Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിസാംസ്കാരിക ജീവിതത്തിനുമേൽ 
ദയാരഹിതമായി പടരുന്ന വിഷാണുക്കൾ

സാംസ്കാരിക ജീവിതത്തിനുമേൽ 
ദയാരഹിതമായി പടരുന്ന വിഷാണുക്കൾ

പ്രേംകുമാർ (ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി)

സംസ്കാരപഠനം ഇന്ന് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മനുഷ്യജീവിതത്തിന്റെ ആകത്തുകയാണ് സംസ്കാരമെന്ന് റെയ്മണ്ട് വില്യംസും പോരാട്ടത്തിന്റെ സമഗ്രശൈലിയെന്ന് ഇ.പി. തോംസണും സംസ്കാരത്തെ നിർവ്വചിക്കുന്നു. മനുഷ്യവംശം ഇന്നുവരെ നടത്തിയ എല്ലാ മുന്നേറ്റങ്ങളുടെയും ഫലമായി നമ്മുടെ ജീവിതത്തിൽ വന്നുചേർന്നിട്ടുള്ള നന്മകളുടെയും മൂല്യങ്ങളുടെയും പ്രതിഫലനമായാണ് സംസ്കാരത്തെ വ്യാഖ്യാനിക്കാവുന്നത്. വർത്തമാന പത്രങ്ങളും പുസ്തകങ്ങളും ദൃശ്യമാധ്യമങ്ങളുമെല്ലാം സാംസ്കാരിക പരിവർത്തനത്തിന് സഹായിച്ച ഘടകങ്ങളാണ്. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടുള്ള നമ്മുടെ പ്രതികരണം നാം ഇതുവരെ ആർജ്ജിച്ച സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാഖ്യാനിക്കപ്പെടുക. മറ്റെല്ലാ മാധ്യമങ്ങളെയും അപേക്ഷിച്ച് ദൃശ്യമാധ്യമത്തിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്. ടെലിവിഷനു മുന്നിൽ ചെലവിടുന്ന സമയം എത്ര അധികമായാലും സമയനഷ്ടത്തെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. കാരണം, ടെലിവിഷൻ മലയാളിയുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. എന്നാൽ ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്ന എല്ലാ പരിപാടികളും നിലവാരമുള്ളതാണെന്നോ പ്രയോജനകരമാണെന്നോ വിലയിരുത്തുവാൻ കഴിയില്ല. എല്ലാ ചാനലുകളിലും തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന പരിപാടികളെ സംബന്ധിച്ച് നാം ചില പുനർവായനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.

എല്ലാ രംഗത്തും വ്യാജന്മാർ വിലസുന്ന ഈ ആധുനിക കാലത്ത് കലയുടെ ലേബലിൽ വരുന്ന കലാസൃഷ്ടികളും ചിലത് വ്യാജമാണെന്ന് നാം തിരിച്ചറിയണം. ചില ചലച്ചിത്രങ്ങളും നാടകങ്ങളും സാഹിത്യകൃതികളും ടെലിവിഷൻ പരിപാടികളും മറ്റ് സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമൊക്കെ മാരകമായ എൻഡോസൾഫാനെപ്പോലെ സമൂഹത്തിന് അപകടകരമാണ്. എൻഡോസൾഫാൻ ജനിതകപരമായ ശാരീരികവൈകല്യങ്ങളാണുണ്ടാക്കുന്നതെങ്കിൽ, മേല്പറഞ്ഞവ മനുഷ്യനിൽ മാനസികവൈകല്യമുണ്ടാക്കുന്നു. തലമുറകളുടെ ബുദ്ധിയെയും ചിന്തയെയും ഭാവനയെയുമെല്ലാം വികലമാക്കുകയും മുരടിപ്പിക്കുകയും മനസ്സുകളെ വിഷലിപ്തമാക്കുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയാണിവ സൃഷ്ടിക്കുന്നത്. മണ്ണും ജലവും വായുവും അന്തരീക്ഷവും ആഹാരവും മരുന്നും സർവ്വവും വിഷമയമായി, ഇവിടെ ജീവിതം തന്നെ അസാധ്യമായിരിക്കുമ്പോൾ സാംസ്കാരിക വിഷം കൂടി തീണ്ടേണ്ടിവരുന്ന മലയാളിയുടെ ജീവിതം എല്ലാ അർത്ഥത്തിലും തോല്പിക്കപ്പെടുകയാണ്.

