സാമൂഹ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് ഫേസ് ബുക്ക് സാമാന്യമാകുന്നതിനും ജനപ്രിയതയെ നിര്‍ണയിക്കുന്നതിനും തൊട്ടുമുമ്പ് ടെലിവിഷനായിരുന്നു ആ ധര്‍മ്മം നിര്‍വഹിച്ചത്. ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ മുമ്പുള്ള ആ കാലത്തെ ചരിത്രാതീത കാലം പോലെ അകലത്തു നിര്‍ത്തി പരിശോധിക്കേണ്ട പരിതഃസ്ഥിതിയില്‍ പക്ഷേ, കാലം വളരെയധികം മുന്നോട്ടുപോയി.
രാഷ്ട്രീയാവസ്ഥ, സാമ്പത്തികരംഗം, സാംസ്കാരം എന്നീ വ്യവഹാരമേഖലകളെ സങ്കീര്‍ണമായി ബന്ധിപ്പിക്കുന്ന വിനിമയശൃംഖലകളാണ് ഇലക്ട്രോണിക് മീഡിയ രൂപീകരിച്ചെടുത്തത്. ജനങ്ങളുടെ നിയന്ത്രണമില്ലാത്തതും എന്നാല്‍, ജനങ്ങള്‍ക്ക് സദാസമയവും എല്ലായിടത്തും പങ്കാളിത്തമുണ്ടെന്ന് തോന്നിപ്പിക്കുന്നതുമായ രീതിയും മാര്‍ഗവുമാണ് പുതിയ കാലത്തെ മാധ്യമവിനിമയങ്ങള്‍ക്കുള്ളത്. കമ്യൂണിക്കേഷന്റെ നൂതന മാര്‍ഗങ്ങള്‍ പുതിയ ഒരു അധികാരരൂപത്തെ നിര്‍മ്മിച്ചെടുക്കുന്നു. ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളെ ഒരു സാമൂഹ്യ- സാങ്കേതിക ഉപകരണം എന്ന നിലയ്-ക്ക് പരിശോധിക്കുമ്പോള്‍ ഈ അധികാരത്തിന്റെ സാന്നിധ്യം സ്പഷ്ടമാകും. പുതുതായി പരിചയപ്പെടുത്തപ്പെട്ട ഉത്പന്നങ്ങളെ കൂടുതല്‍ വേഗതയോടെയും വ്യാപകമായും ഉപഭോഗം ചെയ്യാനുള്ള ‘സ്വാതന്ത്ര്യം’ ലഭ്യമായ മധ്യവര്‍ഗത്തിന്റെ പിന്തുണയോടെ ഉദാരവത്കരണ പ്രക്രിയ ശക്തിമത്താക്കാന്‍ കമ്പോള ശക്തികള്‍ക്ക് ഈ ഘട്ടത്തില്‍ സാധ്യമായി. ദരിദ്രവും അവികസിതവുമായ ഇന്ത്യന്‍ സാമ്പത്തികാവസ്ഥയില്‍ സര്‍ക്കാരിന്റെയും പൊതുമേഖലയുടെയും ഇടപെടലും അടിസ്ഥാനമൊരുക്കലും വളരെ പ്രധാനമാണെന്ന ധാരണ സ്വാതന്ത്ര്യാനന്തര കാലത്ത്, സ്വകാര്യ കുത്തകകളടക്കം അംഗീകരിച്ചിരുന്നു. ഇതിനെ നിരാകരിച്ചുകൊണ്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളും മാറ്റത്തിന്റെ കാഹളങ്ങളും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ പെട്ടിപ്പാട്ടു പാടാനുള്ള ഉത്തരവാദിത്തവും ടെലിവിഷനായിരുന്നു.
