Saturday, April 20, 2024

ad

Homeപ്രതികരണംഒരു പേരില്‍ പലതുമുണ്ട്

ഒരു പേരില്‍ പലതുമുണ്ട്

കെ വി സുധാകരന്‍

രു പേരിലെന്തിരിക്കുന്നു എന്നും, റോസാപുഷ്പത്തെ മറ്റേതുപേരില്‍ വിളിച്ചാലും അതിന്‍റെ സുഗന്ധത്തിനു മാറ്റമൊന്നും ഉണ്ടാവുകയില്ല (What`s in a name/That which we call a rose by any other name/would smell as sweet) എന്നുമുള്ള ആപ്തവാക്യം വില്യം ഷേക്സ്പിയറുടെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ എന്ന നാടകത്തില്‍ നായിക ജൂലിയറ്റ് പറയുന്നതാണ്. ഒരു പേരിന് കാര്യമായ പ്രാധാന്യമൊന്നും കൊടുക്കേണ്ടതില്ല എന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇത് പരമമായ സത്യമാണെന്നു കരുതാന്‍ കഴിയുമോ? സമീപകാലത്ത് രാജ്യത്തെ പല സ്ഥലങ്ങളുടെയും, സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റി പ്രതിഷ്ഠിച്ച ഭരണാധികാരികളുടെ നടപടി പരിശോധിക്കുമ്പോള്‍, നേരത്തെ പറഞ്ഞ ആപ്തവാക്യത്തിന്‍റെ കേവലമായ അര്‍ഥം മാത്രം കണ്ടു സമാശ്വസിക്കുന്നതില്‍ അര്‍ഥമുണ്ടെന്നു തോന്നുന്നില്ല.

2014 മെയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം വന്നതിനുശേഷം പല ഘട്ടങ്ങളിലായി നടന്നതും, ഇപ്പോഴും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതുമായ പേരുമാറ്റം നിര്‍വ്യാജമോ, നിഷ്കളങ്കമോ ആയ താല്‍പ്പര്യത്തിന്‍റെ പേരിലാണെന്നു കരുതാന്‍ വയ്യ. വിദേശ- കൊളോണിയല്‍ വാഴ്ചയുടെ അടയാളങ്ങളെയും ഓര്‍മകളെയും മായ്ച്ചുകളയാന്‍ വേണ്ടിയാണെന്ന ഭരണാധികാരികളുടെ അവകാശവാദവും എത്രത്തോളം വസ്തുതാപരമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. റോഡുകള്‍, സ്ഥലങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെയെല്ലാം പേരുകളാണ് ഒന്നൊന്നായി കേന്ദ്ര ഭരണാധികാരികള്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലുണ്ടായതാണ് ഡല്‍ഹിയില്‍ ‘മുഗള്‍ ഗാര്‍ഡന്‍സ്’ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി ഭവനിലെ പൂന്തോട്ടത്തിന്‍റെ പേരുമാറ്റം.

പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യഭാഗം മുതല്‍ (1526) പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യം (1857) വരെ നീളുന്ന മുഗള്‍ചക്രവര്‍ത്തിമാരുടെ കാലത്ത് വിവിധ ഘട്ടങ്ങളായി വിരിഞ്ഞുവിലസുന്നതാണ് രാഷ്ട്രപതി ഭവനിലെ ‘മുഗള്‍ ഗാര്‍ഡന്‍സ്’. സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ (ആസാദി കാ അമൃത് മഹോത്സവ്) ഭാഗമായി ഈ ജനുവരി 28നാണ് മുഗള്‍ ഗാര്‍ഡന്‍സിന്‍റെ പേര് ‘അമൃത് ഉദ്യാന്‍’ എന്നു മാറ്റിയിരിക്കുന്നത്. പതിനഞ്ച് ഏക്കറില്‍ സുഗന്ധം പൊഴിക്കുന്ന ഈ ഉദ്യാനം ജനുവരി 29 മുതല്‍ മാര്‍ച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തിരിക്കുകയുമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതനായ ബ്രിട്ടീഷ് വാസ്തുശില്‍പ്പി എഡ്വിന്‍ ലൂട്ടെയ്ന്‍സ് (1869-1944) രൂപകല്‍പ്പന ചെയ്തതാണ് ഈ ഉദ്യാനം. ഡല്‍ഹിയിലെ തന്നെ ഇന്ത്യാ ഗേറ്റ്, ജനപഥ്, രാജ്പഥ് റോഡുകള്‍, ഹൈദരാബാദ് ഹൗസ്, ബറോഡ ഹൗസ്, ബിക്കാനീര്‍ ഹൗസ്, പാട്യാല ഹൗസ് എന്നിവയുടെ രൂപകല്‍പ്പന നിര്‍വഹിച്ചതും ലൂട്ടെയ്ന്‍സാണ്. വൈസ്രോയി ഹൗസ് എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതിഭവന്‍റെയടക്കം, ഡല്‍ഹി നഗരത്തിന്‍റെ മനോഹരമായ രൂപകല്‍പ്പനയ്ക്കും നാം കടപ്പെട്ടിരിക്കുന്നത് ഈ വാസ്തുശില്‍പ്പിയോടാണ്.

