Monday, November 25, 2024

ad

Homeരക്തനക്ഷത്രങ്ങള്‍സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള വിപ്ലവ വാക്കുകള്‍

സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള വിപ്ലവ വാക്കുകള്‍

“സ്ത്രീകളുടെ പ്രാതിനിധ്യവും പങ്കാളിത്തവുമില്ലാതെ ഒരു വികസനപദ്ധതി ആവിഷ്കരിക്കുകയെന്നാല്‍, നിങ്ങളുടെ പത്തുവിരലുകളില്‍ നാലെണ്ണം മാത്രം ഉപയോഗിക്കുന്നതിന് സമാനമാണ്.”
തോമസ് സന്‍കാര

ഫ്രിക്കന്‍ വിപ്ലവത്തിന്‍റെ ഏറ്റവും സമരതീക്ഷ്ണമായ സാന്നിധ്യമായിരുന്നു ആഫ്രിക്കന്‍ ചെഗുവേരയെന്ന് അറിയപ്പെടുന്ന തോമസ് സന്‍കാരയെന്ന കമ്യൂണിസ്റ്റ് വിപ്ലവപ്പോരാളി. ബര്‍ക്കിനോ ഫാസോ എന്ന ഏറ്റവും ദരിദ്രവും പിന്നോക്കവുമായിരുന്ന ആഫ്രിക്കന്‍ രാജ്യത്തെ വിപ്ലവാത്കമകമായി പുനഃസംഘാടനം ചെയ്യാന്‍ നേതൃത്വം കൊടുത്ത വിമോചനപ്പോരാളിയായിരുന്നു അദ്ദേഹം. ഫ്രഞ്ച് കൊളോണിയല്‍ ശക്തികള്‍ ചവച്ചുതുപ്പി ചണ്ടികളാക്കിയ ആ ആഫ്രിക്കന്‍ രാജ്യത്തെ തലയുയര്‍ത്തി നില്‍ക്കുന്നവരുടെ നാടാക്കി പരിവര്‍ത്തിപ്പിക്കാനായിരുന്നു 1983 മുതല്‍ 1987 ല്‍ രക്തസാക്ഷിയാകുന്നതുവരെ തോമസ് സന്‍കാരയും അദ്ദേഹത്തിന്‍റെ വിപ്ലവപ്രസ്ഥാനവും പൊരുതിക്കൊണ്ടിരുന്നത് 1983 ല്‍ വിപ്ലവത്തിലൂടെ അധികാരത്തിലേറിയ തോമസ് സന്‍കാരയുടെ നേതൃത്വത്തിലുള്ള ജനകീയ ജനാധിപത്യസര്‍ക്കാരിന്‍റെ നിരവധിയായ ഇടപെടലുകളിലൂടെ ആ ആഫ്രിക്കന്‍ രാജ്യം അതിവിപുലമായ മാറ്റങ്ങള്‍ക്കായിരുന്നു വേദിയായിത്തീര്‍ന്നത്. ഇത്തരത്തിലുള്ള വിപ്ലവ ഇടപെടലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും തീക്ഷ്ണവുമായ ഒന്നായിരുന്നു ബര്‍ക്കിനേഫാസോയിലെ സ്ത്രീകളുടെ വിമോചനത്തിനുവേണ്ടിയുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പോരാട്ടങ്ങള്‍. വിപ്ലവവും സ്ത്രീകളുടെ വിമോചനവും ഒത്തൊരുമിച്ച് മുന്നോട്ടുനീങ്ങിയാല്‍ മാത്രമേ പുതിയ മെര്‍ക്കിനോഫാസോയെ കെട്ടിപ്പടുക്കാനാവൂ എന്ന ഉത്തമബോധ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തോമസ് സന്‍കാരയും സഖാക്കളും സ്ത്രീപ്രശ്നത്തെ അഭിസംബോധന ചെയ്തത്.

