സാംസ്കാരിക സമൂഹത്തിൽ ദൃശ്യ വിനോദമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ബോധനിർമ്മാണ പ്രക്രിയകളെക്കുറിച്ചും സജീവമായ ചർച്ച നടക്കുന്ന കാലമാണിത്. കലയും സാഹിത്യവും അതിന്റെ സൃഷ്ടിയുടെ സമയം കഴിഞ്ഞാൽ , ആസ്വാദകരിലെത്തിക്കഴിഞ്ഞാൽ, പിന്നെ അത് സ്രഷ്ടാവിന്റെയല്ല, ആസ്വാദകന്റേതാണ് എന്ന സാമാന്യതത്വം എന്നും ഏറ്റവും ലളിതമായ ആഖ്യാന – – ആസ്വാദക സമവാക്യമാണ്. അതുകൊണ്ടുതന്നെ പ്രകാശനത്തിനോ സംപ്രേഷണത്തിനോ ശേഷം പുനരാഖ്യാനത്തിന് സ്രഷ്ടാവിന് ഇടമില്ല. ഒരുപക്ഷേ ഇതേ സർഗ്ഗരചയിതാവ് മറ്റൊരവസരത്തിൽ ഇതേ വിഷയം ഈ രീതിയിലായിരിക്കണമെന്നില്ല ആവിഷ്കരിക്കുന്നത്. ആ സാഹചര്യത്തിൽ ഒരു സർഗ്ഗാത്മകവിഭവം ആത്യന്തികമായി ആസ്വാദകരിൽ അവശേഷിപ്പിക്കുന്നതെന്താണ് എന്നതാണ് ചോദ്യം.
ആസ്വാദകന്റെ ബോധത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് പ്രധാനം. ആ ബോധം സാമൂഹിക ബോധനിർമ്മാണത്തിന് എങ്ങനെ കാരണമാകുന്നുവെന്നതാണ് അതിപ്രധാനം.
ജനകീയ മാധ്യമമായ ദൃശ്യപരമ്പരകളുടെ കാര്യത്തിൽ ഏറ്റവും ലളിതമായ ഒരു ചോദ്യം “സീരിയൽ കണ്ടിട്ടെന്ത് കിട്ടാനാണ്? ’ എന്നതാണ്. അതിനുള്ള ഉത്തരം എപ്പോഴും അതിലും ലളിതം – “ഞാൻ സീരിയൽ കാണാറേയില്ല’ അല്ലെങ്കിൽ ” ഞങ്ങളുടെ വീട്ടിൽ ആരും കാണില്ല’ അതുമല്ലെങ്കിൽ ” ഓ സീരിയൽ ആരാ കാണുന്നെ , അമ്മ കാണും അത്ര തന്നെ – അതും സ്വാമി അയ്യപ്പൻ , കൈലാസനാഥൻ, മാളികപ്പുറം …. മറ്റൊന്നും വീട്ടിൽ വെക്കാറേയില്ല’ ഏറ്റവും ലളിതമായ ചോദ്യത്തിന്റെ ഉത്തരം ഇങ്ങനെയിങ്ങനെയൊക്കെത്തന്നെ. പക്ഷേ സീരിയൽ കുടുംബസമൂഹത്തിൽ സ്ത്രീകളിലൂടെയും ഒരുപരിധിവരെ പുതു വിഭവ സമൂഹ മാധ്യമ പരമ്പരകൾ യുവാക്കളിലൂടെയും ഉണ്ടാക്കിയിട്ടുള്ള സ്വാധീനവും ബോധനിർമ്മാണവും സാമൂഹിക – രാഷ്ട്രീയ പ്രതിഫലനങ്ങളും അങ്ങനെ തള്ളിക്കളയാനാവുന്നതല്ല. ജീവിതത്തിന്റെ പല പല കോണുകളിൽ നിന്നും വ്യക്തമായ സ്വാധീനം ഈ കലാസൃഷ്ടി നടത്തിയിട്ടുണ്ട്, നടത്തുന്നുണ്ട് എന്നുതന്നെ നമുക്ക് പറയേണ്ടി വരും. കേരളത്തിലെങ്കിലും പൊതുസമൂഹം സീരിയൽ കാണുന്നത് ഏതോ തരത്തിൽ തങ്ങളുടെ ബൗദ്ധികനിലവാരത്തെ ഇകഴ്ത്തുന്നുണ്ട് എന്ന അഭിപ്രായം പറയുമ്പോഴും മലയാള വിനോദ ചാനലുകളുടെ ‘‘പ്രൈംടൈം”ഉൾപ്പെടെ ഏറ്റവും കൂടുതൽ സമയം കാണിക്കുകയും കച്ചവടം നടത്തുകയും ലാഭമുണ്ടാക്കുകയും ചെയ്യുന്ന വിഭവം സീരിയലുകൾ തന്നെ. അതുകൊണ്ട് അതിനെ ഒരു വിശകലനവുമില്ലാതെ കണ്ണുംപൂട്ടി തഴഞ്ഞുകളയുന്നത് ബുദ്ധിജീവിസമൂഹത്തിന്റെ നിരുത്തരവാദിത്വമായേ കണക്കാക്കാനാവൂ, വലിപ്പമായിക്കാണാനാവില്ല.