ടെലിവിഷന്‍ കൃത്യമായും ഒരു പ്രത്യയശാസ്ത്ര അധികാരത്തിനുള്ള ഒരു ഉപകരണമായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ആധികാരികതയുടെ സ്വഭാവവും, ആശയങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള രീതിയും കൊണ്ട് അത് പ്രേക്ഷകരുടെ മേല്‍ അധികാരം സ്ഥാപിച്ചെടുത്തു. പ്രേക്ഷകര്‍ ഇത് അറിയുന്നില്ല എന്നു മാത്രമല്ല, ഇപ്രകാരമൊരു പരിണതഫലമുണ്ടെന്ന കാര്യം ടെലിവിഷന്‍ കാഴ്ച നിരന്തരം അനുഭവിക്കുന്ന, വിമര്‍ശകരടക്കമുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതു പോലുമില്ല. സാമ്പത്തികാവസ്ഥയ്-ക്കു സമാന്തരവും എന്നാലതിനോട് കൂട്ടിയിണക്കപ്പെട്ടതുമായ അവസ്ഥയിലാണ് ടെലിവിഷന്റെ നിലനില്‍പും ചലനപ്രയാണവും. ചരക്കുകള്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിനുതകുന്ന രീതിയിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാനും സാമൂഹ്യജീവികളെ പൊതുവത്കരിക്കാനും ഈ രണ്ടു വ്യവസ്ഥകള്‍ക്കും സാധിക്കുന്നു. സാമൂഹ്യമായി തങ്ങളുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുമായും അവയുടെ ഉത്പാദനരീതികളുമായും അന്യവത്കരിക്കപ്പെട്ടവരാണ് സാധാരണ മനുഷ്യര്‍ അഥവാ തൊഴിലാളികള്‍. ഈ ഉത്പാദനത്തിന്റെ മിച്ചമൂല്യമാകട്ടെ സ്വകാര്യമായി സംഭരിച്ചുവെക്കപ്പെടുകയും ചെയ്യുന്നു. മാധ്യമലോകത്താകട്ടെ, ഇപ്രകാരം സ്വകാര്യമായി സംഭരിക്കപ്പെടുന്ന മിച്ചമൂല്യം, പലായനമൂല്യങ്ങള്‍ ഉയര്‍ത്തുന്ന വിനോദ സാധ്യതകളിലൂടെ കാണികളെ കൂടുതല്‍ അന്യവത്കരിക്കുകയാണ് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ സമര്‍ത്ഥമായി അത് മൂടിവെക്കുന്നു.
ഇലക്ട്രോണിക് മാധ്യമങ്ങള്‍ സജീവമായിത്തുടങ്ങിയതും ഇക്കാലത്താണ്. വാസ്തവത്തില്‍, നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തു തന്നെ ഇന്ത്യയില്‍ ടെലിവിഷന്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള ആലോചനകളും പരിശോധനകളും നടന്നിരുന്നു. സാമൂഹ്യമാറ്റത്തിനു വേണ്ടിയും ഗ്രാമീണ ജനതയെ രാഷ്ട്രപുരോഗതിയില്‍ വേഗത്തില്‍ അണിചേര്‍ക്കുന്നതിനു വേണ്ടിയുമാണ് ഇന്ത്യയില്‍ ടെലിവിഷന്‍ ഉപയോഗിക്കേണ്ടത് എന്നാണ് പ്രധാനമന്ത്രി നെഹ്‌റുവിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന വിക്രം സാരാഭായ് സമര്‍പ്പിച്ച പ്രബന്ധത്തില്‍ നിര്‍ദ്ദേശിച്ചത്. ഇത്, അക്കാലത്തെ സര്‍ക്കാര്‍ മാധ്യമ നയത്തിനനുസൃതവുമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചുമാണ്. അപ്പോഴേക്കും അതു കാണാന്‍ നെഹ്‌റുവോ സാരാഭായിയോ ഇല്ലായിരുന്നു താനും.
