പ്രശസ്ത പത്രപ്രവര്‍ത്തകനായ ജോര്‍ജ് മോണ്‍ബയോട്ട് രചിച്ച ‘Out of the Wreckage’ എന്ന ഗ്രന്ഥത്തില്‍ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടനില്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളുടെ തുടക്കത്തെക്കുറിച്ചു പറയുന്നുണ്ട്. 1975 ല്‍ യാഥാസ്ഥിതിക കക്ഷിയുടെ ഒരു യോഗം നടക്കുകയായിരുന്നു. താച്ചറായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്. ഒരു നേതാവ്, തങ്ങളുടെ പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങളെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. അപ്പോള്‍ താച്ചര്‍ തന്‍റെ ബാഗ് തുറന്ന് ‘The Constitution of Liberty’ എന്ന ഫ്രെഡറിക് ഹായെക്കിന്‍റെ പുസ്തകത്തിന്‍റെ ഒരു പഴകിയ കോപ്പിയെടുത്ത് മേശപ്പുറത്തു വച്ചിട്ടു പറഞ്ഞു: ‘ഇതാണ് നമ്മള്‍ വിശ്വസിക്കുന്നത്.’ ലോകത്ത് നവലിബറലിസത്തിന്‍റെ തേരോട്ടം അവിടെ നിന്ന് തുടങ്ങുന്നു.
നവലിബറല്‍ മുതലാളിത്തത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ ഫ്രെഡറിക് ഹായെക് ഇീിശെേൗശേേീി ീള ഘശയലൃ്യേ യില്‍ വരച്ചിട്ടിട്ടുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യം, സാര്‍വത്രികമായ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ സമത്വം, സാമൂഹ്യ സുരക്ഷ, സമ്പത്തിന്‍റെ പുനര്‍ വിതരണം തുടങ്ങിയ എല്ലാ സങ്കല്പങ്ങളെയും ഹായെക് നിഷേധിക്കുന്നു. അവയെല്ലാം സമ്പത്തിന്‍റെ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നതും സമ്പത്ത് ഉല്പാദിപ്പിക്കുവാനുള്ള ധനാഢ്യരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. ധനികരുടെ സ്വാതന്ത്ര്യം സമ്പൂര്‍ണ്ണമായിരിക്കണം. അതേ സമയം ജനാധിപത്യം എന്നത് ആത്യന്തികമോ സമ്പൂര്‍ണ്ണമോ ആയ ഒരു മൂല്യമല്ല എന്ന് ഹായെക് വാദിക്കുന്നു. ഈ തത്വശാസ്ത്രമാണ് താന്‍ നടപ്പാക്കുന്നത് എന്നാണ് താച്ചര്‍ പറഞ്ഞത്. 1979 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഹായെക്കിന്‍റെ സിദ്ധാന്തങ്ങള്‍ വളരെ കൃത്യമായി താച്ചര്‍ നടപ്പിലാക്കി. സമ്പന്നര്‍ക്ക് വലിയ നികുതിയിളവുകള്‍ നല്‍കി. ട്രേഡ് യൂണിയനുകളെ അമര്‍ച്ച ചെയ്തു. സ്വകാര്യ മൂലധനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതികളും സബ്സിഡികളും നിര്‍ത്തലാക്കി. എല്ലാ മേഖലകളില്‍ നിന്നും ഗവണ്മെന്‍റ് പിന്മാറി. 1980 ല്‍ അമേരിക്കയില്‍ റൊണാള്‍ഡ് റെയ്ഗന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതേ നയങ്ങളാണ് നടപ്പാക്കിയത്. അതോടെ നവലിബറലിസം കൂടുതല്‍ ശക്തമായി. 1991 ല്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയും സോഷ്യലിസത്തിനേറ്റ തിരിച്ചടിയും കൂടിയായപ്പോള്‍ നവലിബറലിസത്തിന്‍റെ ആധിപത്യം പൂര്‍ണ്ണമായി.
