അമ്പത് വർഷം മുൻപ് 1975 ഏപ്രിൽ 30ന് വിയറ്റ്നാം ജനകീയ സേനയുടെയും ദേശീയ വിമോചന മുന്നണിയുടെയും വിപ്ലവപോരാളികൾ ദക്ഷിണ വിയറ്റ്നാമിന്റെ അന്നത്തെ തലസ്ഥാനമായ സയ്ഗോണിൽ പ്രവേശിച്ചു. രണ്ട് ദിവസം മുൻപ് യുദ്ധം തുടരുന്നത് ഒഴിവാക്കുകയല്ലാതെ മറ്റൊരു ഗതിയുമില്ലെന്ന നിരാശയിൽ അമേരിക്ക ‘സമാധാന സ്ഥാനാർഥി’ യായി മുൻ ജനറൽ ദുവോങ് വാൻ മിങ്ങിനെ പ്രസിഡന്റായി നിയോഗിച്ചു. അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. ‘വലിയ മിഞ്ഞ്’ (Big Minh) എന്നാണ്; അദ്ദേഹമാണ് തന്റെ സെെനികരോട് കമ്യൂണിസ്റ്റ് സേനയ്ക്കു മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടത്; അതിന്റെ അർഥം അന്നുതന്നെ അമേരിക്കൻ പട്ടാളവും പിൻവാങ്ങണമെന്നു കൂടിയാണ്. തുടർന്ന്, 1976 ജൂലെെ രണ്ടിന് ഉത്തരവിയറ്റ്നാമും ദക്ഷിണവിയറ്റ്നാമും ഔപചാരികമായി പുനരേകീകരിക്കപ്പെട്ടു; വിയറ്റ്നാം കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളും 1969ൽ ഹോ ചി മിന്റെ മരണത്തെ തുടർന്ന് വിയറ്റ്നാം ജനാധിപത്യറിപ്പബ്ലിക്കിന്റെ (ഉത്തരവിയറ്റ്നാം) പ്രസിഡന്റായി ചുമതലയേൽക്കുകയുംചെയ്ത തോൺ ഡുക് താങ് (Tom Duc Thang) ആണ് പുനരേകീകരിക്കപ്പെട്ട വിയറ്റ് -നാമിന്റെ ആദ്യപ്രസിഡന്റായി ചുമതലയേറ്റത്. അങ്കിൾ തോൺ എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്; രാജ്യത്തെ ഏകീകരിക്കാനും 67 വർഷത്തെ ഫ്രഞ്ച് കൊളോണിയലിസത്തിന്റെയും (1887 മുതൽ 1954 വരെ) തുടർന്ന് 21 വർഷത്തെ ഭീകരമായ യുദ്ധത്തിന്റെയും കെടുതികൾ തകർത്തുതരിപ്പണമാക്കിയ സമ്പദ്ഘടനയെ പുനർനിർമിക്കാനുമായി അദ്ദേഹം ജനറൽ ലെ ദ്വാനു (Le Duan) മായി ചേർന്ന് പ്രവർത്തിച്ചു.
21 വർഷത്തെ ഭീകരമായ യുദ്ധം സൃഷ്ടിച്ച നാശനഷ്ടങ്ങളെക്കുറിച്ച് ശരിയായും പൂർണമായും വിലയിരുത്തൽ നടത്താതെ 1975 നുശേഷമുള്ള സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാൻ പ്രയാസമാണ്. ആ കാലഘട്ടത്തിലെ പ്രമുഖ വ്യാവസായിക ശക്തിയായ അമേരിക്ക വിയറ്റ്നാം ജനതയ്ക്കുനേരെ ഭീകരമായ അക്രമമഴിച്ചുവിട്ടിട്ടും കീഴടങ്ങാതെ ഉറച്ചുനിന്ന് ദേശാഭിമാനികളായ ആളുകളെ ചേർത്ത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റുകാർ ജനകീയ സേനയെ സംഘടിപ്പിച്ചു. 1954നും 1975നുമിടയ്ക്ക‍് അമേരിക്കൻ സെെന്യം വിയറ്റ്നാമിലും ലാവോസിലും കമ്പോഡിയയിലുമായി 75 ലക്ഷം ടൺ ബോംബുകൾ വർഷിച്ചു; ഇത് രണ്ടാം ലോകയുദ്ധകാലത്ത് എല്ലാ യുദ്ധരംഗങ്ങളിലുമായി വർഷിക്കപ്പെട്ടതിനെക്കാൾ 20 ലക്ഷം ടൺ ബോംബുകൾ അധികമാണ്. വിയറ്റ്നാമിൽ അമേരിക്ക 46 ലക്ഷം ടൺ ബോംബിട്ടു; ഒാപ്പറേഷൻ റോളിങ് തണ്ടർ (1965–1968), ഓപ്പറേഷൻ ലെെൻ ബാക് (1972) എന്നിങ്ങനെ അമേരിക്ക നടത്തിയ വകതിരിവില്ലാത്തതും അതിഭീകരവുമായ കാർപെറ്റ് ബോംബിങ് കാമ്പെയ്നുകളുടെ കാലത്തെ ബോംബാക്രമണങ്ങൾ ഉൾപ്പെടെയാണിത്. രാസകളനാശിനിയായ ഏജന്റ് ഓറഞ്ചും ക്ലസ്റ്റർ ബോംബുകളും നാപ്പാം (Napalm) എന്ന് വിളിക്കപ്പെടുന്ന ഫ്യുവൽ ജെൽ ഫയർ ബോംബും (നാ-ഫ്ത്തെനിക് ആസിഡും പാൽമിറ്റിക് ആസിഡുംകൊണ്ട് നിർമിക്കപ്പെട്ടത്) ഉൾപ്പെടെയുള്ള ആയുധപ്രയോഗങ്ങളാണ് നടന്നത്.

