‘‘ജനങ്ങളെ സമ്പന്നരാക്കാനും രാജ്യത്തെ ശക്തമാക്കാനുമുള്ളതാണ് നാം കെട്ടിപ്പടുക്കുന്ന സോഷ്യലിസം; സമ്പന്നരായ ജനങ്ങൾ, ശക്തമായ രാജ്യം, ജനാധിപത്യം, നീതി, സംസ‍്കാരം എന്നിവയാണ് ഈ വ്യവസ്ഥിതിയുടെ സവിശേഷതകൾ; ജനങ്ങളാണ് ഉടമകൾ; ആധുനിക ഉൽപാദകശക്തികളെയും അനുയോജ്യവും പുരോഗമനപരവുമായ ഉൽപാദന ബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ള അതിവികസിത സമ്പദ്ഘടനയുള്ള ഒരു രാജ്യം; ദേശീയ സ്വത്വത്താൽ ഉത്തേജിതമായ ഉന്നതമായ സംസ്കാരമുള്ള ഒരു രാജ്യം; സമൃദ്ധവും സ്വതന്ത്രവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്ന ജനതയും സമഗ്ര വികസനത്തിനായുള്ള സാഹചര്യവുമുള്ള ഒരു രാജ്യം; ഒരുമിച്ച് വികസിച്ച് മുന്നേറുന്നതിന് പരസ്പരം സഹായിച്ചും പരസ്പരം ബഹുമാനിച്ചും തുല്യതയിലും ഐക്യത്തിലും മുന്നോട്ടുപോകുന്നതുമാണ് വിയറ്റ്നാമീസ് സമൂഹത്തിലെ വംശീയ ഗ്രൂപ്പുകൾ; കമ്യൂണിസ്റ്റു പാർട്ടി നയിക്കുന്ന, ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ നയിക്കപ്പെടുന്ന ജനങ്ങളുടെ രാജ്യമാണ്, സോഷ്യലിസ്റ്റ് നിയമവാഴ്ചയുള്ള രാജ്യമാണ് വിയറ്റ്നാം. ലോകത്താകെയുള്ള രാജ്യങ്ങളുമായി സൗഹാർദ്ദത്തോടുകൂടിയതും സഹകരണാത്മകവുമായ ബന്ധങ്ങളുള്ള ഒരു രാജ്യവുമാണിത്’’. വിയറ്റ്നാമിന്റെ രാഷ്ട്രപിതാവും ആ മണ്ണിൽ കമ്യൂണിസ്റ്റ് ആശയത്തിന്റെ വിത്തുപാകിയ ആദ്യപഥികനുമായ ഹോ ചി മിൻ 1960കളുടെ തുടക്കത്തിൽ പറഞ്ഞ വാക്കുകളാണിത്.
സോഷ്യലിസ്റ്റ് രാജ്യത്തെ സംബന്ധിച്ച കാഴ്ചപ്പാടാണ് ഹോ ചി മിൻ അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തികമായി വളർച്ച പ്രാപിച്ച, കരുത്തുറ്റ രാജ്യം; സമ്പത്ത് ഏതാനും ചിലരുടെ കെെവശമല്ലാത്ത, എല്ലാവരും സമ്പന്നരായ ഒരു രാജ്യം; ജനങ്ങളാകെ അല്ലലില്ലാതെ സന്തുഷ്ടരായി ജീവിക്കുന്ന ഒരു രാജ്യം – അതാണ് സോഷ്യലിസ്റ്റ് രാജ്യം. അത്തരമൊരു രാജ്യത്തിന്റെ നിർമിതിക്കുവേണ്ടിയാണ് ഹോ ചി മിനും മറ്റ് കമ്യൂണിസ്റ്റുകാരും പൊരുതിയത്. 2045 ആകുമ്പോൾ, അതായത് രണ്ടാം ലോകയുദ്ധാനന്തരം വിയറ്റ്നാമിൽ ഹോ ചി മിന്റെ നേതൃത്വത്തിൽ ഹാനോയ് ആസ്ഥാനമായി താൽക്കാലിക വിപ്ലവ ഗവൺമെന്റ് സ്ഥാപിച്ചതിന്റെ 100–ാം വാർഷികമാകുമ്പോൾ ആധുനികവും വികസിതവുമായ ഒരു സോഷ്യലിസ്റ്റ് സമൂഹമായി വിയറ്റ്നാം മാറുമെന്നാണ്. 2021ൽ ചേർന്ന വിയറ്റ്നാം കമ്യൂണിസ്റ്റു പാർട്ടിയുടെ 13–ാം കോൺഗ്രസ് പ്രഖ്യാപിച്ചത്.
