Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിവിയറ്റ്നാമിലെ കാർഷിക മേഖല കേരളത്തിന് നൽകുന്ന പാഠം

വിയറ്റ്നാമിലെ കാർഷിക മേഖല കേരളത്തിന് നൽകുന്ന പാഠം

കേരളത്തിന്റെ ഏകദേശം മൂന്നിരട്ടി ജനസംഖ്യയുള്ളതും എന്നാൽ പത്തിരട്ടി വലുപ്പവുമുള്ളതുമായ രാജ്യമാണ് വിയറ്റ്നാം. ദശാബ്ദങ്ങൾ നീണ്ടു നിന്ന സ്വാതന്ത്ര്യ പോരാട്ടത്തിനുശേഷം ഫ്രാൻസും അമേരിക്കയും ഉൾപ്പെടെയുള്ള അധിനിവേശ ശക്തികളെ തുരത്തിയ വിയറ്റ്നാം ജനത, 1975ലെ പുനരേകീകരണത്തിനു ശേഷം ഉയർന്നുവരുന്ന ഒരു സാമ്പത്തിക ശക്തിയായി മാറി. ദ്രുതഗതിയിലുള്ള വളർച്ചാനിരക്ക് രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ, ജനങ്ങളുടെ പൊതു ജീവിതനിലവാരം ഉയർത്താനും വിയറ്റ്നാമിന് കഴിഞ്ഞു. മാനവിക വികസനത്തിൽ ചൈനയും കേരളവും കൈവരിച്ച നേട്ടങ്ങളോട് താരതമ്യപ്പെടുത്താവുന്ന പ്രകടനം വിയറ്റ്നാമിൽ നമുക്കു കാണാം.

കേരളവും വിയറ്റ്നാമുമായി ഭൂമിശാസ്ത്രപരമായ പല സാമ്യതകളുമുണ്ട്, പ്രത്യേകിച്ച്- മെക്കോങ് നദീതടം ഉൾപ്പെടുന്ന തെക്കൻ വിയറ്റ്‌നാമുമായി. പൊതുവെയുള്ള കാലാവസ്ഥ (മഴയും കടുത്ത ചൂടും ഇടകലർന്നു വരുന്ന കാലാവസ്ഥ), മഴയുടെ അളവും ജലസമൃദ്ധിയും, പ്രധാന കാർഷിക വിളകൾ (നെല്ല്, റബർ, കാപ്പി, കുരുമുളക്, പഴവർഗങ്ങൾ) എന്നിവയിലൊക്കെ ഈ സാമ്യതകൾ നമുക്ക് കാണാൻ സാധിക്കും. ഭൂപരിഷ്കരണം വ്യത്യസ്ത രീതിയിലാണെങ്കിൽപ്പോലും, നടപ്പിൽ വരുത്തിയ പ്രദേശങ്ങൾ കൂടിയാണ് കേരളവും വിയറ്റ്നാമും. എന്നാൽ കാർഷിക രംഗത്തെ വളർച്ച നോക്കിയാൽ രണ്ടു വിപരീത ദിശകളിൽ സഞ്ചരിച്ച പ്രദേശങ്ങളാണ് ഇവ രണ്ടും. കേരളത്തിൽ കാർഷിക മേഖല പല ഘട്ടങ്ങളിൽ തളർച്ചയിലായിരുന്നു; എന്നാൽ വിയറ്റ്‌നാമിന് കൂടുതലും നേട്ടത്തിന്റെ കഥയാണ് പറയാനുള്ളത്.