വിവര വിനിമയ വിസ്ഫോടനത്തിന്റെ ഇക്കാലത്ത് ടെലിവിഷനും ഇന്റർനെറ്റുമെല്ലാം സർവ്വസാധാരണമാണ്. അവ മനുഷ്യ ജീവിതത്തിൽ വൻ സ്വാധീനമാണ് ചെലുത്തുന്നത്. വാർത്താചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന ക്രൈം ന്യൂസുപോലുള്ള പരിപാടികളിലെ വിവരണങ്ങളും ബീഭത്സമായ ദൃശ്യങ്ങളുമൊക്കെ കുട്ടികളിലും മുതിർന്നവരിലുമുണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്. മറ്റു മാധ്യമങ്ങളിൽനിന്നും വ്യത്യസ്തമായി ടെലിവിഷനും ഇന്റർനെറ്റും എല്ലാ അധികാരങ്ങളോടും സർവ്വസ്വാതന്ത്ര്യത്തോടുംകൂടി നമ്മുടെ വീടുകളിലേക്ക് കയറിവരികയാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് കർശനമായ ഗുണമേന്മാ പരിശോധനകളും നിയന്ത്രണങ്ങളും പരമപ്രധാനമാണ്. അരുതാത്തതൊന്നും കുടുംബത്തിനകത്തേക്ക് കടന്നുവരാൻ അനുവദിച്ചുകൂടാ. നിർഭാഗ്യവശാൽ മലയാളിയുടെ സാംസ്കാരിക ജീവിതത്തിനുമേൽ ദയാരഹിതമായി പടരുന്ന വിഷാണുക്കളായി ഇവ, പ്രത്യേകിച്ചും ചില ടെലിവിഷൻ പരിപാടികൾ നമ്മുടെ സ്വീകരണമുറികളിലേക്ക് അതിക്രമിച്ച് കടക്കുകയാണ്. അഭ്യസ്തവിദ്യരായ ആൾക്കാർ പോലും അത്തരം ചാനൽ പരിപാടികളുടെ ചതിക്കുഴിയിൽ കുടുങ്ങിപ്പോകുന്നു. ഈ സാംസ്കാരിക ജീർണ്ണതയ്ക്ക് അറുതിയില്ലാതെവരുന്നത് അത്യന്തം ഗൗരവത്തോടെ നാം കാണേണ്ടതുണ്ട്.
ഓരോ ദിവസവും ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ നിലവാരം വിലയിരുത്തുമ്പോൾ ജനപ്രിയ ഇനമായ സീരിയലുകളാണ് ഏറ്റവും പിന്നിൽ. മനുഷ്യരുടെ ദുർബലവികാരങ്ങളെ തൊട്ടുണർത്തി പരമാവധി ചൂഷണം ചെയ്യുന്ന തരത്തിലാണ് പല സീരിയലുകളും സൃഷ്ടിക്കപ്പെടുന്നത്. പരസ്യങ്ങളിലൂടെ കോടികൾ കൊയ്യുന്ന ടി വി ചാനലുകളുടെ കച്ചവടതന്ത്രമാണ് ഇതിനു പുറകിൽ വർഷങ്ങളോളം തുടർച്ചയായി സംപ്രേഷണം ചെയ്യപ്പെടുന്നവയാണ് പല സീരിയലുകളും. പ്രേക്ഷകർക്ക് ആ കാലയളവിൽ ശാരീരികവും മാനസികവും സാംസ്കാരികവുമായ വളർച്ചയുണ്ടാകുമെങ്കിലും സീരിയലിലെ കഥാപാത്രങ്ങൾക്ക് കാലമെത്ര കഴിഞ്ഞാലും ഒരു വളർച്ചയുമു ണ്ടാകുന്നില്ല. തുടങ്ങുന്ന കാലത്ത് കഥാപാത്രം പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിൽ വർഷങ്ങൾ കഴിഞ്ഞാലും വിദ്യാഭ്യാസം പത്താം ക്ലാസ്സിൽ തന്നെയായിരിക്കും. കഥാപാത്രങ്ങൾ മാത്രമല്ല കഥയും കഥയിലെ ക്രിയാംശവുമെല്ലാം തുടങ്ങിയിടത്തുതന്നെ നിന്നു ചുറ്റിത്തിരിയുന്നതല്ലാതെ ഒരു വികാസവും പ്രാപിക്കാറില്ല. ആവർത്തനവിരസങ്ങളായ സന്ദർഭങ്ങളും സംഭാഷണങ്ങളും അനുദിനം അരോചകമായി തുടരുന്നു. അഭിനയം എന്നത് നടീനടന്മാർ നിരന്നുനിന്ന് നിർത്താതെ പറയുന്ന കുറേ വർത്തമാനം മാത്രമായി മാറുന്നു. ചതുർവിധാഭിനയത്തിന്റെ സാധ്യതകളൊന്നും സീരിയലുകളിൽ പ്രതീക്ഷിക്കേണ്ടതില്ല.