കൊളോണിയൽ വാഴ്ചയ്ക്കുകീഴിൽ അടിച്ചമർത്തപ്പെട്ടിരുന്ന, അവികസിതവും ഫ്യൂഡലിസവും അടിയാളത്തവും ആധിപത്യം പുലർത്തിയിരുന്നതുമായ ഒരു രാജ്യമാണ്, വിവിധ സാമ്രാജ്യത്വശക്തികളുമായി ഏറ്റുമുട്ടി 50 വർഷം മുൻപു മാത്രം മോചനം നേടിയ ഒരു രാജ്യമാണ് ഇനിയൊരു 20 വർഷം കൂടി പിന്നിടുമ്പോൾ ആധുനികവും എല്ലാ അർഥത്തിലും വികസിതവുമായ ഒരു സോഷ്യലിസ്റ്റ് സമൂഹമായി മാറുമെന്ന് വിയറ്റ്നാം കമ്യൂണിസ്റ്റുപാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
മുതലാളിത്തം പൂർണ വളർച്ചയെത്തിയ സമൂഹത്തിൽ, അതായത് മുതലാളിത്ത സമൂഹത്തിലെ ഉൽപാദക ശക്തികളുടെ വളർച്ച പൂർണമാവുകയും ഉൽപാദക ശക്തികളും ഉൽപ്പാദന ബന്ധങ്ങളും തമ്മിൽ വെെരുദ്ധ്യം മൂർച്ചിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകുന്നത് എന്നാണ് കാറൽ മാർക്സ് വ്യക്തമാക്കിയത്. അതാണ് മാർക്സിന്റെ നിഷേധമാണ് റഷ്യയിലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം എന്ന് ഗ്രാംഷി 1918ൽ എഴുതിയ ഒരു ലേഖനത്തിലെ വരികൾ ഉദ്ധരിച്ച് ചില പണ്ഡിതർ വ്യാഖ്യാനിച്ചത്. എന്നാൽ മാർക്സുതന്നെ 1880കളിൽ റഷ്യൻ വിപ്ലവകാരികളുമായി, പ്രത്യേകിച്ച് അക്കാലത്ത് നരോദ്നിക്ക് ആയിരുന്ന വേര സാസുലിച്ചുമായി നടത്തിയ കത്തിടപാടുകളിൽ മുതലാളിത്തം പൂർണ വളർച്ചയെത്തിയ പശ്ചിമ യൂറോപ്പിനേക്കാൾ മുൻപുതന്നെ മുതലാളിത്തത്തിന്റെ വികാസം പൂർത്തിയാകാത്ത, താരത മേ-്യന അവികസിതമായ റഷ്യയിൽ തൊഴിലാളിവർഗ വിപ്ലവം നടക്കാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. (ഗ്രാംഷി ഒക്ടോബർ വിപ്ലവത്തെക്കുറിച്ച് എഴുതിയപ്പോൾ ഈ വസ്തുത അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തെ ഉദ്ധരിച്ച് റഷ്യൻ വിപ്ലവത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ച പണ്ഡിതരാകട്ടെ, മാർക്സിന്റെ പിൽക്കാല രചനകൾക്കുനേരെ കണ്ണടയ്ക്കുകയുമായിരുന്നു).
