാമിൽ കാണുന്നത്. എന്നാൽ ഇതിനർത്ഥം പഴയ രീതിയിൽ കളക്ടീവുകൾ തിരിച്ചുകൊണ്ടുവരുന്നു എന്നല്ല. മറിച്ച്, ഭൂമിയുടെ ഏകീകരണം പ്രോത്സാഹിപ്പിച്ച്, വലിയതോതിലും വലുപ്പത്തിലും ഉള്ള ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്തെ വിവിധ സർക്കാർ ഫാമുകളും പുന:ക്രമീകരിക്കപ്പെടുകയാണ്. സർക്കാർ ഫാമുകൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത ഭൂമി അവർ സർക്കാരിന് തിരികെ നൽകുന്നു. അത്തരം ഭൂമി പലയിടത്തും കാപ്പി, തേയില, റബ്ബർ മുതലായ വിളകളുടെ തോട്ടങ്ങളായി വികസിപ്പിക്കുന്നതിന് ഭൂരഹിത തൊഴിലാളികൾക്ക് കരാർപ്രകാരം നൽകപ്പെടുന്നു. അങ്ങനെ വികസിപ്പിക്കുന്ന തോട്ടഭൂമിയിലെ ലാഭത്തിന്റെ ഒരു ഭാഗം ഈ തൊഴിലാളികൾ സർക്കാർ ഫാമുകൾക്ക് കൈമാറുകയും ചെയ്യുന്നു. ഭൂപരിഷ്കരണത്തിന്റെ ഒരു പുതിയ ഘട്ടമായി മാറുകയാണ് വിയറ്റ്നാമിലെ ഈ നൂതന പരിഷ്കാരങ്ങൾ.

അടുത്ത 20 മുതൽ 30 വരെ വർഷത്തിനുള്ളിൽ, കൂടുതൽ വ്യവസായവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും വികസിത രാജ്യങ്ങളുടെ ഗണത്തിൽ ചേരാനാണ് വിയറ്റ്നാം ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയിൽ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) കൃഷിയുടെ പങ്ക് 10 ശതമാനത്തിൽ താഴെയാകാം. പക്ഷേ കൃഷി ഒരു പ്രധാന സാമ്പത്തിക മേഖലയായി തുടരും. കൃഷിയിൽ നിന്നുള്ള വരുമാനം വളർന്നുകൊണ്ടിരിക്കും. കാരണം, ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് കാർഷിക മേഖല ഒരു പ്രധാന തൊഴിൽ, വരുമാന സ്രോതസ്സായി തുടരാനാണ് സാധ്യത.

ഉപസംഹാരം
വിയറ്റ്നാമിന്റെ കാർഷിക ചരിത്രം അടിച്ചമർത്തലിനെതിരെയുള്ള പോരാട്ടത്തിന്റെയും ഉത്പാദനശക്തികളുടെ വളർച്ചയുടെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള അന്വേഷണത്തിന്റെയും ചരിത്രമാണ്. അടിയായ്മയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഈ യാത്രയിൽ വിയറ്റ്നാമിലെ കർഷകർ ഈ ചരിത്രത്തിന്റെ പ്രധാന നിർമ്മാതാക്കളായി മാറി. “ഭൂമിയും സ്വാതന്ത്ര്യവും ഒന്നാണ്!’ എന്ന വിയറ്റ്നാമീസ് വിപ്ലവത്തിന്റെ മുദ്രാവാക്യം ഇന്നും ലോകമെമ്പാടും കർഷക ജനതയുടെ പോരാട്ടത്തിന് ഊർജ്ജം പകരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള വിയറ്റ്നാമിന്റെ ചരിത്ര വിജയത്തിന്റെ അൻപതാം വർഷം ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ സമകാലിക ലോകത്തിലെ സാമ്രാജ്യത്വ-വിരുദ്ധ പോരാട്ടങ്ങൾക്കും വിയറ്റ്‌നാം ആവേശം പകരുന്നു. ‘”ഞങ്ങൾ നിങ്ങളുടെ ഒരാളെ കൊല്ലുന്നതിനു പകരമായി നിങ്ങൾക്ക് ഞങ്ങളുടെ പത്ത് പേരെ കൊല്ലാൻ കഴിയും. പക്ഷേ അപ്പോഴും നിങ്ങൾ തോൽക്കും, ഞങ്ങൾ വിജയിക്കും’’ എന്ന ഹോ ചി മിന്റെ പ്രഖ്യാപനം ഒരു സാമ്രാജ്യവും അജയ്യമല്ല എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു. സാമ്രാജ്യത്വത്തിനുമേലുള്ള വിയറ്റ്നാമിന്റെ വിജയം വെറുമൊരു സൈനിക വിജയമായിരുന്നില്ല — മറിച്ച്, പാശ്ചാത്യ അജയ്യതയെക്കുറിച്ചുള്ള മിഥ്യയെ തകർത്തെറിഞ്ഞ ഒരു ഭൂകമ്പമായിരുന്നു. 1954ലെ ദിയെൻ ബിയെൻ ഫൂവിലെ കാടുകൾ മുതൽ 1975ലെ സായ്-ഗോണിലെ വീണുപോയ തെരുവുകൾ വരെയും വിയറ്റ്നാമീസ് ജനത ലോകത്തെ ഒരു അടിസ്ഥാന സത്യം പഠിപ്പിച്ചു: നീതിബോധവും വിപ്ലവകരമായ ഇച്ഛാശക്തിയുംകൊണ്ട് ഐക്യപ്പെട്ട ഒരു ജനതയ്ക്ക്, ഏറ്റവും ക്രൂരരായ പീഡകരെപ്പോലും കീഴ്പ്പെടുത്താൻ കഴിയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 17 =

Most Popular