1987 മാര്‍ച്ച് 8ന്, സാര്‍വദേശീയ വനിതാദിനത്തില്‍ ബര്‍ക്കിനോഫാസോയുടെ തലസ്ഥാനമായ ഔഗഡോഗോയില്‍ ഒത്തുചേര്‍ന്ന പതിനായിരക്കണക്കിന് സ്ത്രീകളെ അഭിവാദ്യം ചെയ്തുകൊണ്ട് തോമസ് സന്‍കാര നടത്തിയ സുദീര്‍ഘമായ പ്രഭാഷണത്തിന്‍റെ ആവിഷ്കാരമാണ് “സ്ത്രീകളുടെ വിമോചനവും ആഫ്രിക്കന്‍ സ്വാതന്ത്ര്യസമരവും (Womens Liberation and the African freedom struggle, Path finder books, 2021) എന്ന പുസ്തകം ബര്‍ക്കിനേഫാസോയിലെ വിപ്ലവദേശീയ കൗണ്‍സിലില്‍ തോമസ് സന്‍കാര നടത്തിയ ഒരു പ്രഭാഷണത്തിന്‍െറ ചില ഭാഗങ്ങളും ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഈ പ്രഭാഷണമാണ് പിന്നീട് വിപ്ലവസര്‍ക്കാരിന്‍റെ പ്രവര്‍ത്തനപദ്ധതികളുടെ അടിത്തറയായിത്തീര്‍ന്നത്. ഈ രണ്ട് പ്രഭാഷണങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ തോമസ് സന്‍കാരയെന്ന മാസ്മരികനായ വിപ്ലവപ്പോരാളിയുടെ സ്ത്രീവിമോചനത്തെക്കുറിച്ചുള്ള ഏറ്റവും തീക്ഷ്ണമായ ആശയലോകം നമുക്കുമുന്നില്‍ തുറന്നുകിട്ടും.

കൊളോണിയല്‍ ചങ്ങലക്കെട്ടുകളില്‍ നിന്നും ആഫ്രിക്കയിലെ രാജ്യങ്ങള്‍ ഒന്നോരോന്നായി വിമോചിതമായിക്കൊണ്ടിരുന്ന ആവേശകരമായ ഘട്ടത്തിലായിരുന്നു ബര്‍ക്കിനേഫാസോയില്‍ സന്‍കാര അധികാരത്തിലെത്തുന്നത്. കൊളോണിയല്‍ വിരുദ്ധതയുടെ വിമോചനാത്മക പ്രസ്ഥാനങ്ങള്‍ ആഫ്രിക്കയിലാകെ പടരുമ്പോഴും, സ്ത്രീകളുടെ അവസ്ഥാതലങ്ങള്‍ പഴയതുപോലെ പ്രാന്തവത്കരണങ്ങളുടെയും കൊടിയ അടിച്ചമര്‍ത്തലുകളുടെയും ചൂഷണങ്ങളുടെയും ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിമോചനത്തെ ധാര്‍മികമായ ഒരു അനിവാര്യതയായിട്ടു മാത്രമല്ല തോമസ് സന്‍കാര കണ്ടത്. മറിച്ച് ബര്‍ക്കിനോ ഫാസോയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന വിപ്ലവപരിപ്രേക്ഷ്യം അതിന്‍റെ പൂര്‍ണതയിലെത്തണമെങ്കില്‍ അതിന്‍റെ നൈസര്‍ഗ്ഗികഭാവമായി സ്ത്രീകളുടെ വിമോചനവും അതില്‍ ഉള്ളടങ്ങിയിരിക്കണം. 1987 മാര്‍ച്ച് 8ന് സാര്‍വദേശീയ വനിതാദിനത്തെ അഭിസംബോധന ചെയ്തുകൊണ്ട് തോമസ് സന്‍കാര ഇങ്ങനെ വിളിച്ചുപറഞ്ഞു: “സന്തോഷദായകമായ എല്ലാ അവസ്ഥാതലങ്ങളില്‍നിന്നും സ്ത്രീകള്‍ ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ വിപ്ലവത്തിന്‍റെ ആധികാരികതയും ഭാവിയുമാകട്ടെ സ്ത്രീകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന വിവിധങ്ങളായ ചൂഷണസമ്പ്രദായങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിക്കൊണ്ട് നമ്മുടെ ഇടയിലെ വലിയൊരു വിഭാഗം കഴിഞ്ഞുകൂടുമ്പോള്‍ ക്രിയാത്മകമായതൊന്നും നമ്മുടെ രാജ്യത്ത് നമുക്ക് നിറവേറ്റിയെടുക്കാനാവില്ല.”

