ടെലിവിഷൻ സീരിയലുകൾ അല്ലെങ്കിൽ സോപ്പ് ഓപ്പറകൾ വലിയ പ്രചാരമുള്ള ഒരു വിനോദ മേഖലയാണ്. 1950-കളിൽ അമേരിക്കയിലാണ് സോപ്പ് ഓപ്പറകളുടെ വ്യാപകമായ ആരംഭമെങ്കിലും ക്രമേണ അവയ്ക്ക് ലോകത്താകെ വലിയ പ്രചാരം ലഭിക്കുകയുണ്ടായി. ടെലിവിഷൻ സീരിയലുകൾ ആളുകളെ അവ കാണാനും വീണ്ടും വീണ്ടും കാണാനുമുള്ള ഒരു മാനസികാവസ്ഥയിലേക്ക് എത്തിച്ചു. 1984 -ൽ ഹംലോഗ്- (hamlog) എന്ന സീരിയലോടെയാണെന്ന് തോന്നുന്നു ഇന്ത്യയിൽ ഇവ ഒരു വിനോനോപാധി എന്ന രീതിയിൽ കടന്നുവരുന്നത്. വൈകാതെ തന്നെ വിവിധ ഭാഷകളിലായി സീരിയലുകൾ മുന്നേറിക്കൊണ്ടിരുന്നു. ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്കും മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്ത്- ഇറക്കാനും തുടങ്ങി . ഇതോടെയാണ് മലയാളത്തിലും ടെലിവിഷൻ സീരിയലുകൾക്ക് പ്രചാരം ലഭിച്ചു തുടങ്ങുന്നത്. സ്ത്രീകളാണ് സീരിയലുകളുടെ സ്ഥിരം പ്രേക്ഷകരെങ്കിലും ഇന്നത് കുടുംബത്തോടെ ഇരുന്നു കാണുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടുണ്ട്. സീരിയലുകളുടെ ആശയം മൊത്തത്തിലെടുത്ത് പരിശോധിക്കുമ്പോൾ അവ സമൂഹത്തിലെത്തിക്കുന്ന സന്ദേശം അത്ര ആരോഗ്യകരമല്ല എന്നു കാണാം. ഇന്നും ഇന്ത്യൻ സമൂഹം ഒരു പുരുഷാധിപത്യ സമൂഹം തന്നെയാണ് . അവിടേക്കാണ് ഒന്നുകൂടി അത്തരം ബോധത്തെ ഊട്ടിയുറപ്പിക്കുന്ന ആശയങ്ങളെ ഇറക്കുമതി ചെയ്യുന്നതെന്ന് ഓർക്കണം. ഒന്നുകിൽ സ്ത്രീകളെ നിലപാടുകൾ ഇല്ലാത്തവരായും, വലിയ ത്യാഗങ്ങൾ ചെയ്യുന്നവരായും അവതരിപ്പിക്കുന്നു. അല്ലെങ്കിൽ വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, ആഡംബര ജീവിതത്തിൽ മുഴുകുന്ന ,വികൃതമായ മനസ്സിന് ഉടമകളായവരായി അവതരിപ്പിക്കുന്നു. ഇത്തരം ടെലിവിഷൻ സീരിയലുകളിലെ സ്ത്രീവിരുദ്ധതയ്ക്ക് ഇന്നും അത്ര വലിയ മാറ്റം വന്നിട്ടില്ല. വീട്ടമ്മമാരെ ടാർഗറ്റ് ചെയ്തുകൊണ്ട് നിർമ്മിക്കപ്പെടുന്ന ഇത്തരം സീരിയലുകൾ അവരെ തന്നെയാണ് വാണിജ്യവൽക്കരിക്കുന്നതും.
മാറ്റമില്ലാത്ത സീരിയൽ ആശയങ്ങൾ സ്ത്രീവിരുദ്ധ ആശയങ്ങൾ
ടെലിവിഷൻ സീരിയലുകളുടെ പൊതു ആശയത്തിൽ ഇന്നും വലിയ മാറ്റങ്ങൾ വന്നതായി കാണാൻ സാധിക്കില്ല. സ്ത്രീകളാണ് ഇവയുടെ വലിയൊരു വിഭാഗം പ്രേക്ഷകരെന്നിരിക്കെ ദയനീയവും ,നിലപാടുകളില്ലാത്തതും, പുരുഷ കേന്ദ്രീകൃതവുമായ വ്യവസ്ഥയിൽ സ്ത്രീ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നവയായി സീരിയലുകൾ മാറുമ്പോൾ സമൂഹത്തിന്റെ പൊതുബോധം തന്നെയാണ് ഇവിടെയും വ്യക്തമാക്കപ്പെടുന്നത്. യാതൊരു പ്രശ്നവും തോന്നാത്ത രീതിയിൽ അവതരിപ്പിക്കുന്ന ഈ ടോക്സിക് ആശയങ്ങൾ എത്തരത്തിലാണ് കുടുംബബന്ധങ്ങളേയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നതെന്ന് ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നില്ല.