ചരിത്രവും സംസ്കാരവും കലയും വാസ്തുശില്‍പ്പകലയും പാരമ്പര്യവും ഒക്കെ കൂടിക്കലര്‍ന്നു മനോഹാരിത ചൊരിയുന്ന ഈ ഉദ്യാനത്തിന്‍റെ പേരുമാറ്റിയത് കൊളോണിയല്‍ ഭരണാധികാരികളുടെ ചരിത്രാവശിഷ്ടങ്ങളെ സ്വതന്ത്ര ഇന്ത്യ ഇനിയും പേറേണ്ടതില്ല എന്ന വിശുദ്ധമായ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണോ എന്നതു സംബന്ധിച്ചാണ് ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നത്.

പേരുമാറ്റം സ്വതന്ത്ര്യപ്രാപ്തി മുതല്‍
സ്വാതന്ത്ര്യപ്രാപ്തിയുടെ കാലം മുതല്‍ നാം പല സംസ്ഥാനങ്ങളുടെയും സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടേയുമൊക്കെ പേരുകള്‍ മാറ്റിയിട്ടുണ്ട്. മധ്യഭാരത് മധ്യപ്രദേശ് (1959), ആയതും, മദ്രാസ് തമിഴ്നാട് (1969) ആയതും, മൈസൂര്‍ കര്‍ണാടകമായതും (1973), ഉത്തരാഞ്ചല്‍ ഉത്തരാഖണ്ഡ് (2007) ആയതും, ഒറീസ ഒഡീഷ്യ (2011) ആയതും ഇത്തരം പേരുമാറ്റത്തിലൂടെയായിരുന്നു. രാജ്യത്തെ വലിയ നഗരങ്ങളായ ബറോഡ വഡോദര (1974) യായി. തുടര്‍ന്ന് 1995ല്‍ ബോംബെ മുംബൈ ആയി. ട്രിവാന്‍ഡ്രം 1991ല്‍ തിരുവനന്തപുരമായി. കൊച്ചിന്‍ കൊച്ചി (1996)യും കല്‍ക്കട്ട കൊല്‍ക്കത്തയും (2001), ബാംഗ്ലൂര്‍ ബംഗളൂരു (2007)വും ഷിമോഗ ശിവമോഗ (2007)യും മംഗ്ളൂര്‍ മംഗലൂരു (2007)വും ആയി മാറി. നമ്മുടെ ആലപ്പുഴ (ആലപ്പി)യും, കൊല്ല (ക്വയ്ലോണ്‍)വും കോഴിക്കോടും (കാലിക്കറ്റ്) ഒക്കെ ഇത്തരത്തില്‍ പേരുമാറ്റത്തിന് വിധേയമായവയാണ്. ഇവയൊക്കെത്തന്നെ, അതാതിടങ്ങളിലെ ചരിത്രവും സംസ്കാരവും ഭാഷയുംകൂടുതല്‍ ധ്വനിപ്പിക്കാന്‍ ഉതകുന്നവ എന്നല്ലാതെ മറ്റ് ഗൂഢലക്ഷ്യങ്ങളൊന്നും ആരും ആരോപിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ മറവില്‍, കോളനിവാഴ്ചയുടെ പ്രതീകങ്ങളെ ഇല്ലാതാക്കാനാണ് എന്ന കവചമുയര്‍ത്തി, മുഗര്‍ രാജവംശത്തിന്‍റെയും കുറച്ചുകൂടി ലളിതവല്‍ക്കരിച്ചാല്‍, മുസ്ലീം ഭരണത്തിന്‍റെയും ചിഹ്നങ്ങളെയും ദൃഷ്ടാന്തങ്ങളെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന നിലയിലാണ് വിമര്‍ശനം നേരിടുന്നത്. മൂന്നുവര്‍ഷം മുമ്പ് കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയും അതിന്‍റെ പേരില്‍ മുസ്ലീം ജനവിഭാഗത്തിന്‍റെ അസ്തിത്വംതന്നെ ചോദ്യം ചെയ്യാനും നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഈ വക പേരുമാറ്റം ദുരുപദിഷ്ടമാണെന്നു പറയേണ്ടിവരും.

