Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിടെലിവിഷൻ 
സീരിയലുകളിലെ സ്ത്രീ വിരുദ്ധത

ടെലിവിഷൻ 
സീരിയലുകളിലെ സ്ത്രീ വിരുദ്ധത

നക്ഷത്ര മനോജ്

1930 ഒക്ടോബർ 20ന് ചിക്കാഗോ റേഡിയോ സ്റ്റേഷൻ WGN ലൂടെ അരങ്ങേറിയ ‘പെയിന്റ്ഡ്- ഡ്രീംസ്’ ആണ് ആദ്യത്തെ സോപ്പ് ഓപ്പറയായി കണക്കാക്കപ്പെടുന്നത്. ആദ്യകാല റേഡിയോ പരമ്പരകളിൽ ഒന്നാണ് ‘പെയിന്റ്ഡ്- ഡ്രീംസ്‌’. പ്രവൃത്തിദിവസങ്ങളിലെ- ആഴ്ചയിൽ അഞ്ചുദിവസം–- പകൽസമയങ്ങളിൽ പ്രക്ഷേപണം ചെയ്തിരുന്നതിനാൽ ഇതിന്റെ ശ്രോതാക്കളിൽ ഭൂരിഭാഗവും വീട്ടമ്മമാരായിരുന്നു. അതിനാൽ തന്നെ സ്ത്രീ പ്രേക്ഷകരെയായിരുന്നു സോപ്പ് ഓപ്പറകൾ പ്രധാനമായും ലക്ഷ്യംവെച്ചിരുന്നത്. പിൽക്കാലത്ത് റേഡിയോ പരമ്പരകൾ എന്ന നിലയിൽ നിന്നും സോപ്പ് ഓപ്പറകൾ ദൃശ്യമാധ്യമമായ ടെലിവിഷനിലേക്കും അതിന്റെ വിശാലമായ വഴികൾ തുറന്നു. അമേരിക്കയിൽ ആരംഭിച്ച സോപ്പ് ഓപ്പറകൾ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വളരെവേഗം കടന്നുചെല്ലുകയും ഒരു വലിയ ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. 1984ൽ ഹംലോഗ് എന്ന സീരിയലിന്റെ കടന്നുവരവോടെയാണ് ഇന്ത്യയിൽ സോപ്പ് ഓപ്പറകൾക്ക് ഒരു വിനോദോപാധി എന്ന നിലയിൽ പ്രചാരംസിദ്ധിക്കുന്നത്. ടെലിവിഷൻ പരമ്പരകളുടെ സാധ്യത മനസ്സിലാക്കിയ നിർമ്മാതാക്കൾ അന്നുമിന്നും ഒരേ ആശയത്തിന്റെ അച്ചുതണ്ടിൽ ചുറ്റിക്കറങ്ങുന്നു, ലോകത്തിന് സംഭവിച്ച മാറ്റങ്ങളൊന്നുമറിയാതെ!

സോപ്പ് ഓപ്പറകളുടെ ചരിത്രം പരിശോധിക്കുമ്പോൾ അതെല്ലാ കാലവും കേന്ദ്രീകരിച്ചിരുന്നത് സ്ത്രീ പ്രേക്ഷകരെയായിരുന്നു. സ്ത്രീകൾ വീട്ടകങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന, തൊഴിലിടങ്ങളിലേക്ക് വലിയ രീതിയിൽ ഇറങ്ങിത്തുടങ്ങുന്നതിന് മുൻപുള്ള ഒരു കാലഘട്ടത്തിലാണ് ഇത്തരം സീരിയലുകൾ വനിതാ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിൽ കഥകളുണ്ടാക്കുകയും അവ ചിത്രീകരിക്കുകയും ചെയ്തതെങ്കിൽ അതേ മാനദണ്ഡം പിന്തുടരുകയാണ് പുതിയ കാലത്തും സോപ്പ് ഓപ്പറകൾ ചെയ്യുന്നത്. ഇതിൽ ഭയപ്പെടേണ്ട കാര്യമെന്തെന്നാൽ, സീരിയലുകളിൽ പ്രതിപാദിക്കുന്ന വിഷയങ്ങൾ പലപ്പോഴും അത്ര നല്ല സന്ദേശമല്ല സമൂഹത്തിന് നൽകുന്നത് എന്നതാണ‍്.

