ടെലിവിഷന്റെ കടന്നുവരവ് അതുവരെയുണ്ടായിരുന്ന കാഴ്ചയുടെ/കേൾവിയുടെ അനുഭവത്തെയും സംവേദനത്തെയും തിരുത്തിയെഴുതി. കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി കേരളത്തില്‍ എത്തിയ അച്ചടിയുടെ ഭാഗമായാണ് മലയാളത്തില്‍ പത്രങ്ങള്‍ ആരംഭിക്കുന്നത്. രാജ്യസമാചാരത്തില്‍ തുടങ്ങുന്ന പത്രങ്ങളുടെ ചരിത്രം ഇന്ന് ഇന്റര്‍നെറ്റ് എഡിഷന്‍ വരെ എത്തിനില്‍ക്കുന്നു. ദീര്‍ഘകാലം മലയാളി ബോധത്തെ നിയന്ത്രിക്കുന്നതിനും ആശയവിനിമയത്തെ പുതുക്കുന്നതിനും പത്രങ്ങള്‍ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയ സജീവമായിട്ടും പത്രങ്ങളുടെ പ്രചാരത്തില്‍ വലിയ കുറവ് വന്നിട്ടില്ല.
പത്രങ്ങളുടെ വളര്‍ച്ച മധ്യഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ശ്രവ്യമാധ്യമമായ റേഡിയോ എത്തുന്നത്. റേഡിയോയില്‍നിന്നുള്ള വികാസമായിരുന്നു ടെലിവിഷന്‍. അച്ചടിയുടെ കടന്നു വരവ് കേരളത്തിന്റെ ആധുനികതയെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഈ മാറ്റം ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. അതുവരെ നിലനിന്ന പദ്യത്തിന്റെ ആധിപത്യം തകരുന്നത് ആ തരത്തിലാണ്. വായനയിലൂടെ വികസിച്ച ഭാഷയില്‍നിന്നും വ്യത്യസ്തമായ അനുഭവമാണ് കേള്‍വിയിലൂടെ രൂപപ്പെട്ട ഭാഷയ്ക്കുണ്ടായത്. ശബ്ദത്തിന്റെ സാധ്യതയാണ് ഇവിടെ പ്രധാനമായത്. പറയുന്ന ആളുടെ ശബ്ദം തന്നെയാണ് വാര്‍ത്തകളിലേയ്ക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചത്. റേഡിയോ കേട്ടുകൊണ്ട് മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നത് മറ്റൊരു സവിശേഷതയാണ്. കേള്‍വിയും കാഴ്ചയും സമന്വയിക്കുന്ന തരത്തിലേക്കുള്ള വികാസമാണ് ടെലിവിഷനിലൂടെ സംഭവിച്ചത്.
കേരളത്തിന്റെ മധ്യവര്‍ഗ ഇടത്തിലേക്കാണ് ടെലിവിഷന്‍ കടന്നുവരുന്നത്. ആഗോളവത്കരണ പരിഷ്കാരങ്ങളിലേയ്ക്ക് പരിവര്‍ത്തനപ്പെടുന്നതും ഗള്‍ഫ് പണത്തിന്റെ വരവും ടെലിവിഷന്റെ പ്രചാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. ലോകത്തിന്റെ കാഴ്ചകള്‍ തങ്ങളുടെ സ്വീകരണ മുറിയിലേക്ക് എത്തിയതിന്റെ മാറ്റം മലയാളി തിരിച്ചറിയുന്നത് ടെലിവിഷന്റെ വരവോടെയാണ്. വാര്‍ത്തകള്‍ മാത്രമല്ല വിനോദ പരിപാടികളും മലയാളിയുടെ ജീവിത പരിസരത്തിലേയ്ക്ക് എത്തുന്നത് ഈ ഘട്ടത്തോടെയാണ്. ഈ അര്‍ത്ഥത്തില്‍ ടെലിവിഷന്‍ മലയാളിയുടെ ബോധമണ്ഡലത്തെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കി. ഗള്‍ഫ്, അമേരിക്കയുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നവരുടെ കുടുംബങ്ങളിലാണ് ടെലിവിഷന്‍ ആദ്യമായി എത്തിയത്. എണ്‍പതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെയുള്ള കാലം പരിശോധിച്ചാല്‍ ഇത് തിരിച്ചറിയാനാകും. ടെലിവിഷന്റെ വരവ് സാമൂഹിക ബന്ധങ്ങളെ അഴിച്ചുപണിയുന്നുണ്ട്. ടെലിവിഷനിലെ വ്യത്യസ്ത പരിപാടികള്‍, സിനിമ, സ്പോര്‍ട്സ് എന്നിവ കാണുന്നതിന് ടിവിയുള്ള വീടുകളിലേയ്ക്ക് അടുത്തുള്ളവര്‍ കൂട്ടമായി പോയിത്തുടങ്ങിയത്- അതുവരെ നിലനിന്നിരുന്ന കൊടുക്കല്‍ വാങ്ങലുകളെ അഴിച്ചുപണിയാന്‍ കാരണമായി.
ടെലിവിഷന്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചിട്ട് 2024 സെപ്തംബര്‍ 15ന് അമ്പത്തൊമ്പത് വയസ് തികഞ്ഞു. 1985ലാണ് കേരളത്തില്‍ ടെലിവിഷന്‍ കാഴ്ചയെത്തുന്നത്. ഈ കാലഗണനയനുസരിച്ച് 2025ല്‍ എത്തുമ്പോള്‍ സംപ്രേക്ഷണത്തിന്റെ നാല്‍പ്പതാം വര്‍ഷത്തിലേയ്ക്ക് കടന്നു. സാങ്കേതികവിദ്യയുടെ വികാസം ടെലിവിഷന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ആ മാറ്റം നിരന്തരം നടക്കുന്ന പ്രക്രിയയുമാണ്. ഇത്രയും വര്‍ഷത്തിനിടയില്‍ ടെലിവിഷന്‍ നിര്‍മ്മിച്ച/പുറത്തുവിട്ട കാഴ്ചകള്‍ മലയാളിയുടെ ബോധമണ്ഡലത്തെ ഏതെല്ലാം തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന അന്വേഷണം പ്രസക്തമാണ്.
ടെലിവിഷന്റെ വരവും ഓരോ സമയത്തുമുണ്ടാകുന്ന സാങ്കേതിക വിദ്യയിലെ വളര്‍ച്ചയും മനുഷ്യന്റെ സ്വഭാവത്തില്‍തന്നെ നിരവധി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സംഭാഷണത്തിലും ശാരീരിക ചലനങ്ങളിലും അനുകരണീയമായ അനുഭൂതികളെ സൃഷ്ടിക്കാന്‍ ടെലിവിഷന് സാധിച്ചു. ചലച്ചിത്രരംഗത്തുള്ളവരുടെ ബാഹ്യമായ സൗന്ദര്യബോധത്തെ പുതിയൊരു അവസ്ഥയിലേയ്ക്ക് മാറ്റിത്തീര്‍ക്കാന്‍ ടെലിവിഷന്‍ കാരണമാകുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആകാരത്തിലും വേഷവിധാനങ്ങളിലും അവര്‍ വലിയ മാറ്റം വരുത്തുന്നത് ടെലിവിഷന്റെ വരവോടെയാണ്. വേഷവിധാനങ്ങളിലാണ് പ്രധാനമായും ഈ മാറ്റം പ്രകടമായത്. മാധ്യമങ്ങളെന്നു പറയുമ്പോള്‍ തന്നെ ദൃശ്യമാധ്യമങ്ങള്‍ എന്ന തരത്തിലേയ്ക്ക് വ്യവഹാരങ്ങള്‍ മാറിയെന്നതും വസ്തുതയാണ്.
ചാനലുകളും സീരിയലുകളും
രണ്ടായിരത്തോടെ ടെലിവിഷന്‍ മധ്യവര്‍ഗത്തില്‍നിന്നും ഇടത്തരക്കാരിലേയ്ക്കും കൂലിപ്പണിക്കാരുടെ വീടുകളിലുലേക്കുമെത്തി. ദൂരദര്‍ശന്‍ എന്ന യാഥാര്‍ത്ഥ്യത്തിനൊപ്പം സ്വകാര്യ ചാനലുകള്‍ കൂടി എത്തിയതോടെ അതുവരെയുള്ള കാഴ്ചകളില്‍ വലിയ പരിവര്‍ത്തനം സംഭവിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ അതായത് ഞായറാഴ്ച മാത്രം കണ്ടിരുന്ന സിനിമകള്‍ ദിവസവും മൂന്നും നാലും സിനിമകളായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വലിയ ഒരു പ്രേക്ഷക സമൂഹമാണ് ടെലിവിഷന്‍ ചാനലുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചത്. ഇത് ചാനലുകള്‍ തമ്മിലെ മത്സരത്തിന് കാരണമായി. ഇതില്‍ കൂടുതലും സ്ത്രീകളായിരുന്നു. സ്ത്രീകള്‍ കാര്യമായി തൊഴിലിടങ്ങളിലേയ്ക്ക് പ്രവേശിക്കാത്ത ഘട്ടമായതിനാല്‍ ചാനലുകള്‍ സ്ത്രീകളുടെ ഇഷ്ട ഇടങ്ങളായി. ഒരു റിമോട്ടിലൂടെ നിരവധി ചാനലുകളിലേയ്ക്ക് നിമിഷനേരംകൊണ്ട് എത്തിച്ചേരാന്‍ ഇത് കാരണമായി. അങ്ങനെ കുടുംബത്തിനുള്ളിലെ വിരസത അകറ്റാനുള്ള പ്രധാന ഉപാധിയായി ചാനലുകള്‍ മാറി. ഇത്തരമൊരു സവിശേഷഘട്ടത്തില്‍ മധ്യവയസ്കരായ സ്ത്രീകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികള്‍ സൃഷ്ടിക്കേണ്ടത് ചാനലുകളുടെ ബാധ്യതയായി. ഒരു പ്രത്യേക പ്രായക്കാരെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ചാനലുകള്‍ സീരിയല്‍ ഒരുക്കുന്നതിലേയ്ക്ക് തിരിഞ്ഞത്. അങ്ങനെ സ്ത്രീകളുടെ വൈകുന്നേരങ്ങള്‍ സീരിയലുകളില്‍ തളയ്-ക്കപ്പെട്ടു. സീരിയലുകള്‍ സൃഷ്ടിക്കുന്ന സൗന്ദര്യബോധമെന്നത് അധീശത്വത്തിന്റേതാണ്. സീരിയലുകള്‍ മധ്യവര്‍ഗ കുടുംബങ്ങളിലെ സ്ത്രീ ജീവിതാവിഷ്കാരങ്ങളാണ്. ഇവിടെയും നിറമൊരു പ്രശ്നമായി മാറുന്നുണ്ട്. വെളുത്ത സ്ത്രീകള്‍ മാത്രമാണ് സീരിയലുകളിലെ മിക്ക കഥാപാത്രങ്ങളും. കേരളത്തിലെ മധ്യവര്‍ഗ കുടുംബങ്ങളിലെല്ലാം കുടുംബപോരുകളാണുള്ളത് എന്നാണ് സീരിയലുകള്‍ നല്‍കുന്ന പാഠം. അമ്മായി അമ്മയും മരുമകളും തമ്മിലെ വഴക്കുകള്‍, അവിഹിതം, സ്വത്ത് തട്ടിയെടുക്കല്‍, കൊലപാതകം, സ്ത്രീധനത്തിനുവേണ്ടിയുള്ള കുതന്ത്രങ്ങള്‍ എന്നിവയാണ് സീരിയലുകളുടെ പ്രധാന കഥകള്‍. മലയാളിയുടെ മനസ്സിലെ അധമ ബോധത്തെ കൂടുതല്‍ ഉറപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നതാണ് സീരിയലുകളുടെ ദൗത്യം.
കേരളത്തില്‍ സ്ത്രീകള്‍ നടത്തിയ മഹത്തായ പോരാട്ടങ്ങളെ റദ്ദു ചെയ്യുന്ന തരത്തിലുള്ള കഥാപാത്ര നിര്‍മ്മിതികളാണ് സീരിയലിലുള്ളത്. കേരളത്തിലെ കുടുംബജീവിതം കുശുമ്പിന്റെയും കുന്നായ്മയുടേതുമാണെന്ന അധമബോധത്തെ അവതരിപ്പിക്കുന്ന സീരിയലുകള്‍ സ്ത്രീ സമത്വത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നില്ല. മനുഷ്യന്റെ ഉള്ളിലെ ഹിംസയെയും അക്രമവാസനയെയും ഉറപ്പിക്കുന്ന സീരിയലുകള്‍ പ്രൈം ടൈമിലാണ് ഒട്ടുമിക്ക ചാനലുകളും പ്രക്ഷേപണം ചെയ്യുന്നത്. ഗൗരവതരമായ രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. വീട്ടില്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്ന വീട്ടമ്മമാരെ ലക്ഷ്യംവെച്ചാണ് സീരിയലിന്റെ കഥകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഒരു വര്‍ഷം വരെ നീളാവുന്ന എപ്പിസോഡുകള്‍ സ്ത്രീകളെ മാനസിക പരിവര്‍ത്തനത്തിന് ഇരയാക്കുന്നു. അതോടെ ഒരിക്കലും പറിച്ചു മാറ്റാനാകാത്ത വിധത്തില്‍ മനസ്സിനെ സീരിയലില്‍ ഉറപ്പിക്കാന്‍ ചാനലുകള്‍ക്ക് സാധിക്കുന്നു. വീട്ടിലെത്തുന്ന ബന്ധുക്കളെയോ അയല്‍പക്കത്തുള്ളവരെയോ പൂര്‍ണമായും സീരിയല്‍ സമയത്ത് ഒഴിവാക്കുന്ന തരത്തില്‍ സാമൂഹിക ജീവിതത്തെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സീരിയലിലൂടെ സ്ഥാപിക്കപ്പെടുന്നത്. കേരളത്തിലെ കുടുംബങ്ങളെല്ലാം പരസ്പരം പോരിടിക്കുന്നവയാണ് എന്നാണ് സീരിയലുകളിലെ കഥകളെല്ലാം പഠനത്തിന് വിധേയമാക്കിയാല്‍ മനസ്സിലാകുന്ന കാര്യം. പ്രശ്നങ്ങളില്ലാതെ പോകുന്ന ഒരു കുടുംബത്തെയും ഒരു ചാനലുകളിലെയും സീരിയലുകളില്‍ കാണാനാകില്ല. മാത്രമല്ല മധ്യവര്‍ഗ സ്ത്രീകളുമായി ബന്ധപ്പെട്ടാണ് എല്ലാ കഥാപാത്രങ്ങളെയും തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, കലാ, കായിക രംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ അവരുടെ പങ്കാളിത്തം ഉറപ്പിക്കുന്ന കാലത്താണ് അധമ ബോധത്തെ ഉറപ്പിക്കുന്ന കഥകളുമായി ചാനലുകള്‍ രംഗത്തുള്ളത്. ഉയര്‍ന്ന സാംസ്കാരിക അവബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഇത് മറികടക്കാന്‍ സാധിക്കൂ.