സീരിയലുകളുടെ ആശയം പരിശോധിക്കുമ്പോൾ ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന, തങ്ങളുടെ ഇഷ്ടങ്ങൾ ത്യജിക്കുന്ന, എന്ത് യാതനകൾ അനുഭവിക്കാനും തയ്യാറാകുന്ന, അതിൽ യാതൊരുവിധ പ്രശ്നവുമില്ലാത്ത, പ്രതികരിക്കാത്ത, നിലപാടുകളില്ലാത്ത, എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന, ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് കുറ്റങ്ങൾ മാത്രം കേൾക്കേണ്ടിവരുന്ന, വലിയ ത്യാഗങ്ങൾ ചെയ്യുന്ന സ്ത്രീകളെയാണ് കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത്. ഇന്നും ഇതിൽ വലിയ വ്യത്യാസമൊന്നും വന്നതായി കാണാൻ സാധിക്കില്ല. ഭർത്താവിനോടും കുടുംബത്തോടും സ്നേഹത്തിനായി അപേക്ഷിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുപോലും പിന്തുണ ലഭിക്കാത്ത സ്ത്രീകളെ അവതരിപ്പിക്കുന്നതിലൂടെ ഇവർ സമൂഹത്തിന് നൽകുന്ന ആശയം വളരെ വ്യക്തമാണ്. സമൂഹം കൽപ്പിക്കുന്ന സ്ത്രീ എങ്ങനെയായിരിക്കണമെന്ന് നമ്മളെത്തന്നെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഇത്തരം സീരിയലുകൾ. ഇതിലൂടെ മാറ്റത്തിനു വേണ്ടി തയ്യാറാകാത്ത സ്ത്രീകളെ നിർമ്മിച്ചെടുക്കുക എന്ന ഒരു പ്രവർത്തനം സീരിയലുകൾ നടത്തുന്നുണ്ട്. സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയോ അതും അല്ലെങ്കിൽ മറ്റ് ജെൻഡറുകളെ അവതരിപ്പിക്കുന്നതിലോ സീരിയലുകൾ ഇന്നും മുന്നോട്ടു വന്നിട്ടില്ല. ഇപ്പോഴും സമൂഹത്തിൽ കാലാകാലങ്ങളായി നിലനിന്നു പോരുന്ന കുടുംബവ്യവസ്ഥിതിയെക്കുറിച്ചും അതിൽ സ്ത്രീകൾ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുമുള്ള ആശയങ്ങൾ മാത്രമാണ് ഇത്തരം സീരിയലുകൾ മുന്നോട്ടുവയ്ക്കുന്നത്. നന്നായി പഠിച്ചിട്ടുള്ളതും ജോലിയുള്ളതുമായ സ്ത്രീകൾ ഇഷ്ടമില്ലാത്തവരെ കല്യാണം കഴിക്കാൻ നിർബന്ധിതരാവുകയും വലിയ രീതിയിൽ മാനസിക സമ്മർദ്ദം അനുഭവിക്കുകയും ചെയ്താലും അവിടെതന്നെ കഷ്ടപ്പെട്ട് പിടിച്ചുനിൽക്കുകയും ചെയ്യുന്ന രീതിയിലുള്ള ആശയങ്ങളാണ് വേറൊരു തരത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ജോലിക്ക് പോകണമെങ്കിൽ പോലും ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തിനായി കാത്തുനിൽക്കുകയും അതിനായി അവരോട് കേണപേക്ഷിക്കേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത്തരത്തിൽ സീരിയലുകളുടെ രാഷ്ട്രീയം പൊതുവായി സ്ത്രീ സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരായതാണ്.