ടെലിവിഷന്‍ ഒരേസമയം ഒരു സാങ്കേതികവിദ്യയും ഒരു കലാമാധ്യമവുമാണ്. പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയൊന്നുമില്ലെന്നതിനു പുറമെ, അയുക്തികതയാല്‍ പരിഹാസ്യമായതും എന്നാല്‍ അതു തിരിച്ചറിയാത്ത വിധത്തില്‍ ചിത്രീകരിക്കപ്പെട്ടതും ചിട്ടപ്പെടുത്തപ്പെട്ടതുമാണ് ടെലിവിഷന്‍ പരിപാടികളുടെ ക്രമം. ഇതിനു പുറമെയാണ് പ്രത്യക്ഷമായ തരത്തില്‍ തന്നെ കടന്നുവരുന്ന പരസ്യങ്ങളുടെ പ്രളയം. സ്പോണ്‍സര്‍മാര്‍ക്ക് സേവനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരും രൂപകല്‍പന ചെയ്യപ്പെട്ടവരുമാണ് പ്രേക്ഷകര്‍. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ക്രമീകരിക്കപ്പെടുന്നതും ജനപ്രിയതയുടെ സാമാന്യാവസ്ഥയായി പരിചയപ്പെടുത്തപ്പെടുന്നതും പ്രാബല്യം ലഭിക്കുന്ന സാമ്പത്തിക ശക്തികളുടെ താല്‍പര്യവും നിയന്ത്രണവുമനുസരിച്ചാണ്. നിമിഷങ്ങളുടെ ഒഴുക്കിനെ നിയന്ത്രിച്ചു നിറുത്തുന്നതാണ് കൈയടക്കമെന്ന പേരില്‍ കൊണ്ടാടപ്പെടുന്ന കച്ചവടമിടുക്ക്. ഇമേജിന്റെ സമയക്രമവും കാഴ്ചയുടെ സമയക്രമവും രണ്ടും രണ്ടാണ്. ഇതിന്റെ സമര്‍ത്ഥമായ സംയോജനത്തിലൂടെയാണ് റേറ്റിംഗ്സ്, പ്രൈം ടൈം, ജനപ്രിയത, ടൈം സ്ലോട്ട്, പരസ്യ നിരക്കുകള്‍ എന്നിങ്ങനെയുള്ള പാക്കേജുകള്‍ രൂപപ്പെടുത്തുന്നത്. ഈ പാക്കേജ് രൂപീകരണത്തില്‍, ഇത് ബാധിക്കുന്ന മുഖ്യ കക്ഷിയായ പ്രേക്ഷകര്‍ക്ക് യാതൊരു റോളുമില്ല. ഫലപ്രദമായ രീതിയില്‍ വിജയിക്കുന്ന കമ്പോളനിയമങ്ങളാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. വിനിമയം ചെയ്യപ്പെടുന്ന ഉള്ളടക്കം എന്തുതന്നെ ആയിക്കൊള്ളട്ടെ, പ്രേക്ഷകര്‍ എല്ലായ്പോഴും ലോകവുമായും സമൂഹവുമായും പരിപൂര്‍ണമായും ബന്ധപ്പെട്ടുകിടക്കുന്നു എന്ന വ്യാജമായ ഒരു തോന്നലിലാണ് ജീവിച്ചു പോകുന്നത്. യഥാര്‍ത്ഥത്തിലുള്ള സാമൂഹ്യബന്ധങ്ങള്‍ ഇല്ലാതാകുകയോ അപ്രസക്തമാകുകയോ ചെയ്യുകയും മറുപുറത്ത്, വ്യാജമായ ബന്ധപ്രതീതികളില്‍ ജനം അഭിരമിക്കുകയും ചെയ്യുന്നു. സ്വകാര്യസ്ഥലം എന്നു കരുതപ്പെട്ടിരുന്ന സ്ഥലങ്ങളെല്ലാം ടെലിവിഷനും ടെലിവിഷനനന്തര മാധ്യമങ്ങളും ചേര്‍ന്ന് കൈവശപ്പെടുത്തിയിരിക്കുന്നു. വീട്ടിനകം