ടെലിവിഷനെതിരെ എല്ലാക്കാലത്തും ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനം നിറവുമായി ബന്ധപ്പെട്ടതാണ്. എന്തുകൊണ്ടാണ് ടെലിവിഷന്‍ അവതാരകരായി കറുപ്പ് നിറമുള്ളവര്‍ പ്രത്യക്ഷപ്പെടാത്തത് എന്നതായിരുന്നു ആ ചോദ്യം. വിദേശ ചാനലുകളെ പരിശോധിച്ചാല്‍ അവിടെ രൂക്ഷമായ നിറവിവേചനം നിലനില്‍ക്കുന്നില്ല എന്നു കാണാനാകും. കറുപ്പിനെ അധമബോധമായി കാണുന്ന അബോധ മലയാളിയുടെ സൃഷ്ടിയാണ് ടെലിവിഷന്റെ സൗന്ദര്യശാസ്ത്രം. റിയാലിറ്റി ഷോയിലും കോമഡി സ്കിറ്റുകളിലും ഇത്തരം മനുഷ്യരെ കാണാനാകുമെങ്കിലും പ്രധാന റോളുകളില്‍ ഇല്ല എന്നതാണ് വസ്തുത.
പല പരിപാടികളുടെയും ജഡ്ജസായി എത്തുന്നവരും ഫ്യൂഡല്‍ ജാതി, നിറ ബോധ്യങ്ങളെ അബോധത്തില്‍ സൂക്ഷിക്കുന്നവരാണ്. ഇവരുടെ ചില കമന്റുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാനാകും. ബോഡി ഷെയ്മിങ് കുറ്റമാണെന്നിരിക്കെ ലോകത്തു നടക്കുന്ന മാറ്റങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ ടിപ്പിക്കല്‍ മല്ലൂസായി മാറുന്നവരാണ് വലിയ വേദികളില്‍ പ്രധാനികളായി പ്രത്യക്ഷപ്പെടുന്നത്.
ദലിത്, അടിത്തട്ട് സമൂഹങ്ങള്‍ ഏതെങ്കിലും പരിപാടികളുടെ ഭാഗമായാല്‍ അവരെ അവിടെനിന്നും പുറത്താക്കാനുള്ള തന്ത്രങ്ങളാണ് ജഡ്ജസുമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എല്‍ജിബിടി ക്യൂഐഎ പ്ലസ് സമൂഹങ്ങളോടും ഇത്തരമൊരു സമീപനമാണ് സ്വീകരിക്കുന്നത്.
ടെലിവിഷനില്‍ കറുത്ത മനുഷ്യര്‍ പ്രത്യക്ഷപ്പെടുന്നത് കോമഡി ഷോകളില്‍ മാത്രമാണ്. കോമഡി ഷോകളില്‍ എത്തുവാന്‍ മികച്ച കലാകാരരാണെങ്കിലും പരിപാടിയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പല രംഗങ്ങളിലും ഉയര്‍ന്നുവരേണ്ടവരെ കോമഡി ഷോയില്‍ ഒതുക്കുന്ന അധമമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇതിലൂടെ ചാനലുകള്‍ നിര്‍വഹിക്കുന്നത്. ഇത്തരം സൗന്ദര്യനിര്‍മ്മിതികള്‍ കാര്യമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. l