ഏജന്റ് ഓറഞ്ച് പ്രയോഗിച്ചതിന്റെ അനന്തരഫലം ദീർഘകാലം വിയറ്റ്നാമിലെ കൃഷിയെ ബാധിച്ചു. 1961നും 1971നുമിടയിൽ അമേരിക്ക 20 ദശലക്ഷം ഗാലൺ കളനാശിനി വിയറ്റ്നാം മണ്ണിൽ തളിച്ചു (ഇതിൽ മൂന്നിൽ രണ്ട് ഭാഗവും ഏജന്റ് ഓറഞ്ചായിരുന്നു). ഈ കളനാശിനികൾ വനങ്ങളും (വ്യാപകമായി വനം നശിപ്പിക്കുകയും മൂന്നിലൊന്നോളം കണ്ടൽക്കാടുകളെ ഇല്ലായ്മചെയ്യുകയുംചെയ്തു) കൃഷിഭൂമിയും (ഏറെക്കുറെ അഞ്ച് ലക്ഷം ഏക്കർ കൃഷി ഭൂമി കൃഷി ചെയ്യാനാകാത്ത വിധം എന്നെന്നേയ്ക്കുമായി നശിപ്പിക്കപ്പെട്ടു) ഉൾപ്പെടെ ചുരുങ്ങിയത് 50 ലക്ഷം ഏക്കർ ഭൂമിയെയാണ് ബാധിച്ചത്. ഏജന്റ് ഓറഞ്ചുമൂലം ദശലക്ഷക്കണക്കിന് വിയറ്റ്-നാമുകാർ, പ്രത്യേകിച്ചും ഗ്രാമീണമേഖലകളിലുള്ളവർ, തലമുറകളോളം (ജന്മനായുള്ള ഗുരുതരമായ തകരാറുകൾ മൂലം) ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഫ്രഞ്ചുകാർ നടത്തിയിരുന്നതുപോലെ നിഷ്ഠൂരമായ കൊളോണിയൽ ചരിത്രവും തുടർന്നുള്ള അതിഭീകരമായ യുദ്ധവും വിയറ്റ്നാം സമ്പദ്ഘടനയുടെ ഉൗർജസ്വലത ക്ഷയിപ്പിച്ചു (ദശലക്ഷക്കണക്കിനാളുകൾ, പ്രധാനമായും കർഷകജനത യുദ്ധത്തിൽ മരിച്ചു); തുടർന്ന് പുനരേകീകരണത്തിനുശേഷം ഇരുപത് ലക്ഷത്തിലധികമാളുകൾ (നിരവധി ബുദ്ധിജീവികളും ആരോഗ്യരംഗത്തുള്ളവരും ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഉൾപ്പെടെ) രാജ്യംവിട്ടു. പുതിയ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ വെല്ലുവിളികൾക്കിടയാക്കി.