റഷ്യയിൽ പടിഞ്ഞാറൻ യൂറോപ്പിനു മുൻപുതന്നെ തൊഴിലാളിവർഗ വിപ്ലവം യാഥാർഥ്യമാകാനുള്ള സാധ്യത കണ്ടറിഞ്ഞ് കൃത്യമായി വിപ്ലവതന്ത്രത്തിന് രൂപം നൽകുകയായിരുന്നു ലെനിൻ. അതാണ് അദ്ദേഹം 1917ലെ ഏപ്രിൽ തീസിസിനുശേഷം, പ്രത്യേകിച്ചും 1917 ഒക്ടോബറിൽ റഷ്യയിൽ വിപ്ലവത്തിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് തറപ്പിച്ചു പറഞ്ഞത്.
ഒക്ടോബർ വിപ്ലവാനന്തരം സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിന് ലെനിൻ ആദ്യം യുദ്ധകാല കമ്യൂണിസം 1918–21 കാലത്ത് നടപ്പാക്കി – വ്യവസായങ്ങളുടെ ദേശസാൽക്കരണം, കർഷകരിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ നിർബന്ധമായും ഏറ്റെടുക്കൽ, സമ്പദ്ഘടനയ്ക്കുമേൽ കർക്കശമായ സർക്കാർ നിയന്ത്രണം എന്നിവയായിരുന്നു ഇതിന്റെ സവിശേഷത. ഇത് നടപ്പാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ മനസ്സിലാക്കിയ ലെനിൻ അതുപേക്ഷിക്കാനും പുത്തൻ സാമ്പത്തിക നയം നടപ്പാക്കാനുമുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. യുദ്ധകാല കമ്യൂണിസം നടപ്പാക്കിയതിലെ പിശക് എന്താണെന്ന് ലെനിൻ പറയുന്നതിങ്ങനെ: ‘‘നേരിട്ട് കമ്യൂണിസ്റ്റ് ഉൽപാദനത്തിലേക്കും വിതരണത്തിലേക്കും പോകാനുള്ള തീരുമാനം പിശകായിരുന്നു. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുക്കുന്ന സമ്പ്രദായപ്രകാരം കർഷകർ നമുക്കാവശ്യമുള്ള ധാന്യങ്ങൾ നൽകുമെന്ന് നമ്മൾ കരുതി; ആ ധാന്യം ഫാക്ടറികളിൽ വിതരണം ചെയ്യുകയും അങ്ങനെ കമ്യൂണിസ്റ്റ് ഉൽപാദനവും വിതരണവും സാധ്യമാക്കുകയും ചെയ്യാമെന്നുമായിരുന്നു നമ്മുടെ ധാരണ… ഹ്രസ്വകാലത്തെ അനുഭവംകൊണ്ടുതന്നെ അത് തെറ്റായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെട്ടു’’ (ലെനിൻ 1921 ഒക്ടോബർ 17ന് പ്രസിദ്ധീകരിച്ച The New Economic Policy എന്ന ലേഖനത്തിൽനിന്ന്).
ഈ സാഹചര്യത്തിലാണ് ലെനിനും ബോൾഷെവിക് പാർട്ടിയും പുത്തൻ സാമ്പത്തിക നയം (NEP) നടപ്പാക്കാൻ തീരുമാനിച്ചത്. സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനും ജനങ്ങളുടെ അടിയന്തരാവശ്യങ്ങൾക്ക് പരിഹാരം കാണാനുമായിരുന്നു ഈ ചുവടുമാറ്റം. രാജ്യത്തെ സോഷ്യലിസത്തിലേക്ക് നയിക്കാൻ ഈ ചുവടുമാറ്റം അനിവാര്യമാണെന്ന് വിമർശകരോട് ലെനിൻ തറപ്പിച്ചുപറഞ്ഞു.