യുപിയില്‍ ഒഴിവാക്കുന്നത് മുസ്ലീം നാമങ്ങള്‍
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുസ്ലീം സൂചനയുള്ള പേരുകളൊക്കെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് മുസ്തഫാബാദ് രാംപൂരായതും, അലഹാബാദ് പ്രയാഗ്രാജ് ആയതും, ഫൈസാബാദ് ജില്ല അയോധ്യ ജില്ലയായതും, ഫിറോസാബാദ് ചന്ദ്രനഗറായതും, മുഗള്‍സരാജ് ദീന്‍ ദയാല്‍ ഉപാധ്യായ നഗറായതും അങ്ങനെയാണ്. മുഗള്‍ ഭരണാധികാരികളുടെ പേരിലുള്ള മുഴുവന്‍ സ്ഥലങ്ങളും കണ്ടെത്തി പുനര്‍നാമകരണം ചെയ്യണമെന്ന് പശ്ചിമബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷനേതാവ് കൂടിയായ ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടിരിക്കുകയാണ്. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഇതു ചെയ്തിരിക്കും എന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. മുഗള്‍ ഭരണാധികാരികള്‍ നിരവധി ഹിന്ദുക്കളെ വധിച്ചിട്ടുണ്ടെന്നും, അമ്പലങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നുമാണ് ഇതിന് ഉപോല്‍ബലകമായി പറയുന്നത്.

കര്‍ണാടകം മായ്ക്കുന്നത് ടിപ്പുവിനെ
കര്‍ണാടകത്തില്‍ ടിപ്പുസുല്‍ത്താന്‍റെ ഓര്‍മകള്‍ പേറുന്ന സ്ഥലങ്ങളും സ്ഥാപനങ്ങളുമൊക്കെ പുനര്‍നാമകരണം ചെയ്യാന്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുകയാണ്. ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരിച്ചിരുന്ന കാലത്ത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിലവില്‍വന്ന സലാം ആരതി, സലാം മണലാരതി, ദീപ്തിഗെ സലാം എന്നിവയുടെ പേരുകള്‍ ഇതിനകം മാറ്റിക്കഴിഞ്ഞു. അവ യഥാക്രമം ആരതി നമസ്കാര, മണലാരതി നമസ്കാര, ദീപ്തിഗെ നമസ്കാര എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. മൂകാംബികയിലെത്തിയ ടിപ്പു സുല്‍ത്താന്‍ മൂകാംബിക ദേവിയുടെ ചൈതന്യത്തില്‍ അത്ഭുതപരതന്ത്രനായി, ആയുധങ്ങള്‍ ദേവിക്കുമുന്നില്‍ വച്ച് കീഴടങ്ങിയെന്നും ദേവിക്ക് ‘സലാം’ നല്‍കിയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഈ സംഭവത്തില്‍നിന്നാണ് ‘സലാം മംഗലാരതി’ എന്ന അനുഷ്ഠാനം ഉണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. ‘സലാം’ അറബിഭാഷയിലുള്ളതും മുസ്ലീങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ പദമായതുകൊണ്ടാണ് ഇത് മാറ്റിയത് എന്നാണ് വിമര്‍ശനം.

ടിപ്പുവിനെ സ്വേച്ഛാധികാരിയും ഹിന്ദുവിരുദ്ധനും ആയിട്ടാണ് ബിജെപി കാണുന്നത്. ഹിന്ദുക്കളെ ധാരാളമായി കൊല്ലുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തയാളായുമാണ് ബിജെപി ടിപ്പുവിനെ വിലയിരുത്തിയിട്ടുള്ളത്. ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് ടിപ്പു പരിവര്‍ത്തനം ചെയ്യിച്ചതായും ആക്ഷേപമുണ്ട്.

പ്രതിഷ്ഠിക്കുന്നത് സംഘപരിവാര്‍ ചിഹ്നങ്ങള്‍
കേവലം കൊളോണിയല്‍ കാലഘട്ടത്തിന്‍റെയും മുസ്ലീം ഭരണാധികാരികളുടെയും അടയാളങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം മാത്രമല്ല ഇതിനു പിന്നിലെന്നും സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും. ഇവയെല്ലാം ഒഴിവാക്കുന്നുവെന്ന വ്യാജേന ബിജെപി നേതാക്കളെയും ബിജെപിയുടെ സാംഗത്യത്തെയും ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയാണിത്. ഒരുപക്ഷേ, 25 വര്‍ഷം കൂടികഴിഞ്ഞ് സ്വാതന്ത്ര്യപ്രാപ്തിയുടെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ രാജ്യത്തിന്‍റെ ചരിത്രശേഷിപ്പുകളും പൈതൃകവും ഒക്കെ ബിജെപിയുടെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെയും സംഭാവനകള്‍ മാത്രമാണെന്ന് രേഖപ്പെടുത്താനുള്ള ശ്രമം കൂടിയായിട്ടുവേണം ഈ നീക്കങ്ങളെ കാണാന്‍.

2019ല്‍, മോദി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ മരണത്തിനുശേഷം ഡല്‍ഹി ബഹാദൂര്‍ഷാ സഫര്‍ മാര്‍ഗിലെ ‘ഫിറോസ് ഷാ കോട്ല, ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ‘അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം’ എന്നു പുനര്‍നാമകരണം ചെയ്തു. 1883ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്റ്റേഡിയം. സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പാത മുഗള്‍രാജവംശത്തിലെ അവസാന ചക്രവര്‍ത്തിയും ഉറുദു കവിയുമായിരുന്ന ബഹാദൂര്‍ഷാ സഫറിന്‍റെ പേരിലുള്ളതായതുകൊണ്ട്, ഈ റോഡിന്‍റെ പേരും ഒരു ബിജെപി നേതാവിന്‍റെ പേരിലേക്ക് മാറ്റുന്ന കാലം വിദൂരമല്ല.

‘ഇന്ത്യ’യുടെ പേരും മാറ്റുമോ?
രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിനു പകരം ‘ഭാരത്’ എന്നോ, ‘ഹിന്ദുസ്ഥാന്‍’ എന്നോ ആണ് വേണ്ടത് എന്ന വാദം ഭരണഘടനാ രൂപീകരണവേളയില്‍ത്തന്നെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. അതിപ്പോള്‍ ബിജെപി നേതാക്കള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. ‘നമ’ എന്ന പേരിലുള്ള ഒരാളാണ് 2020 മെയില്‍ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. ‘ഇന്ത്യ’ എന്നത് ഗ്രീക്ക് പദമായ ‘ഇന്‍ഡിക്ക’യില്‍നിന്നു വന്നതാണെന്നും, അതുകൊണ്ട് ഇതുമാറ്റി ഭാരത് എന്നാക്കണമെന്നും, അതിനു സഹായകമായ വിധത്തില്‍ ഭരണഘടനയുടെ ഒന്നാം അനുഛേദത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ 2020 ജൂണ്‍ രണ്ടിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത് നിരസിക്കുകയും, പരാതിക്കാരന്‍റെ ഒരു നിവേദനം എന്ന നിലയില്‍ മാത്രം പരിഗണിച്ച് ഹര്‍ജി കേന്ദ്ര ഗവണ്‍മെന്‍റിനു തന്നെ കൈമാറുകയാണുമുണ്ടായത്.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നു
ന്യൂനപക്ഷങ്ങള്‍ക്കും വിശേഷിച്ച്, മുസ്ലീങ്ങള്‍ക്കും എതിരായുള്ള ബിജെപി ഗവണ്‍മെന്‍റിന്‍റെ ഏറ്റവും ഒടുവിലത്തെ നീക്കമായി വന്നിട്ടുള്ളത് ഫെബ്രുവരി രണ്ടിന് കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്‍റില്‍ നടത്തിയ പ്രഖ്യാപനമാണ്. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനു നല്‍കിവരുന്ന മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് (MANF) 2022 ഡിസംബര്‍ 11 മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണെന്നാണ് മന്ത്രി പ്രസ്താവന നടത്തിയത്. ന്യൂനപക്ഷക്ഷേമം ലക്ഷ്യമിട്ട് 2006ല്‍ ആരംഭിച്ച ‘പഥോ പര്‍ദേശ് പദ്ധതി’യില്‍പ്പെടുന്നതാണ് എംഎഎന്‍എഫ് പദ്ധതി. കാനറാബാങ്കുവഴി നടപ്പാക്കിവന്ന ഈ പദ്ധതിയില്‍കീഴില്‍ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്ഡി, എംഫില്‍ തുടങ്ങിയ ഗവേഷണ പഠനങ്ങള്‍ക്ക് പ്രതിമാസം 35,000 രൂപവരെ ഗ്രാന്‍റ് നല്‍കുന്ന പദ്ധതിയാണിത്. ആറുലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്, ഓരോ വര്‍ഷവും 1000 പേര്‍ക്ക് ഈ സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. യുജിസി നെറ്റ്, സിഎസ്ഐആര്‍ നെറ്റ് എന്നീ പരീക്ഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്കു പരിഗണിച്ചാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ഇതില്‍ത്തന്നെ 30 ശതമാനം വനിതകള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്തിരുന്നു. ഗ്രാന്‍റായി ലഭിക്കുന്ന പണം ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയായിരുന്നു രീതി. അഞ്ചുവര്‍ഷം വരെ ലഭിക്കുമായിരുന്ന സ്കോളര്‍ഷിപ്പാണിത്. മറ്റു പല സ്കോളര്‍ഷിപ്പുകള്‍ക്കും ന്യൂനപക്ഷക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമെന്നും, അതുകൊണ്ടിത് ഇരട്ടിപ്പുണ്ടാക്കുന്നതാണെന്നുമുള്ള ന്യായവാദമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

എന്നാല്‍ ഇത് മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ള നടപടിയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ചുവയുള്ള പേരും ഇതിനൊരു കാരണമായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2023-24 ലെ കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. 2022-23ല്‍ 1425 കോടിരൂപ നീക്കിവച്ച സ്ഥാനത്ത് ഇത്തവണ മാറ്റിവച്ചിരിക്കുന്നത് 433 കോടി രൂപമാത്രമാണ്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍, മുസ്ലീം വിദ്യാര്‍ഥികള്‍ക്കായി സച്ചാര്‍ കമ്മറ്റി നിര്‍ദേശിച്ച പ്രീ-മെട്രിക്കുലേഷന്‍ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കാന്‍ തയ്യാറാകാതിരുന്നതും, പിന്നീട് കോടതി ഇടപെടലിനെ തുടര്‍ന്ന് മനസ്സില്ലാമനസ്സോടെ നടപ്പാക്കേണ്ടി വന്നതും ബിജെപിയുടെ മുസ്ലീം വിരുദ്ധതയാണ് തുറന്നുകാട്ടുന്നത്. ഗുജറാത്ത് മന്ത്രിസഭയില്‍ ഇപ്പോഴും ന്യൂനപക്ഷക്ഷേമ വകുപ്പില്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + fourteen =

Most Popular