യുദ്ധത്തിന്റെ കെടുതികൾ പേറിയ കർഷകജനതയെ സംബന്ധിച്ചിടത്തോളം പുതിയ സോഷ്യലിസ്റ്റ് വിയറ്റ്നാം അവരുടെ ജീവിതം പുനർനിർമിക്കുന്നതിനാണ് വലിയ തോതിൽ ഊന്നൽ നൽകിയത്. അളവറ്റ പ്രാധാന്യമുള്ള രണ്ട് പദ്ധതികളെക്കുറിച്ച് അപൂർവമായി മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ: അരി ഉൽപ്പാദനം വർധിപ്പിച്ചും അടിയന്തരമായ ഭക്ഷ്യവിതരണം ഉറപ്പാക്കിയും പട്ടിണി ഇല്ലാതാക്കാനുള്ള ദേശീയ ഭക്ഷ്യപരിപാടിയും, ഗ്രാമീണ സ്കൂളുകളും മെഡിക്കൽ ക്ലിനിക്കുകളും ജലസേചന സംവിധാനങ്ങളും പുനർനിർമിക്കുന്നതിനും ഒപ്പം പഴയ വിയറ്റ്നാമിന്റെ കർക്കശമായ പൗരോഹിത്യാധിഷ്ഠിത സമ്പ്രദായത്തിൽനിന്നും പുതിയ വിയറ്റ്നാം മനുഷ്യനെ സൃഷ്ടിക്കുന്നതിന് (പുതിയ മനുഷ്യനെ സൃഷ്ടിക്കൽ) ആരോഗ്യപ്രവർത്തകരുടെയും സാക്ഷരതാപ്രവർത്തകരുടെയും ബ്രിഗേഡുകളെ അയക്കുന്നതിനുമുള്ള ഗ്രാമീണ വികസന പരിപാടി നടപ്പാക്കി; ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും വിയറ്റ്നാം കമ്യൂണിസ്റ്റു പാർട്ടിക്ക് യുദ്ധം സമ്പൂർണമായി തകർത്ത ഗ്രാമീണ സമൂഹത്തെ ഏറെക്കുറെ സാധാരണ നിലകെെവരിക്കുന്നതിനുള്ള പരിവർത്തനത്തിലേക്ക് നയിക്കുന്നതിന് തുടക്കംകുറിക്കാൻ കഴിഞ്ഞു. മണ്ണിന്റെ മോശമായ ഗുണനിലവാരവും കാലഹരണപ്പെട്ട ഉപകരണങ്ങളും മൂലം കാർഷികസഹകരണ സംഘങ്ങളെ മാന്ദ്യം ബാധിച്ചതുകൊണ്ട്, മുന്നോട്ടുനീങ്ങാനുള്ള പാതയെക്കുറിച്ച് ഗൗരവപൂർണമായ പുനഃപരിശോധന വേണ്ടി വന്നു. ഉൽപ്പാദനശക്തികളെ കാലോചിതമായി വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ ഫലമായി വിയറ്റ്നാമീസ് കമ്യൂണിസ്റ്റു പാർട്ടി 1986ൽ പുതിയ സാങ്കേതികവിദ്യയും ഫിനാൻസും നേടിയെടുക്കുന്നതിനായി ദോയ് മോയ് (നവീകരിക്കൽ) നയം ആരംഭിച്ചു.
വിയറ്റ്നാമിന് പുറത്തുള്ളവർ ദോയ് മോയ് കാലഘട്ടത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. വിയറ്റ്നാമീസ് സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമിലൂടെയും (പണനയം) ധനമന്ത്രാലയത്തിലൂടെയും (ധനനയവും–Fiscal Policy – സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ മേൽനോട്ടവും) ഫിനാൻഷ്യൽ സംവിധാനത്തിന്റെയും നാണയവ്യവസ്ഥയുടെയും മേലുള്ള നിയന്ത്രണം തുടർന്നു. അതേസമയംതന്നെ, ഭരണകൂടം സ്വകാര്യബാങ്കുകളെയും നിക്ഷേപകരെയും നിയമംമൂലം കർക്കശമായി നിയന്ത്രിച്ചു; കർശനമായ മൂലധന നിയന്ത്രണത്തിലൂടെ വിദേശകറൻസിയുടെ വരവിനെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്ത; തന്ത്ര പ്രധാനമേഖലകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും അനുകൂലമായി വായ്പകൾ നൽകുന്നു. ചെെനീസ് സമ്പദ്ഘടനയുടെ മേന്മയുമായി നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടും വിദേശകമ്പനികളിൽനിന്ന് പുതിയ സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്തതുകൊണ്ടും വിയറ്റ്നാമിന് ഉയർന്ന വളർച്ചാനിരക്ക് (2024ൽ 7 ശതമാനത്തിലധികം) കെെവരിക്കാൻ കഴിഞ്ഞു; വിയറ്റ്നാം സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നത് മാനുഫാക്ചറിങ്–കൺസ്ട്രക്ഷൻ രംഗങ്ങൾക്കൊപ്പം കൃഷി, വനം, മത്സ്യബന്ധനം എന്നിവയിൽനിന്നുള്ള ചെറിയ നിലയിലുള്ള സംഭാവനകളുമാണ്. തൽഫലമായി ആയുർദെെർഘ്യം മെച്ചപ്പെട്ടിട്ടുണ്ട്; അതുപോലെതന്നെ പൊതുവിലുള്ള സാമൂഹിക സൂചകങ്ങളും.