മുതല്‍ ഓരോ വ്യക്തിയുടെയും കീശയ്-ക്കകം വരെ സാമൂഹികമായ ഇടപെടല്‍ പ്രദേശങ്ങളായും കളിസ്ഥലങ്ങളായും പരിണമിച്ചിരിക്കുന്നു. ഇത് സിനിമാപ്രേക്ഷണത്തിന്റെ മുന്‍ അനുഭവങ്ങളില്‍ നിന്നു തീര്‍ത്തും വിപരീതവുമാണ്. തിയറ്റര്‍ എന്ന പൊതുസ്ഥലത്തിരുന്നായിരുന്നു മുമ്പ് ആളുകള്‍ സിനിമ കണ്ടിരുന്നത്. ഇന്ന്, സിനിമയും സീരിയലും വാര്‍ത്തകളും റിയാലിറ്റി ഷോയും ഫാഷന്‍ പരേഡും പരസ്യങ്ങളും ഫോണ്‍ വിളികളുമെല്ലാം അവരവരുടെ സ്വകാര്യതയിലേക്ക് തുളഞ്ഞുകയറിയിരിക്കുന്നു. അമ്പലം എന്ന പൊതുസ്ഥലത്തിനു പകരം പോലും വീട്ടിനകത്തെ പൂജാമുറിയാണ് പലരും ഇഷ്ടപ്പെടുന്നത്. സാമൂഹ്യസ്ഥലങ്ങളില്‍ ശരീരം കൊണ്ട് സന്നിഹിതരാകാതെ തന്നെ സാമൂഹികവത്കരിക്കപ്പെടാനുള്ള ഒരു പ്രതീതിയാഥാര്‍ത്ഥ്യമായി ടെലിവിഷനും നവ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ആധുനികതയുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും രൂപവത്കരണത്തിനു സഹായിച്ച മുന്‍കാലത്തെ മാധ്യമങ്ങളുടെയും കമ്പോളത്തിന്റെയും പ്രവര്‍ത്തനത്തിനു പകരം; ടെലിവിഷനും നവലിബറല്‍ കാലത്തെ കമ്പോളവും ചേര്‍ന്നുള്ള സംയുക്തമുന്നണി തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണവണ്ടിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയിലെ മകരവിളക്കു പോലുള്ള മതാത്മക ചടങ്ങുകള്‍ എത്രമാത്രം പര്‍വതീകരണത്തിനാണ് ടെലിവിഷനിലൂടെ വിധേയമാകുന്നത് എന്ന് ശ്രദ്ധിക്കുക.
രാഷ്ട്രീയം എപ്രകാരമാണ് സങ്കല്‍പിക്കപ്പെടുന്നത്, പ്രയോഗിക്കപ്പെടുന്നത്, മനസ്സിലാക്കപ്പെടുന്നത് എന്നീ പരിതോവസ്ഥകളെ മാധ്യമങ്ങള്‍ വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ മാറ്റിമറിച്ചു. തുറന്ന കമ്പോളം പോലുള്ള നവലിബറല്‍ പരിഷ്കാരങ്ങളും വാര്‍ത്താവിനിമയത്തിന്റെ വ്യാപനവും ചേര്‍ന്നു രൂപീകരിച്ച പുതിയ കാലത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രീയ ശക്തികളേതൊക്കെ എന്നത് സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസാണ് നവലിബറല്‍ പരിഷ്കാരങ്ങളുടെ മുഖ്യ പ്രചാരകരും പ്രയോക്താക്കളുമെങ്കിലും, തീവ്രവലതുപക്ഷമായ ഹിന്ദുത്വ ശക്തികള്‍ക്കാണ് ഇതിന്റെ പ്രത്യക്ഷഗുണം സിദ്ധിച്ചത്. സാമൂഹിക അബോധത്തില്‍ ശക്തിമത്തായി നിലനിന്നു പോന്ന ഹിന്ദു-സവര്‍ണ -ആര്യന്‍ മിത്തുകളുടെ ടെലിവൈസ്ഡ് വ്യാഖ്യാനങ്ങള്‍ക്കായിരുന്നു ഇന്ത്യന്‍ ടെലിവിഷൻ മുഖ്യമായും ഉപയോഗപ്പെടുത്തപ്പെട്ടത്. പ്രധാനമായും ടെലിവിഷനിലൂടെ പരിചയപ്പെടുന്ന പുതിയ ഫാഷനബിള്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ഉപഭോഗം ചെയ്യാനുള്ള ‘സ്വാതന്ത്ര്യം’ ലഭ്യമായതില്‍ മധ്യവര്‍ഗം തുള്ളിച്ചാടുകയായിരുന്നു. ഈ കുമിളവത്കരണമാകട്ടെ, വികസനോന്മുഖമായ ഭരണാവസ്ഥയുടെ തുടര്‍ച്ചയായി കുത്തകകള്‍ കൊണ്ടാടുകയും ചെയ്തു. ദരിദ്രവും വികസ്വരവുമായ ഇന്ത്യന്‍ സാമ്പത്തികാവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടലിനും പൊതുമേഖലയ്-ക്കുമാണ് മുഖ്യപങ്കുവഹിക്കാനുള്ളതെന്ന ബോധ്യമാണ് സ്വകാര്യമുതലാളിമാര്‍ക്കു വരെ ഉണ്ടായിരുന്നത്. ഈ പരിഗണനയും മുന്‍ഗണനയും അപ്രസക്തമായി എന്ന് വ്യാപകമായി കൊട്ടിഘോഷിക്കപ്പെട്ടു. ദൂരദര്‍ശനെ അപ്രസക്തമാക്കിക്കൊണ്ട് ഉപഗ്രഹചാനലുകളും കേബിള്‍ ശൃംഖലകളും ഡിടിഎച്ചും വ്യാപകമാകുന്നതും ഈ അന്തരീക്ഷത്തിലാണ്.
ജനാധിപത്യ മൂല്യങ്ങളെന്നതിനേക്കാള്‍, സമഗ്രാധിപത്യപരമായതും അതേസമയം ജനപ്രിയവുമായ ഒരു രാഷ്ട്രീയത്തെ പ്രയോഗവത്കരിക്കാന്‍, ടെലിവിഷനനന്തരകാലത്ത് സംഘപരിവാറിന് സാധ്യമായി. രാമായണം, മഹാഭാരതം എന്നീ സീരിയലുകള്‍, ബാബറി മസ്ജിദ് തകര്‍ത്തത്, ബിജെപിയുടെ മുന്നണി രൂപീകരണവും അധികാരാരോഹണവും, ഗുജറാത്ത് വംശഹത്യ, നരേന്ദ്രമോദിയെ വികസന നായകന്‍ എന്ന് വാഴ്ത്തല്‍ തുടങ്ങി തുടര്‍ച്ചയായ എപ്പിസോഡുകളിലൂടെ നെഹ്റുവിയന്‍ എന്നു വിളിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പൊതുബോധത്തെ കീഴ്മേല്‍ മറിക്കാന്‍ സംഘപരിവാറിന് ടെലിവിഷന്‍ മുഖ്യ പിന്തുണയര്‍പ്പിച്ചു. കൂടുതല്‍ പതുക്കെയുള്ള ആശയപ്രചാരണത്തിലൂടെ കാലങ്ങള്‍ കൊണ്ട് സാധ്യമാവുമായിരുന്ന രാഷ്ട്രീയവിജയങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സാക്ഷാത്കരിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞത് ടെലിവിഷന്റെ ഇടപെടലും സാന്നിധ്യവും കൊണ്ടാണ്.
