ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിന് ബലം പകരുന്നതാണ് ശിവസേനയിലെ തര്‍ക്കത്തിന് തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ്. ശിവസേന എന്ന പേരും ആ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് ഇക്കഴിഞ്ഞ 17ന് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച കേസില്‍ 21 മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരിക്കെ, തിരഞ്ഞെടുപ്പു കമ്മീഷന്‍ തിടുക്കത്തില്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് അസാധാരണമാണെന്ന് നിയമവിദഗ്ധര്‍ പലരും ചൂണ്ടിക്കാട്ടുന്നു.
ശിവസേനയ്ക്ക് ആകെ 56 എംഎല്‍എമാര്‍ ഉള്ളതില്‍ 40 പേരും 19 എംപിമാരുള്ളതില്‍ 13 പേരും തങ്ങള്‍ക്കൊപ്പമാണ് എന്ന ഷിന്‍ഡെ പക്ഷത്തിന്‍റെ വാദം മുഖവിലയ്ക്കെടുത്താണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഈ ജനപ്രതിനിധികളുടെ എണ്ണം കണക്കാക്കി വോട്ടിങ് ശതമാനവും കണക്കാക്കുക എന്ന ലളിതവത്കരണത്തിലൂടെയാണ് കമ്മീഷന്‍ തീര്‍പ്പുകല്‍പ്പിച്ചത്. എന്നാല്‍ അവിഭക്ത ശിവസേനയുടെ മഹാഭൂരിപക്ഷം അണികളും വോട്ടര്‍മാരും തങ്ങള്‍ക്കൊപ്പമാണ് എന്നാണ് താക്കറെ പക്ഷത്തിന്‍റെ വാദം.
ഉദ്ധവ് താക്കറെ പക്ഷത്തിന് ശിവസേന എന്ന പേരുപയോഗിക്കാന്‍ കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്. ചിഞ്ച്വാഡ്, കസബപെട്ട് എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ അടുത്തിടെ ഉപതിരഞ്ഞെടുപ്പ് നടക്കും. അവിടങ്ങളില്‍ മത്സരിക്കുന്ന താക്കറെ പക്ഷത്തിന് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചിട്ടുമുണ്ട്.
ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചു. അതേസമയം ചിഹ്നത്തിന്‍റെ കാര്യത്തില്‍ മാത്രമേ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉത്തരവായുള്ളൂ എന്നും ശിവസേനയുടെ പാര്‍ട്ടി ഓഫീസുകള്‍ക്കോ മറ്റു സ്വത്തുക്കള്‍ക്കോ ബാങ്ക് അക്കൗണ്ടുകള്‍ക്കോ അതുബാധകമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
1966ല്‍ ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന രൂപീകരിക്കപ്പെട്ടതിനുശേഷം പല പുറത്താക്കലുകളും പിളര്‍പ്പുകളും ആ പാര്‍ട്ടി നേരിട്ടിട്ടുണ്ട്. എന്നാല്‍ ആ പാര്‍ട്ടിയെയും അവരുടെ അണികളെയും സംബന്ധിച്ച് അഭിമാനമായി കണക്കാക്കുന്ന അമ്പും വില്ലും എന്ന ചിഹ്നം ഇതേവരെ നഷ്ടപ്പെട്ടിട്ടില്ല. ബാല്‍ താക്കറെ മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു ആ പാര്‍ട്ടിയുടെ അവസാനവാക്ക്, താക്കറെയുടെ കാലശേഷം മകന്‍ ഉദ്ധവ് താക്കറെയും.
പല തിരഞ്ഞെടുപ്പുകളെയും നിര്‍ണായകമായി സ്വാധീനിച്ച ശിവസേന 1995ല്‍ ബിജെപി സഖ്യത്തിന്‍റെ പിന്തുണയോടെ അധികാരത്തിലെത്തി. പിന്നീട് പല തവണ അധികാരം നഷ്ടപ്പെടുകയും നേടുകയും ചെയ്ത ശിവസേന 2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടതിനുശേഷമാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. മുന്‍ധാരണ അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ് അവരുമായുള്ള ബന്ധം ശിവസേന ഉപേക്ഷിച്ചത്.
ബിജെപിക്ക് നിയമസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവര്‍ണര്‍, ബിജെപി നേതാവ് ദേവേന്ദ്ര അര്‍ദ്ധരാത്രിയില്‍ സത്യപ്രതിജ്ഞ ചെയ്യിച്ചതും ഭൂരിപക്ഷമില്ലാതെ നാണം കെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിസഭയ്ക്ക് രാജിവയ്ക്കേണ്ടി വന്നതും സമീപകാലചരിത്രത്തിലെ കളങ്കിതമായ അധ്യായമാണ്.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ മഹാസഖ്യം തുടര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചു. 2022 ജൂണില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ ബിജെപി വലയിലാക്കി. ശിവസേനയെ നെടുകെ പിളര്‍ത്തി. 56 എംഎല്‍എമാരില്‍ 40 പേര്‍ ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നതോടെ ബിജെപി-ഷിന്‍ഡെ കൂട്ടുകെട്ടിന് നിയമസഭയില്‍ ഭൂരിപക്ഷമായി. പിന്നീട് മന്ത്രിസഭാ രൂപീകരണം വായുവേഗത്തിലാക്കാന്‍ ഗവര്‍ണര്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം ഷിന്‍ഡെയ്ക്ക് നല്‍കിയെങ്കിലും ആഭ്യന്തരം, ധനകാര്യം, പ്ലാനിങ്, നിയമം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഫഡ്നാവിസാണ്.
താക്കറെ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അമ്പും വില്ലും എന്ന ചിഹ്നം നഷ്ടമായത് കനത്ത ആഘാതമാണ്. നിര്‍ണായകമായ പല മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളും നടക്കാനിരിക്കുന്നതേയുള്ളൂ.
അതിനിടയില്‍ ശിവസേനയെ പിളര്‍ത്തിയതിന്‍റെയും ചിഹ്നം നഷ്ടമാക്കിയതിന്‍റെയും പിന്നില്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നു എന്ന ആരോപണവുമായി താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് രംഗത്തുവന്നു. എംപിമാരെയും എംഎല്‍എമാരെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരെയും വിലയ്ക്കു വാങ്ങാനും ഈ പണം ഉപയോഗിച്ചുവെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്തുകൊണ്ട് റാവത്ത് നടത്തിയ ട്വിറ്റില്‍ പറയുന്നത്.
കുതിരകച്ചവടത്തിലൂടെ ജനവിധിയെ അട്ടിമറിക്കുകയും എങ്ങനെയും അധികാരം പിടിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ അജന്‍ഡ മഹാരാഷ്ട്രയിലും അവര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണര്‍ സ്ഥാനവും സ്പീക്കര്‍ സ്ഥാനവും ഉള്‍പ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതില്‍ ഏതറ്റംവരെ ആ പാര്‍ട്ടി പോകും എന്നതിന്‍റെകൂടി തെളിവാണിത്.♦