സീരിയലുകളുടെ ലോക ചരിത്രമെടുത്താൽ 1970 കളുടെ മധ്യം മുതൽ ടെലിവിഷനിൽ സോപ്പ് ഓപ്പറകൾ പരമ്പരകളായി കാണിച്ചു തുടങ്ങി (ഉദാ: ഡാളസ് , രാജവംശം). ഇന്നു കാണുന്ന തരത്തിലുള്ള സീരിയൽ ഫോർമാറ്റ് റേഡിയോയിൽ ആണ് തുടങ്ങിയത്. അതിനു ശേഷം ടിവി യുടെ പ്രചാരത്തോടെ കുട്ടികളുടെ സാഹസിക പ്രകടനങ്ങൾ ‘സോപ്പ് ഓപ്പറകൾ ‘ എന്ന പേരിൽ 15 മിനിറ്റ് ദൈർഘ്യമുള്ള പരിപാടികളായി മാറി. സോപ്പ് കമ്പനികളാണ് ഇവ സ്പോൺസർ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ സോപ്പിന്റെ വിപണനം വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ത്രീകളെ ആകർഷിക്കുന്ന രീതിയിൽ ഈ സോപ്പ് ഓപ്പറകൾ ക്രമേണ രൂപപ്പെടുത്തി. ചിക്കാഗോയിൽ 1930 കളുടെ ആദ്യ സമയം ആഴ്ചയിൽ ഒരു രാത്രി മാത്രം എന്ന രീതിയിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്ന ‘ദി സ്മിത്ത് ഫാമിലി’ എന്ന പ്രോഗ്രാമാണ് സോപ്പ് ഓപ്പറകളുടെ മുത്തച്ഛൻ.
പകൽ സമയത്ത് കാണിച്ചു തുടങ്ങിയ “ദി ഗൈഡിംഗ് ലൈറ്റ്’ 1937-ൽ റേഡിയോയിൽ തുടങ്ങി. 1952-ൽ സി ബി എസ് ടെലിവിഷനിലൂടെ തുടർന്ന് 15,762 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ദി ഗൈഡിംഗ് ലൈറ്റിന്റെ അവസാന എപ്പിസോഡ് 2009 സെപ്തംബർ 18 ന് ആയിരുന്നു സംപ്രേഷണം ചെയ്തത്. ടെലിവിഷന്റെ ആവിർഭാവത്തിനുശേഷമുള്ള സുവർണ്ണകാലങ്ങളിൽ ദി ഗൈഡിംഗ് ലൈറ്റ് കൂടാതെ ഡാർക്ക് ഷാഡോസ്, വൺ ലൈഫ് റ്റു ലൈഫ്, ഓൾ മൈ ചിൽറൻ, സെർച്ച് ഫോർ റ്റുമാറോ , ലവ് ഓഫ് ലൈറ്റ് എന്നു തുടങ്ങി കുട്ടികളുടെ പ്രോഗ്രാമുകളുൾപ്പെടെ പകൽ പരിപാടികളെല്ലാം ജനപ്രിയമായിരുന്നു.