ലെനിൻ മുന്നോട്ടുവെച്ച പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരുന്നു? ചെറുകിട വ്യവസായം, വ്യാപാരം, കൃഷി എന്നീ മേഖലകളിൽ സ്വകാര്യ ഉടമസ്ഥത അനുവദിക്കപ്പെട്ടു. എല്ലാ വ്യവസായങ്ങളും ദേശസാൽക്കരിക്കപ്പെട്ടിരുന്ന യുദ്ധകാല കമ്യൂണിസം എന്ന നയത്തിൽനിന്നുള്ള ശ്രദ്ധേയമായ ചുവടുമാറ്റമായിരുന്നു ഇത്. സാധനങ്ങളുടെ ലഭ്യതയും ചോദനവും (supply and demand) അനുസരിച്ച് കമ്പോളത്തിൽ വിലനിർണയിക്കുന്ന കമ്പോള സമ്പദ്ഘടനയായിരുന്നു പുത്തൻ സാമ്പത്തിക നയത്തിൽ നടപ്പാക്കിയത്. സ്വകാര്യ ഉടമസ്ഥത അനുവദിക്കപ്പെട്ടപ്പോൾ തന്നെ വൻകിട വ്യവസായം, വിദേശ വ്യാപാരം എന്നിവയിൽ സർക്കാർ നിയന്ത്രണം നിലനിർത്തി. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ലാഭാധിഷ്ഠിതമായ നികുതി സമ്പ്രദായം എൻഇപി കാലത്ത് നടപ്പാക്കി. വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടു; വിദേശ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി.
ഉൽപാദന വ്യവസ്ഥ മുതലാളിത്തപരമായി മാറ്റപ്പെട്ടപ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയ ക്രമത്തിന്റെയും ഉൽപാദന വ്യവസ്ഥയുടെയും പരിപൂർണ നിയന്ത്രണം തൊഴിലാളിവർഗ ഭരണകൂടത്തിനായിരുന്നു; തൊഴിലാളിവർഗ സർവാധിപത്യമായിരുന്നു. തൊഴിലാളിവർഗവും ബൂർഷ്വാസിയും തമ്മിലുള്ള പോരാട്ടം, വർഗസമരം, എക്കാലത്തെയുംകാൾ കൂടുതൽ രൂക്ഷമായി തുടരുമെന്നും ഈ പോരാട്ടത്തിൽ മുതലാളിത്തമാണോ സോവിയറ്റ് അധികാരമാണോ ജയിക്കുകയെന്നതാണ് പ്രശ്നമെന്നും ലെനിൻ കൃത്യമായി പറയുന്നുണ്ട്. റഷ്യൻ മുതലാളിമാർക്ക് അന്താരാഷ്ട്ര മുതലാളിത്തത്തിന്റെ പിന്തുണയുണ്ടാകുമെന്നും മുതലാളിത്തത്തിന് മേൽക്കെെയുണ്ടാകുന്നത് തടയാൻ സോവിയറ്റ് ഭരണകൂടം മൊത്തം തൊഴിലാളികളെയും കർഷകരെയും ചേർത്തുനിർത്തണമെന്നും ലെനിൻ ബോൾഷെവിക്ക് പാർട്ടിയെ ജാഗ്രതപ്പെടുത്തുന്നുമുണ്ട്.
പുത്തൻ സാമ്പത്തിക നയം നടപ്പാക്കിയതിനെത്തുടർന്ന് നവജാത സോവിയറ്റ് സമ്പദ്ഘടന മുരടിപ്പിൽനിന്നും പ്രതിസന്ധിയിൽനിന്നും കരകയറുകയും പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്തു. പൊതുവിൽ ജനങ്ങളുടെ ജീവിത നിലവാരത്തിലും അഭിവൃദ്ധിയുണ്ടായി. 1928 വരെ സോവിയറ്റ് യൂണിയനിൽ പുത്തൻ സാമ്പത്തിക നയം തുടർന്നു. കൂട്ടുകൃഷിയും വ്യവസായവൽക്കരണവും നടപ്പാക്കപ്പെട്ടു. അതിന് കളമൊരുക്കിയതും പുത്തൻ സാമ്പത്തികനയം തന്നെ.
ചെെനയിൽ 1978ൽ ദെങ് സിയാവൊ പിങ് നടപ്പാക്കിയ ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം – അതായത് കമ്പോള ദിശയോടുകൂടിയ സോഷ്യലിസം – (Socialism with Chinese Characteristic – – Market Oriented Socialism) എന്ന സങ്കൽപ്പനം ലെനിൻ മുന്നോട്ടു വെച്ച പുത്തൻ സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ചായിരുന്നു. 1978ൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി അവതരിപ്പിച്ച ഈ നയംമാറ്റത്തിന്റെ അർഥം, 1949 മുതൽ 1978 വരെ നടപ്പാക്കിയിരുന്ന സാമ്പത്തിക നയങ്ങൾ (ഈ കാലത്തുതന്നെ പല പരീക്ഷണങ്ങളും മാറ്റങ്ങളും വരുത്തിയിട്ടുണ്ട് ) അമ്പേ പരാജയമായിരുന്നുവെന്നല്ല. രാജ്യം വലിയ തോതിൽ ഈ കാലത്ത് സാമ്പത്തിക വളർച്ച കെെവരിച്ചുവെന്നു മാത്രമല്ല, ജനങ്ങളുടെയാകെ ജീവിതാവസ്ഥയിലും വലിയ പുരോഗതി കെെവരിക്കുകയുമുണ്ടായി. ആ സ്ഥിതിയിൽനിന്ന് മുന്നോട്ടുപോകണമെങ്കിൽ ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി 1978നുശേഷം പുതിയ നയത്തിന് രൂപം നൽകിയത്. ഇപ്പോൾ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായും അതിദരിദ്രരില്ലാത്ത രാജ്യമായും ചെെന മാറിക്കഴിഞ്ഞു. 2035 ആകുമ്പോൾ ചെെന ഇടത്തരക്കാരുടെ – ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള ജനങ്ങളുടെ – രാജ്യമായി മാറുമെന്നും ചെെനീസ് വിപ്ലവ വിജയത്തിന്റെ 100–ാം വാർഷികമാകുമ്പോൾ, അതായത് 2050 ഓടുകൂടി ചെെന പൂർണ വികസിത – ആധുനിക സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറുമെന്നും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ പ്രഖ്യാപിക്കുമ്പോൾ അത് കേവലം മോഹചിന്ത മാത്രമല്ല, യാഥാർഥ്യമാണെന്ന് ലോകമിന്ന് തിരിച്ചറിയുന്നു.