മറ്റെല്ലാ വിഷയങ്ങള്‍ക്കുമുള്ള അതേ പ്രാധാന്യത്തോടെ അതേ അനിവാര്യതയോടെ സ്ത്രീ വിമോചനത്തെയും ഏറ്റെടുക്കാന്‍ തന്‍റെ സഖാക്കളോട് സന്‍കാര ആവശ്യപ്പെട്ടു. അധീശത്വത്തിന്‍റെയും ആക്രമണോത്സുകതയുടെയും അടിച്ചമര്‍ത്തലിന്‍റെയും സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ പുരുഷാധിപത്യം സ്ത്രീകളെയും പുരുഷന്മാരെയും കുടുക്കിയിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിപ്ലവവും സ്ത്രീകളുടെ വിമോചനവും ഒരുമിച്ചാണ് മുന്നോട്ടുനീങ്ങേണ്ടത്. തോമസ് സന്‍കാര പറയുന്നു: “ഒരു സാന്ത്വനപരീക്ഷണമെന്ന നിലയിലോ ഒരു ചാരിറ്റി പ്രവര്‍ത്തനമെന്ന നിലയിലോ അല്ല ഞങ്ങള്‍ സ്ത്രീ വിമോചനത്തെ കാണുന്നത്. വിപ്ലവം വിജയിക്കുന്നതിനുള്ള അടിസ്ഥാനമായ അനിവാര്യതയാണത്.”

സാര്‍വദേശീയ വനിതാദിനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്‍കാരയുടെ പ്രസംഗം ബര്‍ക്കിനോഫാസോയിലെ സ്ത്രീകളുടെ സവിശേഷപ്രശ്നങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ലോകവ്യാപകമായി സ്ത്രീകള്‍ അഭിമുഖീകരിച്ചകൊണ്ടിരിക്കുന്ന വ്യവസ്ഥാപരമായ അടിച്ചമര്‍ത്തലിനെക്കുറിച്ചും അത് സൂക്ഷ്മമായി പരിശോധിക്കുന്നു. ബര്‍ക്കിനോഫാസോയിലെ സ്ത്രീ പ്രശ്നത്തെ സാര്‍വദേശീയ സ്ത്രീ പ്രശ്നവുമായി ബന്ധപ്പെടുത്തിയാണ് സന്‍കാര വിശകലനം ചെയ്യുന്നത്. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ വിപ്ലവാത്മകമായി അട്ടിമറിക്കുന്നതിലൂടെ മാത്രമേ സ്ത്രീ സമത്വത്തെ യാഥാര്‍ഥ്യവത്ക്കരിക്കാനാകൂ എന്നും സന്‍കാര ചൂണ്ടിക്കാട്ടുന്നു: “പുതിയൊരു സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഈ ലിംഗ അസമത്വത്തെ തുടച്ചുനീക്കാനാവൂ. ആ പുതിയ സമൂഹത്തില്‍ സ്ത്രീകളും പുരുഷന്മാരും തുല്യ അവകാശങ്ങളില്‍ ആനന്ദഭരിതരായിത്തീരും.