രാത്രി പരമ്പരകൾക്ക് വ്യത്യാസമുണ്ടായിരുന്നു. ആശയസമ്പുഷ്ടമല്ല എന്നത് എടുത്തു പറയണം . അപ്പോഴും അത് വിളിക്കപ്പെട്ടത് “സോപ്പ്’ എന്നുതന്നെയായിരുന്നു എന്നതുകൊണ്ട് സീരിയലുകളുടെ സ്വഭാവം വ്യക്തമായിരുന്നു. 1960-ൽ നോവലും നാടകവും സിനിമയുമൊക്കെ സീരിയലുകൾക്ക് പ്രേരകങ്ങളായിരുന്നുവെങ്കിലും ആശയങ്ങൾക്ക് ‘സോപ്പു ലാഘവം’ വിട്ടിരുന്നില്ല. 1977-ൽ എ.ബി.സി സംപ്രേഷണം ചെയ്ത കോമഡി സീരിയലിൽ ഒരു സ്വവർഗ്ഗാനുരാഗകഥാപാത്രം ഉണ്ടായിരുന്നുവെന്നതുകൊണ്ടു മാത്രം വളരെയധികം വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടു. (ഇന്നും ഇത്തരം വിവാദങ്ങൾ ദുർലഭമല്ല). ഈ കഥാപാത്രങ്ങൾ അവലക്ഷണങ്ങളായി തന്നെയാണ് പരിഗണിക്കപ്പെടുന്നത്. എങ്കിലും സോകോൾഡ് പൈങ്കിളി കഥകൾ പ്രൈം ടൈം ടെലിവിഷൻ പരമ്പരകളെ ജനകീയമാക്കി.
1980 കളിൽ സീരിയലുകളുടെ ഒരു രണ്ടാം തരംഗം വന്നു. എന്നാൽ 1990 കളുടെ അവസാനത്തോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഔദ്യോഗിക ഫോർമാറ്റ് എന്ന നിലയിൽ ടിവി പ്രോഗ്രാമിൽ പ്രൈം ടൈം സോപ്പ് പരമ്പരകൾ ഇല്ലാതായി അഥവാ പ്രാദേശികമായല്ലാതെ അവയുടെ പ്രസക്തിയില്ലാതായി.
സങ്കീർണ്ണ സ്റ്റോറി ആർക്കുകളെ പിന്നീടും സീരിയൽ നെറ്റ് വർക്കുകൾ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പുതിയ പുതിയ കാഴ്ചക്കാർ ഏതു സമയത്തും പരമ്പരയുടെ സ്ഥിരം പ്രേക്ഷകരായി ഒരു എപ്പിസോഡിന്റെ കാഴ്ചയിൽ മാറണം എന്നതാണ് നെറ്റ് വർക്കുകളുടെ വിപണന ആപ്തവാക്യം. അതിന് ഗഹനവും വലിയ വിശകലനാത്മകവുമായ വിഷയങ്ങളോ ആവിഷ്കാരശൈലിയോ പാടില്ല. പകരം ആസ്വാദനത്തിന്റെ ഏറ്റവും ലളിതമായ ബോധാവസ്ഥയോട് സംവദിക്കുകയാണ് വേണ്ടത് എന്നതാണ് നെറ്റുവർക്കുകളുടെ വാദം.
ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ, അതായത് 95 വർഷമായ സീരിയൽ ചരിത്രത്തിൽ ഇതുവരെ ഈ ജനകീയമാധ്യമത്തെ ഗൗരവമുള്ള ഒരു സംവേദനമാധ്യമമായി പൊതുവെ നമ്മൾ പരിഗണിച്ചിട്ടില്ലായെന്നത് ശരിയാണോ? അതാണ് പരമപ്രധാനമായ അന്വേഷണം.
അതായത് ഈ ലേഖനം തുടങ്ങിയ ചോദ്യം – “ആത്യന്തികമായി ഒരു സർഗ്ഗാത്മക മാധ്യമം എന്ന നിലയിൽ സീരിയൽ ആസ്വാദകരിൽ അവശേഷിപ്പിക്കുന്നതെന്ത്’ എന്നത്, സീരിയൽ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നു തന്നെയാണ് ഇതിനെ അവഗണിക്കുന്നവർ അല്ലെങ്കിൽ അവഗണിക്കുന്നുവെന്ന് നടിക്കുന്ന പൊതു സമൂഹത്തിന്റെ ഉത്തരം.