ഒരേ തരത്തിലുള്ള സ്വഭാവരീതികളും സൗന്ദര്യ സങ്കല്പങ്ങളുമാണ് സീരിയലിലെ സ്ത്രീകഥാപാത്രങ്ങളുടേതെന്ന് കാണാം. ഉത്തമയായ ഒരു വീട്ടമ്മ എങ്ങനെയായിരിക്കണമെന്ന പ്രതീതിയാണ് സമൂഹത്തിൽ എത്തിക്കാൻ ഇത്തരം സീരിയലുകൾ ശ്രമിക്കുന്നത്. ഇവയിൽ കണ്ടുവരുന്ന വില്ലൻ കഥാപാത്രങ്ങളായ സ്ത്രീകൾക്കും സമാനമായ പാറ്റേണുകളാണ് നിർമ്മിച്ചു നൽകിയിട്ടുള്ളത്. വളരെ ധനികരായ ഈ സ്ത്രീകൾ അത്തരത്തിലുള്ള ആഡംബരജീവിതരീതിയാണ് നയിക്കുന്നത്. കൂടാതെ ആർഭാടത്തിനൊപ്പം ആധിപത്യം സ്ഥാപിക്കുന്ന സ്വഭാവവുമായിരിക്കും അവർ പ്രകടിപ്പിക്കുന്നത്. തന്റെ ചുറ്റുമുള്ള മനുഷ്യനെ നിർദ്ദാക്ഷിണ്യം ഉപദ്രവിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന സാഡിസ്റ്റുകളായി സ്ത്രീകളെ അവതരിപ്പിക്കുന്നു. വലിയ കുറ്റകൃത്യങ്ങൾ നടത്തുകയും മറ്റുള്ളവരെ സ്വാധീനിച്ച് അങ്ങനെയൊക്കെത്തന്നെ ജീവിച്ചു പോവുകയും ചെയ്യുന്നവരാണ് ഇവർ. ഇത്തരത്തിൽ സ്ത്രീകളെ വികലമായി അവതരിപ്പിക്കുന്ന രീതിയുമുണ്ട്. ഇവിടെ കൃത്യമായും ഒരു അജൻഡ ഒളിഞ്ഞു കിടപ്പുണ്ട്. ത്യാഗനിർഭരമായ, വളരെ പാവമായ സ്ത്രീയെ അവതരിപ്പിക്കുന്നതിലൂടെ സമൂഹം വിഭാവനം ചെയ്യുന്ന കുലസ്ത്രീ സങ്കൽപത്തെ മഹത്വവത്കരിച്ചുകാണിക്കുകയും അതല്ലാത്ത സ്ത്രീകളെയെല്ലാം ഒരു വില്ലൻ പരിവേഷത്തിലേക്ക് മാറ്റിനിർത്തുകയും ചെയ്യുമ്പോൾ സമൂഹം ആദ്യ വിഭാഗം സ്ത്രീകളെപ്പോലെയുള്ളവരെയാണ് അംഗീകരിക്കുന്നത് എന്ന സന്ദേശമാണ് സീരിയലുകൾ സമൂഹത്തിൽ എത്തിക്കുന്നത്. അല്ലെങ്കിൽ അത്തരത്തിലുള്ള സ്ത്രീകളെ അംഗീകരിക്കുന്ന രീതിയിലേക്ക് സമൂഹത്തിന്റെ മാനസികാവസ്ഥയെ മാറ്റുന്നതിൽ ഇത്തരം സീരിയലുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്.
ഒരു കാര്യം നോർമലൈസ് ചെയ്ത് അവതരിപ്പിക്കുന്ന രീതി സീരിയലുകളിൽ ഇല്ല. മനുഷ്യരുടെ ജീവിതം അവതരിപ്പിക്കുന്നു എന്ന രീതിയിൽ നിർമ്മിക്കപ്പെടുന്ന ഇത്തരം സീരിയലുകളുടെ ഉള്ളടക്കമാണെങ്കിലും വസ്ത്രധാരണ രീതികളാണെങ്കിലും ജീവിത രീതികളാണെങ്കിലും പരിസരമാണെങ്കിലും എല്ലാം യഥാർത്ഥ ജീവിതത്തോട് ചേർന്നു നിൽക്കുന്നതല്ലെന്ന് മാത്രമല്ല ചിലതെല്ലാം പൂർണ്ണമായും യുക്തിക്ക് നിരക്കാത്തതുമാണ്. തങ്ങൾക്ക് കംഫർട്ടബിൾ ആയ വസ്ത്രം ധരിച്ച് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളാണ് യഥാർത്ഥ ജീവിതത്തിലെ സ്ത്രീകൾ. പക്ഷേ ഇത്തരം സ്ത്രീകളെ സീരിയലുകളിൽ അവതരിപ്പിക്കുന്നത് കണ്ടിരിക്കുന്നവർക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കും. പള പള തിളങ്ങുന്ന സാരിയും മേക്കപ്പും ആഭരണങ്ങളും ധരിച്ച് വീട്ടിലിരിക്കുന്ന സ്ത്രീകളെ അവതരിപ്പിക്കുമ്പോൾ നോർമാലിറ്റിയിൽ നിന്നും എത്ര ദൂരെയാണ് ഇത്തരം സീരിയലുകളുടെ ആശയം. സാധാരണ മനുഷ്യരുടെ ജീവിതം അവതരിപ്പിക്കുന്ന സീരിയലുകൾ ഈ കാലമത്രയും വന്നിട്ടുണ്ടോ എന്നത് സംശയമാണ്. കാറും വീടും ആഡംബര വസ്ത്രങ്ങളും ജീവിതരീതിയും മാത്രം അവതരിപ്പിക്കുന്ന സീരിയലുകൾ മനുഷ്യരുടെ ജീവിതത്തെ വാണിജ്യവൽക്കരിക്കുകയാണ്. ഇതിലൂടെ വിപണിതാല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. കാറിന്റെയും വീടിന്റെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പളപളപ്പിൽ ഇത് കണ്ടിരിക്കുന്ന പ്രേക്ഷകർ വീണുപോകുന്നതിൽ തെറ്റു പറയാനാകില്ല. ജനങ്ങൾക്കിടയിൽ ഇത്തരം ആഡംബര ജീവിതത്തെ സാമാന്യവൽക്കരിക്കുന്നതിലൂടെ സീരിയലുകൾ ഉണ്ടാക്കിത്തീർക്കുന്നത് ഒരു ഉപഭോഗ സംസ്കാരമാണ്. ഇതാണെങ്കിലോ മുതലാളിത്തത്തിന്റെ ഉൽപ്പന്നവുമാണ്. ഏതോ ഒരു സീരിയലിലെ ഭാഗം കണ്ടതോർക്കുന്നു: ‘‘അമ്മായിയമ്മ മരുമകൾക്ക് ശിക്ഷയായി നൽകുന്നത് ഒരുപാട് ആഭരണങ്ങൾ ധരിച്ചുകൊണ്ട് വീട്ടിലെ ജോലികൾ ചെയ്യാനാണ്.വളരെ കനം കൂടിയ ആഭരണങ്ങൾ ധരിച്ചുകൊണ്ട് ജോലി ചെയ്യുന്ന മരുമകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ഒന്നും പ്രതികരിക്കാതെ യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ജോലികൾ എല്ലാം ചെയ്യുന്നതായാണ് അവതരിപ്പിക്കപ്പെടുന്നത്. ചില സീരിയലുകളിൽ വില്ലത്തിമാരായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് യുക്തിഭദ്രമായി സംസാരിക്കുന്നതെന്ന് തോന്നാറുണ്ട്. പക്ഷേ സമൂഹത്തിന്റെ സ്ത്രീ നിർമ്മിതിയിൽ അവർ അഹങ്കാരികളും തന്റേടികളുമാണ്. സ്ത്രീകളെ അഹങ്കാരികളും തന്റേടികളുമായി സമൂഹം അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. പുരുഷാധിപത്യപരമായ സമൂഹത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനേ ഇത്തരത്തിലുള്ള ആശയങ്ങൾ ഉപകരിക്കുകയുള്ളൂ.
ജീവിതത്തിൽ സാധാരണമല്ലാത്ത വലിയ ത്യാഗങ്ങളും ധാർമികമൂല്യങ്ങളും കാഴ്ചവെക്കുന്ന നായികമാരെ ഏറ്റെടുക്കുന്ന പ്രേക്ഷകർ അത്തരം കാര്യങ്ങളെയെല്ലാം അംഗീകരിക്കുകയും സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന വിവേചനത്തെയും ലിംഗ അസമത്വത്തെയും മാറ്റമില്ലാതെ തുടരാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തിൽ സ്ത്രീതുല്യതയെയും സ്വാതന്ത്ര്യത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തോന്നുന്ന സീരിയലുകളുടെ ആശയത്തെയും ചില സീനുകളെയും ആഴത്തിൽ പരിശോധിച്ചാൽ ഇവയിൽ ഒളിഞ്ഞിരിക്കുന്ന ഇരട്ടത്താപ്പ് വ്യക്തമാകും. നമ്മളൊന്നും മരിച്ചാലും തീരാത്ത രീതിയിലേക്ക് സീരിയലുകളുടെ എപ്പിസോഡുകളും ആശയങ്ങളും മാറുമ്പോൾ ആളുകൾ അവയെ ആഘോഷപൂർവ്വം സ്വീകരിക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. വർഷങ്ങളായിട്ടും പ്രസവിക്കാത്ത സ്ത്രീകളുള്ള കുടുംബങ്ങളിലുണ്ടാകുന്ന കുത്തിത്തിരിപ്പുകൾ എല്ലാം സീരിയലുകളുടെയും സ്ഥിരം വിഷയമാകുമ്പോൾ ആളുകൾ ഇത്തരം ആശയങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു എന്നതു തന്നെയാണ് ഭീതിയുളവാക്കുന്ന കാര്യം.
അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാകുന്ന
സീരിയലുകൾ
ഇന്ത്യയിലൊട്ടാകെ പരിശോധിക്കുമ്പോൾ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വാർത്തകൾ വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. വലിയ സാമൂഹ്യ മുന്നേറ്റങ്ങളിലൂടെയും നവോത്ഥാന സമരങ്ങളിലൂടെയും നേടിയെടുത്തതാണ് ഇന്നു കാണുന്ന രീതിയിലുള്ള കേരളം. അന്ധവിശ്വാസങ്ങൾ ഇല്ലാത്തിടമാണ് കേരളമെന്ന് അഭിമാനപൂർവ്വം നാം പറയുന്നുണ്ടെങ്കിലും ഇന്ന് കേൾക്കുന്ന ചില വാർത്തകൾ നമ്മെ ഭയപ്പെടുത്തുന്നതാണ്. അന്ധവിശ്വാസങ്ങളെ ജനങ്ങളിൽ എത്തിക്കുന്നതിലും വലിയ രീതിയിൽ ഈ ചിന്താഗതികളെ സമൂഹത്തിൽ പടർത്തുന്നതിലും ടെലിവിഷൻ സീരിയലുകൾക്കു പങ്കുണ്ട്. ദൈവത്തെ കൂട്ടുപിടിച്ച് ലോകത്ത് കേൾക്കാത്ത രീതിയിലുള്ള ചടങ്ങുകളും പൂജകളും നടത്തുകയും, അതിനുവേണ്ടി ആരെയും ഉപദ്രവിക്കാൻ മടിയില്ലാത്ത രീതിയിലേക്ക് മാറുകയും ചെയ്യുന്ന അനവധി ദൃശ്യങ്ങൾ സീരിയലുകളിൽ കാണാനാകും. പാമ്പിനെ നാഗരാജാവായി കണക്കാക്കുകയും അതിനെ തൊഴുത് കൈകൊണ്ട് എടുത്തുമാറ്റുകയും, ദോഷങ്ങൾ മാറാൻ വേണ്ടി ഭാര്യാ ഭർത്താക്കന്മാരെ അകറ്റുകയും, പ്രേതബാധയാണെന്ന് പറഞ്ഞ് ഹോമം നടത്തുകയും, മറ്റുള്ളവരെ ഉപദ്രവിക്കാൻ പൂജകൾ നടത്തുകയും ചെയ്യുക തുടങ്ങി നിരവധി അന്ധവിശ്വാസങ്ങൾ കൊണ്ട് നിറഞ്ഞതാണ് സീരിയലുകളുടെ ഉള്ളടക്കം. ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ദൈവത്തെയും ജോത്സ്യന്മാരെയും ഉപയോഗപ്പെടുത്തുകയാണ് കാലാകാലങ്ങളായി ഇവർ ചെയ്തുപോരുന്നത്. ഭക്തിയെയും ദൈവങ്ങളെയും കൂട്ടുപിടിച്ച് ഏത് കാര്യം അവതരിപ്പിക്കുമ്പോഴും അതിന് മാർക്കറ്റുണ്ടാകുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുക. ചില രാഷ്ട്രീയ പാർട്ടികളുടെ പിൻബലവും ഇതുതന്നെയാണ്. രാജ്യം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും കാലങ്ങളായി ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭക്തിയെയും ആരാധനയെയുമാണ്. അതിനെ മറയാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയം രാജ്യത്ത് ഉണ്ടാക്കിത്തീർക്കുന്നതും വലിയ വെല്ലുവിളികളാണ്. ഇത്തരം വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയ സമീപനങ്ങളെ പിന്തുണയ്ക്കുകയും ആളുകളിൽ വിഷം കുത്തിനിറയ്-ക്കുകയുമാണ് പല സീരിയലുകളും പരോക്ഷമായി ചെയ്യുന്നത്. ക്രമേണ വലിയ രീതിയിലുള്ള അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കേന്ദ്രമായി നമ്മുടെ നാട് മാറുകയും ചെയ്യും. ഇത് വരുത്തിവെക്കുന്ന പരിണതഫലങ്ങൾ ചെറുതല്ല. കാര്യങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാനും ഇതിനെതിരെ പ്രതികരിക്കാനും സാധിക്കുന്ന ഒരു സമൂഹം ഇല്ലാതായിത്തീരുകയും വളർന്നു വരാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ നടക്കാനിടയുള്ള കാര്യം. സയന്റിഫിക് ടെമ്പറിനെ സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള ഇടംപോലും ഇല്ലാതായിത്തീരുകയാണ്. ഇതിലൂടെ ഇന്ന് കുടുംബമായി വൈകുന്നേരങ്ങളിൽ കാണുന്ന ഒന്നായി ടെലിവിഷൻ സീരിയലുകൾ മാറിയിട്ടുണ്ട്. ഇത് കുട്ടികളിലും കുടുംബ ബന്ധങ്ങളിലുമുണ്ടാക്കിത്തീർക്കുന്ന പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്തു തന്നെ പോകേണ്ടതുണ്ട്. തുല്യതയും സമത്വവും സ്വാതന്ത്ര്യവുമെല്ലാം കുട്ടികളിലേക്ക് കൃത്യമായി എത്തിച്ചു നൽകാൻ രക്ഷിതാക്കൾക്കും സമൂഹത്തിനും സാധിച്ചില്ലെങ്കിൽ ഇത്തരം ടെലിവിഷൻ സീരിയലുകളും സിനിമകളും മാധ്യമ ഉള്ളടക്കത്തിലെ കണ്ടന്റുകളും കുട്ടികളിലെ ആശയത്തെയും നിലപാടുകളെയും സ്വാധീനിക്കാനിടയുണ്ട്. കുട്ടികൾ സ്ത്രീവിരുദ്ധരായി മാറുകയും ഇന്നു കാണുന്ന സിഗ്മ എന്നു പറയുന്ന രീതിയിലേക്ക് പരിവർത്തനപ്പെടുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തെയല്ല സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പുരുഷാധിപത്യ പ്രധാനമായ ആശയങ്ങൾ കുട്ടികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന സ്വാധീനം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
ആൽബർട്ട് ബന്ദുര (Albert Bandura)ഒബ്സർവേഷണൽ ലേർണിംഗ് തിയറി(observational learning theory)യിൽ പറഞ്ഞു വെക്കുന്നതും ഇതുതന്നെയാണ്. മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ടാണ് കുട്ടികൾ വളരുന്നതെന്നും, അവർക്ക് ഇഷ്ടമുള്ളവരെ മോഡലുകളാക്കുമെന്നും, ആ മോഡലുകളുടെ സ്വഭാവ രീതികളും പെരുമാറ്റവും ആശയങ്ങളുമെല്ലാം കുട്ടികൾ തങ്ങളുടെ ജീവിതത്തിലും അനുകരിക്കുമെന്നും ബന്ദുര പറഞ്ഞുവെക്കുന്നുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ സീരിയലുകളിലെ കപട രാഷ്ട്രീയവും അന്ധവിശ്വാസങ്ങളും ബോധപൂർവ്വം ഇഞ്ചക്ട് ചെയ്യപ്പെടുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയവും പുരുഷാധിപത്യ സമീപനങ്ങളും കുടുംബവഴക്കുകളും ടോക്സിക്കായ പരിസരങ്ങളുമെല്ലാം കുട്ടികളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ട്. വളരെ സ്വാഭാവികമായി അവതരിപ്പിക്കപ്പെടുന്ന ഈ ആശയങ്ങൾ സമൂഹത്തിന്റെ പൊതുബോധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
ഇമ്പമില്ലാതാകുന്ന കുടുംബങ്ങൾ
കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്ന കുടുംബങ്ങളല്ല സീരിയലുകളിലേത്. ഒരു വലിയ സമൂഹത്തിന്റെ ചെറിയ ഭാഗം എന്ന നിലയ്ക്ക് കുടുംബത്തിന് വലിയ പ്രാധാന്യമുണ്ട്. കൂടാതെ കുട്ടികളുടെ വികാസത്തിലും സമൂഹത്തിന്റെ നിലനിൽപ്പിലുമെല്ലാം കുടുംബം വഹിക്കുന്ന പങ്ക് വലുതാണ്. സന്തോഷവും സങ്കടവും ദേഷ്യവും പ്രശ്നങ്ങളുമെല്ലാം സമ്മിശ്രമായതാണ് കുടുംബം. അത്തരത്തിൽ ഇണങ്ങിയും പിണങ്ങിയും ആരോഗ്യകരമായി ജീവിക്കുന്ന കുടുംബങ്ങൾക്ക് പകരം വൈകല്യങ്ങൾ സംഭവിച്ച കുടുംബങ്ങളെയാണ് സീരിയലുകളിൽ ഏറെയും അവതരിപ്പിക്കുന്നത്.
കോഗ്നിറ്റീവ് ബിഹേവിയറൽ തിയറിയിൽ പറയുന്നത് ,തുടർച്ചയായി നമ്മൾ കാണുന്ന കഥാപാത്രങ്ങളും അവരുടെ വികാസങ്ങളും അബോധപൂർവം തന്നെ അവരുടെ സ്വഭാവരീതികളും പെരുമാറ്റ രീതികളും വികൃതമായി അനുകരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട് എന്നാണ്. മീഡിയ ഉപയോഗം നമ്മുടെ ചിന്തയെ ബാധിക്കുന്നുണ്ടെന്നും തിയറി പറഞ്ഞുവെക്കുന്നു. സീരിയലുകൾ കാണുന്നവരുടെ കുടുംബങ്ങളിൽ പരസ്പര വിശ്വാസത്തിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. സീരിയലുകളിൽ ഏറെയും അവതരിപ്പിക്കുന്നത് ഇന്ന് അവിഹിത ബന്ധങ്ങളായതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുടുംബങ്ങളിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുന്നു. ഇവിടെയും ബോധപൂർവ്വമായ ഒരു ഇടപെടൽ സീരിയലുകൾ നടത്തുന്നുണ്ടെന്ന് തിരിച്ചറിയേണ്ടതായുണ്ട്. സമൂഹം വിഭാവനം ചെയ്യുന്ന കുടുംബം എന്ന സങ്കൽപ്പനത്തിൽ ഇത്തരത്തിൽ ഒന്നുമില്ലെയെന്നും, അവിടെ ഭാര്യയും ഭർത്താവും കുട്ടികളും ഭർത്താവിനെ അനുസരിക്കുന്ന ഭാര്യയും കുട്ടികളും, കുല സ്ത്രീയായ ഭാര്യ തുടങ്ങിയ ആശയങ്ങളാണ് നിർമ്മിക്കപ്പെടുന്നത്. ആ കുടുംബ സങ്കല്പത്തിനപ്പുറത്താണ് ഇത്തരത്തിലുള്ള അവിഹിതങ്ങൾ എന്നും കുടുംബങ്ങൾ എന്നും കാലാകാലങ്ങളായി പിന്തുടർന്നു പോരുന്ന ഒരേ ലൈനിൽ പോകേണ്ടതാണെന്നുമുള്ള ഒരു സന്ദേശം കൂടി ഇത്തരം സീരിയലുകൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള ഇടപെടലുകൾക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള അവിഹിത ബന്ധങ്ങളെയും മറ്റും സീരിയലുകളിൽ വലിയ രീതിയിൽ ഉൾച്ചേർക്കുന്നത്. വളരെ സാധാരണ രീതിയിലുള്ള ജീവിതത്തെയും ഒരു സാധാരണക്കാരന്റെ ജീവിതത്തെയും അവതരിപ്പിക്കുന്നതിൽ സീരിയലുകൾ ഇന്നും വിജയിച്ചിട്ടില്ല എന്ന് നിസംശയം പറയാം. നിരന്തരമായി കാണുന്ന സീരിയലുകളിലെ നെഗറ്റീവ് ആശയങ്ങൾ സംശയ രോഗങ്ങൾക്ക് കാരണമാവുകയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്വഭാവിക കഴിവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ടോക്സിക് ബന്ധങ്ങൾ കാണാനിടയാകുന്ന ഇരുവരും യഥാർത്ഥ ജീവിതത്തിലും വഴക്കുകൾ ഉണ്ടാക്കുന്നതിനും ആശയവിനിമയത്തിൽ തകരാറുകൾ ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്. നമ്മൾ കാണുന്ന കാര്യങ്ങളും യഥാർത്ഥ ജീവിതവും തമ്മിൽ വ്യത്യാസമുണ്ടെന്ന് വേർതിരിച്ചു മനസ്സിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ ഇത്തരം ആശയങ്ങൾ കുടുംബബന്ധങ്ങളിലും സാമൂഹ്യജീവിതത്തിലും വിള്ളലുകൾ ഉണ്ടാക്കുന്നു. ചെറിയ പ്രശ്നങ്ങളെപ്പോലും പെരുപ്പിച്ചു കാണിക്കുകയും ഉത്കണ്ഠ ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് പ്രേക്ഷകരിലും ഒരുതരം വിഷാദാവസ്ഥയ്ക്ക് കാരണമാകാം.
സീരിയലുകളുടെ പ്രത്യേകത ഓരോ എപ്പിസോഡ് കാണുമ്പോഴും അടുത്തതിനായുള്ള ത്വര നമ്മളിൽ ജനിപ്പിക്കും എന്നതാണ്. ഒരു മുഴുനീളസിനിമയിൽ ക്ലൈമാക്സ് കണ്ട് എഴുന്നേൽക്കുന്ന പ്രേക്ഷകരിൽ ക്യൂരിയോസിറ്റിക്ക് പിന്നെ സ്ഥാനമില്ല. പക്ഷേ താൻ ഇഷ്ടപ്പെടുന്ന നായികയ്-ക്കോ നായകനോ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ക്യൂരിയോസിറ്റിയിലാണ് സീരിയലുകൾ നിലനിന്നു പോകുന്നതുതന്നെ. കഥാപാത്രങ്ങളോട് ക്രമേണ രൂപപ്പെടുന്ന വൈകാരിക അടുപ്പവും ഒരു പ്രധാനമാണ്. ഇവ ക്രമേണ ആസക്തിയിലേക്ക് നയിക്കാൻ ഇടയുണ്ട്. ഒരു ദിവസമെങ്കിലും എപ്പിസോഡുകൾ മുടങ്ങുമ്പോൾ ഇതിന്റെ സ്ഥിരം പ്രേക്ഷകൻ അനുഭവിക്കുന്ന വിഷമം നമ്മളെല്ലാവരും ചിലപ്പോൾ നേരിട്ട് അനുഭവിച്ചിട്ടുണ്ടാകാം. ചിലപ്പോൾ യഥാർത്ഥ ജീവിതത്തിലെ ആളുകളെ സീരിയൽകഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇത്തരം കഴമ്പില്ലാത്ത താരതമ്യങ്ങളും കാരണമാകാം.
പുരോഗമന രീതിയിൽ ചിന്തിക്കുന്ന ഒരു സമൂഹത്തെ നിലവാരമില്ലാത്ത അവസ്ഥയിൽ എത്തിക്കുകയാണ് സീരിയലുകളിലെ പിന്തിരിപ്പൻ ആശയപരിസരങ്ങൾ എന്നോർക്കുക. ‘മഹാഭാരതം’ സീരിയൽ ഇറങ്ങിയ സമയത്ത് ഭൂരിപക്ഷം പേരും അതിന്റെ പ്രേക്ഷകരായിരുന്നു. അതിലെ കഥാപാത്രങ്ങൾക്ക് ദൈവിക പരിവേഷം നൽകുകയും അവയിൽ അഭിനയിച്ചവരുടെ കാലുകൾ തൊട്ടു വണങ്ങുകയും അനുഗ്രഹം തേടുകയും ചെയ്യുന്നതിന്റെ വാർത്തകൾ ഉണ്ടായിരുന്നു. ഒരു കാലഘട്ടത്തിലും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നില്ല ഭക്തി. പക്ഷേ ഭക്തി സീരിയലുകളിലെ ആശയങ്ങളും രാഷ്ട്രീയവും പ്രേക്ഷകരുടെ മനസ്സിൽ വലിയ രീതിയിൽ ഭക്തിയേയും വിശ്വാസങ്ങളെയും കുത്തിനിറയ്ക്കുന്നതിൽ വിജയിച്ചു എന്നു വേണം കരുതാൻ. കഴിഞ്ഞകാലങ്ങളിലായി ബിജെപി സർക്കാർ തെരഞ്ഞെടുത്ത സ്ഥാനാർത്ഥികളിൽ മഹാഭാരതത്തിൽ അഭിനയിച്ചവർ ഉണ്ടായിരുന്നു. അവർക്ക് കിട്ടിയ സ്വീകരണവും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും തമ്മിലുള്ള ബന്ധവും അതാണ്. ജനങ്ങളുടെ ഉള്ളിൽ എളുപ്പത്തിൽ കുത്തിവയ്ക്കാൻ ചെയ്യാൻ സാധിക്കുന്ന ഭക്തിയേയും വിശ്വാസത്തെയും ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയം രാജ്യത്ത് ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്ക് വലിയ കാരണമായിട്ടുണ്ട്. ഇന്നും ഹിന്ദുത്വത്തിന് അതിന്റെ വേരുകൾ ഉറപ്പിക്കാൻ സാധിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണാണ് ഇന്ത്യയിലേത്.അതിൽ സീരിയലുകളുടെ ആശയങ്ങൾക്ക് വലിയ പങ്ക് വഹിക്കുന്നുമുണ്ട്.
സീരിയലുകളുടെ ആശയങ്ങൾ സൃഷ്ടിക്കുന്ന ഭീതിജനകമായ അവസ്ഥയെ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അവയെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വിനോദോപാധിയായ സീരിയലുകളെ മൊത്തത്തിൽ നിരോധിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. പക്ഷേ കൃത്യമായ സെൻസറിംഗ് നടത്തിക്കൊണ്ട് ആശയങ്ങളെ വിലയിരുത്തേണ്ടതും മാറ്റങ്ങൾ വരുത്തേണ്ടതും അനിവാര്യമാണ്. വലിയ വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സീരിയലുകളെ നിരോധിക്കുക തന്നെ വേണം. സമൂഹത്തിൽ ഒന്നാകെ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നവയാണ് സീരിയലുകൾ എന്നതുകൊണ്ടുതന്നെ ഇവയുടെ ആശയപരിസരങ്ങളെ സംബന്ധിച്ച് സമൂഹത്തിന് കൃത്യമായ ധാരണയുണ്ടാക്കിക്കൊടുക്കുക എന്നതും പ്രധാനമാണ്. നിരന്തരമായ ഉപദ്രവങ്ങളും നിലപാടുകളില്ലാത്ത സ്ത്രീകളും അന്ധവിശ്വാസങ്ങളും, കുടുംബവഴക്കുകളും പുരുഷാധിപത്യ കേന്ദ്രീകൃതമായ പരിസരങ്ങളുമെല്ലാം നാടിനെ പുരോഗതിയിലേക്ക് എത്തിക്കുന്നതിനു പകരം കാലങ്ങൾ പിന്നോട്ടു വലിക്കുന്നതിനേ ഉപകരിക്കുകയുള്ളൂ. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറാതിരിക്കാനും രാജ്യം പുരോഗതിയിലേക്ക് എത്താനും കൃത്യമായി ചിന്തിക്കുകയും നിലപാടുകളുള്ളതും പ്രതികരിക്കുന്നതുമായ ഒരു സമൂഹമാണ് ആവശ്യം. അവർ വിശ്വസിക്കുന്നത് സയൻസിൽ ആകുമ്പോൾ പിന്തിരിപ്പൻ ആശയ പരിസരങ്ങളെ ഒരു പരിധിവരെ ചെറുക്കാൻ നമുക്ക് കഴിയുന്നു. സാമൂഹ്യമായ ഒരു മുന്നേറ്റം തന്നെ ഇതിന് ആവശ്യമാണ്. l