എല്ലാ സാമൂഹ്യബന്ധങ്ങളിലും ഉല്‍പ്പാദനക്രമങ്ങളിലും പുതിയൊരു അഴിച്ചുപണി ഇതിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയെ ഉന്മൂലനം ചെയ്തുകൊണ്ടു മാത്രമേ സ്ത്രീപദവിയെ വികസിതമാക്കിത്തീര്‍ക്കാനാവു.” അതോടൊപ്പം സ്ത്രീകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകത്താകമാനമുള്ള പുരുഷന്മാര്‍ തങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും സ്ത്രീകള്‍ക്കനുകൂലമായി വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ടെന്നും സന്‍കാര ആഹ്വാനം ചെയ്യുന്നുണ്ട്.

വലിയ പരിവര്‍ത്തനങ്ങളുടെയും മാറ്റങ്ങളുടെയും വേദിയായിത്തീരേണ്ട പ്രധാനപ്പെട്ട സാമൂഹ്യഇടങ്ങളിലൊന്ന് വീടാണെന്നും സന്‍കാര എടുത്തുപറയുന്നുണ്ട്. ഗാര്‍ഹികാധ്വാനത്തിന്‍റെ ലിംഗപരമായ വീതംവയ്ക്കലിനെ അതിനിശിതമായി സന്‍കാര എതിര്‍ക്കുന്നു. ലിംഗ അസമത്വത്തെ പുനരുല്പ്പാദിപ്പിക്കുന്നതില്‍ സാമ്പ്രദായികമായ ഇത്തരം കുടുംബഘടനയ്ക്കുള്ള പങ്കിനെക്കുറിച്ചും സന്‍കാര വിശദീകരിക്കുന്നുണ്ട്. സന്‍കാര പറയുന്നു: “പിതാവിന്‍റെ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും അടിത്തറയിലാണ് പുരുഷാധിപത്യ കുടുംബങ്ങള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ആ പിതാവാണ് കുടുംബത്തിന്‍റെ തലവന്‍. ഈ കുടുംബഘടനയ്ക്കുള്ളിലാണ് സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നത്. ഗാര്‍ഹികാധ്വാനത്തിന് ഒരു പ്രതിഫലവും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ‘ഹൗസ് വൈഫ്’ എന്ന വട്ടത്തിലൊതുക്കി അവളെ വീട്ടിനുള്ളില്‍ ഒതുക്കുകയാണ്. ‘ഹൗസ് വൈഫ്’ എന്നാല്‍ ജോലിയില്ലാത്തവളെന്നാണ് വ്യാഖ്യാനം…യഥാര്‍ഥത്തില്‍ പതിനായിരക്കണക്കിന് മണിക്കൂറുകളാണ് വീട്ടിനുള്ളിലെ ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ക്കായി അവള്‍ വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.”

സ്ത്രീകളുടെ വിമോചനപരിപ്രേക്ഷ്യത്തെ വാക്കുകളില്‍ മാത്രം ഒതുക്കുകയല്ല സന്‍കാര ചെയ്തത്. വിപ്ലവ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഘട്ടം മുതല്‍തന്നെ പ്രയോഗത്തിന്‍റെ വിശാലതയിലേയ്ക്ക് സ്ത്രീപ്രശ്നത്തെ പരിവര്‍ത്തിപ്പിക്കാനുള്ള തീക്ഷ്ണമായ പരിശ്രമങ്ങളും അവര്‍ ആരംഭിച്ചിരുന്നു. എല്ലാവര്‍ഷവും സെപ്തംബര്‍ 22-ാംതീയതി വീട്ടമ്മമാരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ ദിനമായി (“The Day of Solidarity with housewives”) ആചരിക്കാന്‍ 1984ല്‍ വിപ്ലവസര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട്. കുട്ടികളെ നോക്കലും ആഹാരം ഒരുക്കലും മറ്റ് വീട്ടുജോലികളും പുരുഷന്മാര്‍കൂടി ചെയ്യണമെന്ന് ആഹ്വാനം ചെയ്യപ്പെട്ടു. “സ്ത്രീകളുടെ വീട്ടുജോലി”യെ ജോലി എന്ന ഗണത്തിലുള്‍പ്പെടുത്തി പൊതു അംഗീകാരത്തിലെത്തിക്കാനും വിപ്ലവസര്‍ക്കാര്‍ പരിശ്രമിച്ചു.