സീരിയലുകൾ ഒന്നും അവശേഷിപ്പിക്കുന്നില്ലായെന്ന് പറയുകയാണെങ്കിൽ ആധുനിക ശാസ്ത്രത്തിന്റെ പിതാവ് ഗലീലിയോ ഗലീലിയെ ഇവിടെ ഉദ്ധരിക്കേണ്ടി വരും. അദ്ദേഹം പൂവിന്റെ നിറവും നാരങ്ങയുടെ പുളിപ്പും നിർണ്ണയിച്ചത് അതിന് ഇന്ദ്രിയ ഗുണങ്ങൾ ഇല്ലായെന്ന് സമർത്ഥിച്ചുകൊണ്ട് തന്നെയാണ്. ഭൗതികവസ്തുക്കൾക്ക് ഇന്ദ്രിയ ഗുണങ്ങൾ ഇല്ലായെന്നും പകരം അത് അനുഭവഗുണമായി മാറുന്നിടത്താണ് ഇന്ദ്രിയ ഗുണാനുഭവമാക്കി മാറ്റുന്നത് എന്നുമാണ് ഗലീലിയോ സമർത്ഥിച്ചത്. ഇത്തരുണത്തിൽ അത് കടമെടുക്കാൻ നിർബന്ധിതമാകുകയാണ്.
നൂറുവർഷം പരസ്യവിപണനത്തിന് മാത്രമായി കാണിച്ചുകൊണ്ടിരുന്ന സീരിയലുകൾ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവ ബോധസ്വാധീനം സീരിയലുകൾ സീറോ ബാലൻസ് ഷീറ്റിലാന്നെന്ന് എഴുതിയവസാനിപ്പിക്കാൻ ആവുന്നിടത്തല്ല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. രാജ്യത്തെ ഇന്നത്തെ ഭൂരിപക്ഷ വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യവിജയം സൃഷ്ടിച്ച ഒരു പ്രധാന ഘടകം പ്രസാർ ഭാരതിയുടെ ഭക്തി പരമ്പരകളുടെ സ്വാധീനമാണെന്ന് പറയാതിരിക്കാൻ തരമില്ല.
1987 നും 1988 നുമിടയിൽ ദൂരദർശൻ നാഷണൽ ചാനലിൽ സംപ്രേക്ഷണം ചെയ്ത ഇന്ത്യൻ ഇതിഹാസകാവ്യമായ രാമായണത്തെ അധികരിച്ച് രാമാനന്ദ് സാഗർ രചനയും സംവിധാനവും നിർവ്വഹിച്ച രാമായണം പരമ്പര 82% വ്യൂവർഷിപ്പ് നേടിയ പ്രോഗ്രാമായിരുന്നു.
അഞ്ച് ഭൂഖണ്ഡങ്ങളിൽ പതിനേഴ് രാജ്യങ്ങളിലായി ഇരുപത് വ്യത്യസ്ത ചാനലുകളിൽ വ്യത്യസ്ത സമയങ്ങളിൽ സംപ്രേഷണം ചെയ്ത ഈ സീരിയൽ BBC യുടെ കണക്കനുസരിച്ച് 65 കോടിയിലധികം ആളുകളാണ് കണ്ടത്. 9 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട ഓരോ എപ്പിസോഡും 40 ലക്ഷം രൂപ വീതമാണ് DD നാഷണലിന് നേടിക്കൊടുത്തത്. വാല്മീകി രാമായണത്തിനു പുറമെ തുളസീദാസിന്റെ രാമചരിതമാനസവും അടിസ്ഥാനമാക്കി പ്രധാനമായും എഴുതപ്പെട്ടതാണ് രാമായണം സീരിയൽ എന്ന് അവകാശപ്പെടുമ്പോഴും ഉപ കഥാ എപ്പിസോഡുകളിൽ രാവണൻ നായകനാകുന്ന തമിഴ് കമ്പരാമായണവും മറാഠിയിലെ ഭവാർത്ഥ രാമായണവും തെലുങ്ക് രംഗനാഥരാമായണവും ഭക്തിരസപ്രധാനമായ മലയാളത്തിലെ അദ്ധ്യാത്മ രാമായണവും കന്നട രാമചന്ദ്രചരിത പുരാണവും ചക്ബസ്തിന്റെ ഉറുദു രാമായണവുമെല്ലാം അവലംബമായി കാണാം.
ലോകത്ത്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 3000 -ൽ അധികം രാമകഥാ രാമായണങ്ങൾ ഉണ്ടെന്ന് പറയപ്പെടുമ്പോൾ സന്ദർഭമനുസരിച്ച് രാമായണ പരമ്പരയിലുണ്ടായിട്ടുള്ള കഥാനുഗതികളെ നമുക്കാർക്കും നിരാകരിക്കാവുന്നതല്ല.