വിയറ്റ്നാം പുനരേകീകരണത്തിന്റെ അമ്പതാം വാർഷികത്തിൽ വിയറ്റ്നാമിലെ കാർഷിക മേഖലയിൽ, പ്രത്യേകിച്ചും നെൽകൃഷിയിൽ, എന്തെല്ലാം മാറ്റം വന്നു എന്നുള്ളത് വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ. വിയറ്റ്നാമുമായി സാമ്യതകളുള്ള കേരളത്തിന് വിയറ്റ്നാമിന്റെ അനുഭവങ്ങളിൽ നിന്ന് എന്തെങ്കിലും പഠിക്കാനാകുമോ എന്നുള്ളതും ഇവിടെ അന്വേഷണവിധേയമാക്കുന്നു. എന്റെ പി
എച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി 2019-ൽ മൂന്നു മാസം തെക്കൻ വിയറ്റ്നാമിൽ ഞാൻ ചെലവഴിച്ചിരുന്നു. അതിനു ശേഷം രണ്ടു തവണ ചെറിയ സന്ദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്റെ ഗവേഷണവും അവിടെയുള്ള കാർഷിക വിദഗ്ധരുമായി നടത്തിയ സംഭാഷണങ്ങളുമാണ് ഈ ലേഖനത്തിന് ആധാരം.

കാർഷിക അഭിവൃദ്ധിയിലൂടെ 
സാധ്യമായ വികസനം
1975ൽ അമേരിക്ക വിയറ്റ്നാമിൽനിന്ന് തോറ്റുപിന്മാറിയതിനുശേഷം, വടക്കൻ വിയറ്റ്നാമും തെക്കൻ വിയറ്റ്നാമും ഏകീകരിച്ച് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിന് (ഇന്നത്തെ വിയറ്റ്‌നാം രാജ്യം) രൂപം കൊടുത്തു. അമേരിക്കയുമായുള്ള യുദ്ധത്തിന് ശേഷം വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു വിയറ്റ്‌നാം. യുദ്ധം വരുത്തിവച്ച വലിയ തോതിലുള്ള കെടുതികൾ, വികസനോന്മുഖ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ട പണത്തിന്റെയും മറ്റു വിഭവങ്ങളുടെയും അഭാവം, വ്യാപകമായി നിലനിൽക്കുന്ന പട്ടിണി എന്നിവ രാജ്യം നേരിട്ട വലിയ വെല്ലുവിളികളിൽ ചിലതായിരുന്നു. ഈ പിന്നാക്കാവസ്ഥയിൽ നിന്നും വികസനത്തിലേക്കുള്ള പ്രയാണത്തിൽ ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചത് അവിടത്തെ കാർഷിക മേഖലയായിരുന്നു.

നദീതടത്തിന്റെ പ്രത്യേകതകൾ കൊണ്ട് കൃഷിയ്ക്ക് വളരെ അനുയോജ്യമായ സ്ഥലമാണ് വിയറ്റ്‌നാം. വടക്ക് ഹാനോയ് നഗരത്തിനോട് ചേർന്നുള്ള ചുവപ്പ് നദീതടവും തെക്ക് ഹോചിമിൻ നഗരത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെക്കോങ് നദീതടവും വളരെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളാണ്. ഇവിടെ ഫ്രഞ്ച് കൊളോണിയൽ ഭരണകാലത്തിനുമുൻപേ തന്നെ നെൽകൃഷി വ്യാപകമായിരുന്നു. ചെറിയ ജലസേചന പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും വഴിയായി തെക്കൻ വിയറ്റ്‌നാമിൽ നിന്നും പലപ്പോഴായി നെല്ല് ഫ്രഞ്ച് കൊളോണിയൽ ഭരണത്തിൽ കയറ്റുമതി ചെയ്തിരുന്നു. ഇന്നും നെൽകൃഷി വിയറ്റ്‌നാമിൽ വളരെ പ്രധാനപ്പെട്ടതാണ് — മൊത്തം കൃഷിഭൂമിയുടെ മൂന്നിലൊന്ന് നെൽകൃഷിക്കായി ഉപയോഗിക്കുന്നു.