ആത്യന്തികമായി നമ്മുടെ സമൂഹം ഇപ്പോഴും പുരുഷാധിപത്യത്തിന്റെയും അധികാരശ്രേണിയുടെയും വേരോട്ടം നിലനിൽക്കുന്ന ഇടമാണ്. സാമൂഹിക ഘടനയുടെ ഭാഗമായോ, സമ്പത്ത്, ശക്തി, സ്വാധീനം, ബുദ്ധി,വർഗം, വർണം, ലിംഗം എന്നിങ്ങനെയുള്ളവയെ എല്ലാം അധികാര ശ്രേണിയിൽ പ്രത്യക്ഷമായും പരോക്ഷമായും കാണാൻ കഴിയും. രക്ഷിതാക്കൾ കുട്ടികളോട്, മുതിർന്ന കുട്ടി തന്റെ ഇളയ സഹോദരങ്ങളോട്, ഒരു ഓഫീസ് സ്പെയിസിൽ ഉയർന്ന ഓഫീസർ തനിക്ക് കീഴിൽ ജോലി ചെയ്യുന്ന വ്യക്തിയോട് അങ്ങനെ എല്ലാ മേഖലകളിലും അധികാരം അതിന്റെ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ കുടുംബത്തിനകത്തുള്ള അധികാരം പലപ്പോഴും നിർണയിക്കുന്നത് പുരുഷാധിപത്യ സമൂഹം തന്നെയാണ്. ഇത്തരം അധികാരനിർണയത്തെ നിലനിർത്തുന്നതിൽ പുതിയ കാലത്ത് ഒരു പങ്ക് സീരിയലുകളും വഹിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സമൂഹം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും മറ്റെല്ലാ പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും നിരന്തരം പറഞ്ഞു പോരുന്ന പശ്ചാത്തലത്തിലാണ് യുക്തിസഹമായി ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത കഥാസന്ദർഭങ്ങൾ മലയാളം പരമ്പരകളിൽ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീധനം ഒരു പ്രധാന വിഷയമായി കടന്നുവരുന്ന സീരിയലുകൾതന്നെ എടുത്തു നോക്കാം. എല്ലാ സീരിയലുകളിലും ഒരേ കഥ. അതിന്റെ ചില ഘട്ടങ്ങളിൽ കഥാപാത്രങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. നിരന്തരം സ്ത്രീധനത്തെച്ചൊല്ലി വഴക്കുണ്ടാക്കുന്ന അമ്മായിയമ്മ. വിദ്യാഭ്യാസമുണ്ടായിട്ടും ഇതിനെതിരെ യാതൊരു ചെറുത്തുനിൽപ്പും നടത്താത്ത നായികാ കഥാപാത്രം. ഏതൊക്കെ പ്രതിസന്ധികളുണ്ടായാലും എല്ലാം സഹിച്ചും പൊറുത്തും കണ്ണീർവാർക്കുന്ന നായികാ കഥാപാത്രം. ഇതിനെതിരെ പ്രതികരിച്ചു പോയാൽ ആളുകൾക്കിടയിൽ ഈ പെൺകുട്ടിക്ക് ‘നല്ല പെൺകുട്ടി’ ഇമേജ് നഷ്ടപ്പെടുമെന്ന പ്രാകൃതമായ ചിന്താഗതിയാവാം ആരുംകാണാതെ കരഞ്ഞു തീർക്കുന്ന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനു പിന്നിലെ യുക്തി. കല്യാണം കഴിഞ്ഞ്- വീട്ടിലേക്ക് വരുന്ന പെൺകുട്ടി തങ്ങളുടെ സ്റ്റാറ്റസിനു യോജിക്കുന്ന വിധത്തിൽ സ്ത്രീധനം നൽകിയില്ലെങ്കിൽ അവളെ ഉപദ്രവിക്കാനുള്ള ലൈസൻസ് സമൂഹത്തിനു നൽകുന്നതിൽ, ഇതിൽ തെറ്റില്ലെന്ന ധാരണ പരത്തുന്നതിൽ ഇത്തരം ടിവി പരമ്പരകൾക്ക് വലിയ സ്ഥാനമുണ്ട്. സ്ത്രീപീഡനവും ഗാർഹിക പീഡനങ്ങളും താങ്ങാൻ കഴിയാതെ മരിച്ചുപോയ പെൺകുട്ടികളെല്ലാംതന്നെ സത്യത്തിൽ മുഖ്യധാരാ സമൂഹത്തിലേക്ക് ഇറക്കിവിട്ട ഇത്തരം സീരിയൽ നിർമ്മിതികളുടെ കൂടി ഇരകളാണ്.