സന്‍കാരയുടെ ആരോഗ്യ, വിദ്യാഭ്യാസ, കുടുംബകാര്യ നയസമീപനങ്ങളും ലിംഗസമത്വത്തെ പ്രോജ്ജ്വലിപ്പിക്കുന്നതായിരുന്നു. ഭരണത്തിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ കുടുംബകാര്യമന്ത്രാലയം (The Ministry of Family Development) എന്നൊരു വകുപ്പിന് ബര്‍ക്കിനോഫാസോയില്‍ തുടക്കമിട്ടു. വിമന്‍സ് യൂണിയന്‍ ഓഫ് ബര്‍ക്കിനോ എന്നൊരു സംഘടനയും രൂപീകരിച്ചു. ബര്‍ക്കിനോയിലെ സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ചും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളെക്കുറിച്ചും ബോധവതികളാക്കിത്തീര്‍ക്കലായിരുന്നു ഇതിലൂടെ സന്‍കാര ലക്ഷ്യമിട്ടത്. ബഹുഭാര്യാത്വ സ്ത്രീധന സമ്പ്രദായങ്ങളെ നിരോധിച്ചു.

നിര്‍ബന്ധിതവിവാഹത്തെയും പെണ്‍കുട്ടികളുടെ ചേലാകര്‍മത്തെയും ഇല്ലായ്മ ചെയ്തു. വിധവകള്‍ക്കും അനാഥകള്‍ക്കും സ്വത്തവകാശം ഉള്‍പ്പെടെയുള്ള പുതിയ അവകാശങ്ങള്‍ ഉറപ്പുവരുത്തി. സ്ത്രീകളുടെ വിദ്യാഭ്യാസം യഥാര്‍ത്ഥ്യമാക്കി മാറ്റിത്തീര്‍ത്തു. സ്കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി പരിഗണിക്കുന്നതിനുള്ള ഇടെപലുകള്‍ നടത്തി. വിദ്യാഭ്യാസത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്ല്യ അവകാശങ്ങള്‍ ഉറപ്പുവരുത്തി. വിദ്യാഭ്യാസത്തെ ഒരു വിമോചനപ്രക്രിയയായി വാര്‍ത്തെടുത്തു. സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ഉറപ്പാക്കുകയും ചെയ്തു. നിരക്ഷരത തുടച്ചുനീക്കേണ്ടത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും അനിവാര്യമാണെന്നും സന്‍കാര കണ്ടു. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളുമായി സന്‍കാര നിരന്തരം സംസാരിക്കുമായിരുന്നു…! ബര്‍ക്കിനോഫാസോയിലെ എല്ലാ ഭൗതികമായ വികസനപദ്ധതികളിലും സ്ത്രീകളുടെ പങ്കാളിത്തം വിപ്ലവസര്‍ക്കാര്‍ കൃത്യമായി ഉറപ്പുവരുത്തിയിരുന്നു എന്നതും അതീവശ്രദ്ധേയമാണ്. ഇതിനെക്കുറിച്ച് തോമസ് സന്‍കാര പറഞ്ഞതിങ്ങനെയാണ്: “സ്ത്രീകളുടെ പ്രാതിനിധ്യവും പങ്കാളിത്തവുമില്ലാത്ത ഒരു വികസനപദ്ധതി ആവിഷ്കരിക്കുകയെന്നാല്‍, നിങ്ങളുടെ പത്തുവിരലുകളില്‍ നാലെണ്ണം മാത്രം ഉപയോഗിക്കുന്നതിന് സമാനമാണ്.” വിപ്ലവസര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്യുകയും എല്ലാ മന്ത്രിസഭയിലും ഏറ്റവും കുറഞ്ഞത് അഞ്ച് വനിതാമന്ത്രിമാരെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന, വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു. ഇങ്ങനെ രാഷ്ട്രീയമായും രാഷ്ട്രീയേതരവുമായ വിവിധ ഇടങ്ങളിലേയ്ക്കുള്ള സ്ത്രീകളുടെ പങ്കാളിത്തത്തെ കേവലം എണ്ണംകാട്ടലായിട്ടല്ല; മറിച്ച് സ്ത്രീ വിമോചനത്തിന്‍റെ അടിസ്ഥാനപരമായ കാല്‍വയ്പുകളായിട്ടാണ് തോമസ് സന്‍കാര നോക്കിക്കണ്ടത്.