1987 ജനുവരിയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ടെലിവിഷനായ ദൂരദര്‍ശന്‍, രാമായണ്‍ എന്ന ഹിന്ദു പുരാണ കഥ സീരിയലായി ദേശീയ പ്രേക്ഷകര്‍ക്കു മുമ്പില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങി. ഇന്ത്യന്‍ രാഷ്ട്ര നിര്‍മാണത്തിന്റെ ദശകങ്ങളായി നിലനിന്ന മതനിരപേക്ഷ കീഴ്-വഴക്കങ്ങള്‍ നഗ്നമായി ലംഘിക്കപ്പെട്ട നിര്‍ണായക കാലമായിരുന്നു അത്. ജനങ്ങള്‍ വിചാരിച്ചത്, മറഞ്ഞുപോയ സുവര്‍ണകാലത്തെക്കുറിച്ചുള്ള മഹത്വവല്‍ക്കരിക്കപ്പെട്ട ഒരാഖ്യാനം തങ്ങള്‍ക്കു മുമ്പില്‍ നിവരുന്നു എന്നായിരുന്നു. പക്ഷേ, സത്യത്തിലുണ്ടായത് ഹിന്ദു ദേശീയവാദികള്‍, നവലിബറല്‍ പരിഷ്കാരങ്ങളുടെയും ആഗോളവത്കരണത്തിന്റെയും പ്രത്യക്ഷഫലങ്ങളെ ആശ്ലേഷിക്കുന്ന രാഷ്ട്രീയ, -സാമ്പത്തിക, -സാംസ്കാരിക സംയുക്ത മുന്നണിയുടെ പ്രവര്‍ത്തനമികവായിരുന്നു. എല്ലാവരും ഉള്‍പ്പെടുന്നു(ഇന്‍ക്ലൂസീവ്) എന്നു കരുതാവുന്നതും അതേസമയം അങ്ങേയറ്റം സമഗ്രാധിപത്യപരവുമായ സാധ്യതകളിലേക്ക് രാഷ്ട്രീയം മാറിത്തീരുകയായിരുന്നു. ഇതിന്റെ സൂചനകളും പ്രത്യക്ഷങ്ങളുമാണ് ടെലിവിഷന്‍ എന്ന സാങ്കേതിക വിദ്യയുടെ വ്യാപനത്തിലൂടെ നിര്‍മ്മിക്കപ്പെട്ട മാധ്യമ ലോകം. സാമ്പത്തിക ഉദാരവത്കരണത്തിന്റെ ആശയവുമായി ഹിന്ദുത്വ ദേശീയതയ്-ക്കുള്ള ബാന്ധവം നിഗൂഢമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ടി വി രാമായണം സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കാലത്താണ്, ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയണമെന്ന ആശയത്തോടെ, രാമജന്മഭൂമി പ്രക്ഷോഭം ഇന്ത്യയിലെ മുഖ്യ പ്രശ്‌നമായി വളര്‍ന്നത്. രാമായണം കാണിച്ചുകൊണ്ടിരുന്ന ഞായറാഴ്ച രാവിലെകള്‍ പവിത്രമായിത്തീരുകയും മറ്റു പല പരിപാടികളും ആ സമയത്ത് നടക്കാതെ പോകുകയും ചെയ്യുന്ന സ്ഥിതി ഇന്ത്യയിലാകെ സംജാതമായി.
രാമായണം സീരിയലിലെ പോര്‍ക്കളദൃശ്യങ്ങള്‍, ഹിന്ദുക്കളുടെ പോരാട്ട വീര്യമായി പ്രചരിപ്പിക്കപ്പെട്ടു. അതോടൊപ്പം, രാമജന്മഭൂമി പ്രക്ഷോഭത്തിലെ ചില ഘടകങ്ങള്‍ക്കനുസരിച്ച് സീരിയലിലെ ചില രംഗങ്ങള്‍ മാറ്റിയെഴുതപ്പെടുകയും ചെയ്തു. വിചിത്രമായ ഒരു ചരിത്രസന്ദര്‍ഭമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഏതാണ് വാസ്തവം, ഏതാണ് ചരിത്രം, ഏതാണ് ഐതിഹ്യം, ഏതാണ് കഥ, ഏതാണ് വിശ്വാസം എന്നെല്ലാം പരസ്പരം തിരിച്ചറിയാതെ എല്ലാം കൂടിക്കുഴഞ്ഞു. ഇന്ത്യ അഥവാ ഇതിനകം പ്രാമുഖ്യം കൂടിയ ഭാരതം എന്ന പേരില്‍ രാഷ്ട്രം പുനഃക്രമീകരിക്കപ്പെട്ടു.
ഇതിന്റെ ദുരന്തങ്ങള്‍ പിന്നീട് അപരിഹാര്യമായി രാഷ്ട്രത്തെ ബാധിക്കുകയും നാം ആ കാലത്തിലൂടെ ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുകയുമാണ്. l