ഇതുവരെയും പറയാത്ത ഒരു കഥ എന്നൊന്നില്ല. എല്ലാ കഥയും പറഞ്ഞുകഴിഞ്ഞതാണ്. ഓരോ കഥയും പുതിയ പുതിയ രീതികളിൽ ആവിഷ്കരിക്കുന്നു എന്നു മാത്രമേയുള്ളു. എങ്കിലും ഒരു യഥാർത്ഥ (റിയലിസ്റ്റിക്) ജീവിതകഥ ദൃശ്യവൽക്കരിക്കുമ്പോൾ അത് ജീവിതത്തിന്റെ നേർക്കാഴ്ചയാകണം. ജീവിതത്തിന്റെ കലാപരമായ പുനഃസൃഷ്ടിയുമാകണം. യഥാർത്ഥ ജീവിതത്തിന്റെ ഏറ്റവും മികച്ച അനുഭവം നൽകാൻ അതിനു കഴിയണം. ആവിഷ്കൃതമാവുന്ന ജീവിതത്തിന്റെ മാതൃകകൾ ഭൂമിയിൽ എവിടെയെങ്കിലുമുണ്ടാവണം. യഥാർത്ഥമല്ലാത്തതും പൂർണ്ണമായും ഭാവനാസൃഷ്ടമായതുമാണെങ്കിൽക്കൂടി അതിന് കലാപരമായ സത്യത്തിലൂന്നിയുള്ള കാര്യകാരണബന്ധത്തോടുകൂടിയ വിശ്വസനീയതയുടെ ഒരു തലമുണ്ടാകണം. അങ്ങനെയും ഒരു ജീവിതമുണ്ട് അഥവാ ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എന്ന ഒരു വിശ്വാസമെങ്കിലും പ്രേക്ഷകനിൽ ജനിപ്പിക്കാൻ അതിനു കഴിയണം.

പക്ഷേ, ജീവിതത്തിന്റെ യാതൊരു സ്വാഭാവികതയുമില്ലാത്ത കഥകളും കഥാപാത്രങ്ങളും അശ്ലീലവും ദ്വയാർത്ഥവും നിറഞ്ഞ സംസ്കാരരഹിതമായ സംഭാഷണങ്ങളും കൃത്രിമമായ ആവിഷ്കരണങ്ങളുമായുള്ള വെറും കെട്ടുകാഴ്ചകളായാണ് പല സീരിയലുകളും പ്രേക്ഷകനിലേക്കെത്തുന്നത്. ഭൂമിയിലില്ലാത്ത ജീവിതങ്ങൾ… അങ്ങനെ തോന്നിപ്പിക്കുന്ന അസ്വാഭാവികതയും അതിഭാവുകത്വവും അധികമായുള്ള, അതിവൈകാരികതയുടെ അസഹനീയമായ പ്രകടനങ്ങളാണ് പലതും. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അവതരണങ്ങളാണ് ഏറെയും.