1991 ലാണ് ഇന്ത്യയില്‍, നരസിംഹ റാവുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്മെന്‍റ് നവലിബറല്‍ നയങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്മെന്‍റിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹായത്തോടു കൂടി വളര്‍ന്നു വന്ന ഇന്ത്യന്‍ ബൂര്‍ഷ്വാസിയും അവരുടെ മാധ്യമങ്ങളും ഈ നയങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. ഐഎംഎഫിന്‍റെയും ലോക ബാങ്കിന്‍റെയും നിബന്ധനകള്‍ക്കു വഴങ്ങി വലിയ വായ്പ സ്വീകരിക്കുകയും മൂലധന ശക്തികള്‍ക്കു വേണ്ടി ഇന്ത്യന്‍ സമ്പദ്ഘടനയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കൊടുക്കുകയും ചെയ്തു. കങഎ ലോക ബാങ്ക് WTO നിര്‍ദ്ദേശങ്ങള്‍ അനുസരണയോടെ ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കി. പൊതു മേഖലയുടെ സ്വകാര്യവല്‍ക്കരണം, കാര്‍ഷികവ്യാവസായിക, സേവന രംഗങ്ങളില്‍ നിന്നുള്ള ഗവണ്മെന്‍റിന്‍റെ പിന്മാറ്റം, സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറക്കല്‍, പൊതുവിതരണ സമ്പ്രദായം തകര്‍ക്കല്‍, വില നിയന്ത്രണങ്ങള്‍ എടുത്തു കളയല്‍, ധനമൂലധനത്തിന് ഇന്ത്യന്‍ കമ്പോളത്തിലേക്ക് യഥേഷ്ടം കടന്നു വരാനുള്ള വഴിയൊരുക്കല്‍ തുടങ്ങി മൂലധന ശക്തികള്‍ ആവശ്യപ്പെട്ട എല്ലാ പരിഷ്കാരങ്ങളും ഗവണ്മെന്‍റ് നടപ്പാക്കി. 1991 ല്‍ കോണ്‍ഗ്രസ് ഗവണ്മെന്‍റ് തുടങ്ങി വച്ച പരിഷ്കാരങ്ങള്‍ കൂടുതല്‍ തീവ്രമായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. നവലിബറലിസം വഴിയൊരുക്കുന്ന ശിങ്കിടി മുതലാളിത്തത്തിലേക്ക് (രൃീി്യ രമുശമേഹശാെ) അത് വളര്‍ന്നിരിക്കുന്നു.
മുതലാളി വര്‍ഗ്ഗത്തിനു വേണ്ടി നടപ്പാക്കുന്ന നയങ്ങളുടെ ഫലമായി രാജ്യത്ത് അസമത്വം വലിയ തോതില്‍ വളരുകയാണ്. തൊഴിലെടുക്കുന്ന മനുഷ്യരുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുമ്പോള്‍ ശതകോടീശ്വരരുടെ എണ്ണവും അവരുടെ സമ്പത്തും അസാധാരണമായ തോതില്‍ കൂടുകയാണ്. പ്രമുഖ ധനശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലുക്കാസ് ചന്‍സലും ചേര്‍ന്ന് 2021 ല്‍ തയ്യാറാക്കിയ India Inequality റിപ്പോര്‍ട്ട്, ഇന്ത്യയില്‍ ഇന്‍കം ടാക്സ് നിയമം നിലവില്‍ വന്ന 1922 മുതലുള്ള വരുമാനത്തിന്‍റെ വിതരണത്തെക്കുറിച്ചു പറയുന്നുണ്ട്. 1930 കളില്‍ ദേശീയ വരുമാനത്തിന്‍റെ 21 % ല്‍ താഴെ ആയിരുന്നു ഏറ്റവും സമ്പന്നമായ 1% ന് ലഭിച്ചിരുന്നത്. 1980 ആയപ്പോള്‍ ഇത് 6% ആയി കുറഞ്ഞു. 1951 80 കാലയളവില്‍ താഴെ തട്ടിലുള്ള 50 ശതമാനത്തിന്‍റെ വരുമാനം ആകെ ദേശീയ വരുമാനത്തിന്‍റെ 28% ആയിരുന്നു. എന്നാല്‍ സമ്പദ് ഘടന സമ്പൂര്‍ണ്ണമായി തുറന്നു കൊടുത്തതോടെ ഈ വരുമാന വിതരണത്തില്‍ വലിയ മാറ്റമുണ്ടായി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021 ല്‍ മുകളിലുള്ള 10 % ആകെ വരുമാനത്തിന്‍റെ 57% കരസ്ഥമാക്കി. മുകളിലുള്ള 1%, ആകെ വരുമാനത്തിന്‍റെ 22% കരസ്ഥമാക്കി. അതേ സമയം താഴെ തട്ടിലുള്ള 50 % ന്‍റെ വരുമാനം 13% മാത്രമായി ചുരുങ്ങി.