അമ്മായിയമ്മ നല്ലതാണെങ്കിൽ മരുമകൾ വില്ലൻ കഥാപാത്രമാകും. അല്ലെങ്കിൽ നേരെ മറിച്ചുള്ള കഥകൾ. സ്ത്രീകളെല്ലാം അഹങ്കാരികളും ആർഭാട ജീവിതം നയിക്കുന്നവരുമാണെന്ന രീതിയിലുള്ള കഥാപാത്രസൃഷ്ടികൾ. വീടിന്റെ അകത്തളങ്ങളിൽ പോലും സ്വർണാഭരണങ്ങളിലും പട്ടുസാരികളിലും അഭിരമിക്കുന്നവരായി സ്ത്രീകളെ ചിത്രീകരിക്കുന്നു. ഇത്രത്തോളം സ്ത്രീവിരുദ്ധത നിറഞ്ഞാടിയിട്ടും സ്ത്രീകൾ തന്നെയാണ് ഈ പരമ്പരകളുടെയെല്ലാം കാതലായ പ്രേക്ഷകരെന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. യഥാർത്ഥ ജീവിതത്തിലെ സ്ത്രീയല്ല ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ. പക്ഷേ ഇത്തരത്തിൽ സ്ത്രീകളെ ചിത്രീകരിക്കുന്നതുവഴി നിരന്തരം ഇതു കാണുന്നവരിൽ വൈകല്യം സൃഷ്ടിക്കാനും മാനസികാഘാതം സൃഷ്ടിക്കാനും കാരണമാകുന്നു. വർഷങ്ങളായി ഒരേ പ്ലോട്ടിന്റെ പലവിധത്തിലുള്ള ചിത്രീകരണം കാണുന്ന ഒരാളെ സംബന്ധിച്ച് അയാളുടെ ചുറ്റുമുള്ള യാഥാർത്ഥ്യവും അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കും. ഇത് കുടുംബ ബന്ധങ്ങളുടെ താളം തെറ്റിക്കും. എതിർപക്ഷത്തൊരു ശത്രു ഉണ്ടെങ്കിൽ കൂടോത്രം ചെയ്തും പൂജകൾ കഴിച്ചും അവരെ ഇല്ലാതാക്കാനാണ് ഇത്തരം കഥകൾ നിരന്തരം നമ്മോട് ആവശ്യപ്പെടുന്നത്.

ഇത് കേവലം ഒരു വിനോദോപാധി മാത്രമല്ലേ എന്ന് പറഞ്ഞ് നമുക്ക് ഇതിനെ ചുരുക്കിക്കാണാൻ സാധിക്കില്ല. രണ്ടര മണിക്കൂർ മാത്രമുള്ളൊരു സിനിമയ്ക്ക് വ്യക്തികളുടെ മനസ്സിൽ ആഘാതം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ രണ്ടര വർഷമെടുത്തിട്ടും തീരാത്ത ഒരു കഥയുടെ ആവർത്തനം നിരന്തരമായി കാണുന്ന ഒരാളെ എത്രത്തോളം അത് എത്രത്തോളം ബാധിക്കുമെന്നോർക്കുക. സ്ത്രീകൾ മാത്രമല്ല ഒരു നിശ്ചിത ശതമാനം പുരുഷന്മാരും കുഞ്ഞുങ്ങളും ഇവയുടെ പ്രേക്ഷകരാണ്. ആറുമണി മുതൽ പത്തുമണിവരെയുള്ള സമയം ടിവിയുടെ മുൻപിലാവും മിക്ക കുടുംബങ്ങളും. കൂടുമ്പോൾ ഇമ്പമാകുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നത് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഹെൽത്തി റിലേഷൻഷിപ്പിലൂടെ കൂടിയാണ്. എന്നാൽ ഇന്നോ? മൊബൈൽ ഫോണും മനുഷ്യന്റെ സമയം കൊല്ലികളാണ്. ഓഫീസ് കഴിഞ്ഞ് വരുന്ന അച്ഛനമ്മമാർ ഫോണിലോ ടെലിവിഷൻ പരമ്പരകളിലോ വ്യാപൃതരാകുമ്പോൾ കുട്ടികൾ എന്തു ചെയ്യുകയാവും? അവരുടെ മാനസികാരോഗ്യം ഏത് രീതിയിലാവാം പ്രവർത്തിക്കുന്നത്. സത്യത്തിൽ ഒരു തലമുറയെ തന്നെ നശിപ്പിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്. ടെലിവിഷൻ പരമ്പരകൾ നിർത്തലാക്കണമെന്നോ അത് പൂർണമായും അപകടകരമാണെന്നോ അല്ല പറയാൻ ശ്രമിക്കുന്നത്. കാലത്തിനൊപ്പം ഉള്ളടക്കത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. കല പൂർത്തിയാക്കേണ്ട ധർമ്മം കാലത്തോട് നിരന്തരം കലഹിക്കുക എന്നതാണ്. അത്തരത്തിൽ പുതിയ കാലത്തിലൂന്നിയ ഗുണമേന്മയുള്ള കഥകൾ പുറത്തുവരേണ്ടതുണ്ട്.