ഏറെക്കുറെ ഇതേ കാലത്തുതന്നെയാണ്, 1986ൽ, വിയറ്റ്നാം കമ്യൂണിസ്റ്റു പാർട്ടി ദോയ് മോയ് (നവീകരണം) നയം നടപ്പാക്കാൻ തീരുമാനിച്ചത്. വിയറ്റ്നാം കമ്യൂണിസ്റ്റു പാർട്ടിയുടെ ജനറൽ സെക്രട്ടറി തോ ലാം സോവിയറ്റ് – ചെെനീസ് അനുഭവങ്ങളെക്കുറിച്ച്, അവയിൽനിന്ന് വിയറ്റ്നാമിന്റെ മുന്നേറ്റത്തിനായി തങ്ങൾ ഉൾക്കൊണ്ടതിനെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: ‘‘സ്വകാര്യ സാമ്പത്തിക മേഖല ഉൾപ്പെടെ വികസ്വര സാമ്പത്തിക മേഖലകളെ സംബന്ധിച്ച ലെനിന്റെ പുത്തൻ സാമ്പത്തിക നയം 1921 മുതൽ 1991 വരെ ശ്രദ്ധേയമായവിധം റഷ്യൻ സമ്പദ്ഘടന വികസിക്കുന്നതിന് സഹായകമായി. ഈ കാലഘട്ടത്തിൽ റഷ്യ, സോവിയറ്റ് യൂണിയനിൽ അംഗമായ മറ്റു നിരവധി അവികസിത രാജ്യങ്ങളോടൊപ്പം, ഊർജം, വ്യവസായം, ബഹിരാകാശം എന്നിവയുൾപ്പെടെ പല രംഗങ്ങളിലും ഉയർന്ന നിലയിലെത്തിയ ശക്തമായ ഒരു രാജ്യമായി മാറി. ചെെനയാകട്ടെ, 1978ൽ തുടക്കംകുറിച്ച ‘‘പരിഷ്കരണവും തുറന്ന സമീപനവും’’ എന്ന നയത്തെ തുടർന്ന് സ്വകാര്യ സംരംഭങ്ങളുടെ അവകാശങ്ങളും ന്യായമായ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി 1988ൽ രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്തു; മാത്രമല്ല, 1997ൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ 15–ാമത് ദേശീയ കോൺഗ്രസ് സോഷ്യലിസ്റ്റ് കമ്പോള സമ്പദ്ഘടനയുടെ പ്രധാന ഭാഗമായി സ്വകാര്യ സമ്പദ്ഘടനയെ അംഗീകരിക്കുകയും ചെയ്തു; വ്യക്തിഗത സമ്പദ്ഘടനയുടെയും സ്വകാര്യ സമ്പദ്ഘടനയുടെയും അവകാശങ്ങളും ന്യായമായ താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയുമുണ്ടായി’’.
വിയറ്റ്നാമിൽ ബഹുമേഖലാ സമ്പദ്ഘടനയെ (Multisector Economy) കമ്യൂണിസ്റ്റ് പാർട്ടിയുടെ ആറാം ദേശീയ കോൺഗ്രസിന്റെ രേഖയിൽ ഔദ്യോഗികമായി അംഗീകരിച്ചു: ഏഴാം പാർട്ടി കോൺഗ്രസ്സിൽ സ്വകാര്യമേഖലയുടെ സാമ്പത്തിക വികസനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അതിന് സൗകര്യമൊരുക്കുമെന്നും പ്രഖ്യാപിച്ചു; 8–ാം കോൺഗ്രസ്സിൽ ഇക്കാര്യം ആവർത്തിച്ചുറപ്പിച്ചു. 9–ാം കോൺഗ്രസ്സായപ്പോൾ ഇക്കാര്യത്തിൽ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി; സോഷ്യലിസ്റ്റ് ദിശയോടുകൂടിയ കമ്പോള സമ്പദ്ഘടനയിൽ ദീർഘകാലത്തേക്ക് സ്വകാര്യ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് പ്രധാന സ്ഥാനം ഉറപ്പാക്കി. ‘‘സ്വകാര്യ സാമ്പത്തികവികാസത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനുമായി സംവിധാനങ്ങളും നയങ്ങളും പുതുക്കുന്നത് തുടരും’’ എന്ന പ്രമേയം ആ പാർട്ടി കോൺഗ്രസ് അംഗീകരിക്കുകയും ചെയ്തു. ദേശീയ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകുന്ന ഒന്നെന്ന നിലയിൽ സ്വകാര്യമേഖലയ്ക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ടെന്നും 9–ാം പാർട്ടി കോൺഗ്രസ് വ്യക്തമാക്കി.
പാർട്ടി അംഗങ്ങൾ സ്വകാര്യസമ്പദ്ഘടനയുടെ വികസനത്തിൽ ഇടപെടുന്നത് സംബന്ധിച്ച് 10–ാം പാർട്ടി കോൺഗ്രസ് വ്യക്തമാക്കി. തുടർന്നുള്ള 13 വരെയുള്ള പാർട്ടി കോൺഗ്രസ്സുകൾ ദേശീയ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്ന പ്രധാന ചാലകശക്തിയെന്ന നിലയിൽ സ്വകാര്യ സാമ്പത്തികമേഖല വഹിക്കുന്ന പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു. സ്വകാര്യമേഖലയ്ക്ക് അവസരവും പ്രോത്സാഹനവും നൽകുമ്പോഴും സമ്പദ്ഘടനയിൽ ആധിപത്യം പൊതുമേഖലയ്ക്കു തന്നെ. മാത്രമല്ല, പാർട്ടിയുടെ നിയന്ത്രണവും അതിനുമേലുണ്ട്. ദോയ് മോയ് നയം നടപ്പാക്കിയതിനെതുടർന്ന് നിലനിൽപ്പിനായി പൊരുതിയിരുന്ന കഷ്ടിച്ചു പിടിച്ചുനിൽക്കുക മാത്രം ചെയ്തിരുന്ന വിയറ്റ്-നാം സമ്പദ്ഘടന അതിവേഗം വികസിച്ച് ശക്തമായ സമ്പദ-്-ഘടനയായി മാറി. സർവമേഖലകളിലും സമ്പദ്ഘടന വികസിച്ചതിനൊപ്പം വിയറ്റ്നാമീസ് ജനതയുടെ ജീവിത നിലവാരവും ഗണ്യമായി ഉയർന്നു.
1980കളിൽ സ്ഥിരമായി ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന വിയറ്റ്-നാം 1989ൽ ആദ്യമായി 14 ലക്ഷം ടൺ അരി കയറ്റുമതി ചെയ്തു. പിന്നീട് സ്ഥിരമായി അരി കയറ്റുമതി ചെയ്യുന്ന രാജ്യമായി വിയറ്റ്നാം മാറി. 2008ൽ 47 ലക്ഷം ടൺ അരി കയറ്റുമതി ചെയ്ത വിയറ്റ്നാം, തായ്ലാൻഡ് കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വലിയ അരി കയറ്റുമതി രാജ്യമായി മാറി. 2008ൽ ലോകത്തുതന്നെ ഭക്ഷ്യക്ഷാമമുണ്ടാകാതിരുന്നതിനു കാരണം വിയറ്റ്നാമിൽ നിന്നുള്ള അരി കയറ്റുമതിയാണ്.
കാർഷിക മേഖലയിൽ മാത്രമല്ല, വ്യാവസായിക രംഗത്തും വലിയ വളർച്ചയാണ് വിയറ്റ്നാം കെെവരിച്ചത്. ദോയ് മോയ് നടപ്പിലാക്കി 20 വർഷം പിന്നിട്ടപ്പോൾ തന്നെ, 2006ൽ വിയറ്റ്നാമിന്റെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിലെത്തി. 2024ൽ ജിഡിപി 7.09 ശതമാനത്തിലെത്തി. വാർഷിക പ്രതിശീർഷ വരുമാനം 2008ൽ 1,000 ഡോളറിലെത്തി. അതോടെ വിയറ്റ്നാം ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് മാറി, വികസ്വര രാജ്യമായി. ഉയർന്ന സാമ്പത്തിക വളർച്ചയുടെ പ്രതിഫലനം വിയറ്റ്നാമിന്റെ ദാരിദ്ര്യ നിരക്കിലും വലിയ കുറവുണ്ടാക്കി. 1980കളുടെ മധ്യത്തിൽ വിയറ്റ്നാമിന്റെ ദാരിദ്ര്യ നിരക്ക് 70 ശതമാനമായിരുന്നു; 1998ൽ അത് 37 ശതമാനമായും 2007ൽ 19 ശതമാനമായും കുറഞ്ഞു. 2025 ജനുവരിയിൽ വിയറ്റ്നാമിന്റെ ദാരിദ്ര്യ നിരക്ക് ഒരു ശതമാനത്തിലും താഴെയായി.തീർച്ചയായും, ഇത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.