സാമൂഹ്യാസമത്വവും വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഓക്സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഇന്ത്യന്‍ സമ്പത്തിന്‍റെ 77% കൈവശം വച്ചിട്ടുള്ളത് ഏറ്റവും സമ്പന്നരായ 10% ആണ് എന്നാണ്. 2017 ല്‍ ഇന്ത്യയില്‍ ഉല്പാദിപ്പിച്ച സമ്പത്തിന്‍റെ 73% ലഭിച്ചത് ഉയര്‍ന്ന 1% ആളുകള്‍ക്കാണ്. 1991 ല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഡോളര്‍ ശതകോടീശ്വരന്മാര്‍ 2 ആയിരുന്നു. ഇന്ന് അത് 142 ആണ് . 2020-21 ല്‍ , കോവിഡ് കാലത്ത് 84% കുടുംബങ്ങളുടെയും വരുമാനം കുത്തനെ കുറഞ്ഞപ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 102 ല്‍ നിന്ന് 142 ആയി വര്‍ദ്ധിച്ചു. 4.6 കോടി ഇന്ത്യക്കാര്‍ ദരിദ്രരുടെ പട്ടികയിലേക്കു ചേര്‍ന്നപ്പോള്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23.14 ലക്ഷം കോടി രൂപയില്‍ നിന്ന് 53.16 ലക്ഷം കോടിയായി വളര്‍ന്നു. ആഗോള വിശപ്പ് സൂചികയില്‍ (Global Hunger Index) 2014 ല്‍ 55ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 ല്‍ 107ാം സ്ഥാനത്തായി. പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാഷ്ട്രങ്ങള്‍ ഇന്ത്യയേക്കാള്‍ മുകളിലാണ്. ഇന്ത്യയ്ക്കു പിന്നിലുള്ള ഏക ദക്ഷിണേഷ്യന്‍ രാഷ്ട്രം അഫ്ഗാനിസ്ഥാന്‍ ആണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. വിശപ്പു സൂചികയില്‍ ഇന്ത്യക്കു പിന്നിലായി ചാഡ്, കോംഗോ, മഡഗാസ്കര്‍ , യെമന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. നവലിബറല്‍ സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹ്യ ദുരന്തത്തിന്‍റെ വ്യാപ്തി ഈ കണക്കുകളില്‍ നിന്നു വ്യക്തമാണ്.
1991 ല്‍ ആരംഭിച്ച നവലിബറല്‍ നയങ്ങളുടെ ദുരന്തപൂര്‍ണ്ണമായ പ്രത്യാഘാതം ഏറ്റുവാങ്ങിയത് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. മൂലധന ശക്തികളുടെ നിര്‍ദ്ദേശമനുസരിച്ച് ധനക്കമ്മി നികത്തുന്നതിനുള്ള ഗവണ്മെന്‍റിന്‍റെ പ്രധാനപ്പെട്ട മാര്‍ഗ്ഗം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലായിരുന്നു. നാളിതു വരെയായി പൊതുമേഖലാ ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ 5,62,140 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന്‍റെ 72% തുകയും 2014 നു ശേഷമാണ് സമാഹരിച്ചത്. പൊതുമേഖലാ ബാങ്ക് ഇന്‍ഷുറന്‍സ് ഓഹരി വിറ്റഴിക്കലിന്‍റെ കണക്ക് ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ല തൊഴില്‍ ദാതാക്കളായിരുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നത് ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തിയിരുന്നത് ഈ സ്ഥാപനങ്ങളായിരുന്നു. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ വന്നതോടു കൂടി നിയമനങ്ങള്‍ നിലച്ചു. ഇന്ന് ആവശ്യമുള്ളതിനേക്കാള്‍ എത്രയോ കുറവ് ജീവനക്കാരെ വച്ചുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. Industrial Employment Act (Standing Orders) 1946 ഭേദഗതി ചെയ്തതോടെ ഏതു സ്ഥാപനത്തിനും ഹ്രസ്വ കാലത്തേക്കു മാത്രം ജീവനക്കാരെ നിയമിച്ചാല്‍ മതി എന്നായി. സ്ഥിരം ജോലി എന്ന സംവിധാനം ഗവണ്മെന്‍റ് നിര്‍ത്തലാക്കിയിരിക്കുന്നു. ഇജടഋ സര്‍വേ പ്രകാരം 2011 ല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 16,85,966 ജീവനക്കാര്‍ ഉണ്ടായിരുന്നു. അതില്‍ 2,87,653 ജീവനക്കാര്‍ കാഷ്വല്‍ കരാര്‍ തൊഴിലാളികളായിരുന്നു. അതായത് 17%. 2021 ല്‍ ആകെ ജീവനക്കാരുടെ എണ്ണം 1372069 ആയി കുറഞ്ഞു. അതില്‍ കാഷ്വല്‍ കരാര്‍ ജീവനക്കാര്‍ 5,10,768. അതായത് 37%. എന്നാല്‍ ആകെ ജീവനക്കാരില്‍ 332714 പേര്‍ എക്സിക്യൂട്ടീവ് സൂപ്പര്‍വൈസറി തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. അതു കഴിച്ചാല്‍ skilled-unskilled ജോലിക്കാരില്‍ പകുതിയോളം കരാര്‍ തൊഴിലാളികളാണ്. ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങി മറ്റ് സേവന മേഖലകളിലും ഇതു തന്നെയാണവസ്ഥ. രാജ്യത്തെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിനുള്ള ഒരു പ്രധാന കാരണം പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണവും ഓഹരി വിറ്റഴിക്കലും അതിന്‍റെ ഭാഗമായി അവിടെ നിലനില്‍ക്കുന്ന നിയമന നിരോധവുമാണ്. മൂന്നു ദശകത്തെ നവലിബറല്‍ പരിഷ്കാരങ്ങള്‍ തൊഴില്‍ മേഖലയിലുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം അതി ഭീകരമാണ്.
ധനക്കമ്മി കുറയ്ക്കുന്നതിന് മോദി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള മാര്‍ഗ്ഗമാണ് NMP- National Monetisation Pipeline. പൊതുസ്വത്തുക്കള്‍ വിറ്റ് പണം കണ്ടെത്തുന്ന ഏര്‍പ്പാടാണത്. 2016 ല്‍ നോട്ട് അസാധുവാക്കല്‍ ആണ് നടപ്പാക്കിയതെങ്കില്‍ 5 വര്‍ഷത്തിനു ശേഷം മോദി മൊണെറ്റൈസേഷനാണ് നടപ്പാക്കുന്നത്. ഈയിടെ വന്ന നോട്ട് നിരോധനം സംബന്ധിച്ച സുപ്രീം കോടതി വിധി, നോട്ട് നിരോധനത്തിന്‍റെ സാമൂഹ്യ പ്രത്യാഘാതങ്ങളോ തൊഴിലുകളിലും സമ്പത്ത് വ്യവസ്ഥയിലുണ്ടാക്കിയ തകര്‍ച്ചയും പരിശോധിച്ചില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. എന്നാല്‍ നോട്ട് നിരോധനത്തിനെ പൂര്‍ണ്ണമായും നിരാകരിക്കുന്ന ഭിന്നാഭിപ്രായ വിധി പുറത്ത് വരികയുണ്ടായി. ഭൂരിപക്ഷ വിധി ആ നടപടിയുടെ നിയമസാധുതയും സാങ്കേതികതയും മാത്രമായി ചുരുങ്ങി.
രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിടഇടത്തരം വ്യവസായങ്ങള്‍ അതിന്‍റെ ഫലമായി പൂട്ടിപ്പോയി. ലക്ഷക്കണക്കിന് തൊഴിലുകളും നഷ്ടമായി. സമ്പദ്ഘടനയെ ഏറെ ദോഷകരമായി ബാധിക്കുന്ന മറ്റൊരു നടപടിയാണ് NMP . സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ടു നിര്‍മ്മിച്ചിട്ടുള്ള പൊതു ആസ്തികള്‍ ദീര്‍ഘകാലത്തെ പാട്ടത്തിന് സ്വകാര്യ കുത്തകകള്‍ക്കു നല്‍കുന്ന ഏര്‍പ്പാടാണ് NMP. നാഷണല്‍ ഹൈവേയുടെ കീഴിലുള്ള റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്റ്റേഡിയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, യാത്രാ ചരക്ക് തീവണ്ടികള്‍, റെയില്‍ പാതകള്‍, ഗ്യാസ് പൈപ് ലൈനുകള്‍, ഓയില്‍ പൈപ് ലൈനുകള്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെയും സ്വകാര്യ കുത്തകകള്‍ക്ക് തുച്ഛമായ വിലയ്ക്ക് കൈമാറി, അവര്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുന്നതാണ് NMP. റോഡിലൂടെ നടക്കുന്നതിനു പോലും കരം കൊടുക്കേണ്ടി വരുന്ന, പൊതു ആസ്തികള്‍ അവശേഷിക്കാത്ത ഒരു കാലത്തിലേക്ക് നമ്മള്‍ അതിവേഗം നടന്നടുക്കുകയാണ്.