എന്നാൽ 1990കൾ വരെ നെല്ലുത്പാദനത്തിന്റെ തോതിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നു. 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും നെല്ലുത്പാദനം വളരെയധികം കുറയുകയും വിയറ്റ്നാമിന് ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യേണ്ടതായും വന്നു. ഭക്ഷ്യസുരക്ഷയില്ലായ്മയും പൊതുവായി നിലനിൽക്കുന്ന പിന്നാക്കാവസ്ഥയും ഏതു രീതിയിലുള്ള വികസന നയമാണ് പിന്തുടരേണ്ടത് എന്നതു സംബന്ധിച്ചുള്ള ചർച്ചകളിൽ വിയറ്റ്‌നാം ജനതയെ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഉത്പാദന ശക്തികളുടെ വളർച്ചയ്-ക്കായി “ദോയ് മോയ്” (Doi Moi) പരിഷ്‌കാരങ്ങൾക്ക് രൂപം കൊടുക്കാൻ വിയറ്റ്‌നാം തീരുമാനിച്ചത്. 1988ൽ ഔദ്യോഗികമായി തുടക്കം കുറിച്ച പരിഷ്‌കാരങ്ങൾ സാമ്പത്തികമേഖലയിൽ വിപണിയ്ക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുക്കുന്നതായിരുന്നു.

തത്‌ഫലമായി, കൃഷിഭൂമി പൊതു ഉടമസ്ഥതയിലായിരിക്കുമ്പോൾ തന്നെ അതിന്റെ ഉപയോഗത്തിനുള്ള അവകാശങ്ങൾ കർഷക കുടുംബങ്ങൾക്ക് നൽകുകയും അതുവഴി അവർക്ക് അതിൽ സ്വകാര്യനിക്ഷേപങ്ങൾ നടത്തുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങൾ നടപ്പിലാക്കുകയുണ്ടായി. ഇതിനോടൊപ്പം തന്നെ ശാസ്ത്രീയമായ രീതികൾ (പുതിയ വിത്തിനങ്ങൾ, മറ്റ് നടീൽ സാമഗ്രികൾ, ആധുനിക യന്ത്രവത്കരണം) പ്രചരിപ്പിക്കുകയും ചെയ്യുക വഴി വളരെ പെട്ടെന്നു തന്നെ കാർഷിക മേഖലയിൽ വളർച്ച കൈവരിക്കാൻ വിയറ്റ്നാമിന് സാധിച്ചു. കൃഷിവിളകളുടെ വിളവിൽ വന്ന വലിയ വർദ്ധനവ് ഈ വളർച്ചയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. രാജ്യത്താകമാനം 1980കളുടെ അവസാനം ഒരു ഏക്കറിൽ നിന്നും ശരാശരി 900 കിലോഗ്രാം നെല്ല് കിട്ടിയതിൽ നിന്നും ഇപ്പോൾ വിളവ് ഏകദേശം 2500 കിലോഗ്രാം നെല്ല് എന്ന അളവിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് അരി കയറ്റുമതി ചെയ്യുന്നതിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ മൂന്നു രാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്‌നാം.

എന്നാൽ കേവലം ഉത്പാദന രംഗത്ത് മുൻപന്തിയിൽ നിൽക്കുകയും ഭൂരിപക്ഷം കർഷകർക്ക് അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്ന, ഇന്ത്യയുടേതു പോലെയുള്ള, ഒരു സ്ഥിതിവിശേഷമല്ല വിയറ്റ്‌നാമിലുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കഷ്ടതയനുഭവിക്കുന്ന ഒരു ജനവിഭാഗം ചെറുകിട കർഷകരാണെങ്കിൽ വിയറ്റ്‌നാമിൽ വരുമാനത്തിന്റെ നിലവാരത്തിൽ തരക്കേടില്ലാത്ത ഒരു ജനവിഭാഗമാണ് അവിടത്തെ ചെറുകിട കർഷകർ. മെക്കോങ് നദീതടത്തിൽ ഞാൻ സഞ്ചരിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് കുറച്ചു കൂടെ സൗകര്യപ്രദമായ ജീവിതനിലവാരം (വീടുകളുടെ വലുപ്പം, നിർമിതി, വാഹനങ്ങൾ എന്നിവയൊക്കെ നോക്കുമ്പോൾ) വച്ചു പുലർത്തുന്നത് അവിടത്തെ കർഷക കുടുംബങ്ങളാണ് എന്നാണ്.

കേരളത്തിനുള്ള പാഠങ്ങൾ
കേരളത്തിൽ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന വിളകൾ വൻ തോതിൽ കൃഷി ചെയ്യാനും അതിലെ കയറ്റുമതി വിപണിയിൽ പ്രധാനപ്പെട്ട സ്ഥാനം നേടാനും വിയറ്റ്നാമിന് സാധിച്ചിട്ടുണ്ട്. വിയറ്റ്നാമിന്റെ കാർഷിക മേഖലയിൽ കയറ്റുമതി അടിസ്ഥാനമായ വളർച്ച പ്രകടമാകുന്നത് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിലാണ്. നെല്ല് ഒരുദാഹരണമായി എടുത്തു കൊണ്ട് കാർഷിക മേഖലയിൽ കേരളത്തിന് വിയറ്റ്‌നാമിൽ നിന്ന് എന്ത് പഠിക്കാം എന്ന് നോക്കാം.

കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ നെല്ലിന് വിളവ് കിട്ടുന്ന പ്രദേശമാണ് തൃശൂർ, -മലപ്പുറം ജില്ലകളിലായി പരന്നു കിടക്കുന്ന കോൾ നിലങ്ങൾ. കൂടുതൽ കോൾ കർഷകരും കൃഷിസ്ഥലവുമുള്ള തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്തിൽ 2018–-19-ൽ ഏക്കറിന് ഏകദേശം 32,000 രൂപയായിരുന്നു ശരാശരി വരുമാനം. ഇവിടെ നെല്ലിന്റെ വിളവ് ഏക്കറിന് ഏകദേശം 2600 കിലോഗ്രാമായിരുന്നു. ഇതേ സമയം മെക്കോങ് നദീതടത്തിലെ നെൽകൃഷിയിൽ മികച്ചു നിൽക്കുന്ന ഒരു ഗ്രാമമായ (കമ്മ്യൂൺ) ഡിൻ താനിൽ (Dinh Thanh) നെല്ലിന്റെ വിളവ് ഏക്കറിന് ഏകദേശം 3200 കിലോഗ്രാമും ശരാശരി വരുമാനം ഏക്കറിന് 15,000 രൂപയുമായിരുന്നു (ഒരു സീസണിൽ). വരുമാനത്തിൽ കേരളത്തിന്റെ സ്ഥിതി മെച്ചമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്-മമായ വിലയിരുത്തലിൽ അതല്ല അവസ്ഥയെന്ന് നമുക്ക് മനസ്സിലാകും.