ലെനിന്റെ പുത്തൻ സാമ്പത്തിക നയം ചെെനയിലും വിയറ്റ്നാമിലും മാത്രമല്ല ഉത്തര കൊറിയ, ലാവോസ്, ക്യൂബ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഇപ്പോൾ വ്യത്യസ്തതകളോടെ നടപ്പാക്കുകയാണ്. ഈ രാജ്യങ്ങളിലെല്ലാം കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം നൽകിയ വിപ്ലവം വിജയിച്ചശേഷം തൊഴിലാളിവർഗ ഭരണകൂടത്തിൻകീഴിലാണ് സ്റ്റേറ്റ് മുതലാളിത്ത പരിഷ്കാരങ്ങൾ, അതായത് സ്വകാര്യവൽക്കരണവും വിദേശ മൂലധനത്തിന്റെ വരവും – നടപ്പാക്കുന്നത് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് സിപിഐ എം നവകേരള നിർമിതിക്കായി 2022ലെയും 2025ലെയും സംസ്ഥാന സമ്മേളനങ്ങൾ അംഗീകരിച്ച പ്രമേയത്തെയും അതിനെ ആധാരമാക്കി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസന പരിപാടികളെയും കാണേണ്ടത്. നഷ്ടത്തിലായി അടച്ചുപൂട്ടൽ നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയുടെ സഹായത്തോടെ പുനരുദ്ധരിക്കാൻ എൽഡിഎ-ഫ് സർക്കാർ പറഞ്ഞാൽ അതിനെതിരെ വാളോങ്ങുന്നവർ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ കാണുന്നില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശ സർവകലാശാലകളെ അനുവദിക്കുന്നതിലും ഇക്കാര്യം കാണാനാവും. കേരളമാകട്ടെ, നവലിബറൽ ഭരണകൂടത്തിനകത്ത് പ്രവർത്തിക്കുന്ന, ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ്. ഇന്ത്യാ ഗവൺമെന്റ് പിന്തുടരുന്ന നവലിബറൽ നയങ്ങൾക്കുള്ള ഇടതുപക്ഷ ബദൽ നയമാണ് ഇന്ന് കേരളം ഉയർത്തിപ്പിടിക്കുന്നത്. അതുപോലെ, ചെെന, വിയറ്റ്നാം, ഉത്തരകൊറിയ, ലാവോസ്, ക്യൂബ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങൾ ആഗോള മുതലാളിത്തത്തിനെതിരായ ബദൽ നയങ്ങൾ നടപ്പിലാക്കി മുന്നേറുമ്പോൾ ഈ രാജ്യങ്ങൾ മുതലാളിത്തം സ്വീകരിക്കുകയാണെന്ന് വ്യാഖ്യാനിക്കുന്നവർ കാറ്റിന്റെ ഗതി എങ്ങോട്ടെന്ന് കാണാതിരിക്കുകയാണ്. 1998ലെ കിഴക്കനേഷ്യൻ സാമ്പത്തിക പ്രതിസന്ധി വിയറ്റ്നാമിനെ ബാധിക്കാത്തതുപോലെ 2008 ലെ ആഗോള മുതലാളിത്ത പ്രതിസന്ധി ഈ സോഷ്യലിസ്റ്റ് രാജ്യങ്ങളെയൊന്നും ബാധിച്ചിട്ടില്ലെന്നും കാണണം. സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനുള്ള പ്രയാണത്തിലെ വഴിത്താവളം മാത്രമാണ് പുത്തൻ സാമ്പത്തിക നയം എന്ന് ലെനിൻ 1921ൽ തന്നെ വ്യക്തമാക്കിയതാണ്. l