നവലിബറലിസത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്ന് തൊഴിലാളി യൂണിയനുകളെ നിയന്ത്രിക്കുക എന്നതാണ്. ട്രേഡ് യൂണിയനുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന രീതിയില്‍, സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍, മോദി സര്‍ക്കാര്‍, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു. 29 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് 4 കോഡുകളാക്കി മാറ്റി Code on Wages, Code on Social Security, Code on Industrial Relations, Code on Occupational Safety Health and Working Condiions. പാര്‍ലമെന്‍റില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ, ട്രേഡ് യൂണിയനുകളെ വിശ്വാസത്തിലെടുക്കാതെ, അവരുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ട് മോദി ഗവണ്മെന്‍റ് ഈ കോഡുകള്‍ പാസ്സാക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്നതിനും പണിമുടക്കുന്നതിനും ഉള്ള തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുന്നുണ്ട് പുതിയ നിയമങ്ങള്‍. തൊഴില്‍ സമയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ച് നിയമം നിലവില്‍ വന്നിട്ടുണ്ട്. ദശകങ്ങളായി നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ റദ്ദു ചെയ്തു കളയുന്നുണ്ട് പുതിയ കോഡുകള്‍.
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു ശേഷം, നവലിബറല്‍ നയങ്ങള്‍ അടിച്ചേല്പിക്കുന്നതിലൂടെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള തങ്ങളുടെ സമ്പത്ത് കൊള്ള തുടരുകയാണ് മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍. അതിലൂടെ തങ്ങളുടെ രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. എന്നാല്‍ മുതലാളിത്തത്തില്‍ സഹജമായി അന്തര്‍ഭവിച്ചിട്ടുള്ള പ്രതിസന്ധികള്‍ അവരെ വിഷമ വൃത്തത്തിലാക്കുന്നുണ്ട്. 2007 – 08ലെ പ്രതിസന്ധിക്കു ശേഷം വീണ്ടും മുതലാളിത്തം പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്. 1970 കളിലുണ്ടായ പണപ്പെരുപ്പം അമേരിക്കയെയും യൂറോപ്പിനെയും വലയ്ക്കുകയാണ്. ഈ തകര്‍ച്ചയാണ് ഉക്രെയ്ന്‍ റഷ്യ യുദ്ധത്തിലേക്കു നയിച്ചത്. ചൈനയെ ശത്രു സ്ഥാനത്തു നിര്‍ത്താന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതും ഇതേ തകര്‍ച്ച തന്നെയാണ്. എന്നാല്‍ ഇപ്പോഴുള്ള ആഗോള സാമ്പത്തിക തകര്‍ച്ച എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. 2008ലെ സാമ്പത്തിക തകര്‍ച്ച പ്രവചിച്ച , ഡോ. ഡൂം എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന പ്രശസ്ത ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. നൂറിയല്‍ റുബീനി എഴുതിയ ങലഴമ വേൃലമേെ എന്ന പുസ്തകത്തില്‍ പത്ത് ഭീഷണികളെ കുറിച്ച് പറയുന്നുണ്ട്. വായ്പാ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, കൃത്രിമ ബുദ്ധി (AI) മൂലം തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രതിസന്ധി, ആഗോളവല്‍ക്കരണത്തിന്‍റെ തകര്‍ച്ച, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പവും ഉല്പാദന മുരടിപ്പും, നാണയ പ്രതിസന്ധി, അസമത്വം, വളരുന്ന പോപ്പുലിസം (നിയോ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍) മഹാമാരിയും കാലാവസ്ഥാ മാറ്റവും എന്നിവ മറി കടന്നാല്‍ മാത്രമേ ലോകവും മാനവരാശിയും അതിജീവിക്കുകയുള്ളു എന്ന് റുബീനി പറയുന്നു. ഒന്നൊഴിയാതെ ഇവയെല്ലാം നവലിബറലിസത്തിന്‍റെ സംഭാവനകളാണ്.
സോഷ്യലിസം മാത്രമാണ് ബദല്‍. ബദല്‍ നയങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുക. സോഷ്യലിസം മാനവരാശിയുടെ അവകാശമാണ്.♦