എന്തായാലും 1989 വരെയുള്ള കാലങ്ങളിൽ ഇന്ത്യക്കാരിൽ ദേശ, – പ്രാദേശിക ഭാഷാവ്യത്യാസമില്ലാതെ രാവിലെ കുളിച്ച് തിരിതെളിച്ച് കൂപ്പുകൈകളുമായി ടെലിവിഷന്റെ മുമ്പിൽ ഭക്ത്യാദരപൂർവ്വം സീരിയൽ കാണാനിരിക്കുന്നത് ഐശ്വര്യപ്രദാന വഴിപാടാക്കി മാറ്റിയത് രാമാനന്ദസാഗറിനും കൂട്ടർക്കും അത്ര ഭഗീരഥപ്രയത്നമായിരുന്നില്ല. എന്നാൽ സീരിയലുകൾക്ക് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ സൃഷ്ടിക്കാനായ ബോധതലം ഒരു ഭഗീരഥനും അത്രയെളുപ്പം സാധിക്കുമായിരുന്നതല്ല. ബഹുരാഷ്ട്ര സംസ്കാര സങ്കലനങ്ങളിൽ നാനാത്വത്തിലെ ഏകത്വ മൂല്യവുമായി സിന്ധു നദീതട സംസ്കാരത്തിൽ അധിവസിച്ച 4000 ത്തോളം വരുന്ന ജാതി വിഭാഗങ്ങളുടെ മതേതര, – ജാത്യേതര സാമൂഹിക – സംസ്കാര ബോധത്തിനപ്പുറത്ത് ഇന്ത്യയിലെ ‘ഹിന്ദു’ക്കളിൽ ഹിന്ദുത്വത്തിന്റെ ഉറവ അതിശക്തമായി ഉണർത്താൻ ഈ ഭക്തി സീരിയലുകൾക്കായിയെന്നത് ഒരു ചെറിയ കാര്യമല്ല. 1989 നു ശേഷം ബാബ്റി മസ്ജിദ്- – അയോദ്ധ്യാ പ്രശ്നത്തിലും അയോദ്ധ്യാകർസേവകരെയൊരുക്കിയ എൽ. കെ.അദ്വാനിയുടെ രഥയാത്രയ്ക്കും പിൻബലം നൽകിയില്ലയെന്ന കാരണത്താൽ ബി ജെ പി തങ്ങളുടെ പിന്തുണ പിൻവലിച്ചതോടെ അന്നത്തെ പ്രധാനമന്ത്രി വി പി സിങ്ങിന് രാജിവയ്ക്കേണ്ടിവന്നു. തുടർന്ന് ഇന്ത്യയിലുടനീളം പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 2000 ലധികം പേർ മരിച്ചു. രണ്ട് വർഷത്തിനു ശേഷം 1992 ഡിസംബർ ആറിന് മൂന്നു നിലകളുള്ള പള്ളി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തകർത്തു. ഈ അതിതീവ്ര ദേശീയവാദികൾ അയോദ്ധ്യയിൽ മാത്രമുണ്ടായിരുന്നതല്ല, തീവ്രഹിന്ദുത്വ വികാരവുമായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒത്തുകൂടിയ കർസേവകരായിരുന്നു.
പരമ്പരാഗത ചരിത്രത്തിൽ കോസല രാജാധിപതി ദശരഥപുത്രൻ ക്ഷാത്രവീര്യമേറിയ ശ്രീരാമന്റെ ആസ്ഥാനമായ അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം പണിയണമെന്ന ഹിന്ദുത്വ ദേശീയവാദത്തെ തുടർന്ന് 1989 ൽ നടന്ന തിരഞ്ഞെടുപ്പിൽ രാമായണ കഥാ സീരയൽ സ്വാധീനമുള്ള ഇന്ത്യയിൽ ബോഫോഴ്സ് അഴിമതി നായകനായ രാജീവ് ഗാന്ധി അഴിമതി ക്ഷീണം മറികടക്കാൻ ശ്രമിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാമായണ കഥാനായകനായി അഭിനയിച്ച നടൻ അരുൺ ഗോയലിനെ തന്റെ സഹപ്രചാരകനായി തന്നോടൊപ്പം തുറന്ന വാഹനത്തിൽ കൊണ്ടു നടന്നാണ്. എന്നാൽ ശ്രീരാമ വേഷാഭിനയത്തിനുശേഷം ബോളിവുഡ് തന്നെ തഴഞ്ഞതായി അരുൺ ഗോയൽ പറഞ്ഞു. ശ്രീരാമനോടുള്ള ഇന്ത്യക്കാരുടെ ആഭിമുഖ്യം അല്ല അർപ്പണ മനോഭാവം തന്നോട് വല്ലാത്ത ആരാധനയും സ്നേഹവും ഉണ്ടാക്കി. പക്ഷേ മറ്റൊരു കഥാപാത്രമായി ആളുകൾ തന്നെ കാണാതായിയെന്നത് തന്റെ അഭിനയ ജീവിതത്തെ തകർത്തുവെന്നാണ് അരുൺ ഗോയൽ പറയുന്നത്. രസകരമാണ് ഈ വൈരുദ്ധ്യം.