ഒരു സാധുപെൺകുട്ടിയോ കുരുന്നു കുഞ്ഞോ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളാണ് പ്രമേയമെങ്കിൽ ആ ക്രൂരതയുടെ ഏറ്റവും പാരമ്യവും കടന്ന് എപ്പിസോഡുകൾ മുന്നോട്ടുപോകും. സാമാന്യജനത്തിന്റെ സകല യുക്തിയെയും പരിഹസിച്ചുകൊണ്ട് അവിശ്വസനീയ തലങ്ങളിലേക്ക് ആ ക്രൂരതയെ വളർത്തി എങ്ങനെയും പ്രേക്ഷകരെ കണ്ണീരണിയിച്ച് റേറ്റിങ്ങിലേക്ക് കുതിക്കുന്നതിനാണ് ചാനലുകളുടെ ശ്രമം. അതിനായി അവരെന്തും ചെയ്യും. കഥാപാത്രങ്ങളെക്കൊണ്ട് എന്തും ചെയ്യിക്കും. സ്ത്രീകഥാപാത്രങ്ങൾ വീട്ടുജോലിക്കാരിയായാലും യജമാനത്തിയായാലും അടുക്കളയിലായാലും ബെഡ്റൂമിലായാലും പറമ്പിലായാലും മരണവീട്ടിലായാലുമൊക്കെ നന്നായി അണിഞ്ഞൊരുങ്ങി സർവ്വാഭരണ വിഭൂഷിതകളായി ഏതോ വലിയ ഒരാഘോഷത്തിൽ പങ്കെടുക്കാനെന്നപോലെയാകും എപ്പോഴും പ്രത്യക്ഷപ്പെടുക. സ്ത്രീവിരുദ്ധ നിലപാടുകളാണ് ഒട്ടുമിക്ക സീരിയലുകളിലും ആവിഷ്കരിക്കപ്പെടുന്നത്. അമ്മായിയമ്മ- മരുമകൾ സംഘട്ടനം, ഒന്നിലധികം സ്ത്രീകൾ ഒരു പുരുഷനെ വശീകരിക്കാൻ നടത്തുന്ന ഹീനമായ ശ്രമങ്ങൾ (പുരുഷൻ വിവാഹിതനായാലും അഞ്ചു കുഞ്ഞുങ്ങളുടെ പിതാവായാലും വശീകരണത്തിന് തടസ്സമാവുന്നില്ല) ഇതൊക്കെ മിക്ക സീരിയലുകളിലും ആവർത്തിക്കപ്പെടുന്നു.

സ്ത്രീകൾ വിശ്വസിക്കാൻ കൊള്ളാത്തവരും മറ്റുള്ളവരെ ചതിക്കുന്നവരും കുടുംബകലഹം ഉണ്ടാക്കുന്നവരുമാണെന്ന സന്ദേശമാണ് ഏതാണ്ടെല്ലാ സീരിയലുകളും നൽകുന്നത്. ഇത്രമേൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വെറും പൈങ്കിളിസ്വഭാവമുള്ളതു കഥാപാത്രങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ വിഡ്ഢികളാക്കുന്നതുമായ പരമ്പരകൾ തുടരാൻ ടെലിവിഷൻ ചാനലുകൾ പരസ്പരം മത്സരിക്കുകയാണ്. അവർ അവകാശപ്പെടുന്ന എല്ലാ മൂല്യബോധത്തിന്റെയും പൊള്ളത്തരവും കാപട്യവുമാണ് അത് വെളിവാക്കുന്നത്. പുരുഷകഥാപാത്രങ്ങൾക്ക് അവിഹിതബന്ധം ഒരലങ്കാരമാണ്. സ്വന്തം മക്കൾ പോലും അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിന്റെ മഹത്ത്വത്തെ വാഴ്ത്തുകയും ചെയ്യുന്നു. സ്ത്രീകഥാപാത്രങ്ങൾക്കും അവിഹിതബന്ധവും അവിഹിത ഗർഭവുമൊക്കെ ഒരു പാപബോധവുമില്ലാതെ അനുവദിക്കപ്പെടുന്നു. വർഷങ്ങളായി കൂടെക്കഴിഞ്ഞാലും കൂടെക്കിടന്നുറങ്ങിയാലും തന്റെ സ്വന്തം കുഞ്ഞിനെ തിരിച്ചറിയാൻ കഴിയാത്ത അമ്മ (അമ്നീഷ്യ ബാധിച്ച അമ്മയൊന്നുമല്ല, നല്ല പ്രജ്ഞയുള്ള അമ്മതന്നെ), അമ്മയെ തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞ്, ഒരിക്കലും ഒന്നും അറിയാൻ കഴിയാത്ത അച്ഛൻ… ഒന്നും തിരിച്ചറിയാൻ കഴിയാതെ മലയാളി ആകെ പകച്ചിരിക്കുകയാണ്.