ഇത്തരത്തില്‍ സ്ത്രീ വിമോചനത്തെ മുന്നണിയില്‍നിര്‍ത്തിക്കൊണ്ട് തോമസ് സന്‍കാരയും സഖാക്കളും വലിയൊരു വിപ്ലവമുന്നേറ്റത്തിനായിരുന്നു ബര്‍ക്കിനോഫാസോയില്‍ ചോര നീരാക്കി പണിയെടുത്തുകൊണ്ടിരുന്നത്. എല്ലാ തരത്തിലുള്ള ചൂഷണങ്ങളെയും അവസാനിപ്പിച്ച് ഒരു പുതുലോകം പണിതുയര്‍ത്തലായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ സാമ്രാജ്യത്വത്തിനും ഫ്രഞ്ച് കൊളോണിയല്‍ ശക്തികള്‍ക്കും ഇത് സഹിക്കുമായിരുന്നില്ല. അങ്ങനെയവര്‍ 1987 ഒക്ടോബര്‍ 15ന് ആ വിപ്ലവ ഗവണ്‍മെന്‍റിനെ അട്ടിമറിക്കുകയും തോമസ് സന്‍കാരയെ വധിക്കുകയും ചെയ്തു.

“വിപ്ലവകാരികളെ വ്യക്തികളെന്ന നിലയില്‍ വധിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവരുടെ ആശയങ്ങളെ ആര്‍ക്കും കൊല്ലാനാവില്ല” എന്ന തോമസ് സന്‍കാരയുടെ വാക്കുകളും പ്രവൃത്തിയും വിമോചനത്തിനായി പൊരുതുന്ന എല്ലാ മനുഷ്യരിലും ആവേശത്തോടെ ഇപ്പോഴും കത്തിജ്വലിച്ചുനില്‍ക്കുകയാണ്. ആശയങ്ങളെ ഒരിക്കലും കൊല്ലാനാവില്ലെന്ന ചരിത്രയാഥാര്‍ഥ്യത്തിന്‍റെ സാക്ഷാത്ക്കാരംകൂടിയായി സ്ത്രീവിമോചനത്തെയും വിപ്ലവത്തെയും കുറിച്ചുള്ള തോമസ് സന്‍കാരയുടെ വാക്കുകളുടെ ഈ പുസ്തകം നമ്മുടെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. മുപ്പത്തിയേഴാമത്തെ വയസ്സില്‍ രക്തസാക്ഷിയായിത്തീര്‍ന്ന തോമസ് സന്‍കാരയെന്ന വിപ്ലവത്തിന്‍റെ തീനാമ്പിനെ കൂടുതല്‍ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനും വീണ്ടെടുക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ പുസ്തകത്തിലൂടെ ഇപ്പോള്‍ കൈവന്നിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധതയുടെയും വിപ്ലവത്തിന്‍റെയും സ്ത്രീ വിമോചനത്തിന്‍റെയും കത്തിജ്വലിക്കുന്ന ആ പ്രതീകത്തെ പുതിയ കാലഘട്ടത്തിന്‍റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് വീണ്ടെടുക്കുക എന്നത് ചരിത്രത്തോടുള്ള നീതിപുലര്‍ത്തല്‍ കൂടിയാണ്. ആ അര്‍ഥത്തില്‍ ഈ പുസ്തകത്തിന്‍റെ വായനയും പ്രചാരണവും വലിയൊരു രാഷ്ട്രീയപ്രവര്‍ത്തനവും കൂടിയായി മാറിത്തീരും.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular