സംഭവബഹുലമായ ഒരാഴ്ചയാണ് പിന്നിട്ടത്. മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത സംഭവമാണ് സ്വാഭാവികമായും വലിയ ചര്‍ച്ചയാകേണ്ടതും മാധ്യമ ശ്രദ്ധയാര്‍ഷിക്കേണ്ടതുമായ വാര്‍ത്ത. പ്രത്യേകിച്ചും ബിബിസിയെന്ന, ബ്രിട്ടീഷ് ഗവണ്‍മെന്‍റിന് ഉടമസ്ഥാവകാശമുള്ള, ലോകപ്രശസ്തമായ മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്യപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രം “ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം അപകടപ്പെടുകയാണെ”ന്ന് ഒരു എഡിറ്റ് പേജ് ലേഖനത്തില്‍ ആശങ്ക രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍. അപ്പോള്‍ ഇക്കാര്യത്തില്‍ നമ്മുടെ മുഖ്യധാരക്കാരുടെ പൊതുസമീപനം എന്താണെന്ന് നോക്കണമല്ലോ. 14-ാം തീയതിയാണ് റെയ്ഡ് നടന്നത്. അന്നും പിറ്റേന്നുമായി ചാനലുകളില്‍ ചര്‍ച്ച നടന്നു. എത്ര സൗമ്യമായ ചര്‍ച്ചയാണെന് നോക്കണേ! ചില ‘വലതു നിരീക്ഷകര്‍’ക്ക് അത് റെയ്ഡ് ഒന്നുമല്ല; വെറുമൊരു ‘സര്‍വെ’ മാത്രം! ‘എന്തെരെടേയ് ഈ സര്‍വെകള്’ എന്നെങ്കിലും ഒന്നു ചോദിക്കാന്‍ ഒരാങ്കറുടെയും നാവ് പൊന്തിയില്ല. അതവിടെ നിക്കട്ടെ! നമുക്ക് പത്രങ്ങളിലേക്ക് തിരിയാം.
ഒരു സാമ്പിള്‍ എന്ന നിലയില്‍ ഇക്കുറി രണ്ടു പത്രങ്ങളില്‍ കേന്ദ്രീകരിക്കാം. ഒന്ന് മലയാള മനോരമയും മറ്റൊന്ന് കേരള കൗമുദിയും. 15-ാം തീയതിയിലെ മനോരമയുടെ പരസ്യ പേജ് കഴിഞ്ഞുള്ള ഒന്നാം പേജില്‍ “ബിബിസിയില്‍ പരിശോധന” എന്ന് ടോപ് ഐറ്റമായി തന്നെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. “ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയത് ഡല്‍ഹി, മുംബൈ ഓഫീസുകളില്‍. ലാപ്ടോപ്പുകള്‍ പിടിച്ചെടുത്തു; ഫോണുകള്‍ പരിശോധിച്ചു. വിമര്‍ശിക്കുന്നവരെ ഉന്നമിടുക അസാധാരണമല്ലെന്ന് ബിബിസി വാര്‍ത്ത” പുറമെ, “റെയ്ഡ് അല്ല, ‘സര്‍വേ’ യെന്ന് വിശദീകരണം” സര്‍വേയാണെങ്കില്‍ എന്തിനാണ് ഈ ഷോയൊക്കെ? ഈ റിപ്പോര്‍ട്ടിനൊപ്പം നല്‍കീറ്റുള്ള ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഡല്‍ഹി ഓഫീസിനുമുന്നിലത്തെ ഗേറ്റ് അടച്ചുപൂട്ടുന്നതിന്‍റെ ചിത്രവും കാണാം. അപ്പോള്‍ തന്നെ ആലോചിക്കാമല്ലോ ഇതെന്തുമാതിരി സര്‍വേയാണെന്ന്!
15-ാം തീയതി തന്നെ ബിബിസി ഓഫീസില്‍ ഇന്‍കംടാക്സുകാര്‍ നടത്തിയ റെയ്ഡിനെക്കുറിച്ച് “ബിബിസി പരിശോധന സംശയ നിഴലില്‍, പ്രതികാര നടപടിയെന്ന് ആരോപണം; പരിശോധന മാത്രമെന്ന് വിശദീകരണം” വളരെ മയത്തിലുള്ള, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും നോവാത്ത വിധമുള്ള വിമര്‍ശനം. എന്നാലും “ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍” എന്ന ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതാണ് റെയ്ഡിനു നിദാനമായത് എന്നു പറഞ്ഞുവയ്ക്കുന്നുണ്ട്. ഡോക്യുമെന്‍ററിയുടെ രണ്ടു ഭാഗങ്ങളും സംപ്രേഷണം ചെയ്തിട്ട് ഒന്നിലേറെ ആഴ്ചയായിട്ടും മനോരമ മുഖപ്രസംഗത്തില്‍ “2002ലെ ഗുജറാത്ത് കലാപം” സംബന്ധിച്ച ഡോക്യുമെന്‍ററി എന്നേ നല്‍കിയിട്ടുള്ളൂ. മാത്രമല്ല അന്നു മുഖ്യമന്ത്രിയായിരുന്ന മോദിക്ക് നേരിട്ട് കലാപത്തില്‍ പങ്കുണ്ടായിരുന്നെന്ന് ഡോക്യുമെന്‍ററിയില്‍ സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ഭാഗം മോദി പ്രധാനമന്ത്രിയായശേഷം 2021 വരെ നടന്ന വംശഹത്യകളുടെയും അതിനു ഒത്താശ ചെയ്യുന്ന ഇന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കുള്ള പങ്കും വിശദീകരിക്കുന്നുണ്ട് – പശുവിന്‍റെ പേരില്‍ നടന്ന നരഹത്യകള്‍, ആക്രമണങ്ങള്‍ ഭംഗ്യന്തരേണ വിശദീകരിക്കുന്നുണ്ട്, ഒപ്പം കാശ്മീരിലെ ജനാധിപത്യഹത്യ, പൗരത്വ നിയമഭേദഗതി, ഡല്‍ഹി കലാപം എന്നിവയും. ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് ഡോക്യുമെന്‍ററിയെന്നെഴുതിയാല്‍ രണ്ട് പതിറ്റാണ്ടിനുമുന്‍പത്തെ കാര്യങ്ങളെല്ലാം എന്തിനാ മാന്തിപൊക്കിയെടുക്കുന്നത് എന്ന് വാദിക്കുന്നവരുടെ വാദം തന്നെ അസ്ഥാനത്താകും (ആ വാദം തന്നെ ശരിയല്ലെങ്കിലും). എന്നാലും മനോരമയെപ്പോലെ ഒരു പത്രം ഇത്രയെങ്കിലും ഈ വിഷയത്തില്‍ പ്രതികരിച്ചല്ലോന്ന് നമുക്ക് ആശ്വസിക്കാം.
ഇനി കേരള കൗമുദിയിലേക്ക് തിരിയാം. 15ന്‍റെ പത്രത്തില്‍ ഒന്നാം പേജില്‍ വന്‍ തലക്കെട്ടിങ്ങനെ: “മോദി ക്വസ്റ്റ്യന് പിന്നാലെ ബിബിസി വലയില്‍. രാത്രിയും തുടര്‍ന്ന് ഇന്‍കം ടാക്സ്”. ഈ തലക്കെട്ട് തന്നെ മോദിയെ ബിബിസി ഒന്നു ഞോണ്ടി, മോദി തിരിച്ച് കണക്കിന് കൊടുത്തു എന്ന മട്ടിലല്ലേന്നാ ഒരു സംശയം. എന്തായാലും അതവിടെ നില്‍ക്കട്ടെ. കേരള കൗമുദി പറയുന്നതുപോലെ “ബിബിസി വലയില്‍” ആണെങ്കില്‍ അതില്‍ എന്താണ് കുടുങ്ങിയത്, അങ്ങനെ കുടുങ്ങിയതില്‍ പിടിച്ച് ഇന്‍കം ടാക്സുകാര്‍ എന്തു ചെയ്തുവെന്നും കൂടി കേരള കൗമുദിയിലെ അര്‍മാദിക്കലുകാര്‍ പറയണമായിരുന്നു. എന്നാല്‍ ബിബിസിയും ബ്രിട്ടീഷ് ഗവണ്‍മെന്‍റും തുടര്‍ ദിവസങ്ങളില്‍ മോദിയെ ഇട്ട് തട്ടിക്കളിക്കുന്നതാണ് നാം കണ്ടത്. പ്രതികാര നടപടിയെന്ന് പ്രാഥമികമായി പ്രതികരിച്ച ബിബിസി തുടര്‍ന്ന് ശക്തമായ വിമര്‍ശനമാണ് മോദിക്കും കൂട്ടര്‍ക്കുമെതിരെ അഴിച്ചുവിട്ടത്. സര്‍ക്കാരാകട്ടെ ഒന്നും ചെയ്യാനാകാതെ എന്തോ കളഞ്ഞ അണ്ണാനെപ്പോലെ മിഴുങ്ങസ്യ ആവുകയും ചെയ്തു. എന്നാല്‍ അങ്ങനെയല്ലെന്നാണ് കേരള കൗമുദിക്കാരന്‍റെ വിലയിരുത്തല്‍. 18-ാം തീയതിയിലെ പത്രത്തില്‍ ദാണ്ടെ കിടക്കുന്നു 16-ാം പേജില്‍ ഒരു സാധനം. ദാ, ഇങ്ങനെ: “ബിബിസിയില്‍ നികുതിവെട്ടിപ്പ് കണ്ടെത്തി”. അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍! എന്നിട്ടെന്ത് നടപടിയാ ഹേ ബിബിസിക്കെതിരെ ആദായനികുതിക്കാര് എടുത്തത്? ഒന്നുമില്ലേലും വെട്ടിച്ചെടുത്ത തുക തിരികെപ്പിടിക്കാനെന്തെങ്കിലും നടപടിയെടുത്തോ? ഇല്ലല്ലോ. അപ്പോ എന്താ ഒണ്ടായെ! മോദിക്കെതിരെ മിണ്ടുന്നവരെ (ബിബിസിയുടെ മിണ്ടലായിരുന്നെങ്കില്‍ അതൊരു ഒന്നൊന്നര മിണ്ടലുമായിരുന്നു) ഓടിക്കാന്‍ പിന്നാലെ കുരച്ചുകൊണ്ടു പായുന്ന ജീവീടെ പണിയായിപ്പോയി ആദായനികുതി അണ്ണന്മാരുടേത്. അപ്പോ നാണം കെട്ടത് ആരാഹേ? ആകക്കൂടി നോക്കുമ്പം കേരള കൗമുദി അണ്ണന്മാരോട് ചോദിക്കാന്‍ ഒന്നേയുള്ളൂ – ഈ പണിയെടുത്തതിന് ങ്ങക്കെന്താ കിട്ടിയേന്ന്!
വീണ്ടും മനോരമേലേക്ക് തിരികെ വരാം. 15-ാം തീയതിയുടെ മനോരമയുടെ പരസ്യാനന്തര ഒന്നാം പേജില്‍ ബിബിസിക്കു തൊട്ടുതാഴെയായി അതേ കനത്തില്‍ നല്‍കീരിക്കുന്നു – “ലൈഫ് മിഷന്‍ കോഴ. ശിവശങ്കര്‍ അറസ്റ്റില്‍. മൂന്ന് ദിവസം ചോദ്യം ചെയ്തശേഷം ഇഡി അറസ്റ്റ് ചെയ്തത് രാത്രി വൈകി”. മുകളില്‍ ആദായനികുതിക്കാര്‍ ബിബിസിക്കുനേരെ കുരയ്ക്കുന്നു, താഴെ ഇഡിക്കാര്‍ ലൈഫിനുനേരെ കുരയ്ക്കുന്നു. കുറച്ചു മാസം മുന്‍പ് സിബിഐക്കാര്‍ ലൈഫിനുചുറ്റും മണത്തു നടന്നതായും കഥകള്‍ മനോരമാദികള്‍ തന്നെ പറഞ്ഞിരുന്നു. ഇവിടെ എന്താഹേ ഇത്ര പൊലിപ്പിക്കാന്‍? ഒരു മുന്‍ സീനിയര്‍ ഐഎഎസുകാരന്‍ അറസ്റ്റിലായി. ഇതിയാനെ കേന്ദ്ര ഏജന്‍സികള്‍ പിടിച്ചകത്തിടുന്നത് ആദ്യമല്ലല്ലോ. ആദ്യ തവണ സീല്‍ഡ് കവര്‍ തന്ത്രം പ്രയോഗിച്ച് കോടതികളെ വിരട്ടിയോ മെരുക്കിയോ കുറേക്കാലം അതിയാനെ ജയിലിലടച്ചു. എന്നിട്ടെന്തേലും നടന്നോ? ഒടുവില്‍ കുറ്റപത്രം പോലും നല്‍കാനാകാതെ (ലൈഫില്‍ എന്തേലും ഒണ്ടായിട്ടുവേണ്ടേ കുറ്റപത്രം) ചലമ്പാതെ വിട്ടയ്ക്കേണ്ടിവന്നു. ഇപ്പം വീണ്ടും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് മനോരമാദികള്‍ക്ക് കടിച്ചു വലിക്കാനും നക്കിനുണയാനും എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍ കഷ്ണമാണ് ശിവശങ്കരന്‍റെ അറസ്റ്റെന്ന് ആര്‍ക്കാണറിയാത്തത്. എന്നാല്‍ ഇത്തവണ ഇഡിയും മനോരമാദികളും ഒരു മുഴം നീട്ടി എറിഞ്ഞിട്ടുണ്ട്. ശിവശങ്കര്‍ – സ്വപ്ന വാട്സാപ്പ് ചാറ്റിങ്ങില്‍ മുഖ്യമന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടത്രെ! പക്ഷേല് ഒന്നാം എഡിഷന്‍റെ കാലത്തിറങ്ങിയ ചാറ്റുകളില്‍ ഇങ്ങനൊന്ന് ഇല്ലാരുന്നല്ലോ. പിന്നെങ്ങനെ ഇപ്പോള്‍ എന്ന ചോദ്യം തന്നെ അപ്രസക്തം. ഡിജിറ്റല്‍ സംവിധാനത്തില്‍ ചെറിയൊരു കൈക്രിയയിലൂടെ അന്നില്ലാത്തത് പുതുതായി കൂട്ടിച്ചേര്‍ക്കാനാണോ ഇഡിക്കാര്‍ക്ക് പാട്? അത്രേമായാല്‍ മ്മടെ “ഉണ്ടത്രെ മാപ്രകള്‍” ക്ക് കൊണ്ടെളകാമല്ലോ! പക്ഷേല് അതങ്ങട് അത്രയ്ക്ക് കാറ്റുപിടിച്ചതായി തോന്നണില്ല. എന്നും ചത്താല്‍ കണ്ണാക്കില്ലെന്നാണല്ലോ ചൊല്ല്!
ദാണ്ടെ, 16-ാം തീയതിയുമുണ്ട് ശിവശങ്കര്‍ മനോരമയുടെ ഒന്നാം പേജില്‍ – “ശിവശങ്കര്‍ 5 ദിവസം ഇഡി കസ്റ്റഡിയില്‍. ലൈഫ്മിഷന്‍ കേസിലെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി”. അപ്പോ എങ്ങനെയാഹേ ഇഡിയുമായി സഹകരിക്കല്‍? ഇഡി അണ്ണാക്കില്‍ തിരികിക്കൊടുക്കുന്നതെന്തോ അത് വാളുവച്ചു കൊടുക്കുന്നതാണോ ഈ സഹകരണം? ഒന്നാമങ്കത്തില്‍ കേന്ദ്രന്മാരുടെ സര്‍വ അടവുമെടുത്തിട്ടും അത് നടന്നില്ലല്ലോ ഹേ! പിന്നല്ലേ ഇപ്പം. ഒരുപക്ഷേ, അതിയാനെ കൂടുതല്‍ പീഡിപ്പിച്ച്, മുളകുപൊടി, പച്ചീര്‍ക്കില്‍ ആദിയായവ പ്രയോഗിച്ച് പറയിക്കാമെന്നാകും ഇഡിന്‍റേയും മനോരമേടേം ഒരിത്!
16-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജ് സൂപ്പര്‍ ലീഡ് നോക്കാം. “കുടിശിക പിരിക്കാതെ വൈദ്യുതി ബോര്‍ഡ്. ആദ്യം പിരിക്കട്ടെ, 3000 കോടി”. ഇത് കൃത്യമായും സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫിനും ബിജെപിക്കും സമരവും കാമ്പെയ്നും നടത്താനുള്ള കൊണ്ടി എറിഞ്ഞുകൊടുക്കലാണ്. എടോ മണ്ടൂസുകളെ ഇതൊക്കെയങ്ങ് എട്ടരക്കട്ടയില്‍ വിളിച്ചു കൂവിയാല്‍ മതിയെന്നാണ് മനോരമ പറയാതെ പറയുന്നത്. ഒന്നാമത്തെ കാര്യം ഈ പറയുന്ന കോടിയത്രയും 2016നുശേഷമുള്ളതല്ല എന്നതാണ്. മാത്രമല്ല, ഇതില്‍ ഗണ്യമായ പങ്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ അടയ്ക്കേണ്ടവയുമാണ്. അതിനര്‍ഥം ഇത് ബുക്ക് അഡ്ജസ്റ്റുമെന്‍റിലൂടെ അടയ്ക്കപ്പെടുമ്പോള്‍ ഖജനാവില്‍ കാശൊന്നും വന്നുചേരില്ലെന്നാണ്. ഒരു സ്ഥാപനത്തിന്‍റെ അല്ലെങ്കില്‍ വകുപ്പിന്‍റെ അക്കൗണ്ടില്‍നിന്ന് മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഇബിയിലേക്ക് പണം മാറുമെന്നു മാത്രം. ഇനി മനോരമ തന്നെ പറയുന്നത്, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 1319.78 കോടി രൂപ കുടിശ്ശികയുണ്ട്; സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് 126.85 കോടി രൂപയുണ്ട്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 7.13 കോടി രൂപ കുടിശ്ശികയുണ്ട്; പൊതുസ്ഥാപനങ്ങള്‍ക്ക് 49.80 കോടി രൂപയുണ്ട് എന്നെല്ലാമാണ്. ഇതത്രയും കൂടി ആയാല്‍ 1503.56 കോടി രൂപയായി. ഇനി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കൂടി നല്‍കാനുള്ളത് 78.73 കോടി രൂപ. അതും കൂടിചേര്‍ത്താലോ 1582.31 കോടി രൂപ. ഇനി സ്വകാര്യ സ്ഥാപനങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളും കൂടി നല്‍കാനുള്ളത് 1320 കോടി രൂപ. ഇതില്‍ കോടതി സ്റ്റേ മൂലം പിരിക്കാനാവാത്തത് 1067 കോടി രൂപ. ബാക്കിയോ 253 കോടി രൂപ മാത്രം. ഇത് സാധാരണഗതിയില്‍ പിരിച്ചുകൊണ്ടിരിക്കുന്നതില്‍ വരുന്ന കാലവിളംബംമൂലമാകാം. പക്ഷേ, ഭീമമായ തുക മുഴപ്പിച്ച് കാണിച്ചാലേ മനോരമക്കാര്‍ക്ക് കാംപെയ്ന്‍ മെറ്റീരിയല്‍ ഉണ്ടാക്കാനാകൂ. ജനങ്ങളെ ഇളക്കി സര്‍ക്കാരിനെതിരെ തിരിക്കാനാണ് മനോരമയുടെ നീക്കം.
19-ാം തീയതിയിലെ കേരള കൗമുദിയുടെ ഒന്നാം പേജിലെ ലീഡ് ഐറ്റം നോക്കൂ: “മുഖ്യമന്ത്രിയുടെ സുരക്ഷ: സുപ്രീം കോടതിയെയും വകവയ്ക്കാതെ പൊലീസ്. കരിങ്കൊടിക്കും കരുതല്‍ തടങ്കല്‍”. എന്താണ് സുപ്രീംകോടതി വിധി? കരുതല്‍ തടങ്കല്‍ നിയമപ്രകാരം ആളുകളെ മുന്‍കൂട്ടി അറസ്റ്റ് ചെയ്ത് തടവിലിടുന്നത് ഒഴിവാക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. ഇവിടെ ആരാണ് ഹേ കരുതല്‍ തടങ്കല്‍ പ്രയോഗിച്ചത്? ആരെയാണ് അങ്ങനെ തടവിലിട്ടത്? കേരള കൗമുദി പറയുന്നത്, “പ്രതിപക്ഷത്തെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയുമടക്കം കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കു”ന്നുവെന്നാണ്. തൊട്ടടുത്തവരിയില്‍ പറയുന്നതാകട്ടെ നാലുപേരെ തടങ്കലിലാക്കിയെന്നും! ഈ നാലുപേരാണോ “കൂട്ടത്തോടെ” തടങ്കലിലാക്കപ്പെടുന്ന യുഡിഎഫ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും? അതിഭാവുകത്വത്തിനും അതിരൊക്കെ വേണ്ടേ കേരള കൗമുദിക്കാരേ? മാത്രമല്ല, കരുതല്‍ എന്ന നിലയില്‍ അറസ്റ്റ് ചെയ്ത് തടവിലിടുന്നതിനെയാണ് കരുതല്‍ തടങ്കല്‍ എന്നു പറയുന്നത്. എന്നാല്‍ ഇവിടെയോ? മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയില്‍നിന്ന് അദ്ദേഹത്തിന്‍റെ വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടാന്‍ തയ്യാറാകുന്ന യുഡിഎഫുകാരെ കുറച്ചുനേരത്തേക്ക് മാറ്റിനിര്‍ത്തുന്നതിനെയാണ് “കരുതല്‍ തടങ്ക”ലെന്ന് യുഡിഎഫ് മാധ്യമങ്ങള്‍ തള്ളുന്നത്. കരുതല്‍ തടങ്കലിനെക്കുറിച്ചുള്ള വിവരമില്ലായ്മയാണിത്.
വീണ്ടും 20-ാം തീയതി കേരള കൗമുദി തള്ളുന്നതിങ്ങനെ 7-ാം പേജില്‍, “കലിപ്പടങ്ങാതെ കറുപ്പ്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വീണ്ടും വിലക്ക്. വിദ്യാര്‍ഥികളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. ബാഗുകള്‍ പിടിച്ചുവച്ചു. 2 കെഎസ്യുക്കാര്‍ കരുതല്‍ തടങ്കലില്‍”. 20ന്‍റെ മനോരമയുടെ മുഖ്യവിഷയവും ഇതുതന്നെ. “കറുപ്പിനു വീണ്ടും കടക്കുപുറത്ത്” എന്ന ശീര്‍ഷകം. “മരണവീട്ടിനടുത്ത് കറുത്ത കൊടി അഴിച്ചുമാറ്റി. കറുത്തവസ്ത്രം വിലക്കി. ഉറങ്ങിക്കിടന്നവരെ കസ്റ്റഡിയിലാക്കി” എന്നിങ്ങനെ മനോരമത്തള്ളും കൊഴുക്കുന്നു. ഇതിനിടയില്‍ മനോരമ ചെറിയൊരു വാര്‍ത്തയും നല്‍കുന്നു: “അമ്പരപ്പിച്ച് റിയാസിന്‍റെ ഷര്‍ട്ട്”. മുഖ്യമന്ത്രി കോഴിക്കോട്ട് പങ്കെടുത്ത ചടങ്ങില്‍ മന്ത്രി റിയാസ് ധരിച്ചിരുന്ന ഷര്‍ട്ടാണ് മനോരമക്കാരെ അമ്പരപ്പിച്ചത്. ചില ദൃശ്യമാധ്യമങ്ങള്‍ 19-ാം തീയതി കാണിച്ച ദൃശ്യങ്ങളില്‍ മന്ത്രി റിയാസ് കറുത്ത വസ്ത്രം ധരിച്ച് വേദിയില്‍ ഇരുക്കുന്നത് കണ്ട ജനത്തോടാണ് ഈ “അമ്പരപ്പ്” മനോരമ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ആ ഷര്‍ട്ട് കറുപ്പാണെന്ന് സമ്മതിച്ചുതരാന്‍ മനോരമയൊട്ട് തയ്യാറല്ല. അതുകൊണ്ട്, “കറുപ്പു പോലത്തെ നിറം” എന്നാണ് മനോരമ ഭാഷ്യം.
മാത്രമോ? മുഖ്യമന്ത്രി പ്രസംഗിക്കുന്ന പരിപാടിയിലെ സദസ്യരുടെ ദൃശ്യം ശ്രദ്ധിച്ചാല്‍ അറിയാം ഈ പത്രങ്ങള്‍ പച്ചക്കള്ളമാണ് എഴുതിവിടുന്നതെന്ന്. വിദ്യാര്‍ഥികളും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉള്‍പ്പെടെ സദസ്സില്‍ നിരവധി പേര്‍ കറുത്ത മാസ്ക് ധരിച്ചിട്ടുണ്ട്; പലരും കറുത്ത വസ്ത്രം ധരിച്ചിട്ടുണ്ട് – പ്രത്യേകിച്ചും പര്‍ദയും ബുര്‍ക്കയും മറ്റും. കറുത്ത വസ്ത്രം പാടില്ലെന്ന് ഉത്തരവ് ഇറക്കുകയോ പൊലീസ് അതിന്‍റെ പേരില്‍ ആരെയെങ്കിലും തടഞ്ഞുവയ്ക്കുകയോ കറുപ്പിനെ അഴിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നല്ലേ, വഴിയില്‍ മരണവീട്ടിനു മുന്നിലെ കറുത്തകൊടി. സത്യം മറയ്ക്കാന്‍ മനോരമ സദസ്സിന്‍റെ ഫോട്ടോ പത്രത്തില്‍ നല്‍കിയിട്ടുമില്ല. അമ്പമ്പോ എന്തോരം തള്ളുകളാണെന്ന് നോക്കണേ. അതും ഇടതുപക്ഷവിരുദ്ധ പ്രചരണത്തിനായി മാത്രം. ഇവരെ 2016നു മുന്‍പത്തെ ഉമ്മന്‍ചാണ്ടിക്കാലത്തെ ചില വിവരങ്ങള്‍ ഓര്‍മിപ്പിക്കട്ടെ! ഉമ്മന്‍ചാണ്ടിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ തിരുവനന്തപുരത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പിടികൂടി ജനനേന്ദ്രിയം പിടിച്ച് ഞെരിച്ചുടച്ചത് പേട്ടയ്ക്കടുത്തായിരുന്നല്ലോ. വയനാട്ടില്‍ കറുത്ത അരക്കച്ച ഉടുത്ത് ഉമ്മന്‍ചാണ്ടിയുടെ യോഗത്തിനടുത്തെത്തിയ ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ചതും മുഖ്യധാരക്കാര്‍ ഓര്‍ക്കുന്നത് നന്ന്. എന്തായാലും കേരളീയരുടെ ഓര്‍മയില്‍ ഇപ്പോഴും അതെല്ലാം പച്ചയായിത്തന്നെ നില്‍ക്കുന്നുണ്ട്.
“തില്ലങ്കേരി വിവാദം” എന്ന പേരില്‍ സിപിഐ എമ്മിനെതിരെയും വ്യവസായമേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ വന്നുവെന്ന സത്യം മൂടിവെച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും മനോരമ വസ്തുതകള്‍ക്ക് വിരുദ്ധമായി ഈ ദിവസങ്ങളില്‍ ആവോളം എഴുതിക്കൂട്ടിയിട്ടുണ്ട്. മറ്റു പത്രങ്ങളും ചാനലുകളും ഈ ചാലിലൂടെ തന്നെയാണ് നീങ്ങുന്നത്. മാധ്യമ പ്രവര്‍ത്തനം കൂലിത്തല്ലായി അധഃപതിച്ചാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. അതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത്. ♦