ഇതൊക്കെ നിരന്തരം കാണുന്ന സാധാരണ പ്രേക്ഷകർ ഇതാണ്, ഇങ്ങനെയാണ്, യഥാർത്ഥ ജീവിതം എന്ന് തെറ്റിദ്ധരിക്കുന്നു. സീരിയലുകളിൽ കാട്ടുന്ന കുന്നായ്മകളും കുശുമ്പും കുതന്ത്രവും കുത്തുവാക്കും കുത്തിത്തിരിപ്പും പൊങ്ങച്ചവും പാരവയ്പും പരദൂഷണവും പീഡനങ്ങളും തുടങ്ങി സർവ്വ അസാന്മാർഗ്ഗിക സംഗതികളും സാന്മാർഗ്ഗികമാണെന്നു ചിന്തിക്കുന്നു. ജീവിതത്തോടുള്ള മനോഭാവവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമൊക്കെ ഈ കാഴ്ചകളുടെ ശീലത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്നു. പുരുഷന്മാരെല്ലാം അവിഹിതക്കാരാണെന്ന് ധരിച്ച് സംശയരോഗികളായി മാറുന്ന സ്ത്രീകളും സ്ത്രീകളെല്ലാം വഴി പിഴച്ചവരാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരുമെല്ലാം ഇങ്ങനെയാണെന്ന് ജീവിതത്തിന്റെ ബാലപാഠങ്ങളായി പഠിക്കുന്ന കുട്ടികളും സമൂഹത്തിൽ വളരെയേറെ വർദ്ധിച്ചിരിക്കുന്നു. ഇന്ന് കുടുംബങ്ങളിൽപ്പോലും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലകളും അരുതായ്മകളും സംഭവിക്കുന്നതിനു പിന്നിൽ ടെലിവിഷൻ കാഴ്ചകളുടെ ശക്തമായ സ്വാധീനമുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ദ്ധർ വിശകലനം ചെയ്യുന്നു. ടെലിവിഷന്റെ അതിപ്രസരം മൂലം ആളുകൾ അക്ഷരങ്ങളിൽനിന്നകലുന്നു. വായനാശീലമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വീടിനുള്ളിലെ മനുഷ്യർ തമ്മിൽ പോലും ആശയവിനിമയവും കൂടിച്ചേരലുമൊക്കെ അനാവശ്യമായി മാറുന്നു. കുടുംബബന്ധങ്ങൾ പോലും ശിഥിലമാകുന്നു.

എന്തും നിരന്തരം ഉപയോഗിച്ചാൽ ഏതു മനുഷ്യനും അതിന് അടിമപ്പെട്ടുപോകും. പിന്നീട് അതൊരുതരം രോഗമായി പരിണമിക്കും. മദ്യവും മയക്കുമരുന്നും ചിലരുടെ സമനില തെറ്റിക്കുന്നതുപോലെ ടി വി സീരിയലുകളും ആളുകളുടെ മനോനില തകർക്കുന്നു. അത്തരത്തിൽ സീരിയൽ ഭ്രാന്ത് ബാധിച്ച നിരവധിപ്പേരെ നമുക്കു ചുറ്റും കാണാം. ഇത്തരം പരിപാടികൾ തുടർച്ചയായി കണ്ട് പുതിയൊരു ആസ്വാദനശീലം പ്രേക്ഷകർക്കുണ്ടാവുന്നുണ്ട്. ഇതാണ് ഏറ്റവും ഉദാത്തമായ കലാസൃഷ്ടി എന്ന് അവർ ശീലിക്കുന്നു. കലാമൂല്യമുള്ള മികച്ച കലാസൃഷ്ടികൾ ആസ്വദിക്കാനുള്ള ഉയർന്ന തലത്തിലുള്ള ആസ്വാദനശേഷിതന്നെ നഷ്ടമാകുന്നു. മുൻപ് കൂടിയാട്ടവും കഥകളിയും പോലുള്ള കലാരൂപങ്ങൾ നന്നായി അറിഞ്ഞാസ്വദിച്ചിരുന്നവരാണ് മലയാളികൾ. കാലം പോകെപ്പോകെ, കൂടുതൽ ലളിതമായത്, ചിന്ത അധികം വേണ്ടാത്തത് എന്ന തരത്തിൽ ആസ്വാദനത്തിൽ വലിയ മാറ്റമുണ്ടായി. അങ്ങനെ ആസ്വാദനപരമായ ആ ആവശ്യത്തിൽ നിന്നുമാണ് പില്ക്കാലത്ത് ഓട്ടൻ തുള്ളലും ചാക്യാർകൂത്തും ബാലെയും നാടകവും കഥാപ്രസംഗവുമെല്ലാം ഉത്ഭവിച്ചതും സിനിമാറ്റിക് ഡാൻസും മിമിക്രിയും കോമഡി പ്രോഗ്രാമുകളും ഇന്നിപ്പോൾ ഇക്കിളിപ്പെടുത്തുന്ന പൈങ്കിളി സീരിയലുകളുമൊക്കെ യായി പരിണമിച്ചതും.