വിയറ്റ്നാമിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 87 ശതമാനവും കയറ്റുമതിയിൽ നിന്നായതുമൂലം സമ്പദ്ഘടന ബാഹ്യസമ്മർദങ്ങൾക്ക് വിധേയമാണ്. എന്നാൽ 2020ലെ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ട്ണർഷിപ്പ് കരാറിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ (ലോകത്തിലെ ഏറ്റവും വലിയ വ്യാപാരചേരിയാണിത്) ക്കുള്ളിലെ വർധിച്ചുവരുന്ന ഡിമാൻഡ്, വെെവിധ്യമാർന്ന ഒരുകൂട്ടം ഉപഭോക്താക്കളെ വിയറ്റ്നാമിന് ലഭിക്കുന്നതിനിടയാക്കി; അതുപോലെതന്നെ ഒരു വിധത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും വിയറ്റ്നാമിനെ അത് തുണച്ചു. വിയറ്റ്നാമിനുള്ളിൽ ആഭ്യന്തരകമ്പോളത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ശക്തമായ ഡിമാൻഡുണ്ട്; ഇതിലൂടെ കേവല ദാരിദ്ര്യം, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ ഇല്ലാതാക്കാനും കഴിഞ്ഞു. അതിനൊപ്പം തന്നെ സ്വകാര്യ ബിസിനസ്സുകാർക്കും ഉദ്യോഗസ്ഥർക്കുമിടയിലെ അഴിമതി അവസാനിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടി കാമ്പെയ്നും സജീവചർച്ചയായി കഴിഞ്ഞു. ഈ സമീപനത്തിന്റെ ഒരു സൂചകമാണ്, ലോകത്തിൽ ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്ന രാജ്യം വിയറ്റ്നാമായിരിക്കെത്തന്നെ, ആഭ്യന്തര ആവശ്യങ്ങൾ ആദ്യം നിറവേറ്റിക്കഴിഞ്ഞുമാത്രമേ ഒരു മണി അരിപോലും രാജ്യത്തുനിന്ന് പുറത്തുപോകൂവെന്നത്.
വിയറ്റ്നാമിന്റെ പുനരേകീകരണത്തോടു ബന്ധപ്പെട്ട ദിനാചരണവേളയിൽ വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി തോ ലാം (To Lam) ഹോ ചി മിന്റെ ചില വാക്കുകൾ ഉദ്ധരിച്ചു: ‘‘വിയറ്റ്നാം ഒന്നാണ്; വിയറ്റ്നാമീസ് ജനതയും ഒന്നാണ്. നദികൾ വറ്റിവരണ്ടുപോയേക്കാം, പർവതങ്ങൾ തകർന്നേക്കാം. എന്നാൽ ആ സത്യത്തിനൊരിക്കലും മാറ്റം വരില്ല.’’ വാസ്തവത്തിൽ വിയറ്റ്നാം ഭരണകൂടവും വിയറ്റ്നാം ജനതയും ഇപ്പോൾ ഒരു പോരാട്ടത്തിലാണ്; നദികൾ വറ്റിവരളില്ലെന്നും മഹാമേരുക്കൾ ക്ഷയിക്കില്ലെന്നും ഉറപ്പാക്കാനുള്ള പോരാട്ടം; തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വിയറ്റ്നാം ജനതയുടെ പോരാട്ടം; നൂറ്റാണ്ടുകളായി മഹാമാരിപോലെ നിലനിന്നിരുന്ന പഴയ പ്രശ്നങ്ങൾ (പട്ടിണി, ദാരിദ്ര്യം, നിരക്ഷരത) രാജ്യത്തുനിന്ന് തുടച്ചുനീക്കുന്നതിനുള്ള പോരാട്ടം. ഈ സന്ദർഭത്തിൽ പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി എൻഗുയെൻഫൂ ട്രോങ് (Nguyen Phu Trong) ഇങ്ങനെ പറഞ്ഞു: ‘‘ഒരു വിയറ്റ്നാംകാരനും തങ്ങളുടെ വിപ്ലവം മോചിപ്പിച്ച ഈ ഭൂപ്രദേശത്ത് പട്ടിണികിടക്കില്ല.’’ ഭൂതകാലത്തുനിന്നുള്ള കർക്കശമായ പാരമ്പര്യങ്ങളെ അവസാനിപ്പിക്കുമെന്നതിനുള്ള പാർട്ടിയുടെ പ്രതിബദ്ധതയാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കപ്പെടുന്നത്; ഇൗ പ്രശ്നങ്ങളിൽ പലതും തുടച്ചുനീക്കപ്പെടുന്നത് തങ്ങൾക്ക് കാണാനാകുമെന്നതാണ് രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥയിൽ വിശ്വസിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. l