ഇനിയൊരു തലമുറ കൂടി കഴിഞ്ഞാൽ കേരളം അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നം വാർദ്ധക്യമാണ്. പുതുതലമുറയുടെ അനിയന്ത്രിതമായ കൊഴിഞ്ഞു പോകൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തിനും ജോലി ആവശ്യങ്ങൾക്കായും പുറത്തുപോകുന്ന കുഞ്ഞുങ്ങൾ ഇനി തിരിച്ചു വരുമോ എന്ന ചോദ്യമാണ് അടുത്തിടെ നമ്മൾ ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും പുരോഗതിയോ, പുതിയ ആശയങ്ങളോ പോലും കടന്നു വരാതെ പരമ്പരകൾ ഒരു ഇട്ടാവട്ടത്തെ മാത്രം പ്രതിനിധീകരിക്കുന്നു. മാറുന്ന പ്രേക്ഷകനെയോ, മാറ്റം ആവശ്യപ്പെടുന്ന കാലത്തെയോ പുതിയ കാലത്തും സോപ്പ് ഓപ്പറകൾ പരിഗണിക്കുന്നില്ല എന്നതാണ് വാസ്തവം.

മലയാളത്തിലെ ചില സീരിയലുകളിൽ നിന്നുള്ള ഉദാഹരണങ്ങൾ എടുക്കാം. താളിച്ചമോര് ഉണ്ടാക്കാൻ അറിയാതിരിക്കുക ഒരു എപ്പിസോഡിന് മുൾമുനയിൽ നിർത്തുന്ന ഏറ്റവും വലിയ പ്രശ്നം എന്ന നിലയിലേക്ക് മാറുന്നത്. സ്ത്രീ അടുക്കളയിൽ കയറേണ്ടവളും, എല്ലാ ഭക്ഷണവും രുചിയോടെ പാചകം ചെയ്യുകയും വിളമ്പി നൽകുകയും ചെയ്യേണ്ട കടമ അവളിൽ മാത്രം നിക്ഷിപ്തമാണ് എന്ന പുരുഷാധിപത്യ പൊതുബോധത്തെ ആവർത്തിച്ചുറപ്പിക്കുകയാണ്. ഹൃദയമിടിപ്പ് വർദ്ധിക്കാനുള്ള തരത്തിൽ ബി ജി എമ്മുകൾ കുത്തിനിറച്ച് ‘താളിച്ചമോര് ഉണ്ടാക്കാൻ വർഷയ്ക്ക് അറിയില്ലെന്നും അങ്ങനെ ചെയ്ത് തന്നെ അപമാനപ്പെടുത്തി എന്നും’ മലയാളത്തിലെ ഒരു പ്രധാനപ്പെട്ട സീരിയലിലെ ഒരു പ്രധാന കഥാപാത്രം പറയുന്നതിലെ യുക്തിയെന്താണെന്നുപോലും സീരിയൽ കാണികൾ ചിന്തിക്കുന്നില്ല. 24 മണിക്കൂറും ആഭരണങ്ങൾ മുഴുവനുമിട്ട് എല്ലാ പണികളും എടുക്കുക എന്നൊരു ശിക്ഷ വിധിക്കുന്ന രംഗമുണ്ട് ഇതേ സീരിയലിൽ. കരഞ്ഞുകൊണ്ട് നായിക ഇത് അനുസരിക്കുമ്പോൾ കാണുന്ന പ്രേക്ഷകനും ആകുലപ്പെടുന്നു. ഇത്തരത്തിലുള്ള രംഗങ്ങൾ കണ്ട് വിഷമിച്ചിരുന്ന പ്രേക്ഷകരായ മനുഷ്യരുമൊക്കെ ഇന്ന് ഇതേ രംഗങ്ങളുടെ ട്രോളുകൾ കണ്ട് ചിരിക്കുന്നുമുണ്ട്. സത്യത്തിൽ ഇങ്ങനെയുള്ള രംഗങ്ങൾ നൽകുന്ന സന്ദേശമെന്താണ്?

മറ്റൊരു സീരിയലിലെ രംഗം പരിശോധിക്കാം. ഐപിഎസ് മോഹമുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചയക്കുന്നത് സ്ത്രീകൾക്ക് പത്താംതരം വരെയുള്ള വിദ്യാഭ്യാസം മതി എന്ന ചിന്താഗതിയുള്ള പടിപ്പുര വീട്ടിലേക്കാണ്. തുടർന്നുള്ള അന്തഃസംഘർഷങ്ങളാണ് ഇതിലെ പ്രതിപാദ്യം. പത്താം ക്ലാസ് ജയിച്ച വിവരം ഭർതൃ വീട്ടുകാർ അറിയാതെ മറച്ചുവയ്ക്കുന്നതാണ് തുടക്കത്തിൽ. പറയുമ്പോൾ ഇത് ചെറിയൊരു രംഗമാണെങ്കിലും ദിവസങ്ങളെടുത്തിട്ടാവാം ഈ രംഗങ്ങൾ പൂർണ്ണമായും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എല്ലാ ദിവസവും വിദ്യാഭ്യാസത്തിനെതിരെയുള്ള വാഗ്വാദങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനോനില എന്താവാം?

ഇതുപോലെ ചൂണ്ടിക്കാണിക്കാൻ ഒട്ടേറെ ഉദാഹരണങ്ങൾ ഇനിയുമേറെയുണ്ട്; പുതിയ കാലത്തും പഴയകാലത്തും ഇത്തരം സീരിയലുകളൊക്കെ ഏകദേശം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഒന്നാണ്. കഥാപാത്രത്തിലോ കഥാപശ്ചാത്തലത്തിലോ നേരിയ മാറ്റമുണ്ടെന്നു മാത്രം. ഇതിൽ ഏറ്റവും പേടിപ്പെടുത്തുന്നത് കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള ചില രംഗങ്ങളാണ്. സാധാരണഗതിയിൽ കുട്ടികൾ ഉപയോഗിക്കാൻ പാടില്ലാത്ത ഡയലോഗുകൾ, കുട്ടികൾക്കിടയിലെ ശത്രുത, ഇത്തരം രംഗങ്ങളെ പേടിയോടെ മാത്രമേ നമുക്ക് സ്വീകരിക്കാൻ കഴിയൂ. ഇതൊക്കെ നോർമലായി തോന്നുന്നുവെങ്കിൽ, ഇതൊക്കെ പ്രേക്ഷകർക്കിടയിൽ നോർമലൈസ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് വലിയ അപകടമാണ് വിളിച്ചുവരുത്തുക.

ഇവയിൽ നിന്നെല്ലാമുള്ള മാറ്റം അനിവാര്യമാണ്. പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പരമ്പരകൾ ഉണ്ടാവേണ്ടതുണ്ട്. സീരിയലുകളുടെ ദൈർഘ്യം വെട്ടിച്ചുരുക്കേണ്ടതുണ്ട്. കാതലായ കഥകൾ പറയുന്ന സോപ്പ് ഓപ്പറകളുടെ കാലം വിദൂരമല്ലെന്നും, പാടിപ്പഴകിയ ടോക്സിക് കഥകളെ ഇനിയെങ്കിലും വലിച്ചെറിയാനും ആശയങ്ങളുടെ പുതുകരകൾ തേടാനും മലയാളിക്ക് കഴിയുമെന്നും നമുക്ക് പ്രത്യാശിക്കാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − one =

Most Popular