ഏറ്റവും ശക്തവും ജനപ്രിയവുമായ മാധ്യമങ്ങളിലൊന്നാണ് ടെലിവിഷൻ. നവമാധ്യമങ്ങളുടെ വരവിനു മുൻപ് ടെലിവിഷൻ തന്നെയായിരുന്നു വിവര ലഭ്യതയുടെയും വിനോദത്തിന്റെയും മുഖ്യ ഉപാധി. എന്നാൽ അത് ശരിയായ വിവരങ്ങൾ നൽകുന്നതിനുപകരം തെറ്റായ വിവരങ്ങൾ നൽകിയാലോ? വിനോദത്തിനുപകരം മാനുഷികമൂല്യങ്ങൾ തന്നെ ഇല്ലാതാക്കുന്നതും മനുഷ്യമനസ്സുകളിൽ അധമവികാരങ്ങൾ ഇളക്കിവിടുന്നതും അത്തരം ചിന്തകളെ ഉത്തേജിപ്പിക്കുന്നതുമായാലോ? ടെലിവിഷനിലൂടെ മനുഷ്യമനസ്സുകളെ ദുഷിപ്പിക്കുകയും മനുഷ്യരെ നിഷ്-ക്രിയരാക്കുകയും ചെയ്യുന്ന ആശയങ്ങൾ വീട്ടകങ്ങളിലേക്ക് കടത്തിക്കൊണ്ടുവരുന്നതിനെതിരെ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഈ ലക്കത്തിലെ ചിന്തയുടെ കവർ സ്റ്റോറി കെെകാര്യം ചെയ്യുന്നത് ഈ വിഷയമാണ്. പ്രേംകുമാർ, ജി പി രാമചന്ദ്രൻ, അഭിരാമി ഇ, ഗായത്രി വർഷ, രാജേഷ് കെ എരുമേലി, നക്ഷത്ര മനോജ് എന്നിവരാണ് ലേഖകർ.
നമ്മുടെ നാട്ടിലേക്ക് ടെലിവിഷൻ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടേയുള്ളൂ. തുടക്കത്തിൽ സർക്കാർ മേഖലയിൽ ദൂരദർശൻ മാത്രമായിരുന്നെങ്കിൽ 1990കളോടെ സ്വകാര്യചാനലുകളുടെ വരവായി. 21–ാം നൂറ്റാണ്ടിന്റെ ആദ്യദശകമായപ്പോൾ സ്വകാര്യചാനലുകളുടെ മലവെള്ളപ്പാച്ചിലായി. 24 മണിക്കൂറും അവതരിപ്പിക്കുന്ന വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കും പുറമേ സമാന്തരമായി വിനോദപരിപാടികളും 24 മണിക്കൂറും വീട്ടകങ്ങളിലേക്കെത്തി ത്തുടങ്ങി.
വിനോദ പരിപാടികളായി അവതരിപ്പിക്കപ്പെടുന്നത് സംഗീതം, നൃത്തം എന്നീ കലാരൂപങ്ങൾക്കുപരിയായി ചലച്ചിത്രങ്ങളും ചലച്ചിത്രങ്ങളിലെ രംഗങ്ങൾ കോർത്തിണക്കിയ ഹാസ്യ പരിപാടികളുമായിരുന്നു തുടക്കത്തിൽ മുന്നിട്ടുനിന്നത്. ഒപ്പം ചെറിയ ചില പരമ്പരകളും ഹ്രസ്വചിത്രങ്ങളും അവതരിപ്പിക്കപ്പെട്ടു തുടങ്ങി. പലതും മികച്ച സാഹിത്യരചനകളുടെ ദൃശ്യാവിഷ്കാരങ്ങളെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ന് അതെല്ലാം പഴങ്കഥയായി മാറിയിരിക്കുന്നു. പാഞ്ചാലിയുടെ ചേല പോലെ ഒരിക്കലും അവസാനമില്ലാത്ത സീരിയലുകൾ ഇരുപത്തിനാല് മണിക്കൂറും ടി വി ചാനലുകളിൽ ഇടംപിടിച്ചിരിക്കുന്നു. അതായത് ദിവസം മുഴുവൻ തുടർച്ചയായി കുടുംബം (എല്ലാവരുമല്ലെങ്കിലും) ടെലിവിഷനുമുന്നിൽ തളച്ചിടപ്പെടുന്ന അവസ്ഥയാണ് ഇതുവഴി സംജാതമായിരിക്കുന്നത്. മാ പ്രസിദ്ധീകരണങ്ങൾ എന്നറിയപ്പെട്ടിരുന്ന ചില വാരികകളുടെ സ്ഥാനത്ത് ഇപ്പോൾ ടെലിവിഷൻ സീരിയലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അച്ചടിക്കപ്പെട്ട് സമൂഹത്തിൽ ജീർണത പരത്തിയിരുന്ന അത്തരം പ്രസിദ്ധീകരണങ്ങളുടെ സ്ഥാനത്ത് അവയേ ക്കാൾ വിഷലിപ്തവും മാരകവുമായ ടെലിവിഷൻ സീരിയലുകൾ ഇടം പിടിക്കുകയാണുണ്ടായത്.
അരാഷ്ട്രീയത, സ്ത്രീവിരുദ്ധത, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ശാസ്ത്ര വിരുദ്ധത, അക്രമങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എന്നിവയെല്ലാം തകർത്താടുന്ന രംഗമായി ഇന്നത്തെ ടെലിവിഷൻ സീരിയലുകൾ അധഃപതിച്ചിരിക്കുന്നുവെന്നതാണ് വസ്തുത. മാനവിക മൂല്യങ്ങളെല്ലാം അന്യമായ ഇടമായിരിക്കുന്നു ടെലിവിഷൻ സീരിയലുകൾ. അനന്തമായി നീളുന്ന പരമ്പരകൾ തന്നെ അതിനുപിന്നിലെ കച്ചവട താൽപര്യം വ്യക്തമാക്കുന്നു.
എന്നാൽ ഒരുപാടാളുകൾ പണിയെടുക്കുന്ന ഇടമെന്ന നിലയിൽ സീരിയലുകൾ നിലനിൽക്കേണ്ടതും ആവശ്യമാണ്. അങ്ങനെ ആ മേഖലയുടെ താൽപര്യം പരിഗണിച്ചാൽ പോലും അവയുടെ ഉള്ളടക്കത്തിൽ പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. അതിന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ മുൻകെെയെടുക്കുകയും ആവശ്യമായ സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവരികയുംവേണം. l