ഇതാണ് ഇന്നും സീരിയലുകൾ നൽകുന്ന അനുഭവം. ഇവിടെ സീരിയലുകൾ ഒന്നും അവശേഷിപ്പിക്കുന്നില്ല എന്നതല്ല, പകരം നിർജ്ജീവവും നിഷ്പ്രയോജനകരവുമെന്ന് പറയുന്ന സീരിയലുകളുടെ ആസ്വാദനം ഓരോ വ്യക്തിയിലൂടെയും സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവഗുണങ്ങളിലൂടെ സമൂഹത്തിന്റെ സാംസ്കാരിക ബോധനിർമ്മിതിയിൽ അടിസ്ഥാനശിലയായി മാറ്റപ്പെടുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലുണ്ടാക്കിയ തരത്തിലുള്ള സ്വാധീനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ സാംസ്കാരിക മാധ്യമം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ആധുനിക – ആനുകാലിക ജീവിതവ്യവസ്ഥയിൽ സമൂഹം തികച്ചും വ്യത്യസ്തമാണ്. ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്ന് ദേശീയ നവോത്ഥാന നായകരിലൂടെ, സ്വാതന്ത്ര്യത്തിലൂടെ, പുരോഗമനചിന്താഗതിയിലൂടെ മുന്നോട്ടുപോയിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാല സാമൂഹിക നിലപാടിൽ നിന്നു മാറി ആഗോളവത്കരണത്തിന്റെയും കോർപ്പറേറ്റ് പണാധിപത്യത്തിന്റെയും വർഗ്ഗീയ, – ജാതീയ, – ദേശീയ ധ്രുവീകരണങ്ങളുടെയും മത – സ്ഥാപനവത്കരണങ്ങളുടെയും സമൂർത്തമായ വലതുപക്ഷവത്കൃത അന്തർദേശീയ സമൂഹത്തിൽ ഉപഭോക്താക്കളെ സൃഷ്ടിക്കാനുള്ള ഏറ്റവും നല്ല സാംസ്കാരികായുധമായി സീരിയലുകൾ മാറിക്കഴിഞ്ഞു. ഓരോ സീരിയലിന്റെയും പ്രതിപാദന വിഷയം ഭാഷ – – പ്രാദേശിക ഭേദമില്ലാതെ അന്ധവിശ്വാസവും അനാചാരവും വളർത്തുന്നതാണ് എന്ന് നമ്മൾ അപലപിക്കുമ്പോൾ ഇത് സ്വാഭാവിക പ്രക്രിയ എന്ന് നമുക്ക് അവഗണിക്കാനാവുമോ? ദേശീയ സാംസ്കാരികതയുടെ തനതുനയ നിയമ നിർമ്മാണത്തിന്റെ പിൻബലത്തോടെ ഇന്ത്യൻ വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം സാംസ്കാരികാഭിപ്രായ, – ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഇന്നുകളിൽ സീരിയലുകളുടെ വിഷയാവതരണങ്ങളിലുള്ള നിഷ്കർഷത സാമൂഹ്യബോധത്തെ കൃത്യമായി നിർവ്വചിക്കുന്നുണ്ട്. എന്നും ജനകീയാസ്വാദകരെ സ്വന്തമാക്കുന്ന ഭക്തി സീരിയലുകളിലെ വക്രീകൃത മിത്തുകളും കഥകളും സ്വകാര്യ ആത്മീയ വിശ്വാസങ്ങളെ വർഗ്ഗീയ ദേവാരാധനാ വാദമാക്കി മാറ്റാൻ പര്യാപ്തമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തെക്കുറിച്ച് ഗാന്ധിജിയുടെ സങ്കല്പത്തിലുണ്ടായിരുന്ന മാതൃകാ പുരുഷനായ രാമന്റെ – സത്യത്തിന്റെയും ധർമ്മത്തിന്റെയും രാമരാജ്യത്തെ, ക്ഷാത്രവീര്യ ഹിന്ദുത്വ രാഷ്ട്രവാദത്തിലെത്തിക്കാൻ എങ്ങനെ കഴിഞ്ഞുവോ അതേപോലെ കച്ചവടാധിഷ്ഠിത വർഗ്ഗീയ മത – സ്ഥാപന ഉപഭോക്തൃനിർമ്മാണത്തിന് ഉതകുന്ന മാധ്യമമാണ് ഇന്ന് സീരിയലുകൾ.
ആധുനിക കാലത്ത് കല്യാണം കഴിഞ്ഞ് ദമ്പതികൾക്ക് മക്കൾ ഉണ്ടാവുന്നില്ലെങ്കിൽ കുടുംബത്തിൽ പാരമ്പര്യം നിലനിർത്താൻ അടുത്ത തലമുറയിൽ ‘ആൺ’ മക്കളുണ്ടാവുന്നില്ലെങ്കിൽ അച്ഛനും അപ്പൂപ്പനും ശയനപ്രദക്ഷിണം നടത്തുന്നതും അമ്മമാർ ഉരുളി കമഴ്ത്തുന്നതും എല്ലാ ചാനലുകളിലെയും പൊതുസീനായി മാറുന്നത് സ്വാഭാവികതയല്ല. അല്ലായെന്നു തന്നെ പറയണം. ഒപ്പം ക്ഷേത്രങ്ങളിലെ ( മറ്റ് മതസ്ഥരുടെ ദേവാലയങ്ങളെയോ ആചാര രീതികളെയോ സൂചിപ്പിക്കുന്നതിൽ അർത്ഥമില്ലല്ലോ? കാരണം അവരുടെ സാന്നിധ്യമുള്ള ഒരു സീരിയലും ഇന്നില്ലായെന്നതു തന്നെ) പൂർവ്വകാലശീലമില്ലാത്ത ഉരുളി കമഴ്ത്തലുകളും പൊങ്കാലകളും ഐശ്വര്യപൂജകളും പുതിയ വഴിപാടുകളും വിലവിവരപ്പട്ടികയും ക്യു ആർ കോഡ് സംവിധാനങ്ങളുമെല്ലാം സാമൂഹിക മാനുഷിക ബോധതലത്തിലുണ്ടാവുന്ന അഥവാ ഉണ്ടാക്കുന്ന അവബോധത്തിന്റെ ‘അപബോധ’ ചൂഷണങ്ങൾ തന്നെയാണ്.ഒപ്പം ഈശ്വരനെന്ന്, ആത്മീയതയെന്ന് ദ്യോതിപ്പിച്ച് വർഗ്ഗീയവികാരം ഇളക്കിവിടുന്ന ഇന്ത്യൻ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ ഈ ആചാരാനുഷ്ഠാനാധിഷ്ഠിത ദേവാലയ ശ്രേണികളൊന്നും കാണാനാവില്ല, ആത്യന്തികമായി ഈശ്വരാരാധനയല്ല ഇക്കൂട്ടർ ലക്ഷ്യമാക്കുന്നതെന്നും നാം കാണണം.
ലോക കമ്പോളയുഗത്തിൽ ഏറ്റവും നല്ല കമ്പോളമായി ബഹുസ്വര സാംസ്കാരികയിന്ത്യയിൽ സാമ്പത്തിക, സാമൂഹിക ഏറ്റക്കുറച്ചിലുകളില്ലാതെ വളർത്തിയെടുക്കാൻ പറ്റുന്ന കച്ചവടം ഭക്തിക്കച്ചവടം തന്നെയാണ്. പരിഷ്കൃത സമൂഹത്തിന് അത് ‘പിൽഗ്രിം ടൂറിസവും’ ജീവിതക്ലേശങ്ങളിലും മനോവ്യഥകളിലും ഉഴലുന്ന സാധാരണക്കാരന് ആശ്വാസത്തിന്റെ നെയ്-ത്തിരി വെളിച്ചവുമായി ഇന്ത്യൻ കമ്പോളം അന്താരാഷ്ട്ര സമ്പദ്ഘടനയിൽ സംഭാവന നൽകും.
ഗർഭാവസ്ഥയിലെ വയറുകാണലും വളക്കാപ്പും മുതൽ മരണാനന്തര ചടങ്ങുകൾ വരെ ആചാരവിശ്വാസങ്ങളിലൂന്നിയ ഇന്ത്യൻ സമൂഹത്തിലെ ഓരോ കുടുംബ ചടങ്ങും ആഘോഷത്തിന്റെ അകമ്പടികളോടെ നിർബന്ധിത അനുഷ്ഠാനങ്ങളാക്കി മാറ്റാൻ ടെലിവിഷൻ വിഭവങ്ങളും പരസ്യങ്ങളും മതിയായ കാരണമായിട്ടുണ്ട്. വടക്കൻ സംസ്ഥാനങ്ങളിലെ ഹ്യുമിഡിറ്റി ഇല്ലാത്ത കാലാവസ്ഥാന്തരീക്ഷത്തിൽ വിയർക്കാത്ത ശരീരങ്ങൾക്ക് ദാമ്പത്യത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള ഡി-റ്റോക്സിഫിക്കേഷൻ മാർഗ്ഗമായ മഞ്ഞക്കുളി (മഞ്ഞളും പാലും) കേരളം പോലെ പരിപൂർണ്ണ സ്കിൻ റെസ്പിറേഷൻ നടക്കുന്ന, നന്നായി വിയർക്കുന്ന, ഹ്യുമിഡിറ്റി ഏറ്റവും കൂടുതലുള്ള ഇടങ്ങളിൽ പോലും മഞ്ഞനിറം കലക്കിയെങ്കിലും മഞ്ഞക്കുപ്പായമണിഞ്ഞ് മഞ്ഞക്കാറിൽ വന്ന് മഞ്ഞഹാളിൽ മഞ്ഞപ്പൂ ചൂടി ‘ഹൽദി ‘ നടത്തണമെങ്കിൽ അത് അനിവാര്യമായ ആചാരമായി, ആഘോഷമായി മാറണമെങ്കിൽ സീരിയലുകളുടെയും പരസ്യങ്ങളുടെയും സ്വാധീനം ആചാരവിശ്വാസങ്ങൾക്കുമപ്പുറം ഒരു കുടുംബത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളിലേക്ക് എങ്ങനെയാണ് കമ്പോളസാധ്യത സൃഷ്ടിക്കുന്നതെന്ന് വ്യക്തം. ഹൽദി ഒരുദാഹരണം മാത്രം.
ആറും ഏഴും ചടങ്ങുകളാക്കി വികസിതമായ കല്യാണമുൾപ്പെടെ ഒരു വ്യക്തിയുടെ ജീവിതയാത്രയിൽ എത്രയെത്ര ചടങ്ങുകൾ, എത്രയെത്ര വിശ്വാസങ്ങൾ , എത്രയെത്ര ‘മതിലുകൾ’. ആ മതിലുകൾക്കെല്ലാമപ്പുറം ഭരണഘടനയുടെ ആർട്ടിക്കിൾ 51A (H) വിഭാവനം ചെയ്യുന്ന ശാസ്ത്രാവബോധം ആരാലും ഗണിക്കപ്പെടാതെ നിർത്തപ്പെടുമ്പോൾ നമ്മൾ വീണ്ടും അതേ സീരിയൽ ഭാഷയിൽ ചോദിക്കും, – സീരിയലുകൾ അവശേഷിപ്പിക്കുന്നതെന്ത് ? അവ അവശേഷിപ്പിക്കുന്ന സ്വാർത്ഥതയുടെ ഒറ്റയൊറ്റ തുരുത്തിൽ സ്നേഹ ബന്ധങ്ങളറ്റ് അപ്പോഴും നമ്മൾ തികഞ്ഞ പുച്ഛത്തോടെ – അവഗണനയോടെ പറയും ആനുകാലിക ആധുനിക സമൂഹത്തിലെ ഏറ്റവും വലിയ ജനകീയ സാംസ്കാരിക മാധ്യമമായ സീരിയൽ ‘ഞാൻ’ കാണാറേയില്ല എന്ന്;– – ആ അവഗണന കാലാനുസൃതമായ സാമൂഹിക, – രാഷ്ട്രീയ ഔന്നിത്യത്തിന്റെ പ്രതിഫലനമാണെന്ന പോലെ !!! l