ഇവ കണ്ടുകണ്ട് ആനന്ദത്തിലാറാടി പുളകിതരാകുന്ന ബഹുഭൂരിപക്ഷം മലയാളികളുടെയും ആസ്വാദനതലത്തിലെ വൻ അപചയമാണ് ഇവിടെ പ്രകടമാകുന്നത്. ഞാൻ ഒരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ പാടേ നിരോധിക്കണം എന്ന അഭിപ്രായവും എനിക്കില്ല. അങ്ങനെയെങ്കിൽ ചില സാമൂഹ്യ, സാംസ്കാരിക മതസാമുദായിക രാഷ്ട്രീയ രാജവെമ്പാലകളുടെ വിഷം വമിക്കുന്ന വാക്കുകളുടെ ചീറ്റലുകളും നിരോധിക്കേണ്ടിവരും. അത് പ്രായോഗികമല്ല.

ടെലിവിഷൻ സീരിയലുകൾ പ്രേക്ഷകർ വളരെ ആഘോഷപൂർവ്വം സ്വീകരിക്കുന്ന വലിയൊരു വിനോദോപാധിയാണ്. ഒരുപാടുപേർക്ക് ഉപജീവനമായ തൊഴിൽ മേഖലയുമാണ്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ ഭൂരിപക്ഷം പേരും കാണാൻ ഇഷ്ടപ്പെടുന്ന അത്തരം പരിപാടികൾ ഒഴിവാക്കാൻ ചാനലുകൾക്കും കഴിയുകയില്ല. ഈ അവസ്ഥയിൽ അങ്ങനെയുള്ള കലാസൃഷ്ടികൾ നിർമ്മിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വവും സമൂഹത്തോട് ഉന്നതമായ പ്രതിബദ്ധതയുമാണ് ഉണ്ടാകേണ്ടത്. തങ്ങൾ കൈകാര്യം ചെയ്യുന്നത് കലയാണെന്നും കല കൈകാര്യം ചെയ്യുന്നത് വലിയൊരു ജനസമൂഹത്തെയാണെന്നും അല്പമൊരു പിഴവ് പറ്റിയാൽ ഒരു ജനതയെ മുഴുവൻ അത് അധഃപതിപ്പിക്കുമെന്നുമുള്ള തിരിച്ചറിവ് ആദ്യമുണ്ടാകണം. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല കല എന്ന തിരിച്ചറിവുണ്ടാകണം. അത് ദൈവികവും പവിത്രവുമാണ്. ആ ചിന്തയോടുകൂടിയ ഒരു സമീപനം കൈയാളുന്നവർക്കുണ്ടാകണം.

തെറ്റായ സന്ദേശം ഒരു കലാസൃഷ്ടിയും സമൂഹത്തിന് നൽകരുത്. ഇനിയിപ്പോൾ സന്ദേശമൊന്നും നൽകിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ, സന്ദേശം നൽകുന്നെങ്കിൽ അത് ശരിയുടെയും നന്മയുടെയും പക്ഷത്തു നിൽക്കുന്നതാകണം. കലയുടെ പരമമായ ലക്ഷ്യം പ്രേക്ഷകനെ രസിപ്പിക്കുകയും അവരിൽ സന്തോഷം നിറയ്ക്കുകയും തന്നെയാണ്. പക്ഷേ, ആ ആനന്ദാനുഭൂതി പകരുന്നതിലൂടെ അവന്റെ മലീമസമായ മനസ്സിനെ സംസ്കരിച്ച് സംസ്കാരസമ്പന്നമായ, കലഹവും കാരുണ്യവും ആർദ്രതയുമുള്ള “നല്ല മനുഷ്യനായി രൂപാന്തരപ്പെടുത്തുക’ എന്ന ഉന്നതമായ ലക്ഷ്യംകൂടി കലാസൃഷ്ടികൾ നിറവേറ്റേണ്ടതുണ്ട്. ജീവിതത്തിൽ മനുഷ്യന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മകളും മനുഷ്യത്വവും നീതിബോധവുമൊക്കെ തിരിച്ചുപിടിക്കാൻ കലകൾ സഹായകമാകണം. നമ്മുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെയും പൈതൃകത്തെയും ഭാഷയെയും സംസ്കാരത്തെയുമൊക്കെ സംരക്ഷിക്കുന്നതുമാകണം.