ഒന്നാമതായി, കേരളത്തിൽ നെല്ലിന് സംഭരണ വിലയായി സംസ്ഥാന സർക്കാർ നൽകുന്ന വിഹിതവും മറ്റ് ആനുകൂല്യങ്ങളും മാറ്റിയാൽ (അതായത് ദേശീയ തലത്തിൽ നൽകുന്ന താങ്ങുവില — എംഎസ്-പി — മാത്രമാണ് കർഷകർക്ക് ലഭിക്കുന്നതെങ്കിൽ) ശരാശരി വരുമാനം ഏക്കറിന് ഏകദേശം 11,000 രൂപയായി മാറും (അതായത്, ഇപ്പോൾ കിട്ടുന്ന വരുമാനത്തിന്റെ മൂന്നിലൊന്ന്). രണ്ടാമതായി, അടാട്ട് ഒരു പ്പൂ(സീസൺ) മാത്രം കൃഷി ചെയ്യുമ്പോൾ മൂന്ന് സീസണുകൾ കൃഷി ചെയ്യുന്ന സ്ഥലമാണ് ഡിൻ താൻ. മൂന്ന് സീസണുകളിലെയും വരുമാനം കൂട്ടിയാൽ ഡിൻ താനിലെ ശരാശരി വരുമാനം അടാട്ടിലേതിന് തുല്യമാകും. മൂന്നാമതായി, ഈ രണ്ടു പ്രദേശങ്ങളിലെയും കൃഷിച്ചെലവുകളിൽ അന്തരമുണ്ട്. കേരളത്തിലെ ചെലവ് കൂടുതലാണ്. പക്ഷേ വിയറ്റ്‌നാമിൽ ചെറുകിടക്കാർക്ക് കുറച്ചുകൂടി അനുയോജ്യമായ രീതിയിൽ യന്ത്രവത്കരണം നടത്തുക വഴി (വളപ്രയോഗത്തിനും മരുന്നടിക്കുന്നതിനും ഉപയോഗിക്കുന്ന ചെറിയ യന്ത്രങ്ങൾ) ചെലവും സമയവും ലാഭിക്കാൻ അവിടെയുള്ള കർഷകർക്ക് കഴിയുന്നു.

എന്താണ് ഈ കണ്ടെത്തലുകൾ നൽകുന്ന പാഠങ്ങൾ? പ്രത്യേകമായ ഭൂമിശാസ്ത്ര-ചരിത്ര-സാമൂഹ്യ പശ്ചാത്തലത്തിന്റെ ഭാഗമായി രൂപപ്പെട്ട കാര്യങ്ങളിൽ (കൃഷിഭൂമിയുടെ ലഭ്യത, ഭൂമിയുടെ ഘടന, ഭൂമി തീർത്തും സ്വകാര്യ സ്വത്തായി നിലനിൽക്കുന്നത്, കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്ന മെച്ചപ്പെട്ട കൂലി എന്നിവയിൽ) മാറ്റം വരുത്താൻ കഴിയുകയില്ല. പക്ഷേ ഏത് രീതിയിലാണ് നിലവിൽ നെൽ കർഷകർക്ക് രണ്ടിടങ്ങളിലും ഭേദപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നത് എന്നു പരിശോധിക്കുന്നത് കേരളത്തിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു പുനർവിചിന്തനത്തിന് സഹായിക്കും. കോൾ നിലങ്ങളിൽ വെള്ളം കയറുന്നതു മൂലം വർഷത്തിൽ ഏകദേശം 200-–215 ദിവസം മാത്രമേ പ്രായോഗികമായി അവിടെ നെൽ കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂ. വെള്ളം കയറാതിരിക്കാൻ സ്ഥിരം ബണ്ടുകൾ അടാട്ട് പോലെയുള്ള സ്ഥലങ്ങളിലുണ്ട്. ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന നെല്ലിനങ്ങൾ 130-–140 ദിവസം കൊണ്ട് കൊയ്യാൻ പറ്റുന്നതാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പ്പൂവിൽ നിന്ന് ഇരുപ്പൂവായി കൃഷി വർധിപ്പിക്കാൻ കഴിയുകയില്ല. ബണ്ടുകളുടെ നിർമാണം കൃഷിയുടെ വികാസം മുൻനിർത്തിയായിരുന്നെങ്കിലും, ചെറിയ കാലയളവിൽ കൊയ്തെടുക്കാവുന്ന വിത്തിനങ്ങൾ വഴി കൃഷിയുടെ തീവ്രത കൂട്ടാൻ സാധിക്കാത്തതിനാൽ ആ രീതി വഴി ഭേദപ്പെട്ട വരുമാനം ഉറപ്പുവരുത്താൻ സാധിക്കുന്നില്ല. ഇതുകൊണ്ടു തന്നെ, നിലവിലെ സാഹചര്യത്തിൽ, ഉയർന്ന സംഭരണ വില കേരളത്തിൽ നൽകേണ്ടതായുണ്ട്. പക്ഷേ വില അടിസ്ഥാനമാക്കിയുള്ള സർക്കാരിന്റെ ഇടപെടൽ സുസ്ഥിരമായി നിലനിർത്താവുന്ന ഒന്നാണോ?

വിയറ്റ്‌നാമിൽ സർക്കാർ അന്താരാഷ്ട്ര വിപണിയിലെ നെല്ലിന്റെ വിലവ്യതിയാനം അതേപടി കർഷകരിലേക്ക് പകർന്നുകൊടുക്കുന്നില്ല (അതിനാൽ വലിയ തോതിലുള്ള വിലയിടിവും വിലക്കയറ്റവും കർഷകരെ നേരിട്ട് ബാധിക്കുന്നില്ല). പക്ഷേ അവിടെ എംഎസ്-പി പോലുള്ള സംവിധാനങ്ങളും നേരിട്ടുള്ള സംഭരണവും നിലവിലില്ല. മെക്കോങ് നദീതടത്തിലും കുറെ സ്ഥലങ്ങളിൽ ആദ്യകാലങ്ങളിൽ ഒരു പ്പൂ കൃഷിയാണുണ്ടായിരുന്നത്. പക്ഷേ താരതമ്യേന കുറവ് ദിവസം മാത്രം വേണ്ടിവരുന്ന വിത്തിനങ്ങൾ (100 ദിവസങ്ങൾക്കുള്ളിൽ കൊയ്യാൻ പറ്റുന്ന ഇനങ്ങൾ) വ്യാപകമാക്കി ഇരുപ്പൂ കൃഷിയിലേക്ക് മാറാൻ കഴിഞ്ഞു. 2000-ത്തിലെ ആദ്യദശകത്തിന്റെ അന്ത്യത്തോടെ ബണ്ടുകൾ നിർമിക്കുക വഴി മുപ്പൂ കൃഷി ചെയ്യാൻ പറ്റുന്ന രീതിയിൽ കൃഷി വ്യാപിപ്പിക്കാനും അവർക്ക് കഴിഞ്ഞു. ഇതിനു പുറമെ ആധുനിക കൃഷിരീതികൾ കർഷകരിലേക്ക് എത്തിക്കുന്നതിനായുള്ള എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾ കുറേക്കൂടി വിപുലമായ രീതിയിൽ വിയറ്റ്‌നാമിൽ നടക്കുന്നതായി അവിടെയുള്ളപ്പോൾ എനിക്ക് കാണാൻ സാധിച്ചിരുന്നു.

വിയറ്റ്നാം: വളർച്ചയും 
വെല്ലുവിളികളും
വിയറ്റ്നാമിന്റെ കാർഷികമേഖലയിലുള്ള വളർച്ച താഴെത്തട്ടിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പട്ടിണി വലിയ തോതിൽ അവിടെ കുറയ്-ക്കാൻ കഴിഞ്ഞു എന്നുള്ളത്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, ഒരു ദിവസം 85 രൂപയിൽ താഴെ വരുമാനത്തിൽ ജീവിക്കുന്നവർ 2021ൽ വിയറ്റ്‌നാം ജനസംഖ്യയുടെ 1 ശതമാനം മാത്രമാണ്. 1992ൽ ഇത് ജനസംഖ്യയുടെ 53 ശതമായിരുന്നു. ഇതേ അളവുകോൽവച്ച് നോക്കുകയാണെങ്കിൽ 1993ൽ ഇന്ത്യയുടെ ജനസംഖ്യയിൽ 46 ശതമാനം പേർ ദരിദ്രരായിരുന്നു. അതിനെ 2021ൽ 13 ശതമാനമാക്കി കുറയ്ക്കാൻ മാത്രമേ നമുക്ക് സാധിച്ചിട്ടുള്ളൂ. കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത് വിയറ്റ്നാമിന് സമാനമാണെങ്കിലും കാർഷികമേഖലയുടെ സംഭാവന കേരളത്തിൽ കുറവാണെന്ന് പറയാം.

എന്നാൽ കാർഷിക മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾ വഴി മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് കാരണമാവുകയും അത് വിയറ്റ്‌നാമിൽ വർഗീകരണത്തിനു (differentiation) പാതയൊരുക്കുകയും ചെയ്തതായി പല സാമൂഹശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. താരതമ്യേന വൻകിട കർഷകർക്ക് കൂടുതൽ നിക്ഷേപം നടത്തി കൃഷിയിൽ നിന്ന് കൂടുതൽ ലാഭമുണ്ടാക്കി കൂടുതൽ സമ്പത്ത് ആർജിക്കാനും സാധിക്കുന്നുണ്ട്. ഇത് നിലവിൽ ദാരിദ്ര്യം പ്രകടമായി കൂട്ടുന്നില്ലെങ്കിലും അതിലേക്ക് വഴിവെയ്ക്കാൻ സാധ്യതയുണ്ട്. കൃഷിഭൂമിയുടെ കൂടുതൽ കേന്ദ്രീകരണവും ചെറുകിട കർഷകർ കൃഷിഭൂമി വിറ്റ് തൊഴിലാളി വർഗത്തിന്റെ ഭാഗമാകുന്ന പ്രക്രിയയും ഇന്നു കാണാൻ സാധിക്കും. ജനവിഭാഗങ്ങളിൽ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇതു മൂലം ഉണ്ടാകുന്നു.

സാമൂഹികമായ ഈ മാറ്റത്തിനുപുറമെ കാലാവസ്ഥാ വ്യതിയാനം വിയറ്റ്നാമിലെ കാർഷികമേഖലയിലെ ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. മൂന്ന് തവണ നെൽകൃഷി ചെയ്യുന്നത് ചിലയിടങ്ങളിൽ പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കി സർക്കാർ മറ്റ് വിളകളിലേക്കും കൃഷി രീതികളിലേക്കും തിരിയാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിജയകരമായി നടപ്പിൽ വരുത്തിയ അനുഭവത്തിൽ നിന്നുള്ള ഭാഗികമായ തിരിച്ചുപോക്കാണെങ്കിൽ കൂടിയും കർഷകരുടെ വരുമാനത്തെ ബാധിക്കാത്ത രീതിയിലാണ് പുതിയ രീതികൾ കൊണ്ടുവരാൻ സർക്കാർ നോക്കുന്നത്. കർഷക കുടുംബങ്ങളിൽ തന്നെ കൂടുതൽ കാർഷികേതര സ്രോതസ്സുകൾ കൊണ്ടുള്ള വരുമാനം ഉയർത്തുന്നതിന് വേണ്ട ശ്രമങ്ങളും അവിടെ നടക്കുന്നു. എന്നാൽ ഈ രീതിയിൽ ചിന്തിക്കുമ്പോഴും പ്രധാനമായും ശാസ്ത്ര-സാങ്കേതികവിദ്യയെ അവലംബിച്ചു കൊണ്ട് വ്യക്തമായി രൂപീകരിച്ച പദ്ധതികളിലൂടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. കേരളത്തിന്റെ പ്രകൃതിയോട് കൂടുതൽ അടുത്തുനിൽക്കുന്ന വിയറ്റ്‌നാമിന്റെ ഈ അനുഭവങ്ങൾ കേരളത്തിൽ ശാസ്ത്രീയമായ കൃഷിരീതി അവലംബിക്കാനുള്ള മാതൃകയായി കാണാവുന്നതാണ്. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് വിയറ്റ്‌നാം എങ്ങനെ അവരുടെ കാർഷികമേഖലയെ നവീകരിക്കുന്നു എന്നുള്ളത് കേരളത്തിന്റെ വികസനത്തിന് ഭാവിയിലും കൂടുതൽ അനുഭവങ്ങൾ നൽകും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × four =

Most Popular