സാമൂഹ്യപരിവർത്തനോപാധിയായിക്കൂടി കല മാറുമ്പോഴാണ് കലയുടെയും കാലഘട്ടത്തിന്റെയും ദൗത്യം പൂർത്തീകരിക്കപ്പെടുന്നത്. പക്ഷേ, നിർഭാഗ്യവശാൽ പല സീരിയലുകളും കാണുമ്പോൾ പ്രേക്ഷകൻ വല്ലാതെ ചൂളിപ്പോകുന്ന അവസ്ഥയാണുണ്ടാകുന്നത്. പരിഷ്കൃതവും സംസ്കൃതവുമായ ജീവിതമാണ് നമ്മുടേത് എന്നവകാശപ്പെടുന്ന മലയാളികൾക്കുനേരേ കൊഞ്ഞനം കാട്ടുന്നവയാണ് പല ടെലിവിഷൻ പരിപാടികളും. ഭാഷയെയും സംസ്കാരത്തെയുമെല്ലാം മുറിവേല്പിക്കുന്ന, ബന്ധങ്ങളെയും ജീവിതത്തെയും മലീമസമാക്കുന്ന സാംസ്കാരിക അപചയമാണ് പലപ്പോഴും പ്രകടമാകുന്നത്.

ഉദാത്തമായ കലാസൃഷ്ടികൾ ഒരുക്കാൻ കരുത്തുള്ള ഒട്ടനവധി പ്രഗല്ഭരും പ്രതിഭാശാലികളുമായ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും ഈ രംഗത്തുണ്ട്. മികച്ച കലാസൃഷ്ടികൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുമുണ്ട്. ടെലിവിഷനിൽ വരുന്ന മൂല്യമുള്ളതും വിജ്ഞാനപ്രദവുമായ ചില പരിപാടികളെയും വിസ്മരിക്കുന്നില്ല. പക്ഷേ, അതൊക്കെ വളരെ അപൂർവ്വമായേ സംഭവിക്കാറുള്ളുവെന്നു മാത്രം. “ചാനൽ റേറ്റിങ്’ എന്നത് ഒരു വില്ലനായി മുന്നിൽ വരുമ്പോൾ പ്രാഗല്ഭ്യവും പ്രതിഭയും സർഗ്ഗശേഷിയുമൊക്കെ തളയ്ക്കപ്പെടുന്നു.

എല്ലാ രംഗത്തുമെന്നപോലെ കച്ചവടവൽക്കരണത്തിന്റെ അപകടങ്ങളും അപചയങ്ങളും കലയിലും പ്രതിഫലിക്കുക സ്വാഭാവികം. അതിനാൽത്തന്നെ കലാപ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ചാനൽ അധികാരികൾ, നിർമ്മാതാക്കൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർക്കാണ് ഇക്കാര്യത്തിൽ കാര്യമായി ഇടപെടാൻ കഴിയുന്നത്. സിനിമയും സീരിയലുമെല്ലാം സാംസ്കാരിക പ്രവർത്തനമായാണ് (Cultural Activity) പരിഗണിച്ചിരുന്നത്. പക്ഷേ ഇന്നിപ്പോൾ അത് വെറും കച്ചവട പ്രവർത്തനമായി മാറുകയാണ്. ആ സ്ഥിതിയിൽനിന്ന് ഈ മേഖലയെ സാംസ്കാരിക പ്രവർത്തനമായിത്തന്നെ നിലനിർത്തേണ്ടതുണ്ട്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ ഇതിന്റെയൊക്കെ ഉത്തരവാദിത്വത്തിൽനിന്ന് ഞാൻ ഒഴിഞ്ഞു മാറുന്നില്ല. പക്ഷേ, ഒരു അഭിനേതാവിന് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾക്കോ ആശയങ്ങൾക്കോ ചിന്തകൾക്കോ നിലപാടുകൾക്കോ ഒന്നും അഭിനയത്തിൽ യാതൊരു പ്രസക്തിയുമില്ല. ഒരു നടന്റെ ആവിഷ്കാരസ്വാതന്ത്ര്യമെന്നത് ലഭിക്കുന്ന കഥാപാത്രത്തെ ആവിഷ്കരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ആകെ കഴിയുന്നത് അത്തരം പരിപാടികളിൽ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാൻ മാത്രമാണ്. പലപ്പോഴും ഞാൻ അങ്ങനെ ചെയ്തിട്ടുമുണ്ട്. അങ്ങനെ അഭിനയിക്കാതിരിക്കുന്നത് വരും തലമുറകളോട് ഞാൻ ചെയ്യുന്ന ഒരു നന്മയായിട്ടാണ് കരുതുന്നത്. അതുകൊണ്ടൊന്നും അത്തരം സീരിയലുകൾ ഇല്ലാതാകുന്നില്ല.

മലയാളികൾ മതിമറന്നാഹ്ലാദിച്ച് മനസ്സോടു ചേർക്കാൻ തയ്യാറുള്ളിടത്തോളം കാലം അനന്തമായി തുടരുന്ന മഹാപരമ്പരകൾ അനുസ്യൂതം മെഗാഹിറ്റുകളായി തുടരുകതന്നെ ചെയ്യും. സാക്ഷരതയിലും സാംസ്കാരികതയിലും മുന്നിൽ നിൽക്കുന്നവരാണ് നാം മലയാളികൾ എന്നുള്ള അവകാശവാദമൊക്കെ വെറുതെയാണെന്നാണ് സീരിയലുകൾ പോലുള്ള ടെലിവിഷൻ പരിപാടികളുടെ പെരുമഴക്കാലം നമ്മെ ഓർമ്മിപ്പിക്കുന്നത്. സർഗ്ഗാത്മകമായി ഉപയോഗിക്കേണ്ട എത്രയോ വിലപ്പെട്ട സമയമാണ് ഇത്തരം ടെലിവിഷൻ കാഴ്ചയിലൂടെ മലയാളി പാഴാക്കുന്നത്. തീർച്ചയായും ഈ മേഖലയിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. അതിനായുള്ള ചർച്ചകളും സംവാദങ്ങളും എല്ലായിടത്തു നിന്നും ഉയർന്നുവരണം. സർവ്വ സന്നാഹങ്ങളോടുംകൂടി ഇതിനെ പ്രതിരോധിക്കുകതന്നെ വേണം. ഇല്ലെങ്കിൽ ഒരു തോറ്റ ജനതയായി ചരിത്രത്തിൽ നമ്മൾ അടയാളപ്പെട്ടുപോകും.

ഒരുകാലത്ത്‌ നാട്ടിൽ നിലനിന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഒരു പരിധിവരെ ഇല്ലാതാക്കിയതിൽ അന്നത്തെ മുഖ്യ ആസ്വാദനോപാധികളായിരുന്ന നാടകവും കഥാപ്രസംഗവും വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ ആസ്വാദനത്തെക്കാളുപരി സാമൂഹ്യ ഇടപെടൽ കൂടിയായിരുന്ന കലയുടെ സ്ഥാനം സീരിയലുകൾ കീഴടക്കുകയും അന്ധവിശ്വാസങ്ങളും അശാസ്‌ത്രീയതയും അവയിലൂടെ വിനിമയം ചെയ്യപ്പെടുന്നതുമാണ്‌ നാം ഇന്നു കാണുന്നത്‌. പൊതു ഇടങ്ങളിൽനിന്ന്‌ വീട്ടകങ്ങളിലേക്ക്‌ കുടിയേറിയ കാഴ്‌ചസംസ്‌കാരത്തിൽ അവ എളുപ്പം പ്രേക്ഷകരിലേക്ക്‌ സന്നിവേശിപ്പിക്കപ്പെടുകയാണ്‌.

കലാ പ്രവർത്തനം എന്ന നിലയിലും അനേകം പേരുടെ ഉപജീവനമാർഗമായ തൊഴിൽ മേഖല എന്ന നിലയിലും സീരിയൽ രംഗം നിലനിൽക്കേണ്ടതുണ്ട്‌. എന്നാൽ മാറിയ കാലത്തിനനുസരിച്ച്‌ മാറ്റങ്ങൾക്ക്‌ വിധേയമായാലേ ഈ മേഖലയ്ക്ക് നിലനിൽപ്പുള്ളൂ. ഇല്ലെങ്കിൽ സ്വാഭാവികമായ പരിണാമഗതി സീരിയലുകൾക്കും സംഭവിക്കുകയും പ്രേക്ഷകൻ ഇത് തിരസ്കരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെ യ്യും. മനുഷ്യവിരുദ്ധവും പ്രതിലോമകരവുമായ ആശയങ്ങൾ പ്രസരിപ്പിക്കുന്ന ഒരു മാധ്യമം നിലവിലെ സ്ഥിതിയിൽനിന്നും മാനവികമൂല്യങ്ങളും കലാമൂല്യവും സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഒരു സാംസ്കാരിക പ്രവർത്തനമായിത്തന്നെ നിലനിൽക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular